മാര്‍പ്പാപ്പയെ വിലക്കുന്ന മോഡി
കോടിയേരി ബാലകൃഷ്ണന്
വേണ്ടത്ര നിലയില്‍ വാര്‍ത്തയാകാതെ പോയ ഒന്നാണ് മാര്‍പാപ്പയ്ക്ക് മോഡി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്ക്. ഞങ്ങള്‍ വിലക്കേര്‍പ്പെടുത്തിയില്ലെന്ന് സാങ്കേതികമായി വേണമെങ്കില്‍ ഔദ്യോഗികഭാഷ്യം ചമയ്ക്കാം. പക്ഷേ, ക്രൈസ്തവ സംഘടനകളുടെയും സഭാ മേധാവികളുടെയും അഭ്യര്‍ഥനകള്‍പ്രകാരം മാര്‍പാപ്പയ്ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള ഔദ്യോഗിക ക്ഷണം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിച്ചതുകൊണ്ടാണ് പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കപ്പെട്ടത്. കത്തോലിക്കാ സഭയുടെ അധിപനായിരിക്കുമ്പോള്‍ത്തന്നെ വത്തിക്കാന്‍ എന്ന രാഷ്ട്രത്തിന്റെ തലവന്‍കൂടിയാണ്. അതിനാലാണ് കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം സന്ദര്‍ശനത്തിന് ഘടകമാകുന്നത്. കേന്ദ്രഭരണം വര്‍ഗീയതയില്‍ അധിഷ്ഠിതമായി തീരുമാനം എടുക്കുന്നതുകൊണ്ടാണ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം വിലക്കപ്പെട്ടത്. |
കത്തോലിക്കാ സഭയുടെ ലോകാധിപന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആറുദിവസത്തെ തെക്കുകിഴക്ക് ഏഷ്യാ സന്ദര്‍ശനം മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വാര്‍ത്തയാണ്. പക്ഷേ, വേണ്ടത്ര നിലയില്‍ വാര്‍ത്തയാകാതെ പോയ ഒന്നാണ് മാര്‍പാപ്പയ്ക്ക് മോഡി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്ക്. ഞങ്ങള്‍ വിലക്കേര്‍പ്പെടുത്തിയില്ലെന്ന് സാങ്കേതികമായി വേണമെങ്കില്‍ ഔദ്യോഗികഭാഷ്യം ചമയ്ക്കാം. പക്ഷേ, ക്രൈസ്തവ സംഘടനകളുടെയും സഭാ മേധാവികളുടെയും അഭ്യര്‍ഥനകള്‍പ്രകാരം മാര്‍പാപ്പയ്ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള ഔദ്യോഗിക ക്ഷണം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിച്ചതുകൊണ്ടാണ് പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കപ്പെട്ടത്. കത്തോലിക്കാ സഭയുടെ അധിപനായിരിക്കുമ്പോള്‍ത്തന്നെ വത്തിക്കാന്‍ എന്ന രാഷ്ട്രത്തിന്റെ തലവന്‍കൂടിയാണ്. അതിനാലാണ് കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം സന്ദര്‍ശനത്തിന് ഘടകമാകുന്നത്. കേന്ദ്രഭരണം വര്‍ഗീയതയില്‍ അധിഷ്ഠിതമായി തീരുമാനം എടുക്കുന്നതുകൊണ്ടാണ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം വിലക്കപ്പെട്ടത്.
ലോകത്ത് കത്തോലിക്കാ ജനസംഖ്യ 100 കോടിയാണ്. കാനേഷുമാരി കണക്ക് 98.94 കോടി. ഇന്ത്യയിലെ ജനസംഖ്യ 1.51 കോടി. കത്തോലിക്കാ മതവിശ്വാസികളുടെ ആധ്യാത്മിക നേതാവാണ് പോപ്പ് (മാര്‍പാപ്പ). പിതാവെന്ന് അര്‍ഥമുള്ള പപ്പാസ് എന്ന പദത്തില്‍നിന്നാണ് 'പോപ്പ്' വന്നുവെന്നാണ് കണക്കാക്കുന്നത്. യേശുക്രിസ്തുവിന്റെ അപ്പോസ്തല പ്രമുഖനായ പത്രോസിന്റെ പിന്‍ഗാമിയായാണ് ഗണിക്കുന്നത്. ആദ്യകാലത്ത് ക്രിസ്തുമതം മാനവരാശിക്കുവേണ്ടിയുള്ള വിമോചനത്തിനുവേണ്ടി പോരാടിയതുകൊണ്ട് ആ പോരാളികളെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. എന്നാല്‍, പില്‍ക്കാലത്ത് അതിന്റെ സ്വഭാവത്തില്‍ മാറ്റംവന്നു. സംഘടിത തൊഴിലാളിപ്രസ്ഥാനത്തിനും ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കുമെതിരെ യൂറോപ്യന്‍ പള്ളിമേധാവികള്‍ കുരിശ് യുദ്ധം നടത്തി. അക്കാലത്ത് മതവീക്ഷണത്തെ വിമര്‍ശിച്ച് കാള്‍മാര്‍ക്സ് തന്നെ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ലെനിന്റെ നേതൃത്വത്തില്‍ സോവിയറ്റ് യൂണിയനില്‍ സോഷ്യലിസം കെട്ടിപ്പടുക്കാന്‍ തുടങ്ങിയപ്പോഴേക്കും ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ എതിര്‍പ്പുണ്ടായി. ഈ സാഹചര്യത്തില്‍ മതത്തിന്റെ ജനവിരുദ്ധ ആക്രമണം തടയാന്‍ ബഹുജനപ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ കമ്യൂണിസ്റ്റുകാര്‍ മുന്നോട്ടുവന്നിട്ടുണ്ട്. കേരളത്തില്‍ ഇ എം എസിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ കമ്യൂണിസ്റ്റ്് മന്ത്രിസഭയെ അട്ടിമറിക്കാന്‍ സംഘടിപ്പിച്ച വിമോചനസമരത്തെ ക്രൈസ്തവ സഭാ മേധാവികള്‍ സഹായിച്ചിരുന്നു.
അങ്ങനെ ഒരു കാലത്ത് പോരാട്ടത്തിന്റെയും പിന്നീട് പ്രതിലോമകരമായ പ്രവര്‍ത്തനത്തിന്റെയും ചരിത്രമുള്ള ക്രൈസ്തവ സഭ, ദേശീയമായും സാര്‍വദേശീയമായും ഏറെ മാറിയിട്ടുണ്ട്. പല രാജ്യങ്ങളിലും വിമോചനപോരാട്ടങ്ങളില്‍ കമ്യൂണിസ്റ്റുകാര്‍ക്കൊപ്പം ക്രൈസ്തവ സഭയും വിശ്വാസികളും പങ്കുചേരുന്നുണ്ട്. ലോകത്ത് സമാധാനത്തിനായി ശബ്ദമുയര്‍ത്തുന്ന സമാരാധ്യനായ ലോകനേതാവാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രൈസ്തവ സഭയുടെ അധിപന്‍ എന്നതുപോലെ സമാധാനത്തിന്റെ ദൂതനാണെന്ന സവിശേഷതയും മോഡി ഭരണക്കാര്‍ക്ക് ഇഷ്ടക്കേടിന് നിദാനമായിട്ടുണ്ടാകും. അതിനു പുറമെ, ഇദ്ദേഹത്തിന്റെ നവോത്ഥാന നിലപാടുകളും പുരോഗമനചിന്തയും പരക്കെ അംഗീകരിക്കപ്പെടുന്നതാണെങ്കിലും സംഘപരിവാറിന് സുഖം പകരുന്നതല്ല. 2013ല്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതുമുതല്‍ ഒരു പുതിയ ചരിത്രം തീര്‍ത്തിരിക്കുകയാണ് അദ്ദേഹം. യൂറോപ്പിന്റെ കുത്തക തകര്‍ത്താണ് ലാറ്റിനമേരിക്കയില്‍നിന്ന് ഒരു പോപ്പ് ഉണ്ടായത്. ചെ ഗുവേരയുടെയും ഫിദല്‍ കാസ്ട്രോയുടെയും ഹ്യൂഗോ ഷാവേസിന്റെയും നാട്ടില്‍നിന്ന് എത്തിയ പാപ്പ ദരിദ്രരുടെ മോചനത്തിനായാണ് ശബ്ദിക്കുന്നത്. അതുകൊണ്ടുതന്നെ ചെകുത്താന്‍ കുരിശ് കണ്ടതുപോലെ കമ്യൂണിസത്തെ കാണണമെന്ന പഴയകാല ചിന്താഗതി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെട്ടു. വിശപ്പ് മാറ്റാന്‍ കമ്യൂണിസം ലോകത്തിന് ആവശ്യമാണെന്നും പാപ്പ പറഞ്ഞു. അപ്പോള്‍ അമേരിക്കന്‍ മാധ്യമങ്ങളടക്കം ഈ പോപ്പിനെ കമ്യൂണിസ്റ്റ് പാപ്പായെന്ന് വിശേഷിപ്പിച്ച് ആക്രമിക്കാന്‍ നോക്കി. ക്യൂബയ്ക്കെതിരായി ദശകങ്ങളായി തുടരുന്ന ഉപരോധം അവസാനിപ്പിക്കാന്‍ പാപ്പ ഇടപെടുകയും അതിന്റെകൂടി ഫലമായി അമേരിക്കന്‍ പ്രസിഡന്റായിരിക്കെ ഒബാമ ക്യൂബയുമായി സഹകരണ കരാര്‍ ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍, പുതിയ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഈ കരാര്‍ അസ്ഥിരപ്പെടുത്തിയിരിക്കുകയാണ്. സംസ്കാരങ്ങളുടെ സംഘട്ടനം തുടങ്ങിയ സിദ്ധാന്ത വൈകൃതങ്ങളില്‍ ലോകം സംഘര്‍ഷഭരിതമായി വിഭജിതമാകുമ്പോള്‍ അനുരഞ്ജനത്തിന്റെ സുവിശേഷകനാകാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കഴിഞ്ഞു.
പ്രപഞ്ചോല്‍പ്പത്തിയും പരിണാമസിദ്ധാന്തവും അതുമായി ബന്ധപ്പെട്ട ശാസ്ത്രീയ കണ്ടെത്തലുകളെയും പൂര്‍ണമായി നിരാകരിക്കുന്നതാണ് കത്തോലിക്കാ സഭയുടെ പൂര്‍വകാല ചരിത്രം. ഭൂമി സൂര്യനെ ചുറ്റുന്നുവെന്നു പറഞ്ഞ ഗലീലിയോയെ മതദ്രോഹകുറ്റത്തിന് വിചാരണ ചെയ്തതടക്കമുള്ള കറുത്ത ഏടുകള്‍ സഭാ ചരിത്രത്തിലുണ്ട്. മുമ്പുള്ള പാപ്പമാരില്‍ ചിലര്‍ ഈ നിലപാടുകള്‍ മയപ്പെടുത്തിയിരുന്നു. പുരോഗമനപരമായ നിലപാടുകൊണ്ടും ദരിദ്രപക്ഷനയങ്ങള്‍കൊണ്ടും ശ്രദ്ധേയനായ ഫ്രാന്‍സിസ് മാര്‍പാപ്പയാകട്ടെ പ്രപഞ്ചോല്‍പ്പത്തിയുടെ മഹാവിസ്ഫോടന സിദ്ധാന്തവും പരിണാമ സിദ്ധാന്തവും പൂര്‍ണമായി അംഗീകരിക്കുകയാണെന്ന് പ്രഖ്യാപിച്ചത് ലോകത്തെ പിടിച്ചുകുലുക്കുകതന്നെ ചെയ്തു. പ്രപഞ്ചോല്‍പ്പത്തിക്ക് വഴിയൊരുക്കിയെന്ന് കരുതുന്ന മഹാ വിസ്ഫോടനം ദൈവികമായ സ്രഷ്ടാവിന്റെ ഇടപെടലിന് ഘടകവിരുദ്ധമല്ല, മറിച്ച് അതിനെ അനിവാര്യമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റയ്ക്ക് പ്രപഞ്ചം സൃഷ്ടിച്ച മാന്ത്രികനായി ആരും ദൈവത്തെ കരുതരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ദൈവത്തെ നിഷേധിക്കാതെതന്നെ ശാസ്ത്രത്തിന്റെ ശക്തിയെ മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു പാപ്പ. ഇതുപ്രകാരം അധ്യായനത്തിലും പാരമ്പര്യ നിലപാടുകളിലും സഭ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി വത്തിക്കാനില്‍ സഭയുടെ പ്രത്യേക സമ്മേളനം (സിനഡ്) വിളിച്ചു ചേര്‍ത്ത് തീരുമാനങ്ങളുമെടുത്തു.
ദരിദ്രരോടുള്ള പരിഗണനയില്‍ ആഡംബരങ്ങള്‍ ഒഴിവാക്കി ജീവിതത്തെ ലളിതമാക്കിയ മാര്‍പാപ്പ തന്റെ യാത്രകളെ സമാധാനത്തിനായിട്ടാണ് മാറ്റിവയ്ക്കുന്നത്. അദ്ദേഹം ഇന്ത്യയെ അതിരറ്റ് സ്നേഹിക്കുന്നുണ്ട്. അക്കാര്യം തെക്കുകിഴക്കന്‍ ഏഷ്യാ യാത്രയില്‍ ഔദ്യോഗിക സംഘത്തിലുണ്ടായിരുന്ന ദീപികദിനപത്രത്തിന്റെ പ്രതിനിധി ജോര്‍ജ് കള്ളിവയലിനോട് വ്യക്തമാക്കിയതായി കള്ളിവയല്‍ കുറിച്ചിട്ടുണ്ട്. തനിക്ക് ഇന്ത്യയില്‍ വരാന്‍ കഴിഞ്ഞില്ലെങ്കിലും, തന്റെ സ്നേഹം ഇന്ത്യക്കാരെ അറിയിക്കുന്നുവെന്നാണ് പാപ്പയുടെ വാക്ക്. ഇന്ത്യക്കാരെ സ്നേഹിക്കുന്ന മാര്‍പാപ്പയ്ക്ക് ഇന്ത്യയിലേക്ക് പ്രവേശന വിലക്ക് അപ്രഖ്യാപിതമായി ഏര്‍പ്പെടുത്തിയ മോഡി സര്‍ക്കാരിന്റെ സങ്കുചിത വര്‍ഗീയ മനസ്സിന് മാപ്പ് നല്‍കാനാകില്ല. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1986ലും 1999ലും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 1964ല്‍ അന്നത്തെ മാര്‍പാപ്പയും ഇന്ത്യയില്‍ വന്നിരുന്നു. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1999ല്‍ വന്നപ്പോള്‍ കേന്ദ്രത്തില്‍ വാജ്പേയി ഭരണമായിരുന്നു. അതിന്റെ തണലില്‍ അന്ന് വലിയ അസഹിഷ്ണുതയാണ് ആര്‍എസ്എസ്- ബിജെപി നേതാക്കള്‍ കാണിച്ചത്. ഗോവയില്‍നിന്ന് ഡല്‍ഹിയിലേക്ക് പോപ്പ് വിരുദ്ധ മാര്‍ച്ച് നടത്തി. ദില്ലിയില്‍ പോപ്പിന്റെ കോലം കത്തിച്ചു. പ്രധാന പത്രങ്ങളില്‍ പോപ്പ് വിരുദ്ധ പരസ്യം നല്‍കി. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ബ്രിട്ടീഷ് ആധിപത്യകാലത്ത് ഇന്ത്യയോട് ചെയ്ത അപരാധങ്ങള്‍ക്ക് പോപ്പ് മാപ്പ് പറയണമെന്നായിരുന്നു സംഘപരിവാറിന്റെ ആവശ്യം. അശോക് സിംഗാള്‍മുതല്‍ പി പരമേശ്വരന്‍വരെയുള്ളവര്‍ ഇതിനുവേണ്ടി കോലാഹലമുണ്ടാക്കി. ജോണ്‍പോള്‍ രണ്ടാമന് ക്ഷണം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി അബദ്ധമാണെന്ന് ഈ നേതാക്കള്‍ വിശദീകരിച്ചിരുന്നു. വാജ്പേയിക്ക് അന്ന് പറ്റിയ 'തെറ്റ്' സംഘപരിവാറിന്റെ താല്‍പ്പര്യപ്രകാരം ആര്‍എസ്എസ് നേതാവായ നരേന്ദ്ര മോഡിയുടെ സര്‍ക്കാര്‍ ഇന്ന് തിരുത്തിയിരിക്കുകയാണ്.
മോഡി സര്‍ക്കാരിന്റെ മുസ്ളിം, ക്രിസ്ത്യന്‍ ന്യൂനപക്ഷ വിരുദ്ധനയം മറച്ചുവച്ച് മോഡി ഭരണത്തില്‍ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നില്ലെന്നാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അഭിപ്രായപ്പെടുന്നത്. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആദ്യത്തെ 14 മാസത്തിനിടയില്‍ ഡല്‍ഹിയില്‍ 14 ക്രൈസ്തവദേവാലയമാണ് ആക്രമിക്കപ്പെട്ടത്. അതിലെ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ഛത്തീസ്ഗഡില്‍ ക്രൈസ്തവരും പുരോഹിതരും കന്യാസ്ത്രീകളും സംഘപരിവാര്‍ അഴിഞ്ഞാട്ടക്കാരാല്‍ ഇപ്പോഴും ആക്രമിക്കപ്പെടുന്നു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ആര്‍എസ്എസ് തലവനെപ്പോലെയാണ് പെരുമാറുന്നതെന്നും ക്രൈസ്തവരെ വേട്ടയാടുന്ന റൌഡികളെ സംരക്ഷിക്കുകയാണെന്നും ക്രൈസ്തവ സഭാമേധാവികള്‍ പരാതിപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശിലെ ജബുവെയില്‍ കന്യാസ്ത്രീകളെ മാനഭംഗപ്പെടുത്തിയതും ഗുജറാത്തിലും ഒറീസയിലും ക്രൈസ്തവദേവാലയങ്ങള്‍ പരക്കെ തകര്‍ക്കപ്പെട്ടതും ഡല്‍ഹിയില്‍ വീഞ്ഞ് പകരുന്നതിന്റെ പേരില്‍ ആരാധനാലയങ്ങളെ മദ്യശാലകളായി ചിത്രീകരിച്ചതും കുഷ്ഠരോഗികളെ ശുശ്രൂഷിച്ച ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ട് മക്കളെയും ചുട്ടുകൊന്നതും സംഘപരിവാര്‍ ക്രൂരതയാണ്. ഇതൊന്നും മറക്കാന്‍ സമയമായിട്ടില്ല. പക്ഷേ, മോഡി മന്ത്രിസഭയില്‍ അംഗമായതിനാല്‍ ഇതൊക്കെ കാണാനും കേള്‍ക്കാനുമുള്ള കണ്ണും ചെവിയും കണ്ണന്താനത്തിന് നഷ്ടപ്പെട്ടു.
ക്രിസ്തുമതത്തെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതായി കരുതുന്ന തോമാശ്ളീഹാ ഇന്ത്യന്‍ മണ്ണില്‍ കുത്തേറ്റുവീണ് രക്തസാക്ഷിത്വംവരിച്ച പഴയചരിത്രം നമുക്കുണ്ട്. അത് രണ്ടായിരം വര്‍ഷംമുമ്പാണ്. അതായത്, എഡി 75ല്‍ കേരളത്തില്‍നിന്ന് മൈലാപുരിലെത്തിയപ്പോള്‍ തോമാശ്ളീഹയെ കുന്തംകൊണ്ട് കുത്തിക്കീറി കൊല്ലുകയായിരുന്നു. അന്ന് പുരണ്ട ആ രക്തക്കറ ഉണങ്ങാതിരിക്കുന്നതിനുള്ള രാഷ്ട്രീയമാണ് മോഡി സര്‍ക്കാരിനുള്ളത്. എന്നെല്ലാം ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നിട്ടുണ്ടോ അന്നെല്ലാം ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്ളിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും ദളിതര്‍ക്കും പീഡാനുഭവങ്ങളാണ് ഉണ്ടാകുന്നത്. ഭരണഘടന വിഭാവനം ചെയ്ത ഇന്ത്യയുടെ മതനിരപേക്ഷതയെയും ജനാധിപത്യത്തെയും അട്ടിമറിച്ച് ഇന്ത്യയെ ഹിന്ദുവര്‍ഗീയ ഫാസിസ്റ്റ് രാഷ്ട്രമാക്കാനുള്ള ഭരണഘടനാ വിരുദ്ധമായ പാതയിലാണ് മോഡി സര്‍ക്കാരും സംഘപരിവാറും. ഈ നയത്തിന്റെ ഭാഗമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനവിലക്ക്.
01-Dec-2017
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍