അടിയന്തരാവസ്ഥയില്‍ നിന്നും ഇന്നിലേക്കെത്തുമ്പോള്‍

അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെതന്നെ, അധഃസ്ഥിതവിഭാഗങ്ങളുടെ പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെയും ആദിവാസികളുടെയും കര്‍ഷകരുടെയും അടിസ്ഥാനാവകാശങ്ങള്‍ കവരുകയാണ് മോഡിഭരണം. രാജ്യത്ത് ഒരുമാസത്തിനുള്ളില്‍ നടന്ന കര്‍ഷക ആത്മഹത്യ രണ്ട് കൈകളിലെ വിരലുകളില്‍ ഒതുങ്ങുന്നതല്ല. കാര്‍ഷികത്തകര്‍ച്ച രൂക്ഷമാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആള്‍ക്കൂട്ട അക്രമങ്ങള്‍ വര്‍ധിച്ചു. ഇത് തടയാതെയാണ് നരേന്ദ്ര മോഡി ജനാധിപത്യത്തിന്റെ വലിയ ഉപാസകനാണെന്ന് നടിക്കുന്നത്. വീണ്ടുമൊരു അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അതേരൂപത്തില്‍ സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്നതിനുള്ള സാഹചര്യം കുറവാണ്. പക്ഷേ, സ്വേച്ഛാധിപത്യം മറ്റു രൂപങ്ങളില്‍ ഉയര്‍ന്നുവരികയും ജനാധിപത്യസംവിധാനത്തെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നതാണ് ഇന്നത്തെ അവസ്ഥ. നവ ഉദാരവല്‍ക്കരണത്തിന്റെ പ്രത്യാഘാതങ്ങളും ഹിന്ദുത്വ വര്‍ഗീയശക്തികളുടെ ഉയര്‍ച്ചയും ജനാധിപത്യസ്ഥാപനങ്ങളുടെ ശക്തിക്ഷയവും പ്രതിപക്ഷ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ കരുത്തിലെ ചോര്‍ച്ചയും എല്ലാം ചേര്‍ന്ന് സ്വേച്ഛാധിപത്യം വളര്‍ന്നുവരുന്നതിനുള്ള സാഹചര്യം തുറന്നുകിടക്കുകയാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലും രാഷ്ട്രീയത്തിലും വന്‍കിട ബൂര്‍ഷ്വാസിയുടെയും ഭൂസ്വാമിമാരുടെയും ആധിപത്യം തുടരുന്നിടത്തോളം സ്വേച്ഛാധിപത്യമെന്ന ഭീഷണി നിലനില്‍ക്കുമെന്ന് 1978ല്‍ ജലന്ധറില്‍ ചേര്‍ന്ന സിപിഐ എമ്മിന്റെ പത്താം പാര്‍ടികോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിപ്പോഴും പ്രസക്തമാണ്.

അടിയന്തരാവസ്ഥയുടെ 42-ാം വാര്‍ഷികദിനമായിരുന്നു കഴിഞ്ഞ ജൂണ്‍ 25. ഇതിന്റെ പശ്ചാത്തലത്തില്‍ തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍കീ ബാത്തില്‍' പ്രധാനമന്ത്രി നരേന്ദ്ര മോഡി അടിയന്തരാവസ്ഥവിരുദ്ധ പോരാട്ടത്തിന്റെ പൈതൃക കുത്തക അവകാശപ്പെട്ടു. മാത്രമല്ല, അടിയന്തരാവസ്ഥയുടെ തിക്താനുഭവമുള്ള താന്‍ നയിക്കുന്ന ഭരണം ജനാധിപത്യപരമാണെന്ന് കടത്തിപ്പറയാനും മടിച്ചില്ല. 1975 ജൂണ്‍ 25 എന്നത് ജനാധിപത്യത്തിന്റെ ഒരുപാസകനും മറക്കാന്‍ കഴിയാത്ത ഇരുണ്ടരാത്രിയാണെന്നും രാജ്യം ശരിക്കും ജയിലായി മാറിയെന്നുമാണ് മോഡി പറഞ്ഞത്. ജനാധിപത്യത്തിന്റെ ഉപാസകനോ അമിതാധികാരവാഴ്ചയുടെ പ്രയോക്താവോ- ഇതിലേതാണ് മോഡിയെന്നത് നാട് വിലയിരുത്തുന്നുണ്ട്.

മോഡിയുടെ അഭിപ്രായത്തോട് വിയോജിച്ച്, രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് കോണ്‍ഗ്രസ് വക്താവ് അഭിപ്രായപ്പെട്ടു. അപ്പോള്‍ അടിയന്തരാവസ്ഥയെന്നത് മോശപ്പെട്ട ഒന്നായിരുന്നുവെന്ന് കോണ്‍ഗ്രസിപ്പോള്‍ സമ്മതിക്കുകയാണ്. പക്ഷേ, 21 മാസം നീണ്ട അടിയന്തരാവസ്ഥ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് രാജ്യത്ത് നടപ്പാക്കിയത് തെറ്റായിപ്പോയെന്ന് ഇപ്പോഴും കോണ്‍ഗ്രസ് ഔദ്യോഗികമായി സമ്മതിക്കുകയോ രാജ്യത്തോട് ഖേദം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. കുപ്രസിദ്ധവും ഇരുണ്ടതുമായ ഒരധ്യായമായിരുന്നു അടിയന്തരാവസ്ഥ. ഇന്ദിരാഗാന്ധിയുടെ ഭരണത്തിലെ ജനാധിപത്യധ്വംസനത്തെപ്പറ്റിയും ഇന്നത്തെ ഭരണത്തിലെ ഏകാധിപത്യപ്രവണതകളെപ്പറ്റിയും ഫാലി നരിമാനെപ്പോലെയുള്ളവര്‍ കുറിക്കുകൊള്ളുന്ന ഭാഷയില്‍ പ്രതികരിച്ചിട്ടുണ്ട്.

അടിയന്തരാവസ്ഥ ഇന്ത്യയുടെമേല്‍ കെട്ടിവച്ചത് 1975ലാണെങ്കിലും അതിനുമുമ്പേ അമിതാധികാരവാഴ്ചയുടെ പ്രവണത പ്രകടമായിരുന്നു. അതുകൊണ്ടാണ് അതിനും മൂന്നുവര്‍ഷംമുമ്പ്, 1972ല്‍ മധുരയില്‍ ചേര്‍ന്ന സിപിഐ എമ്മിന്റെ ഒമ്പതാം പാര്‍ടികോണ്‍ഗ്രസ് ഇന്ദിരാഗാന്ധിയുടെ കേന്ദ്ര സര്‍ക്കാര്‍ അമിതാധികാരവാഴ്ചയിലേക്ക് നീങ്ങുന്നുവെന്ന് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍, പലരും അതിനെ ഗൌരവമായി എടുത്തില്ല. തൊട്ടടുത്ത വര്‍ഷം റെയില്‍വേ തൊഴിലാളികളുടെ അഖിലേന്ത്യ പണിമുടക്കിനെ പൊലീസ് അതിഭീകരമായി അടിച്ചമര്‍ത്തിയത് കേന്ദ്രഭരണത്തിന്റെ ഈ സ്വഭാവവിശേഷംകൊണ്ടായിരുന്നു. 1975 ജൂണ്‍ 12ന് അലഹബാദ് ഹൈക്കോടതിവിധിയും ഗുജറാത്തിലെ ജനവിധിയും വന്നു. ഇന്ദിരാഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കുകയും ആറുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കുകയും ചെയ്യുന്നതായിരുന്നു കോടതിവിധി. ഹൈക്കോടതിവിധിയിന്മേല്‍ നിരുപാധിക സ്റ്റേ അനുവദിക്കാന്‍ സുപ്രീംകോടതി (ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ ബെഞ്ച്) വിസമ്മതിച്ചപ്പോള്‍ ഇന്ദിരാഗാന്ധി പിടിച്ചുനില്‍ക്കാന്‍ കണ്ട പഴുതായിരുന്നു അടിയന്തരാവസ്ഥ. മന്ത്രിസഭയില്‍പ്പോലും ആലോചിക്കാതെ രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദിനെക്കൊണ്ട് അടിയന്തരാവസ്ഥപ്രഖ്യാപനത്തില്‍ ഇന്ദിരാഗാന്ധി ഒപ്പുവയ്പിച്ചു.

അര്‍ധരാത്രി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെതുടര്‍ന്ന് പ്രതിപക്ഷനേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ പ്രമുഖ പത്രങ്ങളുടെ വൈദ്യുതിബന്ധം മണിക്കൂറുകളോളം വിച്ഛേദിച്ചു. രാഷ്ട്രം തടവറയായി. 'ഒരു പെണ്‍ഹിറ്റ്ലര്‍ ജനിച്ചു' എന്നായിരുന്നു പ്രതിപക്ഷനേതാവായിരുന്ന എ കെ ജിയുടെ പ്രതികരണം. അടിയന്തരാവസ്ഥവിരുദ്ധ സമരത്തിലെ ചാമ്പ്യന്മാര്‍ ആര്‍എസ്എസുകാരാണെന്ന് മോഡിക്കുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസ്, ബിജെപി നേതാക്കളും അവകാശപ്പെടുന്നുണ്ട്. പൌരാവകാശം വീണ്ടെടുക്കാന്‍ അന്ന് സിപിഐ എം നടത്തിയ അചഞ്ചലമായ പോരാട്ടത്തെ ചെറുതാക്കി ചിത്രീകരിക്കാന്‍ കാവിസംഘം ഉത്സാഹിക്കുന്നുണ്ട്. ഇ എം എസ്, എ കെ ജി, ജ്യോതിര്‍മയി ബസു ഉള്‍പ്പെടെയുള്ള നേതാക്കളെയും ആയിരക്കണക്കിന് സിപിഐ എം പ്രവര്‍ത്തകരെയും അടിയന്തരാവസ്ഥപ്രഖ്യാപനത്തിനുപിന്നാലെ പൊലീസ് അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചു. അടിയന്തരാവസ്ഥവിരുദ്ധ പ്രകടനത്തിന് അറസ്റ്റിലായിരുന്ന ഇ എം എസ്, എ കെ ജി തുടങ്ങിയ ഏതാനും നേതാക്കളെ പിന്നീട് മോചിപ്പിച്ചത് സാര്‍വദേശീയമായി ഇന്ദിരാഗാന്ധിയുടെ ഭരണത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തിന്റെ ശക്തി കുറയ്ക്കാന്‍വേണ്ടിയായിരുന്നു.

അന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്നു ഞാന്‍. അടിയന്തരാവസ്ഥയുടെ ആദ്യരാത്രിയില്‍തന്നെ എന്നെ പൊലീസ് വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു. മൂന്നുദിവസം തലശേരി ലോക്കപ്പില്‍. തുടര്‍ന്ന് വിട്ടയച്ചു. സംസ്ഥാനത്ത് ജൂലൈ ഒന്നിന് അടിയന്തരാവസ്ഥവിരുദ്ധ പ്രകടനം നടത്താന്‍ എസ്എഫ്ഐ തീരുമാനിച്ചു. തിരുവനന്തപുരത്ത് പ്രകടനം നടത്തിയ എം എ ബേബി, ജി സുധാകരന്‍, എം വിജയകുമാര്‍, തോമസ് എബ്രഹാം തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്യുകയും ഭീകരമായി മര്‍ദിക്കുകയും ചെയ്തു. പ്രതിഷേധപരിപാടി സംഘടിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്തുമ്പോള്‍ എന്നെ തലശേരിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം തലശേരി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് നിരവധി സ്റ്റേഷന്‍ ലോക്കപ്പുകളിലേക്ക് മാറ്റി. ഒടുവില്‍ കണ്ണൂര്‍ ടൌണ്‍ സ്റ്റേഷനിലാണ് എത്തിച്ചത്. വളരെ നീചമായാണ് പൊലീസ് പെരുമാറിയത്. കണ്ണൂര്‍ സ്റ്റേഷനില്‍ കൊണ്ടുവരുമ്പോള്‍ അറസ്റ്റ് ചെയ്ത മറ്റ് സിപിഐ എം നേതാക്കളെയും അവിടെ കണ്ടു. കൂത്തുപറമ്പ് പൊലീസ് നിഷ്ഠുരമായി മര്‍ദിച്ച് പിണറായി വിജയനെ അവിടെ കൊണ്ടുവന്നു. തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പം ഒന്നരവര്‍ഷത്തോളം 'മിസ' തടവുകാരനായി കഴിഞ്ഞു.

മിസ തടവുകാരെ വീട്ടുകാര്‍ക്കുപോലും സന്ദര്‍ശിക്കാന്‍ അനുമതിയില്ലായിരുന്നു. മൂന്നുമാസമായപ്പോഴാണ് ആഭ്യന്തര സെക്രട്ടറിയുടെ പ്രത്യേക ഉത്തരവ് വാങ്ങി അമ്മയ്ക്കുപോലും എന്നെ കാണാന്‍ അനുമതി കിട്ടിയത്. അന്ന് സെന്‍സര്‍ ചെയ്ത പത്രങ്ങളായിരുന്നു. ആ പത്രങ്ങള്‍തന്നെ ജയിലില്‍ വരുമ്പോള്‍ കരിതേച്ച ഭാഗങ്ങളോടെയാണ് കിട്ടുക. മിസപ്രകാരം ഇന്ത്യയിലൊട്ടാകെ 22,938 പേരും കേരളത്തില്‍ 1270 പേരും തടവുകാരായി. അടിയന്തരാവസ്ഥയ്ക്കുശേഷം വന്ന മൊറാര്‍ജി ദേശായി സര്‍ക്കാര്‍ 'മിസ' നിയമംതന്നെ റദ്ദാക്കി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ മിസ തടവുകാരനായി തടവിലിട്ടതിനെതിരെ സംസ്ഥാനത്തെ കലാലയങ്ങളില്‍ വ്യത്യസ്ത രൂപത്തിലെ പ്രതിഷേധപ്രകടനങ്ങള്‍ എസ്എഫ്ഐ സംഘടിപ്പിച്ചിരുന്നു. കേരളത്തിലും ബംഗാളിലും ത്രിപുരയിലും മാത്രമല്ല തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര ഉള്‍പ്പെടെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സിപിഐ എം നേതൃത്വത്തില്‍ അടിയന്തരാവസ്ഥവിരുദ്ധ സമരപരിപാടി നടന്നിരുന്നു. തൊഴിലാളികളെയും കര്‍ഷകരെയും വിദ്യാര്‍ഥികളെയും ഇതര ജനവിഭാഗങ്ങളെയും അണിനിരത്തിയുള്ള രഹസ്യ സംഘടനാപ്രവര്‍ത്തനങ്ങള്‍ ഏറ്റവും മുന്നില്‍നിന്ന് ചിട്ടയോടെ സംഘടിപ്പിച്ചത് സിപിഐ എമ്മാണ്. എന്നാല്‍, അടിയന്തരാവസ്ഥ നീണ്ടേക്കുമെന്ന് കണ്ട് ആര്‍എസ്എസ് തലവന്‍ ദേവരശ് സമരസമീപനം മയപ്പെടുത്തി. 1976ല്‍ ജയിലില്‍നിന്ന് ദേവരശ് ഇന്ദിരാഗാന്ധിക്ക് അയച്ച കത്തില്‍ സംഘപരിവാറിന് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് അഭ്യര്‍ഥിച്ചു. ഇന്ദിരാഗാന്ധിയുടെ അഞ്ചിനപരിപാടിയും ഇരുപതിനപരിപാടിയും രാഷ്ട്രനന്മയ്ക്കായുള്ള നല്ല ചുവടുവയ്പാണെന്ന സ്തുതിവചനം നടത്തുകയും അവ നടപ്പാക്കുന്നതിന് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ചാഞ്ചാടിക്കളിച്ചവരാണ് അടിയന്തരാവസ്ഥവിരുദ്ധ സമരത്തിന്റെ ചാമ്പ്യന്മാരാണെന്ന് നടിക്കുന്നത്. ഇത് ചരിത്രത്തെ അപഹസിക്കലാണ്.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെതന്നെ, അധഃസ്ഥിതവിഭാഗങ്ങളുടെ പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെയും ആദിവാസികളുടെയും കര്‍ഷകരുടെയും അടിസ്ഥാനാവകാശങ്ങള്‍ കവരുകയാണ് മോഡിഭരണം. രാജ്യത്ത് ഒരുമാസത്തിനുള്ളില്‍ നടന്ന കര്‍ഷക ആത്മഹത്യ രണ്ട് കൈകളിലെ വിരലുകളില്‍ ഒതുങ്ങുന്നതല്ല. കാര്‍ഷികത്തകര്‍ച്ച രൂക്ഷമാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആള്‍ക്കൂട്ട അക്രമങ്ങള്‍ വര്‍ധിച്ചു. ഇത് തടയാതെയാണ് നരേന്ദ്ര മോഡി ജനാധിപത്യത്തിന്റെ വലിയ ഉപാസകനാണെന്ന് നടിക്കുന്നത്. വീണ്ടുമൊരു അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അതേരൂപത്തില്‍ സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്നതിനുള്ള സാഹചര്യം കുറവാണ്. പക്ഷേ, സ്വേച്ഛാധിപത്യം മറ്റു രൂപങ്ങളില്‍ ഉയര്‍ന്നുവരികയും ജനാധിപത്യസംവിധാനത്തെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നതാണ് ഇന്നത്തെ അവസ്ഥ. നവ ഉദാരവല്‍ക്കരണത്തിന്റെ പ്രത്യാഘാതങ്ങളും ഹിന്ദുത്വ വര്‍ഗീയശക്തികളുടെ ഉയര്‍ച്ചയും ജനാധിപത്യസ്ഥാപനങ്ങളുടെ ശക്തിക്ഷയവും പ്രതിപക്ഷ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ കരുത്തിലെ ചോര്‍ച്ചയും എല്ലാം ചേര്‍ന്ന് സ്വേച്ഛാധിപത്യം വളര്‍ന്നുവരുന്നതിനുള്ള സാഹചര്യം തുറന്നുകിടക്കുകയാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലും രാഷ്ട്രീയത്തിലും വന്‍കിട ബൂര്‍ഷ്വാസിയുടെയും ഭൂസ്വാമിമാരുടെയും ആധിപത്യം തുടരുന്നിടത്തോളം സ്വേച്ഛാധിപത്യമെന്ന ഭീഷണി നിലനില്‍ക്കുമെന്ന് 1978ല്‍ ജലന്ധറില്‍ ചേര്‍ന്ന സിപിഐ എമ്മിന്റെ പത്താം പാര്‍ടികോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിപ്പോഴും പ്രസക്തമാണ്.

കേന്ദ്ര ഭരണകക്ഷിയായ ബിജെപിയെ നയിക്കുന്നത് ആര്‍എസ്എസാണ്. ആര്‍എസ്എസ് അതിന്റെ അജന്‍ഡ നടപ്പാക്കുന്നതിനുവേണ്ടി ഭരണത്തിന്റെ എല്ലാതലങ്ങളെയും ഹിന്ദുത്വം വളര്‍ത്താനുള്ള ഇടമാക്കി മാറ്റി. ഇതിന്റെ ഫലമായാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരായ കടുത്ത ആക്രമണങ്ങള്‍ രാജ്യമെമ്പാടും നടക്കുന്നത്. കഴിഞ്ഞയാഴ്ച ഡല്‍ഹി-മഥുര ട്രെയിനില്‍ മുസ്ളിംകുടുംബത്തിനുനേരെയുണ്ടായ മൃഗീയാക്രമണം രാജ്യത്തിന്റെ കണ്ണുതുറപ്പിക്കുന്നതാണ്. പതിനാറുകാരന്‍ ജുനൈദിനെ കുത്തിക്കൊല്ലുകയും മൂന്നുപേരെ ക്രൂരമായി ആക്രമിക്കുകയും ചെയ്തു. ഡല്‍ഹി-മഥുര ട്രെയിനുകളില്‍ വര്‍ഗീയാക്രമണം സ്ഥിരം സംഭവമാണ്. ബാറ്ററികള്‍കൊണ്ട് പ്രവര്‍ത്തിക്കുന്ന മൈക്കുപയോഗിച്ച് ജനറല്‍ കംപാര്‍ട്മെന്റുകള്‍ മതകേന്ദ്രങ്ങളാക്കി മാറ്റി. അവിടേക്ക് മുസ്ളിം യാത്രക്കാര്‍ കയറിയാല്‍ അസഭ്യവര്‍ഷവും വര്‍ഗീയപരാമര്‍ശവും നടത്തും. പ്രതികരിക്കുന്നവരെ ആക്രമിക്കും. പലതവണ പൊലീസിന് പരാതി ലഭിച്ചിട്ടും തിരിഞ്ഞുനോക്കുന്നില്ല. വര്‍ഗീയാക്രമണത്തില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ മാതാപിതാക്കളെ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ ബൃന്ദ കാരാട്ടും മുഹമ്മദ് സലിമും സന്ദര്‍ശിച്ചപ്പോള്‍ അവര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചു. ഗോസംരക്ഷണത്തിന്റെ മറവില്‍ ദളിത് വിഭാഗത്തിനെതിരെയും സംഘപരിവാറിന്റെ ആക്രമണം ശക്തിപ്പെട്ടിട്ടുണ്ട്.

ഇതെല്ലാം ചെയ്യുന്ന ആര്‍എസ്എസ്-ബിജെപി പ്രസ്ഥാനമാണ് ദളിത് ലേബലില്‍ ഒരാളെ രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് മത്സരിപ്പിച്ച് ദളിത് വിഭാഗങ്ങളില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നത്. അടിയന്തരാവസ്ഥയ്ക്കുമുമ്പ് ഇന്ദിരാഗാന്ധി റെയില്‍വേസമരത്തെ സ്വേച്ഛാധിപത്യരീതിയില്‍ നേരിട്ടതുപോലെതന്നെയാണ്, രാജ്യത്ത് ഉയര്‍ന്നുവന്നിരിക്കുന്ന കര്‍ഷകപ്രക്ഷോഭത്തെ നേരിടുന്നതിന് കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപി സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. സ്വേച്ഛാധിപത്യക്രമത്തിലേക്കുള്ള നീക്കത്തിലാണ് മോഡിസര്‍ക്കാര്‍. കോര്‍പറേറ്റ് മൂലധനവും ഹിന്ദുത്വവും ചേര്‍ന്നുള്ള ഏകാധിപത്യഭീഷണിയെ നേരിടാനുള്ള ബഹുമുഖസമരത്തിന് നാട് ഉണരുകയാണ് വേണ്ടത്.

01-Jul-2017

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More