അസ്തമിക്കാത്ത സൂര്യനെപോലെ സിപിഐ എം

പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും അമാനുഷരൊന്നുമല്ല. ഇ എം എസ് പലതവണ വ്യക്തമാക്കിയ കാര്യം ഓര്‍ക്കേണ്ടതുണ്ട്. തെറ്റ് ചെയ്യാത്ത മനുഷ്യരില്ല. മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന കുഞ്ഞും മരിച്ചവരും മാത്രമേ തെറ്റ് ചെയ്യാത്തവരായുള്ളൂ. എന്നാല്‍, തെറ്റ് ആവര്‍ത്തിക്കരുത്. തിരുത്തണം. ആവര്‍ത്തിക്കുകയില്ലെന്ന് ഉറപ്പുവരുത്തണം. ബൂര്‍ഷ്വാ പാര്‍ടികള്‍ ഒരിക്കലും തെറ്റ് സമ്മതിക്കില്ല. അതുകൊണ്ടുതന്നെ തിരുത്തുന്ന പ്രശ്‌നവുമില്ല. മാര്‍ക്‌സിസം ലെനിനിസം വിമര്‍ശന സ്വയം വിമര്‍ശനങ്ങളിലൂടെയാണ് തെറ്റ് തിരുത്തുന്നത്. 

സിപിഐ എം ഒരു തൊഴിലാളിവര്‍ഗ വിപ്ലവപാര്‍ടിയാണ്. ചൂഷണത്തിലധിഷ്ഠിതമായ വ്യവസ്ഥതിയില്‍ ഒരു ബൂര്‍ഷ്വാ സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ചൂഷണരഹിതമായ സമൂഹം സൃഷ്ടിക്കുവാനാണ് സിപിഐ എം ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ മറ്റു ബൂര്‍ഷ്വാ പാര്‍ടികളില്‍നിന്ന് വ്യത്യസ്തമായ ഒന്നാണ്  സിപിഐ എം എന്ന പാര്‍ടി. ഈ വസ്തുത ജനങ്ങള്‍ക്ക് വ്യക്തമായി ബോധ്യപ്പെടേണ്ടതുണ്ട്. അത്തരം ഒരുബോധം ഒരിക്കലും ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെടരുതെന്നാണ് നിലവിലുള്ള സമൂഹം നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്നവരുടെ താല്‍പ്പര്യം. വലതുപക്ഷ ശക്തികളും അവരുടെ കൂടെ കൂടിയിരിക്കുന്ന തീവ്ര ഇടതുപക്ഷവും വര്‍ഗീയതയില്‍ അഭിരമിക്കുന്നവരും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ കോപ്പുകൂട്ടുന്നവരുമൊക്കെ ഒരൊറ്റ ശബ്ദമായി സിപിഐ എം'നെതിരെ തിരിയുന്നതും അതുകൊണ്ടാണ്.  അവര്‍ക്ക് സഹായം പകരുന്ന കുത്തക മാധ്യമങ്ങള്‍ എല്ലാ പാര്‍ടികളും ഒരുപോലെയാണെന്ന പല്ലവി സ്ഥാപിച്ചെടുക്കാന്‍ യത്‌നിക്കുന്നു. മറ്റ് പാര്‍ട്ടികള്‍ പോലെ സിപിഐ എം പാര്‍ട്ടിയും അഴിമതിക്കാരും സ്വാര്‍ഥമതികളും അധികാരമോഹികളുമാണെന്ന് അവര്‍ നിരന്തരം പ്രചരിപ്പിക്കുന്നു. പക്ഷെ, ഇത്തരത്തിലുള്ള പരിശ്രമങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും മുന്നേറാനും ഉള്ള ശക്തി സിപിഐ എംന് ഉള്ളതുകൊണ്ടാണ് പാലക്കാട് കഴിഞ്ഞ നവമ്പര്‍മാസം അവസാനം സംസ്ഥാന പ്ലീനം സംഘടിപ്പിക്കാനും വിജയിപ്പിക്കാനും സാധിച്ചത്. അതൊരു ചെറിയ മുന്നേറ്റമല്ല. അതിനാല്‍ തന്നെ പ്ലീനത്തിന്റെ ശോഭയെ കെടുത്തുവാനുള്ള നിരവധിയായ പരിശ്രമങ്ങള്‍ ഏറെ ഗൂഡാലോചനകളോടെ വലതുപക്ഷവും കുത്തകമാധ്യമങ്ങളും കൂടി സംഘടിപ്പിച്ചു.

മാധ്യമങ്ങള്‍ ഏറെക്കാലം കൊട്ടിപ്പാടി നടന്നതായിരുന്നു വിഭാഗീയതയുടെ കാര്യം. സിപിഐ എം വിഭാഗീയതയില്‍ പൂണ്ടുകിടക്കുന്നു. ആ ചെളിയില്‍ നിന്ന് കരകേറില്ല എന്ന് ഓരോ കഥകള്‍ അവതരിപ്പിച്ചുകൊണ്ട് അവര്‍ സമര്‍ത്ഥിച്ചു. പക്ഷെ, കേരളത്തിലെ സിപിഐ എമ്മില്‍ വിഭാഗീയതയുടെ തരിമ്പുപോലും അവശേഷിക്കില്ല എന്നുറപ്പിക്കുന്ന; ഐക്യത്തിന്റെയും കെട്ടുറപ്പിന്റെയും പുതിയ തലങ്ങളിലേക്ക് പാര്‍ടിയെ ഉയര്‍ത്തുന്ന ചരിത്രപ്രധാനമായ സമ്മേളനമായി പാലക്കാട് പ്ലീനം മാറി. സംഘടനയിലെ ദൗര്‍ബല്യങ്ങള്‍ തുടച്ചുനീക്കി അടിമുടി കൂടുതല്‍ കരുത്താര്‍ജിക്കുകയായിരുന്നു സിപിഐ എം. കോണ്‍ഗ്രസിന്റെ ജനവിരുദ്ധ സാമ്രാജ്യാനുകൂലനയങ്ങള്‍ക്കും സംഘപരിവാറടക്കമുള്ള വര്‍ഗീയ തീവ്രവാദ ശക്തികള്‍ ഉയര്‍ത്തുന്ന വിപത്തിനും എതിരായ വിശാലഐക്യത്തിന്റെ അനിവാര്യതയായിരുന്നു പ്ലീനം മുന്നോട്ടുവച്ച രാഷ്ട്രീയ സന്ദേശം. അതിനെ ഉള്‍ക്കൊള്ളാന്‍ ബഹുജനങ്ങള്‍ക്ക് സാധിച്ചു എന്നതിന്റെ തെളിവായിരുന്നു പ്ലീനത്തിന്റെ മഹാവിജയം. 

സിപിഐ എം പ്ലീനം നടത്തുന്നത് ആദ്യമായല്ല. രണ്ടു പാര്‍ടി കോണ്‍ഗ്രസുകള്‍ക്കിടയ്ക്ക് ആവശ്യംവരുമ്പോള്‍ അഖിലേന്ത്യാ പ്ലീനവും രണ്ടു സംസ്ഥാന സമ്മേളനങ്ങള്‍ക്കിടയ്ക്ക് സംസ്ഥാന പ്ലീനവും നടത്തിയ ചരിത്രം ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ട്. പ്ലീനം എന്ന് കേട്ടപ്പോള്‍ മുതല്‍ കുരുടന്‍ ആനയെ കണ്ടതുപോലെ  വ്യാഖ്യാനങ്ങള്‍ ചമച്ച കുത്തക മാധ്യമങ്ങള്‍ പ്ലീനത്തിന്റെ അന്തസത്ത തകര്‍ക്കുന്നതിനായി വല്ലാതെ പരിശ്രമിച്ചു എന്നത് ഈ മഹാസമ്മേളന വിജയത്തോടൊപ്പം കാണേണ്ടത് തന്നെയാണ്.

നമ്മുടെ സമൂഹം നന്‍മമാത്രം നിറഞ്ഞതല്ല. നന്‍മയെ പോലെ തിന്‍മയും ഇവിടുണ്ട്. തീര്‍ച്ചയായും ഒരു സാമൂഹ്യജീവിയില്‍ ഇത് രണ്ടും സ്വാധീനം ചെലുത്താനുള്ള സാധ്യതയുണ്ട്. ഒരു ബൂര്‍ഷാ സമൂഹത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ മാറ്റി നിര്‍ത്താനുള്ള വേലിക്കെട്ടുകള്‍ സൃഷ്ടിക്കാനൊന്നും ആര് വിചാരിച്ചാലും സാധിക്കില്ല. അതിനാല്‍ തനെനെ തിന്‍മയുടെ കടന്നുകയറ്റം സ്വാഭാവികമായും ഉണ്ടാവും. അതിനെ എങ്ങിനെ ചെറുത്ത് തോല്‍പ്പിക്കാനാവും എന്നതാണ് ചിന്തിക്കേണ്ടത്. ആശയത്തിന്റെ കരുത്താണ് അവിടെ ആവശ്യം. വ്യക്തമായ ലക്ഷ്യബോധമുണ്ടെങ്കില്‍ ജനങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുണ്ടെങ്കില്‍ കമ്യൂണിസ്റ്റുകാരന്, അവന്റെ പാര്‍ട്ടിക്ക് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാവാന്‍ സാധിക്കും.

പാലക്കാട്ട് പ്ലീനത്തില്‍, എങ്ങനെയൊക്കെ ഈ വ്യത്യസ്തത സിപിഐ എംന് നേടാന്‍ സാധിക്കും എന്നുള്ള അന്വേഷണവും അത് പാര്‍ട്ടിശരീരത്തെ ഊര്‍ജ്ജ്വസ്വലമാക്കാന്‍ എങ്ങനെയൊക്കെ പ്രയോഗികമായി ഉപയോഗിക്കാമെന്നതിനെ കുറിച്ചുള്ള ചര്‍ച്ചയും തീരുമാനങ്ങളും പ്രശംസനീയമായ വിധത്തില്‍ ഉണ്ടായി. അത് ഇന്ന് രാജ്യത്തെ വേറൊരു പാര്‍ട്ടിക്കും അവകാശപ്പെടാന്‍ സാധിക്കാത്ത കാര്യമാണ് എന്നതും അതോടൊപ്പം കൂട്ടി ചേര്‍ക്കണം.

സംസ്ഥാനത്തെ സിപിഐ എമ്മിന്റെ കരുത്തും ബഹുജന പിന്തുണയും വര്‍ധിപ്പിക്കാന്‍ വിപുലമായ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ പ്ലീനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലെ ആഹ്വാനത്തില്‍ നിന്ന് അത് തുടങ്ങുകയാണ്. പാര്‍ടിയുടെ മുഴുവന്‍ അംഗങ്ങളും ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരും ബ്രാഞ്ചുകള്‍ സ്വയം മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുന്ന ഘടകങ്ങളും ആകുന്ന നിലയിലേക്ക് മാറണമെന്ന് സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കേരളത്തില്‍ സിപിഐ എം'ന് 4,01,704 പാര്‍ടി അംഗങ്ങളാണുള്ളത്. 29,260 ബ്രാഞ്ചുകമ്മറ്റികളും 2013 ലോക്കല്‍ കമ്മിറ്റികളും 205 ഏരിയാ കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പാര്‍ടി പ്രവര്‍ത്തനങ്ങളില്‍ എല്ലാവര്‍ക്കും ഒരേ പോലെ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കഴിയുന്നില്ല. മുഴുവന്‍ അംഗങ്ങളും സ്വയം ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നവരാകണം. പ്ലീനത്തിന് മുന്നോടിയായി ഓരോ ഘടകത്തിലേയും ദൗര്‍ബല്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുകയുണ്ടായി.  ഏരിയ സെക്രട്ടറിമാര്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരാകണം. അവര്‍ മറ്റ് ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുക്കാന്‍ പാടില്ല. പ്ലീനം കഴിയുന്നതോടെ ഇതിന് ക്രമീകരണമുണ്ടാവുമെന്നത് ഉറപ്പാണ്. ഒരു മുഴുവന്‍ സമയ പ്രവര്‍ത്തകനെങ്കിലും ലോക്കല്‍ കമ്മറ്റിയിലുണ്ടാവണം. അത് സെക്രട്ടറി തന്നെ ആകണമെന്നില്ല. ഇപ്പോള്‍ 3,192 മുഴുവന്‍ സമയ പ്രവര്‍ത്തകരാണുള്ളത്. ഇവര്‍ക്ക് പരിമിതമായ അലവന്‍സ് ആയതിനാല്‍ ഒരു ഘട്ടം കഴിയുമ്പോള്‍ ചിലരെങ്കിലും ജോലിതേടി പോകുന്നു. ഇത് മാറണമെന്നും ഓരോ ഏരിയയിലും മുഴുവന്‍ സമയപ്രവര്‍ത്തകയായി ഒരു വനിതയെ ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

മല്‍സ്യത്തൊഴിലാളി, എസ് സി-എസ് ടി മേഖലകളില്‍ നിന്നും കൂടുതല്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരെ കണ്ടെത്തണം. ബ്രാഞ്ചുകള്‍ സ്വയം പ്രവര്‍ത്തിക്കുന്നവയാകണം. അതത് പ്രദേശത്തെ വിഷയങ്ങള്‍ സ്വയം ഏറ്റെടുക്കാനും രാഷ്ട്രീയ സംഭവവികാസങ്ങള്‍ അവലോകനം ചെയ്യാനും അവര്‍ക്ക് പ്രാപ്തി വേണം. ബ്രാഞ്ചുകള്‍ പ്രദേശത്തെ മുഴുവന്‍ കാര്യങ്ങളെ കുറിച്ചും അറിയണം. ഇതിനായി കുടുംബ സര്‍വേകള്‍ നടത്തണം. പാര്‍ടി ബ്രാഞ്ചുകളില്‍ 15ല്‍ കൂടുതല്‍ അംഗങ്ങള്‍ പാടില്ല. കൂടുമ്പോള്‍ ആ ബ്രാഞ്ച് വിഭജിക്കേണ്ടതാണ്.

സംസ്ഥാനത്തെ പാര്‍ടിക്ക് ഉടനീളം ഒരേ സ്വാധീനമല്ല. അസമമായ സ്വാധീനവും അസമമായ വളര്‍ച്ചയുമാണുള്ളത്. ദുര്‍ബലമായ പ്രദേശങ്ങളില്‍ പാര്‍ടിയെ സജീവമാക്കാന്‍ കഴിയേണ്ടതുണ്ട്.  2014 ഓടെ എല്ലാ ബൂത്തിലും ഒരു പാര്‍ടി ഘടകം എന്ന നിലയില്‍ വളരണം. പാര്‍ടി അംഗങ്ങളെ എങ്ങനെയെങ്കിലും ചേര്‍ത്താല്‍ പോര. കമ്യൂണിസ്റ്റ് പാര്‍ടി, മറ്റുപാര്‍ടികളില്‍നിന്നും വ്യത്യസ്തമാണ് എന്ന വസ്തുത മനസിലാക്കിപ്പിച്ച് അവരെ കൊണ്ടുവരണം. കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരാവണം അവര്‍. അന്യവര്‍ഗ ചിന്തകളില്‍ നിന്നും മോചനം നേടിയവരാവണം. പാര്‍ടി മൂല്യവ്യതിയാനം വച്ചുപൊറുപ്പിക്കില്ല.

കേരളസമൂഹത്തിലുള്ള മദ്യപാന ശീലത്തിന്റെ വ്യാപനത്തെ പാര്‍ടി വീക്ഷിക്കുന്നുണ്ട്. അത് പാര്‍ടി അംഗങ്ങളില്‍ ചിലരിലേക്കും വ്യാപിച്ചിരിക്കുന്നു. അവര്‍ വളരെ ചെറിയ ന്യൂനപക്ഷംമാത്രമെങ്കിലും അങ്ങിനെ പെട്ടുപോയവരെ മോചിപ്പിക്കേണ്ടതുണ്ട്. അതിന് തയ്യാറാവുന്നില്ലെങ്കില്‍ അവരെ അംഗത്വത്തില്‍നിന്നും ഒഴിവാക്കണം. റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് ഒരു തലത്തിലും അനുവദിക്കില്ല. അത്തരം ബന്ധങ്ങളില്‍ നിന്നും അംഗങ്ങള്‍ പൂര്‍ണമായും പിന്‍മാറണം. തര്‍ക്ക സ്ഥലം, ചതുപ്പുനിലം, നെല്‍വയല്‍ തുടങ്ങിയവ വില്‍ക്കാന്‍ ചിലര്‍ പാര്‍ടിയെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനായി തെറ്റായ വഴികളിലൂടെ പാര്‍ടി പ്രവര്‍ത്തകരുമായി ബന്ധപ്പെടുന്നുമുണ്ട്. അതില്‍പ്പെട്ടുപോകുന്ന പ്രവര്‍ത്തകര്‍ ക്രമേണ നാട്ടില്‍ അനഭിമതരായി മാറുകയാണ്. അത്തരം ഇടപെടല്‍ പാര്‍ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ല. തിരുത്താന്‍ തയ്യാറാകാത്തവരെ ഒഴിവാക്കണം. ബ്ലേഡ് മാഫിയകളുമായി പാര്‍ടി മെമ്പര്‍മാര്‍ക്ക് ഒരു തരത്തിലുള്ള ബന്ധവും പാടില്ല.

പാര്‍ടി പ്രവര്‍ത്തകര്‍ മാതൃകാപരമായി പെരുമാറണം. വിനയാന്വിതരാകണം. തട്ടിക്കയറാന്‍ പാടില്ല. പാര്‍ടിക്ക് വലിയ ബഹുജന സ്വാധീനമുണ്ട്. ജനാധിപത്യ കേന്ദ്രീകരണമുള്ള പാര്‍ടിയുമാണ്. എന്നാല്‍ ഈ ജനാധിപത്യ കേന്ദ്രീകരണം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കരുത്. ഇത്തരം ശൈലിയില്‍ നിന്നും മോചനം നേടണം. വരവില്‍ക്കവിഞ്ഞ സ്വത്ത് ആര്‍ജിക്കുന്നവരെ കണ്ടെത്തണം. പാര്‍ടി സ്‌ക്രൂട്ട്‌നി സമയത്ത് സത്യസന്ധമായി സ്വത്ത് വിവരം നല്‍കണം. ഇതില്‍ അപാകാതകള്‍ കണ്ടാല്‍ വിശദീകരണം നല്‍കണം. വരുമാന സ്രോതസ്സ് വ്യക്തമാക്കണം.

വിപ്ലവ ബഹുജന പ്രസ്ഥാനമെന്ന സിപിഐ എം കാഴ്ചപ്പാട് ശരിവയ്ക്കുന്നതാണ് പാര്‍ടി അംഗങ്ങളുടെ വിവിധ വര്‍ഗങ്ങള്‍ സൂചിപ്പിക്കുന്നത്. 57 ശതമാനവും തൊഴിലാളി വര്‍ഗമാണ്. 21 ശതമാനം കര്‍ഷകത്തൊഴിലാളികള്‍. എട്ട് ശതമാനം ദരിദ്ര കര്‍ഷകര്‍. ഒമ്പത് ശതമാനം ഇടത്തരംവിഭാഗം. 25 വയസ്സിന് താഴെയുള്ളവരാണ് പത്ത് ശതമാനം അംഗങ്ങള്‍. 16 ശതമാനം 25നും 31നും ഇടയില്‍. 32നും 50നും ഇടയില്‍ 46 ശതമാനം. 51നും 70നും ഇടയില്‍ 25 ശതമാനം. 70 വയസിന് മുകളില്‍ 2.65 ശതമാനം മാത്രം. 96 ശതമാനം പേരും 1977ന് ശേഷം വന്നവരാണ്. 60 ശതമാനം പേരും 2000ത്തിന് ശേഷംവന്നവരാണ്. ഇത് കാണിക്കുന്നത് രാഷ്ട്രീയ വിദ്യാഭ്യാസവും തുടര്‍ വിദ്യാഭ്യാസവും നല്‍കണമെന്നാണ്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാഏരിയകമ്മിറ്റികള്‍ നടത്തണം. ചില അംഗങ്ങള്‍ വരുമാനത്തിനനുസരിച്ച് ലെവി കൊടുക്കുന്നില്ല. ഇത് മാറ്റണം. 2014ലെ സ്‌ക്രൂട്ട്‌നി സമയത്ത് ഇത് കര്‍ശനമാക്കണം.

മതന്യൂനപക്ഷങ്ങളില്‍ പാര്‍ടി അംഗത്വം വേണ്ട വിധത്തില്‍ ഉയര്‍ന്നിട്ടില്ല. പാര്‍ടി അംഗങ്ങളില്‍ മുസ്ലിം വിഭാഗം 9.56 ശതമാനമാണ്. ക്രിസ്ത്യന്‍ വിഭാഗം 10.9 ശതമാനവും. മതന്യൂനപക്ഷങ്ങളില്‍ പാര്‍ടിക്ക് സ്വാധീനമുണ്ടെങ്കിലും അത് അംഗത്വത്തില്‍ പ്രതിഫലിക്കുന്നില്ല. എന്നാല്‍ പട്ടികജാതി വര്‍ഗവിഭാഗങ്ങളില്‍ അംഗങ്ങളുടെ എണ്ണം കൂടുതലാണ്. 62,000 വനിതകള്‍ മാത്രമാണ് അംഗങ്ങളായുള്ളത്. 16 ശതമാനം. ഇത് വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കണം.

അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരായ പ്രചാരണം പാര്‍ടി ശക്തിപ്പെടുത്തണം. പാര്‍ടി അംഗങ്ങള്‍ ജാതിമത സംഘടനകളില്‍ പ്രവര്‍ത്തിക്കരുത്. ആരാധാനാലയങ്ങളുടെ ഭാരവാഹിത്വം പാടില്ല. ആരാധാനാലയങ്ങളോട് ശത്രുതാപരമായ നിലപാടില്ല. വിശ്വാസികളെ ബഹുമാനിക്കുന്നു. എന്നാല്‍ വര്‍ഗീയ തീവ്രവാദികളെ ആരാധാനാലയങ്ങളില്‍ നിന്നും മോചിപ്പിക്കണം.

പാര്‍ടിയിലുണ്ടായിരുന്ന വിഭാഗീയതയ്ക്ക് വലിയ തോതില്‍ മോചനമായി. വിഭാഗീയത അന്യവര്‍ഗചിന്തയാണ്. കമ്യൂണിസ്റ്റ് മൂല്യങ്ങളുടെ ലംഘനമാണ്. ഇതില്‍ നിന്നും പൂര്‍ണമായും മോചനം നേടണം. പാര്‍ടി വിരുദ്ധ നിലപാടുകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. പല കാരണങ്ങളാല്‍ പാര്‍ടി വിട്ടുപോയവര്‍ ശത്രുക്കളായി മാറിയെങ്കിലും ചിലര്‍ പാര്‍ടിയുടെ ശത്രുക്കളല്ല. അവരെ പാര്‍ടിയിലേക്ക് തിരിച്ചുകൊണ്ടുവരണം. തെറ്റിദ്ധരിച്ച് മാറി നില്‍ക്കുന്നവരെ പാര്‍ടിയിലേക്ക് കൊണ്ടുവരണമെന്നും പ്ലീനം  റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. 

പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും അമാനുഷരൊന്നുമല്ല. ഇ എം എസ് പലതവണ വ്യക്തമാക്കിയ കാര്യം ഓര്‍ക്കേണ്ടതുണ്ട്. തെറ്റ് ചെയ്യാത്ത മനുഷ്യരില്ല. മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന കുഞ്ഞും മരിച്ചവരും മാത്രമേ തെറ്റ് ചെയ്യാത്തവരായുള്ളൂ. എന്നാല്‍, തെറ്റ് ആവര്‍ത്തിക്കരുത്. തിരുത്തണം. ആവര്‍ത്തിക്കുകയില്ലെന്ന് ഉറപ്പുവരുത്തണം. ബൂര്‍ഷ്വാ പാര്‍ടികള്‍ ഒരിക്കലും തെറ്റ് സമ്മതിക്കില്ല. അതുകൊണ്ടുതന്നെ തിരുത്തുന്ന പ്രശ്‌നവുമില്ല. മാര്‍ക്‌സിസം ലെനിനിസം വിമര്‍ശന സ്വയം വിമര്‍ശനങ്ങളിലൂടെയാണ് തെറ്റ് തിരുത്തുന്നത്.

റിപ്പോര്‍ട്ട് മൂന്നുമണിക്കൂറിലധികം സമയമെടുത്താണ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ചത്. റിപ്പോര്‍ട്ടിന്മേല്‍ 14 ജില്ലകളില്‍നിന്നായി വന്ന ഏരിയ സെക്രട്ടറിമാരും ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളും ഗ്രൂപ്പുകളായി ചര്‍ച്ച നടത്തി. ഗ്രൂപ്പുകളില്‍നിന്ന് ആരെല്ലാം സംസാരിക്കണമെന്ന് തീരുമാനിച്ചു. അങ്ങനെ ചുമതലപ്പെടുത്തപ്പെട്ടവര്‍ ഏഴു മണിക്കൂര്‍ സമയമെടുത്ത് ജില്ലാഗ്രൂപ്പുകളുടെ ഗ്രൂപ്പുയോഗങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞുവന്ന അഭിപ്രായം അവതരിപ്പിച്ചു. ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട സംശയങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സെക്രട്ടറി മറുപടി പറഞ്ഞു.

പാലക്കാട് പ്ലീനം ഒരു സുപ്രഭാതത്തില്‍ ആസൂത്രണംചെയ്തതല്ല. ഒരുവര്‍ഷമായി പാര്‍ടിയെ ബാധിച്ച തെറ്റായരീതികളും സംഘടനാപരമായ ദൗര്‍ബല്യവും തിരിച്ചറിയാനും തിരുത്താനുമുള്ള ശ്രമം നടത്തിവരികയാണ്. പാര്‍ടിയുടെ അടിസ്ഥാന ഘടകമായ ബ്രാഞ്ചുമുതല്‍ സംസ്ഥാന കമ്മിറ്റിവരെ ബാധിച്ച ദൗര്‍ബല്യങ്ങള്‍ തിരിച്ചറിയാനും പരിഹരിക്കാനും വിവിധഘടകങ്ങളുടെ യോഗങ്ങള്‍ നല്ല തയ്യാറെടുപ്പോടെ മേല്‍ക്കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തുകൊണ്ട് ചേര്‍ന്നതാണ്. സൂക്ഷ്മമായ പരിശോധനയിലൂടെ കണ്ടെത്തിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

പ്ലീനം സമാപനത്തിന്റെ ഭാഗമായി, പാലക്കാട് ജില്ലയുടെ നാനാഭാഗങ്ങളില്‍ നിന്നുവന്ന രണ്ടുലക്ഷം പാര്‍ടി അംഗങ്ങളും അനുയായികളും അനുഭാവികളും സ്‌റ്റേഡിയം ഗ്രൗണ്ടില്‍, എ കെ ജി നഗറില്‍ എത്തിച്ചേര്‍ന്നു. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള, സീതാറാം യച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവര്‍ റാലിയെ അഭിസംബോധന ചെയ്തു. പാര്‍ടിയെ നിരന്തരം എതിര്‍ത്തുകൊണ്ടിരിക്കുന്ന; നുണപ്രചാരം നടത്തിക്കൊണ്ടിരിക്കുന്ന പാര്‍ടി ശത്രുക്കളെ അമ്പരിപ്പിക്കുന്നതായി സിപിഐ എം സംസ്ഥാനപ്ലീനവും റാലിയും. പ്ലീനം പാര്‍ട്ടി ശരീരത്തിന് നല്‍കിയ കരുത്തുമായി സിപിഐ എം മുന്നോട്ടുപോവുകയാണ്. അശരണര്‍ക്ക് ആശ്വാസമേകിക്കൊണ്ട്. ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിക്കൊണ്ട്.

 

https://www.facebook.com/mvgovindan.master

0471-2305731

07-Dec-2013

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More