അമൃതാനന്ദമയിയും ആദ്ധ്യാത്മികതയും

 ശ്രീരാമകൃഷ്ണ പരമഹംസര്‍, ചട്ടമ്പി സ്വാമികള്‍, രമണ മഹര്‍ഷി, ശ്രീനാരായണ ഗുരു, ബ്രഹ്മാനന്ദ ശിവയോഗി, മഹര്‍ഷി അരബിന്ദോ എന്നിവര്‍ക്കൊന്നും വലിയ ആള്‍ക്കൂട്ടമോ, കോടികളുടെ സ്വത്തോ ഉണ്ടായിരുന്നില്ല. ഇതിനര്‍ത്ഥം ഇവരൊന്നും അമൃതാനന്ദമയി എന്ന സഹസ്രകോടീശ്വരിയായ ആള്‍ദൈവത്തോളം ആദ്ധ്യാത്മികത ഇല്ലാതിരുന്നവരോ, ഇന്ത്യന്‍ ആദ്ധ്യാത്മികതയെ പ്രതിനിധാനം ചെയ്യാന്‍ പ്രാപ്തി ഇല്ലാത്തവരോ ആയിരുന്നു എന്നല്ല. അതിനാല്‍ മേല്‍പ്പറഞ്ഞ അദ്ധ്യാത്മിക പ്രതിഭകളുടെ സമുജ്ജ്വല ജീവിതങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അമൃതാനന്ദമയി, ശ്രീ ശ്രീ രവിശങ്കര്‍, സത്യസായി ബാബ, ബാബാ രാംദേവ്, ഭഗവാന്‍ രജനീഷ് തുടങ്ങിയ സഹസ്രകോടീശ്വരന്‍മാരും കോടീശ്വരികളുമായ ആള്‍ദൈവങ്ങള്‍, ഇന്ത്യന്‍ അദ്ധ്യാത്മീകതയെ പ്രതിനിധീകരിക്കുന്നു എന്ന് പറയുവാന്‍ ചരിത്രബോധമുള്ളവര്‍ക്കൊന്നും എളുപ്പം സാധ്യമാവില്ല.

മാതാ അമൃതാനന്ദമയി ഇന്ത്യന്‍ ആദ്ധ്യാത്മികതയുടെ പ്രതിനിധി ആണെന്നാണ് അവരുടെ ഭക്തര്‍ ആണയിട്ടുവരുന്നത്! ഇതു ശരിവെച്ചാല്‍ പണവും ആള്‍ക്കൂട്ടവുമാണ് ഇന്ത്യന്‍ ആത്മീയതയുടെ മുഖമുദ്രകള്‍ എന്ന് പറയേണ്ടിവരും! ഇതുരണ്ടുമല്ലാതെ മറ്റെന്തെങ്കിലും അമൃതാനന്ദമയി എന്ന ആള്‍ദൈവത്തെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്നുണ്ടെന്നും പറയാവതല്ല! മാത്രമല്ല, അമൃതാനന്ദമയി ഇന്ത്യന്‍ ആദ്ധ്യാത്മികതയുടെ പ്രതിനിധിയാണെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാല്‍, സ്വാമി വിവേകാനന്ദന്റെ ഗുരുനാഥനായ ശ്രീരാമകൃഷ്ണര്‍ എന്തിനെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് ചോദിക്കേണ്ടി വരും. എന്തായാലും ശ്രീരാമകൃഷ്ണ പരമഹംസര്‍ക്ക് ചുറ്റും അദ്ദേഹത്തിന്റെ ജീവിതകാലത്തിലൊരിക്കലും നൂറാളുകളില്‍ കൂടുതലുണ്ടായ ഒരൊറ്റ സന്ദര്‍ഭവും ഇല്ല. പണം അദ്ദേഹം കൈകൊണ്ട് സ്പര്‍ശിക്കുകപോലും ചെയ്യാറില്ല. രമണ മഹര്‍ഷിയും ഒരിക്കലും വലിയ ആള്‍ക്കൂട്ടത്തെ തനിക്ക് ചുറ്റും കൂട്ടാവുന്ന യാതൊരു ദിവ്യാത്ഭുത പ്രവര്‍ത്തനവും നടത്തിയിരുന്നില്ല. ചട്ടമ്പി സ്വാമികള്‍ കല്ലുചുമക്കുക, കണക്കെഴുതുക, പഠിപ്പിക്കുക എന്നീ തൊഴിലുകള്‍ ചെയ്തുകൊണ്ടാണ് തന്റെയും അമ്മയുടെയും സഹോദരിയുടെയും നിത്യവൃത്തിക്കുവേണ്ടുന്ന ധനം സമ്പാദിച്ചിരുന്നത്. മാത്രമല്ല, ചട്ടമ്പി സ്വാമിക്ക് തന്റേതെന്ന് പറയാന്‍ ഒരാശ്രമം പോലും ഉണ്ടായിരുന്നില്ല. നാരായണ ഗുരു, ചട്ടമ്പി സ്വാമികളെ അപേക്ഷിച്ച് സാമൂഹികവും സാമുദായികവും സംഘടനാപരവുമായ പൊതു പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതിനാല്‍, അദ്ദേഹത്തിന് ശിവഗിരിയിലും ആലുവയിലുമൊക്കെ ആശ്രമങ്ങള്‍ ഉണ്ടായി. സഞ്ചരിക്കാനൊരു റിക്ഷയും നാരായണഗുരുവിനുണ്ടായിരുന്നു. നാരായണ ഗുരുവിന് സമാനമായ സാമ്പത്തിക സാഹചര്യങ്ങള്‍ ഏറെക്കുറെ ബ്രഹ്മാനന്ദസ്വാമി ശിവയോഗിക്കും ഉണ്ടായിരുന്നു. എങ്കിലും, ശിവയോഗി അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുവാന്‍ ആദ്ദേഹത്തിന്റെ ആശയദാര്‍ഢ്യങ്ങളോട് തല്‍പരരായവരുടെ സംഭാവനകള്‍ സ്വീകരിക്കേണ്ടുന്ന വിധം ദരിദ്രനായിരുന്നു! മഹര്‍ഷി അരബിന്ദോയും വലിയ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്നതിന് വേണ്ടുന്ന വേലത്തരങ്ങള്‍ കാണിച്ചുകൊണ്ടോ, ആളുകളില്‍ നിന്ന് വഴിപാടായോ മറ്റോ പണം പിടുങ്ങിക്കൊണ്ടോ അല്ല പോണ്ടിച്ചേരിയില്‍ ജീവിച്ചിരുന്നത്. മീര എന്ന ഫ്രഞ്ച് വനിത അരബിന്ദോ ആശ്രമത്തില്‍ വന്നുചേര്‍ന്നില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷെ, അരബിന്ദോയുടെ ആഴവും പരപ്പുമുള്ള അദ്ധ്യാത്മക ഗ്രന്ഥങ്ങളുടെ പ്രസാധനം പോലും ഇപ്പോള്‍ നടന്നുവരുന്ന സുഗമതയോടെ നടക്കുകയില്ലായിരുന്നു. ശ്രീരാമകൃഷ്ണ പരമഹംസര്‍, ചട്ടമ്പി സ്വാമികള്‍, രമണ മഹര്‍ഷി, ശ്രീനാരായണ ഗുരു, ബ്രഹ്മാനന്ദ ശിവയോഗി, മഹര്‍ഷി അരബിന്ദോ എന്നിവര്‍ക്കൊന്നും വലിയ ആള്‍ക്കൂട്ടമോ, കോടികളുടെ സ്വത്തോ ഉണ്ടായിരുന്നില്ല. ഇതിനര്‍ത്ഥം ഇവരൊന്നും അമൃതാനന്ദമയി എന്ന സഹസ്രകോടീശ്വരിയായ ആള്‍ദൈവത്തോളം ആദ്ധ്യാത്മികത ഇല്ലാതിരുന്നവരോ, ഇന്ത്യന്‍ ആദ്ധ്യാത്മികതയെ പ്രതിനിധാനം ചെയ്യാന്‍ പ്രാപ്തി ഇല്ലാത്തവരോ ആയിരുന്നു എന്നല്ല. അതിനാല്‍ മേല്‍പ്പറഞ്ഞ അദ്ധ്യാത്മിക പ്രതിഭകളുടെ സമുജ്ജ്വല ജീവിതങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അമൃതാനന്ദമയി, ശ്രീ ശ്രീ രവിശങ്കര്‍, സത്യസായി ബാബ, ബാബാ രാംദേവ്, ഭഗവാന്‍ രജനീഷ് തുടങ്ങിയ സഹസ്രകോടീശ്വരന്‍മാരും കോടീശ്വരികളുമായ ആള്‍ദൈവങ്ങള്‍, ഇന്ത്യന്‍ അദ്ധ്യാത്മീകതയെ പ്രതിനിധീകരിക്കുന്നു എന്ന് പറയുവാന്‍ ചരിത്രബോധമുള്ളവര്‍ക്കൊന്നും എളുപ്പം സാധ്യമാവില്ല.

ആധുനിക കാലത്ത് ഇന്ത്യന്‍ ആദ്ധ്യാത്മികതയെ പ്രതിനിധീകരിച്ചവര്‍ എന്ന് തീര്‍ച്ച പറയാവുന്ന രണ്ട് വ്യക്തിത്വങ്ങളെ മാത്രമേ ഈ ലേഖകന് പരിചയമുള്ളു. അതിലൊരാള്‍ ജിദ്ദുകൃഷ്ണമൂര്‍ത്തിയാണ്. ആനിബസന്റ് വളര്‍ത്തിയെടുത്ത ആദ്ധ്യാത്മിക പ്രതിഭയാണ് ജിദ്ദുകൃഷ്ണമൂര്‍ത്തി. തന്റെ കോടികള്‍ വില മതിപ്പുള്ള സമ്പാദ്യം ഒരു ട്രസ്റ്റിന്റെ പേരിലാക്കി അതിന്റെ തലപ്പത്ത് ജിദ്ദുകൃഷ്ണമൂര്‍ത്തിയെ അവരോധിച്ചുകൊണ്ടാണ് ആനിബസന്റ് വില്‍പ്പത്രം തയ്യാറാക്കിയിരുന്നത്. എന്നാല്‍, ജിദ്ദു കൃഷ്ണമൂര്‍ത്തി തല്‍സ്ഥാനമാനങ്ങളെല്ലാം ഉപേക്ഷിച്ച് ബുദ്ധനെ അനുസ്മരിപ്പിക്കും വിധം തെരുവിലേക്കിറങ്ങി. സന്ന്യാസിയുടെയോ ആചാര്യന്റെയോ യാതൊരു വേഷപ്പകിട്ടുകളും ജിദ്ദുകൃഷ്ണമൂര്‍ത്തി സ്വീകരിച്ചില്ല. 'ജിദ്ദു' എന്ന് ഏത് കൊച്ചുകുട്ടിക്കും അദ്ദേഹത്തെ എവിടെവെച്ചും സംബോധന ചെയ്യാമായിരുന്നു. ആവശ്യപ്പെടുന്ന സദസുള്ളിടത്ത് സംസാരിക്കുക എന്നതൊഴിച്ച് മറ്റൊരദ്ധ്യാത്മികാചാരങ്ങളും ജിദ്ദുകൃഷ്ണമൂര്‍ത്തി ചെയ്തിരുന്നുമില്ല. സംഘടനയില്ലാതെ, ആചാര്യന്റെ വേഷപ്പകിട്ടുകളോ, പാദപൂജാദികളോ കൂടാതെ, ശാന്തനായി ജീവിച്ച ജിദ്ദുകൃഷ്ണമൂര്‍ത്തി, അദ്ദേഹത്തിന്റെ ഉള്ളുനിറഞ്ഞ അറിവുകൊണ്ടുമാത്രം ലോകത്തെ അഗാധമായി സ്വാധീനിച്ചു, സ്വാധീനിച്ചുകൊണ്ടിരിക്കുന്നു.
ഇന്ത്യന്‍ ആദ്ധ്യാത്മികതയെ പ്രതിനിധാനം ചെയ്യുന്നതായി എനിക്ക് എല്ലാ അര്‍ത്ഥത്തിലും ബോധ്യം വന്ന മറ്റൊരാള്‍ എന്റെ ഗുരുനാഥനായ മഹര്‍ഷി കൃഷ്ണകുമാറാണ്. ഇന്ന് ജീവിച്ചിരിക്കുന്ന ഏത് ആള്‍ദൈവത്തേക്കാളും, കണ്ടാലുടനെ ഏതൊരാള്‍ക്കും കൈകൂപ്പി തൊഴുവാന്‍ തോന്നിപ്പോകുന്ന ആകാരസൗഷ്ഠവവും ആദ്ധ്യാത്മിക തേജസ്സും നിറഞ്ഞ ഒരാളായിരുന്നു അദ്ദേഹം. എന്നിട്ടും അദ്ദേഹം സ്വയം ആള്‍ദൈവമാകാന്‍ ശ്രമിച്ചില്ല. തന്റെ ചുറ്റിലും കൂടിയവരെ, അദ്ദേഹത്തെ ആള്‍ദൈവമാക്കാനോ സംഘടനയുണ്ടാക്കാനോ സംഭാവന പിരിക്കാനോ അനുവദിച്ചുമില്ല. ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയും പൊട്ടിപ്പൊളിഞ്ഞ നിലവുമുള്ള ഒരുവീട്ടിനകത്താണ് അദ്ദേഹം കഴിഞ്ഞിരുന്നത്. കോടീശ്വരന്‍മാര്‍ അദ്ദേഹത്തെ കാണാന്‍ വരാറുണ്ടായിരുന്നു. പക്ഷെ, ഒരു സാധാരണ കൂലിപ്പണിക്കാരന് നല്‍കാറുള്ളതില്‍ കൂടുതല്‍ പരിഗണനയൊന്നും അദ്ദേഹം ഒരു കോടീശ്വരനും നല്‍കാറില്ല. “ആദ്ധ്യാത്മികത, പണക്കാരന് സ്വാധീനിക്കാവുന്നതാകണമെങ്കില്‍ ഈശ്വരന്‍ വിലക്കുവാങ്ങാവുന്ന ചരക്കാകണം” എന്നായിരുന്നു അദ്ദേഹം പറയാറുള്ളത്.
“വ്യക്തി പൂജയല്ലീശ്വര പൂജ-ശക്തി-
പൂജതാന്‍ മക്കളെ
വിശ്വശക്തിയാം ഈശ്വരി- വെറും
വ്യക്തിയാണെന്നോ മക്കളെ” എന്നും
“ജീവിതം ഒരു സാധനയാകുവില്‍
സാധന പരസേവനമാകുവില്‍
ലോകമല്ല നേടുന്നതേവനും
ലോകനാഥനാമയ്യനെ തന്നെയാം
ലോകനാഥനാമയ്യനെ കിട്ടിയാല്‍
ലോകമെന്തിനാണാര്‍ക്കതിലാശപോം
സത്തു വാറ്റി പിഴിഞ്ഞങ്ങെടുത്തവര്‍
കൊത്തു പിന്നെയും കൈവശം വെക്കുമോ” എന്നും മറ്റും നൂറുകണക്കിന് സങ്കീര്‍ത്തനങ്ങള്‍ വിശ്വശക്തിയായ ദൈവത്തെകുറിച്ച് എഴുതിയിട്ടുള്ള മഹര്‍ഷി കൃഷ്ണകുമാറിന്റെ ആദ്ധ്യാത്മികമായ ഉള്‍ക്കാഴ്ചകളെ കുറിച്ച് ഡോ. സുകുമാര്‍ അഴിക്കോട്, ഡോ. എം ലീലാവതി, ഡോ. അയ്യപ്പ പണിക്കര്‍, പ്രൊഫ. എസ് ഗുപ്തന്‍നായര്‍, ഡോ. കെ പി നാരായണ പിഷാരടി, കെ പി സി അനുജന്‍ ഭട്ടതിരിപ്പാട്, കവി കുഞ്ഞുണ്ണി, ആഞ്ഞം നമ്പൂതിരി തുടങ്ങിയ അഭിജ്ഞ ജനങ്ങള്‍ക്കൊന്നും ലവലേശം സംശയമുണ്ടായിരുന്നില്ല. ഇത്രയും വലിയൊരു ആദ്ധ്യാത്മിക പുരുഷനോടൊപ്പം കൂടെ ജീവിച്ച് പഠിക്കാനായി എന്നതാണ് എന്നിലെ എളിയ അദ്ധ്യാത്മിക പ്രവര്‍ത്തകന്റെ അഴിവൊഴിവില്ലാത്ത ഒരേയൊരു മൂലധനം.

ഇവിടെ സൂചിപ്പിച്ച ശ്രീരാമകൃഷ്ണ പരമഹംസര്‍ മുതല്‍ മഹര്‍ഷി കൃഷ്ണകുമാര്‍ വരെ ഉള്‍പ്പെടുന്ന താരതമ്യേന നവീനരായ ആദ്ധ്യാത്മിക വ്യക്തിത്വങ്ങളോട് താരതമ്യപ്പെടുത്തുമ്പോള്‍ മാത്രമല്ല മാതാ അമൃതാനന്ദമയി ഇന്ത്യന്‍ ആദ്ധ്യാത്മികതയെ പ്രതിനിധീകരിക്കുന്നു എന്ന് പറയാന്‍ കഴിയാതെ വരുന്നത്. ശങ്കരന്‍, മാധ്വന്‍, രാമാനുജന്‍, വല്ലഭന്‍, ചൈതന്യമഹാപ്രഭു എന്നിവരോട് താരതമ്യപ്പെടുത്തിയാലും അമൃതാനന്ദമയി ഇന്ത്യന്‍ ആത്മീയതയെ പ്രതിനിധീകരിക്കുന്നതായി പറയാന്‍ സാധിക്കില്ല. കാരണം മേല്‍പ്പറഞ്ഞവരെല്ലാം ആചാര്യന്‍മാരായിരിക്കുന്നത് ഉപനിഷത്തുക്കള്‍, ഭഗവത്ഗീത, ബ്രഹ്മസൂത്രം എന്നീ കൃതികള്‍ക്ക് തങ്ങളുടേതായ യുക്തിക്കും അനുഭവത്തിനും അനുസരിച്ച് വ്യഖ്യാനങ്ങള്‍ എഴുതിയിട്ടുള്ളതിനാലാണ്. അമൃതാനന്ദമയി അത്തരം വ്യാഖ്യാനങ്ങളൊന്നും എഴുതിയിട്ടില്ല. അതിനാല്‍ ശങ്കരന്‍ മുതല്‍ ചൈതന്യന്‍വരെയുള്ള ആചാര്യന്‍മാരെ മാനദണ്ഡമാക്കി പരിശോധിച്ചാലും അമൃതാനന്ദമയി ഇന്ത്യന്‍ ആദ്ധ്യാത്മികതയെ പ്രതിനിധീകരിക്കുന്നതായി പറയാനാവില്ല.

ഇന്ത്യന്‍ ആദ്ധ്യാത്മികതയുടെ പരമപ്രമാണങ്ങള്‍ ഉപനിഷത്തുക്കളാണ്. അതിനാല്‍ ഉപനിഷത്ത് ഋഷികള്‍ എങ്ങനെ ജീവിച്ചുവോ, അവ്വിധം ജീവിക്കുന്നവരെ മാത്രമേ ഇന്ത്യന്‍ ആദ്ധ്യാത്മികതയുടെ പ്രതിനിധി എന്ന് വിശേഷിപ്പിക്കാനാവു. ഉപനിഷത്ത് ഋഷിമാരാരും അമൃതാനന്ദമയി ജീവിക്കുന്ന തരത്തിലുള്ള കൊട്ടാരസദൃശമായ കെട്ടിടങ്ങളില്‍ താമസിച്ചിരുന്നവരല്ല. ഒരു ഋഷിയും വലിയൊരാള്‍ക്കൂട്ടത്തിന്റെ ഗുരുവാകാന്‍ ആഗ്രഹിക്കുകയോ ശ്രമിക്കുകയോ ചെയ്തിരുന്നില്ല. ആത്മാര്‍ത്ഥമായി അറിവുതേടിയെത്തുന്ന അഞ്ചോ, ആറോ പേരല്ലാതെ ഒരു ഋഷിക്കും ശിഷ്യസമ്പത്തുണ്ടായിരുന്നുമില്ല. തൊണ്ടയുള്ളവരെല്ലാം ഗായകരല്ല. എന്നതുപോലെ മനുഷ്യരെല്ലാവരും അദ്ധ്യാത്മികന്‍മാരുമല്ല എന്ന് ഋഷിമാര്‍ തിരിച്ചറിഞ്ഞിരുന്നു. അതിനാല്‍ എല്ലാവര്‍ക്കും ആഹാരം വിളമ്പുന്നതുപോലെ എല്ലാവര്‍ക്കും ആദ്ധ്യാത്മികത വിളമ്പുന്ന ആള്‍ക്കൂട്ടത്തിന്റെ ഗുരുവര്യന്‍മാരാവുക എന്ന വ്യാമോഹമൊന്നും ഒരു ഋഷിക്കും ഇല്ലായിരുന്നു. ഉപനിഷത്തിലെ യജ്ഞവല്‍ക്ക്യന്‍, ഗൗതമന്‍, തുടങ്ങി ഋഷികളെയും ഗാര്‍ഗ്ഗി, മൈത്രേയി തുടങ്ങിയ ഋഷിതകളെയും അവരുടെ ജീവിത ശൈലികളെയും പഠിച്ചിട്ടുള്ള ഒരാള്‍ക്കും അമൃതാനന്ദമയി എന്ന ആള്‍ക്കൂട്ടത്തിന്റെ ആള്‍ദൈവം ഉപനിഷദ് ഋഷിമാര്‍ എന്ന ഇന്ത്യന്‍ ആദ്ധ്യാത്മികതയുടെ പരമാചാര്യമാരെ പോലെയല്ല ജീവിക്കുന്നതെന്നേ പറയാനാവു. പരബ്രഹ്മത്തില്‍ പ്രാണാര്‍പ്പണം ചെയ്താണ് ഋഷിമാര്‍ ജീവിച്ചിരുന്നത്. പണത്തില്‍ പ്രാണാര്‍പ്പണം ചെയ്താണ് അമൃതാനന്ദമയി ജീവിക്കുന്നത്. പിന്നെങ്ങിനെ അവരെ ഉപനിഷദ് ഋഷിമാരുടെ ആദ്ധ്യാത്മികതയെ പ്രതിനിധാനം ചെയ്യുന്നവരായി കരുതാനാവും? 'പണക്കാരന്‍ സ്വര്‍ഗരാജ്യത്തിലേക്ക് പ്രവേശിക്കുക എന്നത് ഒട്ടകം സൂചിക്കുഴിയിലൂടെ കടക്കുക എന്നതുപോലെ പ്രയാസകരമത്രേ' എന്നു പ്രഖ്യാപിച്ച യേശുക്രിസ്തുവും കോടികള്‍ വിലമതിപ്പുള്ള സ്ഥാവരജംഗമ സ്വത്തുക്കളുടെ പരമാധികാരികളായി വാഴുന്ന രൂപതാ മെത്രാന്‍മാരും തമ്മിലുള്ളതിനേക്കാള്‍ കൂടുതല്‍ ബന്ധമൊന്നും ഉപനിഷദ് ഋഷിമാരുടെ ആദ്ധ്യാത്മികതയ്ക്കും സഹസ്രകോടീശ്വരിയായ അമൃതാനന്ദമയി എന്ന ആള്‍ദൈവത്തിനും തമ്മിലില്ല. അതിനാലവര്‍ ഋഷിമാരുടെ ആദ്ധ്യാത്മികതയെ പ്രതിനിധീകരിക്കുന്നു എന്ന് പറയാനാവില്ല. ജനങ്ങള്‍ക്ക് ആദ്ധ്യാത്മികതയോടുള്ള ബഹുമാനാദരങ്ങളെ ചൂഷണം ചെയ്ത് ക്രൈസ്തവസഭയ്ക്ക് സമാനമായ സ്വത്തുവകകളുള്ള ഒരു സ്ഥാപനം സ്വന്തം പേരില്‍ ഉണ്ടാക്കിയെടുത്തു എന്നത് മാത്രമാണ് അമൃതാനന്ദമയി ചെയ്തത്. അമൃതാനന്ദമയി നല്ല കച്ചവടക്കാരിയാണ്. പക്ഷെ, ജ്ഞാനപ്പാന എഴുതിയ പൂന്താനം നമ്പൂതിരിയോളം പോലും ആദ്ധ്യാത്മികതയില്ല. ഇത്രയും സൂചിപ്പിച്ചതില്‍ നിന്നുതന്നെ അമൃതാനന്ദമയി എന്തുകൊണ്ട് ഇന്ത്യന്‍ ആദ്ധ്യാത്മികതയുടെ പ്രതിനിധി അല്ലെന്ന് ചിന്താശീലര്‍ക്കെല്ലാം ബോധ്യമാവും. ചിന്താശീലമില്ലാത്ത വിശ്വാസികളോട് എന്ത് പറഞ്ഞിട്ടും ഫലമില്ല. അവര്‍ സരിതയുടെ സോളാര്‍ത്തട്ടിപ്പിനും അമൃതാനന്ദമയിയുടെ സ്പിരിച്വല്‍ തട്ടിപ്പിനും എപ്പോഴും ഇരകളായിക്കൊണ്ടിരിക്കും.

അമൃതാനന്ദമയിയുടെ ആദ്ധ്യാത്മികതട്ടിപ്പിനിരയായി തീര്‍ന്ന ആത്മാര്‍ത്ഥതയുള്ള പാവമൊരു വിദേശ വനിതയാണ് ഗെയില്‍ ട്രെഡ്വെല്‍. കൂടെ കിടന്നവര്‍ക്കെ രാപ്പനി അറിയൂ എന്ന ചൊല്ലുണ്ടല്ലൊ. വര്‍ഷങ്ങളോളം 'അമ്മയുടെ നിഴല്‍' എന്ന് ഭക്തരാല്‍ പുകഴ്ത്തപ്പെട്ട് അമൃതാനന്ദമയിക്കൊപ്പം ശിഷ്യയും ശുശ്രൂഷകയുമായി കഴിഞ്ഞവളാണ് ഗായത്രി എന്ന ഗെയില്‍ ട്രെഡ്വെല്‍. അവര്‍ അമൃതാനന്ദമയിയെ പറ്റി അറിഞ്ഞത് ആത്മാര്‍ത്ഥവും സരളവുമായ ഭാഷയില്‍ വെട്ടിത്തുറന്നു രേഖപ്പെടുത്തുന്ന ഗ്രന്ഥമാണ് വിശുദ്ധനരകം അഥവാ ഹോളിഹെല്‍ എന്നത്. ഒരു കോടിയിലേറെ അംഗസംഖ്യയുള്ള ഫെയ്‌സ്ബുക്ക് പോലുള്ള സൗഹൃദ കൂട്ടായ്മയില്‍ ഗെയില്‍ ട്രെഡ്വെലിന്റെ പുസ്തകത്തിലെ പരാമര്‍ശങ്ങളെ ആധാരമാക്കി അമൃതാനന്ദമയിക്കെതിരെ ശക്തമായ പ്രതികരണങ്ങള്‍ നടന്നുവരികയാണ്. അമൃതാനന്ദമയിക്കെതിരെ പ്രതികരിക്കുന്നവരെയെല്ലാം സൈബര്‍ നിയമപ്രകാരം കേസെടുത്ത് തുറുങ്കിലടയ്ക്കുവാനാണ് കേരള സര്‍ക്കാര്‍ ഉത്സാഹിക്കുന്നതെങ്കില്‍, കേരളത്തിലെ ജയിലുകള്‍ അതിന് മതിയാകാതെ വരും. യൂറോപ്യന്‍ നാടുകളില്‍ ബിഷപ്പുമാര്‍ ഉല്‍പ്പെടെയുള്ള ക്രൈസ്തവ പുരോഹിതന്‍മാരുടെ ലൈംഗിക ചൂഷണത്തിനിരയായവര്‍ നല്‍കിയ പരാതിയില്‍ അന്വേഷണവും വിചാരണയും ഒക്കെ നടന്നുവരുന്നുണ്ട്. നഷ്ടപരിഹാരതുക കെട്ടിവെക്കാന്‍ പള്ളികള്‍ വരെ വില്‍ക്കേണ്ടിവരുന്ന അവസ്ഥയിലാണ് യൂറോപ്യന്‍ ക്രൈസ്തവ സഭ. ക്രൈസ്തവ പുരോഹിതന്‍മാരുടെ ലൈംഗിക ചൂഷണങ്ങളെ തുറന്നുകാട്ടിയവര്‍ക്കെതിരെ കേസെടുക്കാനല്ല, മറിച്ച് ക്രൈസ്തവ പുരോഹിതന്‍മാര്‍ക്കെതിരെ നടപടിയെടുക്കാനാണ് യൂറോപ്യന്‍ നിയമപരിപാലകര്‍ തയ്യാറായത്. ഈ ജനാധിപത്യമര്യാദയാണ് അമൃതാനന്ദമയിയുടെ കാര്യത്തില്‍ കേരള പോലീസും കാണിക്കേണ്ടത്.

ഹോളി ഹെല്‍ എന്ന പുസ്തകത്തിലെ Man in heat എന്ന ഇരുപതാം അധ്യായത്തില്‍, ഗെയില്‍ ട്രെഡ്വെല്‍ നടത്തുന്ന വെളിപ്പെടുത്തലുകള്‍ അത്യന്തം ഗുരുതര സ്വഭാവമുള്ളതാണ്. ഗായത്രി എന്ന പേരില്‍ ബ്രഹ്മചാര്യ ദീക്ഷാനാമത്തില്‍ കഴിഞ്ഞിരുന്നപ്പോഴും സ്വാമിനി അമൃതപ്രാണ എന്ന പേരില്‍ സന്യാസദീക്ഷിതയായതിന് ശേഷവും തന്നെ അമൃതാനന്ദമയിയുടെ ശിഷ്യപ്രമുഖനായ ബാലു എന്ന സ്വരൂപാനന്ദ ബലാല്‍സംഗ സമാനമായ രീതിയില്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ഗെയില്‍ ട്രെഡ്വെല്‍ തുറന്നുപറയുന്നത്. ഒരിക്കല്‍ അമൃതാനന്ദമയി ഉറങ്ങിക്കിടക്കവേ അവരുടെ കട്ടിലിനരികെ തറയിലേക്ക് തള്ളിയിട്ടുപോലും ബാലു ലൈംഗിക പീഡനം നടത്തി എന്നും ഗെയില്‍ ട്രെഡ്വെല്‍ എഴുതുന്നുണ്ട്. കൂടാതെ അമ്മയും ബാലു, റാവു തുടങ്ങിയ ശിഷ്യന്‍മാരും തമ്മിലുള്ള ബന്ധവും ഭക്തിയേക്കാള്‍ സക്തി നിറഞ്ഞതാണെന്നു സാഹചര്യത്തെളിവുകളെ ആസ്പദമാക്കി ഗെയില്‍ ട്രെഡ്വെല്‍ നിഗമനത്തിലെത്തുന്നു. അമ്മയും ബാലുവും തനിച്ച് ആയിരിക്കുമ്പോഴും അമ്മയും റാവുവും തനിച്ചായിരിക്കുമ്പോഴും മുറി അകത്ത് നിന്ന് താഴിടാറുണ്ട്. ഇവര്‍ പുറത്തുപോയതിനുശേഷം മുറിയിലേക്ക് പ്രവേശിച്ച് പരിശോധിച്ച ഒട്ടുമിക്കവാറും സന്ദര്‍ഭങ്ങളിലും അമ്മയുടെ കിടക്കവിരിയില്‍ പുരുഷബീജത്തിന്റെ നനവും വടുക്കളും കാണേണ്ടി വന്നിട്ടുമുണ്ട്! മാത്രമല്ല, അമ്മ ഒരു തവണ ഗര്‍ഭിണി ആയതായും ഗെയില്‍ ട്രെഡ്വെല്‍ എഴുതുന്നു! കൂടാതെ റാവുവിന്റെ സ്വകാര്യമുറിയിലെ കക്കൂസ് പൈപ്പ് അറ്റകുറ്റ പണികള്‍ക്കായി ഒരിക്കല്‍ നീക്കം ചെയ്തു വൃത്തിയാക്കേണ്ടി വന്നപ്പോള്‍ പൈപ്പിനകത്ത് ഒട്ടേറെ ഗര്‍ഭനിരോധന ഉറകള്‍ കണ്ടതായും ഗെയില്‍ ട്രെഡ്വെല്‍ എഴുതുന്നു. ഇതേപറ്റി അമ്മയോട് പറഞ്ഞപ്പോള്‍ 'റാവുമോന്റെ മുറിയില്‍ താമസിക്കാറുള്ള ഉത്തരേന്ത്യന്‍ ദമ്പതികള്‍ ഉപയോഗിച്ച് ഉപേക്ഷിച്ചതാകാം ഗര്‍ഭനിരോധന ഉറകള്‍' എന്ന് അലസമട്ടില്‍ പറയുകയാണ് അമൃതാനന്ദമയി ചെയ്തതെന്നും ഗെയില്‍ ട്രെഡ്വെല്‍ രേഖപ്പെടുത്തുന്നു. എന്തായാലും പുസ്തകം ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് സൈബര്‍ മീഡിയാകളിലും അതുവഴി പൊതുജനങ്ങള്‍ക്കിടയിലും വിധേയമായതോടെ അമൃതാനന്ദമയിക്ക് മൗനം ഭഞ്ജിക്കേണ്ടി വന്നു. അവര്‍ പ്രതികരിച്ചു. പക്ഷെ, പ്രതികരണം ഒരുതരം കുറ്റസമ്മത സ്വഭാവത്തോടുകൂടിയതായിരുന്നു. “ അമ്മയുടെ ശിഷ്യന്‍മാരെല്ലാം ജീവന്‍മുക്തന്‍മാരല്ല. അതിനാല്‍ തെറ്റുപറ്റിയിട്ടുണ്ടാകാം” എന്നാണവര്‍ പ്രതികരിച്ചത്. പുസ്തക ചര്‍ച്ചകള്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും ഒരു വരി എഴുതാത്ത കേരളത്തിലെ മുത്തശ്ശിമാധ്യമങ്ങള്‍ മേല്‍പ്പറഞ്ഞ അമൃതാനന്ദമയിയുടെ പ്രതികരണം വാര്‍ത്തയാക്കാന്‍ നിര്‍ബന്ധിതരായി.

അമൃതാനന്ദമയിയു#െ പ്രതികരണത്തെ ആസ്പദമാക്കി ചില ചോദ്യങ്ങള്‍ ഉന്നയിക്കാനുണ്ട്. അതിലൊന്നാമത്തെ ചോദ്യം “ ശിഷ്യന്‍മാരുടെ കാര്യം പോകട്ടെ അമ്മ തന്നെ ജീവന്‍മുക്തയാണോ?” എന്നതാണ്. രണ്ടാമത്തെ ചോദ്യം “ജീവന്‍മുക്തന്‍മാരും ജീവന്‍മുക്തന്‍മാരല്ലാത്തവരുമായ എത്ര ശിഷ്യന്‍മാര്‍ അമ്മയ്ക്കുണ്ടെന്ന് വെളിപ്പെടുത്തുവാനുള്ള സത്യസന്ധത അമ്മ കാണിയ്ക്കാന്‍ തയ്യാറുണ്ടോ?” എന്നതാണ്. മൂന്നാമത്തെ ചോദ്യം “ ജീവന്‍മുക്തന്‍മാരല്ലാത്ത ശിഷ്യന്‍മാരെ ആശ്രമത്തില്‍ നിന്ന് പുറത്താക്കാനുള്ള ചങ്കൂറ്റം അമ്മ കാണിക്കുവാന്‍ തയ്യാറുണ്ടോ?” എന്നതാണ്. ഗെയില്‍ ട്രെഡ്വെലിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അമൃതാനന്ദമയിക്കെതിരെ ഇത്രയൊക്കെ പ്രതികരണങ്ങളുണ്ടായിട്ടും സാറാ ജോസഫും, ഖദീജാ മുംതാസും, അജിതയും, പി ഗീതയും, ശാരദക്കുട്ടിയും, സി എസ് ചന്ദ്രികയും, ഇന്ദുമേനോനും, മായ എസും, റോസി തമ്പിയും ഉള്‍പ്പെടുന്ന സ്ത്രീപക്ഷ സിംഹികകള്‍ കേരളത്തില്‍ യാതൊരു പ്രതികരണവും പുറപ്പെടുവിച്ചില്ല എന്നത് അവരൊക്കെ പി വത്സലയ്ക്ക് പഠിക്കുകയാണോ എന്ന് ചിന്തിക്കാന്‍ കേരളത്തെ നിര്‍ബന്ധിതമാക്കുന്നുണ്ട്. ഡല്‍ഹിയില്‍ ഒരു ഡാനിഷ് മധ്യവയസ്‌ക ബലാല്‍സംഗം ചെയ്യപ്പെട്ടപ്പോള്‍ ഉശിരോടെ പ്രതികരിച്ച സ്ത്രീപക്ഷവാദികളാരും അമൃതാനന്ദമയി എന്ന സ്ത്രീ പരമാധികാരിയായ ഒരു സ്ഥാപനത്തില്‍ വെച്ച് ഒരു ആസ്‌ട്രേലിയക്കാരി നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കപ്പെട്ടു എന്ന വെളിപ്പെടുത്തലിനോട് പ്രതികരിക്കാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണ്? ആള്‍ദൈവത്തെ സ്ത്രീപക്ഷവാദികളും ഭയക്കുന്നുണ്ടോ? സാംസ്‌കാരിക കേരളം ഇത്തരം ചോദ്യങ്ങള്‍ക്കും സ്ത്രീപക്ഷവാദികളില്‍ നിന്ന് ഉത്തരം തേടുന്നുണ്ട്.

അവസാനമായി പി കെ കൃഷ്ണദാസ് എന്ന ബി ജെ പി നേതാവിന്റെ പ്രതികരണത്തിനുകൂടി ഒരു സമാധാനം പറയട്ടെ. പി കെ കൃഷ്ണദാസിന്റെ കണ്ടെത്തല്‍ ഇങ്ങിനെയാണ്. “അമൃതാനന്ദമയി മഠത്തിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ആഗോളഗൂഡാലോചനയുടെ ഭാഗമാണ് ഗെയില്‍ ട്രെഡ്വെലിന്റെ പുസ്തകം. അതിനെ ആധാരമാക്കി അമൃതാനന്ദമയിക്കെതിരെ തിരിയുന്ന പിണറായി വിജയന്‍ ന്യൂനപക്ഷ പ്രീണനം നടത്തുകയാണ്” സിസ്റ്റര്‍ ജെസ്മിയുടെ 'ആമേന്‍' എന്ന തുറന്നെഴുത്ത് പുസ്തകത്തെയും ഇവിടുത്തെ ഇടതുപക്ഷം പ്രസക്തമായി പരിഗണിച്ചിട്ടുണ്ട്. തസ്ലീമാ നസ്രിനെയും ഇടതുപക്ഷം അര്‍ഹമായ വിധത്തില്‍ പരിഗണിച്ചിട്ടുണ്ട്. ഇതൊക്കെ ഇടതുപക്ഷം ചെയ്തത് ഹിന്ദു പ്രീണനത്തിനാണെന്ന് വേണം പി കെ കൃഷ്ണദാസിന്റെ യുക്തിയില്‍ ചിന്തിച്ചാല്‍ പറയേണ്ടത്. അങ്ങിനെ പറയുവാന്‍ പി കെ കൃഷ്ണദാസ് തയ്യാറാകുമോ? തയ്യാറാകാത്തിടത്തോളം കാലം അമൃതാനന്ദമയിക്കെതിരെ പിണറായി വിജയന്‍ സംസാരിക്കുന്നത് സത്യം പറയാനുള്ള കമ്യൂണിസ്റ്റുകാരന്റെ സഹജമായ ധൈര്യം കൊണ്ടെന്നല്ലാതെ ന്യൂനപക്ഷ പ്രീണനത്തിനാണെന്ന് ഏത് കൃഷ്ണദാസ് പറഞ്ഞാലും കേരളം വിശ്വസിക്കില്ല.

 

01-Mar-2014

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More