ബി ജെ പി ജയിക്കുമ്പോള്‍ തോല്‍ക്കുന്നതാര്?

ഇതുവരെ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലെന്നതാണ് പല സുപ്രധാന ഭരണഘടനാ ഭേദഗതികളും കൊണ്ടുവരുന്നതില്‍നിന്ന് ബിജെപിയെ വിലക്കിയിരുന്നത്. യുപി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍നിന്ന് പുതിയ രാജ്യസഭാംഗങ്ങള്‍ വരുന്നതോടെ ബിജെപിയുടെ നില മെച്ചപ്പെടും. ജൂലൈയില്‍ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തീവ്ര ഹിന്ദുത്വനിലപാടുകളുള്ള ഒരാളെത്തന്നെ ബിജെപി നിര്‍ത്താനുള്ള സാധ്യതയും വര്‍ധിച്ചു. ഇതെല്ലാം ഭരണഘടന ഉറപ്പുനല്‍കുന്ന മതനിരപേക്ഷ, ബഹുസ്വര, ഫെഡറല്‍, പാര്‍ലമെന്ററി മൂല്യങ്ങള്‍ക്കുനേരെയാണ് കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്നത്. വിശ്വാസയോഗ്യമായ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന കക്ഷികളുടെ യോജിച്ച പോരാട്ടമാണ് ആവശ്യം. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനസ്സുകളെ വിഭജിക്കുന്ന രാഷ്ട്രീയം ഒരു നാടിനും ഗുണകരമായിട്ടില്ല. അത് നമ്മുടെ രാജ്യത്തിനും ബാധകമാണ്.

മതവികാരത്തിന്റെയും ജാതിരാഷ്ട്രീയ കൂട്ടുകെട്ടിന്റെയും സമ്മിശ്രമായ പ്രയോഗത്തിലൂടെയാണ് യുപിയില്‍ ബിജെപി നേട്ടമുണ്ടാക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും അവര്‍ പയറ്റിയത് ഇതേ തന്ത്രമാണ്. അത് വിജയകരമായി മുന്നോട്ടുകൊണ്ടുപോകാനായി എന്നത് തീവ്ര ഹിന്ദുത്വരാഷ്ട്രീയം ശക്തിപ്പെടുത്തുന്നു എന്നതിന്റെ തെളിവാണ്. അഞ്ച് സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. അതില്‍ പഞ്ചാബ് ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ നോട്ടുനിരോധനം ഉള്‍പ്പെടെയുള്ള പരിഷ്‌കരണങ്ങള്‍ തെരഞ്ഞെടുപ്പുവിഷയമായില്ല. എങ്കിലും ഈ വിജയം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് പറഞ്ഞ് മുന്നോട്ടുപോകാന്‍ നരേന്ദ്രമോഡിക്ക് സഹായകമാവും.

വര്‍ഗീയ രാഷ്ട്രീയത്തിന്റെ തേര് തെളിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഭരണം പിടിച്ചെടുത്തത്. പഞ്ചാബില്‍ അകാലിദള്‍ ബിജെപി സര്‍ക്കാരിന്റെ ഭരണവിരുദ്ധ വികാരത്തിനെതിരായ തരംഗത്തില്‍ വീണ്ടും അധികാരത്തിലെത്തിയ കോണ്‍ഗ്രസ് മണിപ്പുരിലും ഗോവയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി നില്‍ക്കുന്നു. എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ ബിജെപി തൊട്ടുപിന്നിലുണ്ട്. അതിനാല്‍ കുതിരക്കച്ചവടത്തിനുള്ള സാധ്യതയുണ്ട്. പഞ്ചാബ് ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അമിത് ഷാ പറയുന്നത് കോര്‍പ്പറേറ്റുകള്‍ നല്‍കിയ കോടികളുടെ ബലത്തിലാണ്. മണിപ്പുരില്‍ ജിരിബാം മണ്ഡലത്തില്‍നിന്ന് ജയിച്ച അഷാദ് ഉദ്ദിനെ ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്നും തട്ടിക്കൊണ്ടുപോയിരിക്കുന്നു. ബി ജെ പിയാണ് ഇതിനുപിന്നിലെന്ന് ബാക്കിയുള്ളവരെല്ലാം പറയുന്നു. ബി ജെ പി തങ്ങളല്ല ഇത് ചെയ്തത് എന്ന് പറയുന്നുമില്ല. കുതിരകച്ചവടത്തിന്റെ കോര്‍പ്പറേറ്റ് അജണ്ടകള്‍ സംഘപരിവാര്തതിന് വേണ്ടി ഇന്ത്യയില്‍ നടപ്പിലാക്കപ്പെടുകയാണ്.

ജാതിസമവാക്യങ്ങള്‍ അട്ടിമറിച്ചുള്ള ഹിന്ദുവോട്ടുകളുടെ ഏകീകരണമാണ് യുപിയില്‍ ബിജെപിയുടെ വന്‍വിജയത്തിന് വഴിയൊരുക്കിയത്. ന്യൂനപക്ഷ വോട്ടുകള്‍ എസ്പിക്കും ബിഎസ്പിയ്ക്കുമിടയില്‍ ചിതറിയതും ബി ജെ പി മുന്നേറ്റത്തിന് സഹായകമായി. ബിഎസ്പിക്കൊപ്പം 2012 വരെ അടിയുറച്ചുനിന്നിരുന്ന ദളിത് വോട്ടുകളില്‍ ജാദവ് ഇതര വിഭാഗങ്ങളുടെ വോട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിന് സമാനമായി ഇത്തവണയും ബിജെപിയിലേക്ക് ഒഴുകി. യാദവരൊഴികെയുള്ള ഒബിസി വിഭാഗങ്ങളും ബിജെപിയോട് അടുത്തു. ഇതോടൊപ്പം പരമ്പരാഗതമായി ബിജെപിക്കൊപ്പം നില്‍ക്കുന്ന കച്ചവടവിഭാഗക്കാരായ ബനിയകളുടെയും മുന്നോക്കവിഭാഗങ്ങളുടെ വോട്ടും അവര്‍ നിലനിര്‍ത്തുകയും ചെയ്തു.

മോഡിയും അമിത് ഷായും തന്ത്രപരമായി പ്രയോഗിച്ച ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയം തന്നെയാണ് ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണത്തിന് വഴിയൊരുക്കിയത്. മോഡിയുടെ കബറിസ്ഥാന്‍ ശ്മശാന്‍ പ്രയോഗവും റമദാന് വൈദ്യുതിയെങ്കില്‍ ദീപാവലിക്കും വൈദ്യുതിയെന്ന പ്രസ്താവനയുമെല്ലാം ലക്ഷ്യം കണ്ടു. 'കസബ്' പ്രയോഗവുമായി അമിത് ഷായും കൂടെ നിന്നു. വര്‍ഗീയ പ്രചാരണത്തിനൊപ്പം വലിയ തോതില്‍ പണമൊഴുക്കിയും കേന്ദ്ര മന്ത്രിമാരെ കൂട്ടായി അണിനിരത്തിയുമുള്ള പ്രചാരണ കോലാഹലവുമെല്ലാം ബിജെപിക്ക് അനുകൂലഘടകങ്ങളായി. ഇതോടൊപ്പം കോര്‍പറേറ്റ് മാധ്യമങ്ങളെ കൂട്ടുപിടിച്ച് തുടക്കം മുതല്‍ ബിജെപി മുന്നിലെന്ന പ്രതീതി സൃഷ്ടിക്കാനുമായി.

ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്തിനെ മുന്നില്‍ നിര്‍ത്തിയുള്ള കോണ്‍ഗ്രസ് നീക്കം പൊളിഞ്ഞുപോയി. അവിടെ മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണ ഉള്‍പ്പെടെ വലിയൊരു വിഭാഗം പാര്‍ടി വിട്ടു. സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആക്ഷേപത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. ഇത്തരം ഘടകങ്ങളെല്ലാം ബിജെപിയുടെ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കി. ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും ഭരണമാറ്റമെന്ന പതിവ് ഉത്തരാഖണ്ഡ് ഈ പ്രാവശ്യവും തെറ്റിച്ചില്ല. ഇവിടെ തകര്‍ന്നത് കോണ്‍ഗ്രസിന്റെ അടിവേരാണ്. കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ഉത്തരാഖണ്ഡിലെ തെരഞ്ഞെടുപ്പ് ചരിത്രമാണ് മാറിമറിഞ്ഞത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ സ്വതന്ത്രരെയോ ചെറുകക്ഷികളെയോ ആശ്രയിക്കുക എന്നതായിരുന്നു മുഖ്യധാരാപാര്‍ടികളുടെ ശൈലി. എന്നാല്‍, 70സീറ്റില്‍ 50ഉം ജയിച്ച് ബിജെപി പുതിയ രീതിക്ക് തുടക്കം കുറിച്ചിരിക്കുന്നു. 2013ലെ പ്രളയം സംസ്ഥാനത്തിന്റെ നട്ടെല്ല് ഒടിച്ചശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ജനഹിതം എതിരായതിന്റെ കാരണം അന്വേഷിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് തലപുകയ്‌ക്കേണ്ടി വരില്ല. പുനരധിവാസപ്രവര്‍ത്തനങ്ങള്‍ അനന്തമായി നീളുന്നതും വിനോദസഞ്ചാരമേഖല തകര്‍ന്നതും സമസ്തമേഖലയിലും വേരൂന്നിയ അഴിമതിയും ഹരീഷ് റാവത്ത് സര്‍ക്കാരിന്റെ പിടിപ്പുകേടും വോട്ടര്‍മാരെ കോണ്‍ഗ്രസില്‍നിന്ന് അകറ്റി. കഴിഞ്ഞവര്‍ഷം സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി നടത്തിയ നീക്കങ്ങള്‍ ലക്ഷ്യംകണ്ടില്ല. ഈ സാഹചര്യം മുതലെടുത്ത് സഹതാപതരംഗമുണ്ടാക്കാമെന്ന ഹരീഷ്‌റാവത്തിന്റെ കണക്കുകൂട്ടലും വിജയിച്ചില്ല. കിച്ഛയില്‍നിന്നും ഹരിദ്വാര്‍ റൂറലില്‍ നിന്നും മത്സരിച്ച റാവത്ത് രണ്ടിടത്തും പരാജയപ്പെട്ടു. കേദാര്‍നാഥ് പുനരുത്ഥാനപ്രവര്‍ത്തനങ്ങള്‍ നേട്ടമായി അവതരിപ്പിക്കാനും വികാസ് പുരുഷ്, ബാഹുബലി തുടങ്ങിയ വിശേഷണങ്ങളിലൂടെ വോട്ടുറപ്പിക്കാനുമുള്ള കോണ്‍ഗ്രസ് തന്ത്രങ്ങളും പാളി.

എന്നാല്‍, ഗോവയില്‍ ബി ജെ പിക്ക് അടിപതറി. മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ പരാജയപ്പെട്ടത് ബിജെപിക്ക് നാണക്കേടായി. ആര്‍എസ്എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പര്‍സേക്കര്‍ക്ക് ആര്‍എസ്എസുമായി തെറ്റിപ്പിരിഞ്ഞ് ഗോവ സുരക്ഷാമഞ്ച് എന്ന പാര്‍ടി രൂപീകരിച്ച സുഭാഷ് വെല്ലിങ്കര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നു നേരിട്ടത് കനത്ത വെല്ലുവിളിയായിരുന്നു. സംസ്ഥാന ടൂറിസം മന്ത്രി പരുലേക്കറും തോറ്റു. കേന്ദ്രമന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചിട്ടും പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ല. ഭരണവിരുദ്ധവികാരമാണ് ഗോവയിലും പ്രകടമായത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ പൂര്‍ണമായും തൊഴില്‍രഹിതമുക്ത സംസ്ഥാനമാക്കും, ടൂറിസം മേഖല ശക്തിപ്പെടുത്തും തുടങ്ങിയ ബിജെപി വാഗ്ദാനങ്ങളൊന്നും വോട്ടര്‍മാരില്‍ കാര്യമായ ചലനമുണ്ടാക്കിയില്ല. നിലവില്‍ കോണ്‍ഗ്രസിന് 17 സീറ്റും ബിജെപിക്ക് 13 സീറ്റുമാണുള്ളത്. മൂന്നു സീറ്റ് വീതമാണ് മഹാരാഷ്ട്ര വാദി ഗോമന്തക് പാര്‍ടിയും ഗോവ ഫോര്‍വേഡ് പാര്‍ടിയും സ്വതന്ത്രരും നേടിയത്. മഹാരാഷ്ട്ര ഗോമന്തക് പാര്‍ടി ബിജെപിക്കൊപ്പം ചേരുമെന്ന് കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു. ഒരു സീറ്റ് നേടിയ എന്‍സിപിയുടെ പിന്തുണ തങ്ങള്‍ക്കാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ബി ജെ പി ക്കുവേണ്ടി കോര്‍പ്പറേറ്റുശക്തികള്‍ കുതിരകച്ചവടത്തിന് ഇറങ്ങിക്കഴിഞ്ഞു. കോടികള്‍ ഇറക്കി ഭരണം പിടിച്ചെടുക്കുമ്പോള്‍ ദുരിതത്തിലാവുന്നത് ജനങ്ങള്‍ തന്നെയാവും.

മണിപ്പുരില്‍ കോണ്‍ഗ്രസിന് 26 സീറ്റും ബിജെപിക്ക് 21 സീറ്റും ലഭിച്ചിട്ടുണ്ട്. അവിടെ പത്ത് സീറ്റുകള്‍ നേടിയ മറ്റു പാര്‍ടികളുടെയും സ്വതന്ത്രരുടെയും നിലപാടാണ് നിര്‍ണായകമാവുക. നാല് സീറ്റുകള്‍വീതം നേടിയ നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെയും നാഷണല്‍ പീപ്പിള്‍സ് പാര്‍ടിയുടെയും പിന്തുണ ഉറപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാംമാധവ് പറയുന്നു. സംസ്ഥാനം തങ്ങള്‍ ഭരിക്കുമെന്ന ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പ്രസ്താവന, കുതിരക്കച്ചവടം നടത്തി അധികാരം ഉറപ്പിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. പതിനഞ്ചുവര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിന് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, കാര്യമായ പ്രഹരം മണിപ്പുര്‍ നല്‍കിയില്ലെന്നത് ശ്രദ്ധേയമാണ്. ഒന്നുമില്ലായ്മയില്‍നിന്നാണ് ബിജെപി 21 സീറ്റു നേടിയത്. സംസ്ഥാനത്ത് ബിജെപി അധികാരം ഉറപ്പിക്കുകകൂടി ചെയ്താല്‍ കോണ്‍ഗ്രസിന് അധികാരത്തിലേക്കുള്ള തിരിച്ചുവരവ് ദുഷ്‌കരമാകും. അവിടെ ഇറോം ശര്‍മിളയുടെ ദയനീയ പരാജയം ചില സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്.

പഞ്ചാബിലുണ്ടായത് അകാലിദള്‍ ബിജെപി സഖ്യ സര്‍ക്കാരിന്റെ 10 വര്‍ഷത്തെ അഴിമതിഭരണത്തിന് എതിരായ ജനവിധിയാണ്. പുതിയ നിയമസഭയില്‍ മുഖ്യപ്രതിപക്ഷമാകാന്‍ പോലും സഖ്യത്തിന് കഴിഞ്ഞില്ല. മുഖ്യമന്ത്രി പ്രകാശ്‌സിങ് ബാദലും മകനും ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍സിങ് ബാദലും നയിക്കുന്ന ബിസിനസ് സാമ്രാജ്യത്വത്തിന്റെ താല്‍പര്യങ്ങളാണ് സംസ്ഥാനത്ത് സംരക്ഷിക്കപ്പെട്ടത്. നവ്ജ്യോത്സിങ് സിദ്ദു രാജ്യസഭാംഗത്വം രാജിവച്ച് ബിജെപിബന്ധം അവസാനിപ്പിച്ചതുപോലും ബാദല്‍കുടുംബത്തോടുള്ള അമര്‍ഷത്തിന്റെ പേരിലായിരുന്നു. അതേസമയം ക്യാപ്റ്റര്‍ അമരീന്ദര്‍സിങ് കോണ്‍ഗ്രസിനുവേണ്ടി സമര്‍ഥമായി കരുക്കള്‍ നീക്കി. സത്‌ലജ്‌യമുന കനാല്‍ വിഷയത്തില്‍ പഞ്ചാബിന്റെ താല്‍പര്യം ഹനിക്കപ്പെട്ടുവെന്ന് ആരോപിച്ച് അമൃത്സറില്‍നിന്നുള്ള ലോക്‌സഭാംഗത്വം രാജിവച്ച് അമരീന്ദര്‍ സംസ്ഥാനരാഷ്ട്രീയത്തില്‍ സജീവമായി. കോഫി വിത്ത് ക്യാപ്റ്റന്‍ എന്ന പേരില്‍ സംസ്ഥാനമെമ്പാടും ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു പിടികൊടുക്കാതെ സ്വന്തമായി തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി. തന്നെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുക, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്വാതന്ത്ര്യം നല്‍കുക എന്നീ ഉപാധികള്‍ അദ്ദേഹം മുന്നോട്ടുവച്ചത് ഹൈക്കമാന്‍ഡിന് അംഗീകരിക്കേണ്ടിയുംവന്നു. രാഹുല്‍ഗാന്ധിയുടെ ബുദ്ധി പ്രയോഗിക്കാനുള്ള അവസരം പഞ്ചാബില്‍ നല്‍കിയില്ല എന്നതാണ് അവിടെ കോണ്‍ഗ്രസ് വിജയത്തിന് തിളക്കമായത്.

ഇതുവരെ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലെന്നതാണ് പല സുപ്രധാന ഭരണഘടനാ ഭേദഗതികളും കൊണ്ടുവരുന്നതില്‍നിന്ന് ബിജെപിയെ വിലക്കിയിരുന്നത്. യുപി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍നിന്ന് പുതിയ രാജ്യസഭാംഗങ്ങള്‍ വരുന്നതോടെ ബിജെപിയുടെ നില മെച്ചപ്പെടും. ജൂലൈയില്‍ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തീവ്ര ഹിന്ദുത്വനിലപാടുകളുള്ള ഒരാളെത്തന്നെ ബിജെപി നിര്‍ത്താനുള്ള സാധ്യതയും വര്‍ധിച്ചു. ഇതെല്ലാം ഭരണഘടന ഉറപ്പുനല്‍കുന്ന മതനിരപേക്ഷ, ബഹുസ്വര, ഫെഡറല്‍, പാര്‍ലമെന്ററി മൂല്യങ്ങള്‍ക്കുനേരെയാണ് കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്നത്. വിശ്വാസയോഗ്യമായ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന കക്ഷികളുടെ യോജിച്ച പോരാട്ടമാണ് ആവശ്യം. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനസ്സുകളെ വിഭജിക്കുന്ന രാഷ്ട്രീയം ഒരു നാടിനും ഗുണകരമായിട്ടില്ല. അത് നമ്മുടെ രാജ്യത്തിനും ബാധകമാണ്.

13-Mar-2017

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More