മാധ്യമങ്ങള്‍ പക്ഷം പിടിക്കുമ്പോള്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
ഇന്ന് മാധ്യമങ്ങളില്‍ പ്രതിഫലിക്കുന്ന ജീവിതങ്ങളും വാര്‍ത്തകളുമൊക്കെ മധ്യവര്‍ഗത്തിനും അതിന്റെ മുകളില്‍ അഭിരമമിക്കുന്നവര്‍ക്കും വേണ്ടിയുള്ളതായി മാറുന്നു. സാധാരണക്കാരന്‍, ദരിദ്രന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തകളാവുന്നില്ല. സംസ്ഥാനത്ത് അഴിമതി ഒരു വലിയ പ്രശ്‌നമാണ്. എത്ര മാധ്യമങ്ങള്‍ അഴിമതിക്കെതിരെയുള്ള കുരിശുയുദ്ധങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്? മലയാളത്തിലെ പത്ര-ദൃശ്യ മാധ്യമങ്ങളിലെ പ്രമുഖരായി കഴിവുറ്റവരായി വിലയിരുത്തപ്പെടുന്ന മാധ്യമ പ്രവര്‍ത്തകര്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ഉളളറകളിലേക്ക് നൂഴ്ന്നിറങ്ങാനുള്ള കഴിവിനെയാണ് സാമര്‍ത്ഥ്യമെന്ന് പേരിട്ട് വിളിക്കുന്നത്. കുറച്ച് സത്യവും കുറെ നുണകളും ചേര്‍ത്ത് നിര്‍മിക്കുന്ന രാഷ്ട്രീയ ഗോസിപ്പ് വാര്‍ത്തകളിലൂടെ ഒരു നാടിന്റെ ഭാവിയെ നിര്‍ണയിക്കാന്‍ സാധിക്കുമെന്നത് എത്ര മൗഡ്യമായ ചിന്തയാണ്. ആ നിലപാടില്‍ നിന്ന് മാറാന്‍ സാധിക്കാത്ത മാധ്യമങ്ങളില്‍ എങ്ങിനെയാണ് ഒരു ജനത വിശ്വാസമര്‍പ്പിക്കുക? |
മലയാളത്തിലെ മിക്കവാറും മാധ്യമങ്ങള്‍ വലതുപക്ഷത്തിന്റെ പാദസേവകരായി അധപതിച്ച കാലഘട്ടമാണിത്. രാജ്യം നിര്‍ണായകമായ ലോകസഭാ ഇലക്ഷനെ അഭിമുഖീകരിക്കുന്ന വേളയില്‍ മലയാളത്തിലെ പത്ര-ദൃശ്യമാധ്യമങ്ങള്‍ കൈക്കൊണ്ട നിലപാട് യാതൊരു നീതീകരണവും അര്‍ഹിക്കാത്ത വിധത്തില്‍ ഏകപക്ഷീയമായിരുന്നു. നിഷ്പക്ഷമായി നില്‍ക്കുന്ന പൊതുഭോധമുണ്ടെങ്കില്‍ അത് വലതുപക്ഷത്തിനൊപ്പം നില്‍ക്കുന്നതിനുവേണ്ടിയുള്ള പരിശ്രമമായിരുന്നു മാധ്യമങ്ങളില്‍ ഭൂരിഭാഗവും കൈക്കൊണ്ടത്. മാധ്യമങ്ങളുടെ രാഷ്ട്രീയമാണ് അവര്‍ പ്രകടിപ്പിച്ചത്, അടിച്ചേല്‍പ്പിച്ചത്.
മാധ്യമങ്ങളുടെ അവകാശമാണ് അവരുടെ നിലപാടുകള്‍ എന്നാണ് ഈ മാധ്യമങ്ങളുടെ വക്താക്കള്‍ പറയുന്നത്. ഒരു ജനാധിപത്യവ്യവസ്ഥയില്‍ മാധ്യമങ്ങള്‍ക്ക് അവകാശങ്ങള്‍ക്കൊപ്പം കടമകളുമുണ്ട് എന്ന കാര്യം അവര്‍ സൗകര്യത്തിന് വിട്ടുകളയുന്നു. രാഷ്ട്രത്തെ പുനര്‍ നിര്‍മിക്കുന്നതിന്, ആരോഗ്യപരമായ പൊതുമണ്ഡലത്തെ സൃഷ്ടിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. എന്നാല്‍, എത്രശതമാനം മാധ്യമങ്ങള്‍ ഇത്തരത്തിലുള്ള നിലപാടുകള്‍ മുന്നോട്ടുവെക്കുന്നുണ്ട്? രാജ്യത്തെ മാധ്യമങ്ങള്‍ക്ക് അതിന് സാധിക്കുന്നില്ല എന്ന ഉറപ്പിച്ച് പറയാന്‍ പറ്റുന്ന നിലയിലാണ് അവരുടെ പ്രകടനം. മലയാളത്തില്‍ വളരെ പരിതാപകരമാണ് സ്ഥിതി എന്ന് വിലയിരുത്തേണ്ടി വരും. മുതലാളിത്ത വ്യവസ്ഥയുടെ താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്ന രീതിയിലാണ് മുഖ്യധാരാ മാധ്യമങ്ങളുടെ നിലപാട് തറകള്‍ വികസിപ്പിച്ചിട്ടുള്ളത്. മുഖ്യധാരാ മാധ്യമങ്ങളുടെ ഉടമസ്ഥത വ്യവസായികളുടെയും ധനാഢ്യരുടെയും കൈകളിലാണെന്നതും ഇതിനൊപ്പം കൂട്ടിവായിക്കണം. മുതലാളിത്തത്തെ ന്യായീകരിക്കുന്ന ഇവരുടെ രീതി സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതല്‍ ഉണ്ടായിവന്നതാണ്. ഇന്നും അതിനെ കൂടുതല്‍ അമര്‍ത്തിചവിട്ടി പിന്തുടരാനല്ലാതെ കാലത്തിന്റെ ശബ്ദം മനസിലാക്കി മാറി നടക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കുന്നില്ല.
ഇന്ന് മാധ്യമങ്ങളില്‍ പ്രതിഫലിക്കുന്ന ജീവിതങ്ങളും വാര്‍ത്തകളുമൊക്കെ മധ്യവര്‍ഗത്തിനും അതിന്റെ മുകളില്‍ അഭിരമമിക്കുന്നവര്‍ക്കും വേണ്ടിയുള്ളതായി മാറുന്നു. സാധാരണക്കാരന്‍, ദരിദ്രന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തകളാവുന്നില്ല. സംസ്ഥാനത്ത് അഴിമതി ഒരു വലിയ പ്രശ്‌നമാണ്. എത്ര മാധ്യമങ്ങള്‍ അഴിമതിക്കെതിരെയുള്ള കുരിശുയുദ്ധങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്? മലയാളത്തിലെ പത്ര-ദൃശ്യ മാധ്യമങ്ങളിലെ പ്രമുഖരായി കഴിവുറ്റവരായി വിലയിരുത്തപ്പെടുന്ന മാധ്യമ പ്രവര്‍ത്തകര്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ഉളളറകളിലേക്ക് നൂഴ്ന്നിറങ്ങാനുള്ള കഴിവിനെയാണ് സാമര്‍ത്ഥ്യമെന്ന് പേരിട്ട് വിളിക്കുന്നത്. കുറച്ച് സത്യവും കുറെ നുണകളും ചേര്‍ത്ത് നിര്‍മിക്കുന്ന രാഷ്ട്രീയ ഗോസിപ്പ് വാര്‍ത്തകളിലൂടെ ഒരു നാടിന്റെ ഭാവിയെ നിര്‍ണയിക്കാന്‍ സാധിക്കുമെന്നത് എത്ര മൗഡ്യമായ ചിന്തയാണ്. ആ നിലപാടില്‍ നിന്ന് മാറാന്‍ സാധിക്കാത്ത മാധ്യമങ്ങളില്‍ എങ്ങിനെയാണ് ഒരു ജനത വിശ്വാസമര്‍പ്പിക്കുക?
നാട് ലോകസഭാ ഇലക്ഷനെ അഭിമുഖീകരിക്കുന്ന സമയത്ത് മലയാളത്തിലെ മാധ്യമങ്ങള്‍ നടത്തിയ ചര്‍ച്ചകള്‍ എന്താണ്? ടി പി ചന്ദ്രശേഖരന്റെ കൊലപാതകവിഷയം വീണ്ടും ചര്‍ച്ചയാക്കി മാറ്റാന്‍ ഈക്കൂട്ടര്‍ കിണഞ്ഞുപരിശ്രമിച്ചു. ചില ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തു. പക്ഷെ, ഏശിയില്ല. മാധ്യമങ്ങളുടെ സഹായത്തോടെ വലതുപക്ഷം സംഘടിപ്പിച്ച പല കള്ളത്തരങ്ങളും തെരഞ്ഞെടുപ്പിന്റെ വേളയില്‍ പുറത്തുവന്നു. സ്വര്‍ണക്കടത്തുകാരന്‍ ഫയാസും ആഭ്യന്തരമന്ത്രിയും മുന്‍ കെ പി സി സി പ്രസിഡന്റുമായ രമേശ് ചെന്നിത്തലയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ദൃശ്യങ്ങള്‍ അത്തരത്തിലൊന്നായിരുന്നു. ആ വിഷയം വേണ്ടത്ര ചര്‍ച്ച ചെയ്യാന്‍ മലയാളത്തിലെ മിക്ക മാധ്യമങ്ങളും തയ്യാറായില്ല. നേരത്തെ ഇതേ ഫയാസ് അറബിവേഷവും ധരിച്ച് ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന മോഹനന്‍മാസ്റ്ററെ കണ്ടെന്ന വാര്‍ത്ത വലതുപക്ഷത്തിന് ഒത്താശ ചെയ്തുകൊടുക്കുന്ന മാധ്യമങ്ങള്‍ ഏറെ ദിവസം ചര്‍ച്ച ചെയ്തിരുന്നു. ഫയാസ് എന്ന വ്യക്തിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വിചാരണത്തടവുകാരനായിരിക്കുകയും പിന്നീട് കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിടുകയും ചെയ്ത പി മോഹനന്‍ മാസ്റ്റര്‍ വ്യക്തമാക്കുകയുണ്ടായി. തീര്‍ച്ചയായും അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുന്ന മാധ്യമങ്ങള്‍ക്ക് ആ കാലത്ത് കെ പി സി സി പ്രസിഡന്റായിരുന്ന രമേഷ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന ഗൂഡാലോചനയുടെ ഭാഗമായല്ലേ ഫയാസ് അറബിവേഷം ധരിച്ച് ജയിലിലേക്ക് പോയത് എന്ന സംശയിക്കാം. പക്ഷെ, ആരും സംശയിച്ചില്ല. വാര്‍ത്താ പ്രാധാന്യമില്ലാത്തൊരു കാര്യമെന്നുള്ള നിലയിലാണ് ഈ വിഷയത്തെ മലയാളത്തിലെ മിക്കവാറും മാധ്യമങ്ങള്‍ കൈകാര്യം ചെയ്തത്. കെ പി സി സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല ആഭ്യന്തര-ജയില്‍ വകുപ്പ് മന്ത്രിയായതിന് ശേഷം ഫയാസിനെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിന്റെ അടുക്കള ഇടിച്ച് കളഞ്ഞ് ഫയാസിന് ഷട്ടില്‍ കളിക്കുന്നതിന് കോര്‍ട്ട് സ്ഥാപിച്ചു എന്ന വാര്‍ത്തയും ഇതിനൊപ്പം കൂട്ടിവായിക്കേണ്ടത് തന്നെയാണ്.
മലയാളത്തിലെ ദൃശ്യമാധ്യമങ്ങളുടെ ചര്‍ച്ചകളും വിചാരണകളും സംവാദങ്ങളും സിപിഐ എം എന്ന പാര്‍ട്ടിയ്‌ക്കെതിരായിട്ടാണ്. സിപിഐ എം നേതൃത്വം നല്‍കുന്ന മുന്നണിയെ ജനമധ്യത്തില്‍ ഇകഴ്ത്തികാട്ടാനായിരുന്നു അവരുടെ പരിശ്രമങ്ങള്‍. ഒരു റിയാലിറ്റിഷോ പോലെ ആസ്വാദ്യകരമായി എരിവും പുളിവുമുള്ള നാവാട്ടക്കാരെ ഉള്‍പ്പെടുത്തി 'ഒമ്പത്മണി ചര്‍ച്ച' കൊഴുപ്പിക്കുകയാണ്. ഇടതുപക്ഷത്തിന്റെ രക്ഷകരെന്ന പോലെ ചില സ്ഥിരം വേഷങ്ങള്‍ എല്ലാ ചാനലുകളിലും മാറി, മാറി പ്രത്യക്ഷപ്പെടും അവര്‍ സിപിഐ എംന്റെ നേതാക്കളെ പുലഭ്യം പറയും. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്‍ന്ന് നടത്തിയ ചാനല്‍ ചര്‍ച്ചകളിലൂടെയും റിപ്പോര്‍ട്ടുകളിലൂടെയും മാതൃഭൂമി പത്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വാര്‍ത്താ വ്യാഖ്യാനങ്ങളിലൂടെയും സിപിഐ എം നേതൃത്വമാണ് കൊലപാതകം നടത്തിയത് എന്ന് സ്ഥാപിക്കാനാണ് പരിശ്രമിച്ചത്. അതിന് അവര്‍ക്ക് കൂട്ടായി നിന്നത് വലതുപക്ഷവും മാര്‍ക്‌സിസ്റ്റ് വിരുദ്ധ മഴവില്‍മഹാസഖ്യവുമായിരുന്നു. സിപിഐ എം നേതൃത്വം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ കൊലപാതക രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞിട്ടും മാധ്യമങ്ങള്‍ അവരുടെ താല്‍പ്പര്യത്തെ സിപിഐ എംന്റെ തലയില്‍ കെട്ടിവെക്കാന്‍ പരിശ്രമിച്ചു. മാധ്യമങ്ങളും മാര്‍ക്‌സിസ്റ്റ് വിരുദ്ധ മഴവില്‍മഹാസഖ്യവും ചേര്‍ന്ന് രചിച്ച തിരക്കഥയ്ക്ക് കൃത്യമായ ലക്ഷ്യമുണ്ട്. സിപിഐ എംനെ സംശയത്തിന്റെ മഴയില്‍ കുളിപ്പിച്ച് നിര്‍ത്തുക എന്നതായിരുന്നു ആ ലക്ഷ്യം. കോടതി നടപടിക്രമങ്ങള്‍ കഴിയും വരെ ഒരു രാഷ്ട്രീയപ്രസ്ഥാനത്തെ കുറ്റം ചെയ്ത് പാതകിയെന്ന് മുദ്രകുത്തി മലയാളത്തിലെ മിക്ക മാധ്യമങ്ങളും ചര്‍ച്ചകള്‍ നടത്തി. സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന പാര്‍ട്ടിയുടെ ജനസമ്മിതി താനേ ഇടിഞ്ഞുകൊള്ളുമെന്ന് മാധ്യമങ്ങളും വലതുപക്ഷവും മനപായസമുണ്ടു.
മാധ്യമങ്ങളിലൂടെ നടത്തുന്ന അക്രമണത്തിന്റെ തീയില്‍ എണ്ണപകരാനെന്ന പോലെ സാംസ്‌കാരിക മേഖലയിലെ കുറെ ആള്‍ക്കാര്‍ വിലക്കെടുക്കപ്പെട്ടു. മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണശാലകള്‍ ഇത്തരത്തിലുള്ള കൂട്ടായ്മകള്‍ക്ക് നിലമൊരുക്കി കൊടുക്കുന്നതിന് വേണ്ടിയെന്ന പോലെ വെട്ടുവഴി കവിതകള്‍ പ്രസിദ്ധീകരിച്ചു. മഹേശ്വതാ ദേവിയെ പോലുള്ള സാഹിത്യനായികമാരെ കേരളത്തിലേക്കാനയിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ഫോട്ടോ സെഷനുകള്‍ അരങ്ങേറി. വെട്ടുവഴി കവിതാപുസ്തകങ്ങളുടെ ബലത്തില്‍ സാംസ്‌കാരിക കേരളം സിപിഐ എംന് എതിരാണ് എന്ന് വിളിച്ചുപറയുംപോലെയുള്ള ഒരു പ്രതീതി ഉണ്ടാക്കാനും അത് കുറേക്കാലത്തേക്ക് നിലനിര്‍ത്താനും സാധിച്ചു എന്നത് ചെറിയ കാര്യമല്ല. ഇതില്‍കൂടിയെല്ലാം മാധ്യമങ്ങളും മാര്‍ക്‌സിസ്റ്റ് വിരുദ്ധ മുന്നണിയും ചെയ്തത് സിപിഐ എം എന്ന പാര്‍ട്ടി 'തൊട്ടുകൂടാത്ത' ഒന്നാണ് എന്ന് സ്ഥാപിക്കലാണ്. അതിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ഗുണ്ടകളാണ്. അവര്‍ പറയുന്ന പ്രസ്താവനകള്‍ തമസ്‌കരിക്കപ്പെടേണ്ടതാണ്. നിങ്ങള്‍ പറയുംപോലെയല്ല കാര്യങ്ങള്‍ എന്നുള്ള അവരുടെ വിശദീകരണം വിശ്വസിക്കാന്‍ പാടില്ലാത്ത ഒന്നാണ്. അത്തരത്തില്‍ കൃത്രിമമായ വാര്‍ത്തകള്‍ സൃഷ്ടിച്ച് അവ തുടര്‍ച്ചയായി പ്രചരിപ്പിച്ച് ജനങ്ങളുടെ മസ്തിഷ്‌കങ്ങളില്‍ ഇതൊക്കെയാണ് ശരികളെന്ന് സ്ഥാപിക്കുന്ന ഒരു മാധ്യമ അടിച്ചേല്‍പ്പിക്കലിന്റെ കാലഘട്ടമായിരുന്നു കഴിഞ്ഞുപോയത്. ഒരു പരിധിവരെ ഇപ്പോഴും തുടരുന്നത്.
ലോകസഭാ ഇലക്ഷന്റെ സമയത്ത് രാജ്യം ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളം മാധ്യമങ്ങള്‍ മൂടിവെച്ചു. മത്സരിക്കുന്ന മുന്നണികളുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍, നയങ്ങള്‍, പ്രകടന പത്രികകള്‍, സാധാരണക്കാരുടെ പക്ഷത്താണോ അല്ലയോ എന്നത്, ഭരിക്കുന്ന സര്‍ക്കാരിന്റെ പിടിപ്പുകേടുകള്‍ തുടങ്ങി ചര്‍ച്ച ചെയ്യേണ്ട നിരവധി കാര്യങ്ങളെ മാധ്യമങ്ങള്‍ മൂടിവെച്ചു. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്നതിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ തന്നെയാണ് ആ സമയത്ത് സംഘടിപ്പിച്ചത്. നിരവധി സര്‍വ്വേകള്‍ ഇലക്ഷന് മുന്നോടിയായി സംഘടിപ്പിക്കപ്പെട്ടു. ആ സര്‍വേകളിലൂടെ വലതുപക്ഷം വളരെ മനോഹരമായ ഒന്നാണെന്നും അവരുടെ സര്‍ക്കാര്‍ മികച്ചതാണെന്നും വിളിച്ചുപറയുംപോലെ ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ പരാജയപ്പെടും എന്നും സ്ഥാപിക്കാന്‍ ശ്രമിച്ചു. വെറുതെയായിരുന്നില്ല സര്‍വ്വേകള്‍. നാട്ടിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള നിഷ്പക്ഷ വോട്ടുകളെ വലതുപക്ഷത്തേക്ക് അടുപ്പിക്കാനായിരുന്നു ആ പരിശ്രമം.
ആര്‍ എസ് പി ഇടതുപക്ഷത്ത് നിന്ന് വലതുപക്ഷത്ത് ചേക്കേറിയതിനെ പോലും നില്‍ക്കക്കള്ളിയില്ലാതെ ഒഴിഞ്ഞുപോയതാണ് എന്ന സഹതാപം ചേര്‍ത്താണ് മിക്ക മാധ്യമങ്ങളും അവതരിപ്പിച്ചത്. ആ സഹതാപം വലതുപക്ഷത്തിന്റെ വോട്ടുബാങ്ക് വികസിപ്പിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു. ആ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യത്തില്‍ നിന്ന്, അവരുടെ സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളില്‍ നിന്ന് അവര്‍ പിന്നോക്കം പോയതിനെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തില്ല. ആര്‍ എസ് പിയുടെ ദേശീയ ജനറല്‍ സെക്രട്ടറി പല കാലത്തും എടുത്ത ഇടതുനിലപാടുകള്‍ ഇടതുപക്ഷത്തിന് ശക്തിപോര, ഇടതുപക്ഷത്തിന്റെ സമരങ്ങള്‍ക്ക് മൂര്‍ച്ചപോര, കുത്തകകള്‍ക്കെതിരെയുള്ള പ്രസ്താവനകള്‍ തുടങ്ങിയവയെല്ലാം രാഷ്ട്രീയബോധത്തില്‍ നിന്നുണ്ടായതല്ല എന്ന് തെളിയിക്കും വിധത്തിലായിരുന്നു അവരുടെ നിലപാട് മാറ്റം. ദേശീയ ജനറല്‍ സെക്രട്ടറിയുടെയും ആര്‍ #െസ് പി കേരള ഘടകത്തിന്റെയുംനിലപാടുകള്‍ വെറും ഗിമ്മിക്ക് മാത്രമായിരുന്നു എന്ന് ആര്‍ എസ് പിയുടെ പുതിയ ബാന്ധവം വിളിച്ചുപറഞ്ഞപ്പോള്‍ ചര്‍ച്ചകള്‍ നടന്നത് വേറെ വഴിയിലാണ്. ഇടതുപക്ഷത്ത് നിന്നും പുറത്താക്കപ്പെട്ട പാവങ്ങളുടെ പരിവേഷമാണ് മാധ്യമങ്ങള്‍ ആര്‍ എസ് പിക്ക് കല്‍പ്പിച്ച് നല്‍കിയത്. അവര്‍ക്ക് ഇടതുപക്ഷത്ത് പിടിച്ച് നില്‍ക്കാന്‍ ഒരു കച്ചിത്തുരുമ്പ് പോലും ലഭിക്കാത്തതിനാല്‍ പുറത്തുപോവേണ്ടി വന്നതാണ് എന്ന് സ്ഥാപിക്കാനും ആ ശ്രമത്തിലൂടെ നിഷ്പക്ഷ വോട്ടുകളും പൊതുബോധവും അവര്‍ക്ക് അനുകൂലമാക്കാനുമുള്ള ശ്രമം മാധ്യമങ്ങള്‍ നടത്തി. എന്‍ കെ പ്രേമചന്ദ്രന്‍ എന്ന സ്ഥാനാര്‍ത്ഥി ഇടതുപക്ഷ നിലപാടുകള്‍ മാറ്റിവെക്കുമ്പോള്‍ ജനപക്ഷത്ത് നിന്ന് കുത്തകകളുടെ പക്ഷത്തേക്ക് ചേക്കേറുകയാണ് എന്നത് മറച്ചുവെക്കുകയും 'പരനാറി' എന്ന വാക്കിന്റെ അര്‍ത്ഥഭാവങ്ങള്‍ക്ക് മുകളില്‍ വലതുപക്ഷത്തിന് വോട്ടുകള്‍ ലഭിക്കാനുള്ള ശ്രമങ്ങളിലേര്‍പ്പെടുകയും ചെയ്തു മാധ്യമങ്ങള്‍. മാത്രമല്ല ആ പദം പ്രയോഗിച്ച പിണറായി വിജയന്‍ എന്നത് ഇത്തരത്തിലുള്ള വാക്കുകളുടെ വക്താവ് ആണെന്നും ഈ വാക്ക് തിരസ്‌കരിക്കേണ്ട ഒന്നാണെന്നും സ്ഥാപിക്കാനുള്ള പരിശ്രമത്തില്‍ നിരവധി ചര്‍ച്ചകള്‍ സ്റ്റുഡിയോ റൂമുകളില്‍ ഉണ്ടായി.
യഥാര്‍ത്ഥത്തില്‍ മാധ്യമങ്ങള്‍ക്ക് ജനപക്ഷ നിലപാടാണ് ഉണ്ടായിരുന്നതെങ്കില്‍ ചര്‍ച്ച ചെയ്യാന്‍ നിരവധി വിഷയങ്ങളുണ്ടായിരുന്നു. വിലക്കയറ്റം, അഴിമതി തുടങ്ങി ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ മാധ്യമങ്ങള്‍ തുറന്നതേയില്ല. പെട്രോളിന്റെയും പാചകവാതകത്തിന്റെയും വിലക്കയറ്റം അത് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് പ്രാപ്തിയില്ലാത്തത്. കാര്‍ഷിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നത്. കര്‍ഷക ആത്മഹത്യ. ദരിദ്രനും ധനികനും തമ്മിലുള്ള അന്തരം കൂടുതല്‍ തീക്ഷ്ണമായി തുടരുന്നത്. തുടങ്ങി നിരവധി കാര്യങ്ങളെ മാധ്യമങ്ങള്‍ സമര്‍ത്ഥമായി മൂടിവെച്ചു. ജനങ്ങളുടെ ചര്‍ച്ചയും ശ്രദ്ധയും ആവശ്യമായ വിഷയങ്ങളായിരുന്നു ഇതൊക്കെ.
റിയാലിറ്റി ഷോകളും കോമഡി സ്റ്റാറും മെഗാഷോകളും വിചാരണകളും വാക്പയറ്റുകളും പൊടിപാറുന്ന ചാനല്‍ ഭൂമികയില്‍ വളരെ കുറച്ച് സമയം മാത്രമേ യഥാര്‍ത്ഥത്തില്‍ ഗൗരവമുള്ള വാര്‍ത്തകള്‍ വീക്ഷിക്കാന്‍ സാധിക്കുകയുള്ളു. ആ സമയത്ത് മാധ്യമങ്ങളുടെ തിരക്കഥയില്‍ ഒരുക്കിയെടുക്കുന്ന നിറംപിടിപ്പിച്ച നുണകള്‍ ആഹരിക്കാന്‍ നിര്‍ബന്ധിതനാവുന്ന പ്രേക്ഷകന് അരാഷ്ട്രീയതയുടെ അജീര്‍ണം പിടിക്കും എന്നതില്‍ സംശയം വേണ്ട. വസ്തുതകള്‍ ലഭ്യമല്ലാത്ത മനസുകളുമായാണ് ഇത്തരക്കാര്‍ സമൂഹത്തിലെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുക എന്നത് എത്ര ഭീഷണമായ ഒരു പ്രതിസന്ധി തന്നെയാണ്.
ഇത്തരമൊരു പരിസരത്ത് നിന്നുകൊണ്ട് ചിന്തിക്കാനും ചര്‍ച്ചചെയ്യാനും നിലപാടുകള്‍ കൈക്കൊള്ളാനും ജനങ്ങള്‍ക്ക് സാധിക്കുന്നില്ല. ജനാധിപത്യ വ്യവസ്ഥിതിയില്‍ യുക്തിസഹമായ നിഗമനങ്ങളിലെത്തി രാജ്യത്തിന്റെ ഭാഗഥേയം നിര്‍ണയിക്കാനുള്ള നിലപാടുകള്‍ രൂപപ്പെടുത്താന്‍ സാധിക്കുന്നില്ല. അതിനുള്ള അവസരം നിഷേധിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. ഇതിലൂടെ മാധ്യമങ്ങള്‍ സംരക്ഷിക്കുന്നത് നവലിബറല്‍ മുതലാളിത്തത്തെയും വലതുപക്ഷ-ഫാസിസ്റ്റ് ചിന്താധാരയെയും ആണ്. അവരുടെ സര്‍ക്കാരുകളെയാണ്. അവര്‍ സൃഷ്ടിക്കുന്ന സാമൂഹ്യ സാമ്പത്തിക പ്രതിസന്ധികള്‍ ഒരിക്കലും സമൂഹത്തില്‍ ചര്‍ച്ചയാവരുത് എന്ന് മാധ്യമങ്ങള്‍ക്ക് ശാഠ്യമുണ്ട്. ജനപക്ഷത്ത് നിന്നും ഇത്തരം നയങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരെ പ്രക്ഷോഭത്തിന്റെ തീപ്പന്തങ്ങളാവുന്ന ഇടതുപക്ഷത്തെ ലോകം കാണരുതെന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്.
ഇത്തരത്തില്‍ സമൂഹമനസിനെ വലതുപക്ഷ വത്കരിക്കാന്‍ ശ്രമിക്കുന്ന കാലയളവിലാണ് ലോകസഭാ ഇലക്ഷന്‍ നടന്നത്. മലയാളത്തിലെ മാധ്യമങ്ങള്‍ മിക്കവാറും ഒറ്റക്കെട്ടായി നിന്ന് വലതുപക്ഷത്തിന് വേണ്ടി വിടുപണി ചെയ്യുന്ന രീതിയില്‍ വാര്‍ത്താ വിന്യാസം സംഘടിപ്പിച്ച കാലയളവ് എന്ന് മാത്രമേ ഈ കാലയളവിനെ വിശേഷിപ്പിക്കാന്‍ സാധിക്കുകയുള്ളു. ഇത്തരമൊരു അവസ്ഥയില്‍ പുതിയൊരു ബദല്‍ മാധ്യമസംസ്‌കാരം വളര്‍ന്നുവരുമെന്ന് പ്രതീക്ഷിക്കാനുള്ള സാഹചര്യം നിലവിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ബദല്‍ മാധ്യമങ്ങളിലൂടെ യാഥാര്‍ത്ഥ്യത്തെ മനസിലാക്കി എന്നതിലുപരി തങ്ങളുടെ അകക്കണ്ണ് തുറന്നുവെച്ച് ജനങ്ങള്‍ മാധ്യമഭാഷ്യങ്ങളെ വിലയിരുത്തി എന്നുവേണം കരുതാന്‍.
വലതുപക്ഷത്തിന്റെ പ്രചരണ സംവിധാനങ്ങളെ വെല്ലുവിളിക്കും വിധത്തില്‍ നിഷ്പക്ഷതയുടെ മുഖംമൂടിയണിഞ്ഞുകൊണ്ട് വലതുപക്ഷത്തിന് വേണ്ടി ജോലി ചെയ്ത മാധ്യമങ്ങളില്‍ നിന്നും നല്ലതൊന്നും പ്രതീക്ഷിക്കാന്‍ ജനതയ്ക്ക് സാധിക്കില്ല. അവരുടെ കണ്ണീരൊപ്പാനുള്ള, ജീവിത പരിസരങ്ങളെ മാറ്റിമറിക്കാനുള്ള മാധ്യമ ഇടപെടലായി വളര്‍ന്നുവരാന്‍ അവര്‍ക്ക് സാധിക്കില്ല. എ കെ ജി സെന്ററിന്റെ പുറം മതിലില്‍ ഇരുന്ന് ബ്രേക്കിംഗ് ന്യൂസ് പടച്ചുവിടലല്ല മാധ്യമ പ്രവര്‍ത്തകരുടെ ധര്‍മം എന്നതും പി സായ്‌നാഥിനെ പോലെ ജീവിതം പുഴുക്കളെപ്പോലെ നുരക്കുന്നയിടങ്ങളില്‍ തുറന്നുവെച്ച കണ്ണുമായി കടന്നുചെന്ന് ജീവിതങ്ങളെ മാറ്റിമറിക്കാനുള്ള ഇടപെടലുകള്‍ വളര്‍ത്തിക്കൊണ്ടുവരികയാണ് വേണ്ടത്. അതിനുള്ള പാഠം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭിക്കാത്തിടത്തോളം കാലം. ജനങ്ങള്‍ക്ക് തങ്ങളുടെ അകക്കണ്ണ് തുറന്നുവെക്കല്‍ മാത്രമേ രക്ഷയുള്ളു.
മാധ്യമങ്ങള്‍ വിക്ഷേപിക്കുന്ന നിറംപിടിപ്പിച്ച വാര്‍ത്തകളുടെ അപ്പുറത്തുള്ള യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കാന്‍. സത്യം മനസിലാക്കി മുന്നോട്ടുപോവാനുള്ള അകക്കണ്ണുകള്‍ തുറന്നുവെക്കുക. ജീവിത പരിസരങ്ങളില്‍ നിന്നും യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കുക. തങ്ങളാല്‍ കഴിയുന്ന രീതിയില്‍ ബദല്‍ മാധ്യമങ്ങളുടെ ആവശ്യകത മനസിലാക്കുകയും മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും പ്രാദേശീകമായി അത്തരം ബദലുകള്‍ക്കായുള്ള സാധ്യതകള്‍ ആരായുകയും ചെയ്യുക. ഞങ്ങളില്ലായെങ്കില്‍ നിങ്ങള്‍ക്ക് നിലനില്‍പ്പില്ല എന്ന സന്ദേശം മുഖംമൂടിയിട്ടുനില്‍ക്കുന്ന ദുഷിച്ച മാധ്യമങ്ങളുടെ മുഖത്ത് നോക്കി വിളിച്ചുപറയാന്‍ സന്നദ്ധതകാട്ടുക. ഇതൊക്കെയാണ് ഇന്ന് ആവശ്യപ്പെടുന്നത്.
03-May-2014
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍