ജെയ്റ്റ് ലിയുടെ കേരളയാത്ര
കോടിയേരി ബാലകൃഷ്ണന്
രാഷ്ട്രീയസംഘട്ടനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും എല്‍ഡിഎഫ് സര്‍ക്കാരാണ് പ്രോത്സാഹനം നല്‍കുന്നതെന്നും ഇവയില്‍ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നുമുള്ള ജെയ്റ്റ്ലിയുടെ തിരുവനന്തപുരം പ്രസ്താവന കല്ലുവച്ച നുണയാണ്. കേന്ദ്രഭരണത്തിന്റെ തണലില്‍ അക്രമവും അഴിഞ്ഞാട്ടവും സ്വൈരജീവിതം തകര്‍ക്കലുമെല്ലാം ആര്‍എസ്എസ്- ബിജെപി ശക്തികള്‍ നടത്തുന്നതാണ്. ജെയ്റ്റ്ലിക്ക് ഇന്ത്യയുടെ ഏതു ഭാഗത്തും സഞ്ചരിക്കാം. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാം. പക്ഷേ, കേന്ദ്രമന്ത്രി ആര്‍എസ്എസിന്റെമാത്രം മന്ത്രിയാകരുത്. ആര്‍എസ്എസിന്റെ മെഗഫോണും ആകരുത്. ജനാധിപത്യത്തെയും ഫെഡറലിസത്തെയും മാനിക്കണം. ആര്‍എസ്എസും ബിജെപിയും സിപിഐ എമ്മുമായി സംഘര്‍ഷവും സംഘട്ടനവും നടത്തുന്നു എന്നത് യാഥാര്‍ഥ്യമാണ്. സംഘട്ടനങ്ങളും കൊലപാതകങ്ങളും ഇല്ലാതാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം തീരുമാനിക്കുകയും സമാധാനലംഘനമുണ്ടായാല്‍ ബന്ധപ്പെട്ട കക്ഷികളോ സംഘടനകളോ ഇക്കാര്യത്തില്‍ ഇടപെടണമെന്നും നിശ്ചയിച്ചു. സര്‍വകക്ഷിയോഗത്തിന്റെ വികാരം ഉള്‍ക്കൊണ്ട് സിപിഐ എം മുന്നോട്ടുപോകും. |
കേന്ദ്ര ധന-പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ തിരുവനന്തപുരം സന്ദര്‍ശനം രാഷ്ട്രീയവിവാദമായി. ജെയ്റ്റ്ലിയുടെ വരവില്‍ ഒളിഞ്ഞിരിക്കുന്ന പ്രതിലോമ പ്രത്യയശാസ്ത്ര താല്‍പ്പര്യങ്ങളുണ്ട്. ഒപ്പം പ്രത്യക്ഷ രാഷ്ട്രീയവും. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായി രാഷ്ട്രീയാധികാരം പിടിച്ചെടുക്കാനുള്ള ആര്‍എസ്എസ് വ്യഗ്രത ഇതിലുണ്ട്. പക്ഷേ, രാഷ്ട്രപതിഭരണം എന്നുള്ളത് 1959ലെപ്പോലെ ഇന്ന് അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. എന്നിട്ടും എല്‍ഡിഎഫ് ഭരണം ഇല്ലാതായെങ്കില്‍ എന്ന ആശയില്‍നിന്ന് ഉദിക്കുന്ന വിഭ്രാന്തി ചെറുതല്ല. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ഇക്കൂട്ടരുടെ രാഷ്ട്രീയകാഴ്ചപ്പാടിനും പ്രവര്‍ത്തനപരിപാടിക്കും എല്‍ഡിഎഫ് സര്‍ക്കാരും ഇവിടത്തെ ഇടതുപക്ഷസ്വാധീനവും വിലങ്ങുതടിയാണെന്ന് സംഘപരിവാര്‍ കാണുന്നു. അതുപ്രകാരം എല്‍ഡിഎഫ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനും അസ്ഥിരപ്പെടുത്താനും എല്ലാ വഴിയും ഇവര്‍ സ്വീകരിക്കും.
അഴിമതിയില്‍ മുങ്ങിയ ബിജെപിക്ക് അതില്‍നിന്ന് മുഖംരക്ഷിക്കാന്‍ ആര്‍എസ്എസ് കണ്ടെത്തിയ മുക്തിമാര്‍ഗമാണ് സിപിഐ എമ്മിനെതിരായ റൌഡിസവും അക്രമവും. അക്രമകാരികളെ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി ചിത്രീകരിക്കാനുള്ള കലാവിരുന്നായിരുന്നു ജെയ്റ്റ്ലിയുടെ വരവ്. ഇതിന് മന്ത്രിക്ക് അകമ്പടിയായും കൂട്ടായും ഒരുപിടി ദേശീയ മാധ്യമങ്ങളും ഉണ്ടായിരുന്നു. ഇവയിലൂടെ പ്രചരിപ്പിച്ചത് സത്യവിരുദ്ധമായ കാര്യങ്ങളാണ്. ഒന്നാം ഇ എം എസ് സര്‍ക്കാര്‍ പുറത്തുപോയത് '59ലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ കാരണമാണ്. അതിന് പശ്ചാത്തലമായ വിമോചനസമരത്തില്‍ തെറ്റിദ്ധരിപ്പിച്ച് ആളുകളെ പങ്കാളികളാക്കാന്‍ കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികള്‍ക്കും ജാതിമത സംഘടനകള്‍ക്കും കഴിഞ്ഞു. പലേടത്തും വലിയൊരു ജനവിഭാഗത്തെ എങ്ങനെ കാലാള്‍പ്പടയാക്കി തെരുവിലിറക്കാന്‍ കഴിഞ്ഞു എന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇ എം എസ് നല്‍കിയ ഉത്തരം ഇന്നും ഓര്‍മിക്കേണ്ടതാണ്.
"ഈ ചോദ്യത്തിനുള്ള മറുപടി രണ്ട് വാക്കുകളില്‍മാത്രം അടങ്ങുന്ന ഒരു ചെറുവാചകമാണ്. നുണ പറഞ്ഞിട്ട്. കേരളത്തിലെ കമ്യൂണിസ്റ്റുകാരെപ്പറ്റി, ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരെപ്പറ്റി, ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അതിന്റെ ആചാര്യന്മാരെയുംപറ്റി, സോവിയറ്റ് യൂണിയനെയും ചൈനയെയുംപറ്റി എല്ലാംതന്നെ വെള്ളംകൂട്ടാതെ തനിക്കള്ളം പറഞ്ഞുപരത്തിയിട്ടാണ് അവര്‍ നാട്ടുകാരില്‍ ഒരു വിഭാഗത്തെ കമ്യൂണിസ്റ്റ് വിരുദ്ധമുന്നണിയില്‍ നിര്‍ത്തിയത്''. ഇപ്രകാരം ഇ എം എസ് ചൂണ്ടിക്കാട്ടിയ കമ്യൂണിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനത്തിന്റെ മുഖമുദ്ര നുണപ്രചാരണമായിരുന്നു അന്നെന്നപോലെ ഇന്നും. കേരളത്തിന്റെ സമാധാനം കെടുത്തുന്ന അക്രമശക്തി ആര്‍എസ്എസാണ്. അതിനെ മറച്ചുപിടിക്കാനാണ് 'മാര്‍ക്സിസ്റ്റ് ആക്രമണ'ത്തിന്റെ ഏറ്റവും വലിയ നുണക്കഥകള്‍ പ്രചരിപ്പിക്കുന്നത്. അതുകൊണ്ടാണ് കേന്ദ്രമന്ത്രിയായിട്ടും അരുണ്‍ ജെയ്റ്റ്ലി തിരുവനന്തപുരത്ത് വന്നപ്പോള്‍ രാജ്ഭവനുമുന്നില്‍ ഒത്തുചേര്‍ന്ന തിരുവനന്തപുരത്തെമാത്രം ആര്‍എസ്എസ് ആക്രമണത്താല്‍ കൊല്ലപ്പെട്ട 21 രക്തസാക്ഷികുടുംബങ്ങളെ കാണാന്‍ കൂട്ടാക്കാതിരുന്നത്.
രാഷ്ട്രീയസംഘട്ടനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും എല്‍ഡിഎഫ് സര്‍ക്കാരാണ് പ്രോത്സാഹനം നല്‍കുന്നതെന്നും ഇവയില്‍ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നുമുള്ള ജെയ്റ്റ്ലിയുടെ തിരുവനന്തപുരം പ്രസ്താവന കല്ലുവച്ച നുണയാണ്. കേന്ദ്രഭരണത്തിന്റെ തണലില്‍ അക്രമവും അഴിഞ്ഞാട്ടവും സ്വൈരജീവിതം തകര്‍ക്കലുമെല്ലാം ആര്‍എസ്എസ്- ബിജെപി ശക്തികള്‍ നടത്തുന്നതാണ്. ജെയ്റ്റ്ലിക്ക് ഇന്ത്യയുടെ ഏതു ഭാഗത്തും സഞ്ചരിക്കാം. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാം. പക്ഷേ, കേന്ദ്രമന്ത്രി ആര്‍എസ്എസിന്റെമാത്രം മന്ത്രിയാകരുത്. ആര്‍എസ്എസിന്റെ മെഗഫോണും ആകരുത്. ജനാധിപത്യത്തെയും ഫെഡറലിസത്തെയും മാനിക്കണം. ആര്‍എസ്എസും ബിജെപിയും സിപിഐ എമ്മുമായി സംഘര്‍ഷവും സംഘട്ടനവും നടത്തുന്നു എന്നത് യാഥാര്‍ഥ്യമാണ്. സംഘട്ടനങ്ങളും കൊലപാതകങ്ങളും ഇല്ലാതാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം തീരുമാനിക്കുകയും സമാധാനലംഘനമുണ്ടായാല്‍ ബന്ധപ്പെട്ട കക്ഷികളോ സംഘടനകളോ ഇക്കാര്യത്തില്‍ ഇടപെടണമെന്നും നിശ്ചയിച്ചു. സര്‍വകക്ഷിയോഗത്തിന്റെ വികാരം ഉള്‍ക്കൊണ്ട് സിപിഐ എം മുന്നോട്ടുപോകും.
സമാധാനപരിശ്രമം ഒരു ഭാഗത്ത് ശക്തിയായി നടക്കുമ്പോള്‍ത്തന്നെ നിയമസഭയിലടക്കം മുതലെടുപ്പുരാഷ്ട്രീയത്തിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ്. ആര്‍എസ്എസ്- സിപിഐ എം സംഘട്ടനങ്ങള്‍ കാരണം സംസ്ഥാനത്ത് സമാധാനം തകര്‍ന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രതിപക്ഷം ബഹളംകൂട്ടി നിയമസഭാ സമ്മേളനം ഒരുദിവസം അലങ്കോലപ്പെടുത്തി. യഥാര്‍ഥത്തില്‍ കേരളത്തില്‍ ആര്‍എസ്എസ്- സിപിഐ എം സംഘര്‍ഷമല്ല നടക്കുന്നത്. മറിച്ച് ആര്‍എസ്എസും മതനിരപേക്ഷത സംരക്ഷിക്കാനുള്ള ശക്തികളും തമ്മിലുള്ള ഏറ്റുമുട്ടലാണ്. മതനിരപേക്ഷതയുടെ കാവലാളായി സിപിഐ എം പൊരുതുന്നുണ്ട്. ഇതിനെ മറച്ചുപിടിക്കുന്ന രാഷ്ട്രീയപാര്‍ടികളും മാധ്യമങ്ങളും ഫലത്തില്‍ സംഘപരിവാറിനെ പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കുകയാണ്.
കേരളത്തിലെ സാമൂഹ്യമുന്നേറ്റത്തില്‍ ഒരു പങ്കും വഹിച്ചിട്ടുള്ള സംഘടനയല്ല ആര്‍എസ്എസ്. 1940ല്‍ സര്‍ സംഘ് ചാലകായി എം എസ് ഗോള്‍വാള്‍ക്കര്‍ വന്നതിനെതുടര്‍ന്ന് സംഘടനയെ രാജ്യവ്യാപകമാക്കാന്‍ നിശ്ചയിച്ചു. അങ്ങനെയാണ് 1942 മുതല്‍ ഇവിടെ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. ഇ എം എസ് സര്‍ക്കാരിനെതിരായ വിമോചനസമരത്തിലും ഇക്കൂട്ടര്‍ പങ്കെടുത്തു. കോട്ടയത്ത് നടന്ന കമ്യൂണിസ്റ്റ് വിരുദ്ധ പൊതുയോഗത്തില്‍ അടല്‍ ബിഹാരി വാജ്പേയി പ്രസംഗിച്ചിരുന്നു. 1959 ജൂലൈ 31ന് ഇ എം എസ് മന്ത്രിസഭയെ പിരിച്ചുവിട്ടതിന്റെ തൊട്ടടുത്ത ദിവസം ആഗസ്ത് ഒന്നിന് ആര്‍എസ്എസ്- ജനസംഘം പ്രവര്‍ത്തകര്‍ 'വിജയദിനം' ആഘോഷിച്ചു. ഇങ്ങനെ പ്രതിലോമരാഷ്ട്രീയമാണ് ആര്‍എസ്എസിന് എന്നുമുള്ളത്.
രാഷ്ട്രീയസമരങ്ങളില്‍ പ്രത്യക്ഷത്തില്‍ ഇടപെടുന്നതിനപ്പുറം നവോത്ഥാനമൂല്യങ്ങളില്‍ അധിഷ്ഠിതമായ ആധുനികതയിലേക്ക് കേരളസമൂഹം പുരോഗമിക്കുന്നതിനെ തടയുന്ന ദൌത്യം സംഘപരിവാര്‍ നടത്തുന്നു. 1967-69ലെ ഇ എം എസ് സര്‍ക്കാര്‍ മലപ്പുറം ജില്ല രൂപീകരിച്ചതിനെതുടര്‍ന്ന് വര്‍ഗീയവിദ്വേഷം വലിയ തോതില്‍ വളര്‍ത്താനുള്ള പരിശ്രമം ഈ സംഘടനയുടെ നേതൃത്വത്തില്‍ നടത്തി. ജനസംഖ്യയില്‍ മുസ്ളിങ്ങള്‍ പെരുകുന്നു എന്ന ഭീതിപ്പെടുത്തലും മുസ്ളിംസംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലഭിച്ച അധികാരത്തിന്റെ കണക്കുനിരത്തലും അന്നേ തുടങ്ങി. വര്‍ഗീയധ്രുവീകരണംവഴി നേട്ടമുണ്ടാക്കുക എന്നതാണ് സംഘപരിവാറിന്റെ എന്നത്തെയും പ്രവര്‍ത്തനശൈലി. ഇതിന്റെ വ്യക്തമായ ആസൂത്രണത്തിന്റെ ഫലമായിരുന്നു 1971ലെ തലശേരിക്കലാപം. അതന്വേഷിച്ച വിതയത്തില്‍ കമീഷന്‍ കലാപത്തില്‍ ആര്‍എസ്എസിന്റെ കുറ്റകരമായ പങ്ക് ചൂണ്ടിക്കാട്ടിയിരുന്നു.
തലശേരിക്കലാപം വര്‍ഗീയക്കാട്ടുതീ ആകാതിരുന്നത് സിപിഐ എമ്മിന്റെ ധീരമായ ഇടപെടല്‍കൊണ്ടാണ്. അന്ന് വര്‍ഗീയവാദികളുടെ അക്രമത്തില്‍നിന്ന് മുസ്ളിംപള്ളി സംരക്ഷിക്കുന്നതിന് സിപിഐ എം പ്രവര്‍ത്തകനായ കുഞ്ഞിരാമന്‍ രക്തസാക്ഷിയായി. വര്‍ഗീയക്കലാപം സൃഷ്ടിച്ച് സംഘടന വളര്‍ത്താനുള്ള അജന്‍ഡ സിപിഐ എം ഇടപെടല്‍ കാരണം പൊളിഞ്ഞതുകൊണ്ടാണ് പിന്നീട് സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ തുടര്‍ന്നുള്ള ദശകങ്ങളില്‍ ആര്‍എസ്എസുകാരുടെ കൊലപാതകരാഷ്ട്രീയം നിത്യസംഭവമായത്. മതനിരപേക്ഷത സംരക്ഷിക്കാനും കേരളസമൂഹത്തിലെ ബഹുസ്വരതയുടെ താളം നിലനിര്‍ത്താനും മുഖ്യമായി പടപൊരുതിയത് സിപിഐ എമ്മും എല്‍ഡിഎഫുമാണ്. 1983ല്‍ ശബരിമലയ്ക്കടുത്ത് നിലയ്ക്കലില്‍ സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍ വക ഭൂമി കിളക്കവെ കണ്ടെടുത്ത കല്‍ക്കുരിശ് വലിയ സംഭവവികാസങ്ങള്‍ക്ക് വഴിതെളിച്ചു. 1900 വര്‍ഷംമുമ്പ് തോമാസ് ശ്ളീഹ സ്ഥാപിച്ച കുരിശാണെന്ന് പറഞ്ഞ് ക്രൈസ്തവരില്‍ ഒരു പങ്ക് രംഗത്തുവന്നു. നിലയ്ക്കല്‍ മഹാദേവക്ഷേത്ര പരിസരത്ത് പള്ളി പണിയാന്‍ സമ്മതിക്കില്ലെന്ന് ആര്‍എസ്എസ്. ആ സമരം നയിച്ച വര്‍ഗീയനേതാവാണ് കുമ്മനം രാജശേഖരന്‍. അന്ന് രണ്ടുപക്ഷത്തുമായി കോണ്‍ഗ്രസ് പകുത്തുമാറി. പക്ഷേ, മതനിരപേക്ഷതയുടെ പക്ഷത്ത് ഉറച്ചുനിന്നത് സിപിഐ എമ്മായിരുന്നു. അതുവഴി പ്രശ്നം ആളിക്കത്താന്‍ അനുവദിച്ചില്ല. മാത്രമല്ല, 1987ല്‍ അധികാരത്തില്‍ വന്ന നായനാര്‍ സര്‍ക്കാരിന്റെ സമര്‍ഥമായ നിലപാട് കാരണമാണ് നിലയ്ക്കല്‍വിഷയം അടഞ്ഞ അധ്യായമായത്.
ഒളവെണ്ണയിലെ ദളിത് കോളനിയില്‍ പാവങ്ങളെ സഹായിക്കാനെത്തിയ 'മിഷണറി ഓഫ് ചാരിറ്റി' പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ കൊല്ലാന്‍ ശ്രമിച്ചത് കേരളത്തിന് മറക്കാന്‍ കഴിയുന്ന സംഭവമല്ല. മദര്‍ തെരേസയുടെ അനുയായികളായ മദര്‍ സുപ്പീരിയര്‍ കുസുമത്തിന്റെ തല അടിച്ചുപൊട്ടിക്കുകയും സിസ്റ്റര്‍ സെലീനയുടെ സഭാവസ്ത്രത്തില്‍നിന്ന് കുരിശ് പൊട്ടിച്ച് വലിച്ചെറിയുകയും സിസ്റ്ററെ തലയ്ക്കടിച്ചുവീഴ്ത്തുകയും ചെയ്തു. മാളയിലെ വൈദികന്‍ ഫാ. ജോബ് ചിറ്റിലപ്പള്ളിയെ പള്ളിയിലിട്ട് കുത്തിക്കൊന്നു. അഞ്ച് ആര്‍എസ്എസുകാരാണ് കൊലയ്ക്കുപിന്നിലെന്ന് പൊലീസ് റിപ്പോര്‍ട്ട് വന്നു.
1992ലെ പൂന്തുറ കലാപത്തില്‍ ആര്‍എസ്എസിനുള്ള പങ്ക് കലാപം അന്വേഷിച്ച അരവിന്ദാക്ഷമേനോന്‍ കമീഷന്‍ പ്രത്യേകം നിരീക്ഷിച്ചിട്ടുണ്ട്. തിരുവനന്തപുരം കേശവദാസപുരത്തെ പള്ളിയിലെയും കാസര്‍കോട്ടെ പള്ളിയിലെയും ഉള്‍പ്പെടെ മൌലവിമാരെ കശാപ്പുചെയ്തതിലും കാവിപ്പടയാണ് പ്രതിക്കൂട്ടില്‍. ബാബ്റി മസ്ജിദ് തകര്‍ത്തതിനുശേഷം കേരളത്തില്‍ നടന്ന വര്‍ഗീയ കൊലപാതകങ്ങള്‍ക്കും മാറാട്ട് രണ്ടുതവണ നടന്ന 14 പേര്‍ കൊല്ലപ്പെട്ട വര്‍ഗീയലഹളകളിലും ആര്‍എസ്എസിന്റേത് കുറ്റകരമായ പങ്കാണ്. ഇതെല്ലാം തെളിഞ്ഞുനില്‍ക്കുമ്പോള്‍, കേരളത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കുക എന്നതാണ് ആര്‍എസ്എസ് ആക്രമണത്തിന്റെ അജന്‍ഡയെന്നത് ചോദ്യംചെയ്യപ്പെടാത്ത വസ്തുതയായി മാറുന്നു. ഇങ്ങനെ മതനിരപേക്ഷതയെ തകര്‍ക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ സംരക്ഷകനായിട്ടാണ് അരുണ്‍ ജെയ്റ്റ്ലി തിരുവനന്തപുരത്ത് വന്നുപോയത്. ഇന്ത്യയുടെ പരമാധികാരവും മതനിരപേക്ഷതയും സംരക്ഷിക്കുന്നതില്‍ ഇടതുപക്ഷം ബദ്ധശ്രദ്ധരാണ്. അതുപോലെ സമൂഹത്തിലെ താഴെത്തട്ടില്‍ ജീവിക്കുന്നവരുടെ താല്‍പ്പര്യം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്നു. ഇതിലധിഷ്ഠിതമാണ് സിപിഐ എം പ്രത്യയശാസ്ത്രം. അതിന് നേര്‍വിപരീതമാണ് ആര്‍എസ്എസ് പ്രത്യയശാസ്ത്രം. ഈ പ്രതിലോമ പ്രത്യയശാസ്ത്രത്തെ വെള്ളപൂശാനുള്ള അരുണ്‍ ജെയ്റ്റ്ലിയുടെ ഇവിടത്തെ വരവ് കേന്ദ്രമന്ത്രിയുടെ പദവി ദുരുപയോഗപ്പെടുത്തുന്നതുമാണ്.
കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പൊതുവിലും സിപിഐ എമ്മിനെതിരെ വിശേഷിച്ചും രാജ്യവ്യാപകമായി ആര്‍എസ്എസ് നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് കേന്ദ്ര രാജ്യരക്ഷാമന്ത്രിയുടെ സന്ദര്‍ശനം. സംഘപരിവാറിന്റെ അക്രമത്തെയും വഴിതെറ്റലിനെയും തുറന്നെതിര്‍ക്കുന്നവര്‍ ആരായാലും അവരോട് കാട്ടുന്ന അസഹിഷ്ണുത എത്ര വലുതാണെന്ന് തെളിയിക്കുന്നതാണ് മാധ്യമ ചര്‍ച്ചകളില്‍ ഇടപെടുന്നവരോടുപോലും സംഘികള്‍ സ്വീകരിക്കുന്ന സമീപനം. ഐബിഎന്‍ സിഎന്‍എന്‍ ചര്‍ച്ചയില്‍ പാനലിസ്റ്റായിരുന്ന സാമൂഹ്യപ്രവര്‍ത്തകയും ചലച്ചിത്രനടിയുമായ ടി പാര്‍വതിക്കുനേരെ ആസിഡ് ആക്രമണം നടത്തണമെന്നാണ് ഫെയ്സ്ബുക്കുവഴി ഒരു സംഘപരിവാറുകാരന്‍ ഭീഷണിയോടെ പ്രതികരിച്ചത്. മാധ്യമപ്രവര്‍ത്തകരായ ഷാനി പ്രഭാകരന്‍, സിന്ധു സൂര്യകുമാര്‍ എന്നിവര്‍ക്കും കേരളവര്‍മ കോളേജ് അധ്യാപിക ദീപാനിശാന്തിനുമെതിരെ ആര്‍എസ്എസുകാര്‍ നടത്തിയ ഭീഷണികള്‍ പ്രശ്നത്തെ ഏതുനിലയിലാണ് ഇക്കൂട്ടര്‍ സമീപിക്കുന്നതെന്നതിന് തെളിവാണ്. ഇവര്‍ക്കെല്ലാം നിലവിട്ട് പെരുമാറാന്‍ ഒത്താശ ചെയ്യുന്നതായി ജെയ്റ്റ്ലിയുടെ കേരളയാത്ര.
11-Aug-2017
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍