കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും പതനം
എം വി ഗോവിന്ദന്‍മാസ്റ്റര്‍
ഉമ്മന്‍ചാണ്ടിയെ കൂടാതെ മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍, മുന്‍ കേന്ദ്രമന്ത്രിമാരായ കെ സി വേണുഗോപാല്‍, പളനിമാണിക്യം, എംഎല്‍എമാരായ ഹൈബി ഈഡന്‍, മോന്‍സ് ജോസഫ്, ജോസ് കെ മാണി എംപി, മുന്‍ എംഎല്‍എ എ പി അബ്ദുള്ളക്കുട്ടി, പി സി വിഷ്ണുനാഥ്, കോണ്‍ഗ്രസ് നേതാക്കളായ തമ്പാനൂര്‍ രവി, ബെന്നി ബെഹനാന്‍, എന്‍ സുബ്രഹ്മണ്യന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രമുഖര്‍. ടെനി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്, സലിംരാജ്, തോമസ് കുരുവിള, അന്നത്തെ പൊലീസ് അന്വേഷണസംഘത്തിലെ എഡിജിപി കെ പത്മകുമാര്‍, ഡിവൈഎസ്പി ഹരികൃഷ്ണന്‍, കേരള പൊലീസ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി ജി ആര്‍ അജിത് എന്നിവര്‍ക്കെതിരെയും കേസ് എടുക്കും. ജാമ്യമില്ലാവകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ യു ഡി എഫ് ക്യാമ്പില്‍ കേസില്ലാത്ത നേതാക്കള്‍ ചുരുങ്ങും. |
സോളാര്‍ തട്ടിപ്പ് കേസ് കേരളത്തിന് പുതുമയുള്ള കുംഭകോണമായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ യു ഡി എഫ് സംവിധാനമാകെ ആ അഴിമതിയിലും ലൈംഗീക പീഡനങ്ങളിലും പങ്കാളികളായി. 2013 ജൂണ്‍ 11നാണ് സോളാര്‍ തട്ടിപ്പ് പുറത്തുവരുന്നത്. തൊട്ടടുത്ത ദിവസം നിയമസഭയില്‍ അന്നത്തെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ അടക്കമുള്ള നേതാക്കള്‍ ഈ പ്രശ്‌നം ഉന്നയിച്ചു. 13ന് അടിയന്തരപ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അദ്ദേഹത്തിന്റെ ഓഫീസിനും തട്ടിപ്പുമായുള്ള ബന്ധം പുറത്തുവന്നു. തട്ടിപ്പിന് നേതൃത്വം കൊടുത്തവര്‍ മുഖ്യമന്ത്രിയെ മറയായി ഉപയോഗിച്ചതും വ്യക്തമായി. പിന്നീടങ്ങോട്ട് കേരളം സാക്ഷിയായത് ഐതിഹാസിക പ്രക്ഷോഭങ്ങള്‍ക്കായിരുന്നു. സിപിഐ എമ്മിന്റെയും എല്‍ ഡി എഫിന്റെയും നേതൃത്വത്തില്‍ കേരളത്തിലങ്ങോളമിങ്ങോളം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായ പ്രതിഷേധം ഇരമ്പിയാര്‍ത്തു.
വൈകാതെ ജനനേതാക്കളും ജനപ്രതിനിധികളും കോരിച്ചൊരിയുന്ന മഴയത്തുപോലും രാപ്പകല്‍ സത്യഗ്രഹത്തിലേര്‍പ്പെട്ടു. അഴിമതിയുടെ ചെളിക്കുണ്ടില്‍ ആഴ്ന്നുപോയ യു ഡി എഫ് ഭരണസംവിധാനത്തെ അടിമുടി പിടിച്ചുലച്ച സമരനാളുകള്‍. സെക്രട്ടറിയറ്റ് പരിസരം രാവും പകലും ഭേദമില്ലാതെ സമരാവേശത്തില്‍ മുങ്ങി. അഴിമതിയില്‍ പങ്കാളികളാണെന്ന് പകല്‍പോലെ തെളിഞ്ഞിട്ടും കസേരയില്‍ കടിച്ചുതൂങ്ങുന്ന ഭരണാധികാരികള്‍ക്കെതിരായ ജനതയുടെ താക്കീതായി മാറി രാപ്പകല്‍ സമരം. നേതാക്കള്‍ക്കെതിരെ കേസെടുത്തും പന്തല്‍ പൊളിക്കാന്‍ കാക്കിപ്പടയെ നിയോഗിച്ചും സമരം കലക്കുമെന്ന ഭീഷണിക്കുമുന്നില്‍ മുട്ടുമടക്കാതെ ആയിരങ്ങളാണ് നേതാക്കള്‍ക്കൊപ്പം സമരത്തില്‍ അണിചേര്‍ന്നത്. നേതാക്കളുടെയും ജനപ്രതിനിധികളുടെയും ഉച്ചയൂണും ചായയും അത്താഴവുമെല്ലാം സമരപ്പന്തലില്‍ത്തന്നെയായിരുന്നു.
ജില്ലാകേന്ദ്രങ്ങളില്‍ നടത്തി വന്ന രാപ്പകല്‍ സമരം അവസാനിപ്പിച്ചത് ആഗസ്റ്റ് നാലിനാണ്. തുടര്‍ന്ന് സമരത്തിന്റെ അടുത്ത ഘട്ടത്തിന് തുടക്കമായി. അഞ്ച് മുതല്‍ 11 വരെ പ്രചരണ ജാഥകള്‍ പര്യടനം നടത്തി. ജനങ്ങളോട് സംവദിച്ചു. ആഗസ്റ്റ് 12ന് രാവിലെ, ചരിത്രത്തിലേറിയ സെക്രട്ടറിയറ്റ് ഉപരോധ സമരം ആരംഭിച്ചു. മഴയും വെയിലും കൂസാതെ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും ജനസഹസ്രങ്ങള്‍ ഭരണസിരാകേന്ദ്രത്തിലേക്ക് ഒഴുകിയെത്തി. ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ ഉപരോധത്തില്‍ പങ്കുചേര്‍ന്നു. ശക്തമായ സമരപരിപാടികളുമായി പ്രതിപക്ഷം മുന്നോട്ടുപോയ സാഹചര്യത്തിലാണ് 2013 ഒക്ടോബര്‍ 28ന് റിട്ട. ജഡ്ജിയായ ജസ്റ്റിസ് ജി ശിവരാജനെ അന്വേഷണകമീഷനായി നിശ്ചയിച്ച് ഉത്തരവിറക്കിയത്.
ആ സമയത്ത് പലരും സെക്രട്ടേറിയറ്റ് ഉപരോധത്തെ പരിഹസിച്ചു. മാധ്യമങ്ങള്‍ ഒത്തുതീര്‍പ്പ് സമരമെന്ന് വിലയിരുത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു അന്ന് ആഭ്യന്തരവകുപ്പ് മന്ത്രി. അദ്ദേഹം എ കെ ജി സെന്റിലേക്ക് അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെ വിളിച്ചു സംസാരിച്ചു. ഫോണില്‍ ബന്ധപ്പെട്ട കാര്യം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുത്തു. ചര്‍ച്ച സംഘടിപ്പിച്ചു. തിരുവഞ്ചൂരും പിണറായിയും സംസാരിച്ച് സമരം ഒത്തുതീര്‍പ്പാക്കി എന്ന് പലരും വ്യാഖ്യാനിച്ചു. ഇടതുപക്ഷത്തുള്ള 'ശുദ്ധമനസ്‌കര്‍' പോലും ആ പ്രചാരണം ഏറ്റുപിടിച്ചു. ഇപ്പോള്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഉമ്മന്‍ചാണ്ചിയോടൊപ്പം തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കേസില്‍ പ്രതിയാക്കപ്പെട്ടിരിക്കുന്നു. മുല്ലപ്പൂവിപ്ലവത്തിന്റെ മാതൃകയില്‍ നാടാകെ ഏറ്റെടുത്ത സെക്രട്ടറിയേറ്റ് വളയല്‍ സമരം. തുമ്പപ്പൂവിപ്ലവമെന്നും തെച്ചിപ്പൂവിപ്ലവമെന്നും ജനങ്ങള്‍ വിശേഷിപ്പിച്ച ആ ചരിത്രമുന്നേറ്റം വെറുതെയായിരുന്നില്ല എന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ 1073 പേജുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
സോളാര്‍കുംഭകോണം തേഞ്ഞുമാഞ്ഞുപോകാതിരുന്നത് സിപിഐ എം പുലര്‍ത്തിയ ജാഗ്രതമൂലമാണ്. സോളാര്‍ അന്വേഷണ കമ്മീഷന്‍ 2015 ജനുവരി 12നാരംഭിച്ച സാക്ഷിവിസ്താരം 2017 ഫെബ്രുവരി 15നാണ് അവസാനിച്ചത്. രണ്ടുവര്‍ഷവും ഒരു മാസവും നീണ്ട കാലയളവിനുള്ളില്‍ 216 സാക്ഷികളെ കമ്മീഷന്‍ വിസ്തരിച്ചു. 893 രേഖകള്‍ കമീഷന്‍ അടയാളപ്പെടുത്തി. ഏപ്രില്‍ ആദ്യംവരെ വാദം നീണ്ടു. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിക്ക് കമീഷനുമുന്നില്‍ തുടര്‍ച്ചയായി 14 മണിക്കൂര്‍ മൊഴി നല്‍കേണ്ടിവന്നു.
ഇപ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ കേന്ദ്രസംസ്ഥാന മന്ത്രിമാര്‍ക്കും യു ഡി എഫ് എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെ കേസെടുക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ നിയോഗിച്ച ജസ്റ്റിസ് ശിവരാജന്‍ കമീഷന്റെ കണ്ടെത്തലിന്റെയും ശുപാര്‍ശകളുടെയും അടിസ്ഥാനത്തില്‍ ലഭിച്ച നിയമോപദേശമനുസരിച്ചാണ്. അഴിമതി, കൈക്കൂലി, ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍, അധികാരദുര്‍വിനിയോഗം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തപ്പെടുക. അഴിമതിനിരോധന നിയമവും ക്രിമിനല്‍ നടപടിച്ചട്ടവും പ്രകാരമായിരിക്കും കേസ്.
ഉമ്മന്‍ചാണ്ടിയെ കൂടാതെ മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍, മുന്‍ കേന്ദ്രമന്ത്രിമാരായ കെ സി വേണുഗോപാല്‍, പളനിമാണിക്യം, എംഎല്‍എമാരായ ഹൈബി ഈഡന്‍, മോന്‍സ് ജോസഫ്, ജോസ് കെ മാണി എംപി, മുന്‍ എംഎല്‍എ എ പി അബ്ദുള്ളക്കുട്ടി, പി സി വിഷ്ണുനാഥ്, കോണ്‍ഗ്രസ് നേതാക്കളായ തമ്പാനൂര്‍ രവി, ബെന്നി ബെഹനാന്‍, എന്‍ സുബ്രഹ്മണ്യന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രമുഖര്‍. ടെനി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്, സലിംരാജ്, തോമസ് കുരുവിള, അന്നത്തെ പൊലീസ് അന്വേഷണസംഘത്തിലെ എഡിജിപി കെ പത്മകുമാര്‍, ഡിവൈഎസ്പി ഹരികൃഷ്ണന്‍, കേരള പൊലീസ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി ജി ആര്‍ അജിത് എന്നിവര്‍ക്കെതിരെയും കേസ് എടുക്കും. ജാമ്യമില്ലാവകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ യു ഡി എഫ് ക്യാമ്പില്‍ കേസില്ലാത്ത നേതാക്കള്‍ ചുരുങ്ങും.
മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സരിത എസ് നായര്‍, മുന്‍ ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സോളാര്‍ തട്ടിപ്പ് നടന്നത്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തരെന്ന് തെറ്റിദ്ധരിപ്പിച്ചും ഭരണസംവിധാനം ദുരുപയോഗിച്ചും നിരവധി പേരില്‍നിന്ന് കോടികള്‍ തട്ടിയെടുക്കുകയായിരുന്നു. കടലാസ് പദ്ധതികള്‍ ആവിഷ്‌കരിച്ച് സംസ്ഥാന ഖജനാവില്‍നിന്ന് പണം തട്ടാനുള്ള ഗൂഢാലോചനയ്ക്കിടെ ചില നിക്ഷേപകര്‍ പരാതി നല്‍കിയതോടെയാണ് സരിതയും ബിജു രാധാകൃഷ്ണനും പിടിയിലായത്. ഇവരെ രക്ഷിക്കാനും പരാതി മുക്കാനും യുഡിഎഫ് സര്‍ക്കാര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ജനകീയപ്രക്ഷോഭവും കോടതി ഇടപെടലുമാണ് അറസ്റ്റ് അനിവാര്യമാക്കിയത്. ഇതിനിടെയാണ് ഇവര്‍ക്ക് ഉമ്മന്‍ചാണ്ടിയും മറ്റ് പ്രമുഖരുമായുള്ള ബന്ധം പുറത്തുവന്നത്. സരിത എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെ രഹസ്യമൊഴി നല്‍കിയെങ്കിലും രേഖപ്പെടുത്തിയില്ല. മൊഴി രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ടു. പത്തനംതിട്ട സബ്ജയിലില്‍ തയ്യാറാക്കിയ 23 പേജിലെ ഉള്ളടക്കം ഭരണനേതൃത്വം അറിഞ്ഞതോടെ സരിതയെ പത്തനംതിട്ടയില്‍നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്ക് മാറ്റി കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന ശക്തമാക്കി. കോടിക്കണക്കിന് രൂപ ഇതിനാചയി കേരളത്തില്‍ ഒഴുക്കി.
സമ്മര്‍ദം ചെലുത്തിയും പ്രലോഭിപ്പിച്ചും സരിതയുടെ 23പേജുള്ള മൊഴി മൂന്നുപേജാക്കി ചുരുക്കി കോടതിയില്‍ നല്‍കി. ഈ വിവരം പുറത്തുവന്നതോടെയാണ് എല്‍ ഡി എഫ് പ്രക്ഷോഭം ശക്തമാക്കിയത്. നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം വന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. ഒടുവിലായിരുന്നു സെക്രട്ടറിയറ്റിന് മുന്നിലെ അനിശ്ചിതകാല രാപ്പകല്‍ സമരവും ഉപരോധവും. അവസാനം ഗത്യന്തരമില്ലാതെയാണ് ഉമ്മന്‍ചാണ്ടി ജുഡീഷ്യല്‍ കമീഷനെ നിയോഗിച്ചത്. ഉമ്മന്‍ചാണ്ടി നിയോഗിച്ച കമീഷന്‍ തന്നെയാണ് അദ്ദേഹത്തിനെതിരായ കണ്ടെത്തലുകള്‍ നിരത്തി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ഈ സംഭവവികാസങ്ങളിലൂടെ കേരളത്തിലെ കോണ്‍ഗ്രസിയെും യു ഡി എഫിന്റെയും വര്‍ത്തമാനകാല ദുരവസ്ഥയാണ് വെളിച്ചത്ത് വരുന്നത്. കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് നേതാക്കളെല്ലാം കേസിലകപ്പെട്ടിരിക്കുന്നു. ഐ ഗ്രൂപ്പിനകത്ത് വലിയ സന്തോഷമാണ് നിറയുന്നത്. കോണ്‍ഗ്രസില്‍ കെ കരുണാകരനെ കുതികാലിട്ട് വീഴ്ത്തി, മുന്‍നിരയിലേക്ക് കയറിയ ഉമ്മന്‍ചാണ്ടിക്ക് മുന്നിലേക്ക് അനിവാര്യമായ പതനം വന്നെത്തിയിരിക്കുന്നു എന്നാണ് ഐ ഗ്രൂപ്പിന്റെ നേതാക്കള്‍ ഉള്ളറയില്‍ പറയുന്നത്.
കോണ്‍ഗ്രസ് നേതാക്കളുടെ സംസ്‌കാരവും കൈയ്യിലിരുപ്പും നമ്മുടെ സമൂഹത്തിലെ രാഷ്ട്രീയസംശുദ്ധതയ്ക്ക് വലിയ പോറല്‍ വീഴ്ത്തിയിരുന്നു. കെട്ടകാലത്തിന്റെ അരാഷ്ട്രീയത നുരക്കുന്ന രാഷ്ട്രീയമാണ് യു ഡി എഫിന്റേത്. അഴിമതിയുടെയും ലൈംഗീക അരാജകത്വത്തിന്റെയും വക്താക്കളായി യു ഡി എഫ് നേതാക്കള്‍ മാറി. ഭരണയന്ത്രത്തെ തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങളും രാഷ്ട്രീയ അജണ്ടകളും നടപ്പിലാക്കാന്‍ ഉപയോഗിച്ചു. സ്വജനപക്ഷപാതം അവരുടെ ഭരണകാലത്തെല്ലാം മൂര്‍ധന്യാവസ്ഥയിലായിരുന്നു. രാഷ്ട്രീയത്തിന്റെ നിലയും വിലയും കളയുന്ന പ്രവൃത്തികള്‍ കൊണ്ട് യു ഡി എഫിലെ ഘടകകക്ഷികള്‍ പരസ്പരം മല്‍സരിച്ചു. ഇപ്പോള്‍ രാഷ്ട്രീയ സംശുദ്ധത വീണ്ടെടുക്കാനുള്ള ശ്രമമാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നത്. തെറ്റുകാര്‍ ശിക്ഷിക്കപ്പെടണമെന്നുള്ള ഇച്ഛാശകതിയുടെ വിളംബരമാണിത്. ഒരു സമവായത്തിനും തയ്യാറല്ല എന്നാണ് പിണറായി വിജയനെന്ന മുഖ്യമന്ത്രി പറയാതെ പറയുന്നത്. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുക തന്നെ വേണമെന്ന നിര്‍ബന്ധബുദ്ധി എല്‍ ഡി എഫ് സര്‍ക്കാരിനുണ്ട്. അതിനാല്‍ കേരളത്തിന് പ്രതീക്ഷകളും ഉണ്ടാവുന്നുണ്ട്. ഇതൊക്കെയാണല്ലൊ നവകേരളം.
13-Oct-2017
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍