യു ഡി എഫ് വക ഫ്രോഡിസം

ഉദ്ഘാടന ചടങ്ങില്‍ പ്രസിദ്ധ സിനിമാതാരം മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന പുതിയ മ്യൂസിക് ബാന്റിന്റെ 30 മിനിറ്റ് നീണ്ടുനില്‍ക്കുന്ന കലാപരിപാടിക്കുള്ള ചെലവ് ഭീകരമാണ്! 1 കോടി 80 ലക്ഷം രൂപ. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള അഞ്ച് പാട്ടുകള്‍ സംവിധാനം ചെയ്യുന്നതിന് ഒരു സംഗീത സംവിധായകന് 20 ലക്ഷം രൂപയാണ് നല്‍കിയിരിക്കുന്നത്. സമാപന പരിപാടിയില്‍ അരങ്ങിലേക്കെത്തുന്ന പ്രമുഖ നര്‍ത്തകിയ്ക്കും സംഘത്തിനും 25 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. കലാപരിപാടികള്‍ക്കും അനുബന്ധപരിപാടികള്‍ക്കുമായി നീക്കിവെച്ചിരിക്കുന്ന 21 കോടി രൂപ 30ലേറെയായി ഉയരുമെന്നതില്‍ സംശയം വേണ്ട. ഈ ധൂര്‍ത്തും അഴിമതിയും ചൂണ്ടി കാട്ടുമ്പോള്‍ നാഷണല്‍ ഗെയിംസിന്റെ മുഖ്യരക്ഷാധികാരിയായ മുഖ്യമന്ത്രി കാണിക്കുന്ന നിസംഗത, അഴിമതിക്കുള്ള മൗനാനുവാദമാണ്.

സംസ്ഥാനസര്‍ക്കാരിന്റെ 'ഫ്രോഡിസ'മാണ് ഇപ്പോള്‍ കേരളത്തില്‍ അരങ്ങേറുന്നത്. നാഷണല്‍ ഗെയിംസിന്റെ പേരില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തുന്ന പകല്‍ക്കൊള്ള അതിന്റെ പ്രകടമായ ഉദാഹരണമാണ്.

നാഷണല്‍ ഗെയിംസിന്റെ പേരില്‍ കാണിക്കുന്ന അഴിമതിയാണ് നാഷണല്‍ ഗെയിംസിലെ ഏറ്റവും മികച്ച കായിക പരിപാടി. ഏറ്റവും ജനശ്രദ്ധ നേടിയതും അഴിമതി തന്നെ. മറ്റ് എല്ലാ ഇനങ്ങളും ഇതിന്‍റെ പിന്നിലേ നില്‍ക്കുന്നുള്ളൂ. അഴിമതിയുടെ ബാറ്റണ്‍, ഉമ്മന്‍ചാണ്ടിയില്‍ നിന്ന് കെ എം മാണിയും പിന്നീട് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കൈമാറി റിലെ ഓട്ടത്തിലാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുടെ പേരില്‍ ശിക്ഷയേറ്റുവാങ്ങിയ സുരേഷ് കല്‍മാഡിയുടെ പിന്‍ഗാമികള്‍ ആരൊക്കെ എന്നത് കാത്തിരുന്ന് കാണാം. 

നാഷണല്‍ ഗെയിംസിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, നേരത്തെ വിളിച്ചുചേര്‍ത്ത സംഘാടക സമിതി യോഗത്തില്‍ ജില്ലയിലെ എം എല്‍ എ എന്നുള്ള നിലയില്‍ ഞാന്‍ പങ്കെടുത്തിരുന്നു. ഉദ്ഘാടന സമാപന പരിപാടികളുടെ കലാപരിപാടികള്‍ക്ക് വേണ്ടി മാത്രമായി 15.5 കോടിയും അനുബന്ധ പരിപാടികള്‍ക്കായി 5.5 കോടി രൂപയും മാറ്റിവെച്ചിരിക്കുന്നു എന്ന് ആ യോഗത്തില്‍ വ്യക്തമാക്കിയപ്പോള്‍, മുഖ്യമന്ത്രിയുടെ മുന്നില്‍ ഞാന്‍ എതിര്‍പ്പ് രേഖപ്പെടുത്തി. ഈ തുക വളരെ കൂടുതലാണ് ഇത്രയൊന്നും ആവശ്യമില്ല എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ മുഖ്യമന്ത്രി തലകുലുക്കി ശരിവെക്കുകയാണ് ചെയ്തത്. അന്ന് പരിപാടിയുടെ ഇനം തിരിച്ചുള്ള വിശദാംശങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, “ശിവന്‍കുട്ടിക്ക് അവയൊക്കെ നല്‍കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണ”മെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വിവരം നല്‍കാന്‍ ഉദാരമായ നിലപാട് കാണിച്ച മുഖ്യമന്ത്രി, അഴിമതി തടയാന്‍ നടപടിയൊന്നും കൈക്കൊണ്ടില്ല എന്നാണ് ഇപ്പോള്‍ മനസിലാവുന്നത്.

നാഷണല്‍ ഗെയിംസ് സെക്രട്ടേറിയറ്റില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. കാര്യവട്ടത്ത് പുതുതായി നിര്‍മിച്ച ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കലാപരിപാടികള്‍ക്കുവേണ്ടിയുള്ള ലൈറ്റ് സംവിധാനം ഒരുക്കുന്നതിന് 2.65 കോടി രൂപ, കലാപരിപാടി ലൈവായി കാണിക്കുവാന്‍ എല്‍ ഇ ഡി സ്‌ക്രീന്‍ സ്ഥാപിക്കാന്‍ 2.26 കോടി രൂപ, സ്റ്റേഡിയം അലങ്കരിക്കാനും ഉദ്ഘാടനവേദി നിര്‍മിക്കുന്നതിനും വേണ്ടി 83.88 ലക്ഷം രൂപ, ആര്‍ട്ട് ഡയറക്ടര്‍ക്ക് 5 ലക്ഷം രൂപ, ഗെയിംസ് ദീപം തെളിയിക്കാനുള്ള ഗെയിംസ് കാള്‍ റണ്ണിന് 41.29 ലക്ഷം രൂപ, വീഡിയോ ഷൂട്ടിംഗ് ഉപകരണങ്ങള്‍ക്ക് 12 ലക്ഷം രൂപ, വീഡിയോ ടീമിന് 48.2ലക്ഷം രൂപ, കലാപരിപാടികളുടെ ക്രിയേറ്റീവ് ഡയറക്ടര്‍ക്ക് 45 ലക്ഷം രൂപ ഇങ്ങനെ ചെലവ് നീളുകയാണ്. ആര്‍ക്കും മനസിലാവാത്ത ഒരു ഇനം കൂടിയുണ്ട്. പ്രോട്ടോക്കോള്‍ ഇവന്റ്‌സ്! അതിനുള്ള ചെലവ് 4.85 രൂപയാണ്.

ഉദ്ഘാടന ചടങ്ങില്‍ പ്രസിദ്ധ സിനിമാതാരം മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന പുതിയ മ്യൂസിക് ബാന്റിന്റെ 30 മിനിറ്റ് നീണ്ടുനില്‍ക്കുന്ന കലാപരിപാടിക്കുള്ള ചെലവ് ഭീകരമാണ്! 1 കോടി 80 ലക്ഷം രൂപ. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള അഞ്ച് പാട്ടുകള്‍ സംവിധാനം ചെയ്യുന്നതിന് ഒരു സംഗീത സംവിധായകന് 20 ലക്ഷം രൂപയാണ് നല്‍കിയിരിക്കുന്നത്. സമാപന പരിപാടിയില്‍ അരങ്ങിലേക്കെത്തുന്ന പ്രമുഖ നര്‍ത്തകിയ്ക്കും സംഘത്തിനും 25 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. കലാപരിപാടികള്‍ക്കും അനുബന്ധപരിപാടികള്‍ക്കുമായി നീക്കിവെച്ചിരിക്കുന്ന 21 കോടി രൂപ 30ലേറെയായി ഉയരുമെന്നതില്‍ സംശയം വേണ്ട. ഈ ധൂര്‍ത്തും അഴിമതിയും ചൂണ്ടി കാട്ടുമ്പോള്‍ നാഷണല്‍ ഗെയിംസിന്റെ മുഖ്യരക്ഷാധികാരിയായ മുഖ്യമന്ത്രി കാണിക്കുന്ന നിസംഗത, അഴിമതിക്കുള്ള മൗനാനുവാദമാണ്.

ജനുവരി 31 മുതല്‍ ഫെബ്രുവരി 14വരെ സംഘടിക്കപ്പെടുന്ന നാഷണല്‍ ഗെയിംസിന്റെ ആകെ ചെലവ് 611 കോടി രൂപയാണ്. ഗെയിംസ് സംഘാടനത്തിനായുള്ള വിവിധ നിര്‍മാണങ്ങള്‍, നാഷണല്‍ ഗെയിംസ് ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനം, കായികോപകരണങ്ങള്‍ വാങ്ങല്‍, മറ്റുചെലവുകള്‍ എന്നിങ്ങനെയാണ് ഈ തുക വിനിയോഗിക്കപ്പെടുക.

ഗെയിംസിന്റെ വേദികളും സ്റ്റേഡിയങ്ങളും നിര്‍മിക്കുന്നതിനായി 229 കോടി 24 ലക്ഷം 12594രൂപയാണ് ചെലവാക്കുന്നത്. കായിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് 30 കോടി 77ലക്ഷം 3520.5രൂപയും ഉദ്ഘാടന സമാപന പരിപാടികള്‍ക്കായി 21 കോടി രൂപയും ചെലവഴിക്കുമെന്നാണ് സംഘാടകര്‍ വെളിപ്പെടുത്തിയത്. സംഘാടനത്തിനായി സര്‍ക്കാരിന് മുന്നില്‍ ഒരു കൊല്ലത്തിലധികം സമയമുണ്ടായിട്ടും സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വാങ്ങുന്ന കാര്യത്തിലും സ്റ്റേഡിയം നിര്‍മാണം നവീകരണം തുടങ്ങിയ കാര്യങ്ങളിലും ടെണ്ടര്‍ നല്‍കുന്നതിലും പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്ന കാര്യത്തിലും വരുത്തിയ വീഴ്ച ഗുരുതരമാണ്. അഴിമതികള്‍ നടത്തുന്നതിന് വേണ്ടി ഫയലുകള്‍ മനപൂര്‍വ്വം വെച്ച് താമസിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ ഹിമാലയന്‍ പിഴവുകളുണ്ടായത് ഈ നടപടി മൂലമാണ്. ഉദ്ഘാടന വേദിയായ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ പണി ഉദ്ഘാടനചടങ്ങ് നടക്കുമ്പോഴും പൂര്‍ണമായിട്ടില്ല. 240 കോടി വിനിയോഗിച്ചെന്ന് പറയുമ്പോഴും ഇതാണ് അവസ്ഥ.

ഇഷ്ടംപോലെ പണമുള്ള പരിപാടിയും കൂടെ മലയാള മനോരമയും ഉണ്ടെങ്കില്‍ എന്ത് അഴിമതിയും നടത്താമെന്ന യു ഡി എഫ് സര്‍ക്കാരിലെ ചിലരുടെ വിചാരമാണ് നാഷണല്‍ ഗെയിംസിന്റെ സംഘാടനത്തിലൂടെ പ്രാവര്‍ത്തികമാവുന്നത്. മലയാള മനോരമയെ സന്തോഷിപ്പിക്കാനും കൂടെ നിര്‍ത്താനും പത്തരക്കോടിയോളം രൂപ അവര്‍ക്ക് നല്‍കി റണ്‍ കേരള റണ്‍ എന്ന പരിപാടി സംഘടിപ്പിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും രംഗത്തിറങ്ങി ഓടിയെങ്കിലും പണം കൊണ്ടുപോയത് മനോരമയുടെ ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സിയായ ജംഗ്ഷന്‍ കെയാണ്. അതിനാല്‍ മനോരമയില്‍ നാഷണല്‍ ഗെയിംസിന്റെ പേരില്‍ നടക്കുന്ന കൊള്ളകള്‍, വാര്‍ത്ത ആവുന്നതെയില്ല. പെയ്ഡ്‌ ന്യൂസിന്റെ കേരളപര്‍വ്വം ആണിത്.

ഷൂട്ടിംഗ് റേഞ്ചിന് 17 കോടിയും ടെന്നീസ് കോംപ്ലക്‌സിന് 2കോടിയും ഗെയിംസ് വില്ലേജിന് 60 കോടിയും നീന്തല്‍ക്കുളത്തിന് 5 കോടിയും ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തിന് 6 കോടിയും ഹോക്കി സ്റ്റേഡിയത്തിന് 12 കോടിയും തുടങ്ങി ചെലവിനത്തില്‍ നിരവധി കോടികളുണ്ട്. പക്ഷെ, കോടികളില്‍ ഭൂരിഭാഗവും ചില പോക്കറ്റുകളിലേക്കാണ് പോയിട്ടുള്ളത്. 35 കോടിയുടെ കായികോപകരണങ്ങള്‍ വാങ്ങിക്കുന്നതില്‍ ആദ്യം മുതലേ ദുരൂഹത ഉണ്ടായിരുന്നു. ടെക്‌നിക്ക് കമ്മറ്റിയുടെ പ്രധാന ചുമതലക്കാരന്‍ രാജിവെച്ചത് അതിനെ തുടര്‍ന്നാണ്. പ്രൈസ് വാട്ടര്‍ കോര്‍പ്പറേഷനെന്ന പേരില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയിലൂടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കായികോപകരണങ്ങള്‍ വിദേശരാജ്യത്ത് നിന്നും വാങ്ങിയത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും നാഷണല്‍ ഗെയിംസിന്റെ സംഘാടക സമിതി ചെയര്‍മാനായ കായിക വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കേരള സമൂഹം ഉയര്‍ത്തുന്ന ചില സംശയങ്ങള്‍ക്ക് മറുപടി തരാനുള്ള ബാധ്യതയുണ്ട്. നിര്‍മാണ-പര്‍ച്ചേസിംഗ് പ്രക്രിയകളിലും ഉദ്ഘാടന സമാപന പരിപാടി സംഘാടനത്തിന്റെ ആവശ്യങ്ങളിലേക്കും എന്തെങ്കിലും കരാറുകള്‍ ഉണ്ടോ? ടെന്റര്‍ പ്രക്രിയകള്‍ കൃത്യമായി പാലിച്ചിട്ടുണ്ടോ? മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ആരാണ് ഉത്തരവാദികള്‍? ഗ്രൗണ്ടും കായികോപകരണങ്ങളും ട്രയല്‍ റണ്‍ നടത്താത്തത് എന്തുകൊണ്ടാണ്? നാഷണല്‍ ഗെയിംസ് ഡയറക്ടറേറ്റിലെ ജീവനക്കാരുടെ എണ്ണവും അതിനുവേണ്ടി ചിലവഴിച്ച തുകയും നിയമാനുസൃതമാണോ? ഉദ്ഘാടന സമാപന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് 21 കോടി രൂപ ചെലവഴിക്കാന്‍ ഏതുകമ്മറ്റിയാണ് തീരുമാനിച്ചത്? ഇത് മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണോ? ഉദ്ഘാടന - സമാപന പരിപാടികളില്‍ നിന്ന് കേരളത്തിലെ കലാ സാംസ്‌കാരിക ഫോക്ലോര്‍ സാഹിത്യ അക്കാഡമികളെ ഒഴിവാക്കിയത് എന്തുകൊണ്ടാണ്? ഗ്രൗണ്ട് നിര്‍മാണത്തിലും ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിലും തീര്‍പ്പുണ്ടാവേണ്ട ഫയലുകള്‍ ബോധപൂര്‍വ്വം വെച്ച് താമസിപ്പിച്ചത് ആരുടെ താല്‍പ്പര്യം മൂലമാണ്? അറ്റലറ്റുകളുടെ സെലക്ഷന്‍ സംബന്ധിച്ച് പി ടി ഉഷയ്ക്ക് വരെ പരാതി വന്ന സാഹചര്യം എന്താണ്? ഭരണ കക്ഷി എം എല്‍ എയും കള്‍ച്ചറല്‍ കമ്മറ്റി ചെയര്‍മാനുമായ പാലോട് രവി ആ സ്ഥാനം രാജിവെച്ചത് എന്തുകൊണ്ടാണ്? കെ പി സി സി വക്താവും മുന്‍ മന്ത്രിയുമായ പന്തളം സുധാകരന്‍ മാധ്യമങ്ങളില്‍ കൂടി പങ്കുവെച്ച വസ്തുതകള്‍ അന്വേഷിക്കാന്‍ തയ്യാറാണോ? തീര്‍ച്ചയായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഈ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ബാധ്യസ്ഥരാണ്. 

ദേശീയ ഗെയിംസില്‍ മാധ്യമപ്രവര്‍ത്തകരുടെ പേരിലും വന്‍ വെട്ടിപ്പാണ് നടന്നത്. ഗെയിംസ് റിപ്പോര്‍ട്ട് ചെയ്യാനാവശ്യമായ സാമഗ്രികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്യുന്നുവെന്ന പേരില്‍ അരക്കോടിയോളം രൂപ വെട്ടിച്ചതായാണ് മനസിലാക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഗെയിംസ് റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് 5000 രൂപയോളം വിലവരുന്ന കിറ്റ് വിതരണം ചെയ്യുമെന്നാണ് സംസ്ഥാന മീഡിയകമ്മിറ്റി പ്രതിനിധികള്‍ അറിയിച്ചിരുന്നത്. റിപ്പോര്‍ട്ടിങ് സൗകര്യത്തിനായി വിവിധ സാമഗ്രികള്‍ ഉള്‍പ്പെട്ട ബാഗായിരിക്കും നല്‍കുക എന്നായിരുന്നു അറിയിപ്പ്. എന്നാല്‍, രണ്ടുപ്രാവശ്യമായി നല്‍കിയ കിറ്റില്‍ ഒരുബാഗും രണ്ട് ഹാന്‍ഡ് ബുക്കുകളും മാത്രമാണുള്ളത്. ഒരു ഹാന്‍ഡ്ബുക്ക് ഗെയിംസുമായി ബന്ധമില്ലാത്ത, കേരളത്തിന്റെ ടൂറിസ്റ്റ്‌കേന്ദ്രങ്ങളെക്കുറിച്ച് വിവരിക്കുന്ന 100 പേജുള്ള ഒന്നാണ്. ഒരുമാധ്യമപ്രവര്‍ത്തകന്റെപേരില്‍ ചുരുങ്ങിയത് 3000 രൂപയുടെ തട്ടിപ്പെങ്കിലും നടന്നിട്ടുണ്ടാവാനാണ് സാധ്യത. 1800 ഓളം മാധ്യമപ്രവര്‍ത്തകരാണ് ഗെയിംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 54,00,000 രൂപയെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ ഇത്തരത്തില്‍ വെട്ടിപ്പ് നടത്താനാണ് സാധ്യത. ഈ കാര്യങ്ങളെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ടതുണ്ട്.

ദേശിയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ നടത്തിയ കരിമരുന്നുപ്രയോഗത്തിലും അഴിമതിയുടെ കരിപുരണ്ടിരിക്കുന്നു. പല സമയങ്ങളിലായി നടത്തിയ കരിമരുന്ന് പ്രയോഗം ആകെ 20 മിനിറ്റ് നേരം വരും. അതിനായി ഒന്നേകാല്‍ കോടി ചെലവഴിച്ചു എന്നാണ് പറയുന്നത്. കേവലം 15 ലക്ഷത്തിന് നടത്താവുന്ന പരിപാടിക്കാണ് ഒന്നേകാല്‍ കോടി തുലച്ചത്. ഈ ാരോപണം ആദ്യം ഉന്നയിക്കുന്നത് ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റാണ്. കേരളത്തിലെ കമ്പവിദ്വാന്മാരെ ഒഴിവാക്കി തെങ്കാശിയില്‍നിന്ന് ആള്‍ക്കാരെ വരുത്തി കരുമരുന്ന് പ്രയോഗം നടത്തിയതില്‍ ദുരൂഹതയുണ്ട്. ഏഷ്യാഡില്‍ വരെ കേരളത്തില്‍ നിന്നുള്ള കന്വിദ്വാന്‍മാരെയാണ് വിളിച്ചത്. കേരളത്തില്‍ അവരുടെ സേവനം എന്തുകൊണ്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉഫയോഗപ്പെടുത്തിയില്ല എന്ന ചോദ്യത്തിനുള്ള ഉത്തരം നല്‍കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. കരിമരുന്ന് പ്രയോഗത്തിന്റെ ഭാഗമായി ബോംബേ സ്‌പെഷ്യല്‍ ഐസ് പടക്കം ഉണ്ടാവുമെന്ന് സംഘാടകര്‍ പറഞ്ഞിരുന്നു. അതെവിടെയാണ് പൊട്ടിയത് ? തിരുവഞ്ചൂരിന്റെ കീശയിലാണോ? കരിമരുന്ന് പ്രയോഗത്തിന്റെ ചെലവ് 15 ലക്ഷത്തില്‍ താഴെയേ വരൂ എന്നാണ് ആ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. ബാക്കി തുകയുടെ കാര്യത്തില്‍ കേരളത്തിലെ ജനങ്ങള്‍ തിരുവഞ്ചൂരിനെ കൊണ്ട് മറുപടി പറയിക്കും.

ദേശീയ ഗെയിംസിനുള്ള ലാപ്‌ടോപ്പുകള്‍ ഇനിയും എത്തിച്ചേരാത്തതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ് പറയേണ്ടി വന്നത് ആ ലാപ്‌ടോപ്പുകള്‍ എവിടെയോ മുക്കിയത് കൊണ്ടാണ്. സംസ്ഥാനത്തിന്റെ കായിക മന്ത്രിയറിയാതെ അത്തരത്തിലൊരു പിഴവ് സംഭവിക്കില്ല. ലാപ്‌ടോപ്പുകളുടെ 'മുങ്ങലിന്' പിന്നിലും അഴിമതിയാണ്. 500 ലാപ്‌ടോപ്പില്‍ 50 എണ്ണം ഡല്‍ഹിയില്‍ത്തന്നെ അപ്രത്യക്ഷമായി. 450 എണ്ണം കേരളത്തിലേക്ക് പുറപ്പെട്ടു. 150 എണ്ണം പ്രധാന മീഡിയ സെന്ററിലേക്ക്. ബാക്കി 300 എണ്ണം ഒഫീഷ്യലുകള്‍ക്കും വിവിധ ജില്ലകളിലെ മീഡിയ സെന്ററുകള്‍ക്കും. എന്നാല്‍, ഇവയൊക്കെ അപ്രത്യക്ഷമാക്കിയ മാന്ത്രികന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനല്ലാതെ മറ്റാരാണ്? പൊതുജനങ്ങളുടെ നികുതിപ്പണമെടുത്ത് സര്‍ക്കാര്‍ വിലാസത്തില്‍ 'ഫ്രോഡിസം' കാണിച്ചാല്‍ ജനങ്ങള്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കുമെന്ന് കരുതരുത്.

02-Feb-2015

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More