ജനസമ്പര്‍ക്കം ഒരു പൊറാട്ട് നാടകം മാത്രം
എം വി ഗോവിന്ദന്‍മാസ്റ്റര്‍
രാജവാഴ്ചയെ, ഏകാധിപത്യത്തെ കുടഞ്ഞെറിഞ്ഞ സമൂഹമാണ് നമ്മുടേത്. രാജവാഴ്ചയുടെ കാലത്ത് രാജാവിനെ മുഖം കാണിക്കാന്‍ പോകുന്ന പ്രജയേയും നല്ല 'മൂഡി'ലാണെങ്കില്‍ അയാളോട് പ്രസാദിക്കുന്ന രാജാവിനേയുമാണ് ജനസമ്പര്‍ക്കത്തിനിരിക്കുന്ന ഉമ്മന്‍ചാണ്ടി ഓര്‍മിപ്പിക്കുന്നത്. |
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കുത്തക മാധ്യമങ്ങളുടെ സഹായത്തോടെ കൊട്ടിഘോഷിച്ച് സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടി വെറുമൊരു തട്ടിപ്പ് പരിപാടിയാണെന്ന് പറയുന്നത് പ്രതിപക്ഷമല്ല. സംസ്ഥാനത്തെ, പബ്ലിക്ക് റിലേഷന്‍ ഡിപാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പരസ്യം തന്നെയാണ്. ജനസമ്പര്‍ക്കത്തിന്റെ യഥാര്‍ത്ഥമുഖം തുറന്നുകാണിക്കുന്നതിന് ഈ പരസ്യം ഉതകി. ഓരോ സമ്പര്‍ക്കം കഴിയുമ്പോഴും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കോടികള്‍ ജനങ്ങള്‍ക്ക് നേരിട്ട് നല്‍കി എന്നവകാശപ്പെടും. മേനിനടിക്കും. തുടര്‍ന്ന് പത്ര-ദൃശ്യമാധ്യമങ്ങള്‍ ഉമ്മന്‍ചാണ്ടി ആ പറഞ്ഞതിനെ ആധാരമാക്കി, ജനകീയമുഖ്യന് വാഴ്ത്തുപാട്ടുകള്‍ ചമയ്ക്കും. നിറംപിടിപ്പിച്ച നുണകളെ ഒരുപരിധിവരെ ജനങ്ങള്‍ മുഖവിലക്കെടുക്കുകയും ചെയ്യും. കഴിഞ്ഞ ഡിസംബര്‍ 16ന് പബ്ലിക്ക് റിലേഷന്‍ വകുപ്പ് തന്നെ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച പരസ്യം കോടികള്‍ വിതരണം ചെയ്തു എന്ന ഉമ്മന്‍ചാണ്ടിയുടെ അവകാശവാദം ശരിയല്ല എന്ന് സ്ഥാപിക്കുന്നു.
മുഖ്യമന്ത്രി പറയുന്നത് കള്ളമാണ് എന്നത് തെളിയിക്കാന്‍ ഏതെങ്കിലും ഒരു ജില്ലയിലെ കാര്യങ്ങള്‍ പരിശോധിച്ചാല്‍ മതി. ഉദാഹരണത്തിന് മലപ്പുറം ജില്ലയെടുക്കാം. അവിടെ ജനസമ്പര്‍ക്ക പരിപാടി സമാപിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വെളിപ്പെടുത്തിയത് 4.76 കോടി രൂപ വിതരണം ചെയ്തു എന്നാണ്. ഉമ്മന്‍ചാണ്ടി തന്റെ ഫേസ്ബുക്ക് പേജിലും ആ ഗീര്‍വാണം മുഴക്കി. എന്നാല്‍, ഡിസംബര്‍ 16ന് പ്രസിദ്ധീകരിച്ച സര്‍ക്കാര്‍ പരസ്യത്തില്‍ 91.5ലക്ഷം രൂപ മാത്രമേ വിതരണം ചെയ്തുള്ളു എന്ന നിജസ്ഥിതി പറയാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. അതിന് കാരണം വിവരാവകാശ നിയമപ്രകാരം നിരവധിപേര്‍, ജനസമ്പര്‍ക്ക പരിപാടിയുടെ യാഥാര്‍ത്ഥ ചിലവുകള്‍ മനസിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട് എന്നതാണ്. അവരിലൂടെ ഉമ്മന്‍ചാണ്ടി പ്രചരിപ്പിച്ച നുണകള്‍ പൊളിച്ചടുക്കപ്പെടുമ്പോള്‍ ഉണ്ടാവുന്ന നാണക്കേട് ഇല്ലാതാക്കാനായിരുന്നു, സര്‍ക്കാര്‍ വിലാസത്തില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് പരസ്യം നല്‍കിയത്.
മുഖ്യമന്ത്രി വിതരണം ചെയ്തു എന്ന് നുണപ്രചരണം സംഘടിപ്പിച്ചപത്ര പരസ്യങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തിയ യഥാര്‍ത്ഥ തുകയും തമ്മിലുള്ള വ്യത്യാസം മനസിലാക്കേണ്ടതുണ്ട്.
ജില്ല | മുഖ്യമന്ത്രിയുടെ കള്ളം | സര്‍ക്കാര്‍പരസ്യത്തിലെ വസ്തുത |
കാസര്‍ഗോഡ് | 2.57 കോടി | 74.22 ലക്ഷം |
വയനാട് | 3.2 കോടി | 3.14 കോടി |
കോഴിക്കോട് | 2.4 കോടി | 21.95 ലക്ഷം |
തൃശൂര്‍ | 2.3 കോടി | 56.55 ലക്ഷം |
എറണാകുളം | 2.02 കോടി | 2.02 കോടി |
കോട്ടയം | 2.3 കോടി | 37.47 ലക്ഷം |
ആലപ്പുഴ | 2.21 കോടി | 1.39 കോടി |
കൊല്ലം | 4.83 കോടി | 1.07 കോടി |
തിരുവനന്തപുരം | 1.87 കോടി | 1.87 കോടി |
ഇടുക്കി ജില്ലയില്‍ വിവിധ പദ്ധതികളിലായി 2,25,73500 രൂപയും പുതുതായി 4,79,66500 രൂപയും അനുവദിച്ചുവെന്നാണ് മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റില്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ പരസ്യത്തില്‍ അത് ആകെ 4.79 കോടിയായി കുറഞ്ഞു. കണ്ണൂരിലെ ജനസമ്പര്‍ക്ക പരിപാടി അവസാനിച്ചപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത് 4.19 കോടി രൂപ അനുവദിച്ചു എന്നാണ്. അതിന്റെ യാഥാര്‍ത്ഥ്യവും വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
കണ്ണൂരില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തുന്നതിനിടയില്‍ ഫേസ്ബുക്കിലൂടെ തന്നെ മുഖ്യമന്ത്രി കള്ളം പറയുന്നുണ്ട്. “കണ്ണൂര്‍ ജില്ലയൊഴികെയുള്ള 13 ജില്ലകളില്‍ നിന്നും 2.16 ലക്ഷം പരാതികള്‍ ലഭിച്ചു. 33.16 കോടി രൂപ വിതരണം ചെയ്തു. 5,000 റേഷന്‍ കാര്‍ഡുകള്‍ ബി.പി.എല്‍ ആക്കി. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവരുമായി മുഖാമുഖം കണ്ടു.” എന്നാണ് മുഖ്യമന്ത്രി എഴുതിയത്. ഇതില്‍ മുഖ്യമന്ത്രി എഴുതിയ 2.16ലക്ഷം പരാതികള്‍ 13 ജില്ലകളില്‍ നിന്നായി ലഭിച്ചു എന്നതും പരസ്യത്തിലെ എണ്ണവും പൊരുത്തപ്പെടുന്നുണ്ട്. 5000 ബിപിഎല്‍ റേഷന്‍ കാര്‍ഡിന്റെ കാര്യവും പരസ്യത്തില്‍ പറയുമ്പോലെ തന്നെയാണ്. 33.16 കോടി രൂപ വിതരണം ചെയ്തു എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലെഴുതിയിരിക്കുന്നത് പച്ചക്കള്ളമാണെന്ന് പരസ്യം വെളിപ്പെടുത്തുന്നു. പരസ്യത്തില്‍ പറയുന്നത് 17.81കോടി രൂപ വിതരണം ചെയ്തു എന്നാണ്. അതിനെ ഇരട്ടിത്തുകയായി വര്‍ധിപ്പിച്ച് പറയാന്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുമ്പോഴും ഉമ്മന്‍ചാണ്ടിക്ക് ലജ്ജയില്ല എന്നിടത്താണ് ഉമ്മന്‍ചാണ്ടിയുടെ രാജി എന്ന ആവശ്യത്തിന് പ്രസക്തിയേറുന്നത്.
ജനസമ്പര്‍ക്ക പരിപാടിയിലൂടെ ധനസഹായം നല്‍കിയതിനുള്ള മാനദണ്ഡം എന്തായിരുന്നു എന്ന് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് കൃത്യമായ മറുപടി പറയാന്‍ സാധിക്കുന്നില്ല. മുഖ്യമന്ത്രി കോടികള്‍ ചെലവഴിച്ച്, 14 ജില്ലകളില്‍ സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടിയില്‍ അതാത് ജില്ലകളിലെ എല്ലാ പരാതിക്കാരും എത്തിയോ? എത്തി എന്ന് അവകാശപ്പെടാന്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് സാധിക്കുമോ? അത്തരത്തില്‍ എല്ലാവരുടെയും പരാതി പരിഹരിക്കുന്ന ഒരു പരിപാടി ആവാത്തിടത്തോളം ഇതൊരു രാഷ്ട്രീയ നാടകം മാത്രമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും യുഡിഎഫിലെ ഘടക കക്ഷികളുടെയും പ്രവര്‍ത്തകര്‍ക്ക് സഹായം നല്‍കുന്ന ഒന്നായി മാത്രമേ ഇതിനെ കാണാന്‍ സാധിക്കു.
ബിപിഎല്‍ റേഷന്‍കാര്‍ഡുകള്‍ അനുവദിച്ചു എന്നാണ് ജനസമ്പര്‍ക്കപരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പറഞ്ഞുനടക്കുന്നത്. പത്രപരസ്യത്തിലും ഈ കാര്യം ഹൈലൈറ്റ് ചെയ്യുന്നുണ്ട്. എ പി എല്‍ വിഭാഗത്തില്‍ നിന്ന് ബി പി എല്‍ വിഭാഗത്തിലേക്ക് റേഷന്‍കാര്‍ഡുകള്‍ മാറ്റുന്നതിന് മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടി നടത്തുന്നു! അതിലൂടെ വെളിവാകുന്നത് സംസ്ഥാനത്തിന്റെ ഗവണ്‍മെന്റ് സംവിധാനങ്ങളുടെ പ്രാപ്തിക്കുറവാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യമായി പ്രവര്‍ത്തിച്ചാല്‍ റേഷന്‍കാര്‍ഡ് ശരിയാക്കാന്‍ മുഖ്യമന്ത്രി വിയര്‍ക്കേണ്ട കാര്യമില്ല. ജനങ്ങളെ എ പി എല്‍, ബി പി എല്‍ വിഭാഗങ്ങളാക്കി, മാനദണ്ഡങ്ങളൊന്നും പാലിക്കാതെ കാര്‍ഡുകള്‍ തരംതിരിച്ചത് കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെയാണ്. ഇപ്പോഴും പല ആദിവാസി കോളനികളിലും എ പി എല്‍ കാര്‍ഡ് ഉള്ളവരുണ്ട്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി അവസാനിച്ചപ്പോഴും ആ ആദിവാസികളുടെ കാര്‍ഡ് ബി പി എല്‍ ആയിട്ടില്ല. ജനസമ്പര്‍ക്ക പരിപാടിയിലൂടെ എല്ലാവര്‍ക്കും നീതി ലഭിച്ചെങ്കില്‍ ഈ കാര്‍ഡുകള്‍ ബി പി എല്‍ ആവേണ്ടേ? റേഷന്‍കാര്‍ഡുകള്‍ ഇത്തരത്തില്‍ തരംതിരിച്ച കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ആ തരംതിരിവ് നിര്‍ത്താനുള്ള നടപടികള്‍ കൈക്കൊള്ളുകയാണ് വേണ്ടത്. അതിനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഉണ്ടോ?
ജനസമ്പര്‍ക്ക പരിപാടി ജനാധിപത്യത്തിന്റെ മുഖമല്ല പ്രദര്‍ശിപ്പിക്കുന്നത്. ജനാധിപത്യത്തിന് ഒരിക്കലും ഫ്യൂഡലിസത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. രാജവാഴ്ചയെ, ഏകാധിപത്യത്തെ കുടഞ്ഞെറിഞ്ഞ സമൂഹമാണ് നമ്മുടേത്. രാജവാഴ്ചയുടെ കാലത്ത് രാജാവിനെ മുഖം കാണിക്കാന്‍ പോകുന്ന പ്രജയേയും നല്ല 'മൂഡി'ലാണെങ്കില്‍ അയാളോട് പ്രസാദിക്കുന്ന രാജാവിനേയുമാണ് ജനസമ്പര്‍ക്കത്തിനിരിക്കുന്ന ഉമ്മന്‍ചാണ്ടി ഓര്‍മിപ്പിക്കുന്നത്.
ഉമ്മന്‍ചാണ്ടി അധികാരവികേന്ദ്രീകരണത്തിന് എതിരാണോ? ഉമ്മന്‍ചാണ്ടിയുടെ പാര്‍ട്ടി അധികാരവികേന്ദ്രീകരണത്തില്‍ വിശ്വസിക്കുന്നില്ലേ? കേരളം ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ നടത്തിപ്പിലൂടെ ലോകത്തിന് മാതൃകയായ സംസ്ഥാനമാണ്. ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അധികാരവികേന്ദ്രീകരണത്തെ കുറിച്ച് പഠിക്കാന്‍ കേരളത്തിലേക്ക് ആളുകള്‍ വരുന്നുണ്ട്. അപ്പോഴാണ് അധികാര വികേന്ദ്രീകരണത്തെ അട്ടിമറിച്ച്, ജനാധിപത്യത്തെ അട്ടിമറിച്ച് ഫ്യൂഡല്‍ സ്വഭാവമുള്ള ഒരു പരിപാടിയുമായി ഉമ്മന്‍ചാണ്ടി മുന്നോട്ടുവരുന്നത്. അധികാരങ്ങളെല്ലാം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുക എന്ന ജനാധിപത്യ വിരുദ്ധതയാണ് ജനസമ്പര്‍ക്ക പരിപാടിയുടെ കാതല്‍.
ഒരു ജനാധിപത്യ സമൂഹത്തില്‍ ഇത്തരം ഗിമ്മിക്കുകളെ മുന്‍നിര്‍ത്തി ഏറെ നാള്‍ മുന്നോട്ടുപോകാന്‍ സാധിക്കില്ല എന്നത് ഉമ്മന്‍ചാണ്ടി മനസിലാക്കണം. എല്ലാ ജനങ്ങള്‍ക്കും തുല്യനീതി ലഭിക്കുന്ന, ദുരിതബാധിതരായ എല്ലാവരുടെയും കണ്ണുനീരൊപ്പാന്‍ സഹായകമാവുന്ന പദ്ധതികളും പരിപാടികളുമാണ് നാടിനാവശ്യം. ആ രീതിയിലുള്ള നടപടികള്‍ കൈക്കൊള്ളേണ്ട മുഖ്യമന്ത്രി തന്നെ അവ നശിപ്പിക്കുന്നത് കാണുമ്പോള്‍ യു ഡി എഫ് രാഷ്ട്രീയത്തിന്റെ പാപ്പരത്വം കൂടിയാണ് ജനങ്ങള്‍ക്ക് ബോധ്യമാവുന്നത്.
ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ഭരണ നവീകരണത്തിന് വേണ്ടി മുഖ്യമന്ത്രി 44 ഉത്തരവുകള്‍ പുറത്തിറക്കി. മാത്രമല്ല, മാധ്യമങ്ങളായ മാധ്യമങ്ങളിലൂടെയെല്ലാം അത് പരസ്യം ചെയ്യുകയും ചെയ്തു. ഉത്തരവിന്റെ സാരാംശം മാധ്യമങ്ങളില്‍ വന്ന പരസ്യങ്ങളിലൂടെ മനസിലാക്കിയ ജനങ്ങള്‍ മൂക്കത്ത് വിരല്‍വെച്ചു. ഭരണനവീകരണത്തിന് വേണ്ടിയെന്ന പേരിലിറക്കിയ ഈ ഉത്തരവുകളില്‍ പലതും വെറും കണ്ണില്‍പ്പൊടിയിടല്‍ മാത്രമാണെന്ന് അവര്‍ക്ക് മനസിലായി. ഉദാഹരണത്തിന് ഉമ്മന്‍ചാണ്ടി ഇറക്കിയ പത്താമത്തെ ഉത്തരവ് നോക്കു; “സര്‍ക്കാര്‍ ആശുപത്രികളില്‍ നടത്തുന്ന സിസേറിയന്‍ ഉള്‍പ്പെടെയുള്ള പ്രസവങ്ങളും കുഞ്ഞുങ്ങള്‍ക്ക് 30 ദിവസം വരെയുള്ള ചികിത്സയും പൂര്‍ണമായും സൗജന്യമാക്കി” ബി പി എല്‍ കുടുംബങ്ങള്‍ക്ക് എല്‍ ഡി എഫ് കാലത്ത് തന്നെ ഈ ആനുകൂല്യം ഉണ്ടായിരുന്നു. പെണ്‍കുഞ്ഞുങ്ങള്‍ പിറന്നാല്‍ അവരുടെ പേരില്‍ 10000രൂപ നിക്ഷേപിക്കുമെന്ന എല്‍ ഡി എഫ് പ്രഖ്യാപനത്തെ ഇല്ലാതാക്കിയാണ് ഉമ്മന്‍ചാണ്ടി ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ആരോഗ്യമേഖലയില്‍ വേറെയും ഉത്തരവുകള്‍ ഉണ്ട്. 27-ാം ഉത്തരവ് അത്തരത്തിലൊന്നാണ്. “ആദായ നികുതി അടയ്ക്കുന്നവര്‍ ഒഴികെയുള്ള എല്ലാ വിഭാഗം രോഗികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ജനറിക് മെഡിസിന്‍ നല്‍കും”. ഉത്തരവിറക്കിയ മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടിക്കിടയില്‍ സമയം കിട്ടുമ്പോള്‍ ഈ സര്‍ക്കാര്‍ ആശുപത്രികള്‍ ഒന്ന് സന്ദര്‍ശിക്കണം. പനിക്കുള്ള പാരസെറ്റാമോള്‍ ഗുളിക പോലും കാര്യക്ഷമമായി ലഭിക്കാത്ത പൊതുജനങ്ങള്‍ മുഖ്യമന്ത്രിയുടെ ഉത്തരവ് വായിച്ച് നെടുവീര്‍പ്പിട്ടുകാണും. എല്‍ ഡി എഫ് ഭരണകാലത്ത് എല്ലാ മരുന്നുകളും ലഭ്യമായിരുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോള്‍ മരുന്നുകളൊന്നും ലഭ്യമല്ല എന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെട്ടപ്പോള്‍ ആവും ഈ തരികിട ഉത്തരവ് ഇറക്കിയത്.
38-ാമത്തെ ഉത്തരവായി പറയുന്നത് “നെല്‍കൃഷി ഉല്‍പ്പാദന ബോണസ് 350 രൂപയില്‍ നിന്ന് 1000 രൂപയാക്കി” എന്നാണ്. പതിനായിരം രൂപയാക്കിയാലും സര്‍ക്കാരിന് വലിയ ബാധ്യത വരാന്‍ സാധ്യതയില്ല. കാരണം എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമത്തെ അട്ടിമറിക്കാന്‍ നിയമമിര്‍മാണം നടത്തുന്ന തിരക്കിലാണ് ഉമ്മന്‍ചാണ്ടി. നെല്‍വയലുണ്ടെങ്കിലല്ലേ നെല്‍കൃഷി ഉണ്ടാവൂ? യു ഡി എഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ നെല്‍വയല്‍-നീര്‍ത്തടങ്ങള്‍ നികത്തുന്നതിന് തടസമായി നില്‍ക്കുന്ന പ്രധാന വ്യവസ്ഥ ഒഴിവാക്കി നിയമം ഭേദഗതി ചെയ്യാനാണ് ആലോചിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള നെല്‍വയലോ, നീര്‍ത്തടമോ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെങ്കില്‍ തുല്യ അളവില്‍ പകരംഭൂമി കൃഷിയാവശ്യത്തിനായി നീക്കിവെച്ചാല്‍ മതിയാവും അല്ലെങ്കില്‍ നികത്തുന്ന ഭൂമിയുടെ വിപണിവില ഭക്ഷ്യസുരക്ഷക്കായി കെട്ടിവെയ്ക്കണം തുടങ്ങിയ ഭേദഗതികള്‍ നെല്‍കൃഷിയെ തന്നെ ഇല്ലാതാക്കും. നെല്‍വയല്‍ കൃത്രിമമായി സൃഷ്ടിക്കാന്‍ സാധിക്കുന്ന ഒന്നല്ല. അത് പ്രകൃത്യാലുള്ള ജലസംഭരിണികള്‍ കൂടിയാണ്. പരിസ്ഥിതിയെ സംരക്ഷിക്കും എന്ന് മാധ്യമങ്ങളില്‍ വീമ്പ് പറയുമ്പോഴാണ് ആരുമറിയാതെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ നടപ്പിലാക്കാന്‍ മുഖ്യമന്ത്രിയും യു ഡി എഫ് സര്‍ക്കാരും പരിശ്രമിക്കുന്നത് ഇത്തരം ഇരട്ടത്താപ്പുകളുടെ വിളനിലമാണ് യു ഡി എഫ് സര്‍ക്കാര്‍.
മുഖ്യമന്ത്രിയുടെ ഉത്തരവുകളില്‍ 29-ാമത് പറയുന്നത് “ അര്‍ഹതപ്പെട്ടവര്‍ക്ക് ബിപിഎല്‍ കാര്‍ഡ് നല്‍കാനുള്ള അധികാരം ജില്ലാ കലക്ടറില്‍ നിക്ഷിപ്തമാക്കി” എന്നാണ്. ഈ ഉത്തരവിനെ അട്ടിമറിക്കുന്നത് ഉത്തരവിറക്കിയ മുഖ്യമന്ത്രി തന്നെയാണെന്ന് ജനസമ്പര്‍ക്കപരിപാടിയിലെ പരാതികള്‍ ശ്രദ്ധിച്ചാല്‍ മനസിലാവും. ജനസമ്പര്‍ക്ക പരിപാടിയില്‍ വന്ന അപേക്ഷകളില്‍ പകുതിയിലേറെയും ബിപിഎല്‍ കാര്‍ഡിനുവേണ്ടിയുള്ളതാണ്. ഈ അധികാരം കലക്ടറില്‍ നിക്ഷിപ്തമാക്കി ഉത്തരവിറക്കിയ മുഖ്യമന്ത്രി ആല്‍ക്കൂട്ടം സൃഷ്ടിക്കാന്‍ വേണ്ടി പരാതിക്കാരെ വിളിച്ചുവരുത്തുകയാണ്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുതലമുറയെ ആകര്‍ഷിക്കാനും തന്റെ പരിപാടികള്‍ അവരിലേക്കെത്തിക്കാനും സോഷ്യല്‍ മീഡിയയെ നന്നായി ഉപയോഗിക്കുന്നുണ്ട്. ഫേസ്ബുക്കില്‍ അദ്ദേഹത്തിന് ഒരു പേജ് തന്നെയുണ്ട്. അതില്‍ പറയുന്ന കാര്യങ്ങളും അദ്ദേഹത്തിന്റെ പ്രവൃത്തിയും തമ്മില്‍ പൊരുത്തമില്ല എന്നത് വേറെ കാര്യം. ഫേസ്ബുക്ക് വഴിയും ഉമ്മന്‍ചാണ്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. “സേവനാവകാശം ജനങ്ങളുടെ അവകാശമാണ്. അത് സര്‍ക്കാരിന്റെയോ ഉദ്യോഗസ്ഥരുടെയോ ഔദാര്യമല്ല. 2012 നവമ്പര്‍ ഒന്നിന് സര്‍ക്കാര്‍ പ്രായോഗിക തലത്തില്‍ കൊണ്ടുവന്ന സേവനാവകാശ നിയമം ഫലപ്രദമായി മിക്ക വകുപ്പുകളും ഉപയോഗിക്കുന്നുണ്ടെങ്കിലും ചില വകുപ്പുകള്‍ സജീവമാകേണ്ടതുണ്ട്. അത്തരം വകുപ്പുകള്‍ കണ്ടെത്തി ഇടപെടലുകള്‍ നടത്തുന്നതിനും അതുകണ്ടെത്തി കാര്യക്ഷമമാക്കുന്നതിനും ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ചുള്ള പരിഹാരങ്ങളും നിര്‍ദേശങ്ങളും കാബനറ്റില്‍ സമര്‍പ്പിക്കും സര്‍ക്കാര്‍ അതിനനുസരിച്ച് നടപടികള്‍ സ്വീകരിക്കും” ഇത് 02-12-2013 വൈകുന്നേരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ ഫേസ്ബുക്ക് പേജിലിട്ട സ്റ്റാറ്റസ് ആണ്. ആത്മാര്‍ത്ഥമായിട്ടാണ് മുഖ്യമന്ത്രി ഇത് എഴുതിയതെങ്കില്‍ ആദ്യം ചെയ്യേണ്ടത് ജനസമ്പര്‍ക്ക പരിപാടി നിര്‍ത്തലാക്കി സേവനാവകാശ നിയമം എല്ലാ തലങ്ങളിലും പ്രവര്‍ത്തികമാക്കുക എന്നതാണ്.
താഴെക്കിടയിലുള്ള ജീവനക്കാരെ സജീവമാക്കിയും വകുപ്പ് തല പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കിയുമാണ് മുഖ്യമന്ത്രി ജനങ്ങള്‍ക്ക് സഹായം നല്‍കേണ്ടത്. മുഖ്യമന്ത്രി, സജീവമാക്കേണ്ട ഭരണയന്ത്രം ചലിക്കാത്തത് കൊണ്ടാണല്ലൊ അദ്ദേഹത്തിന്് ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കേണ്ടി വരുന്നത്. സേവനാവകാശ നിയമം യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ഒരു വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട ജോലി മുഖ്യമന്ത്രി ചെയ്യേണ്ടി വരികയില്ല. ചില മാധ്യമങ്ങളുടെ സഹായത്തോടെ, ജനസമ്പര്‍ക്ക പരിപാടിയില്‍ ഊണും ഇരിപ്പും ഉപേക്ഷിച്ച് നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയുടെ സചിത്രലേഖനങ്ങള്‍ വരുത്തി ജനകീയ പരിവേഷം ഉണ്ടാക്കിയെടുക്കാനായി സേവനാവകാശ നിയമത്തെ സംസ്ഥാന മുഖ്യമന്ത്രി അട്ടിമറിക്കുകയാണ്. 2012 മുതല്‍ സേവനാവകാശനിയമം പ്രയോഗത്തില്‍ വരുത്തിയെങ്കിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആത്മാര്‍ത്ഥമായ പരിശ്രമങ്ങളില്ലാത്തതുകൊണ്ടാണ് ഇപ്പോഴും ജനസമ്പര്‍ക്കപരിപാടി നടത്താന്‍ മുഖ്യമന്ത്രിക്ക് ഇറങ്ങിപ്പുറപ്പെടേണ്ടി വരുന്നത്.
14 ജില്ലകളിലേയും ജനസമ്പര്‍ക്ക പരിപാടി അവസാനിച്ചു. 13 ജില്ലകളിലായി നല്‍കിയ 17 കോടി 81 ലക്ഷം രൂപയുടെയും കണ്ണൂര്‍ ജില്ലയില്‍ വിതരണം ചെയ്ത യഥാര്‍ത്ഥ തുകയുടെയും സഹായമാണ് വിതരണം ചെയ്തത്. കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയില്‍ 24.5 കോടി രൂപ വിതരണം ചെയ്‌തെന്നും പരിപാടി സംഘടിപ്പിക്കാന്‍ അഞ്ചരക്കോടി രൂപയോളം ചെലവ് വന്നെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇത്തവണ ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കാന്‍ എത്ര കോടി ചെലവായെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോള്‍ പമാപഹരണത്തിന്റെ മറ്റ് കൈവഴികളെ കുറിച്ചും പൊതുജനത്തിന് ബോധ്യമാവും.
ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയെ തുടര്‍ന്ന് ഒരു രക്തസാക്ഷിയുമുണ്ടായി. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്താണ് കൊല്ലം ജില്ലയിലെ അഞ്ചല്‍ പനയഞ്ചേരി തോയിത്തല ശ്രീദേവിവിലാസത്തില്‍ സുശീലന്‍ ആത്മഹത്യ ചെയ്തത്. ഈ മനുഷ്യനെ ആത്മഹത്യചെയ്യാന്‍ പ്രേരിപ്പിച്ചത് ഉമ്മന്‍ചാണ്ടിയാണ്. ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നു സുശീലന്‍. അദ്ദേഹത്തിന്റെ ആത്മഹത്യയെ തുടര്‍ന്ന് നിരാലംബരായ കുടുംബത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തഴയുകയാണ്. ജനസമ്പര്‍ക്കത്തിന്റെ പേരില്‍ കോടികള്‍ ധൂര്‍ത്തടിച്ച ഉമ്മന്‍ചാണ്ടി, ഈ കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ തയ്യാറാവുന്നില്ല.
കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടി ചിലപ്പോള്‍ ലിംക റിക്കാര്‍ഡ് ബുക്കില്‍ കയറാനുള്ള സാധ്യതയുണ്ട്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായായിരിക്കും ഒരു മുഖ്യമന്ത്രി ഇത്രയും പോലീസ് അകമ്പടിയോടെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടാവുക. ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്ത പൊതുജനങ്ങളേക്കാള്‍ കൂടുതല്‍ പോലീസ് ഉണ്ടായിരുന്നു എന്നത് അതിശയെക്തിയല്ല, വസ്തുതയാണ്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇത്രയേറെ ഭയം ആവശ്യമുണ്ടോ? ഭയം ഭരിക്കുന്ന ഭരണാധികാരിക്ക് നാട് ഭരിക്കാന്‍ സാധിക്കുമോ?
https://www.facebook.com/mvgovindan.master
0471-2305731
20-Dec-2013
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍