ഇ എം എസ് മന്ത്രിസഭയുടെ അറുപതാം വാര്‍ഷികം

ജനക്ഷേമകരമായ വികസന പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ടു പോകുമ്പോള്‍ എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തവും അര്‍ത്ഥപൂര്‍ണമായ പിന്തുണയും സര്‍ക്കാരിന് ആവശ്യമാണ്. പിന്നിട്ട ആറുപതിറ്റാണ്ടിലെ അനുഭവങ്ങളില്‍നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നമുക്കു മുന്നേറാം. പിന്നിട്ടതു ചെറിയൊരു കാലയളവു മാത്രമാണ്. അനന്തമായ വഴിയാണു നമുക്കു മുന്നിലുള്ളത്. അതിലൂടെ തടസങ്ങളും ഇടര്‍ച്ചകളുമില്ലാതെ മുന്നേറാന്‍ നമുക്കാകണം. അതിനായി പ്രതിജ്ഞ പുതുക്കാനുള്ള അവസരമാണ് ആദ്യകേരള മന്ത്രിസഭയുടെ വാര്‍ഷികം ആഘോഷിക്കുന്ന ഈ അവസരം. കൂടുതല്‍ തുല്യതയുള്ള, കൂടുതല്‍ വികസനമുള്ള, കൂടുതല്‍ സമാധാനമുള്ള, കൂടുതല്‍ കെട്ടുറപ്പുള്ള, കൂടുതല്‍ മതനിരപേക്ഷവും സ്വതന്ത്രവുമായ, കൂടുതല്‍ ജനാധിപത്യം പുലരുന്ന കേരളത്തിനായി നമുക്കു സ്വയം പുനരര്‍പ്പിക്കാം. ആദ്യകേരള സര്‍ക്കാരിനെ നയിച്ച ഇ എം എസ് അടക്കമുള്ള മഹാരഥന്മാരുടെ ആഗ്രഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും ഒപ്പം ഒരു നവകേരള നിര്‍മ്മിതിക്കായി നമുക്ക് മുന്നേറാം.

ഐക്യകേരളത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് ലോക ചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടതാണ്. കേരളജനത ആവേശത്തോടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വാരിപ്പുണരുന്നതായിരുന്നു 1957ലെ ആ തിരഞ്ഞെടുപ്പ് ചിത്രം.

ഭാഷ മുതല്‍ വേഷം വരെയും തൊഴില്‍ മുതല്‍ ആഹാരം വരെയും ആരാധന മുതല്‍ അദ്ധ്വാന രീതി വരെയും വൈവിധ്യങ്ങളേറെയുള്ള ഒരു രാജ്യത്തിലെ ഒരു ചെറിയ ഭൂഭാഗത്തിന്റെ മാത്രം ഭരണം കയ്യാളുന്ന അവസ്ഥ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മുന്നില്‍ ഒരു ചോദ്യചിഹ്നമായി ഉയര്‍ന്നുവന്നു. അതിന് ഉത്തരം കണ്ടെത്തലായിരുന്നു ഇ എം എസ് മന്ത്രിസഭ നേരിട്ട രാഷ്ട്രീയ സമസ്യ. തൊഴിലാളിവര്‍ഗത്തിന്റെ വിപ്ലവ വിജയത്തിലൂടെ അധികാരത്തിലെത്തിയ ചരിത്രമേ അതുവരെയുള്ള കമ്മ്യൂണിസ്റ്റ് ചരിത്രത്തിലുണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ 57 ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പുതിയ ചരിത്രമെഴുതുകയായിരുന്നു. ഒരു വിധത്തില്‍ പറഞ്ഞാല്‍ മുതലാളിത്തം പക്വമായ ബ്രിട്ടനിലാവും വിപ്ലവം ആദ്യം ഉണ്ടാവുക എന്ന പ്രതീക്ഷയ്ക്ക് വിരുദ്ധമായി സാധാരണക്കാരുടെയും കര്‍ഷകരുടെയും മുന്നേറ്റത്തിലൂടെ വിപ്ലവം റഷ്യയില്‍ സംഭവിച്ചതുപോലെ പുതിയ സാഹചര്യത്തെ നേരിടുന്നതില്‍ കേരളവും ഇവിടുത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പുതിയ പാഠം തീര്‍ക്കുകയായിരുന്നു.

പൂര്‍വ മാതൃകകളില്ലാത്ത ഒരനുഭവമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ അന്ന് അഭിമുഖീകരിച്ചത്. തങ്ങളുടെ താല്പര്യത്തിനൊത്തതല്ലാത്ത ഒരു ഭരണഘടനയ്ക്ക് കീഴില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒന്നും ചെയ്യാനില്ല എന്ന നിലപാടോ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് പരിഹാരം കാണാം എന്ന നിലപാടോ അല്ല 57 ലെ മന്ത്രിസഭ കൈക്കൊണ്ടത്. പരിമിതികള്‍ക്കുള്ളില്‍ നിന്ന് ജനങ്ങളെ തുണയ്ക്കുക, അവശേഷിക്കുന്ന പ്രശ്‌നങ്ങളില്‍ അവര്‍ക്കൊപ്പം നിന്ന് പോരാടുക എന്നതായിരുന്നു നിലപാട്. ആ അര്‍ഥത്തില്‍ 1957 സൃഷ്ടിച്ചത് ശരിയായ ഒരു മാതൃക തന്നെയാണ്. പൂര്‍വമാതൃകകളില്ലാത്ത പുതിയ രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞു വരുമ്പോള്‍ മാര്‍ക്‌സിസം - ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ അതിനെ വിലയിരുത്തി പ്രവര്‍ത്തിക്കണം എന്ന തത്വത്തിന്റെ ഉജ്ജ്വലമായ പ്രയോഗമായിരുന്നു അത്.

ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മാത്രമല്ല ലോകജനതയാകെത്തന്നെ ആ മന്ത്രിസഭയെ സൂക്ഷ്മമായി നിരീക്ഷിച്ചു. ആ മന്ത്രിസഭ എന്താണ് ചെയ്യുന്നതെന്ന് കമ്മ്യൂണിസത്തിന്റെ സുഹൃത്തുക്കളും ശത്രുക്കളും ഉറ്റുനോക്കി. അത് ലോകകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അഭിമാനകരമായി തോന്നിയെങ്കിലും അക്കാലത്തു തന്നെ ഇടതുപക്ഷത്തിന്റെ ശത്രുക്കളുടെ ഉറക്കം കെടുത്തി. അതിന്റെ അനന്തരഫലമാണ് കുപ്രസിദ്ധമായ വിമോചന സമരം. ഭരണം തുടങ്ങുമ്പോള്‍ ഉണ്ടായിരുന്ന പിന്തുണ അവസാനം വരെ തുടര്‍ന്നുവെങ്കിലും, കൃത്യമായ ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും ഭരണഘടനയുടെ 356 എന്ന വകുപ്പുപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ആ മന്ത്രിസഭയെ പിരിച്ചുവിടുകയാണ് ചെയ്തത്. ഏറ്റവും വലിയ ജനാധിപത്യ വാദിയെന്ന് എല്ലാവരാലും പാടിപ്പുകഴ്ത്തപ്പെട്ട ജവഹര്‍ലാല്‍ നെഹ്രുവിന്റെ വ്യക്തിത്വത്തില്‍ വലിയൊരു കളങ്കമായി ആ നടപടി അവശേഷിക്കുന്നു എന്ന് മാത്രമല്ല, ഏറ്റവും വലിയ ജനാധിപത്യരാജ്യമായി വ്യവഹരിക്കപ്പെടുന്ന ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ വിരുദ്ധതയായും ചരിത്രം അതിനെ രേഖപ്പെടുത്തുന്നു. ഒരു വശത്ത് സാമുദായികനാടുവാഴിത്ത ശക്തികളും മറുവശത്ത് കോണ്‍ഗ്രസും ഇനിയുമൊരുവശത്ത് സി ഐ എ യും ഒക്കെ ചേര്‍ന്നുണ്ടാക്കിയ കുത്തിത്തിരുപ്പുകളാണ് 'വിമോചന'സമരമായി രൂപപ്പെട്ടത്.

1959 ല്‍ ആദ്യ കേരള സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടപ്പോള്‍ കോണ്‍ഗ്രസ്സിന്റെ ജനാധിപത്യ പൊയ്മുഖമാണ് അഴിഞ്ഞു വീണത്. ഇന്ത്യന്‍ ഭരണ വര്‍ഗത്തിന്റെ ജനാധിപത്യ പ്രഖ്യാപനങ്ങളുടെ കാപട്യം ഇന്ത്യയിലെ ജനങ്ങളെയാകെയും ലോകജനതയെയും ബോധ്യപ്പെടുത്താനായി എന്നതാണ് ആ പിരിച്ചുവിടല്‍ കൊണ്ടുണ്ടായ നേട്ടം.

ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാന ചരിത്രത്തിലെ ഒരു നവ്യാനുഭവമായിരുന്നു കേരളത്തിലെ ആദ്യ മന്ത്രിസഭ. ബൂര്‍ഷ്വാ പാര്‍ലമെന്ററി വ്യവസ്ഥയില്‍ ആദ്യമായി അധികാരം ലഭിച്ച ആദ്യ മന്ത്രിസഭ. കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലല്ലാതെ രൂപപ്പെട്ട ഒരു ഭരണഘടനയാല്‍ നിയന്ത്രിതമായ ഒരു രാജ്യത്ത്; അതും അതിന്റെ ചെറിയൊരു കോണില്‍ മാത്രം കമ്മ്യൂണിസ്റ്റുകാരുടെ ഭരണം. ലോക കമ്മ്യൂണിസ്റ്റ് ചരിത്രത്തിലാകമാനം നോക്കിയാലും അങ്ങനെയൊരനുഭവം മുന്‍പുണ്ടായിട്ടില്ല. മാതൃകകള്‍ ഉണ്ടായിരുന്നില്ല എന്നര്‍ത്ഥം.

ആദ്യ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കേരളം നാടുവാഴിത്തത്തിന്റെയും കൊളോണിയലിസത്തിന്റെയും സാമൂഹ്യദുരന്തങ്ങള്‍ പേറുന്ന ഒരിടമായിരുന്നു. എഴുതപ്പെട്ട ഒരു ഭരണഘടനയുണ്ടായിരുന്നിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ അന്ന്, പാവപ്പെട്ടവര്‍ക്കും അധഃസ്ഥിതര്‍ക്കും എന്തിന് ഇടത്തരക്കാര്‍ക്കുപോലും ലഭ്യമായിരുന്നില്ല. കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന ആ വിഭാഗത്തെ ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷണവലയത്തില്‍ കൊണ്ടുവരികയാണ് സര്‍ക്കാര്‍ ആദ്യം ചെയ്തത്. അവരുടെ ജീവല്‍പ്രശ്‌നങ്ങള്‍ക്ക് ഭരണഘടനയുടെ പരിമിതികള്‍ക്കകത്തു നിന്ന് കഴിയാവുന്ന പരിഹാരം കാണാനാണ് ശ്രമിച്ചത്.

സര്‍ക്കാരിന്റെ ഒന്നാമത്തെ ഓര്‍ഡിനന്‍സ് കുടിയൊഴിപ്പിക്കല്‍ തടയുന്നതായിരുന്നു. കേരളത്തിലെ ജന്മിത്ത വ്യവസ്ഥയുടെ തലയ്ക്ക് കിട്ടിയ അടിയായിരുന്നു അത്. തലമുറകളായി പണിയെടുത്തുകഴിയുന്ന മണ്ണില്‍ നിന്ന് കുടിയാന്മാരെ രായ്ക്കുരാമാനം ഇറക്കിവിടാനുള്ള ദൈവദത്തം എന്ന് ജന്മിമാര്‍ കരുതിയിരുന്ന അധികാരമാണ് ആ ഒറ്റ ഓര്‍ഡിനന്‍സോടെ ഇല്ലാതായത്. ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തനം വ്യവസ്ഥാപിത ഭരണ വ്യവസ്ഥയ്ക്ക് സങ്കല്‍പ്പിക്കാന്‍ കൂടി കഴിയുമായിരുന്ന ഒന്നല്ല. ഓര്‍ഡിനന്‍സ് പിന്നീട് നിയമനിര്‍മ്മാണത്തിലൂടെ യഥാര്‍ഥ്യമാക്കുകയും ചെയ്തു ആ സര്‍ക്കാര്‍. എന്തൊക്കെ പ്രതിസന്ധികള്‍ ഉണ്ടായാലും അദ്ധ്വാനിക്കുന്നവര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ എന്നതിന്റെ പ്രഖ്യാപനമായിരുന്നു അത്.

വിദ്യാഭ്യാസ നിയമമാണ് പ്രധാനപ്പെട്ട മറ്റൊന്ന്. സ്‌കൂളുകള്‍ തോന്നിയതുപോലെ നടത്തുകയും ഇഷ്ടമുള്ളപ്പോള്‍ അധ്യാപകരെ പിരിച്ചുവിടുകയും ഒപ്പിട്ടു കൊടുക്കുന്ന തുക ശമ്പളമായി നല്‍കാതിരിക്കുകയും ഒക്കെയാണ് നടന്നിരുന്നത്. ഇതെല്ലം മാറ്റുകയും അധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ കൊണ്ടുവരികയും സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തന രീതി ഉണ്ടാക്കുകയും ചെയ്തു വിദ്യാഭ്യാസ ബില്‍. അധ്യാപകരെ ആത്മാഭിമാനമുള്ള സമൂഹമാക്കി മാറ്റി.

ചരിത്രം കുറിച്ച മറ്റൊരു തീരുമാനം തൊഴില്‍ സമരങ്ങളില്‍ പൊലീസ് ഇടപെടില്ല എന്നതായിരുന്നു. തൊഴില്‍ ഉടമയുടെ ഗുണ്ടാ സേനയെപ്പോലെ തൊഴിലാളികളെയും അവരുടെ സമരങ്ങളെയും അടിച്ചമര്‍ത്തിയിരുന്ന പൊലീസിന്റെ കിരാത വാഴ്ചയ്ക്ക് അറുതിവരുത്തുകയായിരുന്നു സര്‍ക്കാര്‍ ഈ തീരുമാനത്തലൂടെ ചെയ്തത്.
സര്‍ക്കാര്‍ നിയമനങ്ങള്‍ നടത്താനുള്ള പബ്ലിക് സര്‍വീസ് കമ്മീഷന്‍ സംവിധാനം മുതല്‍ അധികാര വികേന്ദ്രീകരണത്തിനായുള്ള നിലപാടുകള്‍ വരെ 57 ലെ മന്ത്രിസഭയുടെ സംഭാവനകളാണ്. ജാതി, ജന്മി,നാടുവാഴിത്ത ചട്ടക്കൂടില്‍ കഴിഞ്ഞിരുന്ന കേരളത്തെ ആധുനിക ജനാധിപത്യ മൂല്യങ്ങള്‍ക്കൊത്ത് പുതുക്കിപ്പണിയാനുള്ള ആദ്യശ്രമങ്ങളായിരുന്നു ആ സര്‍ക്കാരിന്റെ എല്ലാ നടപടികളും. സാമൂഹ്യക്ഷേമ നിലവാരം ഉയര്‍ത്തുകയും താല്‍ക്കാലികാടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനൊപ്പം ദീര്‍ഘകാല വികസന പദ്ധതികളും ഒരുമിച്ചു കൊണ്ടുപോകുന്ന ഒരു കാഴ്ചപ്പാടായിരുന്നു ആ സര്‍ക്കാര്‍ മുന്നോട്ടു വച്ചത്. പില്‍ക്കാലത്ത് ലോകം ശ്രദ്ധിച്ച മഹത്തായ കേരളാമോഡല്‍ വികസനത്തിന്റെ നേരവകാശികള്‍ 57 ലെ സര്‍ക്കാരാണ്.

കേരളത്തിലെ കമ്യൂണിസ്റ്റ്ഭരണത്തിന്റെ വിജയം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കമ്യൂണിസ്റ്റ്പാര്‍ടിയുടെ മുന്നേറ്റത്തിലേക്ക് നയിച്ചേക്കുമോ എന്ന ഭയമായിരുന്നു അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ ശക്തികള്‍ക്ക്. ഇതേസമയത്ത് തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍വന്ന മൂന്നാം ലോക രാജ്യങ്ങളിലെ എല്ലാ ഇടതുപക്ഷ സര്‍ക്കാരുകളെയും രാഷ്ട്രീയവും സൈനികവുമായ ഇടപെടലുകളിലൂടെ അമേരിക്ക അട്ടിമറിക്കുകയുണ്ടായി. കേരളം മാത്രം ഈയൊരു പ്രവണതയ്ക്ക് അപവാദമാകുന്നതെങ്ങനെ? ആഗോള ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തിലേ കേരളത്തിലെ വിമോചന സമരത്തെ മനസ്സിലാക്കാനാകൂ.

വിമോചനസമരത്തിനു പിന്നില്‍ കമ്യൂണിസ്റ്റ് വിരുദ്ധ വിദേശ ശക്തികളുടെ ആസൂത്രിതമായ ഇടപെടല്‍ ഉണ്ടായിരുന്നു എന്നത് അസന്ദിഗ്ധമായി തെളിഞ്ഞു. കേരളത്തിലെ സ്ഥിതിഗതികളെ തുടര്‍ച്ചയായി അമേരിക്കന്‍ സുരക്ഷാ കൗണ്‍സിലിന്റെ ഏറ്റവും ഉന്നത തലങ്ങളില്‍ അവലോകനം ചെയ്യപ്പെട്ടിരുന്നതും . കേരളത്തിലെ പ്രക്ഷോഭത്തിന് സിഐഎ പണം നല്‍കി സഹായിച്ചതും പില്‍ക്കാലത്ത് സംശയരഹിതമായി പുറത്തു വന്നിട്ടുള്ളതാണ്.

57 ലെ സര്‍ക്കാര്‍ തുടങ്ങിവച്ച മുന്നേറ്റം തടസ്സങ്ങള്‍ തകര്‍ത്ത് തുടരാന്‍ കേരള ജനത തിരഞ്ഞെടുത്ത ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ശക്തമായി മുന്നോട്ടു പോകുകയാണ്. ഐക്യകേരളത്തിന്റെ വജ്രജൂബിലി ആഘോഷിക്കുന്ന ഈ കാലയളവില്‍ ആദ്യ കേരള സര്‍ക്കാരിന്റെ മാതൃക പിന്തുടര്‍ന്ന് ഒരു നവകേരള നിര്‍മ്മിതിക്കാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സമ്പൂര്‍ണ്ണ സാക്ഷരതയും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യവും കുറഞ്ഞ ശിശുമരണവും കുറഞ്ഞ മാതൃമരണവും മെച്ചപ്പെട്ട സ്ത്രീപുരുഷ അനുപാതവും ഒക്കെയുള്ള, സാര്‍വത്രികവിദ്യാഭ്യാസവും വിപുലമായ ജനകീയാരോഗ്യ സംവിധാനവും പൊതുവിതരണസംവിധാനവും കെട്ടിപ്പടുത്ത സമൂഹമാണ് നമ്മുടേത്. ഇതെല്ലാം നാം നേടിയത് വികസിതലോകത്തെപ്പോലെ വിഭവശേഷിയൊന്നും ഉണ്ടായിട്ടല്ല എന്ന് ഓര്‍ക്കണം. വിഭവങ്ങളുടെ പുനര്‍വിതരണവും അടിസ്ഥാനവിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തികശാക്തീകരണവും ഒക്കെക്കൊണ്ടാണ് ഇതു സാധിച്ചെടുത്തത്.

കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിച്ചും കുടികിടപ്പവകാശം നല്‍കിയും മിച്ചഭൂമിസമരം നടത്തിയും മിച്ചഭൂമി വിതരണം ചെയ്തും സംവരണം ഉറപ്പാക്കിയും നിരവധി പ്രക്ഷോഭങ്ങളിലൂടെ മെച്ചപ്പെട്ട കൂലി നടപ്പിലാക്കിയുമൊക്കെ ദളിതര്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാനവര്‍ഗങ്ങള്‍ക്കു ഭൂമിയും കിടപ്പാടവും തൊഴിലും വരുമാനവും ഉറപ്പാക്കിയത് ഇവിടുത്തെ പുരോഗമന പ്രസ്ഥാനങ്ങളും അവര്‍ നേതൃത്വം നല്‍കിയ സര്‍ക്കാരുകളുമാണ്. അതിലൂടെയൊക്കെ കൈവന്ന സാമൂഹികപദവിയും വികസനവുമാണ് മറ്റിടങ്ങളില്‍ ഇല്ലാത്ത മെച്ചപ്പെട്ട നില അടിസ്ഥാനവിഭാഗങ്ങള്‍ക്കു നേടിക്കൊടുത്തത്. ഭാവനാപൂര്‍ണമായ പദ്ധതികളുടെ ഗുണഭോക്താക്കളില്‍ നല്ലപങ്കും നമ്മുടെ ദളിത്, പട്ടിക, പിന്നോക്ക വിഭാഗങ്ങളാണ്. രാജ്യത്തിന്റെ ഇതരഭാഗങ്ങളില്‍ ദളിതര്‍ ആക്രമിക്കപ്പെടുമ്പോള്‍ അവര്‍ക്ക് സ്വന്തം വീട്ടിലെന്നപോലെ സുരക്ഷിതത്വവും അംഗീകാരവും അന്തസ്സും ഉറപ്പുനല്‍കുന്ന ഇടമായി നമ്മുടെ നാട് പൊതുവെ ഇന്ന് ഉയര്‍ന്നുനില്‍ക്കുന്നുണ്ട്.
ഇതൊക്കെ എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങളാണ്. എന്നാല്‍, മുന്നോട്ടുള്ള ഈ യാത്രയില്‍ നമുക്കു കൈമോശം വന്നതോ നാം വിട്ടുപോയതോ നാം വിസ്മരിച്ചുപോയതോ ആയ ചിലതിനെപ്പറ്റി നാം ഗൗരവമായി ഓര്‍ക്കേണ്ടതുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭൂപരിഷ്‌ക്കരണത്തിനു ശേഷം കാര്‍ഷികമേഖലയില്‍ ഉണ്ടാകേണ്ടിയിരുന്ന ഇടപെടല്‍. കൃഷിഭൂമിയുടെ തുണ്ടുവല്‍ക്കരണം അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂട്ടുകൃഷി പോലുള്ള പരിപാടികളും ഉല്‍പാദനക്ഷമത വളര്‍ത്താനും കൃഷി ആദായകരമാക്കാനും ഒക്കെയുള്ള പ്രവര്‍ത്തനങ്ങളും വേണ്ടനിലയില്‍ ഉണ്ടാകാതെപോയി.

വിദ്യാഭ്യാസബില്ലിന്റെ തുടര്‍ച്ചയായി അദ്ധ്യയനവിദ്യാഭ്യാസ നിലവാരങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഇടപെടലുകള്‍ വേണ്ടത്ര ഇല്ലാതെപോയി. വിദ്യാഭ്യാസ നിയമത്തെ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോയി അധ്യാപക നിയമനം അടക്കമുള്ള കാര്യങ്ങള്‍ ഗുണമേന്മയും സംവരണതത്വങ്ങളും ഉറപ്പാക്കുന്ന തരത്തില്‍ വ്യവസ്ഥപ്പെടുത്തുന്നതിനും വേണ്ടത്ര കഴിയാതെ പോയിട്ടുണ്ട്. അധികാര വികേന്ദ്രീകരണത്തിന്റെ കാര്യത്തിലും ഇതുണ്ടായി. സാക്ഷരതായജ്ഞം കഴിഞ്ഞപ്പോള്‍ അതിന്റെ തുടര്‍ച്ചയായി സാമൂഹികസാക്ഷരതയിലേക്കു സമൂഹത്തെ പരിവര്‍ത്തിപ്പിക്കാനുള്ള ഘട്ടം ഇല്ലാതെപോയി. എല്ലാവര്‍ക്കും വീടുവച്ചു നല്‍കാന്‍ കഴിയുമായിരുന്ന ഭവനപദ്ധതിക്കും ഉണ്ടായി പോരായ്മകള്‍.

ഭൂപരിഷ്‌ക്കരണ രംഗത്തും കാര്‍ഷികരംഗത്തും അധികാരവികേന്ദ്രീകരണ രംഗത്തും മറ്റും ഉണ്ടാകേണ്ടിയിരുന്ന പ്രവര്‍ത്തനങ്ങളുടെ സമഗ്രമായ വീണ്ടെടുപ്പായിരുന്നു ജനകീയാസൂത്രണത്തിലൂടെ നാം ലക്ഷ്യമിട്ടത്. വലിയ ആവേശമുണര്‍ത്തി മുന്നോട്ടുപോകുകയും വികേന്ദ്രീകൃത ആസൂത്രണവും പ്രാദേശിക വിഭവവിനിയോഗവും ജനപങ്കാളിത്തവുമെല്ലാം ഗണ്യമായതോതില്‍ കൈവരിക്കുകയും ചെയ്‌തെങ്കിലും അവിടെയും അനിവാര്യമായ തുടര്‍ച്ച ഉണ്ടായില്ല. നടപടിക്രമങ്ങള്‍ വ്യവസ്ഥപ്പെടുത്തേണ്ടിയിരുന്ന വേളയില്‍ അതില്‍ വെള്ളം ചേര്‍ക്കുകയും അവ്യവസ്ഥയിലേക്കു കൂപ്പുകുത്തുകയുമാണുണ്ടായത്. ഇപ്പോള്‍ വീണ്ടും നാം അവയെല്ലാം ചിട്ടപ്പെടുത്താനും ശക്തിപ്പെടുത്താനുമുള്ള ശ്രമത്തിലാണ്.

നമ്മുടെ സമൂഹം അതിവേഗം വര്‍ഗീയവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സമൂഹം വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വര്‍ഗീയത അസഹിഷ്ണുതയും ആക്രമണോന്മുഖതയും വളര്‍ത്തിയെടുക്കുന്നു. അന്ധവിശ്വാസങ്ങളെയും മണ്‍മറഞ്ഞ അനാചാരങ്ങളെയും തിരികെ കൊണ്ടുവന്നുകൊണ്ടിരിക്കുന്നു. കേരളത്തില്‍ ഒരുകാലത്തും ഇല്ലാതിരുന്ന അന്യനാടുകളിലെ ആചാരങ്ങള്‍ പോലും ഇവിടെ കെട്ടിയേല്‍പ്പിക്കപ്പെടുന്നു. ഇതെല്ലാം സമൂഹത്തെ പിന്നോട്ടടിപ്പിക്കുക മാത്രമല്ല അപകടകരമായ, സ്‌ഫോടനാത്മകമായ, കലുഷമായ, ദശാബ്ദങ്ങള്‍ കൊണ്ടുപോലും തിരുത്താന്‍ കഴിയാത്തതരം അവസ്ഥയിലേക്കു കൊണ്ടുപോയേക്കാം. വയലാര്‍ പാടിയതുപോലെ, 'മാനവഹൃദയങ്ങള്‍ ആയുധപ്പുരകളായി'ക്കൊണ്ടിരിക്കുന്നു. ചെകുത്താന്റെ ചിരിയാണു മുഴങ്ങുന്നത്. വര്‍ഗീയവിഷം അത്രത്തോളം ബാധിച്ചിട്ടില്ലാത്തവരില്‍പ്പോലും പ്രകടമായ മാറ്റങ്ങള്‍ നാം കാണുന്നു. നമ്മുടെ മുന്‍ തലമുറ പൊട്ടിച്ചെറിഞ്ഞതും ഉപേക്ഷിച്ചതുമായ മതച്ചിഹ്നങ്ങള്‍ വീണ്ടും അലങ്കാരങ്ങളായി മാറിയിരിക്കുന്നു. ശാസ്ത്രബോധത്തിന്റെ സ്ഥാനം കെട്ടുകഥകളും വിശ്വാസങ്ങളും കയ്യടക്കുന്നു.

ഈ അവസ്ഥയെ സാമൂഹികഉത്തരവാദിത്വം ഉള്ളവര്‍ ഒറ്റക്കെട്ടായിനിന്ന് എതിര്‍ക്കേണ്ടിയിരിക്കുന്നു. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ശാസ്ത്രചിന്തയിലും ഊന്നുന്ന വിപുലവും ശക്തവുമായ ബോധവത്കരണം അനിവാര്യമായിരിക്കുന്നു. മതനിരപേക്ഷവും ജനാധിപത്യപരവുമായ പൊതു ഇടങ്ങള്‍ വളര്‍ത്തിക്കൊണ്ടും അവിടേക്ക് ജനങ്ങളെ കൊണ്ടുവന്ന് ഒരു പുതിയ സാമൂഹിക നവോത്ഥാന പ്രസ്ഥാനത്തിനു രൂപം നല്‍കിക്കൊണ്ടും മാത്രമേ നമുക്ക് ഈ വിപത്തിനെ നേരിടാനാവൂ. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ തീര്‍ച്ചയായും ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുകതന്നെ ചെയ്യും. പൊതുസമൂഹത്തിന്റെയാകെ പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടാകണം. സര്‍ക്കാരിന്റെ പരിപാടികള്‍ക്കായി കാത്തുനില്‍ക്കാതെ നമ്മുടെ സാമൂഹിക സംഘടനകള്‍ ഈ വഴിക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴേ തുടക്കം കുറിക്കണം. സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ, യുവജന, വിദ്യാര്‍ത്ഥി, വനിതാ പ്രസ്ഥാനങ്ങളും കര്‍ഷക, കര്‍ഷകത്തൊഴിലാളി പ്രസ്ഥാനങ്ങളും മറ്റു തൊഴിലാളി സംഘടനകളും സര്‍വീസ് സംഘടനകളും നാട്ടിന്‍പുറത്തെ ആര്‍ട്‌സ് ക്ലബ്ബുകളും വായനശാലകളും കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങളും വരെ ഈ ദൗത്യം ഗൗരവമായി ഏറ്റെടുക്കണം. ഇതിലൊക്കെ പങ്കാളികളാക്കേണ്ടവരെ ജാഗ്രതയോടെ തിരഞ്ഞെടുക്കണം. അതു വലിയൊരു ഐക്യനിരയായും വിശാലമുന്നണിയായും വളര്‍ത്തിയെടുക്കണം.

നമുക്ക് വികസനത്തിന്റെ ഒട്ടേറെ പടവുകള്‍ കയറാനുണ്ട്. നമ്മുടെ സമൂഹത്തെ കൂടുതല്‍ ആരോഗ്യമുള്ളതാക്കി മാറ്റണം. മെച്ചപ്പെട്ട ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം നമ്മുടെ യുവാക്കള്‍ക്ക് ഉണ്ടാക്കിക്കൊടുക്കണം. അപ്രകാരം വിദ്യാഭ്യാസം നേടുന്നവര്‍ക്ക് അവരുടെ പ്രതീക്ഷകള്‍ക്കൊത്ത തൊഴിലുകള്‍ കിട്ടാന്‍ അവസരം ഉണ്ടാകണം. അതിന് നമ്മുടെ നാടിന്റെ സവിശേഷതകള്‍ക്കിണങ്ങുന്ന വ്യവസായവത്ക്കരണം ഉണ്ടാകണം. പരിസ്ഥിതിനാശവും വിഭവചൂഷണവും മലിനീകരണവും ഉണ്ടാക്കുന്ന വ്യവസായങ്ങള്‍ക്കു പകരം ആധുനിക വ്യവസായങ്ങളും പുതിയതരം സംരംഭമേഖലകളും അവയ്ക്കുവേണ്ട സാങ്കേതിക വിദ്യകളും നാം സ്വീകരിക്കണം. പുതുമയുള്ള ആശയങ്ങള്‍ വികസിപ്പിക്കണം. വ്യവസായത്തിന് ആവശ്യമായ മൂലധനം ആകര്‍ഷിക്കണമെങ്കില്‍ അതിനുതക്ക മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കണം.

ജനസാന്ദ്രതയേറിയ കേരളത്തില്‍ വികസനാവശ്യങ്ങള്‍ക്കു ഭൂമി ഏറ്റെടുക്കുക എന്നത് സുസാധ്യമല്ലെങ്കിലും നമുക്കു മെച്ചപ്പെട്ട റോഡുകളും മറ്റു ഗതാഗതസൗകര്യങ്ങളും ഉണ്ടായേ തീരൂ. പരമാവധി മെച്ചപ്പെട്ട പുനരധിവാസ, നഷ്ടപരിഹാര പാക്കേജുകളിലൂടെ ഭൂമി കണ്ടെത്തി വീതിയേറിയ റോഡുകളും ജലപാതകളും റെയില്‍, വ്യോമ ഗതാഗതസൗകര്യങ്ങളും വര്‍ധിപ്പിക്കണം. പ്രകൃതിസുന്ദരവും സമാധാനപൂര്‍ണവും ശുചിത്വപൂര്‍ണവുമായ കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വിപത്തുകളില്‍നിന്നു സമൂഹത്തെ മോചിപ്പിക്കാനുള്ള അതിബൃഹത്തായ ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണു സര്‍ക്കാര്‍. കേവലം പേരിനുള്ള കാട്ടിക്കൂട്ടലല്ല സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. കേരളം കണ്ടിട്ടില്ലാത്തതരം ബോധവല്‍ക്കരണ പ്രസ്ഥാനത്തിനാകും സര്‍ക്കാര്‍ രൂപംകൊടുക്കുക. അതിന്റെ വിശദാംശങ്ങള്‍ ആലോചിച്ചുവരികയാണ്. വൈകാതെ ഇക്കാര്യത്തിലെല്ലാം അന്തിമതീരുമാനത്തില്‍ എത്താന്‍ കഴിയും. ഇതേപ്പറ്റിയൊന്നും ആര്‍ക്കും ഒരു ആശങ്കയും വേണ്ടാ. ജനങ്ങളുടെ അഭിലാഷങ്ങളും പ്രതീക്ഷകളും മനസിലാക്കി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരാണ് ഇപ്പോള്‍ ഇവിടെ ഉള്ളത്. നിങ്ങള്‍ക്കു ദോഷകരമാകുന്ന ഒരു തീരുമാനവും ഈ സര്‍ക്കാരില്‍നിന്ന് ഉണ്ടാവുകയില്ല.

വലിയതോതില്‍ വികസനം കൈവരിച്ചുകൊണ്ടേ നമുക്കു നിലനില്‍ക്കാനും മുന്നേറാനും കഴിയൂ. നമുക്കു സാധ്യതയുള്ള മേഖലകളെ പ്രയോജനപ്പെടുത്തിയേ ഇതു സാധിക്കാനാകൂ. അതു സമൂഹത്തിനു ദോഷമാകാതെ നോക്കുക എന്നതാണു കാര്യം. നേട്ടവും കോട്ടവും വസ്തുനിഷ്ഠമായി വിശകലനം ചെയ്യപ്പെടണം. അവിടെ മൗഢ്യങ്ങള്‍ക്കും ശാഠ്യങ്ങള്‍ക്കും സ്ഥാനമില്ല. വികസനം എന്നത് കൃത്യവും വ്യക്തവുമായ പരിപ്രേക്ഷ്യത്തോടെ ആസൂത്രണം ചെയ്തു നടപ്പാക്കേണ്ട ഒരു പ്രക്രിയയാണ്. എന്തെങ്കിലുമൊക്കെ ചെയ്യുക എന്നതല്ല വികസനം.
ചരിത്രം സൃഷ്ടിച്ച 1957ലെ മന്ത്രിസഭയുടെ പൈതൃകം നേരായും അര്‍ഹതപ്പെട്ട സര്‍ക്കാരാണിന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടേതായി കേരളത്തില്‍ അധികാരത്തിലുള്ളത്. ഇപ്പോള്‍ നടപ്പാക്കിവരുന്ന നാലു മിഷനുകളിലടക്കം ഇതു പ്രതിഫലിച്ചുകാണാം. നാളിതുവരെ നടന്നിട്ടുള്ളവികസന പ്രക്രിയകളില്‍ നിന്നെല്ലാം ഒഴിവാക്കപ്പെട്ട, ഏറ്റവും ദുരിതമനുഭവിക്കുന്ന ദരിദ്ര ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി ഇനിയും അവര്‍ കാത്തിരിക്കേണ്ട എന്ന സന്ദേശമാണ് ഈ മിഷനുകളിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്. കേരളസംസ്ഥാനം രൂപംകൊണ്ടശേഷം ഭരണത്തില്‍ വന്നിട്ടുള്ളപ്പോഴൊക്കെ കേരളത്തിന്റെ വികസനത്തിന് ദീര്‍ഘവീക്ഷണത്തോടെ അടിത്തറയിട്ട നിരവധി പരിഷ്‌ക്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ചരിത്രമാണ് ഇടതുപക്ഷ സര്‍ക്കാരുകളുടേത്. ആ ചരിത്രദൗത്യങ്ങളുടെ കാലിക പ്രസക്തിയുള്ള തുടര്‍ച്ചയായാണ് നവ കേരളം സൃഷ്ടിക്കാനുതകുന്ന നാലു മിഷനുകള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

ശുചിത്വവും മാലിന്യ സംസ്‌കരണവും ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല. ആവശ്യത്തിന് മഴ ലഭിക്കുന്നുണ്ടെങ്കില്‍ കൂടി സംസ്ഥാനം ഇടയ്ക്കിടെ വരള്‍ച്ചയുടെ വറുതിയിലേക്ക് വഴുതിവീഴുന്നത് തുടര്‍ക്കഥകളാകുന്നു. കാര്‍ഷിക മേഖലയില്‍ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കേണ്ടതായിട്ടുണ്ട്. ഇതിനൊക്കെ പ്രതിവിധിയായിട്ടാണ് ഹരിതകേരളം മിഷന്‍ നടപ്പിലാക്കുന്നത്. സ്വന്തമായി ഭൂമിയില്ലാത്തവര്‍, ആദിവാസി, ദളിത് വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ക്കൊക്കെ സൈ്വരജീവിതവും തൊഴിലെടുത്ത് ജീവിക്കാനുള്ള സാഹചര്യവും വെള്ളവും, വെളിച്ചവും ഒക്കെ ഉറപ്പുള്ള അന്തസ്സുള്ള പാര്‍പ്പിടങ്ങള്‍ നല്‍കേണ്ടതായിട്ടുണ്ട്. ലൈഫ് മിഷനിലൂടെ കേരളത്തെ പൂര്‍ണമായും ഭവനരഹിതരില്ലാത്ത സംസ്ഥാനമാക്കി തീര്‍ക്കുവാന്‍ സാധിക്കും.

വിദ്യാഭ്യാസ മേഖലയില്‍ വിവരസാങ്കേതിക വിദ്യയുടെ ഫലപ്രദമായ വിനിയോഗത്തിലൂടെയും ആധുനിക സംവിധാനങ്ങളിലൂടെയും നിലവാരം ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കേണ്ടതായിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ നമ്മുടെ സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതോടൊപ്പം വിദ്യാര്‍ഥികളെ ലോകത്തെവിടെയുമുള്ള സമപ്രായക്കാരായ കുട്ടികളോട് കഴിവിലും ശേഷിയിലും തുല്യപ്രാപ്തരാക്കുവാന്‍ സാധിക്കും. താങ്ങാനാവാത്ത ചികിത്സാച്ചെലവുകള്‍ അസുഖം വന്നാല്‍ സാധാരണക്കാരെ പോലും ദാരിദ്ര്യത്തിലേയ്ക്ക് തള്ളിയിടുന്നു. പൊതുആരോഗ്യ സംവിധാനത്തിന്റെ രോഗാവസ്ഥ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത് പാവപ്പെട്ടവരെത്തന്നെയാണ്. അതുകൊണ്ടുതന്നെ ആരോഗ്യരംഗത്ത് സര്‍ക്കാര്‍ സേവനങ്ങള്‍ ജനസൗഹൃദമാക്കാനാണ് ആര്‍ദ്രം മിഷനിലൂടെ ഉദ്ദേശിക്കുന്നത്.

നാടിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനവും ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള അടിയന്തര ആശ്വാസവും ഒരുമിച്ചു മുമ്പോട്ട് കൊണ്ടുപോവുക എന്നതാണ് സര്‍ക്കാരിന്റെ നയം. പരിമിതമാണ് നമ്മുടെ ധനശേഷിയെങ്കിലും ആ പരിമിതി ഇതിനു രണ്ടിനും തടസ്സമായിക്കൂടാ എന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ട്. ധനശേഷി ആര്‍ജ്ജിച്ചതിനു ശേഷം വികസനം എന്ന് കരുതിയിരുന്നാല്‍ കേരളം എല്ലാ രംഗങ്ങളിലും പിന്നോട്ടടിക്കപ്പെട്ടുപോകും. ഇതുകൊണ്ടാണ് ഒരുവശത്ത് അടിസ്ഥാനസൗകര്യവികസനത്തിനും മൂലധനനിക്ഷേപത്തിനുമുള്ള കേരള ഇന്‍ഫ്രാസ്റ്റ്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (KIIFB) കൂടുതല്‍ അധികാരത്തോടെ രൂപീകരിച്ചതും മറുവശത്ത് കടാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചതും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതും അടച്ചുപൂട്ടിയ വ്യവസായസ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിച്ചതുമെല്ലാം. മുന്‍ പറഞ്ഞ ആ ദ്വിമുഖ ഉത്തരവാദിത്വമാണ് ഇതിലൊക്കെ പ്രതിഫലിച്ചു നില്‍ക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ.

ഇത്തരത്തില്‍ ജനക്ഷേമകരമായ വികസന പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ടു പോകുമ്പോള്‍ എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തവും അര്‍ത്ഥപൂര്‍ണമായ പിന്തുണയും സര്‍ക്കാരിന് ആവശ്യമാണ്. പിന്നിട്ട ആറുപതിറ്റാണ്ടിലെ അനുഭവങ്ങളില്‍നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നമുക്കു മുന്നേറാം. പിന്നിട്ടതു ചെറിയൊരു കാലയളവു മാത്രമാണ്. അനന്തമായ വഴിയാണു നമുക്കു മുന്നിലുള്ളത്. അതിലൂടെ തടസങ്ങളും ഇടര്‍ച്ചകളുമില്ലാതെ മുന്നേറാന്‍ നമുക്കാകണം. അതിനായി പ്രതിജ്ഞ പുതുക്കാനുള്ള അവസരമാണ് ആദ്യകേരള മന്ത്രിസഭയുടെ വാര്‍ഷികം ആഘോഷിക്കുന്ന ഈ അവസരം.

കൂടുതല്‍ തുല്യതയുള്ള, കൂടുതല്‍ വികസനമുള്ള, കൂടുതല്‍ സമാധാനമുള്ള, കൂടുതല്‍ കെട്ടുറപ്പുള്ള, കൂടുതല്‍ മതനിരപേക്ഷവും സ്വതന്ത്രവുമായ, കൂടുതല്‍ ജനാധിപത്യം പുലരുന്ന കേരളത്തിനായി നമുക്കു സ്വയം പുനരര്‍പ്പിക്കാം. ആദ്യകേരള സര്‍ക്കാരിനെ നയിച്ച ഇ എം എസ് അടക്കമുള്ള മഹാരഥന്മാരുടെ ആഗ്രഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും ഒപ്പം ഒരു നവകേരള നിര്‍മ്മിതിക്കായി നമുക്ക് മുന്നേറാം. 

04-Apr-2017

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More