മൂന്നാര്‍ സമരവും സി ഐ ടി യു നിലപാടും

ലക്ഷക്കണക്കിന് ഏക്കര്‍ വനഭൂമി പാട്ടത്തിനെടുത്ത് വ്യവസായം നടത്തുന്ന തോട്ടംമുതലാളിമാര്‍ ലാഭംകൊയ്യുമ്പോള്‍ തൊഴിലാളികളുടെ അവസ്ഥ പരിതാപകരമാണ്. മനുഷ്യവാസയോഗ്യമല്ലാത്ത ലയങ്ങളിലാണ് തൊഴിലാളികള്‍ ജീവിക്കുന്നത്. രോഗങ്ങള്‍ക്ക് മതിയായ ചികിത്സപോലും ലഭിക്കുന്നില്ല. തൊഴിലാളികള്‍ കൂലിവര്‍ധന ആവശ്യപ്പെടുമ്പോള്‍ 'വ്യവസായ പ്രതിസന്ധി'യുടെ പേരുപറഞ്ഞ് മാനേജ്‌മെന്റുകള്‍ എതിര്‍ക്കും. കുറഞ്ഞ കൂലി നല്‍കി തൊഴിലാളികളുടെ ജീവിതം നരകതുല്യമാക്കുന്ന തൊഴിലുടമകളുടെ നിലപാടിനെ സിഐടിയു ശക്തമായി ഇനിയും എതിര്‍ക്കും. എല്ലാ വിഭാഗം തൊഴിലാളികളുടെയും കുറഞ്ഞ പ്രതിമാസ മിനിമം വേതനം 15,000 രൂപയാക്കണമെന്ന ആവശ്യമുയര്‍ത്തിയുള്ള പ്രക്ഷോഭങ്ങള്‍ സി ഐ ടി യു ഉയര്‍ത്തിക്കൊണ്ടുവരികയാണ്. മൂന്നാറിലെ തൊഴിലാളി സമരത്തിന് ഐക്യദാര്‍ഡ്യം നല്‍കിയ തൊഴിലാളി സ്‌നേഹികളുടെ നിലപാടില്‍ സത്യസന്ധത ഉണ്ടെങ്കില്‍ കേരളത്തില്‍ ഈ പ്രക്ഷോഭം വിജയിപ്പിക്കല്‍ വളരെ എളുപ്പമാവും. സോഷ്യല്‍ മീഡിയയിലെ സുമനസുകള്‍ സി ഐ ടി യു പ്രക്ഷോഭത്തിന്റെ കൂടെ ഈ തൊഴിലാളി സ്‌നേഹികള്‍ നില്‍ക്കുന്നുണ്ടോ എന്ന പരിശോധന നടത്തുകയും ഈ പ്രക്ഷോഭം വിജയിപ്പിക്കാനാവശ്യമായ സഹകരണങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

മൂന്നാറിലെ ചായത്തോട്ടം തൊഴിലാളികളുടെ സമരം കൈവരിച്ച ഉജ്വലവിജയം ടാറ്റയുടെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റിന്റെ ധിക്കാരത്തിനേറ്റ തിരിച്ചടിയായി. ഈ തൊഴിലാളികളെ സമരത്തിലേക്ക് തള്ളിവിട്ടതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മാനേജ്‌മെന്റിനും സര്‍ക്കാരിനും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായാണ് 2014-15ലെ ബോണസ് മാനേജ്‌മെന്റ് പ്രഖ്യാപിച്ചത്. തങ്ങള്‍ തീരുമാനിക്കുന്നത് ട്രേഡ് യൂണിയനുകളും തൊഴിലാളികളും അംഗീകരിക്കണമെന്ന മാനേജ്‌മെന്റിന്റെ ധാര്‍ഷ്ട്യത്തിനുമുന്നില്‍ കീഴടങ്ങില്ലെന്ന നിശ്ചയദാര്‍ഢ്യമാണ് തൊഴിലാളികള്‍ പ്രകടിപ്പിച്ചത്.

മൂന്നാര്‍ തൊഴിലാളികള്‍ നടത്തിയ സമരം ട്രേഡ് യൂണിയനുകള്‍ക്കെതിരായിരുന്നു എന്ന പ്രചാരണമാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തിയത്. എല്ലാ ട്രേഡ് യൂണിയനുകളും ഒരുപോലെയാണെന്ന് വരുത്തി തീര്‍ക്കാനുള്ള കുപ്രചരണം. സി ഐ ടി യുവിനെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കാനും ചിലര്‍ കഠിനമായി ശ്രമിച്ചു. സോഷ്യല്‍മീഡിയയില്‍ പലരും അതിനായി മണിക്കൂറുകള്‍ മാറ്റിവെച്ചു. എന്താണ് യാഥാര്‍ത്ഥ്യം? കണ്ണന്‍ ദേവന്‍ തോട്ടത്തില്‍ സിഐടിയു യൂണിയന്‍ മൂന്നാംസ്ഥാനത്താണ്. മൂവായിരത്തോളമാണ് അംഗസംഖ്യ. 2006ല്‍മാത്രമാണ്, കണ്ണന്‍ ദേവന്‍ കമ്പനിയില്‍ സിഐടിയു യൂണിയന് അംഗീകാരം ലഭിച്ചത് ഇതിനായി വലിയ പോരാട്ടമാണ് സിഐടിയു നടത്തിയത്. നിലവില്‍ അംഗീകാരമുള്ള യൂണിയനുകളും മാനേജ്‌മെന്റും സിഐടിയുവിന് അംഗീകാരം ലഭിക്കുന്നതിനെ ശക്തമായി എതിര്‍ത്തു. ഏതെങ്കിലും സന്ദര്‍ഭത്തില്‍ മാനേജ്‌മെന്റിന്റെ കൂടെനിന്നു എന്ന ആരോപണം, സിഐടിയുവിനെതിരെ മൂന്നാറില്‍ ഇന്നേവരെ ഒരാളും ഉയര്‍ത്തിയിട്ടില്ല. ടാറ്റയുടെ സൗജന്യംപറ്റുന്ന ഒരാളും സിഐടിയു സംഘടനാ നേതൃത്വത്തിലില്ല. ഇതെല്ലാം മറച്ചുവച്ചാണ് ചില മാധ്യമങ്ങള്‍ ഞങ്ങള്‍ക്കെതിരെ തിരിഞ്ഞത്. പ്രചാരണം നടത്തിയത്. ഇപ്പോള്‍ കാര്യങ്ങള്‍ മിക്കവാറും പുറത്തുവന്നിട്ടും മരം പെയ്യുന്നത് പോലെ സി ഐ ടി യു വിമര്‍ശനം തുടരുക തന്നെയാണ്. അതിന്റെ പിന്നിലുള്ള അജണ്ട മനസിലാക്കാനുള്ള തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ട്.

2014-15 വര്‍ഷത്തെ ബോണസ് സംബന്ധിച്ച മാനേജ്‌മെന്റ് തീരുമാനം, സിഐടിയു അംഗീകരിച്ചിരുന്നില്ല. ആരും ബോണസ് വാങ്ങരുതെന്ന നിലപാടാണ് സംഘടന കൈക്കൊണ്ടത്. ന്യായമായ ബോണസിനായി സമരം വേണമെന്ന നിലപാട് സ്വീകരിച്ച് സിഐടിയു മുന്നോട്ടുപോയി. തോട്ടം തൊഴിലാളികളുടെ വേതനം നിര്‍ണയിക്കുന്നത് തൊഴില്‍മന്ത്രി ചെയര്‍മാനായ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയാണ്. വേതനം പുതുക്കേണ്ട കാലാവധി കഴിഞ്ഞിട്ട് ഒമ്പത് മാസമായി. കൂടിയാലോചനയില്‍ മാനേജ്‌മെന്റുകള്‍ കൈക്കൊണ്ടത് നിഷേധാത്മകനിലപാടാണ്. അതിനെ തുടര്‍ന്ന് ആഗസ്ത് 20ന് സിഐടിയു സംസ്ഥാന വ്യാപകമായി ഏകദിന സൂചനാപണിമുടക്ക് നടത്തുകയുണ്ടായി. സി ഐ ടി യുവിനെ കുറ്റം പറയുന്ന മാധ്യമങ്ങളില്‍ എത്രപേര്‍ അതിന്റെ വാര്‍ത്ത കൊടുത്തു? മിനിമം 500 രൂപ ദിവസക്കൂലിയും 20 ശതമാനം ബോണസും ആവശ്യപ്പെട്ട് മൂന്നുദിവസത്തെ പ്രചാരണജാഥ മൂന്നാറില്‍മാത്രം ഞങ്ങള്‍ സംഘടിപ്പിച്ചു. ഇപ്പോള്‍ വല്ലാത്ത തൊഴിലാളി സ്‌നേഹം പ്രകടിപ്പിക്കുന്ന മാധ്യമങ്ങളൊന്നും ഒരു ബൈറ്റിനുവേണ്ടി ഞങ്ങളെ അന്ന് വന്ന് കണ്ടില്ലല്ലോ! ഈ പണിമുടക്കിനുശേഷമാണ്, സെപ്തംബര്‍ 26ന് പിഎല്‍സി യോഗം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തൊഴിലാളികളുടെ സമരങ്ങളെയും ട്രേഡ് യൂണിയനുകളെയും എക്കാലത്തും എതിര്‍ത്തുപോന്നിട്ടുള്ള മലയാളമനോരമയ്ക്കും മറ്റ് വലതുപക്ഷ മാധ്യമങ്ങള്‍ക്കും ഇപ്പോള്‍ മൂന്നാര്‍ സമരം ഇഷ്ടസമരമായതെങ്ങനെയെന്ന് വ്യക്തമാകുന്നില്ല. സി ഐ ടി യുവിനെയും സിപിഐ എംനെയും പ്രതിക്കൂട്ടിലാക്കാമെന്ന വ്യാമോഹമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. അല്ലാതെ തൊഴിലാളികളോടുള്ള സ്‌നേഹമായിരുന്നില്ല. കേരളവികസനം മുരടിപ്പിക്കുന്നത്, തൊഴിലാളികളുടെ സമരംകൊണ്ടാണെന്ന്, സ്ഥിരമായി പ്രചരിപ്പിക്കുന്നവരാണിവര്‍.

ലക്ഷക്കണക്കിന് ഏക്കര്‍ വനഭൂമി പാട്ടത്തിനെടുത്ത് വ്യവസായം നടത്തുന്ന തോട്ടംമുതലാളിമാര്‍ ലാഭംകൊയ്യുമ്പോള്‍ തൊഴിലാളികളുടെ അവസ്ഥ പരിതാപകരമാണ്. മനുഷ്യവാസയോഗ്യമല്ലാത്ത ലയങ്ങളിലാണ് തൊഴിലാളികള്‍ ജീവിക്കുന്നത്. രോഗങ്ങള്‍ക്ക് മതിയായ ചികിത്സപോലും ലഭിക്കുന്നില്ല. തൊഴിലാളികള്‍ കൂലിവര്‍ധന ആവശ്യപ്പെടുമ്പോള്‍ 'വ്യവസായ പ്രതിസന്ധി'യുടെ പേരുപറഞ്ഞ് മാനേജ്‌മെന്റുകള്‍ എതിര്‍ക്കും. കുറഞ്ഞ കൂലി നല്‍കി തൊഴിലാളികളുടെ ജീവിതം നരകതുല്യമാക്കുന്ന തൊഴിലുടമകളുടെ നിലപാടിനെ സിഐടിയു ശക്തമായി ഇനിയും എതിര്‍ക്കും. എല്ലാ വിഭാഗം തൊഴിലാളികളുടെയും കുറഞ്ഞ പ്രതിമാസ മിനിമം വേതനം 15,000 രൂപയാക്കണമെന്ന ആവശ്യമുയര്‍ത്തിയുള്ള പ്രക്ഷോഭങ്ങള്‍ സി ഐ ടി യു ഉയര്‍ത്തിക്കൊണ്ടുവരികയാണ്. മൂന്നാറിലെ തൊഴിലാളി സമരത്തിന് ഐക്യദാര്‍ഡ്യം നല്‍കിയ തൊഴിലാളി സ്‌നേഹികളുടെ നിലപാടില്‍ സത്യസന്ധത ഉണ്ടെങ്കില്‍ കേരളത്തില്‍ ഈ പ്രക്ഷോഭം വിജയിപ്പിക്കല്‍ വളരെ എളുപ്പമാവും. സോഷ്യല്‍ മീഡിയയിലെ സുമനസുകള്‍ സി ഐ ടി യു പ്രക്ഷോഭത്തിന്റെ കൂടെ ഈ തൊഴിലാളി സ്‌നേഹികള്‍ നില്‍ക്കുന്നുണ്ടോ എന്ന പരിശോധന നടത്തുകയും ഈ പ്രക്ഷോഭം വിജയിപ്പിക്കാനാവശ്യമായ സഹകരണങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

16-Sep-2015

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More