സി പി ഐ വീണ്ടും വലത്തോട്ട്‌

അക്കാലത്ത് അഴീക്കോടന് മഴവില്‍മഹാസഖ്യത്തിലുള്ള മാധ്യമങ്ങള്‍ നല്‍കിയ പേരായിരുന്നു അഴിമതിക്കോടന്‍ രാഘവനെന്നത്. സി പി ഐക്കാരും കോണ്‍ഗ്രസുകാരും നക്‌സലൈറ്റുകളുമെല്ലാം മലയാള മനോരമയും മാതൃഭൂമിയുമൊക്കെ നിറംപിടിപ്പിച്ചെഴുതിയ നുണകള്‍ വസ്തുതയുള്ളതാണെന്ന നിലയില്‍ പ്രചരിപ്പിച്ചു. കണ്ണൂര്‍-കോഴിക്കോട് റൂട്ടിലൊടുന്ന ബസ് സര്‍വ്വീസില്‍ അഴീക്കോടന് ഷെയറുണ്ടെന്ന് വരെ മഴവില്‍മഹാസഖ്യം പ്രചരിപ്പിച്ചു. പക്ഷെ, അഴിമതിക്കോടനെന്ന് അഴീക്കോടനെ വിശേഷിപ്പിച്ച മാധ്യമങ്ങള്‍ക്ക് വരെ തിരുത്തിയെഴുതേണ്ടി വന്നു. ആ ധീരരക്തസാക്ഷിയുടെ ചേതനയറ്റശരീരവുമായി തൃശൂരില്‍ നിന്നും കണ്ണൂരിലേക്കെത്തിയ വിലാപയാത്ര കണ്ടത്, അഴീക്കോടന്റെ ശരീരം നിവര്‍ത്തി കിടത്താനുള്ള സ്ഥലസൗകര്യം പോലുമില്ലാത്ത ഒരു വീടാണ്. 1972 കഴിഞ്ഞ് 80ലെത്തിയപ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുണ്ടായി. സിപിഐ, കേന്ദ്രകമ്മറ്റിയുടെ നിലപാടിന്റെ ഭാഗമായി എല്‍ ഡി എഫിലേക്ക് വന്നു. 1970കളില്‍ ഭരണകൂടഭീകരതയെ ഉപയോഗിച്ച് സി പി ഐ നേതൃത്വത്തിലുള്ള ഭരണം നടത്തിയ കൊലകളും അക്രമങ്ങളും വിളിച്ചുപറയാനും എല്‍ ഡി എഫില്‍ ചേക്കേറിയ സിപിഐയെ ഇകഴ്ത്തികാട്ടാനും സിപിഐ എം ശ്രമിച്ചില്ല. അച്യുതമേനോന്‍ സര്‍ക്കാറിന്റെ കാലത്ത് സിപിഐ അറിഞ്ഞുകൊണ്ട് ചെയ്ത എല്ലാ പാതകങ്ങളും കെ കരുണാകരന്റെ തലയില്‍ വെച്ചുകൊടുത്ത്, സി പി ഐക്ക് മാന്യതയുടെ മുഖാവരണമിട്ടുകൊടുത്തുകൊണ്ടാണ് ഇടത് ഐക്യം ഊട്ടിയുറപ്പിക്കപ്പെട്ടത്.

ഇത് 2017 ആണ്. 2017ലെ അവസാനത്തെ 7ഉം ആദ്യത്തെ 2ഉം ചേര്‍ത്തുവെക്കുമ്പോള്‍ 72 ആവും. 1972 ലെ സപ്തംബര്‍ 23നാണ് അഴീക്കോടനെന്ന ധീരനായ കമ്യൂണിസ്റ്റിനെ അന്നത്തെ മഴവില്‍മഹാസഖ്യം പിന്നില്‍ നിന്ന് കുത്തിവീഴ്ത്തി കൊന്നുതള്ളിയത്. തൃശൂരിലെ തട്ടില്‍ എസ്റ്റേറ്റ് അഴിമതി സംബന്ധിച്ച രേഖകള്‍ നവാബ് രാജേന്ദ്രന്‍, പോലീസിനെ ഭയന്ന് അഴീക്കോടന്‍ രാഘവന് കൈമാറിയപ്പോഴാണ് അഴീക്കോടനെ അഴിമതിപുരണ്ട കറുത്ത കൈകള്‍ കൊലപ്പെടുത്തിയതെന്നാണ് പൊതുവിലുള്ള ഭാഷ്യം. എന്നാല്‍, കൊല്ലപ്പെടുന്നതിനും എത്രയോ കാലം മുന്നേ അഴീക്കോടനെ മാധ്യമങ്ങളടങ്ങുന്ന മഴവില്‍മഹാസഖ്യം വേട്ടയാടാന്‍ തുടങ്ങിയിരുന്നു. സി പി ഐ അക്കാര്യത്തില്‍ മികവ് പുലര്‍ത്തിയ ഒരു പാര്‍ട്ടിയായിരുന്നു.

സൂക്ഷിച്ചുനോക്കിയാല്‍ അഴീക്കോടന്‍ രാഘവന്റെ ചങ്കില്‍ കുത്തിയിറക്കിയ കത്തിയിലെ ചോരക്കറ കാനം രാജേന്ദ്രന്റെ കൈയ്യിലും കാണാനാവും. അച്യുതമേനോന്‍ പിടിച്ച ചെങ്കൊടിയാണല്ലൊ കൈമാറി, കൈമാറി കാനത്തിന്റെ കൈയ്യിലിപ്പോഴുള്ളത്. 1972ല്‍ അഴീക്കോടന്‍ കൊല്ലപ്പെടുമ്പോള്‍ മുഖ്യമന്ത്രി കസേരയിലിരിക്കുന്നത് അച്യുതമേനോനാണ്. ജിഷ്ണുപ്രണോയുടെ മരണം പോലൊരു സംഭവമായിരുന്നില്ല അഴീക്കോടന്റേത്. അദ്ദേഹത്തെ വകവരുത്താനുള്ള മുന്നൊരുക്കങ്ങള്‍ പല തലങ്ങളില്‍ ഒരുങ്ങുന്നത് അച്യുതമേനോനും കെ കരുണാകരനുമൊക്കെ നേരത്തെ അറിയാമായിരിക്കും. അന്നും പോലീസില്‍ ഇന്റലിജന്‍സ് സംവിധാനങ്ങളടക്കമുള്ള കാര്യങ്ങള്‍ ഉണ്ടായിരുന്നല്ലൊ.

1972ല്‍ മലയാള മനോരമയടക്കമുള്ള മാധ്യമങ്ങള്‍ അച്യുതമേനോന്‍ സര്‍ക്കാരിനെതിരെയല്ല ശബ്ദിച്ചിരുന്നത്. അവര്‍ ആ ഭരണകൂടത്തിന്റെ നാവായാണ് വര്‍ത്തിച്ചത്. മാധ്യമങ്ങളുടെ ശത്രുത പ്രതിപക്ഷത്തുള്ള സിപിഐ എംനോടായിരുന്നു. അച്യുതമേനോന്‍ നേതൃത്വം കൊടുത്ത ഭരണകൂടത്തിന്റെ ശത്രുക്കളും സിപഐ എം ആയിരുന്നു. തൊഴിലാളി വര്‍ഗത്തെ ആ സര്‍ക്കാര്‍ അന്ന് സമാനതകളില്ലാതെ വേട്ടയാടി. ബൂര്‍ഷ്വാമാധ്യമങ്ങളും സിപിഐ, കോണ്‍ഗ്രസ്, മത-ജാതി സംഘടനകളും കൂടാതെ നക്‌സലിസം പറഞ്ഞുനടക്കുന്ന കമ്യൂണിസ്റ്റ് തീവ്രവാദികളും ചേര്‍ന്ന മഴവില്‍ മഹാസഖ്യം സിപിഐ എംനെ ഇല്ലാതാക്കാന്‍ കിണഞ്ഞുപരിശ്രമിച്ച കാലഘട്ടമായിരുന്നു അത്.

അഴീക്കോടന്‍ രാഘവന്‍ അന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പറും ഐക്യമുന്നണി കണ്‍വീനറുമാണ്. കേരളമാകെ ഓടിനടന്ന് കര്‍ഷക തൊഴിലാളികളുടെയും കര്‍ഷകരുടെയും സമരങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന അഴീക്കോടന്‍, തൃശൂരിലെ നല്ലങ്കര-മുക്കാട്ടുകര പാടശേഖരത്തിലെ കര്‍ഷക തൊഴിലാളി സമരത്തിലും സമരവളണ്ടിയര്‍മാര്‍ക്ക് താങ്ങും തണലുമായി എത്തി. ആ സമരമുഖത്തേക്ക് പോകാന്‍ വേണ്ടിയുമാണ് അഴീക്കോടന്‍ ഒരു കെ എസ് ആര്‍ ടി സി ബസില്‍ തൃശൂരില്‍ വന്നിറങ്ങിയത്. ബസ്സ്റ്റാന്‍ഡില്‍ നിന്നും സിപിഐ എം ജില്ലാകമ്മറ്റി ഓഫീസിലേക്ക് നടക്കുമ്പോഴാണ് അന്നത്തെ മഴവില്‍മഹാസഖ്യത്തിന്റെ വക്താക്കള്‍ അഴീക്കോടനെ കുത്തി വീഴ്ത്തിയത്.

അക്കാലത്ത് അഴീക്കോടന് മഴവില്‍മഹാസഖ്യത്തിലുള്ള മാധ്യമങ്ങള്‍ നല്‍കിയ പേരായിരുന്നു അഴിമതിക്കോടന്‍ രാഘവനെന്നത്. സി പി ഐക്കാരും കോണ്‍ഗ്രസുകാരും നക്‌സലൈറ്റുകളുമെല്ലാം മലയാള മനോരമയും മാതൃഭൂമിയുമൊക്കെ നിറംപിടിപ്പിച്ചെഴുതിയ നുണകള്‍ വസ്തുതയുള്ളതാണെന്ന നിലയില്‍ പ്രചരിപ്പിച്ചു. കണ്ണൂര്‍-കോഴിക്കോട് റൂട്ടിലൊടുന്ന ബസ് സര്‍വ്വീസില്‍ അഴീക്കോടന് ഷെയറുണ്ടെന്ന് വരെ മഴവില്‍മഹാസഖ്യം പ്രചരിപ്പിച്ചു. ഇന്നത്തെപ്പോലെ അന്നും ചില ഉത്തമന്‍മാര്‍ അതൊക്കെ കേട്ട് മൂക്കത്ത് വിരല്‍വെച്ച് അഴീക്കോടനെ നിശിതമായി വിമര്‍ശിച്ചു. പക്ഷെ, അഴിമതിക്കോടനെന്ന് അഴീക്കോടനെ വിശേഷിപ്പിച്ച മാധ്യമങ്ങള്‍ക്ക് വരെ തിരുത്തിയെഴുതേണ്ടി വന്നു. ആ ധീരരക്തസാക്ഷിയുടെ ചേതനയറ്റശരീരവുമായി തൃശൂരില്‍ നിന്നും കണ്ണൂരിലേക്കെത്തിയ വിലാപയാത്ര കണ്ടത്, അഴീക്കോടന്റെ ശരീരം നിവര്‍ത്തി കിടത്താനുള്ള സ്ഥലസൗകര്യം പോലുമില്ലാത്ത ഒരു വീടാണ്. സി പി ഐക്കാര്‍ തങ്ങള്‍ അഴീക്കോടനെ കുറിച്ച് നേരത്തെ പറഞ്ഞതൊക്കെ കളവായിരുന്നു, വസ്തുതാ വിരുദ്ധമായിരുന്നു എന്നൊന്നും എവിടെയും പറഞ്ഞില്ല. അഴിമതിക്കോടനെന്നുതന്നെയാണ് രഹസ്യമായി കാനത്തിന്റെ പാര്‍ട്ടി പിന്നെയും ഉരുവിട്ടുകൊണ്ടിരുന്നത്.

1972 കഴിഞ്ഞ് 80ലെത്തിയപ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുണ്ടായി. സിപിഐ, കേന്ദ്രകമ്മറ്റിയുടെ നിലപാടിന്റെ ഭാഗമായി എല്‍ ഡി എഫിലേക്ക് വന്നു. 1970കളില്‍ ഭരണകൂടഭീകരതയെ ഉപയോഗിച്ച് സി പി ഐ നേതൃത്വത്തിലുള്ള ഭരണം നടത്തിയ കൊലകളും അക്രമങ്ങളും വിളിച്ചുപറയാനും എല്‍ ഡി എഫില്‍ ചേക്കേറിയ സിപിഐയെ ഇകഴ്ത്തികാട്ടാനും സിപിഐ എം ശ്രമിച്ചില്ല. അച്യുതമേനോന്‍ സര്‍ക്കാറിന്റെ കാലത്ത് സിപിഐ അറിഞ്ഞുകൊണ്ട് ചെയ്ത എല്ലാ പാതകങ്ങളും കെ കരുണാകരന്റെ തലയില്‍ വെച്ചുകൊടുത്ത്, സി പി ഐക്ക് മാന്യതയുടെ മുഖാവരണമിട്ടുകൊടുത്തുകൊണ്ടാണ് ഇടത് ഐക്യം ഊട്ടിയുറപ്പിക്കപ്പെട്ടത്. സി പി ഐയുടെ സര്‍ക്കാര്‍ അധികാരത്തിലിരുന്ന ആ കാലത്ത് കര്‍ഷക തൊഴിലാളി യൂണിയന് മാത്രം 32 രക്തസാക്ഷിത്വങ്ങളാണ് ഉണ്ടായത്. ഭൂപ്രഭുക്കന്‍മാരുടെ കൂടെ നിന്ന് മഴവില്‍മഹാസഖ്യം ആ കൊലപാതകങ്ങളെയൊക്കെ ആഘോഷിച്ചു. കര്‍ഷക തൊഴിലാളി യൂണിയന്റെ അക്കാലത്തെ ഭാരവാഹിയായിരുന്ന വി എസ് അച്യുതാനന്ദന്‍, കര്‍ഷക തൊഴിലാളികളെ ഏറ്റവുമേറെ ആക്രമിച്ച കൊലപ്പെടുത്തിയ സിപിഐയെ ഇന്ന് അംഗീകരിക്കുന്നത് അവര്‍ എല്‍ ഡി എഫില്‍ വന്നതുകൊണ്ടാവും. ചോരക്കറകള്‍ എളുപ്പത്തില്‍ മായ്ച്ചുകളയാന്‍ സാധിക്കുന്നതല്ലല്ലൊ.

1972ല്‍ നിന്നും 2017ലേക്കെത്തുമ്പോള്‍ അഴീക്കോടന്‍ രാഘവന് പകരം സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെയാണ് സി പി ഐ അടക്കമുള്ള മഴവില്‍മഹാസഖ്യം ലക്ഷ്യം വെക്കുന്നത്. പിണറായി വിജനെന്ന മുഖ്യമന്ത്രി കൊള്ളരുതാത്ത ഒരു വ്യക്തിയാണെന്ന് വരുത്തിതീര്‍ക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് മഴവില്‍മഹാസഖ്യമുള്ളത്.

ആരൊക്കെയാണ് ഇപ്പോള്‍ ആ സഖ്യത്തിലുള്ളത്? കോണ്‍ഗ്രസൊണ്ട്, ബി ജെ പിയൊണ്ട്, സുഡാപ്പിയൊണ്ട്, മാവോയിസ്റ്റൊണ്ട്, ആര്‍ എം പിയൊണ്ട്, സൂസിയൊണ്ട്, മാധ്യമസിന്‍ണ്ടിക്കേറ്റിലെ അംഗങ്ങളൊണ്ട്, പിന്നെ സിപിഐയുമൊണ്ട്. മാര്‍ക്‌സിസ്റ്റ് വിരുദ്ധജ്വരം മൂത്ത് വിറളിപിടിച്ച ഈ കൂട്ടര്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ആറുമാസത്തിനുള്ളില്‍ താഴെവീഴ്്ത്തുമെന്ന് ശപഥം ചെയ്തവരാണ്. കാനം രാജേന്ദ്രനും ആ കൂട്ടത്തിലുണ്ടാവാനുള്ള സാധ്യത തള്ളിക്കളയരുത്. കാരണം സിപിഐയുടെ ചരിത്രം അത്തരത്തില്‍ പിന്നില്‍നിന്നും കുത്തി വീഴ്ത്തിയ ചരിത്രമാണ്.

ഇന്നത്തെ ദിവസത്തിനൊരു പ്രത്യേകതയുണ്ട്. സി പി ഐ ദേശീയകൗണ്‍സിലില്‍ നിന്നും 32 സഖാക്കള്‍ ഇറങ്ങിവന്നത് ഇന്നാണ്. വലതുകമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടുകളോട് എതിര്‍പ്പറിയിച്ചുകൊണ്ട് യഥാര്‍ത്ഥ കമ്യൂണിസത്തിന്റെ പ്രകാശനത്തിന് വേണ്ടി അവര്‍ നിലകൊണ്ടു. സിപിഐ എം രൂപീകരിച്ചു. ജനങ്ങള്‍ സിപിഐ എംനെ അംഗീകരിച്ചു. അന്നും ഇന്നും നുണപ്രചരണത്തിന്റെ വക്താക്കളായി, എട്ടുകാലി മമ്മൂഞ്ഞിനെ പോലെ നടക്കുകയാണ് സിപിഐക്കാര്‍. ജിഷ്ണുപ്രണോയിയുടെ കുടുംബത്തിന്റെ സമരം തീര്‍ത്തത് കാനം രാജേന്ദ്രന്റെ ഇടപെടലുകൊണ്ടാണെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് സിപിഐ കേന്ദ്രത്തില്‍ നിന്നുള്ള സൂചനകള്‍ ഉപയോഗിച്ചാണ്. ഇന്നിപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നു. സമരം ഒത്തുതീര്‍ന്നതില്‍ കാനത്തിന്, സിപിഐക്ക് പങ്കൊന്നുമില്ലെന്ന്. അതാണ് സിപിഐ. ആരാന്റെ ഗര്‍ഭം തന്റേതാണെന്ന് പറഞ്ഞ് നേട്ടമുണ്ടാക്കുന്ന പ്രസ്ഥാനം. നാണംകെട്ട വലതന്‍മാര്‍. കള്ളനാണയങ്ങളുടെ കൂടാരം.

1972ല്‍ നിന്നും 2017ലേക്കെത്തുമ്പോള്‍ സി പി ഐ കുറച്ചുകൂടി വലത്തോട്ടേക്ക് നീങ്ങിയിരിക്കുന്നതായി മാത്രമേ വിലയിരുത്താന്‍ സാധിക്കുകയുള്ളു. ഇടതുപക്ഷത്തിന്റെ മാനിഫെസ്റ്റോയെ വരെ മുഖവിലക്കെടുക്കാതെ, സാധാരണക്കാരായ ഭൂരിപക്ഷത്തിന് ഈ സര്‍ക്കാര്‍ കൂടിയേ തീരൂ എന്ന് മനസിലാക്കാതെ സിപിഐയുടെ സംസ്ഥാന സെക്രട്ടറി തന്നെ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ കഥയറിയാതെ ആടുന്നു. വിടുവായത്തം പറയുന്നു. അതുകൊണ്ട് തീര്‍ച്ചയായും പിണറായി വിജയന്‍ കരുതിയിരിക്കണം. അഴീക്കോടന്‍ രാഘവനെ കുത്തിവീഴ്ത്തിയ കത്തി അരമിട്ട് മൂര്‍ച്ചകൂട്ടി മഴവില്‍ മഹാസഖ്യം ഇവിടെതന്നെയുണ്ട്. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടിവരില്ല.

11-Apr-2017

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More