ആന്തൂരിന് പറയാനുണ്ട്

2000ത്തിലാണ് ആന്തൂര്‍ പഞ്ചായത്ത് തളിപ്പറമ്പ് മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്നത്. അന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്ന പി കെ ശ്യാമള ടീച്ചറടക്കം അഞ്ചുപേര്‍ ധര്‍മശാല, കോടല്ലൂര്‍, വെള്ളിക്കീല്‍, തളിയില്‍, കൊവ്വല്‍ എന്നീ വാര്‍ഡുകളില്‍നിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 2005ല്‍ മുനിസിപ്പല്‍ ചെയര്‍മാനായ വാടി രവിയടക്കം എട്ടുപേര്‍ പുന്നക്കുളങ്ങര, കോടല്ലൂര്‍, വെള്ളിക്കീല്‍, കാനൂല്‍, പണ്ണേരി, പാളിയത്ത് വളപ്പ്, തളിയില്‍, കനകാലയം എന്നീ വാര്‍ഡുകളില്‍നിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 2010ല്‍ ഒഴക്രോം, പുന്നക്കുളങ്ങര എന്നീ വാര്‍ഡുകളില്‍ ഇടതുപക്ഷത്തിന് എതിരില്ലായിരുന്നു. ആ സമയങ്ങളില്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റിയുടെ ഭാഗമായുള്ള ആന്തൂര്‍, മൊറാഴ പ്രദേശത്തെ വാര്‍ഡുകളില്‍ തളിപ്പറമ്പ് പ്രദേശത്തെ യുഡിഎഫ് പ്രവര്‍ത്തകര്‍ എത്തി നാമനിര്‍ദേശം സമര്‍പ്പിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍, തളിപ്പറമ്പില്‍നിന്ന് ആന്തൂര്‍ മുനിസിപ്പാലിറ്റി വേര്‍പെട്ടപ്പോള്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ യുഡിഎഫുകാര്‍ക്ക് ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ നാമനിര്‍ദേശം കൊടുക്കാന്‍ പഴയതുപോലെ കഴിയാത്തതുകൊണ്ടാണ് ഇത്തരത്തില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന അവസ്ഥ സംജാതമായത്. ഈ വസ്തുത കെ സുധാകരന് അറിയാത്തതുകൊണ്ടല്ല.

കണ്ണൂരിലെ യുഡിഎഫും ബിജെപിയും ഗീബല്‍സിനെ കടത്തിവെട്ടുന്ന നുണപ്രചാരണത്തിലാണ്. ആന്തൂര്‍ നഗരസഭയിലെ ഇടതുപക്ഷ മുന്നേറ്റം അവരെ ഭയവിഹ്വലരാക്കുന്നു. കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും കണ്ണൂരിലെ മറ്റ് കോണ്‍ഗ്രസ് നേതാക്കളും കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസനും വസ്തുതകളുടെ പിന്‍ബലമില്ലാതെ ആന്തൂരിലെ ഇടതുപക്ഷ മുന്നേറ്റത്തെ വിലകുറച്ചു കാണിക്കാന്‍ യത്‌നിക്കുകയാണ്. യുഡിഎഫുകാരുടെകൂടെ ബിജെപിയും കള്ളപ്രചാരണത്തിന് ചുക്കാന്‍പിടിക്കുന്നു. ബിജെപിയുടെ മുഖപത്രത്തില്‍ പച്ചക്കള്ളങ്ങളുടെ നിറക്കൂട്ടിലെഴുതിയ ലേഖനം അതിനുദാഹരണമണ്. ആന്തൂര്‍ നഗരസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശം നല്‍കുന്നതിന് സുധാകരന്‍ നേരിട്ട് ഇടപെട്ടിട്ടും 14 വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ല എന്നതാണ് ഇക്കൂട്ടരെ വിറളിപിടിപ്പിച്ചിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി നോമിനേഷന്‍ കൊടുക്കാന്‍ അവിടെയുള്ള ജനങ്ങള്‍ തയ്യാറല്ല എന്നതാണ് വാസ്തവം.

2000ത്തിലാണ് ആന്തൂര്‍ പഞ്ചായത്ത് തളിപ്പറമ്പ് മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്നത്. അന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്ന പി കെ ശ്യാമള ടീച്ചറടക്കം അഞ്ചുപേര്‍ ധര്‍മശാല, കോടല്ലൂര്‍, വെള്ളിക്കീല്‍, തളിയില്‍, കൊവ്വല്‍ എന്നീ വാര്‍ഡുകളില്‍നിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 2005ല്‍ മുനിസിപ്പല്‍ ചെയര്‍മാനായ വാടി രവിയടക്കം എട്ടുപേര്‍ പുന്നക്കുളങ്ങര, കോടല്ലൂര്‍, വെള്ളിക്കീല്‍, കാനൂല്‍, പണ്ണേരി, പാളിയത്ത് വളപ്പ്, തളിയില്‍, കനകാലയം എന്നീ വാര്‍ഡുകളില്‍നിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 2010ല്‍ ഒഴക്രോം, പുന്നക്കുളങ്ങര എന്നീ വാര്‍ഡുകളില്‍ ഇടതുപക്ഷത്തിന് എതിരില്ലായിരുന്നു. ആ സമയങ്ങളില്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റിയുടെ ഭാഗമായുള്ള ആന്തൂര്‍, മൊറാഴ പ്രദേശത്തെ വാര്‍ഡുകളില്‍ തളിപ്പറമ്പ് പ്രദേശത്തെ യുഡിഎഫ് പ്രവര്‍ത്തകര്‍ എത്തി നാമനിര്‍ദേശം സമര്‍പ്പിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍, തളിപ്പറമ്പില്‍നിന്ന് ആന്തൂര്‍ മുനിസിപ്പാലിറ്റി വേര്‍പെട്ടപ്പോള്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ യുഡിഎഫുകാര്‍ക്ക് ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ നാമനിര്‍ദേശം കൊടുക്കാന്‍ പഴയതുപോലെ കഴിയാത്തതുകൊണ്ടാണ് ഇത്തരത്തില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന അവസ്ഥ സംജാതമായത്. ഈ വസ്തുത കെ സുധാകരന് അറിയാത്തതുകൊണ്ടല്ല.

ആന്തൂര്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിച്ചതിനുശേഷം സൂക്ഷ്മപരിശോധനയില്‍ 4 വാര്‍ഡുകളില്‍ എല്‍ഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. അത് ആരുടെ ഭീഷണികൊണ്ടാണ്? വെള്ളിക്കീല്‍, പൊടിക്കുന്ന് എന്നീ വാര്‍ഡുകളില്‍ പത്രിക സമര്‍പ്പിച്ച യുഡിഎഫ് സ്ഥാനാര്‍ഥികള്‍ സത്യപ്രസ്താവനയില്‍ ഒപ്പിടുകയോ നേരിട്ട് ഹാജരാകുകയോ ചെയ്തിട്ടില്ല. ആരോ തയ്യാറാക്കി നല്‍കിയ അപേക്ഷ കൊടുത്തതിനപ്പുറത്ത് ആത്മാര്‍ഥമായ ഇടപെടല്‍ യുഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കാനൂല്‍ വാര്‍ഡില്‍ മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക കൊടുത്തപ്പോള്‍ നിര്‍ദേശകനായി ഒപ്പിട്ടയാള്‍ക്കുവേണ്ടി കള്ളയൊപ്പാണ് രേഖപ്പെടുത്തിയിരുന്നത്. നിര്‍ദേശകനായി പത്രികയില്‍ പേര് രേഖപ്പെടുത്തിയിട്ടുള്ള അരുണ്‍ മോഹന്‍ എന്ന കോളേജ് വിദ്യാര്‍ഥി നേരിട്ട് വരണാധികാരിയുടെ മുന്നിലെത്തി, ഞാന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ദേശിച്ചിട്ടില്ലായെന്നും പത്രികയിലെ ഒപ്പ് തന്റേതല്ലെന്നും വ്യക്തമാക്കി. രസകരമായ വസ്തുത, അരുണ്‍ മോഹന്‍ തുരുത്തി വാര്‍ഡില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി എ മോഹനന്‍ എന്ന കോണ്‍ഗ്രസ് നേതാവിന്റെ മകനാണ് എന്നതാണ്.

പുന്നക്കുളങ്ങര വാര്‍ഡിലെ നാമനിര്‍ദേശകനായ മുഹമ്മദ് താനറിയാതെ ആരോ തന്റെ പേര് എഴുതിയതാണ് എന്ന് വരണാധികാരിയുടെ മുന്നിലെത്തി വെളിപ്പെടുത്തി. തന്റെ പാസ്‌പോര്‍ട്ടുമായി എത്തിയ അദ്ദേഹം നാമനിര്‍ദേശപ്പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒപ്പ് തന്റേതല്ലെന്നും വരണാധികാരിക്കുമുന്നില്‍ തെളിയിച്ചു. നാമനിര്‍ദേശപത്രികയിലെ നിര്‍ദേശകനായി മുഹമ്മദിന്റെ പേര് എഴുതിച്ചേര്‍ത്തത് മത്സരിക്കുന്ന വാര്‍ഡിലുള്ള വ്യക്തി നിര്‍ദേശിക്കണം എന്ന മാനദണ്ഡമുള്ളതുകൊണ്ടാണ്. ഈ തരത്തിലാണ് നാല് വാര്‍ഡുകളില്‍ ഇടതുപക്ഷം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തരം വസ്തുതകള്‍ മുന്നില്‍ നില്‍ക്കെ ഭീഷണിപ്പെടുത്തി നാമനിര്‍ദേശം കൊടുക്കാന്‍ അനുവദിച്ചില്ല എന്ന നട്ടാല്‍ കുരുക്കാത്ത നുണയാണ് യുഡിഎഫ്, ബിജെപി നേതൃത്വം ചില മാധ്യമങ്ങളുടെ സഹകരണത്തോടെ പ്രചരിപ്പിക്കുന്നത്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നാമനിര്‍ദേശം കൊടുക്കാന്‍ അനുവദിച്ചില്ല എന്ന് പ്രചരിപ്പിക്കുന്നവര്‍ ഈ വസ്തുതകളെ മുന്‍നിര്‍ത്തി മറുപടി നല്‍കാന്‍ തയ്യാറാകണം.

ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമാണ് ആന്തൂര്‍ മുനിസിപ്പാലിറ്റി. ഭൂരിപക്ഷം സാധാരണക്കാര്‍ ജീവിക്കുന്ന പ്രദേശം. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ബക്കളം സമ്മേളനമൊക്കെ നടന്നത് ഈ പ്രദേശത്താണ്. ഇവിടെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രകാശം പരക്കുന്നത് മൊറാഴ സംഭവത്തോടുകൂടിയാണ് അതിനുശേഷം നടന്ന നരനായാട്ടിന്റെ ഇരയാകാത്ത ഒരു കുടുംബവും ആ പ്രദേശത്ത് ഉണ്ടായിരുന്നില്ല. കമ്യൂണിസ്റ്റല്ലാത്തവരും വിശ്വാസികളും അവിശ്വാസിയുമെല്ലാം ആക്രമിക്കപ്പെട്ടു. ഇപ്പോള്‍ യുഡിഎഫും ബിജെപിയും ചില മാധ്യമങ്ങളും ചേര്‍ന്ന് ഇടതുപക്ഷ രാഷ്ട്രീയത്തെയും അതുയര്‍ത്തിക്കൊണ്ടുവന്ന സാംസ്‌കാരിക പരിസരത്തെയും തകര്‍ക്കാന്‍ ആസൂത്രിതമായ നീക്കങ്ങള്‍ നടത്തുകയാണ്.

പൊതുവളര്‍ച്ച മുന്നേറുമ്പോഴും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മുന്നേറാനുള്ള ഉപാധികള്‍ നിര്‍മിക്കുന്നതില്‍ രാജ്യത്തിന് പരിമിതിയുണ്ട്. എന്നാല്‍, ഈ പരിമിതിയെ മറികടക്കുന്ന രീതിയിലുള്ള മുന്നേറ്റം ആന്തൂരില്‍ ഉണ്ടായിട്ടുണ്ട്. ഇവിടെ വിദ്യാഭ്യാസമേഖല സമാനതകളില്ലാതെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചു. അങ്കണവാടിമുതല്‍ ഉന്നതവിദ്യാഭ്യാസകേന്ദ്രംവരെ ആന്തൂരിലെ ജനങ്ങള്‍ക്ക് പ്രാപ്യമായി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും ഇടപെടാനും ശേഷിയുള്ള ഒരു ഇടതുപക്ഷ മനസ്സും അതിനൊത്ത സംഘടനയും സജീവമായി ആന്തൂരില്‍ നിലനില്‍ക്കുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചത്.

അമ്പലങ്ങളും കാവുകളും കോട്ടങ്ങളും സ്ഥാനങ്ങളും സമൃദ്ധമായ പ്രദേശമാണ് ആന്തൂര്‍. മുന്നോക്കപിന്നോക്കപട്ടികജാതി വിഭാഗങ്ങള്‍ക്കെല്ലാം ഇവിടെ അവരവരുടെ ആചാരനിഷ്ഠയോടുകൂടിയ ആരാധനാലയങ്ങളുണ്ട്. ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉത്സവങ്ങളും തെയ്യങ്ങളും എല്ലാം ഇവിടെ സംഘടിപ്പിക്കപ്പെടുന്നുണ്ട്. പ്രസിദ്ധമായ പറശ്ശിനിക്കടവ് മഠപ്പുര ആന്തൂരിലാണ്. അന്ധവിശ്വാസപരമായ ഒരുപാട് കാര്യങ്ങള്‍ ആന്തൂരില്‍നിന്ന് പടിയിറങ്ങിയിട്ടുണ്ട്. ശാസ്ത്രപുരോഗതിയും മനുഷ്യബോധത്തിലുണ്ടായ വളര്‍ച്ചയും പരിഷ്‌കൃതസമൂഹമായി മാറുന്നതിന് ആന്തൂരിനെ പ്രാപ്തമാക്കി.

എല്ലാ മനുഷ്യരുടെയും വിശ്വാസ നിലപാടുകളെ അംഗീകരിച്ചുകൊണ്ട്, അവരവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിക്കാനുള്ള ജനാധിപത്യപരമായ അവകാശം ഉയര്‍ത്തിപ്പിടിക്കുന്ന ആന്തൂരിലെ ഇടതുപക്ഷ ജനാധിപത്യ പുരോഗമന പ്രസ്ഥാനം മതനിരാസത്തിലല്ല, മതനിരപേക്ഷതയിലാണ് ഊന്നുന്നത്. മതസാഹോദര്യമാണ് ആന്തൂരിന്റെ സവിശേഷത. ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്ലിം മതവിഭാഗം മതമൈത്രിയുടെ മാതൃകയായി പരസ്പര സ്‌നേഹബഹുമാനത്തോടെ ഇടകലര്‍ന്ന് ജീവിക്കുന്ന പ്രദേശമാണ് ആന്തൂര്‍. അവിടെയും ചില പോറല്‍ ഏല്‍പ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇപ്പോള്‍ ബിജെപി നടത്തുന്ന ഗീബല്‍സിയന്‍ രീതിശാസ്ത്രവും അതിന്റെ ഭാഗമാണ്.

വെറും കുഗ്രാമങ്ങളായിരുന്ന ആന്തൂരും മൊറാഴയുമൊക്കെ കൈവരിച്ച വികസന പുരോഗതിക്ക് പിന്നിലും ഇടതുപക്ഷത്തിന്റെ ഇടപെടലുകളും ഇച്ഛാശക്തിയുമാണുള്ളത്. നൂറ്റിഎഴുപത്തിരണ്ടോളം വ്യവസായ യൂണിറ്റുകളുള്ള വ്യവസായ പാര്‍ക്ക്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി, എന്‍ജിനിയറിങ് കോളേജ്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോര്‍പറേറ്റ് മാനേജ്‌മെന്റ്, മൊറാഴ വീവേഴ്‌സ് സൊസൈറ്റി, കല്യാശേരി വീവേഴ്‌സ് സൊസൈറ്റി, നിരവധി സഹകരണ സ്ഥാപനങ്ങള്‍, ആയുര്‍വേദ മെഡിക്കല്‍ കോളേജ്, സ്‌നേക്ക് പാര്‍ക്ക്, വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഡിടിപിസിയുടെ നേതൃത്വത്തില്‍ അനുദിനം വികസിക്കുന്ന പറശ്ശിനി ടൂറിസം മേഖല, വെള്ളിക്കീല്‍ ടൂറിസം കേന്ദ്രം കണ്ടല്‍ പാര്‍ക്ക്, കേന്ദ്രീയ വിദ്യാലയം തുടങ്ങി ആന്തൂര്‍ മുനിസിപ്പല്‍ പ്രദേശത്ത് സാധ്യമായിട്ടുള്ള വികസന മുന്നേറ്റങ്ങളും റോഡ് വികസനമടക്കമുള്ള പശ്ചാത്തല സൗകര്യങ്ങളും ലഭ്യമാക്കുന്നതില്‍ ഇടതുപക്ഷം വഹിച്ച പങ്ക് ഇവിടെയുള്ള നാട്ടുകാര്‍ക്ക് അറിയാം.

കമ്യൂണിസ്റ്റ് ഇടതുപക്ഷവും ഇടതുപക്ഷ വിരുദ്ധരും ഒന്നിച്ചു ജീവിക്കുന്ന നാടാണ് ആന്തൂര്‍. ആന്തൂരിലുടനീളം സംഘടനാപ്രവര്‍ത്തനമുള്ള കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പാര്‍ടികള്‍ ഒന്നുംതന്നെ ഇവിടെയില്ല എന്നത് വസ്തുതയാണ്. അത്തരത്തിലുള്ളവരുടെ ദൈനംദിന ജീവിതത്തില്‍ രാഷ്ട്രീയ ചേരിതിരിവിന്റെ ഒരു ലാഞ്ഛനപോലും പ്രകടിപ്പിക്കപ്പെടാറില്ല എന്നതും സത്യമാണ്. ഒരു ഇടതുപക്ഷക്കാരന് അവന്റെ സ്വന്തം ഭവനംപോലെ രാഷ്ട്രീയ എതിരാളിയുടെ വീടുകളിലും സ്വാധീനമുള്ള നാടാണ് ആന്തൂര്‍. എല്ലാ പ്രശ്‌നങ്ങളിലും കക്ഷിരാഷ്ട്രീയത്തിനതീതമായി ഇടതുപക്ഷപ്രസ്ഥാനം ഇവിടെ ഇടപെടുന്നു എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ശക്തമായ ജനപിന്തുണ ഇടതുപക്ഷത്തിനുണ്ട്. അതിന്റെ ബാക്കിപത്രമാണ് ആന്തൂരില്‍ പാറുന്ന വിജയത്തിന്റെ വെന്നിക്കൊടി.

19-Oct-2015

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More