ചുംബനസമരത്തെപ്പറ്റിത്തന്നെ !

സോഷ്യലിസത്തിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കായി സ്വയം സമര്‍പ്പിച്ചിരിക്കുന്ന ആക്ടിവിസ്റ്റുകളും ചിന്തകരും ഇത്തരത്തിലുള്ള കൂട്ടായ്മകള്‍ കണ്ട് അമിതാശ്ചര്യത്തിന് അടിമപ്പെടുന്നതിനും സിപിഐ എം അവരെ അനുകരിക്കുമെന്ന ആഗ്രഹം കൊണ്ട് ഒരുപാട് സമയവും ഊര്‍ജ്ജവും പാഴാക്കുന്നതിനും എതിരെ മുന്നറിയിപ്പുകളുണ്ടാവണം.

നിയോലിബറല്‍ വിപണി പരമാവധി ചൂഷണത്തിനുപയോഗിക്കുന്ന ഒരവസരമായാണ് കമ്യൂണിസ്റ്റുകള്‍ വാലന്റൈന്‍സ് ഡേയെ കാണുന്നത്. എന്നാല്‍, മതമൗലികവാദ സംഘടനകള്‍ പരസ്പരം കാണാനും ഇടപഴകാനും സ്‌നേഹിക്കാനുമെല്ലാമുള്ള ചെറുപ്പക്കാരുടെ അവകാശങ്ങളെ എതിര്‍ക്കുമ്പോള്‍, ചെറുപ്പക്കാരെയും വാലന്റൈന്‍സ്‌ഡേയെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടിനെയും സംരക്ഷിക്കാന്‍ കമ്യൂണിസ്റ്റുകള്‍ മുന്നിലുണ്ടായിട്ടുണ്ട്. ഇപ്പോള്‍ കേരളത്തില്‍ കിസ് ഓഫ് ലവ് പ്രതിഷേധം നടന്നിരിക്കുന്നു. എങ്ങനെയാണ് സിപിഐ എം അതിനോട് പ്രതികരിച്ചത്?

സിപിഐ എം ഏറ്റെടുത്തിരുന്നു എങ്കില്‍, സമരത്തിന്റെ രൂപം ഇങ്ങനെയാവില്ല അത് നിശ്ചയിക്കുക. സത്യമാണത്. സംഘാടകരും പങ്കെടുത്തവരും തങ്ങളുടെ പ്രതിഷേധത്തെ ചെങ്കൊടിയേന്തിയവര്‍ ഏറ്റെടുക്കുന്നത് ഇഷ്ടപ്പെടില്ല. വളരെ സത്യമാണത്. തങ്ങള്‍ക്ക് ഇഷ്ടമുള്ളവരുമായി സ്‌നേഹവും സൗഹൃദവും അടുപ്പവുമെല്ലാം പ്രകടിപ്പിക്കാനുള്ള അവരുടെ അവകാശം മൗലികമായ ഒന്നാണ്. കമ്യൂണിസ്റ്റുകള്‍ അതിനെ പിന്തുണക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്. മറ്റുള്ളവരെല്ലാം ദുഷിച്ച ആക്രമണത്തിന്റെ ഭാഗം ചേരുകയോ, നയപരമായ മൗനം പാലിക്കുകയോ ചെയ്തപ്പോള്‍, അവരിങ്ങനെ ചെയ്തു എന്നതിന്റെ അര്‍ത്ഥം വിമോചന പാരമ്പര്യത്തിന്റെ യഥാര്‍ത്ഥ പിന്‍മുറക്കാരാണ് അവരെന്നാണ്. കിസ് ഓഫ് ലവ് സംഘാടകര്‍ക്കെതിരെ തിരിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ ഭീരുത്വം നിറഞ്ഞ നടപടിയും ശ്രദ്ധിക്കേണ്ടതാണ്.

ഇങ്ങനെയുള്ള പ്രതിഷേധങ്ങള്‍ സിപിഐ എമ്മിന് സംഘടിപ്പിക്കാന്‍ സാധിക്കില്ല. അങ്ങനെ ചെയ്യുകയുമരുത്. തൊഴിലാളികള്‍, ഭൂരഹിതരായ ഗ്രാമീണര്‍ തുടങ്ങിയവരുടെയെല്ലാം സാമ്പത്തികവും സാമൂഹികവുമായ ആവശ്യങ്ങളുയര്‍ത്തി ബഹുജന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയെന്ന അടിയന്തിര കര്‍ത്തവ്യത്തില്‍ നിന്ന് ശ്രദ്ധ തെറ്റിച്ചുകൂട. പക്ഷെ, സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നവലിബറല്‍ മാതൃക ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് പാര്‍ട്ടി ഗൗരവതരമായി പഠിക്കുകയും നവലിബറല്‍ രാഷ്ട്രീയത്തിനും വര്‍ഗീയ രാഷ്ട്രീയത്തിനുമെതിരായി ഒരുമിച്ചും സമാന്തരമായും പോരാട്ടങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്ന കാലത്ത്, ഇത്തരം പോരാട്ടങ്ങളുടെ പ്രസക്തി തിരിച്ചറിയേണ്ടതും അതിന്റെ സംഘാടകരും പങ്കെടുക്കുന്നവരുമായി വളരെ യഥാര്‍ത്ഥമായ ബന്ധം ഉണ്ടാക്കിയെടുക്കേണ്ടതും അനിവാര്യമാണ്.

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നടക്കുന്ന, നമ്മെ വിസ്മയിപ്പിക്കുന്ന ഒട്ടേറെ പ്രസ്ഥാനങ്ങളും രാഷ്ട്രീയ പ്രവണതകളും വ്യവസ്ഥിതിയുടെ സമ്മതിയോടെ നടക്കുന്നതാണ്. കാരണം അത് മുതലാളിത്വത്തെയോ, സാമ്രാജ്യത്വത്തെയോ വെല്ലുവിളിക്കുന്നില്ല. ഏതെങ്കിലും പ്രത്യേക തരത്തിലുള്ള അനീതിക്ക് എതിരെ മാത്രമാണ് അവ പ്രതികരിക്കുന്നത്. ഉദാഹരണത്തിന് സ്വവര്‍ഗാനുരാഗികള്‍ക്കെതിരായ വിവേചനത്തിന് എതിരെ, സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി, ചൂഷണ വ്യവസ്ഥയ്ക്ക് വെല്ലുവിളിയാവാതെ, ഒറ്റയൊറ്റ വിഷയങ്ങളില്‍ അമിതമായി ശ്രദ്ധകേന്ദ്രീകരിക്കുന്ന രീതി ഉത്തരാധുനികതയുടേതാണ്. ഇത് ചര്‍ച്ച ചെയ്യേണ്ടത് പ്രധാനമാണ്. പക്ഷെ, സോഷ്യലിസത്തിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കായി സ്വയം സമര്‍പ്പിച്ചിരിക്കുന്ന ആക്ടിവിസ്റ്റുകളും ചിന്തകരും ഇത്തരത്തിലുള്ള കൂട്ടായ്മകള്‍ കണ്ട് അമിതാശ്ചര്യത്തിന് അടിമപ്പെടുന്നതിനും സിപിഐ എം അവരെ അനുകരിക്കുമെന്ന ആഗ്രഹം കൊണ്ട് ഒരുപാട് സമയവും ഊര്‍ജ്ജവും പാഴാക്കുന്നതിനും എതിരെ മുന്നറിയിപ്പുകളുണ്ടാവണം.

കടപ്പാട് : മാതൃഭൂമി വാരിക

 

05-Jan-2015

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More