എനിക്ക് വി എസിനോട് ചോദിക്കാനുണ്ട്

ചന്ദ്രശേഖരന്‍ പാര്‍ട്ടിയില്‍ നിന്ന് അകലുന്നത് അധികാരസ്ഥാനങ്ങള്‍ പ്രതീക്ഷിച്ച പോലെ ലഭിക്കാത്ത് കൊണ്ടാണ്. പാര്‍ലമെന്ററി വ്യാമോഹം എന്ന് പറയാറില്ലെ അതായിരുന്നു ചന്ദ്രശേഖരന് ഉണ്ടായിരുന്നത്. ശേഖരന്റെ നേതൃത്വത്തില്‍ നടന്ന വളം അഴിമതിയും അതിനെ തുടര്‍ന്ന് പാര്‍ട്ടി നടത്തിയ അന്വേഷണവും ഒക്കെ ഒഞ്ചിയത്തുള്ള എല്ലാവര്‍ക്കും അറിയാം. മാധ്യമങ്ങളും കുറെ കോണ്‍ഗ്രസുകാരും അരാഷ്ട്രീയ ബുദ്ധിജീവികളും വെട്ടുവഴി സാംസ്‌കാരിക നായകരും കൂടി ഒരൊറ്റശബ്ദത്തില്‍ മഹാനാണ് എന്ന് പറഞ്ഞാല്‍ ഒരു കള്ളന്‍ മഹാനാവുമോ? കമ്യൂണിസ്റ്റാവുമോ? അങ്ങനെയെങ്കില്‍ ചന്ദ്രശേഖരന്‍ മഹാനായ കമ്യൂണിസ്റ്റാണ്. കെ കരുണാകരന്‍ സത്യസന്ധനാണ്. ആര്‍ ബാലകൃഷ്ണപിള്ള പുണ്യാത്മാവാണ്, നരേന്ദ്രമോഡി അഹിംസയുടെ വക്താവാണ്.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആരാധ്യനായ നേതാവ് തന്നെയാണ് സഖാവ് വി എസ്. ഒരു തയ്യല്‍ക്കാരനില്‍ നിന്നും കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് വി എസ് എത്തിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മഹിമ കൊണ്ടാണ്. അല്ലാതെ വി എസിന്റെ വ്യക്തിപ്രഭാവം കൊണ്ടല്ല. ആ പ്രസ്ഥാനത്തില്‍ വി എസിനെ പോലുള്ള നേതാക്കളുടെ എണ്ണം വിരലിളെണ്ണാവുന്നത്ര ചുരുക്കമാണ്. അവര്‍ ചെറിയൊരു ശതമാനമാണ്. വലിയൊരു ശതമാനം വരുന്ന പ്രസ്ഥാനത്തിലെ അംഗങ്ങളും അതിലേറെ വരുന്ന അനുഭാവികളും ഈ ചെറിയ ശതമാനത്തെ അംഗീകരിക്കുമ്പോഴാണ് അവര്‍ പ്രസക്തരാവുന്നത്, നേതാക്കളായി നില്‍ക്കുന്നത്.

പോരാട്ടവഴികളില്‍ വി എസിനേക്കാള്‍ ത്യാഗനിര്‍ഭരമായി പ്രവര്‍ത്തിച്ച, പോരാടിയ അനേകര്‍ മുഖ്യമന്ത്രിയാവാതെ പോയിട്ടുണ്ട്. അവരൊക്കെ ഇപ്പോഴും 'തയ്യല്‍ക്കാരന്റെ' ജീവിതം നയിച്ച് പാര്‍ട്ടിയോടൊപ്പം തന്നെ നടക്കുന്നവരാണ്. ഒരസംതൃപ്തിയുമില്ലാതെ ഇപ്പോഴും ചെങ്കൊടിയേന്തി നില്‍ക്കുന്ന ആ ബഹുഭൂരിപക്ഷത്തെ അപമാനിക്കുന്നതാണ് ടി പി ചന്ദ്രശേഖരന്‍ 'ധീരനായ കമ്യൂണിസ്റ്റ്' എന്ന വി എസിന്റെ പുതിയ പ്രസ്താവന. ചന്ദ്രശേഖരന്‍ വി എസിന് പ്രിയങ്കരന്‍ ആയിരിക്കും. പക്ഷെ, അയാള്‍ കമ്യൂണിസ്റ്റ് ഗുണങ്ങള്‍ ഊരിയെറിഞ്ഞ കുലംകുത്തിയാണ്. ചതിയനായ കുലംകുത്തി. ചതിയനായ കുലംകുത്തിക്ക് ഒരിക്കലും ധീരനായ കമ്യൂണിസ്റ്റാവാന്‍ സാധിക്കില്ല. അത് വി എസിന് അറിയാഞ്ഞിട്ടാവില്ല. എനിക്ക് തോന്നുന്നത് തന്റെ ഉള്ളില്‍ നുരക്കുന്ന കുറ്റബോധം കൊണ്ട് വി എസ് അങ്ങനെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതാണ് എന്നാണ്.

ചന്ദ്രശേഖരന്‍ പാര്‍ട്ടിയില്‍ നിന്ന് അകലുന്നത് അധികാരസ്ഥാനങ്ങള്‍ പ്രതീക്ഷിച്ച പോലെ ലഭിക്കാത്ത് കൊണ്ടാണ്. പാര്‍ലമെന്ററി വ്യാമോഹം എന്ന് പറയാറില്ലെ അതായിരുന്നു ചന്ദ്രശേഖരന് ഉണ്ടായിരുന്നത്. ശേഖരന്റെ നേതൃത്വത്തില്‍ നടന്ന വളം അഴിമതിയും അതിനെ തുടര്‍ന്ന് പാര്‍ട്ടി നടത്തിയ അന്വേഷണവും ഒക്കെ ഒഞ്ചിയത്തുള്ള എല്ലാവര്‍ക്കും അറിയാം. മാധ്യമങ്ങളും കുറെ കോണ്‍ഗ്രസുകാരും അരാഷ്ട്രീയ ബുദ്ധിജീവികളും വെട്ടുവഴി സാംസ്‌കാരിക നായകരും കൂടി ഒരൊറ്റശബ്ദത്തില്‍ മഹാനാണ് എന്ന് പറഞ്ഞാല്‍ ഒരു കള്ളന്‍ മഹാനാവുമോ? കമ്യൂണിസ്റ്റാവുമോ? അങ്ങനെയെങ്കില്‍ ചന്ദ്രശേഖരന്‍ മഹാനായ കമ്യൂണിസ്റ്റാണ്. കെ കരുണാകരന്‍ സത്യസന്ധനാണ്. ആര്‍ ബാലകൃഷ്ണപിള്ള പുണ്യാത്മാവാണ്, നരേന്ദ്രമോഡി അഹിംസയുടെ വക്താവാണ്.

വളം തിരിമറിയുടെ പശ്ചാത്തലത്തില്‍ ടി പി ചന്ദ്രശേഖരനെ സിപിഐ എമ്മില്‍ നിന്ന് പുറത്താക്കാനായിരുന്നു ആദ്യം തീരുമാനിച്ചത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. പക്ഷെ, ആ സമയത്ത് പാര്‍ട്ടിയുടെ ജില്ലാസെക്രട്ടറിയായിരുന്ന എം കേളപ്പന്‍ പങ്കെടുത്ത് കൂടിയ ഏരിയാകമ്മറ്റിയുടെ സമയത്ത് ശേഖരന്‍, കേളപ്പേട്ടനെ കാണുകയുണ്ടായി. കരഞ്ഞുകാലുപിടിച്ചു. തെറ്റുപറ്റിപ്പോയി ഇനി ആവര്‍ത്തിക്കില്ല, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കരുത് എന്ന് അപേക്ഷിച്ചു. കാരണം വളംകള്ളന്‍ എന്ന പേരോടെ പാര്‍ട്ടിയില്‍ നിന്ന് പുറത്തായാല്‍ ചന്ദ്രശേഖരന് പിന്നെ ഒരു തരത്തിലും നിലനില്‍പ്പുണ്ടാവുമായിരുന്നില്ല. പാര്‍ട്ടിയുടെ ഘടകങ്ങളില്‍ ആ നടപടിയും അതിന്റെ വിശദാംശങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ 'ചന്ദ്രശേഖരന്‍ ധീരനായ വളംകള്ളന്‍' എന്നത് നാട്ടിലാകെ പാട്ടായി മാറുമെന്നത് ഉറപ്പുമാണ്. അതിനെ മറികടക്കാനാവും ശേഖരന്‍ അത്തരത്തില്‍ താണുവീണ് അപേക്ഷിച്ച് പുറത്താക്കലിനെ സസ്‌പെന്‍ഷനാക്കി ചുരുക്കിയെടുത്തിട്ടുണ്ടാവുക. അതിന് ചന്ദ്രശേഖരന് ബുദ്ധി ഉപദേശിച്ചുകൊടുത്ത വിഭാഗമാണ്, വളംകള്ളന്‍ ഇമേജില്‍ നിന്ന് ചന്ദ്രശേഖരന് ധീരനായ കമ്യൂണിസ്റ്റ് ഇമേജ് ചാര്‍ത്തി നല്‍കാന്‍ ശ്രമിച്ചത്. ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴും ചന്ദ്രശേഖരനെ ധീരനായ കമ്യൂണിസ്റ്റ് എന്ന് പറഞ്ഞ്, കമ്യൂണിസ്റ്റുകളെ ആക്ഷേപിക്കുന്നത്. പ്രസ്ഥാനത്തെ അവഹേളിക്കുന്നത്.

വളംകട്ടത് ഏറ്റുപറഞ്ഞ്, പാര്‍ട്ടിയുടെ നടപടി ശിരസാവഹിച്ച് സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞപ്പോള്‍ ചന്ദ്രശേഖരന്‍ വീണ്ടും തനിക്ക് തോന്നുപോലെയൊക്കെ പ്രവര്‍ത്തിച്ചു. അരാഷ്ട്രീയതയെ കമ്യൂണിസത്തിന് പകരം വെച്ചു. ഒരു പ്രത്യേക വിഭാഗത്തെ സംഘടിപ്പിച്ച് പ്രസ്ഥാനത്തോട് വിലപേശാന്‍ ശ്രമിച്ചു. 'ധീരനായ കമ്യൂണിസ്റ്റ്' എന്ന് വി എസ് വിശേഷിപ്പിക്കുന്ന ചന്ദ്രശേഖരന്‍ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്ത സമയത്ത് സംഘടിപ്പിച്ച ഏര്യാസമ്മേളനത്തിലേക്ക് മത്സരിച്ചിരുന്നു. അന്ന് ധീരന്‍ തോറ്റുപോയത് മറ്റുള്ളവരുടെ പിന്തുണ ഉള്ളതുകൊണ്ടാണോ? ചന്ദ്രശേഖരന്‍ വളര്‍ത്തിയ അരാഷ്ട്രീയ കൂട്ടത്തിന്റെ പിന്തുണ മാത്രമേ അയാള്‍ക്ക് ഉണ്ടായിരുന്നുള്ളു. കുറെ കള്ളുകുടിയന്‍മാര്‍, സാമൂഹ്യദ്രോഹികള്‍ അവരായിരുന്നു ചന്ദ്രശേഖരന്റെ കൂട്ടം. ലൈംഗീക അരാജകത്വം പോലും അവര്‍ മുന്നോട്ടുവെച്ചു. സഖാവ് വി എസ് അതും അംഗീകരിക്കുന്നുണ്ടോ? അത്തരത്തിലുള്ള അരാജകത്വത്തിനും കൂടിയാണോ വി എസ് മാര്‍ക്കിട്ടത്?

ഏറാമല പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനം ജനതാദളിന് കൊടുക്കാന്‍ പാടില്ല എന്നായിരുന്നല്ലൊ ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നത്. അത് പറഞ്ഞുകൊണ്ടാണല്ലൊ അയാള്‍ കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ത്തത്. എന്നിട്ട് പിന്നീട് എന്തായി? സഖാവ് വി എസ്, അത് ശ്രദ്ധിച്ചില്ലേ? കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ധീരനായ കമ്യൂണിസ്റ്റ്, വലതുവ്യതിയാനത്തിനെതിരെ കമ്യൂണിസ്റ്റ് മൂല്യം ഉയര്‍ത്തിപ്പിടിച്ചയാള്‍ എന്ന് വി എസ് വിശേഷിപ്പിക്കുന്ന ഈ മഹാന്‍ വലതുപക്ഷത്തിന്റെ പാവാടച്ചരടിലെ പാവ ആയിരുന്നു. വലതുപക്ഷത്തിന് വിടുപണി ചെയ്യുന്നതാണോ സഖാവേ കമ്യൂണിസം? അത് ഏത് മാനിഫെസ്റ്റോയിലാണ് അങ്ങ് വായിച്ചത്? ആരാധ്യനായ വി എസ് അങ്ങ് അപഹാസ്യനാവരുത്. കൈയടിനേടാനായി വിടുവായത്വം പറയരുത്.

കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഒഞ്ചിയത്ത് യു ഡി എഫുമായി ബാന്ധവമുണ്ടാക്കിയാണ് ചന്ദ്രശേഖരനും സംഘവും ആര്‍ എം പി എന്ന പേരില്‍ മത്സരിച്ചത്. ഒഞ്ചിയത്തെ 17 വാര്‍ഡുകളില്‍ യു ഡി എഫ് മത്സരിക്കുന്നിടങ്ങളില്‍ ആര്‍ എം പി മത്സരിച്ചില്ല. ആര്‍ എം പി മത്സരിക്കുന്നിടങ്ങളില്‍ യു ഡി എഫും മത്സരിച്ചില്ല. അവിടെ യു ഡി എഫ് സഹായത്തോടെയാണ് ആര്‍ എം പിക്ക് 8 സീറ്റില്‍ വിജയിക്കാനായത്. എല്‍ ഡി എഫ് 5 സീറ്റിലും യു ഡി എഫ് 4 സീറ്റിലും വിജയിച്ചു. പതിമൂന്നാം വാര്‍ഡില്‍ മത്സരിച്ച സുരേന്ദ്രന്‍ മാസ്റ്ററും ചന്ദ്രശേഖരനും തമ്മിലുണ്ടായ വിഷയങ്ങളും ധീരനായ കമ്യൂണിസ്റ്റ് പട്ടം ചാര്‍ത്തി കൊടുക്കുന്ന വി എസിന് അറിവുള്ളതായിരിക്കുമല്ലൊ. വെറുതെ മത്സരിച്ചാല്‍ മതിയെന്നും വോട്ടുപിടിക്കേണ്ട കാര്യമില്ലെന്നും യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ ഈ വാര്‍ഡില്‍ വിജയിപ്പിക്കണമെന്നും സുരേന്ദ്രനോട് പറഞ്ഞ ചന്ദ്രശേഖരനെ, പരസ്യമായാണ് സുരേന്ദ്രന്‍ ചീത്ത വിളിച്ചത്. തുടര്‍ന്ന് സ്വന്തം ചിലവില്‍ പ്രചാരണം സംഘടിപ്പിച്ച സുരേന്ദ്രന്‍ കുറച്ചേറെ വോട്ടുകള്‍ പിടിക്കുകയും ചെയ്തു. അവിടെ ത്രികോണ മത്സരത്തിന്റെ ഭാഗമായി വിജയിച്ചത് എല്‍ ഡി എഫ് ആണ്. മുസ്ലീംലീഗ് ശക്തമായുള്ള ആറാം വാര്‍ഡില്‍ ആര്‍ എം പി സ്ഥാനാര്‍ത്ഥി ജയിച്ചതും കമ്യൂണിസ്റ്റ് മഹിമ കൊണ്ടായിരിക്കും അല്ലേ വി എസേ? ആര്‍ എം പിയുടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന പി ജയരാജന്‍ മത്സരിച്ച എട്ടാം വാര്‍ഡില്‍ യു ഡി എഫിന് സ്ഥാനാര്‍ത്ഥിയില്ലാത്തതും ധീരനായ കമ്യൂണിസ്റ്റിന്റെ ശ്രമഫലമായിരുന്നു. ഈ കമ്യൂണിസ്റ്റ് രീതിശാസ്ത്രം വി എസ് ആണോ പഠിപ്പിച്ചുകൊടുത്തത്? അതായിരിക്കുമല്ലൊ, വി എസിന് അയാളെ ധീരനായ കമ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിക്കാന്‍ തോന്നിയത്.

ചന്ദ്രശേഖരന്‍ ആര്‍ എം പി ഉണ്ടാക്കി പോയപ്പോള്‍ പലരും അദ്ദേഹത്തെ തിരികെ സിപിഐ എമ്മിലേക്ക് കൊണ്ടുവരാന്‍ സംസാരിച്ചിട്ടുണ്ട്. സിപിഐ എമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി ജയരാജന്‍ അത് തുറന്ന് പറഞ്ഞിട്ടുണ്ട്. കോഴിക്കോട്ടെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവായിരുന്ന യു കുഞ്ഞിരാമന്റെ മകന്‍ സുരേഷ്ബാബുവിന്റെ മുന്‍കൈയില്‍ നടത്തിയ ചര്‍ച്ചയില്‍ പലപ്പോഴും ചന്ദ്രശേഖരന്‍ തിരികെ വരുന്ന കാര്യം അനുഭാവപൂര്‍വ്വം പരിഗണിച്ചിരുന്നു. സുരേഷ്ബാബുവിന്റെ വടകരയിലുള്ള വീട്ടില്‍ വെച്ച് മണിക്കൂറുകളോളം വേണുവും ജയരാജനും സംസാരിച്ചിട്ടുണ്ട്. ചൊക്ലിയിലെ കെ ടി ശശി എന്ന സഖാവ്, ചന്ദ്രശേഖരന്റെ വീട്ടില്‍ ജയരാജന്റെ നിര്‍ദേശാനുസരണം പോയി ചര്‍ച്ച നടത്തിയിട്ടുണ്ട്. ചന്ദ്രശേഖരന്‍, പി ജയരാജനെ കാണാന്‍ പലപ്പോഴും സന്നദ്ധനായിരുന്നു. അപ്പോഴൊക്കെ ഒരദൃശ്യ ശക്തി ചന്ദ്രശേഖരനെ വിലക്കിയിരുന്നു എന്ന് ജയരാജന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആ അദൃശ്യശക്തി ചന്ദ്രശേഖരനെ വിലക്കി നിര്‍ത്തിയത് എന്തിനായിരുന്നു? അങ്ങനെ ചന്ദ്രശേഖരനെ വിലക്കിയില്ലായിരുന്നുവെങ്കില്‍ കെ കെ രമയും നന്ദുവും അനാഥരാവുമായിരുന്നില്ല. ഏതായാലും ആ അദൃശ്യശക്തിക്ക് കുറ്റബോധമുണ്ടാവാതിരിക്കാന്‍ വഴിയില്ല. അല്ലേ വി എസേ?

വി എസ് അച്യുതാനന്ദന്‍ തെക്കന്‍ കേരളത്തില്‍ വിപ്ലവപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ എന്റെ ഭര്‍ത്താവ് ഇല്ലത്തെ കണ്ണനും ഞാനുമൊക്കെ സമരവഴിയില്‍ തന്നെയായിരുന്നു. ഓരോ വഴികള്‍ക്കും അതിന്റേതായ പ്രധാന്യമുണ്ട്. ഞങ്ങള്‍ ഒരുക്കിയെടുത്ത മണ്ണില്‍ പുതിയ തലമുറ, തെറ്റില്ലാതെ തന്നെയാണ് മുന്നോട്ടുപോവുന്നത്. അവര്‍ക്ക് ശക്തി പകരുന്നതിന് പകരം പിന്നില്‍ നിന്ന് കുത്തി വീഴ്ത്താന്‍ ശ്രമിക്കരുത്. മണ്ടോടിക്കണ്ണന്‍ വരച്ച അരിവാള്‍ ചുറ്റികയുടെ ചോര ചുവപ്പ് അങ്ങനെയൊന്നും ഇല്ലാതാക്കാന്‍ സാധിക്കില്ല. അതിന് നിറം പകരാന്‍ അനേകം ധീരരായ കമ്യൂണിസ്റ്റുകള്‍ ഈ നാട്ടിലുണ്ട്. കൈയടി ആഗ്രഹിക്കാത്ത, ക്യാമറക്കണ്ണില്‍ അഭിരമിക്കാത്ത, പാര്‍ലമെന്ററി വ്യാമോഹമില്ലാത്ത ലക്ഷക്കണക്കിന് ആളുകള്‍. അവരുടെ നാളെയുടെ ശോഭ കെടുത്തരുത്. ഈ വയസാം കാലത്ത് അതിലാണ് വി എസ് ശ്രദ്ധിക്കേണ്ടത്.

കോടതിവിധിയെ സ്വാധീനിക്കാനാണ് വി എസ്, ആവനാഴിയില്‍ നിന്ന് ഈ അസ്ത്രം പ്രയോഗിച്ചത് എന്ന് പലരും പറയുന്നുണ്ട്. പക്ഷെ, ഞാന്‍ അത് വിശ്വസിക്കുന്നില്ല. കുറ്റബോധം കൊണ്ടാവും വി എസ് അത് പറഞ്ഞത് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

 

തയ്യാറാക്കിയത് : ടി കെ മോഹനന്‍

 

21-Jan-2014

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More