തൊഴിലാളിവര്‍ഗത്തെഉയര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം

മണ്ണില്‍പ്പണിയെടുക്കുന്നവന് അന്തസുള്ള യൂനിഫോം വേണം. കയ്യുറകളും കാലുറകളും തൊപ്പിയുമടങ്ങുന്ന യൂണിഫോമില്‍ കര്‍ഷക തൊഴിലാളി പച്ചപട്ടാളത്തെ പോലെ മണ്ണിനെ കീഴടക്കും. അവിടെ പൊന്ന് വിളയിക്കും. 'ഗ്രീന്‍ആര്‍മി' എന്ന പേരാവും കര്‍ഷകതൊഴിലാളികള്‍ക്ക് യോജിക്കുക. കര്‍ഷക തൊഴിലാളികളെ ഗ്രീന്‍ആര്‍മിയായി പരിവര്‍ത്തനം ചെയ്യേണ്ടത് ഗവണ്‍മെന്റാണ്. യൂണിഫോമിനൊപ്പം നവീനമായ കാര്‍ഷിക രീതികളും ഉപകരണങ്ങളും പ്രയോഗിക്കുന്നതില്‍ കര്‍ഷക തൊഴിലാളിക്ക് പരിശീലനം നല്‍കണം. ബയോടെക്‌നോളജിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം. ജൈവകൃഷിരീതികള്‍ നല്ല രീതിയില്‍ പ്രയോഗിക്കണം. നവീനമായ രീതിയില്‍ കാര്‍ഷിക മേഖലയില്‍ ജോലിചെയ്യുന്ന കര്‍ഷക തൊഴിലാളിക്ക് മാസശമ്പളമാണ് വേണ്ടത്. കുറഞ്ഞത് 10000രൂപയായി ശമ്പളം നിജപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. പ്രൊവിഡന്റ്ഫണ്ട്, ഗ്രാറ്റുവിറ്റി, പ്രസവാനുകൂല്യങ്ങള്‍, ഇ എസ് ഐ സൗകര്യം തുടങ്ങി സര്‍ക്കാര്‍ ജീവനക്കാരന് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കര്‍ഷകതൊഴിലാളിക്ക് ലഭിക്കണം. സ്ഥിരം ജോലി, വരുമാനം, സാമൂഹ്യ സുരക്ഷ എന്നിവ ലഭ്യമാവുന്ന സാഹചര്യം മണ്ണില്‍പ്പണിയെടുക്കുന്നവന് ഉണ്ടാവണം.

കേരളത്തിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള പരിശ്രമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കാര്‍ഷിക സംസ്‌കൃതിയെ സംരക്ഷിക്കുക എന്നത്. കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ ഈ ലക്ഷ്യം പ്രധാന മുദ്രാവാക്യമായി ഉയര്‍ത്തിക്കൊണ്ടാണ് സംസ്ഥാനതലത്തില്‍ ജാഥ സംഘടിപ്പിച്ചത്. ഇന്ന്(21-10-13) സെക്രട്ടേറിയറ്റും ജില്ലാ കലക്‌ട്രേറ്റുകളും ഉപരോധിക്കുന്നതും ഈ മുദ്രാവാക്യം സാര്‍ത്ഥകമാക്കാനാണ്. കേരളത്തില്‍ നിന്ന് കാര്‍ഷികവൃത്തി പടിയിറങ്ങിപ്പോയിക്കൊണ്ടിരിക്കയാണ്. ഇത് കുറേയേറെ കാലമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. പക്ഷെ, സമൂഹം ഈ പ്രവണതയെ വേണ്ട ഗൗരവത്തോടെ അഭിമുഖീകരിച്ചിട്ടില്ല. കാര്‍ഷിക സംസ്‌കൃതി ഇല്ലാതാവുമ്പോള്‍ സമൂഹത്തിലും പരിസ്ഥിതിയിലും മനുഷ്യജീവിതത്തിലും ഉണ്ടാവുന്ന പ്രതിഫലനങ്ങളെ ഗൗരവത്തോടെയാണ് കര്‍ഷക തൊഴിലാളി പ്രസ്ഥാനം വീക്ഷിക്കുന്നത്. ആ പ്രതിസന്ധികളെ അതിജീവിക്കാന്‍ ഒന്നാമതായി ചെയ്യേണ്ടത് കാര്‍ഷിക സംസ്‌കൃതിയെ സംരക്ഷിക്കുക എന്നതാണ്. നിലവിലുള്ള നെല്‍വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കണം. തരിശിട്ട് നികത്താന്‍ പാകത്തില്‍ ഭൂഘടനില്‍ മാറ്റം വരുത്തുന്ന പ്രവണതകളെ തിരിച്ചറിഞ്ഞ് തടയണം. കുന്നുകളും മലകളും സംരക്ഷിക്കണം. കൃഷിയിലേക്ക് പുതുതലമുറയെ കൈപിടിച്ചാനയിക്കണം.

 

കാര്‍ഷികമേഖലയെ പൊളിച്ചെഴുതണം
ജനാധിപത്യവിപ്ലവം നടന്ന് മുതലാളിത്തം കെട്ടിപ്പടുത്തിട്ടുള്ള വികസിത മുതലാളിത്ത രാജ്യങ്ങളിലുള്‍പ്പെടെ കാര്‍ഷിക സംസ്‌കൃതിയെ ഫലപ്രദമായി സംരക്ഷിക്കുന്നുണ്ട്. യൂറോപ്യന്‍ മുതലാളിത്ത രാജ്യങ്ങളിലെ കര്‍ഷകതൊഴിലാളികള്‍ പട്ടിണിയിലും പരിവട്ടത്തിലും നുരക്കുന്നവരല്ല. അവര്‍ക്ക് സാമൂഹ്യപദവിയുണ്ട്. മറ്റേതൊരു തൊഴില്‍പോലെയും മാന്യമാണ് അവിടങ്ങളില്‍ കാര്‍ഷികവൃത്തി. മാത്രമല്ല, ജോലി സ്ഥിരതയും ശമ്പളും ഉണ്ട്. കാരണം അവിടെ കൃഷി നടത്തുന്നതിനുള്ള സപായം നല്‍കുന്നത് പ്രധാനമായും സര്‍ക്കാരാണ്. കാര്‍ഷിക വൃത്തിയില്‍ ഗവണ്‍മെന്റ് നിക്ഷേപം നടത്തുന്നുണ്ട്. ആ നാടിന്റെ ജീവനും ആരോഗ്യവും നിലനിര്‍ത്തുന്നതില്‍ അവര്‍ കാലേക്കൂട്ടി ആലോചിക്കുകയും അതൊക്കെ പ്രവൃത്തിപഥത്തിലെത്തിക്കുകയും ചെയ്യുന്നുണ്ട്. ഈ രീതി ഇന്ത്യയിലാകമാനം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കില്ല. എന്നാല്‍, കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ അത് നടപ്പിലാക്കാന്‍ സാധിക്കും. ഇന്ത്യയില്‍ മറ്റേതൊരു സംസ്ഥാനത്തില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ ജന്‍മി-കുടിയാന്‍ ബന്ധം അവസാനിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ജനാധിപത്യ വിപ്ലവത്തിന്റെ ഭാഗമായി ജന്‍മിത്വ ഭൂപ്രുത്വം കേരളത്തില്‍ അവസാനിപ്പിച്ചിട്ടുണ്ട്. 57ലും 67ലും ഇ എം എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ഗവണ്‍മെന്റുകളും 70ല്‍ എ കെ ജിയുടെ നേതൃത്വത്തില്‍ കര്‍ഷക-കര്‍ഷക തൊഴിലാളികള്‍ നടത്തിയ ഉജ്ജ്വലമായ സമരവും ജന്‍മിത്വഭൂപ്രഭുത്വത്തെ ഇല്ലാതാക്കി. ഭൂബന്ധത്തില്‍ മാറ്റം വന്നു. എന്നാല്‍, മുതലാളിത്ത ഭൂപ്രഭുത്വം ഇവിടെ തുടരുകയാണ്. കേരളത്തില്‍ ഇനി വേണ്ടത് ഗവണ്‍മെന്റിന്റെ ഭാവനാസമ്പന്നമായ ഇടപെടല്‍ ആണ്.

കാര്‍ഷികമേഖലയില്‍ ഇന്ന് നിലനില്‍ക്കുന്ന രീതികള്‍ ഉടച്ചുവാര്‍ത്തുകൊണ്ടാവണം ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കേണ്ടത്. തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടാവാത്ത വിധത്തില്‍ കാര്‍ഷിക മേഖലയില്‍ യന്ത്രവത്കരണം നടപ്പിലാക്കുക എന്നതാണ് പ്രധാന കാര്യം. വിദ്യാഭ്യാസ വിഷയങ്ങളില്‍ സാമൂഹ്യ, സാമ്പത്തിക ശാസ്ത്രത്തെ പോലെ ഒരു വിഷയം കൃഷിയാവണം. കൃഷി ഒരു പാഠ്യവിഷയമാക്കുന്നതോടൊപ്പം തിയറിയും പ്രാക്ടിക്കലുമായി കൃഷി ഉപകരണങ്ങളെയും മണ്ണിനെയും വിളകളെയും പരിചയപ്പെടാനും ഉപയോഗിക്കാനും നിര്‍ബന്ധമായും ഒരു വിദ്യാര്‍ഥി പഠിക്കണം. ഇത്തരത്തിലുള്ള ഇടപെടലിലൂടെ കാര്‍ഷിക മേഖലയിലെ തൊഴിലിന്റെ സ്വഭാവം മാറ്റിമറിക്കാന്‍ സാധിക്കും. സാമൂഹ്യ പദവിയിലും മാറ്റം വരും. കര്‍ഷക തൊഴിലാളിക്ക് സ്ഥിരം ജോലിയും യന്ത്രവത്കരണവും നിലവില്‍ വരുന്നതോടുകൂടി ബ്ലൂകോളര്‍ പദവിയാകും ഉണ്ടാവുക. സ്വാഭാവികമായും ഇത്തരമൊരു വളര്‍ച്ച പ്രാപ്യമാവുമ്പോള്‍ തൊഴിലാളികളെ ലഭ്യമാകാത്ത അവസ്ഥ ഉണ്ടാവില്ല. യുവതീ-യുവാക്കളെ ആകര്‍ഷിക്കാതെ കാര്‍ഷിക വ്യവസ്ഥ നിലനിര്‍ത്താനാവില്ല. പദവിയിലുണ്ടാവുന്ന മാറ്റവും വരുമാനവും അവരെ ആകര്‍ഷിക്കും. നിലവില്‍ ഫാം തൊഴില്‍ ലഭ്യതയ്ക്കായി അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ അപേക്ഷകള്‍ അയക്കുന്നുണ്ട്. അത് ജോലിസ്‌റിതയും ശമ്പളവും ഉള്ളതുകൊണ്ടാണ്. ആ നിലയിലുള്ള മാറ്റത്തോടൊപ്പം പരമ്പരാഗത അറിവുകളെയും ശാസ്ത്ര സാങ്കേതിക മേഖലയിലുള്ള പുതിയ വികാസങ്ങളെയും കൂട്ടിയിണക്കി കൃഷിഭൂമിയില്‍ മുന്നേറ്റമുണ്ടാക്കണം. കാര്‍ഷികമേഖലയെ പുനരുദ്ധരിക്കണം. ശാസ്ത്രത്തെയും സാങ്കേതിക വിദ്യകളെയും പ്രയോജനപ്പെടുത്തുന്നതോടൊപ്പം തൊഴിലിടങ്ങളിലെ തൊഴിലാളിക്കും മാറ്റങ്ങള്‍ അനിവാര്യമാണ്.

കര്‍ഷകതൊഴിലാളിയുടെ സാമൂഹ്യ പദവി
കേരളത്തിന്റെ ചരിത്രം ജാതി-ജന്‍മി-നാടുവാഴിത്ത വ്യവസ്ഥയുടെ നിഷ്ഠൂരതകളുടെ ചരിത്രം കൂടിയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പോരാട്ടവും സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ ഇടപെടലുകളുമാണ് താഴ്ന്ന ജാതിയില്‍പ്പെട്ട, കാര്‍ഷിക വൃത്തിയിലേര്‍പ്പെടുന്ന ജനസാമാന്യത്തിന് മാന്യമായ ജീവിതം നല്‍കിയത്. അക്കാലത്ത് ജാതിയിലധിഷ്ടിതമായിരുന്നു തൊഴില്‍. മണ്ണില്‍ പണിയെടുക്കുന്നവര്‍ പ്രധാനമായും ദളിതരായിരുന്നു. പക്ഷെ, ഇന്ന് സ്ഥിതി മാറി. ദാരിദ്ര്യമുള്ള ജനവിഭാഗങ്ങള്‍ മറ്റ് തൊഴിലുകളൊന്നും ലഭിക്കാത്തത് കൊണ്ട് കര്‍ഷകതൊഴിലാളി ആവുന്ന സ്ഥിതി ഉണ്ടായി. മണ്ണില്‍പ്പണിയെടുക്കുന്നത് വല്ലാത്ത കുറച്ചിലാണ് എന്ന അവബോധം ഉണ്ടാക്കിയതില്‍ തുടര്‍ന്നുവരുന്ന, നവീകരിക്കാത്ത കാര്‍ഷിക രീതികള്‍ക്കും നമ്മുടെ വിദ്യാഭ്യാസവ്യവസ്ഥയ്ക്കും വരെ പങ്കുണ്ട്.

ഒരു കര്‍ഷക തൊഴിലാളിയും ഒരു ഘട്ടത്തിലും തന്റെ മകന്‍, മകള്‍ കര്‍ഷകതൊഴിലാളിയായി തുടരണം എന്ന് ആഗ്രഹിക്കില്ല. അവരെ പഠിപ്പിച്ച് മറ്റേതെങ്കിലും തൊഴില്‍ മേഖലയിലെത്തിക്കണം എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. കര്‍ഷകതൊഴിലാളി കുടുംബങ്ങളില്‍ നിന്ന് ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരുമൊക്കെയായി നിരവധി പേരുണ്ടായത് ഈ മനോഭാവത്തിന്റെ ഭാഗമായാണ്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി ഇത് കേരളത്തിന്റെ മാത്രമൊരു പ്രത്യേകത കൂടിയാണ്. സാമൂഹ്യപദവിയില്ലാത്ത കര്‍ഷകതൊഴിലാളിയില്‍ നിന്നും ഉയര്‍ന്ന സാമൂഹ്യപദവികളിലേക്കുള്ള അന്വേഷണം കൂടിയായിരുന്നു ഇത്തരത്തിലുള്ള വളര്‍ച്ചകള്‍. കര്‍ഷകതൊഴിലാളിയുടെ ജിവിത പരിസരവും തൊഴിലാളിക്ക് സമൂഹം തുല്യംചാര്‍ത്തുന്ന പദവിയും നിലവിലുള്ള വിദ്യാഭ്യാസ രീതിയില്‍ അവരുടെ പദവിയെ ദയനീയമായും മ്ലേച്ഛമായും പരിചയപ്പെടുത്തുന്നതുമൊക്കെ കര്‍ഷകതൊഴിലാളി എന്നാല്‍ മോശപ്പെട്ട പദവിയാണ് എന്ന് വരുത്തി തീര്‍ക്കുന്നു. ഈ പദവിയില്‍ നിന്നും ഉയരാന്‍ സാധിക്കാത്തതില്‍ കര്‍ഷകതൊഴിലാളിയ്ക്ക് ലഭിക്കുന്ന കുറഞ്ഞതും സ്ഥായിയല്ലാത്തതുമായ കൂലിയും തൊഴില്‍ സ്ഥിരതയില്ലായ്മയും ഒക്കെ കാരണമാവുന്നുണ്ട്. വിദ്യാലയങ്ങളില്‍, പട്ടിണിപ്പാവമായ മണ്ണില്‍പ്പണിയെടുക്കുന്ന കോരന് കുമ്പിളില്‍ തന്നെയാണ് കഞ്ഞി എന്നത് ആവര്‍ത്തിച്ച് ഉറപ്പിക്കുന്നു. ദരിദ്രനാരായണന്‍മാരെ കുറിച്ചുള്ള പാഠഭാഗങ്ങളല്ലാതെ അവരെ ആ അവസ്ഥയില്‍ നിന്ന് മാറ്റാനുള്ള നിലപാടുകള്‍ വിദ്യാഭ്യാസത്തില്‍ ഒരു കാലത്തും വേണ്ടത്രഗൗരവത്തോടെ ഉള്‍പ്പെടുത്തിയിരുന്നില്ല. ആ വിധത്തില്‍ കാര്‍ഷിക മേഖലയെ പഠിക്കാനും ഇടപെടാനും തയ്യാറാവണം എന്നാണ് കര്‍ഷക തൊഴിലാളി യൂണിയന്‍ പറയുന്നത്. സാമൂഹ്യപദവി ഉയരുന്നത് ജീവിത നിലവാരത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്. ജീവിത നിലവാരം ഉയരുന്നതിന് എന്തൊക്കെയാണ് ചെയ്യാനാവുക.

ഗ്രീന്‍ആര്‍മി അഥവാ പച്ചപ്പട്ടാളം
തൊഴിലിടങ്ങളില്‍ കര്‍ഷകതൊഴിലാളിയെ കാണുമ്പോള്‍ 'കുറഞ്ഞവര്‍' എന്ന ബോധം ഉത്പാദിപ്പിക്കുന്നതില്‍ വേഷവിധാനങ്ങളടക്കമുള്ള പരമ്പരാഗത രീതികള്‍ പിന്‍പറ്റുന്നത് സ്വാധീനം ചെലുത്തുന്നുണ്ട്. വയലേലകളിലെ ചെളിയില്‍, അര്‍ധനഗ്നനായി പണിയെടുക്കുന്നതില്‍ ഇന്നും മാറ്റം വന്നിട്ടില്ല. പണിയുടുപ്പില്‍ വന്ന മാറ്റം സ്ത്രീകളുടെ മുണ്ടിന് പകരം മാക്‌സിയും ഒരു ഷര്‍ട്ടും വസ്ത്രമായി വന്നു എന്നതും പുരുഷന്റെ തോര്‍ത്തിന് പകരം ലുങ്കിയും ഷര്‍ട്ടും പകരംവന്നു എന്നതാണ്. കര്‍ഷക തൊഴിലാളികളായ സ്ത്രീ-പുരുഷന്‍മാരുടെ പണിയുടുപ്പുകളില്‍ മാറ്റം വരണം. മണ്ണില്‍പ്പണിയെടുക്കുന്നവന് അന്തസുള്ള യൂനിഫോം വേണം. കയ്യുറകളും കാലുറകളും തൊപ്പിയുമടങ്ങുന്ന യൂണിഫോമില്‍ കര്‍ഷക തൊഴിലാളി പച്ചപട്ടാളത്തെ പോലെ മണ്ണിനെ കീഴടക്കും. അവിടെ പൊന്ന് വിളയിക്കും. 'ഗ്രീന്‍ആര്‍മി' എന്ന പേരാവും കര്‍ഷകതൊഴിലാളികള്‍ക്ക് യോജിക്കുക. കര്‍ഷക തൊഴിലാളികളെ ഗ്രീന്‍ആര്‍മിയായി പരിവര്‍ത്തനം ചെയ്യേണ്ടത് ഗവണ്‍മെന്റാണ്. യൂണിഫോമിനൊപ്പം നവീനമായ കാര്‍ഷിക രീതികളും ഉപകരണങ്ങളും പ്രയോഗിക്കുന്നതില്‍ കര്‍ഷക തൊഴിലാളിക്ക് പരിശീലനം നല്‍കണം. ബയോടെക്‌നോളജിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം. ജൈവകൃഷിരീതികള്‍ നല്ല രീതിയില്‍ പ്രയോഗിക്കണം. നവീനമായ രീതിയില്‍ കാര്‍ഷിക മേഖലയില്‍ ജോലിചെയ്യുന്ന കര്‍ഷക തൊഴിലാളിക്ക് മാസശമ്പളമാണ് വേണ്ടത്. കുറഞ്ഞത് 10000രൂപയായി ശമ്പളം നിജപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. പ്രൊവിഡന്റ്ഫണ്ട്, ഗ്രാറ്റുവിറ്റി, പ്രസവാനുകൂല്യങ്ങള്‍, ഇ എസ് ഐ സൗകര്യം തുടങ്ങി സര്‍ക്കാര്‍ ജീവനക്കാരന് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കര്‍ഷകതൊഴിലാളിക്ക് ലഭിക്കണം. സ്ഥിരം ജോലി, വരുമാനം, സാമൂഹ്യ സുരക്ഷ എന്നിവ ലഭ്യമാവുന്ന സാഹചര്യം മണ്ണില്‍പ്പണിയെടുക്കുന്നവന് ഉണ്ടാവണം.

ഉത്തരവാദിത്തം സര്‍ക്കാരിന്
ഇത്തരത്തില്‍ കാര്‍ഷികമേഖലയെ ഉടച്ചുവാര്‍ക്കുന്നതിന് സര്‍ക്കാരാണ് മുന്‍കൈയെടുക്കേണ്ടത്. സര്‍ക്കാരും കര്‍ഷക-കര്‍ഷക തൊഴിലാളി സംഘടനകളും ഒത്തുചേരുന്ന ഒരു കൂട്ടായ്മ ഇതിനായി ആവിഷ്‌കരിക്കേണ്ടതുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ കാര്‍ഷിക വൃത്തിയില്‍ താല്‍പ്പര്യമുള്ളവരെ രജിസ്റ്റര്‍ ചെയ്ത് അവര്‍ക്ക് മേല്‍പ്പറഞ്ഞ രീതിയില്‍ പരിശീലനം നല്‍കണം. അതാത് തദ്ദേശഭരണ പ്രദേശത്തെ കൃഷിക്കാരുടെ കൃഷിഭൂമിയുടെ വിശദാംശങ്ങളും മറ്റും ശേഖരിച്ച് അവിടെ കൃഷിയിറക്കണം. നിലവിലുള്ള വിഭവഭൂപടങ്ങള്‍ തദ്ദേശഭരണ പ്രദേശങ്ങളിലെ ഭൂമിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. കൃഷിക്കാര്‍ക്ക് തൊഴിലാളികളെ നല്‍കേണ്ടതും കൃഷിക്കാരില്‍ നിന്ന് കര്‍ഷകതൊഴിലാളികള്‍ക്കുള്ള കൂലി ശേഖരിക്കേണ്ടത് തദ്ദേശഭരണ സ്ഥാപനങ്ങളാണ്. കൃഷിക്കാരന്റെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മികച്ച മാര്‍ക്കറ്റ്, വിപണി ഒരുക്കേണ്ടത് സര്‍ക്കാരാണ്. കാര്‍ഷിക ഉത്പന്നങ്ങള്‍ ഉണ്ടാവുമ്പോള്‍ അവ കെട്ടിക്കിടന്ന് നശിക്കാന്‍ പാടില്ല. കുടുംബശ്രീ പോലുള്ള സംവിധാനങ്ങള്‍ കൂടാതെ മറ്റ് സംഭരണ കേന്ദ്രങ്ങളെയും എക്‌സ്‌പോര്‍ട്ടിംഗ് കമ്പനികളെയും സമീപിച്ച് കാര്‍ഷിക ഉത്പന്നങ്ങള്‍ അപ്പപ്പോള്‍ വിറ്റുപോവുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കണം. മണ്ണില്‍ എന്താണ് ചെയ്യുന്നത്, അവിടെ നിന്ന് എന്താണ് ലഭിക്കുക, അത് എങ്ങിനെ മാര്‍ക്കറ്റ് ചെയ്യും എന്നതിനെ കുറിച്ച് കൃത്യമായ ധാരണ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഉണ്ടാവണം. വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ കൂടി മാത്രമേ അത് സാധ്യമാവൂ. നിലവില്‍ പല തദ്ദേശഭരണസ്ഥാപനങ്ങളിലും ആവിഷ്‌കരിച്ച് വിജയിക്കുകയും ചിലപ്പോള്‍ പരാജയപ്പെടുകയും ചെയ്ത തൊഴില്‍ സേനകളെ പറ്റി കൂടുതല്‍ പഠിച്ച് അവയുടെ നേട്ടവും കോട്ടവും മനസിലാക്കി മുന്നോട്ടുപോവുന്നത് നല്ലതായിരിക്കും.

നെല്‍വയലുകള്‍ സംരക്ഷിക്കണം
ലക്ഷ്യബോധത്തോടെ മണ്ണില്‍ കൃഷി ചെയ്യാനുള്ള ഗ്രീന്‍ആര്‍മി തയ്യാറാവുമ്പോള്‍ നെല്‍പ്പാടങ്ങള്‍ ഇല്ലാതായാലോ? കേരളം ഭരിക്കുന്ന യു ഡി എഫ് സര്‍ക്കാര്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ഇല്ലാതാക്കാനുള്ള പരിപാടികളാണ് നടപ്പിലാക്കുന്നത്. കേരളത്തിലെ ഭൂമിയെ ഇനം തിരിച്ച് അവര്‍ വില്‍പ്പനയ്ക്ക് വെക്കുന്നു. എമര്‍ജിംഗ്‌കേരള പോലുള്ള പരിപാടികളില്‍ പ്രധാനമായും ലക്ഷ്യമിടുന്നത് ഭൂമിയുടെ ക്രയവിക്രയമാണ്. അതിന്റെ ഭാഗമായാണ് നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുന്നത്.

നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിനും തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുന്നതിനും 2008ലാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. ആ നിയമത്തിന് വിരുദ്ധമായി 2005ന് മുന്‍പ് വയല്‍ നികത്തി കരഭൂമിയാക്കിയതിനെല്ലാം അംഗീകാരം നല്‍കിക്കൊണ്ട് ഇപ്പോള്‍ അധികാരത്തിലുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അതോടെ 50,000ത്തോളം ഏക്കര്‍ഭൂമിയാണ് റിയല്‍ എസ്റ്റേറ്റ് മാഫിയായുടെ കൈവശം എത്തിയത്. അവശേഷിക്കുന്ന നെല്‍വയലുകള്‍ കൂടി നികത്തുക എന്നതാണ് ഭൂമാഫിയ ലക്ഷ്യം വെക്കുന്നത്. വയലുകള്‍ നികത്തുന്നതും കുന്നുകളും മലകളും ഇടിച്ച് നിരത്തുന്നതും തോട്ടംഭൂമിയില്‍ ടൂറിസം റിസോര്‍ട്ടുകള്‍ പണിയുന്നതും വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കാന്‍ പോവുന്നത്.

കെ എസ് കെ ടി യു, നെല്‍വയല്‍സംരക്ഷണ മുദ്രാവാക്യം ഉയര്‍ത്തി ജാഥ ആരംഭിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭ ഒരു യോഗം ചേരുകയുണ്ടായി. നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ കര്‍ക്കശ വ്യവസ്ഥകളില്‍ ഇളവ് വരുത്തുന്നതിനെ പറ്റിയാണ് അവര്‍ ആലോചിച്ചത്. പൊതു ആവശ്യങ്ങള്‍ എന്ന് ധ്വനിപ്പിച്ച് വയലുകള്‍ നികത്തുന്നതിനുള്ള അനുമതി നല്‍കുന്നത് ഉദാരമാക്കണം എന്നതാണ് ഇളവിലൂടെ ഉദ്ദേശിക്കുന്നത്. നിലവില്‍ കരഭൂമിയാക്കി മാറ്റിയ വയല്‍പ്രദേശങ്ങളിലേറെയും ഇപ്പോഴും രേഖകളില്‍ വയലുകള്‍ തന്നെയാണ്. അത്തരം സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ബുദ്ധിമുട്ടുണ്ട്. നിയമത്തില്‍ ഇളവ് വരുത്തിയാല്‍ ഇവിടങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാവും. വയലുകള്‍ വാങ്ങിക്കൂട്ടി നികത്തി കരഭൂമിയാക്കിയ റിയല്‍ എസ്റ്റേറ്റ് മാഫിയ കോടികള്‍ വലിച്ചറിഞ്ഞാണ് യു ഡി എഫ് മന്ത്രിസഭയെ കൊണ്ട് കര്‍ക്കശ വ്യവസ്ഥകളില്‍ ഇളവ് വരുത്താനായി തീരുമാനമെടുപ്പിക്കുന്നത്.

യു ഡി എഫ് സര്‍ക്കാരും റിയല്‍ എസ്റ്റേറ്റ് മാഫിയായും
നിയമത്തില്‍ വരുത്തേണ്ട ഇളവുകള്‍ ആലോചിച്ച് ശുപാര്‍ശ ചെയ്യുന്നതിന് അഞ്ചംഗ മന്ത്രിസഭാ ഉപസമിതിയെ മേല്‍പ്പറഞ്ഞ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തുകയുണ്ടായി. എമര്‍ജിംഗ്‌കേരളയുടെ സൂത്രധാരനായ വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, റവന്യുവകുപ്പ് മന്ത്രി അടൂര്‍ പ്രകാശ്, ധനമന്ത്രി കെ എം മാണി, കൃഷിമന്ത്രി കെ പി മോഹനന്‍, വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍മുഹമ്മദ് എന്നിവരാണ് ഉപസമിതി അംഗങ്ങള്‍. നെല്‍വയല്‍ സംരക്ഷണ നിയമ കൊണ്ടുവന്നപ്പോള്‍ മുതല്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയും അവരുടെ വക്താക്കളായ വലതുപക്ഷവും ആ നിയമത്തിനെതിരെ ശക്തമായി നിലകൊണ്ടിരുന്നു. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സ്ഥലം നികത്തുന്നതിന് അനുമതി നല്‍കുന്നതിനുള്ള പ്രാദേശിക സമിതികള്‍ പുനസംഘടിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുകയാണ്. വയല്‍ നികത്താനുള്ള നടപടികള്‍ ദ്രുതഗതിയില്‍ നടപ്പിലാക്കുന്നതിനായാണ് ഇപ്പോള്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് മുന്നോട്ടുപോവുന്നത്. നെല്‍വലുകള്‍ നികത്താനായി യു ഡി എഫ് സര്‍ക്കാര്‍ എന്ത് തീരുമാനം കൊണ്ടുവന്നാലും കര്‍ഷകതൊഴിലാളി യൂണിയന്‍ അതിനെ എതിര്‍ത്ത് തോല്‍പ്പിക്കും. സംസ്ഥാനത്ത് എവിടെ നെല്‍വയല്‍ നികത്താന്‍ ശ്രമിച്ചാലും അതിനെ ചെറുക്കാന്‍ കര്‍ഷക തൊഴിലാളി പ്രസ്ഥാനം ഉണ്ടാവും. ഭൂമിയുടെ ഘടനമാറ്റുന്ന രീതിയില്‍ പ്രകൃതിയില്‍ കൈയ്യേറ്റം നടത്തുന്നതിനെയും കര്‍ഷക തൊഴിലാളി യൂണിയന്‍ ശക്തമായി എതിര്‍ക്കും. 1970ല്‍ 8.5 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ നെല്‍കൃഷിയുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് വെറും 2.15ലക്ഷം ഹെക്ടര്‍ ഭൂമിയില്‍മാത്രമാണ് കൃഷിയുള്ളത്. ഭൂവിനിയോഗത്തിലുണ്ടായ വ്യത്യാസങ്ങളാണ് അതിന് പ്രധാന കാരണം. കാലാകാലങ്ങളില്‍ ഭരണത്തില്‍ വന്ന യു ഡി എഫ് സര്‍ക്കാരുകള്‍ കേരളത്തിലെ നെല്‍വയലുകളെ വെട്ടിചുരുക്കിയെന്ന് പറയുന്നതാണ് ഉചിതം. വിമാനത്താവളമാണ് വികസനത്തിന്റെ പര്യായമെന്ന് പറഞ്ഞ് വന്‍കിട കമ്പനികളെ കൂട്ടുപിടിച്ച് നെല്‍വയലുകള്‍ ഇല്ലാതാക്കുന്ന യു ഡി എഫ് സര്‍ക്കാരിന്റെയും റിയല്‍ എസ്റ്റേറ്റ് മാഫിയയുടെയും നീക്കങ്ങള്‍ക്ക് തടയിടാന്‍ കര്‍ഷക തൊഴിലാളി പ്രസ്ഥാനം മുന്നോട്ടുവരും. നെല്‍വലുകളില്‍ കൃഷിയിറക്കാതെ തരിശിട്ട് കാലക്രമേണ നികത്തിയെടുക്കുന്ന പരിപാടിയും ഇനി കേരളത്തില്‍ നടക്കില്ല. അത്തരം ഭൂമികളില്‍ കര്‍ഷകരുടെയും കുടുംബശ്രീ പോലുള്ള സംവിധാനങ്ങളുടെയും സഹായത്തോടെ കൃഷിയിറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ഷക തൊഴിലാളി യൂണിയന്‍ നേതൃത്വം നല്‍കും. കഴിഞ്ഞ ഭൂസമരം ഒത്തുതീര്‍പ്പാക്കുന്ന ഘട്ടത്തില്‍ നെല്‍വയലുകള്‍ വില്‍ക്കുമ്പോള്‍ നെല്‍കൃഷി നടത്താന്‍ താല്‍പ്പര്യമുള്ള ആള്‍ക്ക് മാത്രമേ കൈമാറാന്‍ സാധിക്കൂ എന്ന നിലയില്‍ നിയമം കര്‍ക്കശമാക്കണമെന്ന് കര്‍ഷകതൊഴിലാളി യൂണിയന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. അന്നത് സമ്മതിച്ച മുഖ്യമന്ത്രിയാണ് ഇന്ന് മന്ത്രിസഭാ ഉപസമിതി ഉണ്ടാക്കി നെല്‍വയലുകള്‍ കച്ചവടം ചെയ്യാന്‍ രംഗമൊരുക്കുന്നത്. നെല്‍വലുകള്‍ കൃഷി ചെയ്യാനുള്ളതാണ്. ഞങ്ങള്‍ അവിടെ കൃഷിയിറക്കുക തന്നെ ചെയ്യും.

ഉദാരവത്കരണ നയങ്ങളും കര്‍ഷക തൊഴിലാളികളും 
രാജ്യത്ത് നടപ്പാക്കിയ, അതിദ്രുത ഗതിയില്‍ ശക്തപ്പെടുത്തുന്ന മുതലാളിത്തവല്‍ക്കരണവും ഉദാരവത്കരണ നയങ്ങളും ദുര്‍ബല ജനവിഭാഗങ്ങളായ കര്‍ഷകതൊഴിലാളികള്‍ക്ക് സമ്മാനിക്കുന്ന ദുരിതങ്ങള്‍ വിവരാണാതീതമാണ്. ഇത്തരം നയങ്ങള്‍ ഇല്ലാതാവുമ്പോള്‍ മാത്രമേ കര്‍ഷകതൊഴിലാളികള്‍ക്ക് നടുനിവര്‍ത്താനാവുകയുള്ളു. കാര്‍ഷിക മേഖലയില്‍ ആഗോളവത്കരണ നയങ്ങള്‍ക്കെതിരായി മുന്നണി തീര്‍ക്കേണ്ടതും ആഗോളവത്കരണ-ഉദാരവത്കരണ നയങ്ങള്‍ക്കെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരേണ്ടതും ഇന്ന ആവശ്യകതയായി മാറുന്നു. സാമ്പത്തിക ഉദാരവത്കരണത്തിന്റെ ഭാഗമായാണ് സാമൂഹ്യ സുരക്ഷാ രംഗങ്ങളില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍മാറുന്നത്. കര്‍ഷക തൊഴിലാളികള്‍ അടക്കമുള്ള ദുര്‍ബല വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതും കേരളത്തിലെ യു ഡി എഫ് സര്‍ക്കാര്‍ ഉദാരവത്കരണ നയങ്ങളുടെ വക്താക്കളായതുകൊണ്ടാണ്. ഈ നയങ്ങളുടെ താല്‍പ്പര്യപ്രകാരമാണ് ആധാര്‍ പോലുള്ള സംവിധാനങ്ങള്‍ അടിച്ചല്‍പ്പിക്കുന്നത്. ഇവര്‍ മുന്നോട്ടുവെക്കുന്ന ഭരണപരിഷ്‌കാരങ്ങളെ പിന്‍പറ്റിയാണ് അക്ഷയകേന്ദ്രങ്ങള്‍ വഴിയുള്ള തട്ടിപ്പുകള്‍ അരങ്ങേറുന്നത്.

അവകാശങ്ങള്‍ പിടിച്ചുവാങ്ങും 
കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 1000 രൂപയായി വര്‍ധിപ്പിക്കാനും ക്ഷേമനിധി ആനുകൂല്യങ്ങള്‍ കുടിശിക തീര്‍ത്ത് വിതരണം ചെയ്യാനും സര്‍ക്കാര്‍ തയ്യാറാവേണ്ടതുണ്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് 100 കോടി രൂപ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണം. ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ രജിസ്‌ട്രേഷന്‍ വേണമെന്നുള്ള നിബന്ധന ഒഴിവാക്കാനും സര്‍ക്കാര്‍ തയ്യാറാവണം. കര്‍ഷക തൊഴിലാളികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നു എന്ന് പറഞ്ഞ് അക്ഷയ കേന്ദ്രങ്ങള്‍ വഴി നടത്തുന്ന പിടിച്ചുപറി അവസാനിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറാവണം. സമ്പന്നരും അതിസമ്പന്നരും മാത്രം ജീവിച്ചാല്‍ മതി എന്ന സാമ്രാജ്യത്വ മുദ്രാവാക്യം ഏറ്റുവിളിക്കുന്ന കേന്ദ്ര- സംസ്ഥാന ഗവണ്‍മെന്റുകള്‍ പാവപ്പെട്ടവന് ജീവിതം നിഷേധിക്കുമ്പോള്‍ കര്‍ഷക തൊഴിലാളി പ്രസ്ഥാനം വെറും കാഴ്ചക്കാരായി നോക്കി നില്‍ക്കില്ല. ഉജ്ജ്വലമായ പ്രക്ഷോഭവഴികളിലൂടെ ജനവിരുദ്ധ നടപടികള്‍ തിരുത്താനുള്ള ജനകീയ മുന്നേറ്റങ്ങള്‍ സൃഷ്ടിച്ച് മണ്ണില്‍പ്പണിയെടുക്കുന്ന തൊഴിലാളി വര്‍ഗം മുന്നേറുക തന്നെ ചെയ്യും.

https://www.facebook.com/mvgovindan.master

07-Dec-2013

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More