വിടപറഞ്ഞ കാവ്യവ്യക്തിത്വം

പുരോഗമന വിപ്ളവപ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞാല്‍ കിട്ടാവുന്ന നേട്ടങ്ങളെ മുന്‍നിര്‍ത്തിയുള്ള പ്രലോഭനങ്ങള്‍ അദ്ദേഹം പുറംകൈകൊണ്ട് തട്ടിയെറിഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ടിയെ സകല സാമൂഹ്യദ്രോഹശക്തികളും വളഞ്ഞുവച്ചാക്രമിച്ച ഘട്ടങ്ങളില്‍ പ്രത്യക്ഷത്തില്‍ത്തന്നെ അദ്ദേഹം പ്രസ്ഥാനത്തിന്റെ പ്രതിരോധത്തിനിറങ്ങി. എന്നും അദ്ദേഹം മനസ്സുകൊണ്ട് കമ്യൂണിസ്റ്റായി നിന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നോവിക്കുന്ന ഒരു വാക്കും എന്തൊക്കെ പ്രലോഭനങ്ങളുണ്ടായിട്ടും ആ നാവിന്‍തുമ്പില്‍നിന്ന് വീണില്ല. അത്രയ്ക്കായിരുന്നു മനുഷ്യമോചനത്തിന്റെ ഏക പ്രസ്ഥാനം ഇതാണ് എന്ന അദ്ദേഹത്തിന്റെ ഹൃദയത്തില്‍ തട്ടിയ ബോധ്യം. 

നമ്മുടെ ഭാഷയെ, സാഹിത്യത്തെ, സംസ്കാരത്തെ ഒക്കെ ഇത്രമേല്‍ സമ്പന്നമാക്കിയ കാവ്യവ്യക്തിത്വങ്ങള്‍ അധികമില്ല. അധ്യാപകനായും പ്രഭാഷകനായും കവിയായും ഗാനരചയിതാവായും ഒക്കെ അദ്ദേഹം നമ്മുടെ നാടിന്റെ ഹൃദയത്തില്‍ മായാത്ത വെളിച്ചം പടര്‍ത്തി. നന്ദി പറഞ്ഞുതീര്‍ക്കാനാകാത്ത, ഒരിക്കലും തീരാത്ത കടപ്പാട്! ആ സ്മരണയ്ക്കുമുന്നില്‍ ആദരാഞ്ജലികളോടെ പ്രണമിക്കുന്നു.       

മലയാള കാവ്യചരിത്രത്തിലെ ഒരു യുഗാസ്തമയമാണിത്. സോഷ്യല്‍ റിയലിസവും കാല്‍പ്പനികതയും സമഭാവനാബോധവും ഭാവോത്സുകതയും ശാസ്ത്രീയവീക്ഷണവും യുക്തിബോധവും എല്ലാം ചേരുംപടി ചേര്‍ന്നുണ്ടായ അരുണാഭമായ ഒരു കാവ്യകാലത്തിന്റെ അസ്തമയം. കേരളത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ ഭാഗധേയങ്ങളെ പുരോഗമനാത്മകമായി പുനര്‍നിര്‍ണയിച്ച ആ കാലത്തിന്റെ മൂന്ന് ദീപ്തനക്ഷത്രങ്ങള്‍ നേരത്തെ  പോയിരുന്നു. വയലാറും ഭാസ്കരനും തിരുനല്ലൂരും. ഇപ്പോഴിതാ ഒ എന്‍ വിയും. നമ്മുടെ പൊതുസാമൂഹ്യമണ്ഡലവും ഇടതുപക്ഷമനസ്സും കാവ്യകാലവും എത്രമേല്‍ ദരിദ്രമായിരിക്കുന്നു ഈ വിയോഗത്തോടെ. 

ഉജ്ജയിനിപോലുള്ള കാവ്യാഖ്യായികകള്‍ കൊണ്ടും മറ്റും പണ്ഡിത ആസ്വാദകഹൃദയങ്ങളെയും 'അരികില്‍ നീയുണ്ടായിരുന്നെങ്കില്‍'പോലുള്ള ഭാവഗീതങ്ങള്‍കൊണ്ട് അതിസാധാരണങ്ങളായ ആസ്വാദകമനസ്സുകളെയും ഒരുപോലെ പല പതിറ്റാണ്ടുകള്‍ സ്വാധീനിച്ച കവിയാണ് കടന്നുപോയത്. നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാവും പൈങ്കിളിയേ എന്ന് സ്വപ്നം കാണാനും ആ സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള പോരാട്ടങ്ങളില്‍ ഒപ്പം നില്‍ക്കാനും കൂട്ടുപോന്ന കാവ്യവ്യക്തിത്വം. വിശ്വകാവ്യവ്യക്തിത്വമായി വളര്‍ന്നുപടര്‍ന്നപ്പോഴും ചവറയിലെ കരിമണലിലും നിസ്വജനവിഭാഗങ്ങളുടെ മനസ്സുകളിലുമുള്ള വേരുകള്‍ പൊട്ടാതെ കാത്ത കാവ്യവ്യക്തിത്വം.

ഒ എന്‍ വിയെ രൂപപ്പെടുത്തിയ ഒരു സവിശേഷകാലമുണ്ട്. ലോകവ്യാപകമായി സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടുകയും ആ ശക്തിയുടെ ചാമ്പ്യനായി കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്ന് നിറയുകയുംചെയ്ത ഒരു ഘട്ടം. ഫാസിസത്തെയും നാസിസത്തെയും തകര്‍ത്തുകൊണ്ട് മാനവികതയുടെ മഹാപ്രസ്ഥാനമായി കമ്യൂണിസ്റ്റ് പാര്‍ടിയും മനുഷ്യരാശിയുടെ മോചനപതാകയായി ചെങ്കൊടിയും ഉയര്‍ന്ന ഘട്ടം. നാസിസത്തിനുമേലുള്ള സോവിയറ്റ് വിജയത്തിന്റെയും ചൈനീസ് വിപ്ളവവിജയത്തിന്റെയും സാര്‍വദേശീയ ഘട്ടം. പുന്നപ്രയുടെയും വയലാറിന്റെയും തെലങ്കാനയുടെയും രക്തച്ചുവപ്പാര്‍ന്ന ദേശീയ പോരാട്ടഘട്ടം. ആ കാലത്തിന്റെയും മനുഷ്യോചിതമായി ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചെടുക്കാനുള്ള പോരാട്ടങ്ങളുടെയും സൃഷ്ടികൂടിയായിരുന്നു ഒ എന്‍ വിയുടെ കാവ്യവ്യക്തിത്വം. അതിന്റെ നേര്‍നിദര്‍ശനങ്ങളാണ് 'പൊരുതുന്ന സൌന്ദര്യവും' 'സമരത്തിന്റെ സന്തതികളും' മറ്റും. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉദയഛായയുടെ ശോണഛവിയാണ് 'അരിവാളും രാക്കുയിലും' പോലുള്ള ആ ആദ്യകാല ഒ എന്‍ വി കവിതകളില്‍ പ്രതിഫലിച്ചുനിന്നത്.

അന്നത്തെ ആ സ്വപ്രത്യയസ്ഥൈര്യം അചഞ്ചലമായി ഒ എന്‍ വി അന്ത്യശ്വാസംവരെ നിലനിര്‍ത്തി. പുരോഗമന വിപ്ളവപ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞാല്‍ കിട്ടാവുന്ന നേട്ടങ്ങളെ മുന്‍നിര്‍ത്തിയുള്ള പ്രലോഭനങ്ങള്‍ അദ്ദേഹം പുറംകൈകൊണ്ട് തട്ടിയെറിഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ടിയെ സകല സാമൂഹ്യദ്രോഹശക്തികളും വളഞ്ഞുവച്ചാക്രമിച്ച ഘട്ടങ്ങളില്‍ പ്രത്യക്ഷത്തില്‍ത്തന്നെ അദ്ദേഹം പ്രസ്ഥാനത്തിന്റെ പ്രതിരോധത്തിനിറങ്ങി. എന്നും അദ്ദേഹം മനസ്സുകൊണ്ട് കമ്യൂണിസ്റ്റായി നിന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നോവിക്കുന്ന ഒരു വാക്കും എന്തൊക്കെ പ്രലോഭനങ്ങളുണ്ടായിട്ടും ആ നാവിന്‍തുമ്പില്‍നിന്ന് വീണില്ല. അത്രയ്ക്കായിരുന്നു മനുഷ്യമോചനത്തിന്റെ ഏക പ്രസ്ഥാനം ഇതാണ് എന്ന അദ്ദേഹത്തിന്റെ ഹൃദയത്തില്‍ തട്ടിയ ബോധ്യം. സ്വാതന്ത്യ്രത്തിന്റെയും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സോഷ്യലിസ്റ്റ് സങ്കല്‍പ്പത്തിന്റെയും പ്രചാരണത്തിനായി കേരളമങ്ങോളമിങ്ങോളം അദ്ദേഹം പ്രഭാഷണങ്ങളുമായി അനവരതം സഞ്ചരിച്ചു. സമൂഹമനഃസാക്ഷിയെ അത് വലിയതോതില്‍ ഉണര്‍ത്തി. പല കവികളും സര്‍ഗാത്മകതയുടെ ദന്തഗോപുരങ്ങളില്‍ തപസ്സുചെയ്തുകൊണ്ടിരുന്ന ഘട്ടത്തില്‍ ഈ കവിയെ നമ്മള്‍ സെക്രട്ടറിയറ്റിനുമുന്നിലെ സമരപ്പന്തലില്‍വരെ കണ്ടു. കമ്യൂണിസ്റ്റായാല്‍ സാഹിത്യകാരന് ഹൃദയച്ചുരുക്കം വരില്ല എന്ന് യാഥാസ്ഥിതിക സാഹിത്യപക്ഷത്തിന് സ്വന്തം സാഹിത്യസപര്യകൊണ്ട് അദ്ദേഹം തെളിയിച്ചുകൊടുത്തു; അവരുടെ വാദങ്ങള്‍ക്കുള്ള ചുട്ട മറുപടിപോലെ.

ഈ ഘട്ടങ്ങളിലൊക്കെ ആ കാവ്യവ്യക്തിത്വം വളര്‍ച്ചയുടെ വിവിധങ്ങളായ ഔന്നത്യങ്ങളെ പിന്നിട്ട് കുതിച്ചുയര്‍ന്നുകൊണ്ടിരുന്നു. മയില്‍പ്പീലിപോലുള്ള വൈയക്തിക കവിതകളുടെ തലങ്ങളില്‍നിന്ന് 'കറുത്തപക്ഷിയുടെ പാട്ട്' പോലുള്ള സാര്‍വദേശീയ വിമോചനപ്രസ്ഥാനങ്ങളുടെ പോരാട്ടതലങ്ങളിലേക്ക്. പിന്നീട് 'ഭൂമിക്കൊരു ചരമഗീത'വും 'സൂര്യഗീത'വും പോലുള്ള കവിതകളുടെ കോസ്മിക് തലങ്ങളിലേക്ക്. ഇടയ്ക്ക് ഉജ്ജയിനിയും സ്വയംവരവും പോലുള്ള കാവ്യാഖ്യായികകളുടെ തലങ്ങളിലേക്ക്. കവിത പല തലങ്ങളിലൂടെ വികസിച്ചപ്പോഴും കാവ്യവ്യക്തിത്വത്തിന്റെ വേരുകള്‍ ഈ മണ്ണിനെ തൊട്ടുനിന്നു.

'മണ്ണിന്റെ  ആത്മാവില്‍നിന്ന് പൊന്മുത്തെടുത്തുതരാം ഞാന്‍' എന്നുപറഞ്ഞ് കവിതയിലേക്ക് വന്ന ഒ എന്‍ വി, കവിതയുടെ പൊന്മുത്തുകളല്ല, രത്നശേഖരങ്ങള്‍തന്നെ കൈരളിക്കായി സമര്‍പ്പിച്ചു. പരിസ്ഥിതിസ്നേഹംമുതല്‍ വിശ്വസാഹോദര്യംവരെയുള്ള മൂല്യങ്ങള്‍ ആ കവിതകളുടെ സാരസത്തയായി. ജീവിതകാലം മുഴുവന്‍ ഒരു കവിയായിരിക്കാന്‍ ശ്രമിക്കാമെന്ന് ഈ കവി കാവ്യാസ്വാദകലോകത്തിന് വാക്കുകൊടുത്തു. മരണത്തിന്റെ ഘട്ടംവരെ ആ വാക്ക് അദ്ദേഹം പാലിക്കാന്‍ ശ്രദ്ധിച്ചു. കവിത എഴുതാന്‍ കഴിയാതെവരിക എന്നതിനേക്കാള്‍ വലിയ സങ്കടം അദ്ദേഹത്തിനില്ലായിരുന്നു.

ഇരുളിന്റെ മുടിവാഴ്ചകള്‍ വിരാജിച്ചൊരു കെട്ടനീതികള്‍ക്കെതിരായ അമര്‍ഷമായിരുന്നു അരിവാളും രാക്കുയിലും എന്ന 1940കളുടെ അവസാനത്തെ കവിതയില്‍ തിളങ്ങിനിന്നത്. ഇരുളിന്റെ വാഴ്ചയ്ക്കെതിരായ പോരാട്ടവീര്യം അദ്ദേഹം 'സൂര്യന്റെ മരണം' എന്ന ഏറ്റവും ഒടുവിലെ കവിതയിലും നിലനിര്‍ത്തി. ഇതര സാഹിത്യ സൌന്ദര്യാംശങ്ങള്‍ക്കൊപ്പം 'ദുഃഖതപ്തമാവാതെയെന്‍ ചേതനയ്ക്കില്ലാ നാദം' എന്ന് പണ്ടുപറഞ്ഞ കവി ഏറ്റവും ഒടുവിലെഴുതിയ പുസ്തകത്തിലും മനുഷ്യത്വ പരാഗരേണുക്കള്‍ ഇല്ലാതായാല്‍ ഉണ്ടാകുന്ന ആപത്തുകളെക്കുറിച്ച് മുന്നറിയിപ്പുനല്‍കി.

'എന്നുയിര്‍ത്തീയില്‍ സ്വയം പൊരിഞ്ഞു ഞാനീക്കുഞ്ഞിന്‍
മുന്നിലിന്നൊരു റൊട്ടിത്തുണ്ടമായ് പതിച്ചെങ്കില്‍'

എന്നു പാടിയ കവിക്ക് മനുഷ്യത്വത്തിനപ്പുറം മറ്റൊരു കൊടിയടയാളമില്ലായിരുന്നു.

കേരളത്തിന്റെ സാമൂഹ്യ–രാഷ്ട്രീയജീവിതത്തെ പരിവര്‍ത്തനോന്മുഖമാക്കിയ സാംസ്കാരികപ്രസ്ഥാനങ്ങളിലാകെ ഒ എന്‍ വിയുടെ സംഭാവനകള്‍ മായാമുദ്രകളായി പതിഞ്ഞുനില്‍ക്കുന്നു. കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലെ മരണമില്ലാത്ത ഗാനങ്ങളൊക്കെ ജ്വലിക്കുന്ന ദൃഷ്ടാന്തങ്ങള്‍.
നമ്മുടെ സാംസ്കാരികജീവിതത്തെ പല അര്‍ഥത്തില്‍ ധന്യമായ ആ ജീവിതം സമ്പന്നമാക്കി. മലയാളഭാഷയ്ക്ക് ക്ളാസിക്കല്‍ പദവി നേടിത്തരുന്നതിലും കലാമണ്ഡലത്തിന് സര്‍വകലാശാലാ പദവി നേടിത്തരുന്നതിലുമെല്ലാം ഒ എന്‍ വി അവിശ്രമം നടത്തിയ പരിശ്രമങ്ങള്‍ മലയാളിക്ക് മറക്കാവുന്നതല്ല. ഒടുവില്‍ ജ്ഞാനപീഠലബ്ധിയിലൂടെ മലയാളസാഹിത്യത്തിന്റെ അന്തസ്സുയര്‍ത്തിക്കൊണ്ട് മലയാളഭാഷയിലെഴുതുന്ന ഇന്ത്യന്‍ കവി എന്ന സ്ഥാനത്തിന് അര്‍ഹനായി അദ്ദേഹം.

മലയാളിയുടെ മനസ്സിനെ ഒരു തൂവലാല്‍ തലോടുന്നവിധത്തിലുള്ള എത്രയെത്ര ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായി ഉണ്ടായി. പ്രണയഗാനങ്ങള്‍, ശോകഗാനങ്ങള്‍, വിപ്ളവഗാനങ്ങള്‍, അങ്ങനെ എത്ര വലിയ ഒരു ഗാനശേഖരം! നമ്മുടെ ഭാഷയെ, സാഹിത്യത്തെ, സംസ്കാരത്തെ ഒക്കെ ഇത്രമേല്‍ സമ്പന്നമാക്കിയ കാവ്യവ്യക്തിത്വങ്ങള്‍ അധികമില്ല. അധ്യാപകനായും പ്രഭാഷകനായും കവിയായും ഗാനരചയിതാവായും ഒക്കെ അദ്ദേഹം നമ്മുടെ നാടിന്റെ ഹൃദയത്തില്‍ മായാത്ത വെളിച്ചം പടര്‍ത്തി. നന്ദി പറഞ്ഞുതീര്‍ക്കാനാകാത്ത, ഒരിക്കലും തീരാത്ത കടപ്പാട്! ആ സ്മരണയ്ക്കുമുന്നില്‍ ആദരാഞ്ജലികളോടെ പ്രണമിക്കുന്നു.       

14-Feb-2016

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More