നഗ്നമായ യു ഡി എഫ്

സോളാര്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ടോടെ യുഡിഎഫിന്റെ പ്രതിച്ഛായ കൂടുതല്‍ തകര്‍ന്നു. കളങ്കിതരെ കോണ്‍ഗ്രസ് നേതൃപദവിയില്‍ തുടരാന്‍ അനുവദിക്കരുതെന്ന നിലപാടില്‍ വി എം സുധീരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉറച്ചുനില്‍ക്കുമോയെന്ന് വരുംദിനങ്ങള്‍ ബോധ്യപ്പെടുത്തും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്ക'ത്തിന് സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ച ദിവസം അവധി നല്‍കി. സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ ഇനിയും 'പടയൊരുക്ക' ജാഥ, ഇങ്ങനെ അപമാനം സഹിച്ച് തുടരണമോയെന്ന് യുഡിഎഫ് ആലോചിക്കട്ടെ. കളങ്കിതര്‍ക്ക് ജാഥയില്‍ പ്രവേശനം നല്‍കില്ലെന്ന കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്റെ പ്രഖ്യാപനം ചെന്നിത്തല സ്വീകരിക്കുമോ അതോ ചവറ്റുകൊട്ടയില്‍ തള്ളുമോ? സോളാര്‍ ജുഡീഷ്യല്‍ കമീഷന്റെ കണ്ടെത്തലുകള്‍ ഗൌരവമുള്ളതും ദൂരവ്യാപകഫലങ്ങള്‍ ഉളവാക്കുന്നതുമാണ്. ഇതേപ്പറ്റി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എന്ത് നിലപാടെടുക്കുമെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്.

സോളാര്‍ കേസിലെ വസ്തുതകള്‍ പുറത്തുവന്നതോടെ അപമാനഭാരത്താല്‍ കേരളത്തിന്റെ ശിരസ്സ് പാതാളത്തോളം താണു. ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വ്യാഴാഴ്ച സമര്‍പ്പിച്ചതോടെ, യുഡിഎഫ് ഭരണം എത്രമാത്രം അഴിമതി നിറഞ്ഞതും സദാചാരവിരുദ്ധവുമായിരുന്നുവെന്നതിന്റെ ഞെട്ടിക്കുന്ന വസ്തുതകളാണ് പുറത്തുവന്നത്. 

മുഖ്യമന്ത്രി, മന്ത്രി, എംഎല്‍എ തുടങ്ങിയ പദവികള്‍ അഴിമതിയും അപഥസഞ്ചാരവും നടത്താനുള്ളതാണെന്നും അതിന്റെ തെളിവുകള്‍ ഭരണം ഉപയോഗിച്ച് മായ്ച്ചുകളയാമെന്നും കരുതിയ യുഡിഎഫ് പ്രമുഖര്‍ ഇന്ന് പ്രതിക്കൂട്ടിലായി. സോളാര്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുകയും എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍നടപടി തീരുമാനം അറിയിക്കുകയും ചെയ്തതോടെ തെറ്റുചെയ്തവര്‍ നിയമത്തിനുമുന്നില്‍ അകപ്പെട്ടിരിക്കുകയാണ്. അഴിമതിക്കും അപഥസഞ്ചാരത്തിനും ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള മുന്‍ ഭരണക്കാരെ കൈയോടെ പിടികൂടി. എന്ത് അപമാനം നാടിന് വരുത്തിവച്ചാലും വേണ്ടില്ല, ഞങ്ങളിനിയും പൊതുരംഗത്തുണ്ടാകുമെന്നും വഹിക്കുന്ന പൊതുസ്ഥാനങ്ങളില്‍ തുടരുമെന്നുമാണ് ഇവരുടെ നിലപാട്. ഇക്കാര്യത്തില്‍ അവര്‍ ഉള്‍പ്പെടുന്ന പാര്‍ടിയിലെയും മുന്നണിയിലെയും വിവിധ ഘടകങ്ങളും നേതാക്കളും എന്ത് നിലപാടെടുക്കുമെന്നത് നാട് ഉറ്റുനോക്കുന്നുണ്ട്.

ലോക്പാല്‍ ബില്‍മുതല്‍ അഴിമതി നിരോധനനിയമംവരെയുള്ളവയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്, മന്ത്രിയോ മറ്റേതെങ്കിലും പൊതുസേവകനോ (പബ്ളിക് സര്‍വന്റ്) അവരുടെ ഏതെങ്കിലും പ്രവൃത്തിമൂലമോ അഥവാ അവര്‍ പ്രവൃത്തിക്കാതിരിക്കുന്നതുമൂലമോ ഏതെങ്കിലും പൌരന് സങ്കടമോ പരാതിയോ ഉണ്ടായാല്‍ അത് അന്വേഷണ വിധേയമാക്കണമെന്നാണ്. അഴിമതി, അപഥസഞ്ചാരം തുടങ്ങിയവയെല്ലാം പ്രവൃത്തിദൂഷ്യമാണ്. അത്തരം വിഷയങ്ങളില്‍ പൊതുജനതാല്‍പ്പര്യം സംരക്ഷിക്കപ്പെടണം. അതിനുവേണ്ടിയാണ് സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് നിയമസഭയ്ക്കകത്തും പുറത്തും ഇടതുപക്ഷ ജനാധിപത്യമുന്നണി ഐതിഹാസികപോരാട്ടം നടത്തിയത്. അന്ന് പ്രതിപക്ഷം നിയമസഭയില്‍ സബ്മിഷനിലൂടെ സോളാര്‍ വിഷയം ആദ്യം അവതരിപ്പിച്ചു. സോളാര്‍ തട്ടിപ്പ് കൈരളി ടിവിയാണ് പുറത്തുകൊണ്ടുവന്നത്. സോളാര്‍ പ്രതി സരിത എസ് നായര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള കാര്യം കൈരളി റിപ്പോര്‍ട്ട് ചെയ്തു. സരിതയുടെ ഫോണ്‍കോള്‍ ലിസ്റ്റ് കേസന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ പരിശോധിച്ചപ്പോള്‍ അക്കാര്യം ബോധ്യമായി. അതേപ്പറ്റി പ്രതിപക്ഷം നിയമസഭയില്‍ വിവരിച്ചു. സരിതയുടെ ഫോണില്‍ തെളിഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസിലെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ടവരുടെ മൊബൈല്‍ നമ്പരും ഓഫീസ് ഫോണ്‍ നമ്പരും അടക്കമുള്ളവയുടെ കാര്യം അന്ന് പ്രതിപക്ഷ ഉപനേതാവായിരുന്ന ഞാന്‍ ചൂണ്ടിക്കാട്ടി. ഈ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളില്‍ ചിലരുടെ മൊബൈല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഉപയോഗിക്കാറുണ്ടെന്നതും വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റെ സബ്മിഷനെതുടര്‍ന്ന് ഉമ്മന്‍ചാണ്ടി അന്ന് സ്വീകരിച്ചത് ഏറെ വിചിത്രമായ നടപടിയാണ്. സരിതയെയും ഉമ്മന്‍ചാണ്ടിയെയും ബന്ധിപ്പിക്കുന്ന തെളിവ് കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ആ പൊലീസ് ഉദ്യോഗസ്ഥന്‍ എനിക്ക് വിവരങ്ങള്‍ കൈമാറിയെന്ന അനുമാനത്തിന്റെ പേരിലായിരുന്നു ശിക്ഷ. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് ആ പൊലീസ് ഉദ്യോഗസ്ഥനെ തിരികെ സര്‍വീസില്‍ പ്രവേശിപ്പിച്ചത്.

ഏത് കേസ് തനിക്കെതിരെ വന്നാലും അതിനെ ഭരണ- ഭരണേതര സംവിധാനം ഉപയോഗപ്പെടുത്തി അട്ടിമറിക്കുകയെന്നത് ഉമ്മന്‍ചാണ്ടി പയറ്റിയ ശൈലിയായിരുന്നു. അത് ചില ഘട്ടങ്ങളില്‍ വിജയിച്ചിട്ടുണ്ട്. കെ കരുണാകരന്റെ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് പാമൊലിന്‍ കേസില്‍ പങ്കുള്ളതിനാല്‍ പ്രതിചേര്‍ക്കണമോയെന്ന നിയമപരിശോധന വന്നപ്പോള്‍വേണ്ടെന്ന് വിജിലന്‍സിനെക്കൊണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദവി ഉപയോഗിച്ചാണ്.

എന്നാല്‍,വിജിലന്‍സിന്റെ ആ റിപ്പോര്‍ട്ട് കോടതി തള്ളുകയും തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ആ ഘട്ടത്തില്‍ ആ ജഡ്ജിക്കെതിരെ ചില ജനപ്രതിനിധികളെ ഇറക്കി അസഭ്യം വിളിച്ചുപറയിച്ച് കേസ് അട്ടിമറിച്ചത് ഇപ്പോള്‍ ഓര്‍മിക്കേണ്ട കാര്യമാണ്. ഇത്തരം സമീപനം സോളാര്‍ ജുഡീഷ്യല്‍ കമീഷന്റെ നേരെയും ഉണ്ടായി. എന്നാല്‍, അതിനെ തരണം ചെയ്യാനുള്ള ആര്‍ജവം ജസ്റ്റിസ് ശിവരാജന്‍ കമീഷന്‍ കാണിച്ചു. അതിനാവശ്യമായ ബഹുജനാഭിപ്രായ രൂപീകരണത്തിന് നേതൃത്വം നല്‍കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞുവെന്നത് പ്രധാന രാഷ്ട്രീയനേട്ടമാണ്.

ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭ തീരുമാനിച്ച ജുഡീഷ്യല്‍ കമീഷനാണ് ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും അഴിമതിയും അപഥസഞ്ചാരവും അക്കമിട്ട് നിരത്തിയത്. അതിലൂടെ എല്‍ഡിഎഫ് ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ പൊള്ളയായിരുന്നില്ലെന്നും നടത്തിയ ത്യാഗോജ്വല പ്രക്ഷോഭങ്ങള്‍ നിരര്‍ഥകമായിരുന്നില്ലെന്നും വ്യക്തമാകുന്നു. ജസ്റ്റിസ് ശിവരാജന്‍ കമീഷന്‍ ഉമ്മന്‍ചാണ്ടിയുടെ സദ്ബുദ്ധിയില്‍ ഉദിച്ച അന്വേഷണസംവിധാനമല്ല. എല്‍ഡിഎഫ് പ്രക്ഷോഭത്തിന്റെ ചൂടേറ്റ്, നില്‍ക്കക്കള്ളിയില്ലാതെ യുഡിഎഫ് സര്‍ക്കാര്‍ കമീഷനെ നിയമിക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ രാജിക്കുവേണ്ടി കേരളം ഉറങ്ങാതെ സമരം നടത്തി. സമരത്തില്‍ പങ്കെടുത്തതിന് പൊലീസിന്റെ ലാത്തിയടിയും ഗ്രനേഡ് ആക്രമണവും ലോക്കപ്പുമര്‍ദനവും കള്ളക്കേസും നൂറുകണക്കിന് പ്രവര്‍ത്തകര്‍ നേരിടേണ്ടിവന്നു. മര്‍ദനവാഴ്ചയ്ക്കുമുന്നില്‍ കേരളം തലകുനിച്ചില്ല. ലക്ഷങ്ങള്‍ പങ്കെടുത്ത് സെക്രട്ടറിയറ്റ് വളയല്‍ സമരം നടത്തി. ലോകത്തിന്റെതന്നെ കണ്ണുകള്‍ സമരത്തിലേക്ക് കേന്ദ്രീകരിച്ചു. സമരത്തിന്റെ തീക്ഷ്ണ അന്തരീക്ഷത്തിലാണ് ജുഡീഷ്യല്‍ അന്വേഷണ കമീഷനെ നിയമിക്കാമെന്ന് ഉമ്മന്‍ചാണ്ടി പരസ്യമായി അറിയിച്ചത്. തുടര്‍ന്നാണ് സെക്രട്ടറിയറ്റ് വളയല്‍സമരം പിന്‍വലിച്ചത്.

എന്നാല്‍, സമരം പിന്‍വലിച്ചപ്പോള്‍ യുഡിഎഫ് സര്‍ക്കാരുമായുള്ള എല്‍ഡിഎഫിന്റെ ഒത്തുകളിയെന്ന ആക്ഷേപം ഞങ്ങള്‍ക്കെതിരെ പല കേന്ദ്രങ്ങളില്‍നിന്നും ഉയര്‍ന്നു. വലതുപക്ഷക്കാരും ഇടതുപക്ഷ അരാജകവാദികളും മാത്രമല്ല, ഒരു വിഭാഗം മാധ്യമങ്ങളും അതില്‍ പങ്കാളികളായി. അത്തരം ആക്ഷേപങ്ങള്‍ എത്രമാത്രം ഭോഷ്കായിരുന്നുവെന്ന് സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടും സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന അനന്തര നടപടികളും ബോധ്യമാക്കുന്നു. പിന്നീട്, ജുഡീഷ്യല്‍ കമീഷന്റെ അന്വേഷണപരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഒഴിവാക്കാനുള്ള ശ്രമം മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി നടത്തി. അതിനെതിരെ ശക്തിയായി എല്‍ഡിഎഫ് രംഗത്തുവന്നു. ജുഡീഷ്യല്‍ കമീഷനില്‍ എല്‍ഡിഎഫ് കക്ഷിചേരാനില്ലെന്ന് നിശ്ചയിച്ചു. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസും നിയമസഭയ്ക്കകത്തും പുറത്തും വന്ന ആക്ഷേപങ്ങളും അന്വേഷണപരിധിയില്‍ വരുമെന്ന് ജുഡീഷ്യല്‍ കമീഷന്‍തന്നെ വ്യക്തമാക്കി. അതേത്തുടര്‍ന്നാണ് സിപിഐ എമ്മിന്റെയും എല്‍ഡിഎഫിന്റെയും നേതാക്കള്‍ ഉള്‍പ്പെടെ കമീഷന്‍ മുമ്പാകെ മൊഴിനല്‍കിയത്. കേസില്‍ ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ കക്ഷിചേരുകയും കമീഷന്റെ അന്വേഷണ പ്രക്രിയയില്‍ സജീവമായി ഇടപെടുകയും ചെയ്തു. ലോയേഴ്സ് യൂണിയന്റെ പ്രതിബദ്ധതയോടെയുള്ള നിയമപരമായ ഇടപെടലുകള്‍ പ്രശംസാര്‍ഹമാണ്.

സോളാര്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ടോടെ യുഡിഎഫിന്റെ പ്രതിച്ഛായ കൂടുതല്‍ തകര്‍ന്നു. കളങ്കിതരെ കോണ്‍ഗ്രസ് നേതൃപദവിയില്‍ തുടരാന്‍ അനുവദിക്കരുതെന്ന നിലപാടില്‍ വി എം സുധീരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉറച്ചുനില്‍ക്കുമോയെന്ന് വരുംദിനങ്ങള്‍ ബോധ്യപ്പെടുത്തും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്ക'ത്തിന് സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ച ദിവസം അവധി നല്‍കി. സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ ഇനിയും 'പടയൊരുക്ക' ജാഥ, ഇങ്ങനെ അപമാനം സഹിച്ച് തുടരണമോയെന്ന് യുഡിഎഫ് ആലോചിക്കട്ടെ. കളങ്കിതര്‍ക്ക് ജാഥയില്‍ പ്രവേശനം നല്‍കില്ലെന്ന കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്റെ പ്രഖ്യാപനം ചെന്നിത്തല സ്വീകരിക്കുമോ അതോ ചവറ്റുകൊട്ടയില്‍ തള്ളുമോ? സോളാര്‍ ജുഡീഷ്യല്‍ കമീഷന്റെ കണ്ടെത്തലുകള്‍ ഗൌരവമുള്ളതും ദൂരവ്യാപകഫലങ്ങള്‍ ഉളവാക്കുന്നതുമാണ്. ഇതേപ്പറ്റി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എന്ത് നിലപാടെടുക്കുമെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്.

ഭരണം അഴിമതിക്ക് എന്നതാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയം. അത് സമീപകാല സംഭവങ്ങള്‍ വിളിച്ചറിയിക്കുന്നു. മുമ്പ് ജെയിന്‍ ഡയറി പുറത്തുവന്നപ്പോള്‍ അതില്‍ കോണ്‍ഗ്രസ്- ബിജെപി നേതാക്കളുടെ പേരുകളായിരുന്നു. ഇപ്പോള്‍ പാരഡൈസ് പേപ്പേഴ്സ് (പറുദീസ രേഖകള്‍) പുറത്തുവിട്ട കരിമ്പണക്കാരുടെ പട്ടികയില്‍ കോണ്‍ഗ്രസ്- ബിജെപി നേതാക്കളുടെയും മക്കളുടെയും പേരുകള്‍ ഇടംപിടിച്ചു. നികുതി തീരെയില്ലാത്തതോ കുറച്ചുമാത്രമുള്ളതോ ആയ രാജ്യങ്ങളില്‍ രഹസ്യനിക്ഷേപങ്ങള്‍ നടത്തിയതിന്റെ വിവരങ്ങള്‍ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്സാ (ഐസിഐജെ)ണ് പുറത്തുവിട്ടത്. പറുദീസ രേഖയില്‍ വെളിച്ചത്ത് വന്നവരില്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയും കേന്ദ്രമന്ത്രിമാരായിരുന്ന കോണ്‍ഗ്രസ് നേതാക്കളുടെ മക്കളുമെല്ലാം ഉള്‍പ്പെടുന്നു. ഇങ്ങനെ ഭരണത്തെ അഴിമതി നടത്താനുള്ള ഉപകരണമാക്കിമാറ്റുന്ന ശൈലിയുടെ മറ്റൊരു തെളിവാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന സോളാര്‍ അഴിമതിക്കേസ്. ഈ കേസന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്റെ റിപ്പോര്‍ട്ടില്‍ കാലതാമസം കൂടാതെ നടപടിയെടുക്കാന്‍ തീരുമാനിക്കുകയും ജുഡീഷ്യല്‍ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കാനായി പ്രത്യേക സഭാസമ്മേളനംതന്നെ വിളിച്ചുചേര്‍ക്കുകയും ചെയ്ത പിണറായി വിജയന്‍ സര്‍ക്കാരിന്റെ നടപടി ശ്ളാഘനീയമാണ്. അഴിമതിവിരുദ്ധ പോരാട്ടത്തെ ശക്തിപ്പെടുത്തുന്ന കരുത്തുറ്റ ചുവടുവയ്പാണ്. 

10-Nov-2017

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More