ബീഹാറില്‍ നിന്നുള്ള പാഠം

സിപിഐ എം 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് രേഖകളില്‍ അത് സുവ്യക്തമായി പറയുന്നുണ്ട് : “ബി ജെ പി അധികാരത്തിലിരിക്കുമ്പോള്‍ നമ്മുടെ ആക്രമണത്തിന്റെ പ്രധാന ദിശ അതിനു നേരെയാകണം. പക്ഷെ, ഇതിനര്‍ത്ഥം കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് ധാരണ എന്നായിക്കൂടാ. നവലിബറലിസത്തിനെതിരെ പോരാടുക എന്ന പ്രധാന കടമയെ വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തിന് കീഴ്‌പ്പെടുത്തുന്ന സമീപനവുമായിക്കൂടാ. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തെയും നവലിബറല്‍ നയങ്ങള്‍ക്കെതിരെയും, ജനങ്ങളുടെ ഉപജീവനത്തിനായുള്ള പോരാട്ടത്തെയും സംബന്ധിച്ച നമ്മുടെ സമീപനത്തില്‍ വ്യതിരക്തത ഉണ്ടായിക്കൂടാ.” ഇത്തരത്തിലുള്ള ഒരു നിലപാടിലേക്ക് പാര്‍ട്ടി കോണ്‍ഗ്രസ് എത്തിചേര്‍ന്നത് മുന്‍ അനുഭവങ്ങളില്‍ക്കൂടിയാണ്. അതിനെ മാറ്റിവെക്കാന്‍ തരത്തിലുള്ള പുത്തന്‍സാഹചര്യങ്ങളൊന്നും രാജ്യത്ത് ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത.

ബീഹാറില്‍ അധികാരത്തിന്റെ അപ്പകഷണം നുണയാനായി സംഘപരിവാര്‍ ക്യാമ്പിലേക്ക് ഓടിക്കയറിയ നിതീഷ് കുമാറും ജെ ഡി യുവും മതനിരപേക്ഷതയ്ക്ക് ഏല്‍പ്പിച്ച പരുക്ക് ചില്ലറയല്ല. ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരം മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ ഇതാ രാജ്യത്തൊരു പുത്തന്‍ ശക്തി എന്ന് പറഞ്ഞുകൊണ്ടാണ് കഴിഞ്ഞ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് നിതീഷ്‌കുമാറിന്റെ ജെ ഡി യുവും ലാലുപ്രസാദ് യാദവിന്റെ ആര്‍ ജെ ഡിയും കോണ്‍ഗ്രസുമായി കൈകോര്‍ത്ത് 'മഹാസഖ്യ'മുണ്ടാക്കിയത്. അന്ന് മഹാസഖ്യത്തില്‍ പങ്കാളിയാകാത്ത സിപിഐ എം നിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയരായി. ബൂര്‍ഷ്വാ മാധ്യമങ്ങള്‍ രാജ്യവ്യാപകമായി സിപിഐ എം നിലപാടിനെ ദുര്‍വ്യാഖ്യാനിച്ചു. വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ മഹാസഖ്യത്തില്‍ സിപിഐ എം ചേരാതിരിക്കുമ്പോള്‍ ശക്തിപ്പെടുന്നത് ബി ജെ പിയാണെന്നും ഈ നിലപാട് ബി ജെ പിക്ക് അനുകൂലമാണെന്നും വിലയിരുത്തിയ രാഷ്ട്രീയ നിരീക്ഷകര്‍ക്കും മാധ്യമങ്ങള്‍ക്കും ഇപ്പോള്‍ കാര്യങ്ങളുടെ കിടപ്പ് മനസിലായിക്കാണും. ബീഹാറില്‍ സംഭവിച്ച രാഷ്ട്രീയ ജീര്‍ണത, മഹാസഖ്യത്തെ കുറിച്ചുള്ള സിപിഐ എം നിലപാടാണ് ശരി എന്ന് തെളിയിക്കുന്നു. ബൂര്‍ഷ്വാ-ഭൂപ്രഭു പാര്‍ട്ടികളുമായി കൂട്ടുകൂടുമ്പോള്‍ സംഭവിക്കാവുന്ന തിരിച്ചടികള്‍ക്കുള്ള ഒന്നാംതരം ഉദാഹരണമാണ് നിതീഷ്‌കുമാറിന്റെ നിലപാട്. ബി ജെ പിയുമായി ചേര്‍ന്ന് ബീഹാറില്‍ മന്ത്രിസഭ രൂപീകരിച്ച നിതീഷ്‌കുമാറിന്റെ ജെ ഡി യു, ബൂര്‍ഷ്വാ പാര്‍ട്ടികള്‍ തമ്മിലും അവയ്ക്കുള്ളില്‍ തന്നെയുമുണ്ടാവുന്ന വൈരുദ്ധ്യത്തിന്റെയും ദൃഷ്ടാന്തമായി മാറുകയാണ്.

ഇടതുപക്ഷ നേതൃത്വത്തിലുള്ള മുന്നണി ശക്തമായി നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യ പരിപാടി ഉയര്‍ത്തിപ്പിടിക്കുന്നതിന് ബൂര്‍ഷ്വാ പാര്‍ട്ടികളുമായുള്ള ബന്ധം തടസമാവില്ല. എന്നാല്‍, ബീഹാര്‍ പോലുള്ളിടങ്ങളില്‍ ഇടതുപക്ഷം ദുര്‍ബലമാണ്. അവിടെ ശക്തരായ പ്രാദേശിക പാര്‍ട്ടികളുമായി കൂട്ടുകൂടുന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും അതിന്റെ പരിപാടിയെയും ദുര്‍ബലപ്പെടുത്തും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ അണിനിരത്തേണ്ട വര്‍ഗങ്ങളുടെ സമരങ്ങളും ബഹുജനപ്രസ്ഥാനങ്ങളുടെ പ്രക്ഷോഭങ്ങളും പ്രാദേശിക പാര്‍ട്ടികള്‍ നയിക്കുന്ന സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കെതിരാവും. അതുകൂടി കണക്കിലെടുത്താണ് ബീഹാറില്‍ സിപിഐ എം നിലപാടെടുത്തിരുന്നത്.

ജനകീയ ജനാധിപത്യ വിപ്ലവത്തിലേക്ക് മുന്നേറാന്‍ കാലാകാലങ്ങളില്‍ നിയതമായ ഓരോ സന്ദര്‍ഭത്തിലും പാര്‍ട്ടി സ്വീകരിച്ചിട്ടുള്ള അടവാണ് രാഷ്ട്രീയ-അടവ് നയം. ബൂര്‍ഷ്വാ-ഭൂപ്രഭു വ്യവസ്ഥയ്ക്ക് ബദലായി ഇടതുജനാധിപത്യ മുന്നണിയെ വളര്‍ത്തിയെടുക്കുക എന്നതാണ് രാഷ്ട്രീയ- അടവ് നയത്തിന്റെ ലക്ഷ്യം. വര്‍ഗശക്തികളുടെ പരസ്പര ബന്ധത്തില്‍ മാറ്റം വരുത്താതെ ആ ലക്ഷ്യം കാണാന്‍ സാധിക്കില്ല. ബൂര്‍ഷ്വാ പാര്‍ട്ടികളുമായി കൂട്ടുകൂടുന്ന അടവ്, പാര്‍ട്ടിയുടെ സ്വതന്ത്ര ശക്തിയുടെ ചോര്‍ച്ചയ്ക്ക് നിദാനമാകുന്നുവെന്ന അഭിപ്രായം സിപിഐ എം കേന്ദ്രകമ്മറ്റി സ്വീകരിച്ച അവലോകന രേഖയില്‍ വ്യക്തമാക്കുന്നുണ്ട്.

ഹിന്ദുത്വ വര്‍ഗീയ ശക്തികളും കോണ്‍ഗ്രസും അടക്കമുള്ള ബൂര്‍ഷ്വാ-ഭൂപ്രഭു പാര്‍ട്ടികളുടെ രാഷ്ട്രീയമാണ് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്നത്. മുതലാളിത്ത ശക്തികളുടെ ആസുരതയ്‌ക്കെതിരെ തൊഴിലാളി വര്‍ഗത്തെ ആശയവല്‍ക്കരിച്ച് അണിനിരത്തുന്ന സിപിഐ എംനെ മാധ്യമങ്ങള്‍ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുന്നത് അവരെ നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യപ്രകാരമാണ്. ബൂര്‍ഷ്വാ-ഭൂപ്രഭു പാര്‍ട്ടികളുടെ പരിപാടിക്കും പ്രയോഗത്തിനും തീര്‍ത്തും എതിരും വ്യതിരക്തവുമായ രാഷ്ട്രീയ സാമ്പത്തിക പരിപാടികള്‍ മുന്നോട്ടുവെക്കുന്ന സിപിഐ എം ആത്യന്തികമായി കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളുള്ള ബൂര്‍ഷ്വാ മാധ്യമങ്ങളുടെ കൂടി ശത്രുക്കളാണ്. അതിനാലാണ് സിപിഐ എംനെ പ്രതീക്ഷയോടുകൂടി നോക്കി കാണുന്ന ജനസാമാന്യത്തെ ആശങ്കയിലാക്കുന്ന രീതിയില്‍, പാര്‍ട്ടിക്കെതിരായ വൈവിധ്യമാര്‍ന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ചമക്കുന്നത്.

കുറച്ചുദിവസങ്ങള്‍ മുന്‍പ് സിപിഐ എം കേന്ദ്രക്കമ്മറ്റിയോഗത്തിന് മുന്നോടിയായി 'ബംഗാളില്‍ നിന്ന് കോണ്‍ഗ്രസ് പിന്തുണയോടുകൂടി രാജ്യസഭയിലേക്ക് സ്ഥാനാര്‍ത്ഥി' എന്ന അജണ്ട ബൂര്‍ഷ്വാ മാധ്യമങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. അപ്പോള്‍ ആ മാധ്യമങ്ങളുടെ ഉള്ളില്‍ സിപിഐ എം നോടുള്ള സ്‌നേഹമായിരുന്നില്ല ഉണ്ടായിരുന്നത്. രണ്ട് കാര്യങ്ങളാണ് പ്രധാനമായും ആ വാര്‍ത്താ വിന്യാസത്തിലൂടെ അവര്‍ ലക്ഷ്യമിട്ടത്. ഒന്ന്, ബംഗാളില്‍ നിന്ന് സിപിഐ എംന്റെ പ്രതിനിധി കോണ്‍ഗ്രസ് പിന്തുണയോടുകൂടി രാജ്യസഭാംഗമായി പരിഗണിക്കപ്പെടണമെന്ന വാദത്തെ എതിര്‍ക്കുന്ന മറ്റൊരു വിഭാഗം പാര്‍ട്ടിയിലുണ്ടെന്നും കേന്ദ്ര നേതൃത്വത്തില്‍ വിഭാഗീയതയുണ്ടെന്നും സ്ഥാപിക്കുക. രണ്ട്, കോണ്‍ഗ്രസ് എന്ന ബൂര്‍ഷ്വാ പാര്‍ട്ടിയുടെ കൂടെ നിന്നാല്‍ മാത്രമേ അതേ സ്വഭാവമുള്ള ബി ജെ പി മുന്നോട്ടുവെക്കുന്ന വര്‍ഗീയ അജണ്ടകളെ സിപിഐ എംന് നേരിടാന്‍ സാധിക്കുകയുള്ളു എന്ന് വരുത്തുക. സിപിഐ എം'നോടുള്ള താല്‍പ്പര്യമാണ് മാധ്യമങ്ങള്‍ക്കുള്ളത് എന്നൊക്കെ അവരുടെ വാര്‍ത്താ വിന്യാസ ശൈലികൊണ്ട് തോന്നിയേക്കാമെങ്കിലും ആത്യന്തികമായി ബൂര്‍ഷ്വാ മാധ്യമങ്ങളുടെ വാര്‍ത്തകളുടെ കാതല്‍ സിപിഐ എം വിദ്വേഷം തന്നെയാണ് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

മാധ്യമങ്ങളുടെ വ്യാഖ്യാനങ്ങളില്‍ പറയുന്നത് പോലെ കോണ്‍ഗ്രസിന്റെ പിന്തുണതേടി പാര്‍ലമെന്റില്‍ എത്തിയാല്‍, സാമ്രാജ്യത്വ വിരുദ്ധ-ഭൂപ്രഭു വിരുദ്ധ-കുത്തക വിരുദ്ധ നിലപാടുകളാണ് സിപിഐ എം ഉയര്‍ത്തിപ്പിടിക്കേണ്ടത്. നവലിബറല്‍ മുതലാളിത്തത്തിനെതിരായുള്ളതാണ് സിപിഐ എംന്റെ പോരാട്ടം. 1991ലെ ഉദാരവല്‍ക്കരണത്തിനുശേഷം നവലിബറല്‍ നയങ്ങളുടെ വരവിനെ തുടര്‍ന്ന് മുതലാളിത്ത വികസന മാതൃകയില്‍ മൊത്തത്തിലുള്ള മാറ്റം ഉണ്ടായിട്ടുണ്ട്. ഭരണവര്‍ഗത്തിന്റെ കല്‍പ്പന പ്രകാരമാണ് നവലിബറല്‍ നയങ്ങള്‍ പിന്തുടരപ്പെടുന്നത്. 91ല്‍ നരസിംഹരാവുമുതല്‍ തുടര്‍ച്ചയായി അധികാരത്തില്‍ വന്ന എല്ലാ കേന്ദ്രസര്‍ക്കാരുകളും ഒരേ പാതയിലൂടെ സഞ്ചരിച്ചവരാണ്. ഇപ്പോള്‍ ബി ജെ പി നേതൃത്വത്തിലുള്ള മോഡി ഗവണ്‍മെന്റും നടപ്പിലാക്കുന്നത് നവലിബറല്‍ നയങ്ങളാണ്. കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളാണ്. സാമ്രാജ്യത്വ സേവയുടെ കാര്യത്തില്‍ കേന്ദ്രത്തിലുള്ള ബി ജെ പി സര്‍ക്കാരും നേരത്തെ ഉണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരും ഒരേ മനോഭാവം വെച്ചുപുലര്‍ത്തുന്നവരാണ്. ചുരുക്കി പറഞ്ഞാല്‍ കോണ്‍ഗ്രസ്, ബി ജെ പി എന്നീ പാര്‍ട്ടികള്‍ നവലിബറല്‍ നയങ്ങളുടെ പ്രയോക്താക്കളാണ്. ബി ജെ പി വര്‍ഗീയ അജണ്ടകളുമായി മുന്നോട്ടുപോകുമ്പോള്‍, കോണ്‍ഗ്രസ് മതനിരപേക്ഷതയുടെ സംരക്ഷകരാണെന്ന് അവകാശപ്പെടുന്നുണ്ട് എന്ന വ്യത്യാസം മാത്രമേ ഉള്ളു.

പാര്‍ലമെന്റിനകത്ത് സിപിഐ എം ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയത്തെ എതിര്‍ക്കുന്നതിനൊപ്പം നവലിബറല്‍ നയങ്ങളെയും കോര്‍പ്പറേറ്റ് ബാന്ധവങ്ങളേയും സാമ്രാജ്യത്വ സേവയെയും അഴിമതിയെയും തുറന്നുകാട്ടുകയും തിരുത്താനുള്ള ബദലുകള്‍ നിര്‍ദേശിക്കുകയും ചെയ്യും. അത് ബി ജെ പിയെ മാത്രമല്ല അസ്വസ്ഥമാക്കുക. കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ബൂര്‍ഷ്വാ പാര്‍ട്ടിയായ കോണ്‍ഗ്രസിനും കൊള്ളും. അപ്പോള്‍ പിന്തുണ സംബന്ധിച്ച് അസ്വാരസ്യങ്ങളുമുണ്ടാവും. ഒരു ബൂര്‍ഷ്വാപാര്‍ട്ടിയുടെ പിന്തുണയോടെ തൊഴിലാളി വര്‍ഗ പാര്‍ട്ടിക്ക് വര്‍ഗീയതയെ പ്രതിരോധിക്കാന്‍ സാധിക്കില്ല. സിപിഐ എം 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് രേഖകളില്‍ അത് സുവ്യക്തമായി പറയുന്നുണ്ട് : “ബി ജെ പി അധികാരത്തിലിരിക്കുമ്പോള്‍ നമ്മുടെ ആക്രമണത്തിന്റെ പ്രധാന ദിശ അതിനു നേരെയാകണം. പക്ഷെ, ഇതിനര്‍ത്ഥം കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് ധാരണ എന്നായിക്കൂടാ. നവലിബറലിസത്തിനെതിരെ പോരാടുക എന്ന പ്രധാന കടമയെ വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തിന് കീഴ്‌പ്പെടുത്തുന്ന സമീപനവുമായിക്കൂടാ. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തെയും നവലിബറല്‍ നയങ്ങള്‍ക്കെതിരെയും, ജനങ്ങളുടെ ഉപജീവനത്തിനായുള്ള പോരാട്ടത്തെയും സംബന്ധിച്ച നമ്മുടെ സമീപനത്തില്‍ വ്യതിരക്തത ഉണ്ടായിക്കൂടാ.” ഇത്തരത്തിലുള്ള ഒരു നിലപാടിലേക്ക് പാര്‍ട്ടി കോണ്‍ഗ്രസ് എത്തിചേര്‍ന്നത് മുന്‍ അനുഭവങ്ങളില്‍ക്കൂടിയാണ്. അതിനെ മാറ്റിവെക്കാന്‍ തരത്തിലുള്ള പുത്തന്‍സാഹചര്യങ്ങളൊന്നും രാജ്യത്ത് ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത.

ബംഗാളിലെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ചും ബീഹാറിലെ മഹാസഖ്യത്തില്‍ ചേരാത്തത് സംബന്ധിച്ചും സിപിഐ എംന് കൃത്യമായ നിലപാടുണ്ട്. പാര്‍ട്ടിയുടെ നിരീക്ഷണമാണ് ശരിയെന്ന് തുടര്‍ന്നുവരുന്ന സംഭവവികാസങ്ങളില്‍ കൂടി സ്പഷ്ടമാവുന്നുമുണ്ട്. കൃത്യതയുള്ള ആ നിലപാട് തീര്‍ച്ചയായും മുതലാളിത്ത ശക്തികള്‍ക്ക് അലോസരമുണ്ടാക്കുന്നതാണ്. അതിനാലാണ് കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ സഹായത്തോടെ മുകളില്‍ പറഞ്ഞ രീതിയിലുള്ള വാര്‍ത്താ വിന്യാസങ്ങള്‍ ഉണ്ടാക്കുന്നത്. ഇടതുപക്ഷത്തിന്റെ അടിത്തറ വിപുലമാകുന്നതില്‍ അസ്വസ്ഥരാവുന്നത് നവലിബറല്‍ നയങ്ങളുടെ വക്താക്കളായ മുതലാളിത്ത ശക്തികളാണ്. തൊഴിലാളി വര്‍ഗത്തെ എന്നും ചൂഷണവിധേയരാക്കി നിലനിര്‍ത്തണമെന്നുള്ളതാണ് അവരുടെ താല്‍പ്പര്യം.

ഈ സാഹചര്യത്തില്‍ നവലിബറല്‍ നയങ്ങള്‍ക്കെതിരായ യഥാര്‍ത്ഥ പോരാട്ടമാണ് ഉയര്‍ത്തിക്കൊണ്ടുവരേണ്ടത്. നവ ഉദാരവല്‍ക്കരണത്തിലധിഷ്ഠിതമായ ബി ജെ പി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ ശക്തമായി അതിര്‍ക്കണം. അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കുമേലുള്ള നവലിബറല്‍ ആക്രമണങ്ങളെ ചെറുക്കുന്നതിന് വിവിധ വിഭാഗങ്ങളിലുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും സംഘടിപ്പിച്ച് അണിനിരത്തണമെന്ന് സിപിഐ എംന്റെ ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ്, പാര്‍ട്ടിയുടെ കടമയായി ഉയര്‍ത്തിക്കാട്ടുന്നു.

സിപിഐ എം അതിന്റെ ശക്തിയും ബഹുജനാടിത്തറയും വിപുലപ്പെടുത്തുന്നതിനൊപ്പം വര്‍ഗ-ബഹുജന പ്രശ്‌നങ്ങളില്‍ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുകയാണ്. ബൂര്‍ഷ്വാ പാര്‍ട്ടികളെ അനുഗമിക്കുന്ന ബഹുജനങ്ങളെ, വര്‍ഗ-ബഹുജനസംഘടനകളുടെ പോരാട്ടങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ട് പുരോഗമന പ്രസ്ഥാനത്തിലേക്ക് വലിച്ചടുപ്പിക്കണം. ഇടതു ജനാധിപത്യ മുന്നണിയുടെ പുരോഗതിക്കായി ഇടതുപക്ഷ ഐക്യം കെട്ടിപ്പടുക്കുകയും വിപുലമാക്കുകയും വിവിധ വര്‍ഗങ്ങളെയും അധ്വാനിക്കുന്ന ജനങ്ങളെയാകെയും ഇടതു ജനാധിപത്യ പരിപാടിക്ക് പിന്നില്‍ അണിനിരത്തുകയും വേണം. ഇതിലൂടെ എല്ലാ വിഭാഗത്തിലും പെട്ട അധ്വാനിക്കുന്ന ജനങ്ങളുടെ പോരാട്ടങ്ങളുമായി മുന്നോട്ടുപോകുന്ന ചലനാത്മകവും സമരോത്സുകവുമായ വേദിയായി പാര്‍ട്ടി മാറുകയാണ്. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സാമൂഹ്യ നീതിയുടെയും സോഷ്യലിസത്തിന്റെയും മുദ്രാവാക്യങ്ങളാണ് അപ്പോള്‍ മുഖരിതമാവുക. അങ്ങനെ മാത്രമേ നവലിബറല്‍ മുതലാളിത്തവും ഭൂരിപക്ഷ വര്‍ഗീയതയും അടിച്ചേല്‍പ്പിക്കുന്ന നാശത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ സാധിക്കുകയുള്ളു.

05-Aug-2017

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More