മുതലാളിത്ത വികസനവും ഇടതുപക്ഷവും

പരസ്പരപൂരകമായ വികസന പന്ഥാവുകളിലേക്ക് ജനങ്ങളെ നയിക്കുന്നതിനൊപ്പം മതനിരപേക്ഷതയെ ഊട്ടിയുറപ്പിക്കുന്നതിനുള്ള പരിശ്രമങ്ങളും അഴിമതി സമ്പൂര്‍ണമായി നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുള്ള ഇച്ഛാശക്തിയും സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നുണ്ട്. മേല്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങളെല്ലാം ജനകീയജനാധിപത്യ-സോഷ്യലിസ്റ്റ് - കമ്യൂണിസ്റ്റ് ബദലാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ല. ഇന്നത്തെ ഭരണകൂട വ്യവസ്ഥിതിയുടെ പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ട് ചെയ്യുന്ന ജനാധിപത്യ ബദലുകള്‍ മാത്രമാണവ. ഭരണകൂടത്തിന്റെ വര്‍ഗനിലപാടുകളുമായി ബന്ധപ്പെടുന്ന ഇടതുപക്ഷം സാമൂഹ്യനീതിയും മത നിരപേക്ഷതയും ഉറപ്പുവരുത്താനുള്ള നിതാന്തജാഗ്രത പുലര്‍ത്തുന്നുണ്ട്. ദളിത് ആക്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പ്, ന്യൂനപക്ഷ സംരക്ഷണം, സ്ത്രീസുരക്ഷ ഉറപ്പാക്കല്‍, അഴിമതി നിര്‍മാര്‍ജ്ജനം, അന്ധവിശ്വാസമുള്‍പ്പെടെയുള്ള ജാതി ജീര്‍ണതയ്‌ക്കെതിരായ പ്രതിരോധം തുടങ്ങിയവയൊക്കെ സംഘടിപ്പിക്കുന്നത് ഇതിന്റെ ഭാഗമായാണ്. ഇതെല്ലാം തന്നെ ഭരണകൂട വ്യവസ്ഥയ്ക്കകത്തുനിന്നുകൊണ്ടുള്ള പോരാട്ടങ്ങളിലൂടെ നേടിയെടുക്കാന്‍ സാധിക്കേണ്ട ലക്ഷ്യങ്ങളാണ്. ഭരണഘടനാപരമായ ഉള്ളടക്കത്തിനകത്തുനിന്നുകൊണ്ട് നേടിയെടുക്കാന്‍ സാധിക്കുന്നതുമാണ്. വര്‍ത്തമാനത്തില്‍ നമ്മുടെ ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള സാധ്യതയും പരിമിതിയും മനസിലാക്കി മുന്നോട്ടുപോകുമ്പോഴാണ് രാഷ്ട്രീയ ഇടപെടലുകള്‍ക്ക് കൂടുതല്‍ മിഴിവുണ്ടാകുന്നത്. നമുക്ക് മുന്നിലുള്ള പരിമിതി ഇന്ത്യന്‍ഭരണകൂടത്തിന്റെ വര്‍ഗഘടനയാണ്. അത് തൊഴിലാളി വര്‍ഗത്തിന് അനുകൂലമായി നില്‍ക്കുന്ന ഒന്നല്ല. ഈ പരിമിതിയുള്ളതുകൊണ്ട് മേല്‍സൂചിപ്പിച്ച പോരാട്ടങ്ങള്‍ പ്രസക്തമാണ്. അതിനോടൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ ജനകീയ ബദലുകളുമായി മുന്നോട്ടുപോകുന്ന ജനകീയ സര്‍ക്കാരിനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും സാധിക്കും. കേരളത്തില്‍ അതാണ് കാണാനാവുന്നത്. 

കേരളവികസനത്തെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അവ സാര്‍ത്ഥകമാക്കുന്നതിനും ഒറ്റമൂലികളൊന്നും തന്നെ ആരുടെ കൈകളിലുമില്ല. യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട്, വസ്തുതകളെ മുന്‍നിര്‍ത്തി മാത്രമേ വികസനത്തെ പറ്റി സംസാരിക്കുന്നതില്‍ അര്‍ത്ഥമുള്ളു. ഇന്ത്യയില്‍ ജനാധിപത്യ വിപ്ലവം പൂര്‍ത്തീകരിക്കാത്തതും അതുകൊണ്ടുതന്നെ ഭൂപ്രഭുത്വത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ത്തെറിയാന്‍ സാധിക്കാത്തതുമായ ഫ്യൂഡല്‍ ജീര്‍ണതയുടെ മുകള്‍പ്പരപ്പിലാണ് മുതലാളിത്തം കെട്ടിപ്പടുത്തിട്ടുള്ളത്. ജനാധിപത്യ വിപ്ലവം നടന്ന മുതലാളിത്ത രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഈ അവസ്ഥ. അത്തരമൊരു സമൂഹമാണ് കേരളത്തിലുമുള്ളത്. ആ ഭൂമികയില്‍ വികസനം എന്നത് ഒരു വായ്ത്താരിമാത്രമായി പോകാന്‍ സാധ്യതയുണ്ട്. അവിടെ ബദല്‍ വികസന പരിപ്രേക്ഷ്യവുമായി മുന്നോട്ടുപോകാന്‍ സാധിക്കുന്നു എന്നതാണ് ഇടതുപക്ഷത്തിന്റെ പ്രസക്തി.

സാമ്രാജ്യത്വ-മൂലധന ശക്തികളോട് കീഴടങ്ങള്‍ മനോഭാവത്തോടെ സന്ധിചെയ്ത കുത്തകമുതലാളിത്തം നേതൃത്വം നല്‍കുന്ന ഭരണകൂട വ്യവസ്ഥയാണ് ഇന്ത്യയില്‍ നിലവിലുള്ളത്. ഇതിന് കീഴില്‍ ഭരണഘടനാപരമായ ചട്ടക്കൂടിനകത്തുനിന്നുകൊണ്ടാണ് സംസ്ഥാനത്തിന്റെ ഭരണം കൈയ്യാളുന്നത്. അപ്പോള്‍ കേരളത്തിലെ വികസന നയം എന്നത് വ്യക്തതയോടെ കൈകാര്യം ചെയ്യപ്പെടേണ്ട ഒന്നാണ്. ഭൂപ്രഭുത്വം നിലവിലുള്ളതും ബൂര്‍ഷ്വാ ജനാധിപത്യവിപ്ലവം നടക്കാത്തതുമായ രാജ്യത്ത്, സാമൂഹിക - സാമ്പത്തിക വ്യതിരക്തതയുള്ള, പുരോഗതി നേടിയ സംസ്ഥാനമായി കേരളം നിവര്‍ന്നുനില്‍ക്കുന്നതിനുള്ള അടിസ്ഥാന കാരണം ബൂര്‍ഷ്വാ ഭൂപ്രഭുത്വത്തിന്റെ ഭാഗമായുള്ള ജന്‍മിത്വ ഭൂപ്രഭുത്വം അവസാനിപ്പിക്കാനായതാണ്. പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റെയും പാര്‍ലമെന്റേതര പ്രവര്‍ത്തനത്തിന്റെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് നാം ആ നേട്ടത്തിലേക്കെത്തിയത്. അഞ്ചുസെന്റുമുതല്‍ പതിനഞ്ചേക്കര്‍ വരെ വിസ്തീര്‍ണമുള്ള ഭൂമി മുപ്പത്തിയാറ് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ഈ പ്രക്രിയയുടെ ഭാഗമായി ലഭ്യമാക്കി. അമര്‍ത്യസെന്നിനെ പോലുള്ള ലോകപ്രശസ്തരായ ചിന്തകന്‍മാര്‍ കേരളത്തെ കുറിച്ചും കേരള മോഡലിനെ കുറിച്ചും ലോകത്തോട് സംവദിക്കാന്‍ തയ്യാറാവുന്നത് ഈ വസ്തുതയുടെ ബലത്തിലാണ്.

കേരള വികസന മാതൃക എന്നത് ഏറെ തിളക്കമുള്ള ഒരു പ്രയോഗം തന്നെയാണ്. വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ പുരോഗതിയും സാക്ഷരതയില്‍ കൈവരിച്ച ഉയര്‍ന്ന നേട്ടവും ജീവിത നിലവാരത്തില്‍ പുലര്‍ത്തുന്ന ഔന്നത്യവും നാം മേന്‍മയായി പങ്കുവെക്കുന്നത് അതിവിടെ യാദൃശ്ചികമായി വന്നുഭവിച്ചതുകൊണ്ടല്ല. ബദലുകള്‍ മുന്നോട്ടുവെച്ച് ഇച്ഛാശക്തിയോടെ ലക്ഷ്യപ്രാപ്തിയിലേക്കെത്തിയതാണ്. മേന്‍മകളും നേട്ടങ്ങളും ഉണ്ടാക്കിയതാണ്. എല്ലാം തികഞ്ഞവരാണ് നാം എന്നല്ല പറഞ്ഞുവരുന്നത്. നമുക്ക് മുന്നില്‍ ഇനിയും കടമ്പകളുണ്ട്. രണ്ടരലക്ഷത്തോളം ഭൂരഹിതതരും അഞ്ചുലക്ഷത്തോളം ഭവനരഹിതരുമുള്ള നാടാണ് കേരളം. അത്തരത്തിലുള്ള പ്രതിബന്ധങ്ങളെയെല്ലാം അഭിമുഖീകരിച്ച് നവകേരളം സൃഷ്ടിക്കാനുള്ള കുതിപ്പിലാണ് കേരളം ഭരിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരുള്ളത്.

മുതലാളിത്ത ഭൂപ്രഭുത്വം നിലവിലുള്ള നാടാണ് നമ്മുടേത്. ആ പശ്ചാത്തലത്തില്‍ നിന്നാണ് നാം കേരളത്തിന്റെ വികസനത്തെ പറ്റി ചര്‍ച്ച ചെയ്യുന്നത്. വികസന മാതൃകകള്‍ രൂപപ്പെടുത്തേണ്ടതും വികസന ബദലുകള്‍ സൃഷ്ടിക്കേണ്ടതും ഈ തലത്തില്‍ നിന്നാണ്. രാജ്യത്തിന് മുന്നില്‍ അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കാവുന്ന ബദലുകള്‍ കേരളത്തിനുണ്ടാവണം. അതിനായി വേഗത്തില്‍ മുന്നോട്ടുപോവുകയാണ് എല്‍ ഡി എഫ് ഗവണ്‍മെന്റ്. നവകേരള മിഷന്‍ അതിനുള്ള നാന്ദിയാണ്. ദരിദ്രജനവിഭാഗങ്ങളുടെ ഉന്നമനവും സര്‍വതല സ്പര്‍ശിയായ വികസനവും യാഥാര്‍ഥ്യമാക്കുന്നതിനായാണ് സംസ്ഥാനത്ത് നവകേരള മിഷന് തുടക്കമിട്ടിട്ടുള്ളത്. ഹരിതകേരളം, ലൈഫ്–സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ, ആര്‍ദ്രം–സമഗ്ര ആരോഗ്യം, സമഗ്ര വിദ്യാഭ്യാസ നവീകരണം എന്നിങ്ങനെ നാല് മിഷനുകളിലായി ആറ് മേഖലകളായി തിരിച്ചുള്ള ബൃഹദ്പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതിലൂടെ തുടക്കമിട്ടിരിക്കുന്നത്. മാലിന്യസംസ്‌കരണം, ജലസമൃദ്ധി, കാര്‍ഷികവികസനം എന്നിവ സംയോജിപ്പിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഹരിതകേരളം മിഷനും. കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് തിരികെക്കൊണ്ടുവരുന്നതിനും നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമുള്ള ആസൂത്രിത പ്രവര്‍ത്തനങ്ങളിലൂന്നുന്ന വിദ്യാഭ്യാസ മിഷനും വെറും ഒരു വീട് എന്നതിലുപരിയായി ഓരോ വീട്ടിലെയും ഒരാള്‍ക്കെങ്കിലും മെച്ചപ്പെട്ട തൊഴില്‍ പരിശീലനവും അടിസ്ഥാന സൌകര്യങ്ങളും വിവിധ സാമൂഹിക സേവനങ്ങളും ചികിത്സയ്ക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമുള്ള സൗകര്യങ്ങളുമെല്ലാം ഒരുക്കുന്ന സുരക്ഷിത ഭവനങ്ങളെന്ന ലൈഫ്മിഷന്‍ കാഴ്ചപ്പാടും പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കാനും മെഡിക്കല്‍കോളേജുകളില്‍ നൂതന സൂപ്പര്‍സ്‌പെഷ്യാലിറ്റി സൌകര്യങ്ങള്‍ ഉറപ്പുവരുത്താനും പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും സുഗമമായി ആതുരശുശ്രൂഷാ സേവനങ്ങളും സൗജന്യമരുന്നും ലഭ്യമാക്കാനും ലക്ഷ്യമിടുന്ന ആര്‍ദ്രം മിഷനും യാഥാര്‍ത്ഥ്യമാകുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നത് നവകേരളം തന്നെയാവും. ഈ വികസനത്തിന്റെ പരിപ്രേക്ഷ്യം നിശ്ചയിക്കുന്നത് സമൂഹത്തില്‍ വലിയ രൂപത്തില്‍ സ്വാധീനം ചെലുത്താന്‍ പറ്റുന്ന മേല്‍ത്തട്ടിലുള്ള സമ്പന്നരോ, കോര്‍പ്പറേറ്റുകളോ അല്ല. ജനങ്ങളാണ്.

ഈ വികസനലക്ഷ്യങ്ങള്‍ സാധ്യമാകുമ്പോള്‍ അടിസ്ഥാന ജനവിഭാഗങ്ങളുടെ മുന്നേറ്റമാണ് നാട്ടിലുണ്ടാവുക. പരസ്പരപൂരകമായ വികസന പന്ഥാവുകളിലേക്ക് ജനങ്ങളെ നയിക്കുന്നതിനൊപ്പം മതനിരപേക്ഷതയെ ഊട്ടിയുറപ്പിക്കുന്നതിനുള്ള പരിശ്രമങ്ങളും അഴിമതി സമ്പൂര്‍ണമായി നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുള്ള ഇച്ഛാശക്തിയും സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നുണ്ട്. മേല്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങളെല്ലാം ജനകീയജനാധിപത്യ-സോഷ്യലിസ്റ്റ് - കമ്യൂണിസ്റ്റ് ബദലാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ല. ഇന്നത്തെ ഭരണകൂട വ്യവസ്ഥിതിയുടെ പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ട് ചെയ്യുന്ന ജനാധിപത്യ ബദലുകള്‍ മാത്രമാണവ.

ഭരണകൂടത്തിന്റെ വര്‍ഗനിലപാടുകളുമായി ബന്ധപ്പെടുന്ന ഇടതുപക്ഷം സാമൂഹ്യനീതിയും മത നിരപേക്ഷതയും ഉറപ്പുവരുത്താനുള്ള നിതാന്തജാഗ്രത പുലര്‍ത്തുന്നുണ്ട്. ദളിത് ആക്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പ്, ന്യൂനപക്ഷ സംരക്ഷണം, സ്ത്രീസുരക്ഷ ഉറപ്പാക്കല്‍, അഴിമതി നിര്‍മാര്‍ജ്ജനം, അന്ധവിശ്വാസമുള്‍പ്പെടെയുള്ള ജാതി ജീര്‍ണതയ്‌ക്കെതിരായ പ്രതിരോധം തുടങ്ങിയവയൊക്കെ സംഘടിപ്പിക്കുന്നത് ഇതിന്റെ ഭാഗമായാണ്. ഇതെല്ലാം തന്നെ ഭരണകൂട വ്യവസ്ഥയ്ക്കകത്തുനിന്നുകൊണ്ടുള്ള പോരാട്ടങ്ങളിലൂടെ നേടിയെടുക്കാന്‍ സാധിക്കേണ്ട ലക്ഷ്യങ്ങളാണ്. ഭരണഘടനാപരമായ ഉള്ളടക്കത്തിനകത്തുനിന്നുകൊണ്ട് നേടിയെടുക്കാന്‍ സാധിക്കുന്നതുമാണ്. വര്‍ത്തമാനത്തില്‍ നമ്മുടെ ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള സാധ്യതയും പരിമിതിയും മനസിലാക്കി മുന്നോട്ടുപോകുമ്പോഴാണ് രാഷ്ട്രീയ ഇടപെടലുകള്‍ക്ക് കൂടുതല്‍ മിഴിവുണ്ടാകുന്നത്.

നമുക്ക് മുന്നിലുള്ള പരിമിതി ഇന്ത്യന്‍ഭരണകൂടത്തിന്റെ വര്‍ഗഘടനയാണ്. അത് തൊഴിലാളി വര്‍ഗത്തിന് അനുകൂലമായി നില്‍ക്കുന്ന ഒന്നല്ല. ഈ പരിമിതിയുള്ളതുകൊണ്ട് മേല്‍സൂചിപ്പിച്ച പോരാട്ടങ്ങള്‍ പ്രസക്തമാണ്. അതിനോടൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ ജനകീയ ബദലുകളുമായി മുന്നോട്ടുപോകുന്ന ജനകീയ സര്‍ക്കാരിനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും സാധിക്കും. കേരളത്തില്‍ അതാണ് കാണാനാവുന്നത്. സമരങ്ങളോടും മുദ്രാവാക്യങ്ങളോടും പുറന്തിരിഞ്ഞുനില്‍ക്കുന്ന ഗവണ്‍മെന്റല്ല ഇടതുപക്ഷത്തിന്റേത്. എന്നാല്‍, ചില മാധ്യമങ്ങളും നിക്ഷിപ്ത താല്‍പ്പര്യക്കാരും നിശ്ചയിക്കുന്ന അജണ്ടകളില്‍ നിലപാടുകള്‍ സ്വീകരിക്കുന്ന ഗവണ്‍മെന്റുമല്ലിത്.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ്, ഇടതുപക്ഷ പാര്‍ട്ടികളും ജനാധിപത്യ പ്രസ്ഥാനങ്ങളും ചേര്‍ന്നുള്ള കൂട്ടായ്മയാണ്. വിപുലമായ ഒരു ഇടതുപക്ഷ ജനാധിപത്യ മുന്നണി, രാജ്യത്ത് രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് ഇതിലൂടെ വെളിവാകുന്നത്. ഇന്ത്യന്‍ ഭരണവര്‍ഗത്തെയും ഭരണകൂടത്തെയും മാറ്റിമറിക്കാന്‍ ഒരു പുതിയ ഭരണകൂട വ്യവസ്ഥ പകരം വെക്കുന്നതിനുള്ള ജനകീയ ജനാധിപത്യ വിപ്ലവം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് സിപിഐ എം. ഈ ലക്ഷ്യം കൈവരിക്കുന്നിത് അതിവിപുലമായ ജനകീയ ജനാധിപത്യ മുന്നണി രൂപം കൊള്ളേണ്ടതായിട്ടുണ്ട്. സിപിഐ എംന്റെ ഇരുപത്തിയൊന്നാം പാര്‍ടി കോണ്‍ഗ്രസ് ഭരണവര്‍ഗ നിലപാടുകള്‍ക്കെതിരായി വിപുലമായ ജനവിഭാഗങ്ങളെ അണിനിരത്തി വലിയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനായി തീരുമാനിച്ചിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണി കെട്ടിപ്പടുക്കുക എന്നുള്ളത് ഒരു പ്രചരണമുദ്രാവാക്യമായിട്ടല്ല പാര്‍ടി കാണുന്നത്. കേരളത്തിന്റെ അനുഭവം കൂടി മുന്നില്‍വെച്ചുകൊണ്ട് ഇടതുപക്ഷ ബദല്‍ ദേശീയാടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കുന്നതിന് രാജ്യവ്യാപകമായി ഇടതുപക്ഷ സ്വാധീനം പ്രത്യേകിച്ച് സിപിഐ എംന്റെ വിപുലമായ പ്രവര്‍ത്തനം വികസിപ്പിച്ചെടുക്കേണ്ടതായിട്ടുണ്ട് എന്ന് നിരീക്ഷിക്കുകയുണ്ടായി. ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത് ഒരു തെരഞ്ഞെടുപ്പ് സഖ്യം എന്നുള്ള നിലയിലല്ല. ഭരണവര്‍ഗ നിലപാടുകള്‍ക്കെതിരായി സമരം ചെയ്യുന്ന അതിവിശാലമായ ഒരു ജനകീയ കൂട്ടുകെട്ടായാണ്. വര്‍ഗസമരമെന്ന സാമൂഹ്യ പ്രതിഭാസത്തെ സാമൂഹ്യ വിപ്ലവത്തിന്റെ ത്വരിത ശക്തിയായി വികസിപ്പിക്കുന്നതിനുള്ള തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തിന്റെ സാമൂഹ്യ ഇടപെടലായിട്ടാണ് അതിനെ കാണേണ്ടത്.

ഈ സാഹചര്യത്തില്‍ ഇടതുപക്ഷജനാധിപത്യമുന്നണി കെട്ടിപ്പടുക്കുക എന്ന രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രബലമായ പാര്‍ടി എന്നുള്ള നിലയില്‍ സിപിഐ എം ഭരണവര്‍ഗ നിലപാടുകള്‍ക്കെതിരെയും ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരെയും ഉയര്‍ന്നുവരുന്ന അതിവിപുലമായ മുന്നണിയുടെ കേന്ദ്രമായാണ് നിലകൊള്ളുന്നത്. അതിനാല്‍ തന്നെ ഇടതുപക്ഷ ഐക്യം കാത്തുസൂക്ഷിക്കാനുള്ള ബാധ്യത ഏറ്റവുമേറെയുള്ളത് സിപിഐ എംന് തന്നെയാണ്. ആ വസ്തുത മനസിലാക്കുന്നതുകൊണ്ടാണ് പ്രകോപനങ്ങളെ വകവെക്കാതെ, അത്തരത്തിലുള്ള നിലപാടുകളെ തിരുത്തിയെടുത്ത് വിശാല ഇടതുപക്ഷ. ഐക്യത്തിലേക്കുള്ള പുരോഗമന ധാരയെ കൂടുതല്‍ വിപുലമാക്കാന്‍ സിപിഐ എം ശ്രമിച്ചുകൊണ്ടേയിരിക്കുന്നത്. ഇതൊക്കെ മനസിലാക്കിയാവണം വികസനകാഴ്ചപ്പാടിനെ പറ്റിയും ഇടതുപക്ഷനയങ്ങളെ പറ്റിയും പരാമര്‍ശിക്കേണ്ടത്.

05-Jul-2017

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More