ആവര്‍ത്തിക്കുന്ന അസഹിഷ്ണുത

പതിനെട്ട് വര്‍ഷമായി ഞാന്‍ ഈ തൊഴിലാണ് ചെയ്യുന്നത്. പല ഭാഗങ്ങളില്‍ നിന്ന്, നിങ്ങളുടേതടക്കം നിരവധി പ്രതികരണങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്. എനിക്കിത് പുതിയ കാര്യമൊന്നുമല്ല. അതൊക്കെ നേരിടാനുള്ള മനസുമായാണ് ഞാനീ ജോലി ചെയ്യുന്നത്. ആദ്യത്തെ അനുഭവമായതുകൊണ്ടല്ല ഞാനിപ്പോള്‍ പരാതിയുമായി മുന്നോട്ടുപോകുന്നത്. ഇത് വളരെ ആസൂത്രിതമായി ഒരു സ്ത്രീയായ എന്നെ അപമാനിക്കാന്‍ വേണ്ടി തന്നെ ചെയ്യുന്നതാണ്. ഈ വ്യാജ പ്രചരണങ്ങള്‍ അതിന്റെ ഭാഗമായുള്ളതാണ്. അതുകൊണ്ടാണ് ഞാന്‍ പരാതി നല്‍കിയത്. പ്രതികരിക്കുന്നത്. ആശയപരമായി എന്നോട് സംവദിക്കാന്‍ ഈ കൂട്ടര്‍ തയ്യാറാണെങ്കില്‍ മറുഭാഗത്ത് ഞാനുണ്ട്. അവരുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എന്റെ കൈയ്യിലുണ്ട്. അങ്ങനെയല്ലാതെ ഒളിച്ചിരുന്ന് ഇത്തരത്തിലുള്ള മെസേജ് അയക്കലും ഫേസ്ബുക്ക് ഗ്രൂപ്പുകളിലും വാട്‌സ്ആപ്പ് ഗ്രൂപ്പിലും അവളെ വിളിച്ചോ എന്ന് പറഞ്ഞ് നമ്പര്‍ ഇട്ടുകൊടുക്കുന്നതുമൊന്നും നല്ല രീതിയായി തോന്നുന്നില്ല. അത് സംസ്‌കാരമുള്ള ഒന്നല്ല. ഇത്തരത്തിലുള്ള പ്രതികരണങ്ങളുണ്ടാവുമെന്നൊക്കെ പറയുന്നവരുടെ സംസ്‌കാരം നാട്ടുകാര്‍ വിലയിരുത്തുന്നുണ്ട്.

മാര്‍ച്ച് എട്ട്, അന്താരാഷ്ട്ര വനിതാ ദിനം. ഏഷ്യാനെറ്റ് സ്ത്രീശക്തിക്ക് നല്‍കേണ്ട അവാര്‍ഡ് ജേതാവിനെ കണ്ടെത്താനുള്ള എസ് എം എസുകള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. അതേ സമയം ഏഷ്യാനെറ്റിന്റെ കോര്‍ഡിനേറ്റ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനും എസ് എം എസുകളും ഫോണ്‍വിളികളും വാട്‌സ്ആപ്പ് മെസേജുകളും മറ്റും വരുന്നുണ്ട്. അത് സ്ത്രീശക്തിക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ളവയല്ല. മനുവാദികളുടെ സന്ദേശമാണ്. സ്ത്രീശക്തിയെ ഇകഴ്ത്തി കാട്ടുന്ന കടന്നാക്രമണങ്ങള്‍. കൊന്നുകളയുമെന്ന ഭീഷണി. ആര്‍ എസ് എസ് നേതൃത്വത്തില്‍ സംഘപരിവാര്‍ ശക്തികള്‍ സിന്ധു സൂര്യകുമാറിനെ വേട്ടയാടുമ്പോള്‍, നെല്ല് ഡോറ്റ് നെറ്റിന്റെ ചീഫ് എഡിറ്റര്‍ പ്രീജിത്ത് രാജിനോട് സിന്ധു സംസാരിക്കുന്നു.

പ്രീജിത്ത് രാജ് : ആര്‍ എസ് എസ് സംഘപരിവാരം സിന്ധുസൂര്യകുമാറിനെതിരെ ശക്തമായ കടന്നാക്രമാണ് നടത്തുന്നത്. ഇന്നലെ ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളെ അഭിമുഖീകരിച്ചപ്പോള്‍ ഈ പ്രതികരണം സ്വാഭാവികമായ ഒന്നാണ് എന്ന രീതിയിലാണ് പ്രതികരിച്ചത്. താങ്കളോടൊപ്പം ബി ജെ പിയുടെ നേതാവ് വി വി രാജേഷ് പങ്കെടുത്ത് ഏഷ്യാനെറ്റ് ചര്‍ച്ച ഞങ്ങളൊക്കെ കണ്ടതാണ്. അതില്‍ സിന്ധു, ദുര്‍ഗാദേവിയെ അപമാനിക്കുന്നുണ്ടായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ സിന്ധു സൂര്യകുമാര്‍ എപ്പോഴെങ്കിലും ദുര്‍ഗാദേവിയെ അപമാനിച്ചിരുന്നോ? എന്താണ് സംഘപരിവാരം ഈ രീതിയില്‍ പ്രചരിപ്പിക്കുന്നത്.?

സിന്ധു സൂര്യകുമാര്‍ : എപ്പോഴാണ്, എങ്ങിനെയാണ് ഞാന്‍ ദുര്‍ഗാദേവിയെ അപമാനിച്ചതെന്ന് എനിക്കറിയില്ല. കാരണം ഞാന്‍ അങ്ങനെ അപമാനിച്ചിട്ടില്ല. ആ ചര്‍ച്ചയുടെ യുടൂബ് ലിങ്ക് നമുക്ക് ലഭ്യമാണല്ലൊ. പ്രകോപിതരായ ഈ ആള്‍ക്കാര്‍ക്ക് വേണമെങ്കില്‍ അതെടുത്ത് കണ്ട് സത്യാവസ്ഥ ബോധ്യപ്പെടാം. അതൊന്നും സംഭവിക്കുന്നില്ല. ദുര്‍ഗാദേവി ലൈംഗിക തൊഴിലാളിയാണെങ്കില്‍ എന്താ കുഴപ്പമെന്ന് ഞാന്‍ ചോദിച്ചു എന്നാണവര്‍ പ്രചരിപ്പിക്കുന്നത്. ആ ചര്‍ച്ചയില്‍ അത്തരത്തിലൊരു പരാമര്‍ശം എന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. മറിച്ചാണെങ്കില്‍ അവര്‍ തെളിയിക്കട്ടെ. ഇതൊരു ആസൂത്രിതമായ ചെയ്ത്തുപോലെയാണ് എനിക്ക് തോന്നുന്നത്.

ചോദ്യം : തീര്‍ച്ചയായും ആസൂത്രിതമായ പ്രവര്‍ത്തനമായി മാത്രമേ വിവേചന ബുദ്ധിയോടുകൂടി ചിന്തിക്കുന്നവര്‍ക്ക് തോന്നാന്‍ ഇടയുള്ളു. കുമ്മനം രാജശേഖരന്റെ അഴകൊഴമ്പന്‍ പ്രതികരണം കൂടി വരുമ്പോള്‍ അങ്ങനതന്നെ തോന്നുന്നതില്‍ തെറ്റില്ല. യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ബി ജെ പി അടക്കമുള്ള സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍, വെറുമൊരു സ്ത്രീയുടെ മുന്നില്‍ ഒരു സംഘപരിവാറുകാരനായ വിവി രാജേഷ് കൊച്ചാക്കപ്പെട്ടു എന്ന വികാരത്തിന്റെ പുറത്ത് നടത്തിയ അതിക്രമങ്ങളായിരിക്കുമോ ഇതൊക്കെ?

ഉത്തരം : അങ്ങനെയെനിക്ക് തോന്നുന്നില്ല. വി വി രാജേഷിന് അങ്ങനെയൊരഭിപ്രായമുള്ളതായി തോന്നിയിട്ടില്ല. വി വി രാജേഷ് ആ ചര്‍ച്ചയില്‍ വളരെ മാന്യമായാണ് പെരുമാറിയത്. അതിന് ശേഷം ഈ ദുരനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചപ്പോഴും രാജേഷ് ആശ്വസിപ്പിക്കുന്ന രീതിയിലാണ് പ്രതികരിച്ചത്. തന്നെ വിളിക്കുന്നവരോട് അങ്ങനെയൊന്നും ചെയ്യരുതെന്ന് പറയാമെന്നും രാജേഷ് പറഞ്ഞു.

ചോദ്യം : വി വി രാജേഷ് എന്ന വ്യക്തിയെ അല്ല ഏഷാനെറ്റ് ആ ചര്‍ച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ടാവുക. ബി ജെ പിയുടെ വക്താവായ വി വി രാജേഷിനെയാവുമല്ലൊ. അപ്പോള്‍ വ്യക്തിപരമായി സിന്ധു സൂര്യകുമാറിനെ ആശ്വസിപ്പിക്കുന്നതിലുപരി സംഘടനാപരമായി ഒരു വാര്‍ത്താകുറിപ്പിറക്കി, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഈ രീതിയില്‍ തരംതാഴരുത് എന്ന് പറയാനുള്ള ബാധ്യത ബി ജെ പിക്ക് ഉണ്ടായിരുന്നു. പക്ഷെ, കുമ്മനം പറയുന്നത് സ്വാഭാവികമായ പ്രതികരണമാണ് എന്നാണ്.

ഉത്തരം : ബി ജെ പി വക്താവായി തന്നെയാണ് ഞാന്‍ ആ ചര്‍ച്ചയിലേക്ക് രാജേഷിനെ വിളിച്ചത്. എനിക്കെതിരെയുള്ള ഈ കടന്നാക്രമണങ്ങള്‍ ബി ജെ പി എന്ന പാര്‍ട്ടിയുടെ നിലപാടാണെങ്കില്‍ അത് വ്യക്തമാക്കണം എന്ന് ഞാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അപ്പോള്‍ രാജേഷ് എന്നോട് പറഞ്ഞത് ഞാനിതൊക്കെ കുമ്മനത്തോട് പറയാമെന്നാണ്. തീര്‍ച്ചയായും അദ്ദേഹം കുമ്മനത്തോട് പറഞ്ഞുകാണുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. പക്ഷെ, ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ കുമ്മനത്തോട് ഈ കാര്യം ചോദിച്ചപ്പോള്‍ അദ്ദേഹം അതില്‍ നിന്നൊഴിഞ്ഞുമാറുന്നതാണ് ഞാന്‍ കണ്ടത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്ന എല്ലാവരും പറയുന്ന ഒരു ജനറല്‍ സ്റ്റേറ്റ്മെന്റ് മാത്രമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

ചോദ്യം : ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആ സ്വാതന്ത്ര്യത്തിന് കുറവൊന്നുമില്ലല്ലോ. കുമ്മനത്തിന്റെ ആ പ്രസ്താവനയിലൂടെ വിശേഷിച്ച് സ്വാതന്ത്ര്യമോന്നും കിട്ടാനുമില്ലല്ലോ?

ഉത്തരം : ഇപ്പോള്‍ കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ട്. ഞാന്‍ പ്രതീക്ഷിച്ചത് കുറച്ചുകൂടി വ്യക്തതയുള്ള പ്രതികരണമായിരുന്നു.

ചോദ്യം : വ്യക്തത എന്നത് കുറച്ചുകൂടി വ്യക്തമാക്കാമോ?

ഉത്തരം : മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉയരുന്ന ഇത്തരത്തിലുള്ള ഭീഷണികള്‍ തെറ്റാണ് ബി ജെ പിക്ക് അതില്‍ ശക്തമായ വിയോജിപ്പുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കണമായിരുന്നു. അല്ലെങ്കില്‍ സിന്ധു സൂര്യകുമാര്‍ ഈ പറയുന്ന രീതിയില്‍ ദുര്‍ഗാദേവിയെ അപമാനിച്ചിട്ടില്ല. അവര്‍ക്കെതിരെ നടക്കുന്ന ഈ അതിക്രമങ്ങള്‍ ശരിയല്ലെന്നെങ്കിലും പറയാമായിരുന്നു. ഇത് രണ്ടും പറയാന്‍ കുമ്മനം രാജശേഖരന്‍ തയ്യാറായിട്ടില്ല. കുമ്മനത്തെ വെല്ലുവിളിക്കാന്‍ ഞാന്‍ ആളല്ല. പക്ഷെ, വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ പ്രകാശനങ്ങള്‍ ഇങ്ങനെയൊക്കെയായിരുന്നു.

ചോദ്യം : കുമ്മനം ആര്‍ എസ് എസ് സംഘപരിവാരം പ്രചരിപ്പിക്കുന്ന നുണയില്‍ തന്നെയാണുള്ളത് എന്നാണ് തോന്നുന്നത്. അദ്ദേഹം ഒരു ആര്‍ എസ് എസ് പ്രചാരകന്‍ കൂടിയാണല്ലൊ. കുമ്മനം പറഞ്ഞത് അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാവുമ്പോള്‍ ഇത്തരത്തിലുള്ള പ്രതികരണങ്ങളും ഉണ്ടാവും എന്ന രീതിയിലാണ്.

ഉത്തരം : പതിനെട്ട് വര്‍ഷമായി ഞാന്‍ ഈ തൊഴിലാണ് ചെയ്യുന്നത്. പല ഭാഗങ്ങളില്‍ നിന്ന്, നിങ്ങളുടേതടക്കം നിരവധി പ്രതികരണങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്. എനിക്കിത് പുതിയ കാര്യമൊന്നുമല്ല. അതൊക്കെ നേരിടാനുള്ള മനസുമായാണ് ഞാനീ ജോലി ചെയ്യുന്നത്. ആദ്യത്തെ അനുഭവമായതുകൊണ്ടല്ല ഞാനിപ്പോള്‍ പരാതിയുമായി മുന്നോട്ടുപോകുന്നത്. ഇത് വളരെ ആസൂത്രിതമായി ഒരു സ്ത്രീയായ എന്നെ അപമാനിക്കാന്‍ വേണ്ടി തന്നെ ചെയ്യുന്നതാണ്. ഈ വ്യാജ പ്രചരണങ്ങള്‍ അതിന്റെ ഭാഗമായുള്ളതാണ്. അതുകൊണ്ടാണ് ഞാന്‍ പരാതി നല്‍കിയത്. പ്രതികരിക്കുന്നത്. ആശയപരമായി എന്നോട് സംവദിക്കാന്‍ ഈ കൂട്ടര്‍ തയ്യാറാണെങ്കില്‍ മറുഭാഗത്ത് ഞാനുണ്ട്. അവരുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എന്റെ കൈയ്യിലുണ്ട്. അങ്ങനെയല്ലാതെ ഒളിച്ചിരുന്ന് ഇത്തരത്തിലുള്ള മെസേജ് അയക്കലും ഫേസ്ബുക്ക് ഗ്രൂപ്പുകളിലും വാട്‌സ്ആപ്പ് ഗ്രൂപ്പിലും അവളെ വിളിച്ചോ എന്ന് പറഞ്ഞ് നമ്പര്‍ ഇട്ടുകൊടുക്കുന്നതുമൊന്നും നല്ല രീതിയായി തോന്നുന്നില്ല. അത് സംസ്‌കാരമുള്ള ഒന്നല്ല. ഇത്തരത്തിലുള്ള പ്രതികരണങ്ങളുണ്ടാവുമെന്നൊക്കെ പറയുന്നവരുടെ സംസ്‌കാരം നാട്ടുകാര്‍ വിലയിരുത്തുന്നുണ്ട്.

ചോദ്യം : വി വി രാജേഷ്, ടി ജി മോഹന്‍ദാസ്, ഗോപാലകൃഷ്ണന്‍, കെ സുരേന്ദ്രന്‍ തുടങ്ങി ബി ജെ പിക്ക് വേണ്ടി ചാനലുകളില്‍ വരുന്ന നിരവധിപേരുണ്ട്. ഇവരെല്ലാം തന്നെ ചാനലുകള്‍ വഴിയും നുണപ്രചരണമാണ് ഏറെയും നടത്തുന്നത്. സിന്ധുവിന്റെ ആ ചര്‍ച്ചയില്‍ പങ്കെടുത്ത വി വി രാജേഷ് മൊത്തം ചര്‍ച്ചയുടെ അറുപത് ശതമാനം സമയവും അപഹരിക്കുകയാണ്. അദ്ദേഹം താന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദുത്വ ആശയത്തെ സ്ഥാപിക്കാനുള്ള വാചക കസര്‍ത്തുകള്‍ക്കാണ് ആ സമയം വിനിയോഗിക്കുന്നത്. സിന്ധു സൂര്യകുമാര്‍ അവിടെ രാജേഷിന്റെ ആ അജണ്ടയെ പൊളിച്ചടുക്കുകയാണ് ചെയ്തത്. രാജേഷിന്റെ ഹിന്ദുത്വ, പ്രചരിപ്പിക്കുന്നത് കള്ളമാണെന്ന് സിന്ധു സ്ഥാപിക്കുന്നു. ആ അവസരത്തിലാണ് തങ്ങളുടെ അജണ്ടകള്‍ പൊളിച്ചടുക്കുന്ന സിന്ധുവിനെ പോലുള്ള മാധ്യമ പ്രവര്‍ത്തകരെ വധഭീഷണിയിലൂടെയും അപകീര്‍ത്തിപ്പെടുത്തിയും കീഴടക്കാമെന്ന സംഘപരിവാര്‍ യുക്തി പിറവിയെടുക്കുന്നത്. അസഹിഷ്ണുതയല്ലേ ഇക്കൂട്ടരെ ആവേശിച്ചിരിക്കുന്നത്?

ഉത്തരം : ഒരു ചര്‍ച്ചയില്‍ വിവിധ വീക്ഷണമുള്ള ആളുകളെ വിളിക്കുമ്പോള്‍ അവര്‍ അവരുടെ രാഷ്ട്രീയം തന്നെയാണ് അവിടെ പ്രകാശിപ്പിക്കുക. അതിനാണ് അവരെ വിളിക്കുന്നതും. ചിലപ്പോള്‍ അവര്‍ സംസാരിക്കുന്നതിന് കൂടുതല്‍ ആശയ വ്യക്ത വരുത്തുന്നതിന് വേണ്ടി കുറച്ച് സമയം കൂടുതല്‍ കൊടുക്കേണ്ടി വന്നേക്കാം. ഇവിടെ ഈ ചര്‍ച്ചയിലൂടെ ഒരു ചെറിയ കൂട്ടത്തിന്റെ ഇടയില്‍ പ്രചരിച്ചു എന്ന് പറയപ്പെടുന്ന ഒരു ലഘുലേഖ, പാര്‍ലമെന്റില്‍ കൊണ്ടുപോയി വായിച്ച് ലോകം മുഴുവനുള്ള ആള്‍ക്കാരുടെ ശ്രദ്ധ അതിലേക്ക് കൊണ്ടുവന്നത് സ്മൃതി ഇറാനിയാണ്. ഇതൊക്ക കേട്ടാല്‍ വ്രണപ്പെടുന്ന ആള്‍ക്കാര്‍ക്ക് വ്രണപ്പെടാനുള്ള അവസരം ഒരുക്കി കൊടുത്തത് സ്മൃതിയാണ്. അവരങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ഇത്രയേറെ വ്രണങ്ങള്‍ ഉണ്ടാവുമായിരുന്നില്ലല്ലോ. മഹിഷാസുരനെ ബീഹാറിലും ഒറീസയിലുമുള്ള ഗോത്രവിഭാഗക്കാര്‍ എത്രയോ കാലങ്ങളായി ആരാധിച്ചുവരുന്നതാണ്? അപ്പോള്‍ ഈ വിഷയം ഇത്തരത്തില്‍ വഷളാക്കിയതിന്റെ ഉത്തരവാദിത്തം സ്മൃതി ഇറാനിക്കുള്ളതാണ്. അവര്‍ പാര്‍ലമെന്റില്‍ പറഞ്ഞ കാര്യങ്ങള്‍ ചാനലില്‍ മലയാളത്തില്‍ ഏറ്റുപറയുക മാത്രമാണ് വി വി രാജേഷ് ചെയ്തത്. അത് അദ്ദേഹം പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ നിലപാടും വിശ്വാസവുമായിരിക്കാം. അവരുടെ വിശ്വാസങ്ങള്‍ അവര്‍ക്ക് കൊണ്ടുനടക്കാം. പക്ഷെ, അതോടൊപ്പം അഭിപ്രായത്തിനുള്ള സ്വാതന്ത്ര്യം ഇവിടെ മറ്റുള്ളവര്‍ക്കുമുണ്ട് എന്നത് മറന്നുപോകാന്‍ പാടില്ല. എന്നാല്‍, അത്തരം അഭിപ്രായ പ്രകടനങ്ങളോട് അസഹിഷ്ണുത കാണിക്കുന്ന മനോഭാവമാണ് അവര്‍ മുന്നോട്ടുവെക്കുന്നത് എന്നാണ് എനിക്ക് എന്റെ അനുഭവത്തില്‍ നിന്ന് ബോധ്യമാകുന്നത്.

ചോദ്യം : ഇവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്താല്‍ വ്യാജപ്രചരണം നടത്തി ഒതുക്കും എന്നാണോ?

ഉത്തരം : അതെ. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത വിധത്തിലുള്ള പ്രതികരണങ്ങളുടെ നാവൊടിച്ചുകളയുക എന്നത് തന്നെയാണ്. ഇന്നെനിക്കെതിരെയുള്ള ഈ കടന്നാക്രമണവും വധഭീഷണിയും നാളെയും തുടരാന്‍ സാധ്യതയുണ്ടല്ലൊ. എനിക്ക് നേരെ ഉയര്‍ന്ന ഈ ഹീനമായ പ്രതികരണത്തെ ഓര്‍ത്ത് വെറുതെ എന്തിന് പൊല്ലാപ്പെടുത്ത് തലയില്‍ വെക്കുന്നു എന്ന് മറ്റുള്ള മാധ്യമ പ്രവര്‍ത്തകര്‍ വിചാരിച്ചാല്‍ ലാഭം സംഘപരിവാരത്തിനാണല്ലൊ.

ചോദ്യം : ജെ എന്‍ യുവിലെ പുരോഗമന വിദ്യാര്‍ഥികളെ ദേശവിരുദ്ധരാക്കുനന്തിന് വേണ്ടി നരേന്ദ്രമോഡി സര്‍ക്കാരിന്റെ താല്‍പ്പര്യപ്രകാരം മോര്‍ഫ് ചെയ്ത ദൃശ്യങ്ങളിലൂടെ തെളിവുകള്‍ സൃഷ്ടിച്ച മാധ്യമ പ്രവര്‍ത്തകരുള്ള രാജ്യമാണ് നമ്മുടേത്. എന്നാല്‍, കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ പൊതുവില്‍ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ നില്‍ക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കിയവരാണ്. അത് കുുമ്മനം രാജശേഖരനും സംഘത്തിനും നന്നായി അറിയാം. ഡല്‍ഹിയിലെ ചില മാധ്യമ പ്രവര്‍ത്തകരെ പോലെ ആര്‍ എസ് എസ് സംഘപരിവാരത്തിന്റെ കുഴലൂത്തുകാരായി നിന്നില്ലായെങ്കില്‍ ബുദ്ധിമുട്ടാണ് എന്ന ഭീഷണിതന്നെയല്ലേ സിന്ധു സൂര്യകുമാറിന് നേരേ ഉയര്‍ന്നി്ട്ടുള്ളത്?

ഉത്തരം : ഞാന്‍ ജെ എന്‍ യു വിഷയത്തെ കുറിച്ചുള്ള വാര്‍ത്തകളൊക്കെ കാണുമ്പോള്‍ ഇത് കേരളത്തിലല്ലല്ലോ എന്ന് ആശ്വസിച്ചിരുന്നയാളാണ്. ഭൂരിഭാഗം മലയാളികളെയും പോലെ കേരളത്തില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ല എന്ന് വിശ്വസിച്ചിരുന്ന ആളാണ്. എന്നാല്‍, എനിക്ക് ഒരു അനുഭവമുണ്ടായപ്പോള്‍, ഫാസിസം എന്റെ വാതിലില്‍ മുട്ടിയപ്പോള്‍ എന്റെ ധാരണ പാടേ മാറി. കേരളത്തിലൊക്കെ എളുപ്പത്തില്‍ വര്‍ഗീയതയുടെ കടന്നാക്രമണം ഉണ്ടാവാമെന്ന് എനിക്ക് മനസിലായി. കഴിഞ്ഞ ദിവസം വി എസ് ഒരു പ്രസംഗത്തില്‍ ജെ എന്‍ യു ഇവിടെയും ആവര്‍ത്തിച്ചേക്കാം എന്ന് പറഞ്ഞത് അവിടെയുള്ള പ്രതിരോധത്തിന്റെ പശ്ചാത്തലത്തിലാവും. പക്ഷെ, അവിടെ സംഘപരിവാരം നടത്തുന്ന നുണപ്രചരണവും വര്‍ഗീയ ധ്രുവീകരണവും വിദ്യാര്‍ത്ഥി വേട്ടയും എന്ന അര്‍ത്ഥത്തില്‍ കേരളത്തില്‍ ജെ എന്‍ യു ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്ന് എന്റെ അനുഭവത്തില്‍ നിന്നും ഞാന്‍ വിശ്വസിക്കുന്നു. എന്നെക്കാള്‍ മികച്ച ചാനല്‍ അവതാരകര്‍ മലയാളത്തില്‍ ഏറെയുണ്ട്. അവര്‍ക്ക് നേരെയും നാളെ ഇത്തരം ഭീഷണികള്‍ ഉയരുക തന്നെ ചെയ്യും. തങ്ങള്‍ക്കെതിരായി, തങ്ങളുടെ മുഖംമൂടി പറിച്ചെറിയുന്ന നാവുകളെ നിശബ്ദരാക്കുക എന്നത് തന്നെയാണ് അവരുടെ ലക്ഷ്യം.

ചോദ്യം : ഭയന്നുപോയോ? നമ്മള്‍ സംസാരിക്കുമ്പോള്‍ ഏഷ്യാനെറ്റ് ന്യൂസില്‍ സ്‌ക്രോള്‍ ചെയ്യുന്നത്, സിന്ധുസൂര്യകുറിനെതിരായ ഭീഷണി അഞ്ച് ശ്രീരാമസേന പ്രവര്‍ത്തകര്‍ പിടിയിലെന്നാണ്. ധര്‍മടം പോലീസ് അറസ്റ്റ് ചെയ്ത മൂന്നുപേരും ആര്‍ എസ് എസ് പ്രവര്‍ത്തകരാണ്. അവരിലൊരാള്‍ സിപിഐ എം പ്രവര്‍ത്തകരെ മാരകായുധം കൊണ്ട് ആക്രമിച്ച് അറസ്റ്റിലായ വ്യക്തിയാണ്. എന്തുകൊണ്ട് ഏഷ്യാനെറ്റ്, സിന്ധുസൂര്യകുമാറിനെ ഭീഷണിപ്പെടുത്തിയ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലെന്ന് സ്‌ക്രോള്‍ ചെയ്യുന്നില്ല? പേടിച്ചുപോയോ?

ഉത്തരം : ഒരിക്കലുമില്ല. ആര്‍ എസ് എസുകാരെ അറസ്റ്റുചെയ്തു എന്ന് കാണിക്കാന്‍ ഞങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല. അവരെ അറസ്റ്റ് ചെയ്ത സംസ്ഥാന സര്‍ക്കാര്‍ ഞങ്ങള്‍ക്ക് തരുന്ന വിവരം ശ്രീരാമ സേന പ്രവര്‍ത്തകരെന്നാണ്. ആര്‍ എസ് എസുകാര്‍ എന്നല്ല. അതുകൊണ്ടാണ് ഞങ്ങളുടെ സ്‌ക്രോളിംഗ് അത്തരത്തിലായത്. ഞങ്ങള്‍ക്ക് പേടിയില്ല. പേടിച്ചിരിക്കാന്‍ ഉദ്ദേശിക്കുന്നേയില്ല. അന്വേഷിച്ച് കണ്ടെത്തിയ പോലീസും സര്‍ക്കാരും പറയട്ടെ. എന്നെ ഭീഷണിപ്പെടുത്തിയ ആ കൂട്ടം ആര്‍ എസ് എസുകാരാണ് എന്ന്.

01-Mar-2016

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More