വെളുപ്പും കറുപ്പും

എം വി രാഘവനെന്ന രാഷ്ട്രീയ നേതാവിന്റെ പൊതുജീവിതത്തിന് മൂന്ന് തലങ്ങളുണ്ട്. ആദ്യത്തേത് സംഘാടകനും പ്രചാരകനും പാര്‍ലമെന്റേറിയനുമായി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവായി ആദരിക്കപ്പെട്ട എം വി ആര്‍. പാര്‍ലമെന്ററി വ്യാമോഹത്തിനും അധികാര രാഷ്ട്രീയത്തിനും അടിപ്പെട്ട് കമ്യൂണിസ്റ്റ് വിരുദ്ധ ക്യാമ്പിന്റെ നായകനായി മാറിയതാണ് രണ്ടാം ഘട്ടം. ബൂര്‍ഷ്വാ രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശമാണ് തൊഴിലാളി വര്‍ഗത്തിന് അനഭിമതനാക്കിയത്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ മൂന്നാംഘട്ടവും പ്രധാനമായിരുന്നു. സിപിഐ എമ്മുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കണമെന്ന ആഗ്രഹം തുറന്നുപറയുകയും അതിന് അനുസൃതമായ നിലപാട് എടുക്കുകയും ചെയ്തു ഒടുവില്‍. കാഴ്ചപ്പാടിലും പ്രായോഗിക രംഗത്തും പരിമിതികള്‍ ചൂണ്ടിക്കാട്ടാമെങ്കിലും സിഎംപി വലതുപക്ഷ രാഷ്ട്രീയം ഉപേക്ഷിച്ചത് എടുത്തുപറയേണ്ടതാണ്. ഇടതുപക്ഷത്തേക്കുള്ള തിരിച്ചുവരവ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉള്‍ക്കാഴ്ചയുടെ പ്രതിഫലനമായി വേണം വിലയിരുത്താന്‍.

നെയ്ത്തുതൊഴിലാളിയായി പൊതുരംഗത്തെത്തിയ രാഘവന്‍ 1946-ലാണ് രാഷ്ട്രീയത്തില്‍ സജീവമായത്. പാവപ്പെട്ടവരെയും തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങി. കമ്യൂണിസ്റ്റ് പാര്‍ടി പിളര്‍ന്നപ്പോള്‍ സിപിഐ എമ്മില്‍ നിലയുറപ്പിച്ചു. 1964ല്‍ ചൈനീസ് ചാരനെന്ന് മുദ്രകുത്തി രണ്ടരവര്‍ഷം ജയിലിലടച്ചു.1968ല്‍ ജില്ലാ സെക്രട്ടറിയായതോടെ സംസ്ഥാനമാകെ ശ്രദ്ധിക്കപ്പെട്ടു. 1970കളുടെ തുടക്കം മുതല്‍ അടിയന്തിരാവസ്ഥ വരെയുള്ള ഭരണകൂട ഭീകരതയെയും ഗുണ്ടാ ആക്രമണങ്ങളെയും ചെറുക്കുന്നതില്‍ അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്. ഒളിവിലിരുന്ന് പാര്‍ടിയെ നയിച്ചു. ഈ ഘട്ടത്തില്‍ രാഘവനെ പിടികൊടുക്കാതിരിക്കാന്‍ പാര്‍ടി ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. പിടിക്കപ്പെട്ടാല്‍ ഉണ്ടാകാനിടയുള്ള പൊലീസ് അതിക്രമം മനസിലാക്കി ഇ എം എസ് ഉള്‍പ്പെടെയുള്ള നേതൃനിര ഇടപെട്ടു. ഒടുവില്‍ ഒളിവില്‍ കഴിയവേ പിടിക്കപ്പെട്ടപ്പോഴും കസ്റ്റഡിയിലെ പകപോക്കല്‍ സാധ്യത കണ്ടറിഞ്ഞ് നേതാക്കള്‍ ഉന്നതങ്ങളില്‍ ഇടപെട്ടിരുന്നു. പക്ഷേ, പൊലീസ് രാഘവനെ അതിക്രൂരമായി പീഡിപ്പിക്കുകയും സാങ്കല്‍പ്പിക കസേരയിലിരുത്തുന്നതടക്കമുള്ള ഭേദ്യമുറകള്‍ പ്രയോഗിക്കുകയും ചെയ്തു. ആര്‍എസ്എസ് അതിക്രമങ്ങളെ ചെറുക്കുന്നതിലും തുറന്നുകാട്ടുന്നതിലും അദ്ദേഹം സാഹസികമായി പ്രവര്‍ത്തിച്ചു.

1970ല്‍ പാപ്പിനിശേരി ഇരിണാവിലെ മുഹമ്മദ് കൊല്ലപ്പെട്ട കേസില്‍ പ്രതിയാക്കിയെങ്കിലും കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വിട്ടു. 1970ല്‍ എംഎല്‍എയായിരിക്കെ പഴയങ്ങാടി പ്രൊബേഷന്‍ എസ്‌ഐ കാര്‍ തടഞ്ഞുനിര്‍ത്തി കൈയേറ്റം ചെയ്തു. 1974ല്‍ ബസ് ചാര്‍ജ് വര്‍ധനയ്‌ക്കെതിരെ കെഎസ്‌വൈഎഫ് നടത്തിയ സമരം പാര്‍ടി ഏറ്റെടുത്തതോടെ പൊലീസ് സിപിഐ എം നേതൃത്വത്തിനെതിരെ തിരിഞ്ഞു. തുടര്‍ന്ന് പള്ളിക്കരയില്‍ എസ്പി ജോസഫ് തോമസിന്റെ നേതൃത്വത്തില്‍ എം വി രാഘവന്‍, പാച്ചേനി കുഞ്ഞിരാമന്‍, ഒ ഭരതന്‍, പി കരുണാകരന്‍, ഐ വി ശിവരാമന്‍ തുടങ്ങിയ നേതാക്കളെ കസ്റ്റഡിയില്‍ ഭീകരമായി മര്‍ദിച്ചു. 1978ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായതോടെ പ്രവര്‍ത്തന കേന്ദ്രം തിരുവനന്തപുരമായി. സിപിഐ എം സമാജികനെന്ന നിലയില്‍ നിയമസഭയ്ക്ക് അകത്തും പുറത്തും തൊഴിലാളിവര്‍ഗത്തിനായി നടത്തിയ നിരന്തര പോരാട്ടങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ഇതിലൂടെ ജനങ്ങളുടെ പിന്തുണയും ആദരവും നേടാനായി. ജനകീയ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച ശൈലി വ്യത്യസ്തമായിരുന്നു. രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ കര്‍ക്കശ ഭാഷയില്‍ സംസാരിച്ചപ്പോള്‍ ജനങ്ങളില്‍നിന്ന് വലിയ അംഗീകാരം ലഭിച്ചു. എതിരാളികളെ നിലം പരിശാക്കുന്ന ഈ രീതി എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. രാഘവന്റെ പ്രസംഗം കേള്‍ക്കാന്‍ ആളുകള്‍ ഒഴുകിയെത്തി. പ്രവര്‍ത്തകരെ ആവേശഭരിതരാക്കാനും പ്രക്ഷോഭ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഉറപ്പിച്ചുനിര്‍ത്താനും എംവിആറിനുള്ള കഴിവ് അസാധാരണമായിരുന്നു.

പ്രചാരകനും സംഘാടകനും പ്രക്ഷോഭകനും പാര്‍ലമെന്റേറിയനും ചെറുത്തുനില്‍പിന്റെ നായകനുമായി അറിയപ്പെട്ട ഘട്ടത്തില്‍ പാര്‍ലമെന്ററി അവസരവാദ ചിന്ത ഉടലെടുത്തു. ശരിയായ പാര്‍ടി നിലപാടിനെതിരെ കലഹിച്ചു. അധികാരത്തിലേക്കുള്ള കുറുക്കുവഴി തേടിയ അദ്ദേഹത്തിന,് വര്‍ഗ നിലപാട് അടിസ്ഥാനപ്പെടുത്തിയേ ഭരണത്തില്‍ എത്താവൂ എന്ന കാഴ്ചപ്പാട് സ്വീകാര്യമായില്ല. ഇതാണ് 1986ല്‍ ബദല്‍രേഖ പ്രശ്‌നത്തെ തുടര്‍ന്ന് സിപിഐ എമ്മില്‍ നിന്ന് പുറത്താക്കാന്‍ കാരണം. അതേ വര്‍ഷം സിഎംപി രൂപീകരിച്ചു. യുഡിഎഫിന്റെ ഭാഗമായ രാഘവന്റെ വാക്കും പ്രവൃത്തിയും ജനവിരുദ്ധതയിലേക്ക് നീങ്ങിയതും കുത്തുപറമ്പ് പൊലീസ് വെടിവെയ്പ് ഉള്‍പടെയുള്ള സംഭവങ്ങളും കേരള രാഷ്ട്രീയത്തിലെ മായാത്ത കറകളാണ്. ജീവിത സായാഹ്‌നത്തില്‍, തന്റെ രാഷ്ട്രീയ വ്യതിയാനങ്ങള്‍ തിരുത്താന്‍ അദ്ദേഹം തീവ്രമായി ആഗ്രഹിച്ചു. പാര്‍ടിയിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട്തന്നെ ജനപക്ഷ രാഷ്ട്രീയത്തിലേക്ക് അദ്ദേഹം തിരികെ എത്തി.

യുവാക്കളെ പാര്‍ടിയിലേക്ക് ആകര്‍ഷിക്കുന്നതിലും നേതൃനിരയിലെത്തിക്കുന്നതിലും കേഡര്‍മാരെ കണ്ടെത്തുന്നതിലും രാഘവന്റെ കഴിവ് പ്രശംസനീയം. പ്രവര്‍ത്തകരുടെ കുടുംബ പ്രശ്‌നങ്ങളില്‍വരെ ഇടപെട്ട് പരിഹരിക്കാനുള്ള സിദ്ധിയും വേറിട്ടതാണ്. സഹകരണ മേഖലയില്‍ നിരവധി സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ പങ്കാണ് വഹിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ എ കെ ജി ആശുപത്രി, വിഷചികിത്സാ കേന്ദ്രം, സ്‌നേക്ക് പാര്‍ക്ക്, പാപ്പിനിശേരി ഹൈസ്‌കൂള്‍, പാപ്പിനിശേരി വീവേഴ്‌സ് സൊസൊസൈറ്റി എന്നിവ ഉദാഹരണം. ബൂര്‍ഷ്വ രാഷ്ട്രീയത്തിന്റെ ഭാഗമായതോടെ ഇവ കയ്യടക്കാന്‍ ശ്രമിച്ചത് ആക്ഷേപങ്ങള്‍ക്കിടയാക്കി. രാഘവന്റെ രാഷ്ട്രീയ ജീവിതം ഇടതു-വലതു രാഷ്ട്രീയങ്ങളുടെ സമ്മിശ്രമാണ്. അതില്‍ വെളുപ്പും കറുപ്പും ഇഴചേര്‍ന്നുനില്‍ക്കുന്നു.

10-Nov-2014

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More