മരണപ്പെട്ട കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് പ്രശസ്ത എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ എഴുതിയ ഫേസ്ബുക് പോസ്റ്റ് ചർച്ചയാവുകയാണ്. കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവാണ് വി എസ് എന്നാണ് കൽപ്പറ്റ നാരായണൻ ഫേസ്ബുക്കിൽ കുറിച്ചത്. ഏഴാം ക്ലാസിൽ പഠനമവസാനിപ്പിച്ച വി എസ്, തുടർന്നുള്ള ജീവിത വർഷങ്ങൾ, ലോക പീഡിതരുടെ അനുഭവങ്ങൾ പഠിക്കാൻ ഉപയോഗിച്ചെന്നും, അത് സ്റ്റാലിനിസ്റ്റിനെ സൗമ്യനാക്കി എന്നും കൽപ്പറ്റ എഴുതുന്നുണ്ട്.

കാലാനുസൃതമായി വളർന്ന നേതാവാണ് വി എസ്. വളരാതിരുന്ന ഒരു വർഷവും ആ നൂറ്റാണ്ടിനിടയിലുണ്ടായില്ല. താനുൾപ്പെടെയുള്ള മുഖ്യമന്തിമാരേക്കാൾ, താനൊഴിച്ചുള്ള പ്രതിപക്ഷ നേതാക്കളേക്കാൾ ശക്തനായിരുന്നു വി എസ് എന്ന പ്രതിപക്ഷ നേതാവ് എന്നും, ജന്മനാ പോരാളിയായ വി എസിന് പറ്റിയ ഇടം പ്രതിപക്ഷ നേതാവിന്റേതായിരുന്നു എന്നും നിരീക്ഷണമുണ്ട്. കേരളം കണ്ട ഏറ്റവും വലിയ വിലാപയാത്രകളിൽ ഒന്ന് ഉമ്മൻചാണ്ടിയുടേതും, രണ്ട് വി എസിന്റേതുമായിരിക്കാമെന്നും അദ്ദേഹം കരുതുന്നു.


താനൊരു എഴുത്തുകാരനാണെന്നും, തനിക്ക് സ്വതന്ത്രമായ കാഴ്ചപ്പാടുകളുണ്ടെന്നും അവകാശപ്പെടുമ്പോഴും നിരന്തരമായ വലതുപക്ഷ ചായ്വ് വച്ചുപുലർത്തുന്നതിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള വ്യക്തിയാണ് കൽപ്പറ്റ നാരായണൻ. നിലമ്പുർ ഉപതിരഞ്ഞെടുപ്പിന്റെ സമയത്തും കോൺഗ്രസ് സംഘടിപ്പിച്ച അക്ഷരസംഗമം പരിപാടിയിൽ ഉദ്ഘാടകനായി പങ്കെടുത്തത് വലിയ ചർച്ചകൾക്ക് കാരണമായിരുന്നു.

കൽപ്പറ്റ നാരായണന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം;

“വി എസ്.

കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷനേതാവ് വി എസ് അച്ചുതാനന്ദനായിരുന്നു. താനുൾപ്പെടെയുള്ള മുഖ്യമന്തിമാരേക്കാൾ, താനൊഴിച്ചുള്ള പ്രതിപക്ഷ നേതാക്കളേക്കാൾ ശക്തനായിരുന്നു വി എസ്സ് എന്ന പ്രതിപക്ഷനേതാവ്. വി എസ്സിൻ്റെ സ്വാഭാവികമായ ഇടം പ്രതിപക്ഷ നേതാവിൻ്റേതായിരുന്നു. ജന്മനാ പോരാളിയായ ഒരാൾക്ക് കൂടുതലിണങ്ങിയ ഇടവും അതായിരുന്നു.

ഇടത് പക്ഷ മുല്ല്യങ്ങളിൽ നിന്ന് അണുവിട വ്യതിചലിക്കാതെ രാഷ്ട്രീയ പ്രവർത്തനം നടത്താൻ മുഖ്യമന്ത്രി സ്ഥാനം മതിയാവുമായിരുന്നില്ല. നാൽപ്പതിൽ താഴെ ശതമാനം വോട്ട് നേടി അധികാരത്തിലിരിക്കുന്ന ഭരണകക്ഷിയേക്കാൾ പോൾ ചെയ്തവരും പോൾ ചെയ്യാത്തവരുമായ ഭൂരിപക്ഷത്തിൻ്റെ നേതൃത്വം വഹിക്കാൻ പ്രതിപക്ഷനേതാവിന് കഴിയുമെന്ന് വി എസ്സ് തെളിയിച്ചു.

കുട്ടനാട്ടെ കർഷകതൊഴിലാളികളനുഭവിക്കുന്ന ചൂഷണത്തേയും ദരിദ്രസ്ത്രീകളനുഭവിക്കുന്ന പീഡനത്തേയും ചെറുക്കാൻ പതിനേഴാം വയസ്സിൽ പി കൃഷ്ണപിള്ളയാൽ നിയുക്തനായ വി എസ്സ് തുടർന്നെൺപത്തിമൂന്നു വർഷക്കാലം തൻ്റെ നിയോഗത്തിൻ്റെ പരിസരം കേരളം മുഴുവനുമാക്കി നിരന്തരം വളർന്നു. വിമർശനമുണ്ട്, ആത്മവിമർശനമില്ല എന്ന കൃഷ്ണപ്പിള്ളയുടെ ആരോപണത്തെ ഇക്കാലമത്രയും ജാഗ്രതയോടെ ചെറുത്തു.

ഏഴാം ക്ലാസ്സിൽ ഔപചാരികമായ വിദ്യഭ്യാസം അവസാനിച്ച വി എസ് തുടർന്നുള്ള മുഴുവൻ ജീവിതവർഷങ്ങളും പഠിക്കാൻ ഉപയോഗിച്ചു. തൻ്റെ മാത്രമല്ല അനേകം പീഡിതരുടെ അനുഭവങ്ങളുടെ ക്ലാസ്സിൽ അയാളിരുന്നു. അതുവരെ ആയിരുന്നതിൽ നിന്ന് നിരന്തരം പുരോഗമിച്ചു. അത് ആ സ്റ്റാലിനിസ്റ്റിനെ സൗമ്യനാക്കി. അത് അദ്ദേഹത്തെ ആത്മഹത്യക്കൊരുങ്ങിയ സൂര്യനെല്ലിപ്പെൺകുട്ടിയുടെ കുടുംബത്തിനോട് കാട്ടിയ ദയാവായ്പ്പിനോട് സാമ്യമുള്ള പല സന്ദർഭങ്ങളിലുമെത്തിച്ചു.

പാർട്ടിച്ചട്ടക്കൂട് ഭേദിച്ച് ഒഞ്ചിയത്ത് ചെല്ലുവാൻ ധൈര്യം പകർന്നു. കമ്മ്യൂണിസ്റ്റാറ്റായിരിക്കുക എന്നത് അച്ചടക്കമുള്ള പാർട്ടിക്കാരനാവുന്നതേക്കാൾ വലുതാണെന്ന തിരിച്ചറിവിലെത്തിച്ചു. അയാൾ കാലാനുസൃതമായി വളർന്നു. പാർട്ടിയിൽ പിന്തുണ കുറയുകയും പുറത്ത് പിന്തുണ വർദ്ധിക്കുകയും ചെയ്തു. വിയോജിപ്പുകളെ ശ്രദ്ധാപൂർവ്വം കേട്ടു.

ധിഷണാശാലികളോട് കൂട്ട്ചേർന്നു. ജനാധിപത്യബോധവും മനുഷ്യ സ്നേഹവും പരിസ്ഥിതി ബോധവും ഉയർത്തിപ്പിടിച്ചു. ആണവവിരുദ്ധ സമരത്തിലും നെൽവയൽ സമരത്തിലും ഭൂമികയ്യേറ്റങ്ങളോടുള്ള കർക്കശ നിലപാടുകളിലും നാമത് കണ്ടു.

വളരാതിരുന്ന ഒരു വർഷവും ആ നൂറ്റാണ്ടിനിടയിലുണ്ടായില്ല. മലയാളം കണ്ട ഏറ്റവും വലിയ വിലാപയാത്രകൾ ഉമ്മൻ ചാണ്ടിയുടേയും വി എസ്സിൻ്റെതുമായിരിക്കാം. കറപുരളാത്ത വ്യക്തിജീവിതത്തിനുപരിയായി, നിരുപാധികമായ മനുഷ്യ സ്നേഹത്തിനുപരിയായി അവരെന്തെങ്കിലും പങ്കിട്ടിരുന്നുവോ എന്ന് ഭാവികേരളം അന്വേഷിക്കട്ടെ.”