ഈ നിലപാട് യു ഡി എഫിനെ രക്ഷിക്കാനുതകും
കോടിയേരി ബാലകൃഷ്ണന്
യു ഡി എഫ് ഭരണകാലത്ത് നടത്തിയ അഴിമതികളും അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് യു ഡി എഫ് തന്നെ നിയമിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടുകൂടി മുഖം വികൃതമായ യു ഡി എഫിനെ രക്ഷപ്പെടുത്താന്‍ കുറച്ചുദിവസമായി യു ഡി എഫ് നേതൃത്വത്തില്‍ നടന്നുവരുന്ന ശ്രമങ്ങള്‍ക്ക് കരുത്ത് പകരാനാണ് സി പി ഐയുടെ ഇപ്പോഴത്തെ നടപടി സഹായകരമായിട്ടുള്ളത്. |
നവംബര്‍ പതിനഞ്ചിന്റെ മന്ത്രിസഭാ യോഗത്തില്‍ നിന്നും സി പി ഐ പ്രതിനിധികള്‍ വിട്ടുനിന്ന നടപടി അസാധാരണവും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമായിരുന്നു. അസാധാരണ സാഹചര്യം ഉണ്ടായതുകൊണ്ടാണ് തങ്ങള്‍ അസാധാരണ നടപടികള്‍ സ്വീകരിച്ചതെന്ന നിലപാടാണ് സി പി ഐ സംസ്ഥാന സെക്രട്ടറി ഇതിനെ ന്യായീകരിച്ചുകൊണ്ട് നിലപാട് സ്വീകരിച്ചിട്ടുള്ളത്. മുന്നണി സംവിധാനത്തില്‍ ഇത്തരം നിലപാടാണോ സ്വീകരിക്കേണ്ടതെന്ന് സി പി ഐ നേതൃത്വം ആലോചിക്കണം. വ്യത്യസ്‌ത അഭിപ്രായങ്ങളുള്ള വിവിധ കക്ഷികള്‍ ഉള്‍ക്കൊള്ളുന്ന മുന്നണിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി എങ്കിലും നയപരമായ യോജിപ്പും പ്രവര്‍ത്തന ഐക്യവുമാണ് എല്‍ ഡി എഫിന്റെ പ്രധാനപ്പെട്ട കരുത്ത്. വ്യത്യസ്‌ത അഭിപ്രായമുണ്ടായാല്‍ പാര്‍ടികള്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകളും മുന്നണിയ്‌ക്കകത്ത് ചര്‍ച്ചകളും നടത്തി പരിഹരിക്കുന്ന രീതിയാണ് എല്‍ ഡി എഫ് സ്വീകരിച്ചുവരുന്നത്.
തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍ എല്‍ ഡി എഫ് സംസ്ഥാനകമ്മിറ്റി ചര്‍ച്ച ചെയ്‌ത് തീരുമാനിച്ചത്, അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം പരിശോധിച്ച് മുഖ്യമന്ത്രി തീരുമാനം എടുക്കണം എന്നായിരുന്നു. നവംബര്‍ പന്ത്രണ്ടിന് ചേര്‍ന്ന എല്‍ ഡി എഫ് യോഗമാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി തീരുമാനത്തിലെത്താന്‍ ശ്രമം നടക്കുന്നതിനിടയില്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനിന്ന നടപടി അനുചിതമാണ്.
ശത്രുപക്ഷത്തുള്ളവര്‍ക്ക് ആഹ്ലാദിക്കാന്‍ മാത്രമേ ഈ നടപടി സഹായകമായിട്ടുള്ളൂ.
നവംബര്‍ പതിനാലിന് ഹൈക്കോടതിയില്‍ നിന്ന് തോമസ് ചാണ്ടിയുടെ അപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പതിനാലിന് വൈകുന്നേരം തന്നെ മുഖ്യമന്ത്രി ഇടപെട്ട് എന്‍ സി പി പ്രസിഡന്റിനോടും, മന്ത്രിയോടും തന്നെ വന്ന് കാണണമെന്ന് നിര്‍ദ്ദേശിച്ചു. എറണാകുളത്ത് ആയിരുന്നതിനാല്‍ രാവിലെ മാത്രമേ എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂവെന്ന് അവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. അങ്ങനെയെങ്കില്‍ മന്ത്രിസഭാ യോഗത്തിന് മുമ്പ് കാണണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹിക്ക് പോകാന്‍ നിശ്ചയിച്ചിരുന്ന തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കാണാന്‍ തിരുവനന്തപുരത്തേയ്‌ക്ക് വന്നത്.
സ്ഥിതിഗതികള്‍ എന്‍ സി പി നേതൃത്വത്തെയും മന്ത്രിയേയും ധരിപ്പിച്ച മുഖ്യമന്ത്രി, മന്ത്രി രാജി വെയ്‌ക്കുന്നതാണ് നല്ലെതെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചു. പാര്‍ടിയുടെ അഖിലേന്ത്യാ നേതൃത്വവുമായി ബന്ധപ്പെട്ട് പത്തരമണിക്ക് ശേഷം ഇക്കാര്യത്തില്‍ വിശദാംശങ്ങള്‍ അറിയിക്കാമെന്ന് മുഖ്യമന്ത്രിക്ക് അവര്‍ ഉറപ്പ് നല്‍കി. ഈ പശ്ചാത്തലത്തില്‍ ഏതാനും സമയങ്ങള്‍ക്കുള്ളില്‍ രാജി തീരുമാനത്തിലേക്ക് എത്തും എന്ന് ഉറപ്പാക്കിക്കൊണ്ടാണ് ഒന്‍പത് മണിക്ക് മന്ത്രിസഭായോഗം ആരംഭിച്ചത്. ഈ സമയത്താണ് തോമസ് ചാണ്ടി പങ്കെടുക്കുന്നതുകൊണ്ട് തങ്ങള്‍ മാറിനില്‍ക്കുകയാണെന്ന വിവരം സി.പി.ഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചത്.
സി.പി.ഐ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് മുന്നണി നേതൃത്വത്തെയും മുഖ്യമന്ത്രിയേയും നേരിട്ട് അറിയിച്ചിരുന്നുവെങ്കില്‍ രാഷ്ട്രീയതീരുമാനത്തിന് അവസരമുണ്ടാകുമായിരുന്നു. അത്തരം രാഷ്ട്രീയതീരുമാനത്തിനും ചര്‍ച്ചയ്‌ക്കുമുള്ള അവസരം ഒഴിവാക്കി, മന്ത്രിസഭാ യോഗത്തില്‍ നിന്നും മാറി നിന്നത് അപക്വമായ നടപടിയായിപോയി.
ഏതാനും സമയങ്ങള്‍ക്കുള്ളില്‍ മന്ത്രി രാജിവെയ്‌ക്കുമ്പോള്‍ അതിന്റെ ഖ്യാതി തങ്ങള്‍ സ്വീകരിച്ച നടപടികൊണ്ടാണെന്ന് വ്യഖ്യാനിക്കാനാണ് ഇത്തരമൊരു സമീപനം സി പി ഐ സ്വീകരിച്ചത് എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.
ഇത് മുന്നണി മര്യാദയ്‌ക്ക് യോജിച്ചതല്ല. ഒരു സര്‍ക്കാരായി പ്രവര്‍ത്തിക്കുമ്പോള്‍ കയ്യടികളും വിമര്‍ശനങ്ങളുമുണ്ടാകും. കയ്യടികള്‍ മാത്രം തങ്ങള്‍ ഏറ്റുവാങ്ങിക്കൊള്ളാമെന്നും വിമര്‍ശനങ്ങള്‍ മറ്റുള്ളവര്‍ ഏറ്റെടുക്കട്ടേ എന്നുമുള്ള ഒരു കക്ഷിയുടെ സമീപനം മുന്നണി സംവിധാനത്തിന് യോജിച്ചതല്ല.
തോമസ് ചാണ്ടിയുടെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ അദ്ദേഹം മന്ത്രിസ്ഥാനം ഏറ്റെടുത്തതിന് ശേഷം നടത്തിയ ഏതെങ്കിലും പ്രവര്‍ത്തികളെ സംബന്ധിച്ചല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ ചില നടപടികളുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നുവന്നത്. ഏത് തരം ആരോപണം ഉയര്‍ന്ന്‍ വന്നാലും അത് പരിശോധിച്ച് നിയമാനുസൃതമായ നടപടി സ്വീകരിക്കുക എന്നതാണ് എല്‍ ഡി എഫിന്റെ കാഴ്‌ചപ്പാട്. യാതൊരുവിധ തെറ്റായ പ്രവര്‍ത്തികളെയും നിയമലംഘനങ്ങളെയും അംഗീകരിക്കുന്ന മുന്നണിയല്ല എല്‍ ഡി എഫ് എന്നത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സ്വീകരിച്ച നടപടികളില്‍ കൂടിതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ റവന്യൂവകുപ്പ് ജില്ലാ കളക്ടറെ ഏല്‍പ്പിക്കുകയാണ് ചെയ്‌തത്. കലക്ടറുടെ പരിശോധനാ റിപ്പോര്‍ട്ട് റവന്യൂ സെക്രട്ടറിയ്‌ക്കാണ് ലഭിച്ചത്. പ്രസ്‌തുത ഫയല്‍ റവന്യൂ മന്ത്രിവഴി മുഖ്യമന്ത്രിക്ക് ലഭിച്ചപ്പോള്‍ കലക്ടറുടെ റിപ്പോര്‍ട്ടില്‍ നിയമപരമായ പ്രശ്‌നങ്ങളാണ് ഉന്നയിച്ചത് എന്നതുകൊണ്ട് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടാന്‍ മുഖ്യമന്ത്രി നടപടി സ്വീകരിച്ചു. ആ നിയമോപദേശം മുഖ്യമന്ത്രി പരിശോധിച്ച് വരുന്നതിനിടയിലാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ ഉണ്ടായത്.
റിസോര്‍ട്ട് കമ്പനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് 2014-ലെ ജില്ലാ കളക്ടറുടെ 12.11.2014-ലെ റിപ്പോര്‍ട്ടും നിലവിലുള്ള കളക്ടറുടെ 20.10.2017-ലെ നിഗമനങ്ങളും പരസ്‌പരവിരുദ്ധമാണെന്ന് ഏ.ജിയുടെ നിയമോപദേശത്തില്‍ ചൂണ്ടിക്കാണിച്ചതുകൊണ്ടാണ് പരിശോധനയ്‌ക്ക് സമയമെടുത്തത്. അത് സ്വാഭാവിക സമയം മാത്രമാണ്. ഇതിനിടയില്‍ ഹൈക്കോടതിയില്‍ നിന്ന് തോമസ് ചാണ്ടിയുടെ അപേക്ഷ നവംബര്‍ പതിനാലിന് തള്ളിയതോടുകൂടി എല്‍ ഡി എഫ് ഉചിതമായ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി മന്ത്രിയുടെ രാജിയിലേക്ക് സംഭവങ്ങളെത്തിക്കാന്‍ ഇടപെട്ടത്.
സോളാര്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് 26.09.2017-ന് സര്‍ക്കാരിന് ലഭിച്ചു. വിവിധ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ എട്ടിന്റെ മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുത്തു. സോളാര്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തിലും, തോമസ് ചാണ്ടി വിഷയത്തിലും നിയമവശം പരിശോധിച്ചാണ് തീരുമാനമെടുത്തത്.
യു ഡി എഫ് ഭരണകാലത്ത് നടത്തിയ അഴിമതികളും അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് യു ഡി എഫ് തന്നെ നിയമിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടുകൂടി മുഖം വികൃതമായ യു ഡി എഫിനെ രക്ഷപ്പെടുത്താന്‍ കുറച്ചുദിവസമായി യു ഡി എഫ് നേതൃത്വത്തില്‍ നടന്നുവരുന്ന ശ്രമങ്ങള്‍ക്ക് കരുത്ത് പകരാനാണ് സി പി ഐയുടെ ഇപ്പോഴത്തെ നടപടി സഹായകരമായിട്ടുള്ളത്.
1980-ല്‍ രൂപം കൊണ്ട മുന്നണിയാണ് ഇന്നത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി. സങ്കീര്‍ണ്ണമായ ഒട്ടേറെ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ എല്‍ ഡി എഫിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ സംഭവിച്ച ഈ കാര്യങ്ങളുടെ പേരില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും എല്‍ ഡി എഫ് ഗവണ്‍മെന്റിനേയും ദുര്‍ബലപ്പെടുത്താന്‍ എതിരാളികള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഇതിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി അതീവ ജാഗ്രത പുലര്‍ത്തണം.
16-Nov-2017
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍