മദ്യനയത്തെ പറ്റി

മദ്യപാനം ഒരു ദുശ്ശീലമാണ്. അതിനെ അകറ്റാനുള്ള ജനകീയ യജ്ഞം കേരളത്തില്‍ പുതിയൊരധ്യായം രചിക്കപ്പെടാന്‍ പോകുകയാണ്. ഈ സംരംഭത്തില്‍ ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ശബ്ദമുയര്‍ത്തിയിട്ടുള്ള ക്രൈസ്തവപുരോഹിതന്മാരുള്‍പ്പെടെയുള്ള വിശ്വാസികളുമായി ഞങ്ങള്‍ കൈകോര്‍ക്കുന്നു. കാരണം, സര്‍ക്കാര്‍നയത്തിനെതിരെ ഇപ്പോള്‍ പ്രതിഷേധമുയര്‍ത്തിയ ക്രൈസ്തവമതമേലധ്യക്ഷന്മാരുടെയും മറ്റും ഈ വിഷയത്തിലെ ആത്മാര്‍ഥതയെ ഞങ്ങള്‍ ചോദ്യംചെയ്യുന്നില്ല. സര്‍ക്കാരിന്റെ മദ്യനയത്തില്‍ത്തന്നെ ജനസമൂഹത്തില്‍ മദ്യവര്‍ജനത്തിനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായി വിമുക്തിയെന്ന പേരില്‍ ബഹുജനപ്രസ്ഥാനത്തിന് ലക്ഷ്യബോധത്തോടെ സര്‍ക്കാര്‍ രംഗത്തുവരികയാണ്. അത് മനസ്സിലാക്കി പുരോഹിതന്മാരും കന്യാസ്ത്രീകളും ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരുമായി മദ്യവര്‍ജനപ്രവര്‍ത്തനത്തിലേക്കിറങ്ങുന്ന വിവിധ ബഹുജനസംഘടനകളുമായും സഹകരിച്ച് മദ്യവിപത്ത് തടയാനുള്ള ജനകീയയജ്ഞത്തില്‍ പങ്കാളിയാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തെ 'ധീരം, സ്വാഗതാര്‍ഹം' എന്ന നിലയിലാണ് മാധ്യമങ്ങളും പൊതുജനങ്ങളും പൊതുവില്‍ വിലയിരുത്തുന്നത്. പ്രാഗ്മാറ്റിക് സ്റ്റെപ് (പ്രായോഗിക നടപടി) എന്നാണ് ദേശീയ ഇംഗ്ളീഷ് ദിനപത്രമായ 'ദ ഹിന്ദു' മുഖപ്രസംഗത്തില്‍ വിശേഷിപ്പിച്ചത്. തകര്‍ച്ച നേരിട്ട വിനോദസഞ്ചാരമേഖലയ്ക്ക് ഉണര്‍വേകുന്നതും പൊതുഖജനാവിനെ രക്ഷിക്കുന്നതുമായ പുതിയ നയം യുഡിഎഫ് ഭരണത്തിലെ വിവേചനചെയ്തികളെ ഇല്ലാതാക്കുന്നതാണ്. ഒരുവര്‍ഷം കാത്തിരുന്ന് നയം നടപ്പാക്കിയതിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ അനാവശ്യ തിടുക്കം കാട്ടാത്തതിലും 'ദ ഹിന്ദു' തൃപ്തി പ്രകടിപ്പിച്ചു.

ഉമ്മന്‍ചാണ്ടിയെയും നരേന്ദ്ര മോഡിയെയും പല ഘട്ടങ്ങളിലും പിന്തുണയ്ക്കുന്ന ദിനപത്രങ്ങളും മുഖപ്രസംഗത്തില്‍ എല്‍ഡിഎഫ് നയത്തെ അംഗീകരിച്ചിട്ടുണ്ട്. കേരളകൌമുദിയുടെ മുഖപ്രസംഗത്തിലാകട്ടെ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. 'യുഡിഎഫ് സര്‍ക്കാരിന്റെ അവസാന വര്‍ഷത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായ മൂപ്പിളമ തര്‍ക്കത്തില്‍പെ ട്ട് നിലവില്‍വന്ന ബാര്‍ നിരോധനം ഉപേക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം അങ്ങേയറ്റം ധീരവും പ്രായോഗികവുമാണ്.... നിലവിലുള്ള സാഹചര്യത്തില്‍ സംസ്ഥാനത്തിനും ജനങ്ങള്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണ് പുതിയ നയം'. മാധ്യമങ്ങള്‍മാത്രമല്ല, ജനസമൂഹം അംഗീകരിക്കുന്ന ആദരണീയ വ്യക്തിത്വങ്ങളും സര്‍ക്കാര്‍ നടപടിയെ പിന്തുണയ്ക്കുന്നുണ്ട്. മദ്യനിരോധനമല്ല വര്‍ജനമാണ് പ്രായോഗികമെന്ന് സുപ്രീംകോടതി ജഡ്ജിയായിരുന്ന, കേരളസമൂഹത്തിലെ നീതിയുടെ ശബ്ദമായി പൊതുവില്‍ കരുതുന്ന ജസ്റ്റിസ് കെ ടി തോമസിന്റെ അഭിപ്രായം നിഷ്പക്ഷമതികളാരും തള്ളിക്കളയില്ല. യാഥാര്‍ഥ്യബോധമുള്ള നയമാണിതെന്നും മദ്യനിരോധനം നടപ്പാക്കിയ ഇടങ്ങളിലെല്ലാം അപകടം വലുതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അഴിമതിയില്ലാതെ നാടിന്റെ നന്മയ്ക്കുവേണ്ടി മദ്യനയം നടപ്പാക്കിയെന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മേന്മ. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി ചേരുകയും ചര്‍ച്ചകള്‍ക്കുശേഷം മദ്യനയം അംഗീകരിക്കുകയുമായിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് മന്ത്രിസഭ നയപ്രഖ്യാപനം നടത്തിയത്.

ദേശീയപാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധി മാനിച്ച് തുടര്‍നടപടി സ്വീകരിക്കാനാണ് എല്‍ഡിഎഫ് നിശ്ചയിച്ചത്. കോടതിവിധി അപ്രസക്തമാക്കുന്ന ചെയ്തികളിലേക്ക് സര്‍ക്കാര്‍ പോകില്ല. മദ്യം കഴിക്കാനുള്ള പ്രായപരിധി 23 ആക്കി ഉയര്‍ത്തിയത് മദ്യനിയന്ത്രണത്തിനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ താല്‍പ്പര്യം വ്യക്തമാക്കുന്നു. മദ്യവര്‍ജനത്തിന് സാക്ഷരതാപ്രസ്ഥാനംപോലെ വിപുലമായ ഒരു ബഹുജനപ്രസ്ഥാനം പടുത്തുയര്‍ത്താനും എല്‍ഡിഎഫും സര്‍ക്കാരും നിശ്ചയിച്ചിരിക്കുകയാണ്. ഇതൊന്നും കാണാതെ മദ്യനയത്തെ എതിര്‍ക്കാന്‍ കാടടച്ച് വെടിവയ്ക്കുകയാണ് വി എം സുധീരന്‍ ഉള്‍പ്പെടെയുള്ളവര്‍. അതിനുവേണ്ടി പൊള്ളവാദങ്ങള്‍ ആവര്‍ത്തിക്കുകയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയംമൂലം മദ്യഉപയോഗം കുറയുകയല്ല കൂടുകയാണുണ്ടായത്. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്തുതന്നെ അന്നത്തെ മന്ത്രിമാര്‍ നിയമസഭയില്‍ സുധീരന്റെ വാദത്തെ ഖണ്ഡിച്ചിട്ടുണ്ട്. ഇപ്പോഴത്തെ തൊഴില്‍-എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ സംസാരിക്കുന്ന കണക്കുകള്‍ കേരളജനതയ്ക്കുമുന്നില്‍ വയ്ക്കുകയും ചെയ്തിട്ടുണ്ട്.

യുഡിഎഫ് മദ്യനയം കാരണം വ്യാജമദ്യവും മയക്കുമരുന്നും വ്യാപകമായി. വിനോദസഞ്ചാരമേഖലയെ മദ്യനിയന്ത്രണം തളര്‍ത്തിയെന്ന യാഥാര്‍ഥ്യത്തെ സുധീരന്‍ അംഗീകരിക്കുന്നില്ല. അതിനുള്ള മറുപടി പുതിയ മദ്യനയം പ്രഖ്യാപിച്ചതിന്റെ പിറ്റേദിവസം പുറത്തിറങ്ങിയ മനോരമയുടെ സാമ്പത്തികപേജില്‍ (ജൂണ്‍ 9) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഒന്നുനോക്കിയാല്‍ മതി. 'മദ്യനയം - മാറ്റത്തിന് കാരണം ടൂറിസം രംഗത്തെ പ്രതിസന്ധി' ഇതാണ് തലവാചകം. ടൂറിസംരംഗത്ത് നിക്ഷേപങ്ങള്‍ കടക്കെണിയിലായെന്ന് വിദഗ്ധസമിതി, 2010ല്‍ ടൂറിസംമേഖലയിലെ വളര്‍ച്ച 18 ശതമാനം, കഴിഞ്ഞവര്‍ഷം അത് ഏഴുശതമാനം, ഇത്തവണ 5.71 ശതമാനത്തിലേക്ക് കൂപ്പുകുത്തി- എന്നീ ഹൈലൈറ്റുകള്‍ക്കുതാഴെ വിശദാംശങ്ങളും നല്‍കിയിട്ടുണ്ട്. കേരളത്തിലേക്കുള്ള വിദേശസഞ്ചാരികളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇതിനെയെല്ലാം നിരാകരിച്ച് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നല്ല തീരുമാനത്തെ വക്രീകരിക്കാന്‍ ശ്രമിക്കുന്നത് സംസ്ഥാന താല്‍പ്പര്യത്തിന് നിരക്കുന്നതല്ല.

സുധീരനും കൂട്ടരും യഥാര്‍ഥ മദ്യവിരോധികളും കമ്യൂണിസ്റ്റുകാര്‍ മദ്യപ്രേമികളും എന്ന വിധത്തിലെ ചിത്രീകരണം അസംബന്ധമാണ്. മദ്യനയത്തെയും മദ്യത്തെയും സംബന്ധിച്ച കാഴ്ചപ്പാടില്‍ അന്നും ഇന്നും കമ്യൂണിസ്റ്റുകാര്‍ക്ക് വ്യക്തതയുണ്ട്. എ കെ ജി, ഇ എം എസ്, ഇ കെ നായനാര്‍ തുടങ്ങിയവരെല്ലാം കോണ്‍ഗ്രസായിരുന്നകാലത്തും അല്ലാത്ത സമയത്തും മദ്യവ്യാപനത്തിനെതിരെ പോരാടിയിട്ടുണ്ട്. മദ്യഷാപ്പ് പിക്കറ്റ് ചെയ്യാന്‍ പോയ എ കെ ജിയെയും നായനാരെയും ഷാപ്പിലെ മീന്‍വെള്ളവും കള്ളുമൊഴിച്ച് സ്വീകരിച്ചിട്ടുണ്ട്. അതേപ്പറ്റി രണ്ട് നേതാക്കളും വിവരിച്ചിട്ടുണ്ട്. 'എന്റെ ജീവിതകഥയില്‍' എ കെ ജി ഇങ്ങനെ കുറിച്ചു. 'കള്ളുഷാപ്പുകള്‍ പിക്കറ്റുചെയ്ത വളണ്ടിയര്‍മാര്‍ക്ക് കണക്കില്ലാത്ത കഷ്ടപ്പാടുകള്‍ സഹിക്കേണ്ടിവന്നു. ധര്‍മ്മടം കള്ളുഷാപ്പ് പിക്കറ്റുചെയ്യുമ്പോര്‍ ഷാപ്പുടമസ്ഥന്‍ മീന്‍കഴുകിയ വെള്ളം തലയിലൊഴിച്ചു. ചില സ്ഥലങ്ങളില്‍ ശാരീരിക ആക്രമണങ്ങള്‍ നടന്നു'. ഷാപ്പ് പിക്കറ്റ് ചെയ്തതിന് കള്ളുകുടം പൊട്ടിച്ചൊഴിച്ചതും കള്ള് മണക്കുന്ന ശരീരവുമായി വീട്ടിലെത്തിയതും നായനാര്‍ സ്മരിച്ചിട്ടുണ്ട്. അങ്ങനെ കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കള്‍ മദ്യത്തിനെതിരെ നടത്തിയ സമരംപോലെ ഒന്നുചെയ്യാന്‍ സുധീരന് ഇതുവരെ കഴിഞ്ഞിട്ടില്ല. മദ്യഷാപ്പ് പിക്കറ്റ് ചെയ്ത സമരരീതിയില്‍നിന്ന് എ കെ ജിയും നായനാരുമെല്ലാം പിന്‍വാങ്ങിയത് ചില വസ്തുതകള്‍ ബോധ്യപ്പെട്ടതുകൊണ്ടാണ്. കള്ളുഷാപ്പ് ഞങ്ങളെല്ലാം പിക്കറ്റ് ചെയ്തെങ്കിലും അത് തന്റെ താല്‍പ്പര്യത്തിനെതിരാണെന്ന് സാധാരണക്കാരന് തോന്നുന്ന ഒരവസ്ഥയുണ്ടായതുകൊണ്ടാണ് ആ സമരത്തില്‍നിന്ന് പിന്‍വാങ്ങിയതെന്ന് എ കെ ജി ചൂണ്ടിക്കാട്ടി. ഈ അനുഭവത്തില്‍നിന്നാണ് മദ്യനിരോധനമല്ല മദ്യവര്‍ജനമാണ് നയമെന്ന് കമ്യൂണിസ്റ്റ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുള്ളത്. ബോധവല്‍ക്കരണത്തിലൂടെ മദ്യപാനത്തില്‍നിന്ന് ജനങ്ങളെ മുക്തരാക്കുകയാണ് ആവശ്യം.

മദ്യപാനശീലത്തിനെതിരെ  അതിശക്തമായ നിലപാട് സ്വീകരിക്കുന്ന പ്രസ്ഥാനമാണ് കമ്യൂണിസ്റ്റുകാരുടേത്. അതുകൊണ്ടാണ് കുടിച്ചുകൂത്താടുന്നവരെ നേതാക്കളായോ ജനപ്രതിനിധികളായോ നിശ്ചയിക്കാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം തയ്യാറാകാത്തത്. സ്ഥിരമദ്യപാനികള്‍ക്ക് പാര്‍ടി അംഗത്വം നല്‍കാന്‍ പാടില്ലെന്ന് ഭരണഘടനയില്‍ സിപിഐ എം രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ടികളില്‍ ഇതല്ല സ്ഥിതി. കമ്യൂണിസ്റ്റ് പ്രസ്ഥാനം മദ്യനിരോധനം ഉടനെ നടപ്പാക്കുന്നതിനോട് യോജിക്കാത്തത്, നിരോധനം വന്നാല്‍ കഞ്ചാവ്, ചരസ്, മയക്കുമരുന്ന് തുടങ്ങിയ കൂടുതല്‍ അപകടകരമായ ലഹരിയിലേക്കും വ്യാജമദ്യവ്യാപനത്തിലേക്കും നാട് എത്തുമെന്നതുകൊണ്ടാണ്. യുഡിഎഫിന്റെ ഭരണകാലത്ത് ബാര്‍ ഹോട്ടലുകളെല്ലാം അടച്ചുപൂട്ടിയെന്നത് ഭംഗിവാക്ക് മാത്രമായിരുന്നു. നല്ലൊരുപങ്കിലും ബിയറും വൈനും വിറ്റുവന്നു. ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ വിദേശമദ്യമടക്കം കിട്ടുമായിരുന്നു. ഇതൊക്കെയാണെങ്കിലും ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഉള്‍പ്പെടെയുള്ള ബാറുകളില്‍ വിദേശമദ്യവ്യാപാരത്തിന് വിലക്കുണ്ടായി. ഇതിന്റെ ഫലമായി നിയമവിരുദ്ധ മദ്യവ്യാപാരവും ലഹരി ഉപയോഗവും വര്‍ധിച്ചു. അതുകൊണ്ടാണ് എക്സൈസ് വകുപ്പിന് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവന്നത്.

ഐക്യകേരളം രൂപപ്പെടുന്നതിനുമുമ്പ് ചില ഭാഗങ്ങളില്‍ മദ്യനിരോധനം നിലനിന്നിരുന്നു. എന്നാല്‍, കേരളപ്പിറവിക്കു പിന്നാലെ സംസ്ഥാനത്ത് പൊതുവില്‍ മദ്യവ്യവസായം നിയമാനുസൃതമായി. മദ്യനിരോധനം നിലവിലുണ്ടായിരുന്ന ഇടങ്ങളില്‍ വിഷമദ്യദുരന്തമുണ്ടാകുന്നതും വ്യാജവ്യാപാരവും മറ്റ് ദുഷ്പ്രവണതകളും ഏറുന്നതും കണക്കിലെടുത്താണ് ഇങ്ങനെയൊരു നയം സംസ്ഥാനത്ത് ദശകങ്ങളായി നിലനിന്നത്. എന്നാല്‍, മദ്യത്തിന്റെ മറവില്‍ വോട്ട് തട്ടാനുള്ള ഒരു കുതന്ത്രമായാണ് ബാറുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ വിദേശമദ്യവിപണനം ചിലയിടങ്ങളില്‍ ഒഴിവാക്കിക്കൊണ്ടുള്ള നയം യുഡിഎഫ് ഭരണത്തിന്റെ അവസാനഘട്ടത്തില്‍ സ്വീകരിച്ചത്. മദ്യനിരോധനമെന്നത് കോണ്‍ഗ്രസിന്റെയോ ബിജെപിയുടെയോ ദേശീയതലത്തിലെ ഒരു പൊതുനയമല്ല. അതുകൊണ്ടാണ് കരുണാകരന്‍ നാല് പ്രാവശ്യവും ആന്റണി മൂന്ന് പ്രാവശ്യവും ഉമ്മന്‍ചാണ്ടി ആദ്യതവണയും മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ വിദേശമദ്യവ്യാപാരം തടയുന്ന നടപടി സ്വീകരിക്കാതിരുന്നത്. ബിജെപിയുടെ ഭരണമുള്ള നല്ലൊരു പങ്ക് സംസ്ഥാനങ്ങളിലും മദ്യനിരോധനം ഇന്നും നയമല്ല. അയല്‍സംസ്ഥാനമായ കര്‍ണാടകത്തില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഭരണകാലത്ത് കവലകള്‍തോറും മദ്യക്കച്ചവടം പൊടിപൊടിച്ചു. ഇതെല്ലാം വിസ്മരിച്ചാണ് സുധീരന്‍- കുമ്മനം തുടങ്ങിയവരെല്ലാം എല്‍ഡിഎഫിന്റെ മദ്യനയത്തിനെതിരെ വിദണ്ഡാവാദങ്ങള്‍ ഉയര്‍ത്തുന്നത്. പുതിയ മദ്യനയം വിദേശമദ്യബാറുകളുടെ എണ്ണം ക്രമാതീതമായി ഉയര്‍ത്തുമെന്ന ഭീതി ഇക്കൂട്ടര്‍ പടര്‍ത്തുന്നുണ്ട്. യുഡിഎഫ് ഭരണകാലത്ത് 855 വിദേശമദ്യബാറായിരുന്നു സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, പുതിയ നയംകാരണം 113 ബാറായിരിക്കും പ്രവര്‍ത്തിക്കുക.

മദ്യവ്യവസായമേഖലയില്‍ പണിയെടുക്കുന്ന പതിനായിരക്കണക്കിനു കുടുംബങ്ങളുടെ അടുക്കളയില്‍ തീപുകയാനുള്ള താല്‍പ്പര്യവുംകൂടി കണക്കിലെടുത്താണ് തൊഴിലാളിവര്‍ഗപക്ഷത്തുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യനയം രൂപപ്പെടുത്തിയത്. കള്ളിന് നക്ഷത്രപദവി നല്‍കുകയും കള്ളുചെത്ത് വ്യവസായത്തെ സംരക്ഷിക്കാന്‍ നടപടിയെടുക്കുകയും ചെയ്തു. എല്ലാ സ്റ്റാര്‍ ഹോട്ടലുകളിലും കള്ളുവിതരണം ചെയ്യുകയെന്നതല്ല പുതിയ നയംകൊണ്ട് ഉദ്ദേശിക്കുന്നത്. ടൂറിസംമേഖലയിലെ സ്റ്റാര്‍ ഹോട്ടലുകളില്‍ പ്രത്യേക അനുമതി വാങ്ങി കള്ള് വിതരണം ചെയ്യാമെന്നാണ് നയത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതുവഴി ചെത്തുതൊഴിലാളികള്‍ക്ക് ജോലിസുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുന്നു. ഇതെല്ലാമുള്ളപ്പോള്‍ത്തന്നെ എല്‍ഡിഎഫും സര്‍ക്കാരും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാന്‍ നിലകൊള്ളുന്നവരല്ലെന്ന വസ്തുത കാണാതിരിക്കരുത്.

മദ്യപാനം ഒരു ദുശ്ശീലമാണ്. അതിനെ അകറ്റാനുള്ള ജനകീയ യജ്ഞം കേരളത്തില്‍ പുതിയൊരധ്യായം രചിക്കപ്പെടാന്‍ പോകുകയാണ്. ഈ സംരംഭത്തില്‍ ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ശബ്ദമുയര്‍ത്തിയിട്ടുള്ള ക്രൈസ്തവപുരോഹിതന്മാരുള്‍പ്പെടെയുള്ള വിശ്വാസികളുമായി ഞങ്ങള്‍ കൈകോര്‍ക്കുന്നു. കാരണം, സര്‍ക്കാര്‍നയത്തിനെതിരെ ഇപ്പോള്‍ പ്രതിഷേധമുയര്‍ത്തിയ ക്രൈസ്തവമതമേലധ്യക്ഷന്മാരുടെയും മറ്റും ഈ വിഷയത്തിലെ ആത്മാര്‍ഥതയെ ഞങ്ങള്‍ ചോദ്യംചെയ്യുന്നില്ല. സര്‍ക്കാരിന്റെ മദ്യനയത്തില്‍ത്തന്നെ ജനസമൂഹത്തില്‍ മദ്യവര്‍ജനത്തിനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായി വിമുക്തിയെന്ന പേരില്‍ ബഹുജനപ്രസ്ഥാനത്തിന് ലക്ഷ്യബോധത്തോടെ സര്‍ക്കാര്‍ രംഗത്തുവരികയാണ്. അത് മനസ്സിലാക്കി പുരോഹിതന്മാരും കന്യാസ്ത്രീകളും ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരുമായി മദ്യവര്‍ജനപ്രവര്‍ത്തനത്തിലേക്കിറങ്ങുന്ന വിവിധ ബഹുജനസംഘടനകളുമായും സഹകരിച്ച് മദ്യവിപത്ത് തടയാനുള്ള ജനകീയയജ്ഞത്തില്‍ പങ്കാളിയാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

16-Jun-2017

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More