നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കും
എം വി ഗോവിന്ദന്‍മാസ്റ്റര്‍
ഇപ്പോള്‍, നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ മാറ്റം വരുത്തിക്കൊണ്ട് 2008ന് മുന്‍പ് നികത്തിയ നെല്‍വയലുകള്‍ക്ക് അതത് ഭൂമിയുടെ ന്യായവിലയുടെ 25 ശതമാനം സര്‍ക്കാരിന് നല്‍കി പുരയിടമാക്കി മാറ്റാമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. അതിനുള്ള അധികാരം കലക്ടറിലാണ് നിക്ഷിപ്തമാക്കിയിരിക്കുന്നത്. 2008ലെ നിയമത്തില്‍ വയലുകള്‍ നികത്തിയാല്‍ അത് പൂര്‍വ്വ സ്ഥിതിയിലാക്കാനും പിഴയടക്കാനുമാണ് വ്യവസ്ഥ ചെയ്തിരുന്നത്. വയലുകള്‍ നികത്തി പ്രായമായ തെങ്ങുകള്‍ വെച്ചുപിടിപ്പിച്ചും ഉദ്യോഗസ്ഥരെ സ്വാധീനിച്ചുംപുരയിടമാക്കി മാറ്റുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയ ഇതോടൊപ്പം തഴച്ചുവളരും. കേരളത്തിന്റെ പച്ചപ്പ് അവര്‍ കാര്‍ന്നുതിന്നും. കേരളാസ്റ്റേറ്റ് കര്‍ഷകതൊഴിലാളി യൂണിയന്‍ കഴിഞ്ഞ കാലയളവുകളില്‍ നെല്‍വയല്‍-തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുവാനും പരിസ്ഥിതി സംരക്ഷിക്കുവാനും സര്‍വ്വോപരി കേരളത്തിന്റെ ഭക്ഷ്യസ്വയം പര്യാപ്തതയ്ക്കും വേണ്ടി നിരവധി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. എണ്ണിയാലൊടുങ്ങാത്ത മര്‍ദ്ദനങ്ങളും, യാതനകളും പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ആ പോരാട്ടങ്ങള്‍ ഇന്നും തുടരുകയാണ്. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമത്തില്‍ ഈ സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുകയാണെങ്കില്‍ കേരളത്തിന് വേണ്ടി, വരുംതലമുറയ്ക്ക് വേണ്ടി കര്‍ഷക തൊഴിലാളി യൂണിയന്‍ സമരഭൂവിലേക്കിറങ്ങും. |
കേരളത്തെ മരുഭൂമിയാക്കാനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. നെല്‍വയലുകള്‍ പുരയിടമായി പ്രഖാപിക്കാനുള്ള നെല്‍വയല്‍ സംരക്ഷണ നിയമത്തിലെ നിര്‍ദ്ദിഷ്ട മാറ്റം കേരളത്തെ ഇല്ലാതാക്കും. കേളത്തിന്റെ തനത് ഭൂപ്രകൃതിയുടെ സൃഷ്ടിയാണ് ഇവിടുത്തെ നെല്‍വലുകള്‍. മലനാട്, ഇടനാട്, തീര പ്രദേശം എന്നിങ്ങനെ കേരളത്തിന്റെ ഭൂപ്രകൃതിയെ മൂന്നായി തിരിക്കാം. കിഴക്ക് സഹ്യപര്‍വ്വതത്തിനും പടിഞ്ഞാറ് അറബിക്കടലിനും ഇടയില്‍ സ്ഥിതിചെയ്യുന്ന കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയും ജലസമൃദ്ധമായ പുഴകളും ചേര്‍ന്ന് രൂപപെടുത്തിയെടുത്തവയാണ് നമ്മുടെ നെല്‍വയലുകള്‍. അവ കാര്‍ഷിക അഭിവൃദ്ധിയുടെ മുഖമുദ്രയായിരുന്നു. നെല്‍കൃഷിയോടൊപ്പം കേരളത്തിന്റെ പരിസ്ഥിതിയെ സംരക്ഷിക്കുന്ന നീര്‍ത്തടങ്ങളായും നെല്‍വയലുകളെ അടയാളപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ നാട്ടില്‍ കാലാവസ്ഥാ വ്യതിയാനമടക്കമുള്ള ദുരവസ്ഥകള്‍ ഉണ്ടാവുന്നതിന് നെല്‍വയലുകള്‍ ഇല്ലാതാവുന്നതാണ് പ്രധാന കാരണം..
2008ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നെല്‍വയല്‍-നീര്‍ത്തട സംരക്ഷണനിയമം കൊണ്ടുവരുന്നതിനുള്ള പ്രധാന കാരണം കര്‍ഷക തൊഴിലാളി യൂണിയന്റെ ഉജ്ജ്വലമായ പ്രക്ഷോഭങ്ങളായിരുന്നു. ആ നിയമത്തിന്റെ അന്തസത്ത തന്നെ ഇല്ലാതാക്കാനാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. 2008ല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് തന്നെ യു ഡി എഫ് നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും പാലക്കാട്ടെ കര്‍ഷക സമിതിക്കാരും പ്രക്ഷോഭവും പ്രചരണവും സംഘടിപ്പിച്ചിരുന്നു. എന്നാല്‍, കേരളം നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്ന പൊതുസമൂഹം ആ ബില്ലിനൊപ്പം നിന്നു. അങ്ങിനെ വയലും തണ്ണീര്‍ത്തടവും സംരക്ഷിക്കുന്ന നിയമവും ഉണ്ടായി.
ഇന്ത്യയില്‍ തന്നെ ആദ്യമായാണ് നെല്‍വയലുകളെയും തണ്ണീര്‍ത്തടങ്ങളെയും സംരക്ഷിക്കുവാനുള്ള ഒരു നിയമമുണ്ടായത്. പലകാര്യങ്ങളിലും മറ്റ് സംസ്ഥാനങ്ങള്‍ക്കും ഇന്ത്യയ്ക്ക് പൊതുവിലും മാതൃകയായ പാരമ്പര്യം കേരളത്തിനുണ്ട്. നിയമം നെല്‍വയല്‍ മാത്രമുള്ള ഒരാള്‍ക്ക് വീടെടുക്കാനുള്ള സാഹചര്യത്തെ ഇല്ലാതാക്കിയിരുന്നില്ല. വീടു വെക്കാന്‍ മറ്റ് സ്ഥലമില്ലാത്തവര്‍ക്ക് ഗ്രാമപ്രദേശങ്ങളില്‍ പത്തുസെന്റും നഗരത്തില്‍ 5 സെന്റും നികത്തി പുരയിടമാക്കാമെന്ന വ്യവസ്ഥ നിയമത്തിലുണ്ടായിരുന്നു. ശക്തമായ നിയമമാണ്, കേരളത്തിന്റെ പച്ചപ്പ് നിലനിര്‍ത്താനുള്ള ഇടപെടലാണ് അത് എന്ന് പൊതു സമൂഹം അഭിപ്രായപ്പെട്ടു.
ഈ നിയമത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍, ഐക്യരാഷ്ട സഭയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടത് കേരളത്തിന് മാത്രമല്ല ഈ നിയമം വേണ്ടത്, ലോകത്തിന് തന്നെ ഇത്തരമൊരു നിയമത്തിന്റെ ആവശ്യകതയുണ്ടെന്നാണ്. ലോകത്തിലെ തണ്ണീര്‍ത്തടങ്ങള്‍ മുഴുവനും അതിവേഗത്തില്‍ നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണെന്നും ആ ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. നാടിന്റെ ഭാവിയെ മുന്‍നിര്‍ത്തി, പിതാമഹന്‍മാരില്‍ നിന്നും നമുക്ക് കൈമാറിവന്ന ഭൂമി, വലിയ പരിക്കുകളൊന്നുമില്ലാതെ അടുത്ത തലമുറയ്ക്ക് കൈമാറേണ്ടതുണ്ട് എന്ന തിരിച്ചറിവിന്റെ പുറത്ത് മാനവികമായ ഉള്‍ക്കാഴ്ചയോടെ പ്രയോഗത്തില്‍ വരുത്തിയ നിയമത്തിനാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തിരുത്തുവരുത്തുന്നത്.
മനുഷ്യന്റെ മാത്രമല്ല മറ്റ് ഒട്ടനവധി ജീവ ജാലങ്ങളുടെയും നിലനില്‍പ്പ് തണ്ണീര്‍ത്തടങ്ങളുമായി ബന്ധപ്പെട്ടാണ്. എന്നാല്‍, വികസന പദ്ധതികള്‍ക്ക് വേണ്ടിയെന്ന വ്യാജേന ഇവ നശിപ്പിക്കപ്പെടുമ്പോള്‍ ആരും വേണ്ടത്ര ഗൗരവത്തിലെടുക്കാറില്ല. 'വിലയില്ലാത്ത ഭൂമി' എന്ന നിലയില്‍ നെല്‍പ്പാടങ്ങളെ കാണാനുള്ള ഭൂസാക്ഷരത മാത്രമേ നമുക്കുള്ളു. തണ്ണീര്‍ത്തടങ്ങളും വയലുകളും നികത്തി കെട്ടിടങ്ങള്‍ പണിയുമ്പോഴും, വിമാനത്താവളങ്ങളും ഷോപ്പിംഗ്മാളുകളും തീര്‍ക്കുമ്പോഴും, റോഡുകളും പാലങ്ങളും കെട്ടുമ്പോഴും ലഭിക്കുന്ന സാമ്പത്തിക ലാഭത്തെ നമുക്ക് രേഖപ്പെടുത്താനും കണക്ക് കൂട്ടാനും പറ്റും. പക്ഷെ, തണ്ണീര്‍ത്തടങ്ങളും നെല്‍പ്പാടങ്ങളും മാനവരാശിയെ നിലനിര്‍ത്തിയും പരിസ്ഥിതിയെ കാത്തുവെച്ചും ഉണ്ടാക്കുന്ന ലാഭത്തെ നമുക്ക് കണക്ക് കൂട്ടിയെടുക്കാന്‍ കഴിയില്ല. ആ ബോധമാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടത്.
നമ്മള്‍ 2008ല്‍ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം കൊണ്ടുവന്നതോടെ തമിഴ്‌നാട്ടിലും കര്‍ണ്ണാടകത്തിലുമുള്ള വിവിധ സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും വിദഗ്ധരും അത്തരമൊരു നിയമം അവിടെയും കൊണ്ടുവരണമെന്ന് നിരന്തരം ആവശ്യപ്പെടാന്‍ തുടങ്ങി. തമിഴ്‌നാട്ടിലെ നെല്ലറയായ തഞ്ചാവൂരില്‍ 2.5 ലക്ഷം ഹെക്ടര്‍ നെല്‍പ്പാടമാണ് ഇതര ആവശ്യങ്ങള്‍ക്കായി മാറ്റപ്പെട്ടത്. അവിടുത്തെ പ്രധാന പത്രങ്ങളിലും ആനുകാലികങ്ങളിലും ഇത് ചര്‍ച്ചയായപ്പോള്‍ ഒപ്പം കേരളത്തിന്റെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമവും പരാമര്‍ശിക്കപ്പെട്ടു. അവര്‍ നമ്മുടെ പാതയിലേക്ക് വരാന്‍ പോകുമ്പോള്‍ നാം ഈ നിയമത്തെ അപഹസിച്ച്, വെള്ളം ചേര്‍ക്കുകയാണ്. റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് വേണ്ടിയല്ല സര്‍ക്കാര്‍ നിയമത്തില്‍ മാറ്റം കൊണ്ടുവരേണ്ടത്. ജനങ്ങള്‍ക്ക് വേണ്ടിയായിരിക്കണം. നാളെയെ പരിഗണിച്ചുകൊണ്ടാവണം.
1970 ല്‍ കേരളത്തില്‍ ഉണ്ടായിരുന്ന 8.75 ലക്ഷം ഹെക്ടര്‍ നെല്‍പാടങ്ങളിള്‍ മുക്കാല്‍ ഭാഗത്തിലധികവും കഴിഞ്ഞ 45 വര്‍ഷം കൊണ്ട് നികത്തികഴിഞ്ഞു. പാടത്ത് പണിയെടുക്കുന്ന കര്‍ഷക തൊഴിലാളിയുടെ തൊഴില്‍പ്രശ്‌നമായി മാത്രമല്ല കെ എസ് കെ ടി യു ഈ വിഷയത്തെ കണ്ടത്. സംസ്ഥാനത്തിന്റെ പരസ്ഥിതി നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയായി കൂടിയാണ്. നെല്‍പാടങ്ങള്‍ നാണ്യ വിളകള്‍ക്കായി ഒരുക്കി ശരവേഗത്തില്‍ ധനാഡ്യരാകാമെന്ന് വ്യാമോഹിച്ച കുട്ടനാട്ടിലെ കാര്‍ഷിക മുതലാളിമാരാണ് 70 കളിലും 80കളിലും വയല്‍ നശീകരണത്തിന് തുടക്കം കുറിച്ചത്. സമ്പന്ന വര്‍ഗം പ്രകൃതിയോട് കാട്ടിയ ക്രൂരതയ്ക്ക് പ്രകൃതിതന്നെ അന്ന് തിരിച്ചടി നല്‍കി. നിലം നികത്തി തെങ്ങിന്‍ കൂനകള്‍ കുത്തിപ്പൊക്കി, കൊക്കോയും റബ്ബറും വെച്ചുപിടിപ്പിച്ച കുട്ടനാട്ടില്‍, 80 കളിലുണ്ടായ വമ്പിച്ച പ്രളയബാധയില്‍ 50000 ഏക്കര്‍ കൃഷിയാണ് നശിച്ചുപോയത്. കര്‍ഷക തൊഴിലാളി യൂണിയന്‍ ആന്നും ഇന്നും നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ വേണ്ടി സമരമുഖത്ത് തന്നെയായിരുന്നു. കുട്ടനാട്ടിലാരംഭിച്ച നെല്‍വയല്‍ സംരക്ഷണ സമരം കേരളമാകെ വ്യാപിച്ചു.
നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണത്തിനായുള്ള സമരത്തെ 'വെട്ടിനിരത്തല്‍ സമരം' എന്ന പരിഹാസപ്പേരില്‍ വിശേഷിപ്പിച്ച്, കര്‍ഷക തൊഴിലാളികളെയും സമരത്തെയും ഇകഴ്ത്തി കാണിക്കുന്നതില്‍ ചില മാധ്യമങ്ങളുടെ സഹായത്തോടെ വലതുപക്ഷ ശക്തികള്‍ മുന്നോട്ടുവന്നത് നെല്‍പ്പാടങ്ങള്‍ നശിപ്പിക്കുന്നതിന് ആക്കം കൂട്ടി. ജില്ലാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ 1970 ല്‍ 96687 ഹെക്ടര്‍ നെല്‍വയലുണ്ടായിരുന്ന ആലപ്പുഴ ജില്ലയില്‍ ഇപ്പോള്‍ 23000 ഹെക്ടറില്‍ താഴെ മാത്രമാണ് നെല്‍വയലുള്ളത്. റിസോര്‍ട്ടുകളും ചെമ്മീന്‍കെട്ടുകളും ഒരു വ്യവസായമായി വളര്‍ന്നതോടെ ജലമലിനീകരണം വഴി നെല്‍വയലുകളുടെ ആവാസവ്യവസ്ഥയ്ക്ക് കടുത്ത ഭീഷണിയുണ്ടായി. കോഴിക്കോട് 88%, തിരുവനന്തപുരം 70%, ഇടുക്കി 68%, മലപ്പുറം 60%, കണ്ണൂര്‍ 80%, കാസര്‍ഗോഡ് 70% നെല്‍വയലുകള്‍ നികത്തപ്പെട്ടുകഴിഞ്ഞു.
പാലക്കാട് ജില്ലയാണ് നെല്‍കൃഷിയിലും ഉല്‍പാദനത്തിലും ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. തൃശൂരും ആലപ്പുഴയും തൊട്ടടുത്തുണ്ട്. നെല്‍കൃഷി ലാഭകരമാണെന്ന് കൃഷി വികസനത്തിലൂടെ കര്‍ഷകരെ ബോധ്യപ്പെടുത്താനും അവരെ ആ മേഖലയില്‍ പിടിച്ചുനിര്‍ത്താനും കഴിഞ്ഞ കുറെ കാലമായി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതിന്റെ ഫലമായാണ് കര്‍ഷകര്‍ക്ക് നെല്‍കൃഷിയോടുള്ള ആഭിമുഖ്യം കുറഞ്ഞത്. ഈ കാലയളവില്‍ കര്‍ഷകതൊഴിലാളികള്‍ കൂലി കൂടുതലിനുവേണ്ടി കര്‍ഷകരെ ബുദ്ധിമുട്ടിലാക്കാന്‍ തയ്യാറായിട്ടില്ല. ഉള്ള നെല്‍വയലുകള്‍ കണ്‍മണികളെപ്പോലെ സംരക്ഷിച്ചാല്‍ ആ ഭൂമിയില്‍ നിന്നും ഇരട്ടി വിളവുണ്ടാക്കാന്‍ കഴിയുമെന്ന് 'ഗാലസ'പോലുള്ള കൃഷി രീതികള്‍ പരീക്ഷിച്ച് നമുക്ക് ബോധ്യം വന്നതാണ്.
ഇപ്പോള്‍, നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ മാറ്റം വരുത്തിക്കൊണ്ട് 2008ന് മുന്‍പ് നികത്തിയ നെല്‍വയലുകള്‍ക്ക് അതത് ഭൂമിയുടെ ന്യായവിലയുടെ 25 ശതമാനം സര്‍ക്കാരിന് നല്‍കി പുരയിടമാക്കി മാറ്റാമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. അതിനുള്ള അധികാരം കലക്ടറിലാണ് നിക്ഷിപ്തമാക്കിയിരിക്കുന്നത്. 2008ലെ നിയമത്തില്‍ വയലുകള്‍ നികത്തിയാല്‍ അത് പൂര്‍വ്വ സ്ഥിതിയിലാക്കാനും പിഴയടക്കാനുമാണ് വ്യവസ്ഥ ചെയ്തിരുന്നത്. വയലുകള്‍ നികത്തി പ്രായമായ തെങ്ങുകള്‍ വെച്ചുപിടിപ്പിച്ചും ഉദ്യോഗസ്ഥരെ സ്വാധീനിച്ചുംപുരയിടമാക്കി മാറ്റുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയ ഇതോടൊപ്പം തഴച്ചുവളരും. കേരളത്തിന്റെ പച്ചപ്പ് അവര്‍ കാര്‍ന്നുതിന്നും.
കേരളാസ്റ്റേറ്റ് കര്‍ഷകതൊഴിലാളി യൂണിയന്‍ കഴിഞ്ഞ കാലയളവുകളില്‍ നെല്‍വയല്‍-തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുവാനും പരിസ്ഥിതി സംരക്ഷിക്കുവാനും സര്‍വ്വോപരി കേരളത്തിന്റെ ഭക്ഷ്യസ്വയം പര്യാപ്തതയ്ക്കും വേണ്ടി നിരവധി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. എണ്ണിയാലൊടുങ്ങാത്ത മര്‍ദ്ദനങ്ങളും, യാതനകളും പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ആ പോരാട്ടങ്ങള്‍ ഇന്നും തുടരുകയാണ്. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമത്തില്‍ ഈ സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുകയാണെങ്കില്‍ കേരളത്തിന് വേണ്ടി, വരുംതലമുറയ്ക്ക് വേണ്ടി കര്‍ഷക തൊഴിലാളി യൂണിയന്‍ സമരഭൂവിലേക്കിറങ്ങും.
27-Jul-2015
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍