ഭാരതത്തിന്റെ പെണ്‍മക്കള്‍

ഇന്ന് ലോക വനിതാദിനമാണ്. നേട്ടങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് വനിതകള്‍ പല ഭാഗത്തും ആദരിക്കപ്പെടും. നിര്‍ഭയക്കും അതുപോലെ വേട്ടയാടപ്പെടുകയും ചെയ്യുന്നവര്‍ക്ക് നീതി ലഭിക്കാന്‍, ജാതിയും മതവും, പണവും മാനദണ്ഡമാക്കാതെ അവര്‍ക്ക് വേണ്ടി പോരാടാനായി ഒരു ജനതയെ ഉണര്‍ത്താന്‍, സ്ത്രീ - പുരുഷ സമത്വമുള്ള ഒരു സമൂഹത്തിലേക്ക് മുന്നേറാന്‍ ഇനിയും വൈകരുതെന്ന ബോധമുണ്ടാക്കാന്‍ നിന്നെ പറ്റിയുള്ള ഈ ലഘുചിത്രത്തിന് സാധിക്കുമെങ്കില്‍ എല്ലാവരും കാത്തിരിക്കുന്നു. ഞങ്ങള്‍ക്കത് കാണണം. ഈ ലോകത്തിന് അത് കാണണം. വേട്ടക്കാരുടെ ആക്രോശങ്ങളെ വെല്ലുവിളിക്കാനുള്ള ഞങ്ങളുടെ പോരാട്ടങ്ങള്‍ക്ക് അതും ഒരായുധമാണ്. അഴുകിത്തുടങ്ങിയ മത നിയമ സംഹിതക്കുള്ളില്‍ തളച്ചിടപ്പെടാന്‍ ഇനിയും ഞങ്ങള്‍ക്ക് വയ്യ. സ്ത്രീകള്‍ അടിമകളല്ല. സ്വാതന്ത്ര്യം അത് ഞങ്ങള്‍ സ്ത്രീകളുടെയും അവകാശമാണ്.

മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള ഒരു ലഘുചിത്രം. 2013 ഡിസംബറില്‍ നിര്‍ഭയയെന്ന പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത പ്രതിയുടെ ന്യായ വാദങ്ങള്‍. തന്റെ ചെയ്ത്തിനെ ഉയര്‍ന്ന ശിരസോടെ ന്യായീകരിക്കുകയാണ്. അയാള്‍. ആ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട പ്രതികളെയെല്ലാം രക്ഷിക്കാന്‍ രാജ്യത്തിന്റെ സംസ്‌കാരത്തെ പോലും ദുര്‍വ്യാഖ്യാനിക്കുന്ന നിയമജ്ഞര്‍. ഇന്ത്യ എന്തിനാണ് ഈ ലഘുചിത്രത്തെ ഭയപ്പെടുന്നത്? രാജ്യത്തെ പുരുഷമനസിന്റെ പ്രതീകമാണ് ആ കുറ്റവാളി എന്നത് കൊണ്ടാണോ? അമ്പത്തിയഞ്ചിഞ്ച് വിരിവുള്ള മാറിന്റെ വര്‍ണന, ഈ കുറ്റവാളിയുടെ പേരില്‍ കളങ്കപ്പെടും എന്നതിനാലാണോ? ആരുടെ വാക്കുകളെയാണ് ഇന്ത്യ ഭയപ്പെടുന്നത് ?

നിര്‍ഭയയെ പിച്ചിചീന്തിയ സംഭവം സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ പ്രതിഷേധം കുതിച്ചുപൊങ്ങിയ ഒരു മാപിനി മാത്രമായിരുന്നു. ഓരോ ഇരുപതു മിനിറ്റിലും രാജ്യത്ത് ഓരോ സ്ത്രീകള്‍ ബലാല്‍സംഗത്തിന് ഇരയാവുന്നുണ്ട്. ആ രാജ്യത്ത് തന്നെയാണ് നിര്‍ഭയ്ക്ക് വേണ്ടി ലക്ഷക്കണക്കിന് യുവാക്കളുടെയടക്കം രോഷം ജ്വലിച്ചുയര്‍ന്നത്. അനുഭവിച്ച് മടുത്ത ഒരു ജനതമാത്രമല്ല അന്ന് തെരുവിലിറങ്ങിയത്. നിര്‍ഭയയുടെ വേദനയും അതിന്റെ തീവ്രതയും പൊതുസമൂഹത്തിന്റെ ഉള്ളിലേക്ക് കനലുപോലെ കോരിയിട്ടത് സോഷ്യല്‍ മീഡിയ കൂടിയായിരുന്നു. മാധ്യമങ്ങള്‍ അതേറ്റെടുത്തു. വാദപ്രതിവാദങ്ങളും രാജ്യത്തിന്റെ സാംസ്‌കാരിക മനസാക്ഷിയുടെ പ്രതികരണമെന്ന പോലെ സാംസ്‌കാരിക നായകരുടെ അഭിപ്രായങ്ങളുമൊക്കെ വാര്‍ത്താ ചാനലുകളില്‍ നിറഞ്ഞു. അതില്‍ നിന്നൊക്കെ പ്രചോദനമുള്‍ക്കൊണ്ടാണ് തെരുവിലേക്കിറങ്ങാന്‍, തങ്ങള്‍ക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശം വേണമെന്ന് ഉറക്കെവിളിച്ചുപറയാന്‍ കുറേയേറെ സ്ത്രീകള്‍ തയ്യാറായത്. അന്ന് ആ പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം നല്‍കിയവര്‍ പോലും ഇന്ന് ഈ ലഘുചിത്രത്തെ ഭയക്കുന്നു. വേട്ടക്കാരുടെ തുറന്നുപറച്ചിലിനെ വല്ലാതെ ഭയപ്പെടുന്നു. അപ്പോള്‍ അവരുടെ പഴയ ഐക്യദാര്‍ഡ്യത്തിന്റെ ആത്മാര്‍ത്ഥതയെ അവര്‍ തന്നെ ചോദ്യം ചെയ്യുകയാണ്. നിര്‍ഭയ്ക്ക് വേണ്ടി അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തെ അവര്‍ തന്നെ കുഴിച്ചുമൂടുകയാണ്.

ബിബിസി പ്രക്ഷേപണം ചെയ്ത ആ വീഡിയോ കണ്ടവര്‍ ചുരുക്കമാണ്. ഇന്ത്യന്‍ സമയം പുലര്‍ച്ച മൂന്ന് മുപ്പതിന് ആയിരുന്നു സംപ്രേക്ഷണം. കുറച്ചെങ്കിലും ആളുകള്‍ കണ്ടത് യുട്യൂബിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ആണ്. പ്രചരിപ്പിക്കപ്പെട്ട് മണിക്കൂറുകള്‍ കഴിയും മുന്‍പെ ആ ലഘുചിത്രം പിന്‍വലിക്കപ്പെട്ടു. അതിനായി നിരത്തുന്ന വാദങ്ങളോ വളരെ വിചിത്രവുമാണ്. വേട്ടക്കാരന്റെ തുറന്നുപറച്ചില്‍ സൃഷ്ടിക്കുന്ന ഭയവും മാനസിക പിരിമുറക്കവുമല്ല വിവാദത്തെ തുടര്‍ന്ന് ലഘുചിത്രം നമുക്ക് പകരുന്നത്. അതിനുമപ്പുറത്തുള്ള നാണക്കേടും മനോവേദനയുമാണ്.

ഒരു നിര്‍ഭയയില്‍ മാത്രം ഒതുങ്ങിപ്പോവേണ്ടതാണോ നമ്മുടെ രാജ്യത്ത് സ്ത്രീകളനുഭവിക്കുന്ന മാനസിക ശാരീരിക പീഢനങ്ങളുടെ ആകുലതകള്‍? കഴിഞ്ഞ ദിവസം ഒരു വാര്‍ത്തയുണ്ടായിരുന്നു. ഏറെയൊന്നും ശ്രദ്ധിക്കപ്പെടാതെ പോയൊരു വാര്‍ത്ത. കുടുതല്‍ പഠിക്കാന്‍ ആഗ്രഹിച്ച ദളിത് പെണ്‍കുട്ടിയെ ചുട്ടുകൊന്നു. ഈ വാര്‍ത്ത ആ കുട്ടിയുടെ ചിത എരിഞ്ഞുതീരും മുന്‍പ് എരിഞ്ഞുതീര്‍ന്നു. ഈ വാര്‍ത്തയെ തുടര്‍ന്ന് പ്രതിഷേധങ്ങളൊന്നും ഉയര്‍ന്നുവന്നതായി എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. പ്രതികരിക്കേണ്ട സംഭവങ്ങള്‍ ഇന്നയിന്നതൊക്കെയാണ് എന്ന് ഒരു സമൂഹത്തിന്റെ മനസില്‍ ഉറവപൊട്ടിക്കുന്നത് മാധ്യമങ്ങളാണ്. അവരുടെ പ്രൈംടൈമുകളില്‍ കടന്നുകൂടുന്ന പീഡനങ്ങള്‍ 'ഉദാത്ത'മാവുന്നു. അല്ലാത്തവ ഭൂരിപക്ഷം പീഡനങ്ങളും വലിച്ചെറിയപ്പെടുന്ന അവഗണനയുടെ ചവറ്റുകുട്ടയില്‍ തള്ളപ്പെടുന്നു. ഒരര്‍ത്ഥത്തില്‍ നമ്മുടെ പ്രതികരണങ്ങളുടെ മൊത്തകച്ചവടക്കാരായി മാധ്യമങ്ങള്‍ മാറിയിരിക്കുന്നു. എന്തിനൊക്കെ, ഏതിനൊക്കെ പ്രതികരിക്കണം എന്ന് മാധ്യമങ്ങള്‍ കല്‍പ്പിക്കുമ്പോള്‍ അനുസരിക്കുന്ന ഒരു മാനസികാവസ്ഥയിലേക്ക് നമ്മള്‍ കൂപ്പുകുത്തി വീണിരിക്കുന്നു. സ്വന്തം ചിന്തകളെ നമ്മള്‍ പൂട്ടയിട്ടിരിക്കുക തന്നെയാണ്. എത്രനാള്‍ ഇങ്ങനെ ആജ്ഞാനുവര്‍ത്തികളായി ജീവിക്കും.?

ഇന്നലെവരെ കണ്ടിരുന്നതില്‍ നിന്നും വ്യതിചലിച്ച്, ആപല്‍ക്കരമായ ഒരു ഭാവിയിലേക്കാണ് ഇന്ത്യ ഇന്ന് നീങ്ങുന്നത്. ഫാസിസം അതിന്റെ തീവ്രതയില്‍ എത്തിനില്‍ക്കുന്നു. അവര്‍ പടച്ച് വിടുന്ന നിയമങ്ങളില്‍ ബഹുഭൂരിപക്ഷവും സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായുള്ളതാണ്. പുരുഷനുവേണ്ടി, അവന്റെ ശാസനക്ക് കീഴില്‍ അടങ്ങി ഒതുങ്ങി കഴിയേണ്ട ഒരു ജന്മം മാത്രമാണ് സ്ത്രീ. പുരുഷാധിപത്യം അടക്കിവാഴുന്ന പൊതുസമുഹം ഓരോ നിമിഷവും ഇത് ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അവിടെ വിദ്യ ഉള്ളവനെന്നോ ഇല്ലാത്തവെനെന്നോ വേര്‍തിരിവില്ല. പുരുഷവര്‍ഗത്തിന് ഒരു സ്വരമാണ്. രാത്രിയില്‍ പുറത്തിറങ്ങുന്ന പെണ്ണ്, ഏതൊരാണിന്റെയും സ്വത്താണ്, അവളെ ഉപദേശിക്കാനും, അനുസരിച്ചില്ലെങ്കില്‍ പാഠം പഠിപ്പിക്കാനും ഏതൊരു പുരുഷനും അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുകയാണ് മുകേഷ്. നിര്‍ഭയയെ കടിച്ചുകുടഞ്ഞതില്‍ ഒരു തെറ്റുമില്ലെന്ന് ആ പുരുഷമനസ് രണ്ടാമതൊന്ന് ആലോചിക്കാനുള്ള വകതിരിവുപോലും കാണിക്കാതെ ഉച്ഛൈസ്ഥൈര്യം പ്രഖ്യാപിക്കുന്നു. മുകേഷിനൊപ്പം അഭിഭാഷകരുമുണ്ട്. ജുഡീഷ്യറിയുടെ കണ്ണും കാതുമായി വര്‍ത്തിക്കുന്നവര്‍. ഞങ്ങളുടെ സംസ്‌കാരത്തില്‍ പുരുഷന് മാത്രമാണ് സ്ഥാനം എന്ന് വക്കീല്‍ പറയുമ്പോള്‍ വേട്ടക്കാരുടെ നിര നീണ്ടുനീണ്ടുപോവുകയാണ്.

യാതൊരു മനസ്ഥാപവുമില്ലാതെ നിര്‍ഭയയെ വലിച്ചുകീറിയവര്‍ സ്വയം ന്യായീകരിക്കുന്നു. അവര്‍ ലോകത്തിനോടാണ് വിളിച്ചുപറയുന്നത്. അപ്പോള്‍ രാജ്യത്തെ സ്ത്രീ സമൂഹത്തിന് ഭയമല്ല ഉണ്ടാവുന്നത്. ഞങ്ങള്‍ ഒരു ചോദ്യചിഹ്നമായി മാറുകയാണ്. ഇനിയും സഹിക്കണോ എന്ന ചോദ്യചിഹ്നം. നിര്‍ഭയ, നീ ഞങ്ങളൊക്കെയാണ്. നീ മരിക്കുന്നതേയില്ല. ഞങ്ങളിലൂടെ ജീവിക്കുക തന്നെയാണ്. പേഴ്‌സ് മോഷ്ടിച്ച കുട്ടിയെ ചേര്‍ത്തു നിര്‍ത്തി അവന് വേണ്ടതൊക്കെ വാങ്ങികൊടുത്ത നിര്‍ഭയ, അശരണര്‍ക്ക് വേണ്ടി ആശുപത്രി തുടങ്ങണമെന്ന് ആഗ്രഹിച്ച നിര്‍ഭയ, ആ നിന്നെയാണ് ഭാരതസംസ്‌കാരത്തെ കളങ്കപ്പെടുത്തിയ പെണ്ണെന്ന് ഒരു കൂട്ടം ആര്‍ത്ത് വിളിക്കുന്നത്.

ഇന്ന് ലോക വനിതാദിനമാണ്. നേട്ടങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് വനിതകള്‍ പല ഭാഗത്തും ആദരിക്കപ്പെടും. നിര്‍ഭയക്കും അതുപോലെ വേട്ടയാടപ്പെടുകയും ചെയ്യുന്നവര്‍ക്ക് നീതി ലഭിക്കാന്‍, ജാതിയും മതവും, പണവും മാനദണ്ഡമാക്കാതെ അവര്‍ക്ക് വേണ്ടി പോരാടാനായി ഒരു ജനതയെ ഉണര്‍ത്താന്‍, സ്ത്രീ - പുരുഷ സമത്വമുള്ള ഒരു സമൂഹത്തിലേക്ക് മുന്നേറാന്‍ ഇനിയും വൈകരുതെന്ന ബോധമുണ്ടാക്കാന്‍ നിന്നെ പറ്റിയുള്ള ഈ ലഘുചിത്രത്തിന് സാധിക്കുമെങ്കില്‍ എല്ലാവരും കാത്തിരിക്കുന്നു.

ഞങ്ങള്‍ക്കത് കാണണം. ഈ ലോകത്തിന് അത് കാണണം. വേട്ടക്കാരുടെ ആക്രോശങ്ങളെ വെല്ലുവിളിക്കാനുള്ള ഞങ്ങളുടെ പോരാട്ടങ്ങള്‍ക്ക് അതും ഒരായുധമാണ്. അഴുകിത്തുടങ്ങിയ മത നിയമ സംഹിതക്കുള്ളില്‍ തളച്ചിടപ്പെടാന്‍ ഇനിയും ഞങ്ങള്‍ക്ക് വയ്യ. സ്ത്രീകള്‍ അടിമകളല്ല. സ്വാതന്ത്ര്യം അത് ഞങ്ങള്‍ സ്ത്രീകളുടെയും അവകാശമാണ്.

08-Mar-2015

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More