ഇത് ജനദ്രോഹയാത്രയാണ്.
കോടിയേരി ബാലകൃഷ്ണന്
നമ്മള്‍ പലതരം ജാഥകള്‍ കണ്ടിട്ടുണ്ട്. ഈ ജാഥ അതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. ആട് ഇല കടിച്ചുപോകുന്നത് പോലെയാണ് അമിത്ഷായുടെ ജാഥ. ആട് ഒരിടത്ത് ഇല കടിച്ചാല്‍ പിന്നെ വേറൊരിടത്തായിരിക്കും കടിക്കുക. ആദ്യ ദിവസം യാത്ര പയ്യന്നൂര്‍ മുതല്‍ പിലാത്തറ വരെ. പിന്നെ വിശ്രമം. നടക്കുമ്പോള്‍ കാല് പൊട്ടുന്നത് കൊണ്ടാകും ഈ വിശ്രമം. പിന്നെ രണ്ടുദിവസം കഴിഞ്ഞാണ് അമിത് ഷായുടെ യാത്ര. കേരളത്തില്‍ നടന്ന ജാഥകളുടെ ചരിത്രത്തെതന്നെ പരിഹസിക്കുന്ന വിധത്തിലാണ് ബി ജെ പിയുടെ ഈ ജാഥ. ജനങ്ങള്‍ ഇതൊക്കെ തിരിച്ചറിയുന്നുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ ജാഥയില്‍ പങ്കെടുക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കല്യാശേരിയില്‍ വെച്ച് ജാഥയില്‍ പ്രവേശിക്കും മുന്‍പ് കല്യാശേരി മോഡലിനെ കുറിച്ച് മനസിലാക്കാന്‍ അദിത്യനാഥ് ശ്രമിച്ചാല്‍ ഉത്തര്‍പ്രദേശില്‍ അധികാര വികേന്ദ്രീകരണം നടത്തുന്നതിന് അത് സഹായകമാവും. ജാഥയില്‍ നടക്കുന്നതിനൊപ്പം സമീപത്തുള്ള ആശുപത്രികള്‍ സന്ദര്‍ശിച്ചാല്‍ ഗോരഖ്പൂര്‍ ആശുപത്രിയിലെ ശിശുഹത്യയ്ക്ക് നിവാരണം വരുത്താന്‍ എന്തുചെയ്യണമെന്ന് മനസിലാക്കാനും കഴിയും. റോഡിനിരുവശവുമുള്ള വീടുകളിലെല്ലാം കക്കൂസ് ഉണ്ട്. വെളിമ്പ്രദേശത്ത് കാര്യം സാധിക്കേണ്ട ആവശ്യം കേരളത്തിലില്ല എന്ന് മനസിലാക്കാനുള്ള അസുലഭാവസരമാണ് ഈ ജാഥയിലൂടെ യു പി മുഖ്യമന്ത്രിക്ക് കൈവന്നിരിക്കുന്നത്. ആദിത്യനാഥ് മാത്രമല്ല, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരും എംഎല്‍എമാരും ജാഥയില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് പറയുന്നത്. പ്രകൃതി ഭംഗി ആസ്വദിച്ച് അവര്‍ യാത്രചെയ്യട്ടെ. ഇവര്‍ പറയുന്നത് കക്കൂസ് ഉണ്ടാക്കാനാണ് പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചത് എന്നാണല്ലൊ. കേരളത്തില്‍ എല്ലായിടത്തും കക്കൂസ് ഉള്ളതിനാല്‍ ഈ വിലവര്‍ധനയില്‍നിന്ന് ജാഥയ്ക്ക് ശേഷം കേരളത്തെ ഒഴിവാക്കാന്‍ ഇവര്‍ തയ്യാറാവുമോ? |
ബി ജെ പിയുടെ ദേശീയാധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുന്ന ഒരു ജാഥ പയ്യന്നൂരില്‍ നിന്നും ആരംഭിച്ചിട്ടുണ്ട്. ഈ ജാഥ ''17ന് തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ കേരളത്തില്‍ നിന്നും സിപിഎമ്മിനെ എന്നെന്നേക്കുമായി വേറോടെ പിഴുതെറിയുന്ന നാളുകളുടെ തുടക്കം കുറിക്കും'' എന്ന് അമിത് ഷാ പറഞ്ഞതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2010 ജൂലൈ 25ന് ഷൊറാബ്ദീന്‍ കേസുമായി ബന്ധപ്പെട്ട് കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട അമിത് ഷാ ഇതല്ല അതിനപ്പുറവും പറയുമെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം.
അമിത് ഷാ പോലിസന്വേഷണത്തിന് വിധേയമായ ഷൊറാബ്ദീന്‍ കൊലക്കേസ് രാജ്യം ചര്‍ച്ച ചെയ്ത പാതകമാണ്. ഗുജറാത്തിലെ രണ്ട് മാര്‍ബിള്‍ വ്യാപാരികള്‍ക്കുവേണ്ടിയാണ് ഷൊറാബ്ദീനെ പോലീസിന്റെ സഹായത്തോടെ കൊന്നതെന്നാണ് കേസ്. മനപൂര്‍വ്വം ഒരു കുറ്റകൃത്യത്തില്‍ കുടുക്കി പോലീസ് ഷൊറാബ്ദീനെ അറസ്റ്റുചെയ്യുകയും, ഒഴിഞ്ഞ ഒരു ഫാം ഹൗസില്‍ വച്ച് നേരത്തേ തന്നെ തയ്യാറാക്കിയ പദ്ധതിയനുസരിച്ച് കൊലപ്പെടുത്തി എന്നുമാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗുജറാത്ത് കലാപത്തില്‍ കുറ്റാരോപിതരായ പോലീസുദ്യോഗസ്ഥരുമായി അമിത് ഷാ ടെലിഫോണിലൂടെ ബന്ധം പുലര്‍ത്തിയിരുന്നതിന്റെ തെളിവുകള്‍ സി ബി ഐ ക്ക് ലഭിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. അങ്ങനെയാണ് കൊലപാതകത്തിലുള്ള ഷായുടെ പങ്ക് വ്യക്തമാണെന്ന് സി ബി ഐ കോടതിയില്‍ ബോധിപ്പിച്ചത്. ഈ കേസില്‍ കുറ്റാരോപിതനായ ഡി ഐ ജി വന്‍സാര, മുമ്പ് ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലും പ്രതിയായിരുന്നു. അവസാനം ഈ കേസില്‍ സി ബി ഐ അമിത് ഷായെ കുറ്റവിമുക്തനാക്കിയത് ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇരയാക്കി. 2002 ഗുജറാത്ത് കലാപത്തിലും, വ്യാജ ഏറ്റുമുട്ടല്‍ കേസിലും, ഗുജറാത്ത് സര്‍ക്കാരിനെതിരേ മൊഴി കൊടുത്ത സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരോട് അമിത് ഷാ പ്രതികാര നടപടിയെടുത്തതും ഏറെ വിവാദങ്ങള്‍ക്കു വഴി വെച്ചിരുന്നു. ഈ സംഭവങ്ങളില്‍ സര്‍ക്കാരിനെതിരേ മൊഴി നല്‍കിയതു കാരണം, തന്റെ സ്ഥാനക്കയറ്റം അന്യായമായി ഷാ ഇടപെട്ടു തടഞ്ഞുവെന്ന് അന്ന് ഗുജറാത്തില്‍ ഡി ജി പി ആയിരുന്ന ആര്‍ ബി ശ്രീകുമാര്‍ നാനാവതി കമ്മീഷനു മുമ്പാകെ മൊഴി നല്‍കിയത്.
ഒരു മതനിരപേക്ഷ, ജനാധിപത്യ സമൂഹം തീര്‍ച്ചയായും പേടിക്കേണ്ട കാര്യങ്ങളാണ് മുകളില്‍ പരാമര്‍ശിക്കപ്പെട്ട കേസുകളും അറസ്റ്റും മറ്റും. അമിത് ഷായുടെ ഇത്തരത്തിലുള്ള കഴിവുകളാണ് ബി ജെ പി ദേശീയ അധ്യക്ഷനാകാനുള്ള അദ്ദേഹത്തിന്റെ യോഗ്യത. അത്തരത്തിലുള്ളൊരാള്‍ സിപിഐ എംനെ ഇല്ലാതാക്കുമെന്ന് പറയുമ്പോള്‍, ബി ജെ പിയും ആര്‍ എസ് എസും കൊലക്കത്തിക്ക് മൂര്‍ച്ച കൂട്ടുകയാണെന്നാണ് മനസിലാക്കേണ്ടത്. കേരളത്തെ കുരുതിക്കളമാക്കി മാറ്റാന്‍ സംഘപരിവാരത്തെ അനുവദിക്കില്ല.
ആര്‍ എസ് എസ് അക്രമവും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനടപടികളും മറച്ചുവച്ച് കേരളത്തില്‍ അക്രമവും അരാജകത്വവും പ്രോല്‍സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് അമിത്ഷായുടെ ഈ നടപ്പ്. സംസ്ഥാന സര്‍ക്കാരിനെതിരായ നുണപ്രചാരണം ഏറ്റെടുത്ത യാത്രയ്ക്ക് ഉചിതമായ പേര് ജനദ്രോഹ യാത്ര എന്നാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പാക്കിയെന്ന് ഈ ജാഥയില്‍ വിശദീകരിക്കാന്‍ ബി ജെ പി നേതൃത്വം തയ്യാറാവണം. പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില ഇത്രയേറെ വര്‍ധിപ്പിച്ചതെന്തിനെന്ന് ജനങ്ങളോട് വ്യക്തമാക്കണം. നോട്ട് നിരോധനം, ജിഎസ്ടി എന്നിവയിലൂടെ കേന്ദ്രസര്‍ക്കാര്‍ ജനജീവിതം ദുസ്സഹമാക്കി. ഇതില്‍ നിന്നെല്ലാം ജനശ്രദ്ധ തിരിച്ചുവിടാനാണ് മാര്‍ക്‌സിസ്റ്റ് അക്രമമെന്ന് പ്രചരിപ്പിച്ച് ഈ യാത്രാ പ്രഹസനം നടത്തുന്നത്.
1970ല്‍ തലശേരി കലാപം മുതല്‍ കേരളത്തില്‍ ആര്‍ എസ് എസ് ആസൂത്രിതമായി അക്രമം അഴിച്ചുവിടുകയാണ്. 1970 മുതല്‍ ഇതുവരെ കേരളത്തില്‍ 969 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. കൊല്ലപ്പെട്ടവരില്‍ 527 പേരും സിപിഐ എം പ്രവര്‍ത്തകരാണ്. ഇതില്‍ 214 പേരെയും കൊന്നത് ആര്‍ എസ് എസുകാരാണ്. അഴീക്കോടന്‍ രാഘവന്‍, കുഞ്ഞാലി തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെ മറ്റ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് ഇതര രാഷ്ട്രീയ പാര്‍ടിക്കാരാണ്. 2000 മുതല്‍ 2017 വരെയുള്ള കാലയളവില്‍ 85 സിപിഐ എം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. എല്‍ ഡി എഫ് സര്‍ക്കാര്‍ വന്നശേഷം 13 സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.
കേന്ദ്രം ഭരിക്കുന്ന കക്ഷി സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നതിനുപകരം അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയാണ്. കൈയ്യിലിരുപ്പുകൊണ്ട് പല കേസുകളിലും ഉള്‍പ്പെട്ട അമിത്ഷാ കേരളത്തില്‍ കേന്ദ്രീകരിക്കുന്നത് അതിനാലാണ്. അമിത് ഷാ യുപിയില്‍ കേന്ദ്രീകരിച്ച് സമയത്ത് മുസഫര്‍ നഗര്‍ ഉള്‍പ്പെടെ ചെറുതും വലുതുമായ 600 കലാപങ്ങളാണ് യുപിയിലുണ്ടായത്. കേരളത്തിലും കലാപാന്തരീക്ഷം സൃഷ്ടിക്കാനാണ് അമിത് ഷാ പുറപ്പെട്ടിട്ടുള്ളത്.
സിപിഐ എമ്മിനെ മാവോയിസ്റ്റുകള്‍ എന്ന് മുദ്രകുത്താനാണ് ബിജെപി ശ്രമിക്കുന്നത്. അമിത്ഷായുടെ ജാഥ തുടങ്ങിയത് പയ്യന്നൂരില്‍ നിന്നാണ്. ഇതിന് ഒരു കിലോമീറ്റര്‍ അകലെയാണ് സി വി ധനരാജ് എന്ന സിപിഐ എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. ധനരാജിനെ കൊന്നത് മാവോയിസ്റ്റുകളാണോ? രണ്ടുദിവസം കഴിഞ്ഞ് പിണറായി വഴി തലശേരിയിലേക്കാണ് അമിത്ഷായുടെ യാത്ര. പിണറായി വഴി നടക്കുമ്പോള്‍ രവീന്ദ്രനെ കൊന്നത് മാവോയിസ്റ്റുകളാണോ എന്ന് അന്വേഷിക്കണം. തലശേരിയില്‍ എത്തുമ്പോള്‍ ശ്രീജന്‍ ബാബുവിനെ കാണണം. ആര്‍എസ്എസ് അക്രമത്തില്‍ ഗുരുതര പരിക്കേറ്റ് എഴുന്നേല്‍ക്കാന്‍പോലും കഴിയാതെ കിടക്കുകയാണ് ശ്രീജന്‍. ആലപ്പുഴ ചേര്‍ത്തലയില്‍ അനന്തുവെന്ന 18 വയസ്സുകാരനെ കൊന്നതെന്തിനെന്ന് അന്വേഷിക്കണം. ആര്‍ എസ് എസിനോട് വിമുഖത പ്രകടിപ്പിച്ച് ശാഖയില്‍ പോകുന്നത് നിര്‍ത്തിയതാണ് ആ കുട്ടിയെ കൊല്ലാന്‍ കാരണം. ഇത്തരം വസ്തുതകള്‍ മനസിലാക്കാനുള്ള സാക്ഷരതയും പൊതുബോധവും കേരളത്തിലെ ജനങ്ങള്‍ക്കുണ്ട് എന്ന് തിരിച്ചറിയാനുള്ള കഴിവും അമിത് ഷായ്ക്കില്ലെ?
നമ്മള്‍ പലതരം ജാഥകള്‍ കണ്ടിട്ടുണ്ട്. ഈ ജാഥ അതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. ആട് ഇല കടിച്ചുപോകുന്നത് പോലെയാണ് അമിത്ഷായുടെ ജാഥ. ആട് ഒരിടത്ത് ഇല കടിച്ചാല്‍ പിന്നെ വേറൊരിടത്തായിരിക്കും കടിക്കുക. ആദ്യ ദിവസം യാത്ര പയ്യന്നൂര്‍ മുതല്‍ പിലാത്തറ വരെ. പിന്നെ വിശ്രമം. നടക്കുമ്പോള്‍ കാല് പൊട്ടുന്നത് കൊണ്ടാകും ഈ വിശ്രമം. പിന്നെ രണ്ടുദിവസം കഴിഞ്ഞാണ് അമിത് ഷായുടെ യാത്ര. കേരളത്തില്‍ നടന്ന ജാഥകളുടെ ചരിത്രത്തെതന്നെ പരിഹസിക്കുന്ന വിധത്തിലാണ് ബി ജെ പിയുടെ ഈ ജാഥ. ജനങ്ങള്‍ ഇതൊക്കെ തിരിച്ചറിയുന്നുണ്ട്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ ജാഥയില്‍ പങ്കെടുക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കല്യാശേരിയില്‍ വെച്ച് ജാഥയില്‍ പ്രവേശിക്കും മുന്‍പ് കല്യാശേരി മോഡലിനെ കുറിച്ച് മനസിലാക്കാന്‍ അദിത്യനാഥ് ശ്രമിച്ചാല്‍ ഉത്തര്‍പ്രദേശില്‍ അധികാര വികേന്ദ്രീകരണം നടത്തുന്നതിന് അത് സഹായകമാവും. ജാഥയില്‍ നടക്കുന്നതിനൊപ്പം സമീപത്തുള്ള ആശുപത്രികള്‍ സന്ദര്‍ശിച്ചാല്‍ ഗോരഖ്പൂര്‍ ആശുപത്രിയിലെ ശിശുഹത്യയ്ക്ക് നിവാരണം വരുത്താന്‍ എന്തുചെയ്യണമെന്ന് മനസിലാക്കാനും കഴിയും. റോഡിനിരുവശവുമുള്ള വീടുകളിലെല്ലാം കക്കൂസ് ഉണ്ട്. വെളിമ്പ്രദേശത്ത് കാര്യം സാധിക്കേണ്ട ആവശ്യം കേരളത്തിലില്ല എന്ന് മനസിലാക്കാനുള്ള അസുലഭാവസരമാണ് ഈ ജാഥയിലൂടെ യു പി മുഖ്യമന്ത്രിക്ക് കൈവന്നിരിക്കുന്നത്. ആദിത്യനാഥ് മാത്രമല്ല, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരും എംഎല്‍എമാരും ജാഥയില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് പറയുന്നത്. പ്രകൃതി ഭംഗി ആസ്വദിച്ച് അവര്‍ യാത്രചെയ്യട്ടെ. ഇവര്‍ പറയുന്നത് കക്കൂസ് ഉണ്ടാക്കാനാണ് പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചത് എന്നാണല്ലൊ. കേരളത്തില്‍ എല്ലായിടത്തും കക്കൂസ് ഉള്ളതിനാല്‍ ഈ വിലവര്‍ധനയില്‍നിന്ന് ജാഥയ്ക്ക് ശേഷം കേരളത്തെ ഒഴിവാക്കാന്‍ ഇവര്‍ തയ്യാറാവുമോ?
കേന്ദ്രഭരണത്തെ ഉപയോഗിച്ച് സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാനാണ് ആര്‍ എസ് എസ സംഘപരിവാരം ശ്രമിക്കുന്നത്. ഈ നീക്കം വിലപ്പോവില്ല. പിണറായി സര്‍ക്കാരിനെ അസ്ഥിരീകരിക്കാനാണ് അമിത്ഷാ ഉള്‍പ്പെടെയുള്ള ഉന്നത ബിജെപി നേതാക്കളും പല സംസ്ഥാന മുഖ്യമന്ത്രിമാരും കേരളത്തിലേക്ക് വന്നിട്ടുള്ളത്. സംസ്ഥാന ഭരണത്തെ കേന്ദ്രസര്‍ക്കാരും ആര്‍ എസ് എസും തികഞ്ഞ അസഹിഷ്ണുതയോടെയാണ് കാണുന്നത്. ആര്‍ എസ് എസും ബിജെപിയും ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികളെല്ലാം കേരളത്തിനെതിരായ പ്രചാരണമാക്കി മാറ്റുന്നു. കോര്‍പറേറ്റ് മാധ്യമങ്ങളെയും ദേശീയ ചാനലുകളെയും കേരളത്തിനെതിരായ പ്രചാരണത്തിനായി ഉപയോഗിക്കുന്നു. കേരളം ജിഹാദികളുടെ താവളമെന്ന് ആര്‍എസ്എസ് തലവന്‍ ആക്ഷേപിച്ചത് ഇത്തരം പ്രചാരണങ്ങളുടെ ഭാഗമാണ്. കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ലെന്നാണ് ദേശീയതലത്തില്‍ പ്രചാരണം നടത്തുന്നത്. എന്നാല്‍, ഹിന്ദുക്കള്‍ മാത്രമല്ല, ആര്‍ എസ് എസിന്റെ സമുന്നത നേതാക്കള്‍വരെ ഇവിടെ ജീവിക്കുന്നു. കേരളം താമസിക്കാന്‍ കഴിയാത്ത മണ്ണാണെന്ന് ഇപ്പോള്‍ നവതി ആഘോഷിക്കുന്ന പി പരമേശ്വരന്‍ ഉള്‍പ്പെടെയുള്ള ആര്‍ എസ് എസ് നേതാക്കള്‍പോലും ഒരിക്കലും പറഞ്ഞിട്ടില്ല. കേരളത്തിലേക്ക് വരാന്‍ ഭയക്കുന്നുവെന്ന് പറഞ്ഞ് ഭീതി വിതയ്ക്കാനാണ് ബി ജെ പി-ആര്‍ എസ് എസ് നേതാക്കള്‍ ശ്രമിക്കുന്നത്. ഇവിടെ സുരക്ഷിതമായി യാത്രചെയ്യാം. കേരളത്തില്‍ ഒരു രാഷ്ട്രീയപാര്‍ടിക്കും വിലക്കില്ല.
കേരളത്തെക്കുറിച്ച് തെറ്റായ ചിത്രം രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിന് കാരണം ഇവിടെ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ലഭിക്കുന്നു എന്നതാണ്. ന്യൂനപക്ഷ സംരക്ഷണം ഉറപ്പുവരുത്തുകയെന്നത് എല്‍ ഡി എഫിന്റേയും സര്‍ക്കാറിന്റേയും സമീപനമാണ്. അവരുടെ ആരാധനാലയങ്ങളും സംരക്ഷിക്കപ്പെടും. എന്നാല്‍, ഒരുതരത്തിലുള്ള തീവ്രവാദവുമായും സന്ധിചെയ്യില്ല. അത് മതത്തിന്റെ പേരിലായാലും മറ്റെന്തിന്റെ പേരിലായാലും ശക്തമായ നടപടി സ്വീകരിക്കുമെന്നതില്‍ സംശയം വേണ്ട. ക്രമസമാധാന പ്രശ്‌നവും അക്രമവും ഏത് ഭാഗത്തുനിന്ന് ഉണ്ടാക്കിയാലും ഏത് നിറത്തിന്റെ പേരില്‍ ഉണ്ടാക്കിയാലും കേരളം അംഗീകരിക്കില്ല. ഭരണപരമായി മാത്രമല്ല, ജനങ്ങളെ അണിനിരത്തിയും ഇത്തരം നീക്കങ്ങളെ ചെറുക്കുന്ന നാടാണ് കേരളം.
കേരളത്തിലെ ബി ജെ പി നേതാക്കള്‍ അഴിമതിയും കുംഭകോണവും മറ്റ് വിധ്വംസക പ്രവര്‍ത്തനങ്ങളും മൂലം മുഖം വികൃതമായവരാണ്. അതിനാലാണ് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് മന്ത്രിമാരെയും എംഎല്‍എമാരെയും ഉള്‍പ്പെടെ ഇവിടെ എത്തിച്ചിരിക്കുന്നത്. മെഡിക്കല്‍ കുംഭകോണം, ജന്‍ ഔഷധി തട്ടിപ്പ്, സൈനികനിയമന തട്ടിപ്പ് തുടങ്ങിയ അഴിമതിക്കേസുകളില്‍പ്പെ ഇവിടത്തെ നേതാക്കള്‍ക്ക് തലയില്‍ മുണ്ടിടാതെ തെരുവില്‍ നടക്കാന്‍ പറ്റില്ല. അമിത് ഷായുടെയും യോഗി ആദിത്യനാഥിന്റെയും നിഴലില്‍ കേരളത്തില്‍ ഒരു ചലനവുമുണ്ടാക്കാന്‍ സംഘികള്‍ക്ക് സാധിക്കില്ല.
04-Oct-2017
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍