അരപറ്റ എന്നൊരു ഗ്രാമത്തില്‍ !

പ്ലസ്ടു ഉയര്‍ന്ന മാര്‍ക്കോടെ പാസായി, ഉപരിപഠനം നടത്താന്‍ സാധിക്കാതെ അറുപത് രൂപ ദിവസക്കൂലിക്ക് ഒരു സ്റ്റേഷനറിക്കടയില്‍ ജോലി നോക്കുന്ന റൈഹാനത്ത്, പത്താം ക്ലാസ് കഴിഞ്ഞ് എനിക്ക് ഇനിയും പഠിക്കണം ഉമ്മാ., എന്ന് പറയുന്ന റംസീന. നിരവധി അസുഖങ്ങള്‍ കൊണ്ട് വലയുന്ന അവരുടെ ഉമ്മ സുബൈദ. മുതിര്‍ന്ന പെണ്‍കുട്ടികളെയും കൊണ്ട് ഭര്‍ത്താവ് മരിച്ചുപോയ ഈ ഉമ്മ എവിടേക്ക് പോവും? എം വി ശ്രേയാംസ്‌കുമാര്‍ മുന്‍കൈയെടുത്ത് മാതൃഭൂമി ന്യൂസ് ചാനലിലൂടെ ഈ പാവങ്ങളുടെ ജീവിതത്തെ ലോകത്തിന് കാണിച്ചുകൊടുക്കണം. ഭൂസമരം തകര്‍ന്ന് തരിപ്പണമായിപ്പോയി എന്ന് സമര്‍ത്ഥിച്ച ആവേശത്തോടെ, ഇവിടെ തളിര്‍ത്തുനില്‍ക്കുന്ന സമര ജീവിതങ്ങളെ പരിചയപ്പെടുത്താനുള്ള ധാര്‍മികത ഒരു മാധ്യമവും കാണിച്ചിട്ടില്ല. ഈ സമരപന്ഥാവിനെ കുറിച്ചും ലോകം മനസിലാക്കേണ്ടതുണ്ട്. വര്‍ഷങ്ങളായി നടക്കുന്ന ഭൂസമര ഗാഥയുടെ വീര്യത്തിന് നേരെ കണ്ണടച്ച് പിടിക്കുന്ന കുത്തക മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നത് തങ്ങളുടെ മുതലാളിത്ത പക്ഷത്തെയാണ്.

അരപ്പറ്റ ഭൂസമരഭൂമിയിലെ മേരിയുടെ കുടില്‍. അവിടെ നിന്നും കഴിക്കാനായി തന്ന കപ്പ പുഴുങ്ങിയതിന്റെയും കാന്താരി ചമ്മന്തിയുടെയും രുചി ഇപ്പോഴും നാവിലുണ്ട്. സമരഭൂമിയില്‍ വിളഞ്ഞതാണ് ആ വിഭവങ്ങള്‍. ഭക്ഷണത്തോടൊപ്പം മേരി പങ്കുവെച്ച സമരവീര്യവും ഞങ്ങളെ ആവേശ ഭരിതരാക്കി. കഴിഞ്ഞ മെയ് മൂന്നാം തിയ്യതി, സമരഭൂമിയില്‍ നിന്നും ഈ ഏഴകളെ പിടിച്ചിറക്കാനായി യു ഡി എഫ് സര്‍ക്കാരിന്റെ ആശിര്‍വാദത്തോടെ സര്‍വ്വ സന്നാഹങ്ങളുമായി പോലീസ്‌സേന ഇരമ്പി വന്നപ്പോള്‍ മരണം അല്ലെങ്കില്‍ ജീവിതം എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് മണ്ണെണ്ണ ശരീരത്തിലേക്ക് ഒഴിച്ച് ജീവത്യാഗത്തിന് തയ്യാറായ സ്ത്രീത്വമാണ് മേരി.

ആ കറുത്ത ദിവസം അരിപ്പറ്റയിലേക്ക് ആക്രോശിച്ചെത്തിയ പോലീസ് സേനയ്ക്കുള്ള ഭക്ഷണം ഹാരിസണ്‍സ് കമ്പനിയുടെ വകയായിരുന്നു. അരിപ്പറ്റയിലെ 32 ഏക്കര്‍ ഭൂമിയില്‍ കുടില്‍കെട്ടി താമസിക്കുന്ന 140 കുടുംബങ്ങളെയും അവിടെ നിന്ന് ആട്ടിയിറക്കണം എന്ന് ഹാരിസണ്‍സ് കമ്പനിക്ക് വേണ്ടി കല്‍പ്പിച്ചത് യു ഡി എഫ് സര്‍ക്കാരായിരുന്നു. 'ഗാട്ടും കാണാചരടും' എന്ന പേരില്‍ മുതലാളിത്തത്തിന്റെ രീതിശാസ്ത്രങ്ങളെ കുറിച്ച് പുസ്തകം രചിച്ച, ജനതാദള്‍ നേതാവ് എം പി വീരേന്ദ്രകുമാറിന്റെയും മകന്‍ എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എയുടെയും തട്ടകമാണ് വയനാടും കല്‍പ്പറ്റയും. പക്ഷെ, 99 വര്‍ഷത്തെ പാട്ടക്കരാറിനെയും അതവസാനിച്ചിട്ടും നീളുന്ന കാണാകരാറിനെയും കുറിച്ച് ഇക്കൂട്ടര്‍ മൗനം പാലിക്കുകയാണ്. വലതുപക്ഷമൊന്നാകെ ആ മൗനത്തെ പിന്തുടരുന്നു. സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ലാത്ത, കയറികിടക്കാന്‍ കൂരയില്ലാത്ത പാവപ്പെട്ട തൊഴിലാളികളുടെ ജീവല്‍പ്രശ്‌നങ്ങളെ ഹാരിസണ്‍സ് കമ്പനി മുതലാളികളുടെ കൂടെ നിന്ന് യു ഡി എഫ് നേതൃത്വവും അവരുടെ സര്‍ക്കാരും കണ്ടില്ലെന്ന് നടിക്കുന്നു. പരിഹസിക്കുന്നു. ആക്രമിക്കുന്നു.

വയനാട് ജില്ലയിലെ മൂപ്പൈനാട് പഞ്ചായത്തിലാണ് അരപ്പറ്റ എന്ന ഗ്രാമം. ഹാരിസണ്‍ കമ്പനിയുടെ എന്‍ സി ഡിവിഷന്‍ പ്രദേശമാണ് താഴെഅരപ്പറ്റ. അവിടെ തൊഴിലാളികള്‍ കൈയ്യേറി കുടില്‍ക്കെട്ടിയത് കൃഷി നശിപ്പിച്ചുകൊണ്ടല്ല. ചായത്തോട്ടമല്ലാത്ത 32 ഏക്കര്‍ ഭൂമിയിലാണ് കുടിലുകള്‍ കെട്ടിയിരിക്കുന്നത്. ആ ഭൂമിയില്‍ കര്‍പ്പൂരമരങ്ങളാണുള്ളത്. കമ്പനിയുടെ ഫാക്ടറിയിലേക്കുള്ള വിറകിനുവേണ്ടി വളര്‍ത്തിയ പാഴ്ത്തടിമരങ്ങള്‍. ഈ മരമുള്ള പ്രദേശങ്ങളില്‍ ജലദൗര്‍ലഭ്യമുണ്ടാവും. വേനല്‍ക്കാലത്ത് ഈ മരത്തിന് കീഴെ അടിക്കാട് പോലും കാണില്ല. വെള്ളമെല്ലാം മരങ്ങള്‍ ഊറ്റിയെടുക്കും. കമ്പനി അധികൃതര്‍ ഈ മരം വെച്ച് പിടിപ്പിച്ചതില്‍ പോലും പ്രകൃതിവിരുദ്ധമായ മനോഭാവമുണ്ടാവാം. ഒരു പച്ചപ്പ് പോലും തങ്ങളുടെ മണ്ണില്‍ പൊട്ടിവിരിയാന്‍ പാടില്ല എന്ന കമ്പനിയുടെ മുതലാളിത്ത മനോഭാവം. ഇവിടുത്തെ ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ കെ എസ് കെ ടി യു ഒരു പൊതു കിണര്‍ കുഴിച്ചു. അതില്‍ മോട്ടോര്‍ വെച്ച് എല്ലാ കുടിലുകളിലേക്കും വെള്ളം എത്തിക്കുന്നുണ്ട്. വലതുപക്ഷവും അവരുടെ സര്‍ക്കാരും പുല്‍ക്കൊടിയുടെ വില പോലും കല്‍പ്പിക്കാതെ ചവിട്ടിയരക്കാന്‍ ശ്രമിക്കുന്ന ഈ തൊഴിലാളികള്‍ക്കുള്ള ദാഹജലം പകരുക എന്നത് കെ എസ് കെ ടി യുവിന്റെ കടമയാണ്. ഇവരുടെ ജീവന്‍ നിലനിര്‍ത്താന്‍, ജീവിതം നിലനിര്‍ത്താന്‍ ഏത് പോരാട്ടസീമയിലേക്കും കര്‍ഷകതൊഴിലാളി പ്രസ്ഥാനം മുന്നോട്ട് പോവും.

കര്‍ഷകതൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ കര്‍ഷകസംഘം ആദിവാസിക്ഷേമസിമിതി, പട്ടികജാതി ക്ഷേമസമിതി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തോടെ 2013 ജനുവരി 1നാണ് താഴെ അരപ്പറ്റയില്‍ കുടിലുകെട്ടിക്കൊണ്ടുള്ള ഭൂസമരം ആരംഭിച്ചത്. കര്‍ഷകതൊഴിലാളി പ്രസ്ഥാനം തന്നെ അവിടേക്ക് കുടിയേറിയ ഭൂരഹിതരായ പാവപ്പെട്ട തൊഴിലാളികള്‍ക്ക് ഭൂമി അളന്ന് വീതം വെച്ച് നല്‍കി. പിന്നീട് കേരളം അതിശക്തമായ ഭൂസമരത്തിന് സാക്ഷ്യം വഹിച്ചു. കര്‍ഷക-കര്‍ഷകതൊഴിലാളി പ്രസ്ഥാനങ്ങളുടെയും ക്ഷേമസമിതികളുടെയും നേതൃത്വത്തില്‍ ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള വിട്ടുവീഴ്ചയില്ലാത്ത സമരം. അവസാനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും റവന്യുവകുപ്പ് മന്ത്രി അടൂര്‍ പ്രകാശും സമരസംഘടനകളുടെ നേതൃത്വത്തെ ചര്‍ച്ചയ്ക്ക് വിളിച്ചു. ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് ഭൂമി വീതം നല്‍കുമെന്ന ഉറപ്പിന്‍മേല്‍ ആ ഭൂസമരം അവസാനിപ്പിച്ചു. പക്ഷെ, സമയബന്ധിതമായി ഭൂമി വിതരണം ചെയ്യാന്‍ വലതുപക്ഷത്തിന്റെ തൊഴിലാളി വിരുദ്ധമനോഭാവത്തിന് സാധിച്ചില്ല. പാവപ്പെട്ടവരെ എന്നും പുച്ഛിക്കുന്ന, അവഹേളിക്കുന്ന, ദ്രോഹിക്കുന്ന അവരുടെ മനോഭാവം കൂടുതല്‍ പ്രകാശിപ്പിക്കുകയാണുണ്ടായത്.

ആലിക്കുട്ടിയും കുടുംബവും അരപ്പറ്റയിലെ ഭൂസമരഭൂവില്‍ കുടില്‍ കെട്ടി താമസിക്കുന്നുണ്ട്. യു ഡി എഫ് സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് ഭൂമി നിശ്ചയമായും നല്‍കുമെന്ന് പ്രഖ്യാപിച്ച് വളരെയേറെ നാളുകള്‍ കഴിഞ്ഞപ്പോള്‍ മൂപ്പൈനാട് വില്ലേജ് ഓഫീസര്‍ ആലിക്കുട്ടിയെ പോലുള്ള ഭൂരഹിതരോട് കാസര്‍ഗോഡേക്ക് പോകാന്‍ പറഞ്ഞു. അവിടെയുള്ള കല്ലും പാറയുമുള്ള മൂന്ന് സെന്റ് ഭൂമിക്ക് വേണ്ടി ഹാരിസണ്‍ കമ്പനിയുടെ വെറുതെ ഇട്ടിരിക്കുന്ന ഈ ഭൂമിയില്‍ നിന്ന് ഇറങ്ങിപ്പോവാന്‍ ആലിക്കുട്ടിമാര്‍ തയ്യാറായില്ല. എവിടെയെങ്കിലും നട്ടാല്‍കുരുക്കാത്ത കുറച്ച് ഭൂമി നല്‍കി ഈ മണ്ണ് കമ്പനിക്ക് തിരികെ കൊടുക്കാനുള്ള ത്വരയാണ് ഭരണകൂടത്തിനുള്ളത്.

പ്ലസ്ടു ഉയര്‍ന്ന മാര്‍ക്കോടെ പാസായി, ഉപരിപഠനം നടത്താന്‍ സാധിക്കാതെ അറുപത് രൂപ ദിവസക്കൂലിക്ക് ഒരു സ്റ്റേഷനറിക്കടയില്‍ ജോലി നോക്കുന്ന റൈഹാനത്ത്, പത്താം ക്ലാസ് കഴിഞ്ഞ് എനിക്ക് ഇനിയും പഠിക്കണം ഉമ്മാ., എന്ന് പറയുന്ന റംസീന. നിരവധി അസുഖങ്ങള്‍ കൊണ്ട് വലയുന്ന അവരുടെ ഉമ്മ സുബൈദ. മുതിര്‍ന്ന പെണ്‍കുട്ടികളെയും കൊണ്ട് ഭര്‍ത്താവ് മരിച്ചുപോയ ഈ ഉമ്മ എവിടേക്ക് പോവും? എം വി ശ്രേയാംസ്‌കുമാര്‍ മുന്‍കൈയെടുത്ത് മാതൃഭൂമി ന്യൂസ് ചാനലിലൂടെ ഈ പാവങ്ങളുടെ ജീവിതത്തെ ലോകത്തിന് കാണിച്ചുകൊടുക്കണം. ഭൂസമരം തകര്‍ന്ന് തരിപ്പണമായിപ്പോയി എന്ന് സമര്‍ത്ഥിച്ച ആവേശത്തോടെ, ഇവിടെ തളിര്‍ത്തുനില്‍ക്കുന്ന സമര ജീവിതങ്ങളെ പരിചയപ്പെടുത്താനുള്ള ധാര്‍മികത ഒരു മാധ്യമവും കാണിച്ചിട്ടില്ല. ഈ സമരപന്ഥാവിനെ കുറിച്ചും ലോകം മനസിലാക്കേണ്ടതുണ്ട്. വര്‍ഷങ്ങളായി നടക്കുന്ന ഭൂസമര ഗാഥയുടെ വീര്യത്തിന് നേരെ കണ്ണടച്ച് പിടിക്കുന്ന കുത്തക മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നത് തങ്ങളുടെ മുതലാളിത്ത പക്ഷത്തെയാണ്.

അരപ്പറ്റയില്‍ ഭൂസമരത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ നേര്‍ക്ക് മറ്റേതോ നാട്ടിലെ ആര്‍ക്കും വേണ്ടാത്ത മണ്ണ് വെച്ച് നീട്ടൂവാനുള്ള കുടിലബുദ്ധിക്ക് പകരം ഹാരിസണ്‍ കമ്പനി കൈയ്യടക്കിവെച്ചിരിക്കുന്ന ഈ ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്യാനുള്ള ഇച്ഛാശക്തിയാണ് സര്‍ക്കാര്‍ കാണിക്കേണ്ടത്. സുബൈദയുടെ കുടിലിന്റെ ബ്ലേഡ് വെച്ച് കീറാവുന്ന ഫ്‌ളക്‌സ് ചുവരിന്റെ അരക്ഷിതാവസ്ഥ കര്‍ഷക തൊഴിലാളി യൂണിയന് കണ്ടില്ലെന്ന് നടിക്കാനാവില്ല. തോക്കും നീട്ടിപ്പിടിച്ച് ഭൂസമര സഖാക്കളുടെ നേരെ പോലീസ് പൊസിഷനെടുത്തപ്പോള്‍, കര്‍ഷകതൊഴിലാളി യൂണിയനും ക്ഷേമസമിതികളും സി കെ ശശീന്ദ്രന്റെയും സുരേഷ് താളൂരിന്റെയും മറ്റും നേതൃത്വത്തില്‍ ഒരു പരിചയായ് മാറിയത് അങ്ങനെയാണ്. ഞങ്ങള്‍ തൊഴിലാളികളുടെ ചോര പകര്‍ന്നാണ് ഉമ്മന്‍ചാണ്ടിയും സംഘവും ഹാരിസണ്‍ കമ്പനിയുടെ ദാഹം തീര്‍ക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഇനി അതാവാം. യു ഡി എഫ് സര്‍ക്കാരിന്റെ മുതലാളിത്ത മനോഭാവത്തിലൂടെ ഈ വിഷയം പരിഹരിക്കാനാവില്ല. ആ മനോഭാവം തിരുത്തി സമരത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ അവകാശം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

മെയ് മൂന്നിന്റെ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് കെ എസ് കെ ടിയു, എ കെ എസ്, പി കെ എസ് നേതാക്കളുടെയും കണ്ടാലറിയാവുന്ന 200 പേരുടെയും പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് മെയ് ഏഴിന് അരപ്പറ്റയിലെ ഭൂസമരഭൂവില്‍ നിന്നും അസൈനാര്‍, ഷിഹാബ്, ഷാബു, റഹിം, അനീഷ്, ഇസ്മായില്‍, ബാബ്‌നു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയി. പോലീസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തി എന്ന് പറഞ്ഞ്. ഇതില്‍ മൂന്ന് പേര്‍ക്കെതിരെ ആത്മഹത്യാശ്രമത്തിനുള്ള വകുപ്പുകളും ചുമത്തി. പോലീസ് അതിക്രമിച്ച് കയറിയപ്പോള്‍ കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യക്കുള്ള ശ്രമം ഉണ്ടായത് തങ്ങളുടെ ജീവിതം ഇല്ലാതാവുമെന്ന ഭയപ്പാടില്‍ നിന്നാണ്. ഭരണകൂട ഭീകരതയാണ് ഇത്തരമൊരു മനോഭാവത്തിലേക്ക് ഈ പാവങ്ങളെ തള്ളിയിട്ടത്. അവരെ ഇനിയും വേട്ടയാടുന്നത് പൈശാചികമാണ്. ഈ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

അരിപ്പറ്റയില്‍ കുടില്‍ക്കെട്ടി പാര്‍ക്കുന്ന ഭൂരഹിതരില്‍ പല കക്ഷി രാഷ്ട്രീയബോധമുള്ളവരുമുണ്ട്. ഇന്നവര്‍ തിരിച്ചറിയുന്നത്, ദുരിതസമയത്ത് അവരുടെ ജീവിതത്തിന് കൈത്താങ്ങാവുന്നത് ആരാണെന്നതാണ്. ഒരു കാറ്റടിച്ചാല്‍ പറന്നുപോവുന്ന ഓലയുടെയും, ആസ്ബറ്റോസിന്റെയും, ടാര്‍പോളിന്റെയും മോല്‍ക്കൂരയ്ക്ക് കീഴില്‍ ഇഴജന്തുക്കളെ ഭയന്ന് കഴിയുന്ന കുറെയേറെ കുഞ്ഞുങ്ങള്‍ അരപറ്റയിലുണ്ട്. അവര്‍ക്ക് ഇത്തിരി വെളിച്ചം പകരാന്‍ പോലും പാടില്ല എന്ന് കല്‍പ്പിക്കുന്ന വൈദ്യുതിവകുപ്പ് മന്ത്രിയുള്ള നാടാണ് പ്രബുദ്ധ കേരളം എന്ന അറിവില്‍ നമുക്ക് ആശ്ചര്യപ്പെടാം. കുത്തകകളുടെ വൈദ്യുതിമോഷണത്തിന് നേരെ കണ്ണടക്കുന്ന മന്ത്രി, പാവങ്ങളുടെ ജീവിതത്തില്‍ കരിന്തിരി കത്തിക്കാന്‍ നടത്തുന്ന പരിശ്രമം കോണ്‍ഗ്രസ് പാരമ്പര്യത്തില്‍ നിന്ന് സ്വാംശീകരിച്ചതാണോ? ഹാരിസണ്‍ കമ്പനി പറയുന്നതെല്ലാം വിഴുങ്ങുന്ന സര്‍ക്കാരിന്റെയും കോണ്‍ഗ്രസ് നയിക്കുന്ന യു ഡി എഫിന്റെയും മനോഭാവം മാറിയേ മതിയാവു. അതുവരെ ഈ സമരം തുടരും.

കേരള സംസ്ഥാനമാകെ വന്‍കിട മുതലാളിമാരുടെ കൈയ്യില്‍ രണ്ട് ലക്ഷത്തോളം ഏക്കര്‍ ഭൂമിയുണ്ട്. ഭൂപരിഷ്‌കരണ ബില്‍ തയ്യാറാക്കുന്ന വേളയില്‍ തോട്ടം ഭൂമിക്കും പരിധി നിശ്ചയിക്കണം എന്ന രീതിയില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. തോട്ടങ്ങള്‍ വലിയ രീതിയില്‍ നാണ്യവിളകള്‍ ഉല്‍പ്പാദിപ്പിച്ചിരുന്നു എന്നതും തോട്ടങ്ങളെ ആശ്രയിച്ച് ലക്ഷക്കണക്കിന് തൊഴിലാളികള്‍ ജീവിക്കുന്നു എന്നതുമാണ് പരിധിക്ക് കീഴില്‍ കൊണ്ടുവരുന്നതിന് തടസമായി നിന്ന വാദങ്ങള്‍. ആ വാദമുഖത്തിനായിരുന്നു ഭൂരിപക്ഷം. പക്ഷെ, പിന്നീട് ഹാരിസണ്‍സ് പോലുള്ള കമ്പനികള്‍ തോട്ടത്തിനും പുറത്ത് ഭൂമി കൈയ്യേറി സ്വന്തമാക്കി. അതിനുമുകളില്‍ കേസുകള്‍ വന്നപ്പോള്‍ പ്രമുഖ അഭിഭാഷകരെ ഭീമമായ തുക ഫീസ് നല്‍കി കൊണ്ടുവന്ന് അനുകൂല വിധികള്‍ സമ്പാദിച്ചു. ഇന്ന് ഹാരിസണ്‍സ് കമ്പനി പാട്ട കാലാവധി കഴിഞ്ഞിട്ടും ഭൂമി വിട്ടുനല്‍കാതെ ജനങ്ങള്‍ക്ക് നേരം കോക്രി കാണിക്കുന്നു.

1921ല്‍ ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയാണ് ഹാരിസണ്‍സ്. സംസ്ഥാനത്തെ എട്ട് ജില്ലകളിലായി ഏതാണ്ട് 70000 ഏക്കറോളം ഭൂമി രേഖകള്‍ ഉള്ളതും ഇല്ലാത്തതുമായി ഹാരിസണ്‍സിന്റെ കൈയ്യിലുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് ശേഷം ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത ഈ കമ്പനിക്ക് രാജ്യത്ത് അംഗീകാരമില്ല. ഇത്തരം തോട്ടങ്ങള്‍ക്ക് നിയമസാധുത വേണമെങ്കില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും കണ്‍ട്രോളര്‍ ഓഫ് ക്യാപിറ്റല്‍ ഇഷ്യൂസിന്റെയും അനുമതി വേണം. ഈ രേഖകള്‍ ഇതുവരെയായി ഹാരിസണ്‍സിന് ഹാജരാക്കാന്‍ സാധിച്ചിട്ടില്ല എന്നതില്‍ നിന്നും ഇവര്‍ അനധികൃതമായി കൈയ്യടക്കിവെച്ചിരിക്കുന്നവരാണ് എന്ന് മനസിലാക്കാന്‍ സാധിക്കും. ഈ പശ്ചാത്തലത്തില്‍ മിച്ചഭൂമിയായി മാത്രമെ ഇതിനെ കണക്കാക്കാന്‍ പറ്റു. ഹാരിസണ്‍സ് കമ്പനിയുടെ ഷെയര്‍ഹോള്‍ഡറായ ഇന്ത്യന്‍ കുത്തക, ഗോയങ്കയെ ഏത് വിധേനയും സഹായിക്കുക എന്ന യു ഡി എഫ് സര്‍ക്കാരിന്റെ മനോഭാവമാണ് ഈ ദുര്‍വിധിക്ക് പിന്നിലുള്ളത്.

ഒരു ഗവണ്‍മെന്റ് ഓര്‍ഡിനന്‍സിലൂടെ ഈ ഭൂമിയാകെ ഏറ്റെടുക്കാന്‍ സാധിച്ചാല്‍ എട്ട് ജില്ലകളിലായി പരന്ന് കിടക്കുന്ന 70000ത്തോളം ഏക്കര്‍ഭൂമി ജനങ്ങളുടേതാവും. ഈ ഭൂമിയില്‍ ഭൂരിപക്ഷവും തേയിലത്തോട്ടങ്ങളാണ്. തോട്ടം സംരക്ഷിക്കണമെന്ന കാര്യത്തില്‍ കെ എസ് കെ ടിയുവിന് തര്‍ക്കമില്ല. അതിനായി പ്രത്യേകമൊരു സംവിധാനം സര്‍ക്കാര്‍ രൂപപ്പെടുത്തണം. തോട്ടങ്ങളല്ലാത്ത ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കാര്‍ഷിക ഭൂപരിഷ്‌കരണനിയമമനുസരിച്ച് മിച്ച ഭൂമിയാണ്. അതുള്‍പ്പെടെ വിറ്റ് ലാഭം കൊയ്യാനാണ് ഗോയങ്ക ശ്രമിക്കുന്നത്. അതിന് തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങള്‍ സമ്മതിക്കില്ല.

ഈ പശ്ചാത്തലത്തിലാണ് അരപ്പറ്റയിലെ ഭൂസമരഭൂവിലെ ചെറുത്തുനില്‍പ്പിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഭൂസംരക്ഷണ സമിതി ഒരു പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ത്തത്. കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ഭൂസംരക്ഷണ സമിതി ചെയര്‍മാന്‍ ഇ പി ജയരാജന്‍ പറഞ്ഞത് പോലെ ഈ മണ്ണ് തൊഴിലാളികളുടേത് തന്നെയാണ്. വയനാട്ടില്‍ ഹാരിസണ്‍സ് മലയാളം കമ്പനിയാണ് അനധികൃതമായി ഭൂമി കൈയ്യില്‍ വെച്ചിരിക്കുന്നത്. നിയമപരമായി പാട്ടക്കാലാവധി തീര്‍ന്ന ഭൂമിയില്‍ നിന്നും ഹാരിസണ്‍സിനെ കുടിയിറപ്പിക്കാനുള്ള ആത്മാര്‍ത്ഥമായ പരിശ്രമങ്ങളിലാണ് സര്‍ക്കാര്‍ ഏര്‍പ്പെടേണ്ടത്. മിച്ചഭൂമി ഭൂരഹിതര്‍ക്ക് അവകാശപ്പെട്ടതാണ്. അവിടെയാണ് അവര്‍ കുടില്‍ക്കെട്ടി പാര്‍ക്കുന്നത്. അവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാനും വീട്ടുനമ്പര്‍ നല്‍കാനും വൈദ്യുതി എത്തിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അതിന് പകരം പാവപ്പെട്ട തൊഴിലാളികളുടെ നേര്‍ക്ക് പോലീസ് ഭീകരത അഴിച്ചുവിടാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത് എങ്കില്‍ കേരളമൊന്നാകെ അരപ്പറ്റയിലെ പാവപ്പെട്ട തൊഴിലാളികളുടെ മുന്നില്‍ പരിചയായി മാറും.

 

15-May-2014

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More