കര്‍ഷക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍വക വഞ്ചന
സജു കോച്ചേരി
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അവരുടെ തനിനിറം പുറത്തെടുത്തു. വഞ്ചന! പറഞ്ഞവാക്കിനെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വലിച്ചെറിഞ്ഞു. കര്‍ഷക തൊഴിലാളികളെ വഞ്ചിച്ച ഉമ്മന്‍ചാണ്ടിയും കൂട്ടരും ഓണത്തിന് മുന്‍പ് പെന്‍ഷന്‍ കുടിശിക തീര്‍ത്ത് നല്‍കിയില്ല. കണ്ണീരോണമാണ് കര്‍ഷക തൊഴിലാളികള്‍ക്ക് യു ഡി എഫ് സര്‍ക്കാര്‍ സമ്മാനിച്ചത്. സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് കര്‍ഷക തൊഴിലാളികള്‍ക്ക് നല്‍കാമെന്ന് പറഞ്ഞ തുക എങ്ങോട്ടുപോയി എന്ന് പറയാനുള്ള ബാധ്യത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുണ്ട്. കെ എസ് കെ ടി യുവിന്റെ സമരം ഒത്തുതീര്‍പ്പാക്കുന്നതിന് വേണ്ടി എല്ലാ ആവശ്യങ്ങളും പരിഹരിക്കാം എന്ന് വാക്കുതന്ന സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത് മര്യാദയാണോ? മാതൃഭൂമി ദിനപത്രം വരെ മുഖപ്രസംഗത്തിലൂടെ കര്‍ഷക തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ട സാഹചര്യത്തിലാണ്, സര്‍ക്കാര്‍ വ്യാജ ഉറപ്പ് നല്‍കി കേരളത്തിലെ തൊഴിലാളികളെയാകെ വിഡ്ഡികളാക്കിയത്. ഇപ്പോള്‍ 2536468504/- രൂപയാണ് പെന്‍ഷന്‍ കുടിശികയായുള്ളത്. |
കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്റെ (കെ എസ് കെ ടിയു) അനിശ്ചിതകാലസമരത്തിന് കഴിഞ്ഞ ആഗസ്ത് മാസത്തില്‍ കേരളം വേദിയായിരുന്നു. ഈ സമരം പ്രഖ്യാപിക്കാന്‍ കെ എസ് കെ ടി യു നിര്‍ബന്ധിതമായത് കേരളം ഭരിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കര്‍ഷക തൊഴിലാളി വിരുദ്ധ മനോഭാവത്തെ തുടര്‍ന്നാണ്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കര്‍ഷക തൊഴിലാളികളെ മനുഷ്യരായി പരിഗണിച്ചിരുന്നു. എന്നാല്‍, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ കാഴ്ചപ്പാടില്‍ മാറ്റം വന്നു. കര്‍ഷക തൊഴിലാളികള്‍ക്കുള്ള പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഈ സര്‍ക്കാര്‍ നിഷേധിച്ചു. കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ തന്നെ ഇല്ലാതാക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ് നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
യു ഡി എഫ് സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ സഹികെട്ടപ്പോള്‍ കെ എസ് കെ ടി യു ആ മനോഭാവം തിരുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി. കെ എസ് കെ ടി യു ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററും സംസ്ഥാന പ്രസിഡന്റ് ബി രാഘവനും സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പനും നേരിട്ട് മുഖ്യമന്ത്രി, ധനകാര്യവകുപ്പ് മന്ത്രി, തൊഴില്‍ വകുപ്പ് മന്ത്രി എന്നിവരെ കണ്ട് കര്‍ഷക തൊഴിലാളികളുടെ ആവശ്യങ്ങളങ്ങുന്ന നിവേദനം സമര്‍പ്പിച്ചു. പക്ഷെ, സര്‍ക്കാര്‍ അത്തരത്തിലുള്ള ചൂണ്ടിക്കാട്ടലുകളെയൊന്നും മുഖവിലക്കെടുത്തില്ല. അവര്‍ തൊഴിലാളി വിരുദ്ധ നടപടികളുമായി തന്നെ മുന്നോട്ടുപോയി. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ല എന്ന് മനസിലാക്കിയപ്പോഴാണ് കെ എസ് കെ ടി യു സമരത്തിലേക്ക് പോകാന്‍ നിര്‍ബന്ധിതരായത്.
നാടിന്റെ ജീവന്‍ നിലനിര്‍ത്തുന്ന കര്‍ഷക തൊഴിലാളികളെ ആദരിക്കാന്‍ തയ്യാറാവുകയാണ് യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത്. പക്ഷെ, എന്നും നിന്ദിക്കുവാനാണ്, ഉപദ്രവിക്കുവാനാണ് യു ഡി എഫ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്. കാര്‍ഷിക കേരളമൊന്നൊക്കെ വീണ്‍വാക്കുകള്‍ പറയാനും, സെമിനാറുകള്‍ സംഘടിപ്പിക്കാനും, കമ്മീഷനുകളെ കൊണ്ടു നടക്കാനും കാണിക്കുന്ന സാമര്‍ത്ഥ്യം കര്‍ഷക തൊഴിലാളിയെ അംഗീകരിക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ കാണിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് നല്‍കുന്ന എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും കര്‍ഷക തൊഴിലാളികള്‍ക്കും നല്‍കണം. മാസവേതനവും പി എഫും ഗ്രാറ്റുവിറ്റിയും പ്രസവാവധിയും കാര്‍ഷിക മേഖലയില്‍ ഉത്പാദനത്തിനായി യത്‌നിക്കുന്ന കര്‍ഷക തൊഴിലാളികള്‍ക്കും വേണം. അത്തരത്തിലാണ് ഒരു ഭരണകൂടം ചിന്തിക്കേണ്ടത്. പക്ഷെ, ഇവിടെ പെന്‍ഷനായി നല്‍കുന്ന അഞ്ഞൂറുരൂപ പോലും മാസാമാസം കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. അവശരായ കര്‍ഷക തൊഴിലാളികള്‍ക്ക് നല്‍കുന്ന തുച്ഛമായ അഞ്ഞൂറ് രൂപ പെന്‍ഷന്‍ കുടിശികയായിട്ട് ഇപ്പോള്‍ ഒമ്പത്് മാസമായി. 2014 ജനുവരി മുതല്‍ കര്‍ഷക തൊഴിലാളി പെന്‍ഷന്‍ കുടിശികയാണെന്ന് തൊഴില്‍വകുപ്പിന്റെ രേഖകള്‍ പറയുന്നു. ഈ കുടിശിക കൊടുത്ത് തീര്‍ത്ത് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കര്‍ഷക തൊഴിലാളികളുടെ പെന്‍ഷന്‍ തുക ആയിരം രൂപയാക്കി വര്‍ധിപ്പിക്കുവാനും സര്‍ക്കാര്‍ തയ്യാറാവണം. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ 1000 രൂപയാക്കാന്‍ തീരുമാനിച്ചതായിരുന്നു. അത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചു. ഇപ്പോള്‍ കര്‍ഷക തൊഴിലാളി പെന്‍ഷനുള്ള വരുമാന പരിധി 11000 രൂപയാണ്. ഈ പരിധി എടുത്തുകളയണം. എല്ലാവര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കണം. പതിനേഴ് ലക്ഷത്തില്‍പ്പരം കര്‍ഷക തൊഴിലാളികള്‍ അംഗങ്ങളായുള്ള ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം താറുമാറായിരിക്കുകയാണ്. അധിവര്‍ഷാനുകൂല്യം പോലും തൊഴിലാളികള്‍ക്ക് നിഷേധിക്കുന്നു. ഭൂവുടമകളില്‍ നിന്ന് ക്ഷേമനിധി വിഹിതം പിരിച്ചെടുക്കാന്‍ ബോര്‍ഡ് തയ്യാറാവുന്നില്ല. ക്ഷേമനിധി പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ആവശ്യമായ ഫണ്ട് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ധനമന്ത്രി ഇതിനായി ബജറ്റില്‍ ചില്ലിക്കാശ് പോലും നീക്കി വെച്ചിട്ടില്ല. 200 കോടിരൂപയെങ്കിലും ക്ഷേമനിധി ബോര്‍ഡിന് അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇത്തരത്തിലുള്ള ന്യായമായ ആവശ്യങ്ങളാണ് കെ എസ് കെ ടി യു അനിശ്ചിതകാല സമരത്തിന്റെ മുദ്രാവാക്യമായി ഉയര്‍ത്തിയത്. കര്‍ഷക തൊഴിലാളികള്‍ക്ക് നേരെ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന ചിറ്റമ്മനയം സമരത്തിന്റെ ഭാഗമായി ജനങ്ങളിലേക്കെത്തിക്കാനും കെ എസ് കെ ടി യു,വിന് സാധിച്ചു. 14 ജില്ലകളില്‍ പ്രചരണ ജാഥകള്‍ സംഘടിപ്പിച്ചു. അതിന് ശേഷമായിരുന്നു അനിശ്ചിതകാല സമരം സംഘടിപ്പിച്ചത്.
ആഗസ്ത് 20ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളില്‍ കലക്ട്രേറ്റുകള്‍ക്ക് മുന്നിലും കെ എസ് കെ ടി യു അനിശ്ചിതകാല സമരം തുടങ്ങി. സെക്രട്ടേറിയറ്റിന് മുന്നിലുള്ള സമരം ഉദ്ഘാടനം ചെയ്യാനായി പുറപ്പെട്ട സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററെ തൊഴില്‍ വകുപ്പുമന്ത്രി ഷിബുബേബിജോണ്‍ ഫോണ്‍ മുഖാന്തരം ബന്ധപ്പെട്ടു. സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാം. ആഗസ്ത് 22ന് രാവിലെ ചര്‍ച്ചയാവാം. കെ എസ് കെ ടി യു, സര്‍ക്കാരിന്റെ ആ മനോഭാവത്തെ അവഗണിച്ചില്ല. ചര്‍ച്ചക്ക് തയ്യാറായി. പ്രശ്‌നപരിഹാരമുണ്ടാവും വരെ കെ എസ് കെ ടി യു പ്രഖ്യാപിച്ച സമരം തുടരുക തന്നെ ചെയ്യുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സെക്രട്ടറി വ്യക്തമാക്കി. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അത്തരത്തിലൊരു സന്ധിനീക്കമുണ്ടായത് സമരവളണ്ടിയര്‍മാരുടെ നിശ്ചയദാര്‍ഢ്യവും എണ്ണപ്പെരുപ്പവും കണ്ടാണ്. കര്‍ഷകതൊഴിലാളി സ്ത്രീകളും പുരുഷന്‍മാരും മഴയെയും വെയിലിനെയും കൂസാതെ സംസ്ഥാന-ജില്ലാ ഭരണസിരാകേന്ദ്രങ്ങളില്‍ സമരാവേശത്തിന്റെ തീജ്വാലകളായി. അത് കണ്ടറിഞ്ഞപ്പോഴാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായത്.
കെ എസ് കെ ടിയുവിന്റെ മുദ്രാവാക്യങ്ങളെ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ ആണ് പങ്കെടുത്തത്. കെ എസ് കെ ടി യുവിന് വേണ്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്ററും സംസ്ഥാന പ്രസിഡന്റ് ബി രാഘവനും വൈസ് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പനും പങ്കെടുത്തു. ചര്‍ച്ചയിലൂടെ തീരുമാനങ്ങളുണ്ടായി. ഒന്നാമത്തെ തീരുമാനമായിരുന്നു, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ കുടിശിക തീര്‍ത്ത് ഓണത്തിന് മുന്‍പ് വിതരണം ചെയ്യുമെന്നത്. പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി 11000 രൂപയില്‍ നിന്നും ഒരു ലക്ഷം രൂപയാക്കി വര്‍ധിപ്പിക്കുവാനാവശ്യമായ നടപടികള്‍ സ്വീകരിക്കും, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും കുടിശികകള്‍ കൊടുത്തു തീര്‍ക്കുന്നതിനും ആവശ്യമായ തീരുമാനം കൈക്കൊള്ളുന്നതിനായി വിശദമായ ചര്‍ച്ചകള്‍ എത്രയും പെട്ടെന്ന് നടത്തും, ക്ഷേമനിധി ബോര്‍ഡിന് സര്‍ക്കാര്‍ നല്‍കേണ്ട മാച്ചിംഗ് ഫണ്ട് നല്‍കാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് കൈക്കൊള്ളും തുടങ്ങി, ചര്‍ച്ചയിലൂടെ കെ എസ് കെ ടി യു ഉയര്‍ത്തിയ മുദ്രാവാക്യങ്ങളെ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. സമരം ഒത്തുതീര്‍പ്പാവുകയായിരുന്നു. സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്ന് അനിശ്ചിതകാല സമരം കെ എസ് കെ ടി യു പിന്‍വലിച്ചു.
പക്ഷെ, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അവരുടെ തനിനിറം പുറത്തെടുത്തു. വഞ്ചന! പറഞ്ഞവാക്കിനെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വലിച്ചെറിഞ്ഞു. കര്‍ഷക തൊഴിലാളികളെ വഞ്ചിച്ച ഉമ്മന്‍ചാണ്ടിയും കൂട്ടരും ഓണത്തിന് മുന്‍പ് പെന്‍ഷന്‍ കുടിശിക തീര്‍ത്ത് നല്‍കിയില്ല. കണ്ണീരോണമാണ് കര്‍ഷക തൊഴിലാളികള്‍ക്ക് യു ഡി എഫ് സര്‍ക്കാര്‍ സമ്മാനിച്ചത്. സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് കര്‍ഷക തൊഴിലാളികള്‍ക്ക് നല്‍കാമെന്ന് പറഞ്ഞ തുക എങ്ങോട്ടുപോയി എന്ന് പറയാനുള്ള ബാധ്യത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുണ്ട്. കെ എസ് കെ ടി യുവിന്റെ സമരം ഒത്തുതീര്‍പ്പാക്കുന്നതിന് വേണ്ടി എല്ലാ ആവശ്യങ്ങളും പരിഹരിക്കാം എന്ന് വാക്കുതന്ന സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത് മര്യാദയാണോ? മാതൃഭൂമി ദിനപത്രം വരെ മുഖപ്രസംഗത്തിലൂടെ കര്‍ഷക തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ട സാഹചര്യത്തിലാണ്, സര്‍ക്കാര്‍ വ്യാജ ഉറപ്പ് നല്‍കി കേരളത്തിലെ തൊഴിലാളികളെയാകെ വിഡ്ഡികളാക്കിയത്. ഇപ്പോള്‍ 2536468504/- രൂപയാണ് പെന്‍ഷന്‍ കുടിശികയായുള്ളത്. (ജില്ല തിരിച്ചുള്ള കണക്ക് പട്ടിക-1)
തിരുവനന്തപുരം - 171,14,39,174 കൊല്ലം - 94,23,72,650 പത്തനംതിട്ട - 5,61,48,960 ആലപ്പുഴ - 16,56,86,850 കോട്ടയം - 10,88,18,796 ഇടുക്കി - 3,67,06,950 എറണാകുളം - 13,03,79,550 തൃശൂര്‍ - 17,38,76,850 പാലക്കാട് - 18,65,17,800 മലപ്പുറം - 14,15,76,750 കോഴിക്കോട് - 18,13,15,720 കണ്ണൂര്‍ - 14,39,67,600 വയനാട് - 4,99,07,074 കാസര്‍ഗോഡ് - 4,77,53,780 |
ഇത്രയും തുക ഓണത്തിന് മുന്‍പ് കൊടുത്തുതീര്‍ക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്. ആ ഉറപ്പ് ലംഘിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തിരുവോണം കഴിഞ്ഞുള്ള തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കര്‍ഷക തൊഴിലാളി പെന്‍ഷന്‍ തീര്‍ത്തു നല്‍കി എന്ന് അവകാശപ്പെട്ടു! മറ്റ് സാമൂഹ്യക്ഷേമ പെന്‍ഷനുകളും വിതരണം ചെയ്തു എന്ന് അവകാശപ്പെട്ടു. ഓണത്തിന് പച്ചകള്ളം വിളിച്ച് പറയുന്ന മുഖ്യമന്ത്രിയെ കണ്ട് പട്ടിണികിടക്കുന്ന തൊഴിലാളികള്‍ അന്തിച്ച് നിന്നു. 530756 പേര്‍ക്കാണ് തൊഴില്‍വകുപ്പിന്റെ ലിസ്റ്റ് പ്രകാരം കര്‍ഷക തൊഴിലാളി പെന്‍ഷന്‍ നല്‍കുന്നത്. അവര്‍ക്കും കുടുംബത്തിനും മാത്രമേ ഓണത്തിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നയാപൈസ നല്‍കിയില്ല എന്നത് അറിയാവു. ബാക്കിയുള്ള പൊതുജനങ്ങള്‍ തന്റെ പച്ചക്കള്ളം വിശ്വസിക്കുമെന്ന ലോജിക്കായിരിക്കും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സത്യവിരുദ്ധ പ്രസ്താവനയ്ക്ക് ഹേതുവായിട്ടുണ്ടാവുക.
കര്‍ഷക തൊഴിലാളി ക്ഷേമനിധിബോര്‍ഡിനെയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ദയാവധത്തിന് തയ്യാറാക്കുകയാണ്. ക്ഷേമനിധി ബോര്‍ഡില്‍ നിന്നും കര്‍ഷക തൊഴിലാളിക്ക് അധിവര്‍ഷാനുകൂല്യം, മരണാനന്തര സഹായം, വിവാഹ ധനസഹായം, ചികിത്സാ ധനസഹായം, പ്രസവ ധനസഹായം, വിദ്യാഭ്യാസത്തിനുള്ള ആനുകൂല്യം എന്നീ ക്ഷേമ പദ്ധതികളാണ് നടപ്പിലാക്കുന്നത്. വലിയ സഹായമൊന്നുമില്ല, നാമമാത്രമായ സഹായം മാത്രം. പക്ഷെ, അതും നിഷേധിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഈ സര്‍ക്കാര്‍ ആധികാരത്തില്‍ വന്നതിന് ശേഷം സര്‍ക്കാര്‍ വിഹിതമായ മാച്ചിംഗ് ഗ്രാന്‍ഡ് കൊടുക്കുന്നതില്‍ വരുത്തിയ വീഴ്ച ഗുരുതരമാണ്. 2011 ഡിസംബറില്‍ 61 ലക്ഷം രൂപ, 2013 ഫെബ്രുവരിയില്‍ 61 ലക്ഷം രൂപ, 2013 ഡിസംബറില്‍ 76 ലക്ഷം രൂപ. ഇതില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത് കര്‍ഷക തൊഴിലാളികള്‍ നല്‍കുന്ന അംശാദായം കൊണ്ടാണ് ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത് എന്നാണ്. ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റേണ്ട ഗതികേടിലേക്ക് കര്‍ഷക തൊഴിലാളികളെ വലിച്ചെറിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, 20,04,56,000/-രൂപ മാച്ചിംഗ് ഗ്രാന്‍ഡ് ഇനത്തില്‍ കുടിശിക വരുത്തിയിരിക്കുന്നു. ഭൂ ഉടമാവിഹിതം പിരിച്ചെടുക്കുന്ന കാര്യത്തിലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വീഴ്ച വരുത്തിയിരിക്കുന്നു. റവന്യുവകുപ്പാണ് ഭൂനികുതിയോടൊപ്പം ഭൂവുടമാ വിഹിതം പിരിച്ചെടുക്കേണ്ടത്. പക്ഷെ, ആ വിഹിതം കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് എത്തുന്നില്ല എന്ന് രേഖകള്‍ തെളിയിക്കുന്നു. സര്‍ക്കാരിന്റെ എല്ലാ നടപടികളും തൊഴിലാളി വിരുദ്ധമാണ്, കര്‍ഷക തൊഴിലാളികള്‍ ഈ നാടിന്റെ നട്ടെല്ലാണ് എന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മറന്നേ പോയി. അവരിലൂടെയാണ് നാളെ കേരളത്തിന്റെ പച്ചപ്പ് വീണ്ടെടുക്കേണ്ടത് എന്നതൊന്നും ഓര്‍ക്കുവാന്‍ കുംഭകോണങ്ങളില്‍ അഭിരമിക്കുന്ന സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്നില്ല. പെന്‍ഷന്‍ കുടിശികയും മറ്റ് ആനുകൂല്യങ്ങളും നിഷേധിച്ച്, കര്‍ഷക തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കേണ്ടിയിരിക്കുന്നു.
12-Sep-2014
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍