തീയില്‍ കുരുത്തത് വെയിലേറ്റ് വാടില്ല
പി എം മനോജ്
കേരളത്തിലെ ആര്‍എസ്എസിന്റെ മുഖ്യ ശത്രുപ്പട്ടികയിലേക്ക് ജയരാജനെ കയറ്റിവയ്ക്കുകയും കൊല്ലാന്‍ ആളെ വിടുകയും ചെയ്തവര്‍ ദൌത്യനിര്‍വഹണത്തിന് ഒടുവില്‍ നിയോഗിച്ചത്, ഒരു സ്വയംസേവകന്‍തന്നെ നേതൃത്വംനല്‍കുന്ന സിബിഐ സംഘത്തെയായതിന്റെ കാരണവും മറ്റൊന്നല്ല. ആ സംഘത്തലവനെ കൊച്ചിയിലെ കാര്യാലയത്തില്‍ വിളിച്ചുവരുത്തി സംഘകാര്യകര്‍ത്താക്കള്‍ നേരിട്ട് നിര്‍ദേശം നല്‍കുന്നതുവരെ എത്തി കാര്യങ്ങള്‍. ജയരാജനെ കുറെ ദിവസം ജയിലിലും ആശുപത്രിയിലും കിടത്തുകയും അസുഖം വകവയ്ക്കാതെ പീഡിപ്പിക്കുകയും ചെയ്തതില്‍ ആശ്വസിക്കുകയാണിപ്പോള്‍ ആര്‍എസ്എസ്. അത്രയേ അവര്‍ക്കു കഴിയൂ. എല്ലാ സത്യവും എക്കാലത്തേക്കും മൂടിവച്ച് ജനങ്ങളുടെ യുക്തിബോധത്തില്‍ ചവിട്ടി ഓംകാളി മുഴക്കാനുള്ള വ്യാമോഹം നടപ്പില്ല. അതാണ് ഇന്നത്തെ കോടതിവിധിയില്‍ തെളിഞ്ഞത്. |
പി ജയരാജനെ തകര്‍ത്തുകളയാമെന്നാണ് ആര്‍എസ്എസ് കരുതിയത്. 1999ലെ തിരുവോണനാളില്‍ പൂര്‍ത്തീകരിക്കാനാകാതിരുന്ന ദൌത്യം സിബിഐയിലൂടെ പൂര്‍ത്തിയാക്കാനാണ് തുനിഞ്ഞിറങ്ങിയത്. നിയമസംഹിതയെയും ജനങ്ങളുടെ നീതിബോധത്തെയും യുക്തിയെയും തകര്‍ത്തെറിഞ്ഞ് ഒരു കേസ് കെട്ടിച്ചമച്ച്, കരിനിയമത്തിന്റെ ബലത്തില്‍ തുറുങ്കിലടച്ച് നശിപ്പിക്കാനാണ് ശ്രമിച്ചത്. അതിന് ആദ്യത്തെ പ്രഹരം തലശേരി കോടതിയില്‍നിന്ന് കിട്ടി. ജയരാജനെതിരായി എന്തു തെളിവാണുള്ളതെന്ന ചോദ്യത്തിനുമുമ്പില്‍ സിബിഐ കോടതിയില്‍ വിയര്‍ത്തപ്പോള്‍ വിളറിയത് ആര്‍എസ്എസിന്റെ മുഖമാണ്.
കാരായി രാജനെയും ചന്ദ്രശേഖരനെയും നാടുകടത്തിയതിന്റ മാതൃക സിബിഐക്കു മുന്നിലുണ്ട്. ഫസല്‍ കേസില്‍ ഈ രണ്ടുപേര്‍ക്കെതിരെയും ഒരു തെളിവും കിട്ടിയിട്ടില്ല. നശിപ്പിക്കാന്‍ എന്തു തെളിവാണുള്ളതെന്ന ചോദ്യത്തിന് ഉത്തരവുമില്ല. എന്നാല്‍, പ്രോസിക്യൂഷന്‍ ഏജന്‍സിയുടെ അധികാരമുപയോഗിച്ച്, രണ്ടു നേതാക്കളെയും പിറന്ന മണ്ണില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് മാറ്റിനിര്‍ത്താന്‍ സിബിഐക്ക് കഴിയുന്നു. അതുപോലെ പി ജയരാജനെ മാറ്റിനിര്‍ത്തിയാല്‍ കണ്ണൂര്‍ ജില്ലയില്‍ സിപിഐ എമ്മിനെ തളര്‍ത്താനും കേരളത്തിലാകെ സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്താനും കഴിയുമെന്ന് ആര്‍എസ്എസ് കരുതി. അങ്ങനെയാണ്, കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെ പ്രതിയാക്കിയത്.
സിബിഐ ആയുധമായതേ ഉള്ളൂ. എല്ലാം തീരുമാനിച്ചത് ആര്‍എസ്എസാണ്. യുഎപിഎ ചുമത്തി ജയരാജനെ ദീര്‍ഘകാലം ജയിലിലിട്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവര്‍ത്തനം അസാധ്യമാക്കാന്‍ തീരുമാനിച്ചത് ആര്‍എസ്എസിന്റെ കേന്ദ്രനേതൃത്വംതന്നെയാണ്. ആ തീരുമാനം പ്രഖ്യാപിക്കാന്‍ സര്‍സംഘചാലക് മോഹന്‍ ഭാഗവത് കണ്ണൂരില്‍ നേരിട്ടെത്തി. ജയരാജനെ പ്രതിചേര്‍ക്കണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് നിവേദനം നല്‍കിയത് ആ സംഘടനയുടെതന്നെ നേതാവിനാണ്. ഭാഗവതിന്റെ ആജ്ഞ അനുസരിക്കാന്‍ ബാധ്യതപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ സിബിഐക്ക് കൃത്യമായ നിര്‍ദേശമാണ് നല്‍കിയത്. അറസ്റ്റ് ചെയ്യുക, യുഡിഎഫ് സര്‍ക്കാര്‍ തരപ്പെടുത്തിയ യുഎപിഎ ഉപയോഗിച്ച് അനിശ്ചിതമായി ജയിലില്‍ അടയ്ക്കുക. ഇപ്പോള്‍, ഉപാധികളോടെയാണെങ്കിലും ജാമ്യം അനുവദിച്ചത് സിബിഐ–ആര്‍എസ്എസ് ഗൂഢനീക്കത്തിനേറ്റ തിരിച്ചടിയാണ് എന്നു പറഞ്ഞാല്‍ പൂര്‍ണമാകില്ല. ആര്‍എസ്എസുമായിചേര്‍ന്ന് സിപിഐ എമ്മിനെ വേട്ടയാടാന്‍ ഇറങ്ങിപ്പുറപ്പെട്ട കേരളത്തിലെ യുഡിഎഫ് ഭരണത്തിനേറ്റ തിരിച്ചടികൂടിയാണത്.
വിചിത്രമായ കണ്ടെത്തലുകളാണ് ജയരാജനെ കുരുക്കാന്‍ സിബിഐ നടത്തിയത്. ഒന്നാംപ്രതി വിക്രമനുമായി ജയരാജന് അടുത്ത ബന്ധമുണ്ടായിരുന്നെന്നും വിക്രമനെ മദ്യപാനവിമുക്തനാക്കി കൊണ്ടുവന്ന് മനോജിനെ കൊല്ലാനുള്ള പദ്ധതിയുണ്ടാക്കിയെന്നുമാണ് ആരോപിച്ചത്. അതിന് എന്താണ് തെളിവ്? ഏഴ് വാള്യങ്ങളുള്ള കേസ് ഡയറി തലശേരി സെഷന്‍സ് ജഡ്ജി അനില്‍കുമാര്‍ വിശദമായി പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. കേസില്‍ 212 സാക്ഷികളെ സിബിഐ ഹാജരാക്കി. അതില്‍ ഒരാള്‍പോലും ജയരാജന് ഈ സംഭവത്തില്‍ പങ്കുണ്ടെന്ന് മൊഴി നല്‍കിയിട്ടില്ല. പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട കതിരൂര്‍ മനോജ്. ആ വൈരാഗ്യംകൊണ്ടാണ് ജയരാജന്‍ മനോജിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതെന്നും സിബിഐ ആരോപിച്ചു. പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ആര്‍എസ്എസിന്റെ ജില്ലാ കാര്യവാഹക് വി ശശിധരന്‍ ഈ കേസില്‍ ഒന്നാംസാക്ഷിയാണ്.
ആ ഒന്നാംസാക്ഷിപോലും സിബിഐ ആരോപണം ശരിവച്ചിട്ടില്ല. ആരോപണം സാധൂകരിക്കുന്ന ഒരു തെളിവുമില്ലാതെ എന്തിനായിരുന്നു അറസ്റ്റും പീഡനവും? ജയരാജനെ അറസ്റ്റ്ചെയ്താല്‍ വന്‍ പ്രതിഷേധമുയരുമെന്നും സിപിഐ എമ്മിനെ അക്രമരാഷ്ട്രീയക്കാരായി ചിത്രീകരിക്കാന്‍ വേണ്ടതൊക്കെ അതില്‍ നിന്ന് കിട്ടുമെന്നും ആര്‍എസ്എസ് കരുതിയിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നേരത്തെ, കള്ളസാക്ഷികളെയും വ്യാജ തെളിവുകളും നിരത്തി ജയരാജനെ ഷുക്കൂര്‍ കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍, കണ്‍മുന്നിലെ അനീതിയും അന്യായവും കണ്ടുനില്‍ക്കാനാകാതെ ജനങ്ങള്‍ പ്രതികരിച്ചതാണ്. ആ പ്രതിഷേധവും സിപിഐ എം വേട്ടയ്ക്കുള്ള അവസരമായി യുഡിഎഫ് ഉപയോഗിച്ചതുമാണ്. ഷുക്കൂര്‍ കേസില്‍ ഒടുവില്‍ സാക്ഷികള്‍ തുറന്നുപറഞ്ഞു–തങ്ങള്‍ പറഞ്ഞത് കള്ളമാണെന്ന്.
ജയരാജനും ടി വി രാജേഷിനുമെതിരായ കേസ് പൊളിഞ്ഞു. പക്ഷേ വ്യാജപ്രചാരണത്തിന്റെയും കള്ളക്കേസിന്റെയും ആ മാതൃക ആര്‍എസ്എസ് കടമെടുത്തു. അതിന് യുഡിഎഫ് പിന്നെയും കൂട്ടുനിന്നു. ഇത്തവണ ജയരാജനെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുമ്പോള്‍ പാര്‍ടി അണികളും അനുഭാവികളും പ്രതിഷേധിച്ചു–വികാരം കടിച്ചമര്‍ത്തി. ബോധപൂര്‍വം പ്രകോപനമുണ്ടാക്കി അക്രമാസക്തമായ പ്രതിഷേധം ക്ഷണിച്ചുവരുത്താനുള്ള ആര്‍എസ്എസ് മോഹം അപ്പോഴേ പൊലിഞ്ഞു.
അടുത്തഘട്ടം പീഡനത്തിന്റേതായി. ജയരാജനെ ഒരുദിവസമെങ്കിലും സ്വന്തം കസ്റ്റഡിയില്‍ കിട്ടണമെന്ന് സിബിഐക്ക് നിര്‍ബന്ധം. ആശുപത്രിയില്‍ കിടത്തി ചികിത്സിക്കുന്നതില്‍ അസഹിഷ്ണുത. വിദഗ്ധചികിത്സയ്ക്കും പരിശോധനയ്ക്കും അയക്കുന്നതിന് വിമുഖത. ജയില്‍ സൂപ്രണ്ടിനെ ഉപയോഗിച്ച് നിരന്തരപ്രകോപനം. ആശുപത്രിയിലേക്കയച്ച ആംബുലന്‍സ് അപകടപ്പെടുന്ന നിലവരെ ഉണ്ടായി. ഈ സമയത്ത്, ജയരാജന്‍ കൊല്ലപ്പെടേണ്ടവനും ചികിത്സ അര്‍ഹിക്കാത്തവനുമാണെന്ന ആര്‍എസ്എസ് പ്രചാരണം ആസൂത്രിതമായി അരങ്ങേറി. കണ്ണൂര്‍ ജില്ലയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ടിയുടെ സെക്രട്ടറിയായ, മൂന്നുവട്ടം ജനപ്രതിനിധിയായ, സാന്ത്വനപരിചരണമടക്കമുള്ള സാമൂഹികവിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന, ജനലക്ഷങ്ങളുടെ പ്രിയങ്കരനായ ജയരാജനെ ഇല്ലാതാക്കാനുള്ള ഈ ആസൂത്രിതനീക്കത്തിന് ആര്‍എസ്എസിന് താങ്ങുംതണലുമായത് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരാണ്. സംസ്ഥാനരാഷ്ട്രീയത്തില്‍ ദൃഢപ്പെടുന്ന കോണ്‍ഗ്രസ്–ആര്‍എസ്എസ് ബന്ധത്തിന്റെ ദൃഷ്ടാന്തംകൂടിയാണ് ഈ അനുഭവം.
മനോജ് വധക്കേസില്‍ അന്വേഷണം ആരംഭിച്ചിട്ട് രണ്ടുവര്‍ഷമായി. ഒരു ഘട്ടത്തിലും പി ജയരാജന്‍ അന്വേഷണവുമായി നിസ്സഹകരിച്ചിട്ടില്ല. ആര്‍എസ്എസ് തീരുമാനം നടപ്പാക്കാന്‍ ജയരാജനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ സിബിഐ പദ്ധതി തയ്യാറാക്കിയപ്പോഴാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ആ അപേക്ഷ കോടതി പരിഗണിച്ചപ്പോള്‍ സിബിഐ പറഞ്ഞു, ജയരാജന്‍ പ്രതിയല്ലെന്ന്. സിബിഐ ജുഡീഷ്യല്‍ കസ്റ്റഡിയിലും അല്ലാതെയും ജയരാജനെ ചോദ്യംചെയ്തതാണ്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മൂന്നുദിവസമാണ് ചോദ്യംചെയ്തത്. അതിന് ശേഷം ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോഴും സിബിഐ വാദിച്ചത് ഇനിയും തെളിവ് ശേഖരിക്കാനുണ്ടെന്നാണ്. രണ്ടുവര്‍ഷമായിട്ടും തെളിവ് ശേഖരണം കഴിഞ്ഞില്ലേ എന്ന് ഈ ഘട്ടത്തിലാണ് കോടതി ചോദിച്ചത്.
ഈ ജാമ്യം കേസിന്റെ അന്ത്യമല്ല. ജുഡീഷ്യറിയുടെ ആദ്യപരിശോധനയില്‍ത്തന്നെ, ജയരാജനെതിരെ ഒരു തെളിവും കാണാനായില്ല എന്നതാണ് ജാമ്യഹര്‍ജിയിലെ വിധി വ്യക്തമാക്കുന്നത്. ആര്‍എസ്എസ് അടങ്ങി നില്‍ക്കും എന്ന് ആരും കരുതുന്നില്ല. മോഡി പ്രഭാവത്തിന്റെയും അധികാരത്തിന്റെയും ഗര്‍വ്വില്‍ രാഷ്ട്രീയ എതിരാളികളെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച സംഘപരിവാറിന് ജയരാജന്റെയും സിപിഐ എമ്മിന്റെയും രക്തമാണ് വേണ്ടത്.
ചതിക്കുഴികളൊരുക്കി സദാ ഉണര്‍ന്നിരിക്കുന്ന അവരുടെ കൈകളിലേക്ക് സിപിഐ എം പ്രവര്‍ത്തകരെ തള്ളിയിട്ടുകൊടുക്കാന്‍ സന്നദ്ധമായി നില്‍ക്കുന്ന യുഡിഎഫും മോഹം ഉപേക്ഷിക്കുമെന്ന് ആരും തെറ്റിദ്ധരിക്കുന്നില്ല. ആര്‍എസ്എസിലേക്ക് ജനങ്ങള്‍ പ്രവഹിക്കുന്നു എന്ന വ്യാജ കഥകള്‍ കേരളത്തില്‍ തകര്‍ന്നടിഞ്ഞത് കണ്ണൂര്‍ ജില്ലയിലെ ഏതാനും സംഭവങ്ങളോടെയാണ്. സംഘപരിവാറിലെ ജീര്‍ണത പൊട്ടിയൊലിച്ചപ്പോള്‍, അവിടെനിന്ന് കൂട്ടക്കൊഴിഞ്ഞുപോക്കുണ്ടായി. എക്കാലത്തും സംഘത്തെ മുന്നില്‍നിന്ന് നയിച്ച മുതിര്‍ന്ന നേതാക്കള്‍ കാവിക്കൊടിയും വര്‍ഗീയതയുടെ രാഷ്ട്രീയവും താഴെവച്ച് മനുഷ്യത്വത്തിന്റെ കൊടി പിടിച്ചു. നരക സാകേതത്തിന്റെ ഉള്ളറരഹസ്യങ്ങളുമായി സ്വയംസേവകര്‍ തന്നെ പുറത്തുവന്നു. ബലിദാനികുടുംബങ്ങളെ വഞ്ചിച്ചുപോലും സ്വാര്‍ഥനേട്ടമുണ്ടാക്കിയ നേതൃത്വത്തിന്റെ മുഖംമൂടികള്‍ അനാവൃതമായി. ശത്രുത ആളിക്കത്തിക്കാനുള്ള കാരണങ്ങള്‍ ഇതൊക്കെയാണ്.
കേരളത്തിലെ ആര്‍എസ്എസിന്റെ മുഖ്യ ശത്രുപ്പട്ടികയിലേക്ക് ജയരാജനെ കയറ്റിവയ്ക്കുകയും കൊല്ലാന്‍ ആളെ വിടുകയും ചെയ്തവര്‍ ദൌത്യനിര്‍വഹണത്തിന് ഒടുവില്‍ നിയോഗിച്ചത്, ഒരു സ്വയംസേവകന്‍തന്നെ നേതൃത്വംനല്‍കുന്ന സിബിഐ സംഘത്തെയായതിന്റെ കാരണവും മറ്റൊന്നല്ല. ആ സംഘത്തലവനെ കൊച്ചിയിലെ കാര്യാലയത്തില്‍ വിളിച്ചുവരുത്തി സംഘകാര്യകര്‍ത്താക്കള്‍ നേരിട്ട് നിര്‍ദേശം നല്‍കുന്നതുവരെ എത്തി കാര്യങ്ങള്‍. ജയരാജനെ കുറെ ദിവസം ജയിലിലും ആശുപത്രിയിലും കിടത്തുകയും അസുഖം വകവയ്ക്കാതെ പീഡിപ്പിക്കുകയും ചെയ്തതില്‍ ആശ്വസിക്കുകയാണിപ്പോള്‍ ആര്‍എസ്എസ്. അത്രയേ അവര്‍ക്കു കഴിയൂ. എല്ലാ സത്യവും എക്കാലത്തേക്കും മൂടിവച്ച് ജനങ്ങളുടെ യുക്തിബോധത്തില്‍ ചവിട്ടി ഓംകാളി മുഴക്കാനുള്ള വ്യാമോഹം നടപ്പില്ല. അതാണ് ഇന്നത്തെ കോടതിവിധിയില്‍ തെളിഞ്ഞത്.
24-Mar-2016
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍