ഭൂമാഫിയക്ക് വേണ്ടി ഭൂപരിഷ്കരണം അട്ടിമറിക്കുന്നു

നൂറ്റാണ്ട് പഴക്കമുള്ളതാണ് കേരളത്തിലെ തേയില, കാപ്പി, റബര്‍ തോട്ടം മേഖല. സംസ്ഥാനത്ത് 120 വന്‍കിട തോട്ടങ്ങളും 11.5 ലക്ഷം ചെറുകിട കൃഷിക്കാരുമാണുള്ളത്. ഉല്‍പ്പാദനവും ഗുണനിലവാരവും വര്‍ധിപ്പിക്കാതെ മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന തോട്ടം ഉടമകള്‍ക്ക് പെട്ടെന്ന് ലാഭമുണ്ടാക്കാന്‍ സഹായിക്കുന്നതാണ് ഭേദഗതി. കാലാകാലങ്ങളില്‍ റീപ്ലാന്റേഷന്‍ നടത്താന്‍ മാനേജ്‌മെന്റ് തയ്യാറാകുന്നില്ല. ഗവേഷണത്തിലൂടെ അത്യുല്‍പാദനശേഷിയുള്ള ചെടികള്‍ വികസിപ്പിക്കാതെയും ആധുനികവല്‍ക്കരണം നടത്താതെയും തൊഴിലാളികള്‍ക്ക് നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു. ഈ സാഹചര്യത്തില്‍ വന്‍കിട ഉടമകളുടെയും പ്ലാന്റേഷന്‍ ബോര്‍ഡുകളിലെ ഉന്നതരുടെയും ഹിഡന്‍ അജണ്ടയാണ് സര്‍ക്കാര്‍ നടപ്പാക്കിയത്.ഭൂവിനിയോഗ രീതിയും വിസ്തൃതിയും അനുസരിച്ച് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഭേദഗതി. പ്രതിസന്ധിയുടെ പേരില്‍ തൊഴിലാളികള്‍ക്ക് പ്ലാന്റേഷന്‍ ലേബര്‍ ആക്ടിന്റെ പരിരക്ഷയും സംരക്ഷണവും നിഷേധിക്കുന്ന സാഹചര്യവും ഇതിനെതിരായ വ്യാപക പ്രതിഷേധവും ഉയരുമ്പോഴാണ് വന്‍കിട തോട്ടം ഉടമകള്‍ക്ക് കോടികള്‍ തട്ടാന്‍ അവസരം നല്‍കുന്നത്.

വന്‍കിടക്കാര്‍ക്ക് ഭൂമി കച്ചവടത്തിന് വഴിയൊരുക്കുന്നതിന് വേണ്ടി അഞ്ച് ശതമാനം തോട്ടംഭൂമി ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന ഭൂപരിഷ്‌ക്കരണ നിയമഭേദഗതി വന്‍ സാമൂഹ്യ പ്രത്യാഘാതത്തിന് ഇടയാക്കും. പാരിസ്ഥിതിക സന്തുലനത്തെ പോലും ബാധിക്കുന്ന ഇളവുകള്‍ തോട്ടംഭൂമിയുടെ നിലനില്‍പ്പിനെയും ബാധിക്കും. സംസ്ഥാനത്തെ കൃഷിയുക്തമായ ഭൂവിസ്തൃതിയുടെ 27 ശതമാനത്തിലധികമാണ് തോട്ടംമേഖല. ഇത് തോട്ടമായിതന്നെ നിലനിര്‍ത്താനാണ് ഭൂപരിഷ്‌ക്കരണ നിയമപരിധിയില്‍നിന്ന് ഈ മേഖലയെ ഒഴിവാക്കിയിരുന്നത്. 2005 വരെയുള്ള കൈയേറ്റങ്ങള്‍ അംഗീകരിക്കാനുള്ള വ്യവസ്ഥയുമായി ലാന്‍ഡ് അസൈന്‍മെന്റ് ആക്ട് ഭേദഗതിചെയ്ത് അസാധാരണ ഗസറ്റ് വിജ്ഞാപനം കഴിഞ്ഞ ആഗസ്ത് മൂന്നിന് സര്‍ക്കാര്‍ ഇറക്കിയിരുന്നു. വന്‍ പ്രതിഷേധത്തിനൊടുവില്‍ ഇതു പിന്‍വലിച്ച സാഹചര്യത്തിലാണ് പുതിയ ഭേദഗതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

ഇളവ് ലഭിക്കുന്ന അഞ്ച് ശതമാനം ഭൂമിയുടെ 10 ശതമാനം ടൂറിസം ആവശ്യത്തിനും ഉപയോഗിക്കാം. ടൂറിസം ഇത് 10 ഏക്കറില്‍ അധികമാകരുതെന്ന് മാത്രമാണ് നിബന്ധന. ഇത് പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്കു നയിക്കും എന്നുറപ്പ്. തോട്ടം മേഖലയില്‍ പണിയെടുക്കുന്ന നാലുലക്ഷം തൊഴിലാളികളുടെ നിലയും പരുങ്ങലിലാകും. പല വന്‍കിട തോട്ടം ഉടമകളും പാട്ട വ്യവസ്ഥ പോലും ലംഘിക്കുന്നു. അനധികൃതമായി നൂറ്കണക്കിന് ഏക്കര്‍ ഭൂമി വന്‍കിടക്കാര്‍ കൈവശം വച്ചിരിക്കുന്നു എന്ന് കോടതിയും റവന്യൂവകുപ്പും പരിശോധനാ സമിതികളും കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് ആവശ്യംപോലെ വിനിയോഗിക്കാമെന്ന വ്യവസ്ഥയിലേക്ക് വഴിതെളിക്കുന്നതാണ് ഭേദഗതി. തോട്ടങ്ങളുടെ പേരില്‍ ഭൂപരിഷ്‌കരണത്തിന്റെ ഘട്ടത്തില്‍ ഇളവുനേടിയവര്‍ തോട്ടങ്ങളെ നശിപ്പിച്ച് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തി വന്‍ ലാഭമുണ്ടാക്കാനുള്ള പദ്ധതികളുമായി യുഡിഎഫ് സര്‍ക്കാരിനെ സമീപിക്കുകയും സര്‍ക്കാര്‍ അത് അനുവദിച്ചുകൊടുക്കുകയുമായിരുന്നു. ഇത്തരമൊരു ആവശ്യം ഉന്നയിച്ചതിലൂടെ സത്യത്തില്‍ തോട്ടപരിരക്ഷയ്ക്കായി ഉദ്ദേശിക്കപ്പെട്ട ഭൂപരിഷ്‌കരണ ഇളവിനുള്ള തങ്ങളുടെ അര്‍ഹത ഇല്ലാതാക്കുകയാണ് ചെയ്യുന്നത് എന്ന് പറയാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. പക്ഷെ, യു ഡി എഫ് സര്‍ക്കാര്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ നിര്‍ദേശങ്ങളെ അന്ധമായി അംഗീകരിച്ച് മൂന്നുവര്‍ഷംമുമ്പ് നിയമഭേദഗതി കൊണ്ടുവന്നു. അതിന് കേന്ദ്രത്തിന്റെ അംഗീകാരംകൂടി കിട്ടിയതോടെ, റിയല്‍ എസ്റ്റേറ്റ് മാഫിയ ബി ജെ പിയെ കൂടി സ്വാധീനിച്ചു എന്നത് വ്യക്തമാവുന്നു.

2011 ജൂലൈ 8ന് ധനകാര്യ വകുപ്പ് മന്ത്രി കെ എം മാണി കേരള നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ആ ബജറ്റ് പ്രസംഗത്തില്‍, കേരളഭൂപരിഷ്‌കരണ നിയമത്തില്‍ യുഡിഎഫ് ഗവണ്‍മെന്റ് വരുത്താന്‍ ഉദ്ദേശിക്കുന്ന ഭേദഗതികളെ സംബന്ധിച്ച പരാമര്‍ശമുണ്ടായിരുന്നു. ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ള തോട്ടവിളകളില്‍ തോട്ടങ്ങളുടെ നിര്‍വചനത്തില്‍പ്പെടാത്ത മറ്റ് ചില സംരംഭങ്ങള്‍ ആരംഭിച്ചാല്‍ ആ തോട്ടങ്ങള്‍ക്ക് പരിരക്ഷ നല്‍കും എന്നാണ് അന്ന് പ്രസ്താവിച്ചത്. തോട്ടങ്ങളില്‍ 5% വരെ ഭൂമി കാര്‍ഷിക വിളകള്‍ക്കോ, ഔഷധ സസ്യകൃഷിക്കോ, പച്ചക്കറി/പൂന്തോട്ട കൃഷിക്കോ, വിനോദസഞ്ചാര പദ്ധതികള്‍ക്കോ ഉപയോഗിക്കാന്‍ അനുവദിക്കുമെന്നും പ്രഖ്യാപിച്ചു. ഇതോടൊപ്പം “തോട്ടങ്ങള്‍” എന്ന നിര്‍വചനത്തില്‍ കശുമാവ് കൃഷികൂടി ഉള്‍പ്പെടുത്തിക്കൊണ്ട് കശുമാവ് കൃഷി ചെയ്യുന്ന പ്രദേശങ്ങളെ കൂടി തോട്ടങ്ങളായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

കേരള ഭൂപരിഷ്‌കരണ നിയമത്തില്‍ അടിസ്ഥാനപരമായ ഒരു മാറ്റത്തിനാണ് അതുവഴി യുഡിഎഫ് ഗവണ്‍മെന്റ് പരിശ്രമിച്ചത്. ഇന്നത് യാഥാര്‍ത്ഥ്യമായിരിക്കുന്നു. 2001-06ല്‍ അധികാരത്തിലിരുന്ന യുഡിഎഫ് ഗവണ്‍മെന്റ്, ഈ ഉദ്ദേശങ്ങളോട് കൂടി 2005ല്‍ കേരള ഭൂപരിഷ്‌കരണ(ഭേദഗതി) ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകളെ മുഖവിലക്കെടുക്കാതെ പാസാക്കിയെടുത്തിരുന്നു. പ്രസിഡന്റിന്റെ അംഗീകാരത്തിനായി ബില്ല് അയച്ചുകൊടുക്കുകയും ചെയ്തു. 2006ല്‍ എല്‍ഡിഎഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നു. ബില്ലിനെ സംബന്ധിച്ച് പുതിയ ഗവണ്‍മെന്റിന്റെ അഭിപ്രായം അറിയിക്കണമെന്ന് കേന്ദ്രഗവണ്‍മെന്റ് ആവശ്യപ്പെട്ടപ്പോള്‍ വി എസ് മന്ത്രിസഭ ചര്‍ച്ചചെയ്ത് ബില്ലിന് അംഗീകാരം നല്‍കേണ്ടതില്ല എന്ന് കേന്ദ്രഗവണ്‍മെന്റിനെ അറിയിക്കുകയുണ്ടായി. 2005ല്‍ നിയമസഭ പാസാക്കിയ ഭൂപരിഷ്‌കരണ(ഭേദഗതി)ബില്ലിന് രാഷ്ട്രപതി രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടില്ല. ആ ബില്ല് രാഷ്ട്രപതിയുടെ അംഗീകാരം വാങ്ങി നടപ്പിലാക്കുമെന്നാണ് ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് പ്രഖ്യാപിച്ചത്. അതാണിപ്പോള്‍ നടപ്പിലാക്കുന്നത്.

1957ല്‍ ഇഎംഎസ് ഗവണ്‍മെന്റ് ഭൂപരിഷ്‌കരണ നടപടികള്‍ക്ക് തുടക്കം കുറിച്ചു. 1959 ജൂണ്‍ 10നാണ് കേരള ഭൂപരിഷ്‌കരണ നിയമം പാസാക്കിയത്. പിന്നീട് അധികാരത്തില്‍ വന്ന ഗവണ്‍മെന്റുകള്‍ വിവിധ ഘട്ടങ്ങളിലായി വ്യത്യസ്തമായ ഭേദഗതികള്‍ കൊണ്ടുവന്ന് ഭൂപരിഷ്‌കരണത്തില്‍ ഇടപെടുകയുണ്ടായി. കൃഷിഭൂമി കൃഷിക്കാരന് നല്‍കുന്നതിന് വേണ്ടിയും കുടികിടപ്പവകാശത്തിന് വേണ്ടിയും മിച്ചഭൂമി ഏറ്റെടുത്ത് കര്‍ഷക തൊഴിലാളികള്‍ക്കും ഭൂരഹിതര്‍ക്കും പട്ടികജാതി-വര്‍ഗ ജനവിഭാഗങ്ങള്‍ക്കും വിതരണം ചെയ്യുക വഴി കേരളത്തില്‍ സമഗ്രമായ കാര്‍ഷിക പരിഷ്‌കരണ നടപടികള്‍ ആവിഷ്‌കരിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ വിവിധ സന്ദര്‍ഭങ്ങളില്‍ നിയമനിര്‍മാണങ്ങള്‍ നടത്തിയത്. എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകള്‍ അധികാരത്തില്‍ വന്ന സന്ദര്‍ഭങ്ങളിലെല്ലാം ഭൂ ഉടമസ്ഥന്‍മാരെ സംരക്ഷിക്കാന്‍ വിവിധ തരത്തിലുള്ള ഇടപെടലുകള്‍ നടത്തുകയാണുണ്ടായത്. കേരള കോണ്‍ഗ്രസിനും മുസ്ലീംലീഗിനും സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന ഗവണ്‍മെന്റുകള്‍ അധികാരത്തില്‍ വന്ന സന്ദര്‍ഭങ്ങളിലെല്ലാം ഭൂപരിഷ്‌കരണ നടപടികളെ തകിടം മറിക്കാനുള്ള പരിശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.

കേരള ഭൂപരിഷ്‌കരണ നിയമ പ്രകാരം ഒരു കുടുംബത്തിന് കൈവശം വെക്കാവുന്ന പരമാവധി ഭൂമി 15 ഏക്കറാണെന്ന് വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. അതില്‍ കൂടുതല്‍ കൈവശം വെക്കുന്നവരുടെ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ട്. ഇത് പ്രകാരം ഇന്ന് മിച്ചഭൂമിയായി കണക്കാക്കപ്പെട്ടിട്ടുള്ള ഭൂമിയില്‍ കശുമാവ് കൃഷി ചെയ്താല്‍ ആ ഭൂമിയെല്ലാം പ്ലാന്റേഷന്‍ ആയി പരിഗണിക്കപ്പെടുകയും മിച്ചഭൂമിയില്‍ നിന്ന് ഇളവ് ലഭിക്കുകയും ചെയ്യുമെന്നാണ് പുതിയ നിയമ ഭേദഗതിയിലൂടെ പറയുന്നത്. ഇതുവഴി അവശേഷിക്കുന്ന മിച്ചഭൂമികള്‍ മുഴുവന്‍ ഇല്ലാതാകുകയും പണമുള്ളവന് എത്രവേണമെങ്കിലും ഭൂമി വാങ്ങികൂട്ടുവാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യും. വിദേശപ്പണം വന്‍തോതില്‍ ഒഴുകി വരുന്ന കേരളത്തില്‍ ചില വ്യക്തികളുടെ കൈയ്യിലേക്ക് വലിയരീതിയില്‍ ഭൂമിയുടെ കേന്ദ്രീകരണം വരികയും വന്‍കിട ഭൂഉടമകള്‍ കാര്‍ഷിക മേഖലയെ കൈയ്യടക്കി വാണിരുന്ന പഴയകാലം തിരിച്ചുവരികയും ചെയ്യും. കോര്‍പ്പറേറ്റുകള്‍ക്ക് കാര്‍ഷിക മേഖലയില്‍ കടന്നുവരാന്‍ അനുമതി നല്‍കണമെന്ന സാമ്രാജ്യത്വ-ആഗോളവത്കരണ നയം കേരളത്തില്‍ നടപ്പിലാവാനും ഇത് ഇടവരുത്തും.

കേരള ഭൂപരിഷ്‌കരണ നിയമത്തില്‍ 81-ാം വകുപ്പില്‍ ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ള തോട്ടങ്ങള്‍ എന്ന നിര്‍വചനത്തില്‍ കശുമാവിന്‍ തോട്ടങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. ആ തോട്ടങ്ങളെ ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കി കൊണ്ടാണ് 81-ാം വകുപ്പില്‍ യുഡിഎഫ് സര്‍ക്കാര്‍ ഭേദഗതി വരുത്താന്‍ ശ്രമിക്കുന്നത്. ഇത് നിയമമാവുമ്പോള്‍ ഒരു ഹെക്ടറില്‍ 150 കശുമാവിന്‍ തൈകള്‍ നട്ടാല്‍ ഭൂപരിധി നിയമത്തില്‍ നിന്ന് ഒവിവാക്കപ്പെടും. കശുമാവ് കൃഷിയെ പ്രോത്സാഹിപ്പിക്കാനെന്ന വ്യാജേനയാണ് യുഡിഎഫ് ഈ ഭേദഗതി നടപ്പിലാക്കുന്നത്. മുമ്പ് കശുമാവ് കൃഷി ചെയ്തിരുന്ന ഒട്ടേറെ പ്രദേശങ്ങളില്‍ അത് ലാഭകരമല്ലെന്ന് കണ്ട് വെട്ടി മാറ്റിയ അനുഭവങ്ങള്‍ കേരളത്തിനുണ്ട്. കശുമാവ് കൃഷിയുടെ പ്രോത്സാഹനത്തിന്റെ മറവില്‍ ഭൂപരിധി നിയമത്തില്‍ നിന്ന് കൈവശഭൂമിക്ക് ഇളവ് ലഭിച്ചുകഴിഞ്ഞാല്‍ അത്തരം പ്രദേശങ്ങളിലെ 5% ഭൂമി ടൂറിസം പദ്ധതികള്‍ക്ക് ഉപയോഗിക്കാമെന്ന ഭേദഗതി കൂടി നിര്‍ദേശിക്കപ്പെട്ടതിന്റെ ഉദ്ദേശം വളരെ വ്യക്തമാണ്. വിസ്തൃതമായ ഭൂപ്രദേശങ്ങള്‍ വാങ്ങിക്കൂട്ടി അവിടെ കുറച്ച് കശുമാവിന്‍ തൈകളും നട്ട് പിടിപ്പിച്ചാല്‍, ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ സ്ഥാപിക്കാന്‍ വരുന്ന വന്‍കിട റിസോര്‍ട്ട് കമ്പനികള്‍ക്ക്; കാലക്രമേണ ആരുമറിയാതെ ഭൂമി സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ യുഡിഎഫ് സൃഷ്ടിക്കുന്നത്.

പുഷ്പകൃഷി, വാനില കൃഷി, ഔഷധ സസ്യകൃഷി, നെല്‍കൃഷി എന്നിവ പ്രോത്സാഹിപ്പിക്കാന്‍ വിവിധങ്ങളായ നടപടികള്‍ സ്വീകരിക്കുവാന്‍ സാധിക്കും. അതിന് കൃഷിചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത് പകരം നിലവിലുള്ള ഭൂപരിഷ്‌കരണനിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി ഭൂ പരിധി നിയമത്തിന്റെ ഘടനയെ അട്ടിമറിക്കുന്നതില്‍ ഗൂഡോദേശ്യമാണുള്ളത്. ഭൂരഹിതരായ കര്‍ഷക തൊഴിലാളികള്‍ക്കും പട്ടികജാതി, പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍ക്കും ഭൂവിതരണം ചെയ്യുന്നതിലുണ്ടായ പോരായ്മയാണ് കേരളത്തില്‍ ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കുന്നതിലുണ്ടായിട്ടുള്ള പ്രധാന കുറവ്. ഇതിന് പരിഹാരം കാണുന്നതിന് ആവശ്യമായ നടപടികളാണ് കേരളത്തില്‍ സ്വീകരിക്കേണ്ടത്. കഴിഞ്ഞ വി എസ് മന്ത്രിസഭ ഇത്തരത്തിലുള്ള കുറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അഞ്ച് വര്‍ഷം കൊണ്ട് ഒന്നരലക്ഷത്തിലധികം പേര്‍ക്ക് ഭൂമി നല്‍കി ഭൂരഹിതരെ ഭൂമിയുടെ ഉടമസ്ഥരാക്കാന്‍ നടപടികളെടുത്തു. 14658പേര്‍ക്ക് മിച്ചഭൂമി വിതരണം ചെയ്തു. 14048 ആദിവാസികള്‍ക്ക് കൈവശാവകാശരേഖ നല്‍കി. 21000ത്തോളം ആദിവാസികള്‍ക്ക് വനാവകാശ രേഖകള്‍ കൈമാറി. അനധികൃതമായി ഭൂമി കൈവശം വെച്ച 9965 കൈയ്യേറ്റങ്ങള്‍ കണ്ടെത്തി. അതില്‍ 4020എണ്ണം ഒഴിപ്പിച്ചു. 13153ഏക്കര്‍ ഭൂമി കൈയ്യേറ്റക്കാരില്‍ നിന്നും ഒഴിപ്പിച്ചെടുത്തു. ഇത്തരത്തില്‍ കൂടുതല്‍ പേരെ ഭൂമിയുടെ അവകാശികളാക്കി മാറ്റി എല്‍ഡിഎഫ് ഗവണ്‍മെന്റ് സ്വീകരിച്ച നടപടികളെയാകെ ഇപ്പോള്‍ യുഡിഎഫ് ഗവണ്‍മെന്റ് അട്ടിമറിക്കുകയാണ്.

നൂറ്റാണ്ട് പഴക്കമുള്ളതാണ് കേരളത്തിലെ തേയില, കാപ്പി, റബര്‍ തോട്ടം മേഖല. സംസ്ഥാനത്ത് 120 വന്‍കിട തോട്ടങ്ങളും 11.5 ലക്ഷം ചെറുകിട കൃഷിക്കാരുമാണുള്ളത്. ഉല്‍പ്പാദനവും ഗുണനിലവാരവും വര്‍ധിപ്പിക്കാതെ മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന തോട്ടം ഉടമകള്‍ക്ക് പെട്ടെന്ന് ലാഭമുണ്ടാക്കാന്‍ സഹായിക്കുന്നതാണ് ഭേദഗതി. കാലാകാലങ്ങളില്‍ റീപ്ലാന്റേഷന്‍ നടത്താന്‍ മാനേജ്‌മെന്റ് തയ്യാറാകുന്നില്ല. ഗവേഷണത്തിലൂടെ അത്യുല്‍പാദനശേഷിയുള്ള ചെടികള്‍ വികസിപ്പിക്കാതെയും ആധുനികവല്‍ക്കരണം നടത്താതെയും തൊഴിലാളികള്‍ക്ക് നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു. ഈ സാഹചര്യത്തില്‍ വന്‍കിട ഉടമകളുടെയും പ്ലാന്റേഷന്‍ ബോര്‍ഡുകളിലെ ഉന്നതരുടെയും ഹിഡന്‍ അജണ്ടയാണ് സര്‍ക്കാര്‍ നടപ്പാക്കിയത്.ഭൂവിനിയോഗ രീതിയും വിസ്തൃതിയും അനുസരിച്ച് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഭേദഗതി. പ്രതിസന്ധിയുടെ പേരില്‍ തൊഴിലാളികള്‍ക്ക് പ്ലാന്റേഷന്‍ ലേബര്‍ ആക്ടിന്റെ പരിരക്ഷയും സംരക്ഷണവും നിഷേധിക്കുന്ന സാഹചര്യവും ഇതിനെതിരായ വ്യാപക പ്രതിഷേധവും ഉയരുമ്പോഴാണ് വന്‍കിട തോട്ടം ഉടമകള്‍ക്ക് കോടികള്‍ തട്ടാന്‍ അവസരം നല്‍കുന്നത്.

കേരളത്തിലെ ഭൂവ്യവസ്ഥയില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ ഇടയാക്കുന്ന ഭേദഗതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനെതിരെ കൃഷിക്കാരും കര്‍ഷകതൊഴിലാളികളും ഭൂരഹിതരായ പാവപ്പെട്ടജനങ്ങളും പട്ടികജാതി-വര്‍ഗ ജനവിഭാഗങ്ങളും അതിശക്തമായി പ്രതിരിരക്കുമെന്നതില്‍ സംശയം വേണ്ട. കേരളത്തിലെ കര്‍ഷക-കര്‍ഷകതൊഴിലാളി പ്രസ്ഥാനങ്ങള്‍ നടത്തിയ ത്യാഗോജ്വലമായ പോരാട്ടങ്ങളുടെ ഉത്പന്നം കൂടിയാണ് കേരള ഭൂപരിഷ്‌കരണ നടപടികള്‍. ഇതിനെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ഒരു നടപടിയാണ് യു ഡി എഫ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. കേരളത്തെ കാര്‍ഷിക മേഖലയെ പോര്‍ക്കളമാക്കി മാറ്റാനാണ് യു ഡി എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

23-Sep-2015

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More