പുതുവര്‍ഷത്തെ പോരാട്ടത്തിനുള്ള വേദിയാക്കി മാറ്റുക
കോടിയേരി ബാലകൃഷ്ണന്
ലോകസഭയില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നൂറോളം അംഗങ്ങളെ സൃഷ്ടിക്കാന്‍ സാധിച്ചാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള ഇടതുപക്ഷത്തിന്റെ കഴിവ് വര്‍ധിക്കുകയും മതനിരപേക്ഷ ജനാധിപത്യ സംവിധാനം ശക്തിപ്പെടുകയും ചെയ്യും. ഇന്ത്യയുടെ സ്വാതന്ത്ര്യം ജനാധിപത്യം മതേതരത്വം സാമ്പത്തിക പരമാധികാരം ഇവ നിലനില്‍ക്കണമെങ്കില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം രാജ്യവ്യാപകമായി വര്‍ധിക്കേണ്ടതുണ്ട്. ഇതിന് നിര്‍ണായകമായ സംഭാവന ചെയ്യേണ്ട സംസ്ഥാനമാണ് കേരളം. കേരളത്തിലെ 20 പാര്‍ലമെന്റ് സീറ്റുകളില്‍ 2004ല്‍ ഇടതുപക്ഷം നേടിയതുപോലെ ഉജ്ജ്വലമായ ഒരു വിജയം 2014ല്‍ നേടാന്‍ സാധിക്കണം. അത്തരമൊരു വിജയം നേടാന്‍ കഴിയുന്ന രാഷ്ട്രീയസാഹചര്യമാണ് സംസ്ഥാനത്ത് വളര്‍ന്നുവരുന്നത്. |
ഏവര്‍ക്കും എന്റെ പുതുവത്സര ആശംസകള്‍.
ദേശീയ രാഷ്ട്രീയത്തിലും കേരള രാഷ്ട്രീയത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടാവാന്‍ പോവുന്ന വര്‍ഷമാണിത്. കേന്ദ്രഭരണവും കേരളഭരണവും മാറുന്ന രീതിയിലുള്ള ഒരു പുതിയ രാഷ്ട്രീയ ധ്രുവീകരണം രാജ്യത്തും സംസ്ഥാനത്തുമുണ്ടാവും. കോണ്‍ഗ്രസിന് പകരം ബി ജെ പി അധികാരത്തില്‍ വരില്ല. കോണ്‍ഗ്രസ് ഇതര, ബി ജെ പി ഇതര കക്ഷികള്‍ ചേരുന്ന ഒരു പുതിയ രാഷ്ട്രീയ മുന്നേറ്റം ഇന്ത്യയില്‍ അനിവാര്യമായി തീര്‍ന്നിരിക്കുകയാണ്. വിവിധ പ്രദേശങ്ങളില്‍, വിവിധ പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ മുന്നേറ്റം. അത് സംഭവിക്കുകതന്നെ ചെയ്യും.
വര്‍ഗീയശക്തികള്‍ ഉയര്‍ത്തുന്ന ഭീഷണി നേരിടണമെങ്കിലും ഉദാരവത്കരണ സാമ്പത്തിക നയങ്ങള്‍ക്ക് ബദല്‍ സൃഷ്ടിക്കണമെങ്കിലും ഇത്തരമൊരു രാഷ്ട്രീയ പുനരേകീകരണം അത്യന്താപേക്ഷിതമാണ്. ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്തമുണ്ട്. അത് സാധിക്കണമെങ്കില്‍ അടുത്ത ലോകസഭയില്‍ ഇടതുപക്ഷത്തിന്റെ ശക്തി വര്‍ധിപ്പിച്ചേ മതിയാവു. ലോകസഭയില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നൂറോളം അംഗങ്ങളെ സൃഷ്ടിക്കാന്‍ സാധിച്ചാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള ഇടതുപക്ഷത്തിന്റെ കഴിവ് വര്‍ധിക്കുകയും മതനിരപേക്ഷ ജനാധിപത്യ സംവിധാനം ശക്തിപ്പെടുകയും ചെയ്യും.
ഇന്ത്യയുടെ സ്വാതന്ത്ര്യം ജനാധിപത്യം മതേതരത്വം സാമ്പത്തിക പരമാധികാരം ഇവ നിലനില്‍ക്കണമെങ്കില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം രാജ്യവ്യാപകമായി വര്‍ധിക്കേണ്ടതുണ്ട്. ഇതിന് നിര്‍ണായകമായ സംഭാവന ചെയ്യേണ്ട സംസ്ഥാനമാണ് കേരളം. കേരളത്തിലെ 20 പാര്‍ലമെന്റ് സീറ്റുകളില്‍ 2004ല്‍ ഇടതുപക്ഷം നേടിയതുപോലെ ഉജ്ജ്വലമായ ഒരു വിജയം 2014ല്‍ നേടാന്‍ സാധിക്കണം. അത്തരമൊരു വിജയം നേടാന്‍ കഴിയുന്ന രാഷ്ട്രീയസാഹചര്യമാണ് സംസ്ഥാനത്ത് വളര്‍ന്നുവരുന്നത്.
യു ഡി എഫ് ഭരണം ജനങ്ങള്‍ക്ക് മടുത്തിരിക്കുകയാണ്. യു ഡി എഫിലെ ഘടകകക്ഷികള്‍ക്ക് കോണ്‍ഗ്രസ് നിലപാടുകളോട് യോജിപ്പിനേക്കാള്‍ കൂടുതല്‍ വിയോജിപ്പാണുള്ളത്. ഇത് ശക്തിപ്പെടുമ്പോള്‍ ഐക്യജനാധിപത്യ മുന്നണിക്ക് തീരെ മുന്നോട്ടുപോകാന്‍ കഴിയുകയില്ല. അത് ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഇത് മനസിലാക്കിയാണ് 'ആന്റണിഫോര്‍മുല'പ്രയോഗിക്കുന്നത്. മന്ത്രിസഭാ പുനസംഘടന അതിന്റെ ഭാഗമാണ്.
ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് തിരുവഞ്ചൂരിനെ മാറ്റി രമേശ് ചെന്നിത്തലയെ പ്രതിഷ്ഠിച്ചതുകൊണ്ട് ഐക്യജനാധിപത്യമുന്നണി അകപ്പെട്ട പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ പോകുന്നില്ല. മച്ചിപ്പശുവിനെ തൊഴുത്തുമാറ്റി കെട്ടിയതുകൊണ്ട് അതൊരിക്കലും പ്രസവിക്കില്ല. അതുപോലെ തിരുവഞ്ചൂര്‍ മാറി ചെന്നിത്തല വന്നതുകൊണ്ട് യു ഡി എഫില്‍ ഒന്നും പുതുതായി സംഭവിക്കില്ല. അവര്‍ക്ക് രക്ഷയില്ല. അവരുടെ മുഖം മിനുക്കാനേ സാധിക്കില്ല.
യു ഡി എഫിന്റെ മുഖം ഉമ്മന്‍ചാണ്ടിയാണ്. ആ മുഖം വികൃതമാണ്. ആ മുഖം മാറ്റാതെ യു ഡി എഫിനോ ഗവണ്‍മെന്റിനോ ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല. അത് മാറ്റാന്‍ ജനങ്ങള്‍ക്കുള്ള അവസരമാണ് ലോകസഭാ ഇലക്ഷന്‍.
അഴിമതി, വിലക്കയറ്റം, ജനവിരുദ്ധനടപടികള്‍ ഇതില്‍നിന്നെല്ലാം ജനങ്ങള്‍ക്ക് രക്ഷ നേടണമെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പോവണം അങ്ങനെയാണ് ജനങ്ങള്‍ ചിന്തിക്കുന്നത്. തമ്മിലടിക്കുന്ന ഒരു തല്ലിപ്പൊളി മുന്നണിയും കലഹിക്കുന്ന ഗവണ്‍മെന്റുമാണ് കേരളത്തിലുള്ളത്. ഇതിന് മാറ്റംവരുത്താനാണ് ജനങ്ങള്‍ തയ്യാറെടുക്കുന്നത്.
വമ്പിച്ച രാഷ്ട്രീയപോരാട്ടത്തിന്റെ തയ്യാറെടുപ്പാണ് കേരളത്തില്‍ നടക്കുന്നത്. അതിന്റെ ഭാഗമായാണ് ക്ലിഫ്ഹൗസ് ഉപരോധം നിര്‍ത്തിവെച്ചത്. വലിയ തലത്തിലുള്ള പോരാട്ടത്തിന് തയ്യാറെടുക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ആഹ്വാനം ചെയ്തിട്ടുണ്ട്. നാടെമ്പാടും അതിനുള്ള തയ്യാറെടുപ്പിലാണ്. ഈ പോരാട്ടത്തില്‍ വിജയിക്കുമ്പോള്‍ മാത്രമേ സമരങ്ങളില്‍ ഉയര്‍ത്തിപ്പിടിച്ച ലക്ഷ്യം സാധ്യമാക്കാന്‍ കഴിയുകയുള്ളു. നയം മാറ്റാത്ത ഗവണ്‍മെന്റിനെ തന്നെ മാറ്റുക എന്ന ലക്ഷ്യമാണ് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഇനിയുള്ളത്. ആ ലക്ഷ്യപ്രാപ്തിക്കുവേണ്ടിയുള്ളതാണ് ഇനിയുള്ള പോരാട്ടം.
പുതുവര്‍ഷത്തെ ആ പോരാട്ടത്തിന്റെ ഫലപ്രദമായ വേദിയാക്കി മാറ്റുകയാണ് നാം ചെയ്യേണ്ടത്. ഏവര്‍ക്കും ഒരിക്കല്‍ കൂടി പുതുവത്സര ആശംസകള്‍.
https://www.facebook.com/kodiyeri.balakrishnan
01-Jan-2014
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍