ഫാസിസ്റ്റ് ഗുഹ ഇല്ലാതാക്കാന്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
ഡോ. അംബേദ്ക്കറും അനുയായികളും 1956ല്‍ ബുദ്ധമതം സ്വീകരിച്ചപ്പോള്‍, ഹിന്ദുമഹാസഭ മതം മാറിയവരെ തിരികെ ഹിന്ദുമതത്തിലേക്കു ക്ഷണിച്ചു. അതിനു മറുപടിയായി ഡോ. അംബേദ്ക്കര്‍ ഉയര്‍ത്തിയ ചോദ്യം ഇന്നും പ്രസക്തമാണ്. ''മതം മാറിയവര്‍ തിരികെ ഹിന്ദുമതത്തിലേക്ക് വന്നാല്‍ ഹിന്ദുത്വത്തിന്റെ ഏതു പടിയിലായിരിക്കും അവരുടെ സ്ഥാനം''? ഇതിനുള്ള ഉത്തരം ആര്‍ എസ് എസുകാര്‍ നേരത്തെ ആവിഷ്‌കരിച്ച ശുദ്ധി പ്രസ്ഥാനത്തിന്റെ കാലത്ത് തന്നെ ലഭിച്ചിട്ടുണ്ട്. ഘര്‍വാപ്പസിയുടെ ആദിരൂപമായിരുന്നല്ലൊ ശുദ്ധി പ്രസ്ഥാനം. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ രാജ്യത്ത് നടപ്പിലാക്കിയതായിരുന്നു ഈ പരിപാടി. 'ഹിന്ദുമതവക്താക്കള്‍' 1921ലെ സെന്‍സസില്‍ ഹിന്ദുക്കളുടെ വര്‍ധനവിലെ കുറവും അഹിന്ദുക്കളുടെ എണ്ണം വര്‍ധിക്കുന്നതിലുള്ള ആക്കവും മനസിലാക്കിയപ്പോള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയത് ആയിരുന്നു ശുദ്ധി പ്രസ്ഥാനം. അന്നും ഹിന്ദുമതത്തിലേക്ക് ചിലരൊക്കെ തിരികെ വന്നു. വന്നവരാരെയും നമ്പൂതിരിയാക്കിയില്ല. ഹിന്ദുക്കളുടെ എണ്ണം കൂട്ടുവാനാഗ്രഹിക്കുമ്പോഴും ജാത്യനാചാരങ്ങളുടെ തടവില്‍ തന്നെയായിരുന്നു ഹിന്ദുത്വ വക്താക്കള്‍. ഈ ഘര്‍വാപ്പസി കാലത്തും അതിന് യാതൊരു മാറ്റവുമില്ല. |
വീട്ടിലേക്കുള്ള മടക്കം എന്ന് പറഞ്ഞാണ് ഫാസിസ്റ്റ് ശക്തികള്‍ 'ഹിന്ദുരാഷ്ട്ര' നിര്‍മിതിക്ക് ആളെ കൂട്ടുന്നത്. വീട് എന്നതിന്റെ ഉള്ളടക്കം നിര്‍ണയിക്കുന്നത് ആര്‍ എസ് എസ് ആണ്. ഇതാണ് നിങ്ങളുടെ വീട് എന്ന കല്‍പ്പന, വര്‍ഗീയത പുരട്ടി പാവപ്പെട്ട ജനവിഭാഗങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുകയാണ്. ആര്‍ എസ് എസ് നിരവധിയായ വര്‍ഗീയ അജണ്ടകളാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. അതിലൊന്ന് മാത്രമാണ് ഘര്‍ വാപ്പസി എന്ന് അറിയപ്പെടുന്ന വീട്ടിലേക്കുള്ള മടക്കം. കേരളത്തിലെ പല ചുമരുകളിലും 'നല്ല മതം ഹിന്ദുമതം, ഹിന്ദുമതത്തിലേക്ക് മടങ്ങുക' എന്നെഴുതിയ പോസ്റ്റര്‍ പതിച്ചിരിക്കുന്നത് കാണാം. പരസ്യ പ്രചരണം മാത്രമല്ല ഉളളത്. പണം കൊടുത്തും മതപരിവര്‍ത്തനം നടത്തുകയാണ്. മുസ്ലിമിനെ മതംമാറ്റാന്‍ അഞ്ചുലക്ഷം രൂപയും ക്രൈസ്തവനെ മതംമാറ്റാന്‍ രണ്ടുലക്ഷം രൂപയും നല്‍കാമെന്നാണ് ഇക്കൂട്ടരുടെ തീരുമാനം. ഒരുവര്‍ഷത്തിനകം ഒരുലക്ഷം മുസ്ലിങ്ങളെയും ഒരുലക്ഷം ക്രൈസ്തവരെയും മതം മാറ്റുക എന്ന ലക്ഷ്യമാണ് ഘര്‍വാപ്പസിയിലൂടെ ആര്‍ എസ് എസ് സംഘപരിവാരങ്ങള്‍ ലക്ഷ്യമിടുന്നത്.
ആര്‍ എസ് എസ് ഓരോ സംഘപരിവാര്‍ സംഘടനകള്‍ക്കും ഓരോ ചുമതലകള്‍ നല്‍കിയിരിക്കുകയാണ്. മതപരിവര്‍ത്തനത്തിനുള്ള ചുമതല ധര്‍മ ജാഗരണ്‍ സമിതിക്കും വിശ്വ ഹിന്ദു പരിഷദിനുമാണ്. മുപ്പത്തൊന്നു ശതമാനം വോട്ടുമാത്രം നേടി 282 സീറ്റ് കൈക്കലാക്കി തനിച്ച് ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തിലാണ് ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന ബിജെപി, നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ തങ്ങളുടെ കാവി അജന്‍ഡ പുറത്തെടുക്കുന്നത്. ആര്‍ എസ് എസ് ഒരു ഫാസിസ്റ്റ് സംഘടനയാണ്. പല നാക്കുകള്‍ കൊണ്ട് സംസാരിച്ച് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ ചുരമാന്തി നില്‍ക്കുകയാണ് അവര്‍. കേരളത്തിലടക്കം വി എച്ച് പി ഘര്‍ വാപ്പസിയിലൂടെ ഹിന്ദു മതത്തിലേക്ക് ആളുകളെ ചേര്‍ക്കുമ്പോള്‍, ഉത്തര്‍പ്രദേശില്‍ ബജ്രംഗദളിന്റെ നേതൃത്വത്തില്‍ 'ബഹു ലാവോ ബേട്ടി ബച്ചാവോ' എന്ന മുദ്രാവാക്യമുയര്‍ത്തി വര്‍ഗീയത അഴിച്ചുവിടുകയാണ്.
'ബഹു ലാവോ ബേട്ടി ബച്ചാവോ' എന്നാല്‍, പുത്രവധുക്കളെ കൊണ്ടുവരൂ, പെണ്‍മക്കളെ സംരക്ഷിക്കൂ എന്നാണ് അര്‍ത്ഥം. അന്യമതങ്ങളില്‍നിന്ന് സ്ത്രീകളെ വിവാഹംചെയ്ത് മതം മാറ്റുന്നതിന് ഹിന്ദുയുവാക്കളെ പ്രേരിപ്പിക്കുകയും ഹിന്ദുമതത്തില്‍ നിന്ന് ഒരു യുവതിപോലും അന്യമതസ്ഥരെ വിവാഹം ചെയ്യിക്കാതിരിക്കുന്നതിനുമുള്ളതാണ് ഈ പരിപാടി. ഇത് ലൗജിഹാദിനെതിരായുള്ള ക്യാമ്പയിനാണെന്നാണ് ബജ്‌റംഗദള്‍ പറയുന്നത്. കേരളത്തില്‍ ആയിരക്കണക്കിന് ഹിന്ദു പെണ്‍കുട്ടികളെ പ്രണയിച്ച് വശീകരിച്ച് മതംമാറ്റുന്നുവെന്ന പച്ചക്കള്ളമാണ് ലൗജിഹാദിന്റെ പേരില്‍ പ്രചരിപ്പിച്ചത്. അതില്‍ ഒട്ടും സത്യമില്ലെന്ന് വ്യക്തമായതോടെ ആ നുണയ്ക്ക് അനിവാര്യ അന്ത്യമായി. എന്നാല്‍, ഒരു നുണ നൂറാവര്‍ത്തി ആവര്‍ത്തിച്ചാല്‍ അതു സത്യമായി ഭവിക്കുമെന്ന ഗീബല്‍സിയന്‍ തന്ത്രമാണ് ലൗജിഹാദിന്റെ പേരില്‍ ഇന്ത്യയില്‍ കണ്ടത്. കേരളത്തില്‍നിന്ന് ആരംഭിച്ച ഒരു നുണ രാജ്യവ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഇപ്പോഴിതാ അതിനുള്ള പ്രതിക്രിയ ആര്‍ എസ് എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്നു. വര്‍ഗീയ കലാപങ്ങളും വംശഹത്യകളും നടത്താന്‍ നുണപ്രചരിപ്പിക്കുന്ന ആര്‍ എസ് എസ്, മറ്റ് മതങ്ങളെ ഇല്ലാതാക്കി 'ഹിന്ദുരാഷ്ട്രം' ഉണ്ടാക്കാനുള്ള തന്ത്രങ്ങള്‍ ഇനിയും പ്രയോഗിച്ചുകൊണ്ടേയിരിക്കും. യു പിക്ക് പിന്നാലെ കര്‍ണാടകത്തിലും കേരളത്തിലും ഈ പരിപാടിയുടെ ശക്തമായ പ്രചരണവും നടപ്പിലാക്കലുമുണ്ടാവുമെന്ന് ബജ്‌റംഗദള്‍ പറയുന്നു .
മറ്റു മതങ്ങളിലുള്ളവരെ ആസൂത്രിതമായി മതംമാറ്റുന്നതിനുള്ള ഭരണഘടനാവിരുദ്ധമായ ആഹ്വാനമാണ് ഘര്‍ വാപ്പസിയും ബഹു ലാവോ ബേട്ടി ബച്ചാവോ തുടങ്ങിയുള്ള പരിപാടികളും. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം ഏത് ഇന്ത്യക്കാരനും ഭരണഘടന അനുശാസിക്കുന്നുണ്ട്. എന്നാല്‍, പ്രലോഭനങ്ങളിലൂടെയും ഭീഷണിയിലൂടെയും മതത്തിലേക്ക് ആളെക്കൂട്ടുന്നത് നിയമവിരുദ്ധമാണ്. ആര്‍ എസ് എസ് ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കാത്ത സംഘടനയായത് കൊണ്ടാവണം സംഘപരിവാര സംഘടനകള്‍ പ്രലോഭനങ്ങളിലൂടെയും ഭീഷണിപ്പെടുത്തിയും മതം മാറ്റാന്‍ ശ്രമിക്കുന്നത്. മനുഷ്യന്റെ ദാരിദ്ര്യവും കഷ്ടതയും മുതലെടുത്താണ് പുനര്‍മതപരിവര്‍ത്തനമെന്ന് പരിവര്‍ത്തനത്തിന് വിധേയരായവര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് പുനര്‍മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരുടെ സാഹചര്യങ്ങളില്‍ സമാനതയുണ്ട്. ആഗ്രയിലും കേരളത്തിലും മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരെ പരിശോധിക്കുമ്പോള്‍ അത് മനസിലാക്കാന്‍ സാധിക്കും.
വിഎച്ച്പി കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ 'ഘര്‍വാപസി' എന്നപേരിട്ട് സംഘടിപ്പിക്കുന്ന നിര്‍ബന്ധിത പുനര്‍മതപരിവര്‍ത്തനം തികച്ചും ഭരണഘടനാവിരുദ്ധമായിട്ടും ഒരു നടപടിയും കൈക്കൊള്ളാന്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നില്ല. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആര്‍എസ്എസിനോടുള്ള വിധേയത്വവും ഭയവുമാണതിന് കാരണം. കേരളത്തിലാകട്ടെ, ഈ വിധേയത്വത്തിനു പുറമെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് മറിച്ചുനല്‍കുന്നതിനോടുള്ള ഉപകാരസ്മരണ കൂടിയുണ്ട്. ഫാസിസ്റ്റുകളെ സന്തോഷിപ്പിക്കാന്‍ വേണ്ടി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കണ്ണടക്കുമ്പോള്‍ ചൂഷണം ചെയ്യപ്പെടുന്നത് ദരിദ്രജനവിഭാഗങ്ങള്‍ മാത്രമാണ്.
2021 ആവുമ്പോഴേക്കും ഇന്ത്യയില്‍ മുസ്ലീങ്ങളോ, കൃസ്ത്യനികളോ ഉണ്ടാവരുതെന്നാണ് ധര്‍മ ജാഗരണ്‍ സമിതി ഭാരവാഹി രാജേശ്വര്‍ സിംഗ് സോളങ്കി പറയുന്നത്. അന്യമതസ്ഥരെയെല്ലാം മതം മാറ്റി ഹിന്ദുവാക്കാനാണ് അവരുടെ പദ്ധതി. ഇതിന് തുടര്‍ച്ചയായി വിശ്വഹിന്ദ് പരിഷദിന്റെ നേതാവ് പ്രവീണ്‍ തൊഗാഡിയ, ഇന്ത്യയിലെ മുസ്ലീംങ്ങളും കൃസ്ത്യാനികളുമൊക്കെ യഥാര്‍ത്ഥത്തില്‍ ഹിന്ദുക്കളാണെന്ന് പ്രഖ്യാപിച്ചു. എഴുനൂറ് കോടി ഹിന്ദുക്കളുണ്ടായത് 100 കോടി ഹന്ദുക്കളായി കുറഞ്ഞുവെന്നാണ് തൊഗാഡിയ വിലപിക്കുന്നത്. വര്‍ഗീയ ധ്രുവീകരണത്തിനുള്ള കോപ്പുകൂട്ടല്‍ ഇത്തരത്തില്‍ രാജ്യത്തിന്റെ പല ഭാഗത്തും നടക്കുന്നു.
ഹിന്ദുമതത്തിനകത്ത് തങ്ങളുടെ താല്‍പ്പര്യങ്ങള്‍ നടപ്പിലാക്കുന്ന വിധത്തില്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥ, ദൈവകല്‍പ്പിതമെന്ന നിലയില്‍ കൊണ്ടുവരാന്‍ ബ്രാഹ്മണ മേധാവിത്വത്തിലുള്ള പുരോഹിത വര്‍ഗത്തിന് സാധിച്ചിരുന്നു. ആര്‍ എസ് എസ് ഈ രീതിയെ പിന്‍പറ്റുന്നത് കൊണ്ടാണ് മനുസ്മൃതിയെ പ്രമാണഗ്രന്ഥമായി സ്വീകരിച്ചിരിക്കുന്നത്. ''ചണ്ഡാളരുടെയും ശ്വപാകരുടെയും പാര്‍പ്പിടങ്ങള്‍ ഗ്രാമത്തിന് വെളിയിലായിരിക്കണം. അവരെ അപപാത്രരാക്കണം. നായ്ക്കളും കഴുതകളുമായിരിക്കണം അവരുടെ ധനം'' (മനു) മനുസ്മൃതി ദളിതര്‍ക്കും ജാതിയില്‍ കുറഞ്ഞോര്‍ക്കും കൊടുക്കുന്ന സ്ഥാനങ്ങളില്‍ മനംമടുത്താണ് ഡോ. അംബേദ്കര്‍ ഹിന്ദുമതം ഒഴിവാക്കി, ബുദ്ധമതം സ്വീകരിച്ചത്. അത്തരത്തിലുള്ള മതം മാറ്റങ്ങള്‍ രാജ്യത്ത് ഏറെ നടന്നു. സവര്‍ണന്റെ ചവിട്ടും തുപ്പും കൊള്ളാന്‍ വിധിക്കപ്പെട്ട അവര്‍ണരാണ് മതം മാറിയവരില്‍ ഏറെയും. സമൂഹത്തിന്റെ ഏറ്റവും താഴേക്കടിയിലുള്ളവര്‍, ഉയര്‍ന്ന ജാതിക്കാരുടെ ജീവിതത്തിന് നിറം പകരാന്‍ അഹോരാത്രം അധ്വാനിക്കാന്‍ വിധിക്കപ്പെട്ടവര്‍. എന്നാല്‍, ഉയര്‍ന്ന ഹിന്ദു സമൂഹത്തിന്റെ ചുറ്റുവട്ടത്ത് നിന്നും എന്നും ആട്ടിയകറ്റപ്പെട്ടവര്‍. ഇവര്‍ക്ക് ഹിന്ദു സമൂഹത്തില്‍ നിന്നുള്ള ആട്ടും തുപ്പും മറികടക്കാന്‍ മതം മാറ്റം ഏറെക്കുറെ സഹായകമായി. ഇക്കൂട്ടര്‍ ഘര്‍വാപ്പസിയിലൂടെ തിരികെ ഹിന്ദുമതത്തിലേക്ക് വരുമ്പോള്‍ സ്വീകരിക്കാനിരിക്കുന്നവരുടെ കക്ഷത്തിലുള്ളത് മനുസ്മൃതി തന്നെയാണ്. തമ്പ്രാ.. എന്നുള്ള വിളിയും നടുവളച്ചുള്ള ഓച്ഛാനിപ്പും തന്നെയാണ് ഹിന്ദുത്വ വാദികള്‍ പ്രതീക്ഷിക്കുന്നത്.
ഡോ. അംബേദ്ക്കറും അനുയായികളും 1956ല്‍ ബുദ്ധമതം സ്വീകരിച്ചപ്പോള്‍, ഹിന്ദുമഹാസഭ മതം മാറിയവരെ തിരികെ ഹിന്ദുമതത്തിലേക്കു ക്ഷണിച്ചു. അതിനു മറുപടിയായി ഡോ. അംബേദ്ക്കര്‍ ഉയര്‍ത്തിയ ചോദ്യം ഇന്നും പ്രസക്തമാണ്. ''മതം മാറിയവര്‍ തിരികെ ഹിന്ദുമതത്തിലേക്ക് വന്നാല്‍ ഹിന്ദുത്വത്തിന്റെ ഏതു പടിയിലായിരിക്കും അവരുടെ സ്ഥാനം''? ഇതിനുള്ള ഉത്തരം ആര്‍ എസ് എസുകാര്‍ നേരത്തെ ആവിഷ്‌കരിച്ച ശുദ്ധി പ്രസ്ഥാനത്തിന്റെ കാലത്ത് തന്നെ ലഭിച്ചിട്ടുണ്ട്. ഘര്‍വാപ്പസിയുടെ ആദിരൂപമായിരുന്നല്ലൊ ശുദ്ധി പ്രസ്ഥാനം. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ രാജ്യത്ത് നടപ്പിലാക്കിയതായിരുന്നു ഈ പരിപാടി. 'ഹിന്ദുമതവക്താക്കള്‍' 1921ലെ സെന്‍സസില്‍ ഹിന്ദുക്കളുടെ വര്‍ധനവിലെ കുറവും അഹിന്ദുക്കളുടെ എണ്ണം വര്‍ധിക്കുന്നതിലുള്ള ആക്കവും മനസിലാക്കിയപ്പോള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയത് ആയിരുന്നു ശുദ്ധി പ്രസ്ഥാനം. അന്നും ഹിന്ദുമതത്തിലേക്ക് ചിലരൊക്കെ തിരികെ വന്നു. വന്നവരാരെയും നമ്പൂതിരിയാക്കിയില്ല. ഹിന്ദുക്കളുടെ എണ്ണം കൂട്ടുവാനാഗ്രഹിക്കുമ്പോഴും ജാത്യനാചാരങ്ങളുടെ തടവില്‍ തന്നെയായിരുന്നു ഹിന്ദുത്വ വക്താക്കള്‍. ഈ ഘര്‍വാപ്പസി കാലത്തും അതിന് യാതൊരു മാറ്റവുമില്ല.
കാലമേറെ പുരോഗമിച്ചിട്ടും ഹിന്ദുമതത്തിലേക്ക് തിരികെ വരൂ എന്ന് പറയുന്ന ആര്‍ എസ് എസിനും സംഘികള്‍ക്കും ഹിന്ദുമതത്തെ നവീകരിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍, ആ വര്‍ഗീയതയുടെ പുതിയ രീതിശാസ്ത്രങ്ങള്‍ ആവര്‍ പ്രയോഗിക്കുകയും ചെയ്യുന്നുണ്ട്. നരേന്ദ്രമോഡി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് സംഘചിപ്പിച്ച ന്യൂനപക്ഷ വംശഹത്യ അന്യമതസ്ഥരെ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുള്ള ഒരു പരിപാടിയായിരുന്നു. കൊന്ന് ഇല്ലാതാക്കുക എന്നതാണ് വംശഹത്യയിലൂടെ പ്രയോഗവത്കരിച്ചത്. ഇപ്പോള്‍ സാംസ്‌കാരിക വംശഹത്യയും സംഘടിപ്പിക്കുവാന്‍ ഹിന്ദുത്വ തയ്യാറാവുന്നു. തമിഴ്‌നാട്ടില്‍ പെരുമാള്‍ മുരുഗനെന്ന സാഹിത്യക്കാരന്‍ സ്വയം താന്‍ മരിച്ചുപോയി എന്ന് പ്രഖ്യാപിച്ചത് ആര്‍ എസ് എസ് നേതൃത്വത്തിലുള്ള ഹിന്ദുത്വയുടെ ആക്രമണത്തെ തുടര്‍ന്നാണ്. ആ സാഹിത്യകാരന്‍ എഴുത്തുനിര്‍ത്തിയെന്ന് പ്രഖ്യാപിച്ചുകൊണ്ട് അക്ഷരങ്ങളുടെ പേരില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന കലാപം നിര്‍ത്താന്‍ വിതുമ്പി കേഴുന്നു. പെരുമാള്‍ മുരുഗന്റെ എഴുത്ത് മാത്രമല്ല സംഘികളെ പ്രകോപിപ്പിച്ചത്. അദ്ദേഹം അവിടുത്തെ ഹിന്ദു സവര്‍ണന്‍മാര്‍ നടത്തുന്ന വിദ്യാഭ്യാസ കച്ചവട സ്ഥാപനങ്ങളിലെ അപാകതകള്‍ വിളിച്ചുപറഞ്ഞതും തന്റെ പുതിയ നോവല്‍ ജാതീയതയ്‌ക്കെതിരെ പോരടിച്ച ഒരു വ്യക്തിക്ക് സമര്‍പ്പിച്ചതുമാണ്. സമൂഹത്തിന്റെ പുരോഗമനമുഖത്തെ പ്രകാശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ഇല്ലാതാക്കുക എന്നതാണ് ഹിന്ദുത്വ ലക്ഷ്യമിടുന്നത്. സമൂഹത്തില്‍ തീവ്രമായി നിലനിന്നിരുന്ന അടിച്ചമര്‍ത്തലിന്റെയും ചൂഷണത്തിന്റെയും പഴയ ചരിത്രത്തെ പുതിയകാലത്തിനനുസരിച്ച് ആവിഷ്‌കരിക്കുന്നത് പെരുമാള്‍ മുരുഗന്റെ മരണ പ്രഖ്യാപനത്തിനൊപ്പം കൂട്ടിവായിക്കാനാവും.
വര്‍ത്തമാനം ആവശ്യപ്പെടുന്നത് ആര്‍ എസ് എസ് നേതൃത്വത്തില്‍ സംഘികള്‍ രാജ്യത്ത് വ്യാപിപ്പിക്കുന്ന ജാതീയതയ്ക്കും വര്‍ഗീയതയ്ക്കും കൂച്ചുവിലങ്ങിടുക എന്നത് തന്നെയാണ്. അതിന് രാജ്യത്ത് ഒരു ഫാസിസ്റ്റ് വിരുദ്ധ മുന്നണി സജീവമാകേണ്ടതുണ്ട്. കര്‍ഷക തൊഴിലാളികളും ഇടത്തരക്കാരും കര്‍ഷകരും മറ്റ് തൊഴിലെടുക്കുന്നവരും ഉപരിവര്‍ഗത്തിലെ പുരോഗമനേച്ഛുക്കളും സ്വാതന്ത്രസമര പ്രസ്ഥാനത്തിന്റെ പിന്തുടര്‍ച്ചക്കാരും ഈ മുന്നണിയിലുണ്ടാവണം. ഫാസിസ്റ്റുമനസുള്ളവരൊഴികെ ബാക്കിയുള്ള മനുഷ്യരെല്ലാം ചേര്‍ന്ന് മുന്നേറ്റം നടത്തിയാല്‍ മാത്രമേ ജനാധിപത്യത്തിന്റെ മണ്ണിലെ ഫാസിസ്റ്റ് ഗുഹ ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളു.
30-Jan-2015
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍