വേങ്ങരയിലെ കാറ്റ്

ഇടതുപക്ഷത്തിന് അനുകൂലമായി മാറിയ കേരളരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയാണ് വേങ്ങര. കേരളം ആരു ഭരിക്കണമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗും പാണക്കാട് തങ്ങളും നിശ്ചയിക്കുമെന്ന ഹുങ്കിന് ലഭിച്ച പ്രഹരംകൂടിയായിരുന്നു 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ്. ആ മാറ്റത്തിന്റെ കാറ്റ് പൂര്‍ണ അളവില്‍ മലപ്പുറത്ത് അന്ന് പ്രതിഫലിച്ചില്ലെങ്കിലും പരമ്പരാഗതമായി മുസ്ളിംലീഗിനെ പിന്തുണച്ചിരുന്ന വോട്ടര്‍മാരില്‍ പ്രകടമായ മാറ്റം ദൃശ്യമായി. കോണ്‍ഗ്രസില്‍നിന്ന് നിലമ്പൂരും ലീഗില്‍നിന്ന് താനൂരും എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിന്റെ പക്കലുണ്ടായിരുന്ന തവനൂരും പൊന്നാനിയും നിലനിര്‍ത്തുകയും ചെയ്തു. ഇന്ത്യയുടെ ബഹുസ്വരത സംരക്ഷിക്കാന്‍, ഫാസിസ്റ്റ് ശക്തികളെ നേരിടാന്‍ അചഞ്ചലമായി പോരാടുന്ന കമ്യൂണിസ്റ്റുകാര്‍ നയിക്കുന്ന എല്‍ഡിഎഫിനോടുള്ള പ്രതിപത്തി മലപ്പുറത്തെ ജനങ്ങളിലും വര്‍ധിക്കുകയാണ്. അതിന്റെ വിളംബരമാകും ഉപതെരഞ്ഞെടുപ്പുഫലം. പ്രാദേശിക വികസനത്തിനും എല്‍ഡിഎഫ് സര്‍ക്കാര്‍ യുഡിഎഫ് സര്‍ക്കാരില്‍നിന്ന് വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ വികസനത്തില്‍ പിന്തള്ളപ്പെട്ടിരുന്ന വേങ്ങരയുടെ പുരോഗതിക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം നടപടി സ്വീകരിച്ചുവരുന്നു. ഇത് പൂര്‍ത്തിയാക്കാന്‍ എല്‍ഡിഎഫ് പ്രതിനിധിയെ വിജയിപ്പിക്കണമെന്ന ചിന്ത ജനങ്ങളില്‍ നല്ല തോതില്‍ വളര്‍ന്നുവരുന്നുണ്ടെന്നാണ് മണ്ഡലത്തില്‍ പര്യടനം നടത്തുന്ന എനിക്ക് ബോധ്യമാകുന്നത്.

ഇടതുപക്ഷത്തിന് അനുകൂലമായി മാറിയ കേരളരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയാണ് വേങ്ങര. കേരളം ആരു ഭരിക്കണമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗും പാണക്കാട് തങ്ങളും നിശ്ചയിക്കുമെന്ന ഹുങ്കിന് ലഭിച്ച പ്രഹരംകൂടിയായിരുന്നു 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ്. ആ മാറ്റത്തിന്റെ കാറ്റ് പൂര്‍ണ അളവില്‍ മലപ്പുറത്ത് അന്ന് പ്രതിഫലിച്ചില്ലെങ്കിലും പരമ്പരാഗതമായി മുസ്ളിംലീഗിനെ പിന്തുണച്ചിരുന്ന വോട്ടര്‍മാരില്‍ പ്രകടമായ മാറ്റം ദൃശ്യമായി. കോണ്‍ഗ്രസില്‍നിന്ന് നിലമ്പൂരും ലീഗില്‍നിന്ന് താനൂരും എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിന്റെ പക്കലുണ്ടായിരുന്ന തവനൂരും പൊന്നാനിയും നിലനിര്‍ത്തുകയും ചെയ്തു. ഇന്ത്യയുടെ ബഹുസ്വരത സംരക്ഷിക്കാന്‍, ഫാസിസ്റ്റ് ശക്തികളെ നേരിടാന്‍ അചഞ്ചലമായി പോരാടുന്ന കമ്യൂണിസ്റ്റുകാര്‍ നയിക്കുന്ന എല്‍ഡിഎഫിനോടുള്ള പ്രതിപത്തി മലപ്പുറത്തെ ജനങ്ങളിലും വര്‍ധിക്കുകയാണ്. അതിന്റെ വിളംബരമാകും ഉപതെരഞ്ഞെടുപ്പുഫലം.

ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അപകടം തിരിച്ചറിയുന്നതിലും ഫാസിസ്റ്റ് ശൈലി സ്വീകരിച്ചിരിക്കുന്ന ബിജെപിയെയും ആര്‍എസ്എസിനെയും ശക്തമായി ചെറുക്കുന്നതിലും കോണ്‍ഗ്രസ് അമ്പേ പരാജയമാണ്. ഹിന്ദുവര്‍ഗീയതയോട് മൃദുലസമീപനം കാട്ടുന്ന കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗും കേരളത്തില്‍ കച്ചവടരാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടു. ഇതിന്റെ ഫലമാണ് ലീഗിനുള്ളില്‍ വേങ്ങരയിലെ സ്ഥാനാര്‍ഥിയെച്ചൊല്ലി പുകയുന്ന  കലാപം.

മുമ്പ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ ടി കെ ഹംസയും നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയെ തോല്‍പ്പിച്ച് കെ ടി ജലീലും ജയിച്ചിരുന്നു. അതുപോലൊരു വിജയം വേങ്ങരയില്‍ എല്‍ഡിഎഫിന് ജനങ്ങള്‍ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് നാട്. ഈ പ്രതീക്ഷയ്ക്ക് വ്യക്തമായ അടിസ്ഥാനമുണ്ട്. വേങ്ങരയില്‍ അമര്‍ത്തുന്ന ബട്ടണില്‍ തെളിയുന്ന ഓരോ വോട്ടിലും എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ നയങ്ങളാണ് മാറ്റുരയ്ക്കുന്നത്.

വേങ്ങരയില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മുഖ്യ ഏറ്റുമുട്ടല്‍. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും തമ്മിലാണ് മുഖ്യപോരാട്ടമെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതുപോലുള്ള നിലപാട് ഞങ്ങള്‍ക്കില്ല. ഈ തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയങ്ങളില്‍ പ്രധാനപ്പെട്ടത് സ്വാതന്ത്യ്രത്തിന്റെ 70-ാംവാര്‍ഷികം പിന്നിടുന്ന ഇന്ത്യയുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ടതാണ്. ബഹുസ്വരതയുള്ള നാടായി ഇന്ത്യ നിലനില്‍ക്കണമോ അതോ ഹിന്ദുത്വരാഷ്ട്രമായി ഇന്ത്യയെ മാറ്റാനുള്ള ആര്‍എസ്എസിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും അക്രമാസക്തമായ യജ്ഞങ്ങള്‍ക്ക് കീഴടങ്ങണമോ എന്നതാണ്. ഇതിനെതിരെ മതനിരപേക്ഷമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഉറച്ച നിലപാട് സ്വീകരിക്കുന്നത് എല്‍ഡിഎഫും പിണറായി വിജയന്‍ നയിക്കുന്ന കേരള സര്‍ക്കാരുമാണ്. ഇതുകൊണ്ടാണ് ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് ചേര്‍ന്നാലും ആര്‍എസ്എസിന്റെ ശിബിരമോ വിജയദശമി ചടങ്ങോ നടന്നാലും ആര്‍എസ്എസ് തലവനും പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷനുമെല്ലാം വാതുറക്കുമ്പോള്‍ കേരളത്തെയും കമ്യൂണിസ്റ്റുകാരെയും കേരള സര്‍ക്കാരിനെയും കടന്നാക്രമിക്കുന്നത്.

മതന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണവും അവരുടെ ആരാധനാലയങ്ങള്‍ക്ക് സുരക്ഷിതത്വവും കേരളത്തില്‍ ലഭിക്കുന്നുണ്ട്. ന്യൂനപക്ഷസംരക്ഷണം ഉറപ്പുവരുത്തുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാരും കമ്യൂണിസ്റ്റുകാരും ബദ്ധശ്രദ്ധരാണ്. പക്ഷേ, തീവ്രവാദത്തിന്റെ പേരിലുള്ള ക്രമസമാധാനപ്രശ്നങ്ങളും അക്രമങ്ങളും ഏതു ഭാഗത്തുനിന്ന് വന്നാലും അതില്‍ കാവിയെന്നോ മറ്റേതെങ്കിലും നിറമെന്നോ നോക്കാതെ എല്‍ഡിഎഫും അതിന്റെ സര്‍ക്കാരും നടപടിയും നിലപാടും സ്വീകരിക്കുന്നുണ്ട്. ഇതെല്ലാം വിസ്മരിച്ചാണ് ചുവപ്പിന്റെയും ജിഹാദികളുടെയും ഭീകരതാവളമാണ് കേരളമെന്ന മുദ്രാവാക്യമുയര്‍ത്തി കേരളത്തില്‍ ജനരക്ഷായാത്ര കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ പുറപ്പെട്ടിരിക്കുന്നത്.

ജാഥ പയ്യന്നൂരില്‍ ഉദ്ഘാടനം ചെയ്ത ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രകോപനപരമായ പ്രഖ്യാപനങ്ങളും അഭിപ്രായപ്രകടനങ്ങളും ജനാധിപത്യത്തിന്റെ എല്ലാ സീമകളെയും അതിലംഘിക്കുന്നതാണ്. കേരളത്തില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെല്ലാം ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും സിപിഐ എം കൊലപാതക രാഷ്ട്രീയം നടത്തുകയാണെന്നുമുള്ള അമിത് ഷായുടെ അഭിപ്രായം ആടിനെ പട്ടിയാക്കലാണ്. അക്രമരാഷ്ട്രീയത്തിന്റെ നേര്‍രൂപമാണ് സംഘപരിവാര്‍. അത് മറച്ചുവച്ച് പൊട്ടന്‍കളി നടത്തുകയാണ് അമിത് ഷാ. സിപിഐ എം അക്രമം എന്ന വ്യാജക്കഥയുടെ പേരില്‍ ദേശവ്യാപകമായി പ്രക്ഷോഭവും ഡല്‍ഹിയില്‍ സിപിഐ എം ഓഫീസിനുമുന്നിലേക്ക് മാര്‍ച്ചും നടത്താനുള്ള ബിജെപി ദേശീയ അധ്യക്ഷന്റെ ആഹ്വാനം സമാധാനജീവിതത്തിന് ഭീഷണിയാണ്. ഇത്തരം ഒരു കോലാഹലം സൃഷ്ടിക്കാന്‍ ബിജെപി ദേശീയ എക്സിക്യൂട്ടീവ് ചേര്‍ന്നപ്പോള്‍ പ്രധാനമന്ത്രിതന്നെ നിര്‍ദേശിച്ചിരുന്നു.

മൂന്നുവര്‍ഷത്തെ ഭരണംകൊണ്ട് സാധാരണജനങ്ങള്‍ക്കും ഇടത്തരക്കാര്‍ക്കും നല്ല ദിനങ്ങള്‍ പ്രദാനംചെയ്യാന്‍ മോഡിഭരണത്തിന് കഴിഞ്ഞിട്ടില്ല. രാജ്യം സാമ്പത്തികമായി ആപല്‍ക്കരമായ പതനത്തിലെത്തിയെന്ന തിരിച്ചറിവ് ബിജെപിക്കുള്ളില്‍നിന്നുതന്നെ നിലവിളികളായി പുറത്തുവരികയാണ്. സാമ്പത്തികമാന്ദ്യത്തെ ആസ്പദമാക്കി ബിജെപിയില്‍ നടക്കുന്ന കലാപം അതിന്റെ ഭാഗമാണ്. നോട്ട് റദ്ദാക്കലും ജിഎസ്ടിയുമെല്ലാം ജനദ്രോഹമായി എന്നാണ് ബിജെപിനേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹ തുറന്നടിച്ചത്.

മോഡിസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പെട്രോള്‍- ഡീസല്‍ വില 16 തവണയാണ് വര്‍ധിപ്പിച്ചത്. അന്താരാഷ്ട്രതലത്തില്‍ ക്രൂഡോയില്‍വില ഇടിയുമ്പോഴും ഇന്ത്യയില്‍ എണ്ണവില കൂടുകയാണ്. ഇതിനെതിരെ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ കയറ്റുന്നതിനുപകരം യുഡിഎഫിന്റെയും മുസ്ളിംലീഗിന്റെയും നേതാക്കള്‍ വേങ്ങരയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയാണ് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന നികുതിയാണ് വിലവര്‍ധനയ്ക്ക് കാരണമെന്ന ധാരണയാണ് ഇതുവഴി പരത്തുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ഒരു സംസ്ഥാനവും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി വര്‍ധിപ്പിച്ചിട്ടില്ല. എന്നാല്‍, മോഡിസര്‍ക്കാര്‍ 16 തവണ സെന്‍ട്രല്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചു. ഇതുവഴി കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് പിഴിഞ്ഞെടുത്തത് 2.73 ലക്ഷം കോടി രൂപയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് സംസ്ഥാനങ്ങളില്‍ വില്‍പ്പനനികുതിയുണ്ടെന്നത് യാഥാര്‍ഥ്യമാണ്. മറ്റെല്ലാ ഉല്‍പ്പന്നങ്ങളെയുംപോലെ വിപണനവിലയ്ക്കുമേല്‍ ശതമാനനിരക്കിലാണ് നികുതി. സ്വാഭാവികമായും കേന്ദ്രം വില കൂട്ടുമ്പോള്‍ സംസ്ഥാനനികുതിയും കൂടും. കേന്ദ്രം നികുതി കുറച്ചാല്‍ സംസ്ഥാനനികുതിയും കുറയും. അതുകൊണ്ട് കേന്ദ്രം വില കുറച്ചാല്‍ സംസ്ഥാനങ്ങളിലെ നികുതിയും താനേ കുറയും. 

പാചകവാതകവിലയും മനുഷ്യത്വരഹിതമായി കുത്തനെ ഉയര്‍ത്തുകയാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ പത്തുതവണയാണ് വില വര്‍ധിപ്പിച്ചത്. ഇപ്പോള്‍ വീടുകളിലെ പാചകവാതകത്തിന് സിലിണ്ടറിന് 49 രൂപയാണ് കൂട്ടിയത്. എണ്ണവിലയും പാചകവാതകവിലയും കൂട്ടുന്നത് ധനികരില്‍നിന്ന് പണം കേന്ദ്ര സര്‍ക്കാരിലെത്തി പാവപ്പെട്ടവര്‍ക്ക് കക്കൂസും മറ്റും നിര്‍മിച്ചുകൊടുക്കുന്നതിനുള്ള ജനോപകാരപ്രദമായ പരിപാടിയാണെന്നാണ് പുതിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അഭിപ്രായപ്പെട്ടത്. ഈ വിലവര്‍ധനയുടെ മുഖ്യ ഗുണഭോക്താക്കള്‍ അംബാനിമാരാണ്. പാചകവാതകം ഉപയോഗിക്കുന്നതും സ്കൂട്ടറും ബൈക്കുകളും ഓടിക്കുന്നതുമെല്ലാം കുത്തകമുതലാളിമാരാണോ?

ബിജെപിഭരണം കേരളത്തിനും കേരളീയര്‍ക്കും ദേശവ്യാപകമായി ഭീഷണിയായിരിക്കുകയാണ്. സ്ത്രീസുരക്ഷ ബിജെപി ഭരിക്കുന്നിടങ്ങളിലെല്ലാം അപകടത്തിലായി. അതിന്റെ സംസാരിക്കുന്ന തെളിവുകളാണ് രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന വാര്‍ത്തകള്‍. രാജസ്ഥാനിലെ ബിക്കാനീറില്‍ സ്വന്തം സ്ഥലം കാണാന്‍ ചെന്ന ഡല്‍ഹിയില്‍ താമസിക്കുന്ന ഒരു മലയാളിവീട്ടമ്മയെ 23 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. പുണെയില്‍ താമസിച്ചിരുന്ന വീട്ടമ്മയെ ഫ്ളാറ്റില്‍ ദാരുണമായി കൊലപ്പെടുത്തി. കൊലയാളികളെ ഇതുവരെ പിടികൂടിയിട്ടില്ല. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന ഈ സര്‍ക്കാരുകള്‍ ക്രമസമാധാനപാലനത്തില്‍ വന്‍ പരാജയമാണ്.

ബിജെപിയുടെ അഴിമതിരഹിതഭരണമെന്ന അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളുടെയും ഭരണങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടുകളും കേരളത്തിലെ ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് കോഴ ഉള്‍പ്പെടെയുള്ള കുംഭകോണങ്ങളും. ഇങ്ങനെയെല്ലാം പ്രതിച്ഛായ നഷ്ടപ്പെടുന്ന ബിജെപിയും ആര്‍എസ്എസും മറയില്ലാത്തവിധം അമിതാധികാരപ്രവണത കാട്ടുകയാണ്. ഇതിന് ഉത്തമ ദൃഷ്ടാന്തമാണ് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ഇന്ത്യയിലെ പ്രധാന പൊതുമേഖല സ്ഥാപനമേധാവികളെയും ജെഎന്‍യു, ദില്ലി തുടങ്ങിയ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെയും കൂടിക്കാഴ്ചയ്ക്ക് വിളിച്ചിരിക്കുത്തിലൂടെ വെളിച്ചത്ത് വരുന്നത്.

ഗോവധനിരോധനത്തിന്റെ മറവില്‍ മുസ്ളിങ്ങളെയും ദളിതരെയും മോഡിഭരണ തണലില്‍ സംഘപരിവാര്‍ വ്യാപകമായി വേട്ടയാടുകയും കെട്ടിത്തൂക്കുകയും ചെയ്യുകയാണ്. രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളോട് കേന്ദ്രം തികഞ്ഞ മനുഷ്യത്വരാഹിത്യം കാട്ടുകയാണ്. ഇത്തരം കാട്ടാളത്തങ്ങളെ പാര്‍ലമെന്റിന് അകത്തും പുറത്തും ധീരതയോടെ ചോദ്യംചെയ്യുന്നത് കമ്യൂണിസ്റ്റുകാരാണ്. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന കാവിസംഘത്തിനെതിരെ നെഞ്ചുറപ്പുള്ള നിലപാട് സ്വീകരിക്കാത്ത കോണ്‍ഗ്രസും ആ കക്ഷിയുമായി സഖ്യത്തില്‍ കഴിയുന്ന മുസ്ളിംലീഗും, ന്യൂനപക്ഷവിഭാഗങ്ങളുടെ അടക്കം വിശ്വാസത്തകര്‍ച്ച നേരിടുകയാണ്. അതിന്റെ പ്രതിഫലനമാകും വേങ്ങര.

പതിനാറുമാസം പിന്നിടുന്ന എല്‍ഡിഎഫ് ഭരണം കേരളത്തിന് നാഥനുള്ള ഒരു ഭരണമുണ്ടെന്ന് തെളിയിച്ചു. വികസന- ക്ഷേമ പന്ഥാവുകള്‍ വിപുലമാക്കുന്നതില്‍ റെക്കോഡാണ്. രാജ്യത്തിന്റെ പൊതുസ്ഥിതിയില്‍നിന്ന് വ്യത്യസ്തമായി ന്യൂനപക്ഷങ്ങള്‍ക്ക് ഭയംകൂടാതെ സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്ന സംസ്ഥാനമായി നമ്മുടേത്. മലപ്പുറം ജില്ലാ രൂപീകരണം, കോഴിക്കോട് സര്‍വകലാശാല സ്ഥാപിക്കല്‍, പള്ളി പണിയുന്നതിനുള്ള വിലക്ക് നീക്കല്‍, അലിഗഡ് സര്‍വകലാശാലയുടെ ഓഫ് ക്യാമ്പസ് മലപ്പുറത്ത് സ്ഥാപിക്കല്‍, മുസ്ളിങ്ങള്‍ക്ക് നിയമനം ലഭിക്കാന്‍ പബ്ളിക് സര്‍വീസ് കമീഷനില്‍ വ്യവസ്ഥചെയ്യല്‍- ഇതെല്ലാം വിവിധ കാലങ്ങളിലെ കമ്യൂണിസ്റ്റ് നേതൃസര്‍ക്കാരുകളുടെ സംഭാവനകളാണ്. പ്രവാസിക്ഷേമത്തിനും പിണറായി സര്‍ക്കാര്‍ മുന്നിലാണ്. ഷാര്‍ജ സുല്‍ത്താന്റെ കേരള സന്ദര്‍ശനത്തെതുടര്‍ന്ന് 149 ഇന്ത്യക്കാര്‍ ജയിലില്‍നിന്ന് മോചിതമായപ്പോള്‍ നയതന്ത്രത്തില്‍ മോഡിസര്‍ക്കാരിന് ആര്‍ജിക്കാന്‍ കഴിയാത്ത നേട്ടം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമായ, എന്നാല്‍ അഭിമാനമുള്ള ജനങ്ങളുടെ മണ്ണായ കേരളത്തിലെ സര്‍ക്കാര്‍ നേടി. ഇതിലെല്ലാമുള്ള അസഹിഷ്ണുതയാണ് മോഹന്‍ ഭാഗവതും അമിത് ഷായുമെല്ലാം പ്രകടിപ്പിക്കുന്നത്.

പ്രാദേശിക വികസനത്തിനും എല്‍ഡിഎഫ് സര്‍ക്കാര്‍ യുഡിഎഫ് സര്‍ക്കാരില്‍നിന്ന് വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ വികസനത്തില്‍ പിന്തള്ളപ്പെട്ടിരുന്ന വേങ്ങരയുടെ പുരോഗതിക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം നടപടി സ്വീകരിച്ചുവരുന്നു. ഇത് പൂര്‍ത്തിയാക്കാന്‍ എല്‍ഡിഎഫ് പ്രതിനിധിയെ വിജയിപ്പിക്കണമെന്ന ചിന്ത ജനങ്ങളില്‍ നല്ല തോതില്‍ വളര്‍ന്നുവരുന്നുണ്ടെന്നാണ് മണ്ഡലത്തില്‍ പര്യടനം നടത്തുന്ന എനിക്ക് ബോധ്യമാകുന്നത്.

06-Oct-2017

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More