മോഡി സ്വപ്നം കാണുന്ന കിനാശ്ശേരി

മറ്റ് രാഷ്ട്രങ്ങള്‍ക്കു കിട്ടുന്ന അതേ വിലയ്ക്കുതന്നെയാണ് ഇന്ത്യക്കും അന്താരാഷ്ട്ര എണ്ണക്കമ്പോളത്തില്‍നിന്ന് എണ്ണ കിട്ടുന്നത്. മറ്റ് രാഷ്ട്രങ്ങള്‍ ന്യായമായ നികുതിമാത്രം ചുമത്തി ആഭ്യന്തരവിതരണത്തിന് കൈമാറുമ്പോള്‍ മോഡി സര്‍ക്കാര്‍ അന്യായനികുതി ചുമത്തി ഇന്ത്യയില്‍ വില്‍പ്പന നടത്തുന്നു. അഡീഷണല്‍ ഡ്യൂട്ടി, എക്‌സൈസ് ഡ്യൂട്ടി, സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടി, സര്‍ചാര്‍ജ് എന്നുവേണ്ട ഇത്തരം പല ഇനങ്ങളിലൂടെ ജനങ്ങളുടെ തലയില്‍ നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നു. ഇതായിരിക്കും നരേന്ദ്രമോഡി സ്വപ്‌നം കാണുന്ന കിനാശ്ശേരി.

ഇന്ത്യയില്‍ ശരാശരി 63.70 രൂപയ്ക്ക് പെട്രോളും 41.29 രൂപയ്ക്ക് ഡീസലും (ലിറ്ററിന്) നല്‍കുമ്പോള്‍ അതേ പെട്രോള്‍ പാകിസ്ഥാന്‍ 41.81ന് നല്‍കുന്നു. ബംഗ്‌ളാദേശ് 44.80 രൂപയ്ക്ക് നല്‍കുന്നു. ശ്രീലങ്ക 50.30 രൂപയ്ക്ക് നല്‍കുന്നു. അമേരിക്ക 42.82 രൂപയ്ക്ക് നല്‍കുന്നു. ഇന്ത്യയില്‍മാത്രം ഉപയോക്താവ് ശരാശരിയേക്കാള്‍ 20 രൂപ അധികം കൊടുക്കേണ്ടിവരുന്നത് കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ മനോഭാവം കൊണ്ടാണ്. അന്താരാഷ്ട്ര കമ്പോളത്തിലുണ്ടാകുന്ന വിലയിടിച്ചിലിനനുസരിച്ച് ഇവിടെ വില കുറയ്ക്കുന്നതേയില്ല. എണ്ണവില ഗ്രാഫ് കുത്തനെ ഉയര്‍ന്ന ചരിത്രമേ ഇന്ത്യയിലുള്ളൂ; ലോകത്താകെ കുറയുന്ന അതേഘട്ടത്തില്‍. ഈ ഘട്ടത്തില്‍ ഇന്ത്യയില്‍ വില എത്രയോ കുറയേണ്ടതാണ്. എന്നാല്‍, കമ്പനികള്‍ ഒരുവശത്ത് എണ്ണവിലയും സര്‍ക്കാര്‍ മറുവശത്ത് എണ്ണനികുതിയും കൂട്ടിക്കൊണ്ടേയിരുന്നു. ഇതിന്റെ ഫലമായി എല്ലാ മേഖലയിലും രൂക്ഷമായ വിലക്കയറ്റം, പണപ്പെരുപ്പം, പ്രതിസന്ധി എന്നിവ പടര്‍ന്നു. 2004ല്‍ 41.25 രൂപയ്ക്ക് പെട്രോളും 29.30 രൂപയ്ക്ക് ഡീസലും നല്‍കിയിരുന്നു. അന്ന് ഒരു ബാരല്‍ അന്താരാഷ്ട്ര ക്രൂഡ്ഓയില്‍ വില 43.05 ഡോളറായിരുന്നു. ആ വില 42ലേക്ക് ഇടിഞ്ഞപ്പോള്‍ ഇവിടെ വിലവര്‍ധന 20 രൂപയുടേതിലധികമായി.

അന്താരാഷ്ട്ര എണ്ണക്കമ്പോളത്തില്‍ കുത്തനെയുണ്ടായ വിലയിടിവിന്റെ ആനുകൂല്യം ഇന്ത്യന്‍ എണ്ണ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായപ്പോള്‍ അതിനുമുമ്പില്‍ 'കണ്ണില്‍ പൊടിയിടല്‍' വിദ്യ എന്നപോലെയാണ് എണ്ണക്കമ്പനികള്‍ വിലയില്‍ തുച്ഛമായ കുറവ് ഏര്‍പ്പെടുത്തിയത്. പെട്രോള്‍വില 50 പൈസ കണ്ടും ഡീസല്‍വില 46 പൈസ കണ്ടും കുറച്ചു. ഇതിന്റെ തൊട്ടുപിറ്റേന്നുതന്നെ, ഈ നാമമാത്ര കുറവുപോലും ഉപയോക്താവിന് ലഭിക്കില്ലെന്നുറപ്പാക്കി ഇന്ധനത്തിനുമേലുള്ള എക്‌സൈസ് ഡ്യൂട്ടി നരേന്ദ്ര മോഡി സര്‍ക്കാര്‍ ഉയര്‍ത്തി. അണ്‍ബ്രാന്‍ഡഡ് പെട്രോളിന്റെമേലുള്ള അടിസ്ഥാന എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് 7.06 രൂപ ആയിരുന്നത് 7.36 ആയും അണ്‍ബ്രാന്‍ഡഡ് ഡീസലിന്റെമേലുള്ള എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് 4.66 ആയിരുന്നത് 5.83 രൂപയായും ഉയര്‍ത്തി. തലേന്ന് വിലയിലുണ്ടായ നേരിയ കുറവുപോലും ജനങ്ങളിലെത്താതെ തടയിട്ടുനിര്‍ത്തലായിരുന്നു ഇത്.

'നികുതി കൂട്ടിയെങ്കിലും വില കൂടില്ല' എന്ന വ്യാഖ്യാനത്തോടെ ജനോപകാരപ്രദമായ ഏതോ നടപടി എന്ന മട്ടില്‍ ചില മാധ്യമങ്ങള്‍ ഈ നടപടിയെ പുകഴ്ത്തുകയുണ്ടായി. സംഘപരിവാര്തതിന്റെ ക്യാമ്പിനെ സുഖിപ്പിക്കാനാണ് ഇക്കൂട്ടരുടെ ഈ തറവേല. വിലക്കുറവിന്റെ ആനുകൂല്യം നികുതിവര്‍ധനയിലൂടെ ഇല്ലാതാക്കി എന്ന സത്യം ചൂണ്ടിക്കാണിക്കേണ്ടവരായിരുന്നു ഇവര്‍. ഏറെക്കാലമായി അന്താരാഷ്ട്രകമ്പോളത്തില്‍ എണ്ണവില ഇടിഞ്ഞുകൊണ്ടിരുന്നു. എന്നാല്‍, നയാപൈസയുടെപോലും കുറവ് ഇന്ത്യയിലെ എണ്ണവിലയില്‍ ഉണ്ടായില്ല. മറിച്ച് ഇത് കൂടിക്കൊണ്ടേയിരുന്നു. ഒടുവില്‍ പേരിന് ചെറിയ കുറവുവരുത്തിയെന്ന് വരുത്തിത്തീര്‍ക്കാന്‍ എണ്ണക്കമ്പനികള്‍ നിശ്ചയിച്ചത്, എക്‌സൈസ് ഡ്യൂട്ടി വര്‍ധന സര്‍ക്കാര്‍ വരുത്താന്‍ പോകുന്നു എന്നറിഞ്ഞുകൊണ്ടാവണം. വിലകുറയ്ക്കാന്‍ എണ്ണക്കമ്പനികളുടെ തീരുമാനിച്ച് മണിക്കൂറുകള്‍ക്കകം സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചു. എന്തായാലും ജനങ്ങള്‍ ഗതിപിടിക്കരുത്.

കഴിഞ്ഞ ഒരു മാസത്തിനുള്ളിലെ രണ്ടാംവര്‍ധനയാണ് ഇത്. ഇതിനുമുമ്പ് ചില മാസങ്ങള്‍ക്കിടയിലായി വേറെ നാല് വര്‍ധന. ആ നാല് ഉത്തരവുകളിലൂടെതന്നെ പെട്രോളിനുമേലുള്ള എക്‌സൈസ് ഡ്യൂട്ടി 7.75ഉം ഡീസലിനുമേലുള്ളത് 6.50വും കണ്ട് വര്‍ധിച്ചു. അതായത്, 20,000 കോടി രൂപയുടെ അധികവരുമാനം സര്‍ക്കാര്‍ ഉണ്ടാക്കിയെടുത്തു. ബജറ്റിനു പുറമെ ഇത്ര ഭീമമായ നികുതിവര്‍ധന ഏര്‍പ്പെടുത്തുമെന്നു വന്നാല്‍ പിന്നെ ബജറ്റ് വെറും പാഴ്‌വേലയായി മാറുകയല്ലേ? 2014-15ല്‍ പെട്രോളിയം രംഗത്തുനിന്നുള്ള എക്‌സൈസ് നികുതിശേഖരം 99,184 കോടിയായിരുന്നു. എന്നാല്‍, നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ ആദ്യ മൂന്നുമാസംകൊണ്ടുതന്നെ 33,042 കോടി പിരിക്കും വിധമാണ് നികുതി വര്‍ധിപ്പിച്ചത്. പിന്നീടും നിരവധി തവണ വര്‍ധനവുണ്ടായി.

മറ്റ് രാഷ്ട്രങ്ങള്‍ക്കു കിട്ടുന്ന അതേ വിലയ്ക്കുതന്നെയാണ് ഇന്ത്യക്കും അന്താരാഷ്ട്ര എണ്ണക്കമ്പോളത്തില്‍നിന്ന് എണ്ണ കിട്ടുന്നത്. മറ്റ് രാഷ്ട്രങ്ങള്‍ ന്യായമായ നികുതിമാത്രം ചുമത്തി ആഭ്യന്തരവിതരണത്തിന് കൈമാറുമ്പോള്‍ മോഡി സര്‍ക്കാര്‍ അന്യായനികുതി ചുമത്തി ഇന്ത്യയില്‍ വില്‍പ്പന നടത്തുന്നു. അഡീഷണല്‍ ഡ്യൂട്ടി, എക്‌സൈസ് ഡ്യൂട്ടി, സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടി, സര്‍ചാര്‍ജ് എന്നുവേണ്ട ഇത്തരം പല ഇനങ്ങളിലൂടെ ജനങ്ങളുടെ തലയില്‍ നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നു. ഇതായിരിക്കും നരേന്ദ്രമോഡി സ്വപ്‌നം കാണുന്ന കിനാശ്ശേരി.

 

18-Dec-2015

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More