ഒരു നൂറ്റാണ്ടുകാലം പല തലമുറകളെ ത്രസിപ്പിച്ച നേതാവാണ് വി എസ് അച്യുതാനന്ദൻ. തലമുറകളിൽ നിന്നും തലമുറകളിലേക്ക് പോരാട്ടവീര്യം പകർന്നു നൽകിയ ധീരനായ വിപ്ലവകാരി. കേരളത്തെ ഇന്ന് കാണുന്ന കേരളമാക്കി, ലോകത്തിനു മുന്നിൽ മാതൃകയാക്കി മാറ്റുന്നതിൽ നിർണായകമായ പങ്ക് വഹിച്ച കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ എക്കാലത്തെയും മികച്ച നേതാക്കളിൽ ഒരാളാണ് വി എസ്. സമരം തന്നെ എന്ന ജീവിതം എന്ന വാക്കുകൾ അന്വർത്ഥമാക്കുന്ന രീതിയിൽ പോരാട്ടങ്ങളുടെ നീണ്ട പട്ടിക തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

പുന്നപ്ര-വയലാർ സമരത്തിന്റെ ഭീകരമായ പോലീസ് മർദ്ദനങ്ങളിൽ നിന്നും കാലനെ പോലും തോൽപ്പിച്ചുകൊണ്ടാണ് വി എസ് തന്റെ രാഷ്ട്രീയ കർമഭൂമികയിലേക്ക് നടന്നുകയറിയത്. പോലീസുകാർ ബയണറ്റ് കുത്തിക്കയറ്റിയ പാടുകൾ അവശേഷിക്കുന്ന പദങ്ങളുമായാണ് അദ്ദേഹം ജീവിതകാലമത്രയും നടന്നു തീർത്തത്. പീഡനങ്ങൾ അനുഭവിക്കുന്ന മനുഷ്യനോടൊപ്പം എന്നും വി എസ് ഉണ്ടായിരുന്നു. അവന്റെ വേദനകൾ പങ്കിടാൻ, അവകാശ പോരാട്ടങ്ങളിൽ കൈപിടിക്കാൻ, അവന്റെ പ്രിയ സഖാവായി കൈപിടിച്ചു നടക്കാൻ.


ഏറ്റെടുത്ത എല്ലാ പ്രവർത്തനങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് വി എസ്. കർഷക-കയർ, ചെത്ത്, മത്സ്യ തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾ നയിച്ച് തന്റെ കൗമാര കാലം മുതൽക്കേ കമ്യൂണിസ്റ്റ് പാർട്ടിയോടൊപ്പം നടന്ന വി എസ്, പിൽക്കാലത്ത് സാമ്രാജ്യത്വ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചുകൊണ്ട് സി പി എമ്മിനൊപ്പം വർധിത വീര്യത്തോടെ നിലകൊണ്ട നേതാവാണ്. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളായിരുന്നു വി എസ്. 2006 മുതൽ 2011 വരെയുള്ള അഞ്ച് വർഷക്കാലം അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള എൽ ഡി എഫ് സർക്കാർ നടപ്പാക്കിയ നയങ്ങളും പരിഷ്കരണങ്ങളും കേരളത്തെ ബഹുദൂരം മുന്നോട്ട് നയിച്ചു.

ഏറ്റവും കൂടുതൽ കാലം കേരളത്തിന്റെ പ്രതിപക്ഷ നേതാവായിരുന്ന വ്യക്തി കൂടിയാണ് വി എസ്. പതിനഞ്ച് വർഷക്കാലം, യഥാർത്ഥ പ്രതിപക്ഷം എങ്ങനെയാവണമെന്ന് കേരളത്തെ പഠിപ്പിച്ചുകൊണ്ട് അദ്ദേഹം തന്റെ ദൗത്യം കൃത്യമായി വിനിയോഗിച്ചു.

1967ൽ ആണ് അദ്ദേഹം നിയമസഭാംഗമാവുന്നത്. 25 വർഷങ്ങൾ നീണ്ട, രാഷ്ട്രീയ-സംഘടനാ പ്രവർത്തനങ്ങളുടെ പരിചയസമ്പത്തോടെ അദ്ദേഹം നിയസഭയിലും തന്റെ കഴിവ് തെളിയിച്ചു. ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും മുന്നോട്ട് നയിച്ച നേതാവെന്ന് നിസംശയം വിളിക്കാവുന്ന നിലയിലായിരുന്നു പിന്നീടങ്ങോട്ടുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. അതുവരെ നടത്തിവന്ന പ്രവർത്തനങ്ങൾക്ക് നിയമസാധുത ഉറപ്പാക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന വി എസിനെയാണ് പിന്നീട് കേരളം കണ്ടത്. തൊഴിലാളികളുടെയും കർഷകരുടെയും അവകാശങ്ങളുടെ മുന്നണിപോരാളിയായിരുന്ന വി എസിന്റെ കന്നിപ്രസംഗം അവരുടെ ദുരിതജീവിതം ഉയർത്തിക്കാട്ടിയായിരുന്നു. പിന്നീട് അനുസ്യൂതം അത് തുടർന്നു.

ജനകീയ പ്രശ്നങ്ങളിൽ, പാരിസ്ഥിതിക വിഷയങ്ങളിൽ, സ്ത്രീകളുടെ അവകാശപോരാട്ടങ്ങളിൽ, വി എസ് എന്നും മുൻനിരയിൽ നിലകൊണ്ടു. പാരിസ്ഥിതിക പ്രശ്നങ്ങളെ വർഗസമരത്തിന്റെ ഭാഗമായി കണ്ടാണ് വി എസ് ഇടപെട്ടത്. നെൽപ്പാടങ്ങളുടെ സംരക്ഷണാർത്ഥം ആരംഭിച്ച് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ വി എസിനെ അന്ന് ആക്ഷേപിച്ചവർക്ക് തന്നെ പിന്നീട് തിരുത്തേണ്ടി വന്നു. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള, നഴ്സിംങ്ങ് സമരം, മൂന്നാറിലെ ‘പൊമ്പിളൈ ഒരുമൈ’ സമരം, തുടങ്ങി, സമരങ്ങളിൽ നിന്ന് സമരങ്ങളിലേക്ക്, പ്രക്ഷോഭങ്ങളിൽ നിന്ന് പ്രക്ഷോഭങ്ങളിലേക്കുള്ള പ്രയാണമായിരുന്നു ഒരു നൂറ്റാണ്ട് നീണ്ട ആ ജീവിതം.

ഐസിഫോസ് അഥവാ ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ്‌ ഓപ്പൺ സോഴ്‌സ്‌ സൊല്യൂഷൻസ്‌ രൂപീകരിച്ചതും സംസ്ഥാന ഐ ടി നയം രൂപീകരിച്ചതും വി എസ് മുഖ്യമന്ത്രിയായ കാലത്താണ്. ഇടതുപക്ഷവും വി എസും സ്വതന്ത്ര സോഫ്‌റ്റ്‌വെയറിന്റെ പ്രസക്തി വിശദീകരിച്ചപ്പോൾ പരിഹസിച്ചവരായിരുന്നു കൂടുതൽ. എന്നാൽ ഇന്ന് അവരും വിവര സാങ്കേതികവിദ്യാമേഖലയിലെ കുത്തകവൽക്കരണത്തിന്റെ അപകടം തിരിച്ചറിയുന്നുണ്ട്.

വി എസ് സർക്കാർ ആധുനിക കേരളം കെട്ടിപ്പടുക്കാനും വികസന പ്രക്രിയ ജനക്ഷേമപരമായി നടപ്പാക്കാനുമുള്ള പദ്ധതികളുമായി മുന്നോട്ട് പോയി. പൊതുമേഖലയെയും പൊതുസേവന സംവിധാനങ്ങളെയും സംരക്ഷിക്കുകയും ക്ഷേമപദ്ധതികൾ നടപ്പാക്കുകയും ചെയ്‌തു. തണ്ണീർത്തടങ്ങളെയും നെൽവയലുകളെയും സംരക്ഷിച്ചു. ഭൂമാഫിയക്ക്‌ അറുതിവരുത്തി. കേരള പൊലീസിന്‌ ജനകീയമുഖം നൽകാൻ ഭാവനാ പൂർണമായ പദ്ധതികൾ നടപ്പാക്കി. സ്കൂൾ വിദ്യാർത്ഥികൾക്കായി സ്റ്റുഡന്റ് പോലീസ് സംവിധാനം നടപ്പിലാക്കി.

കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം എന്നിവയുടെ പ്രാരംഭനടപടികൾ കേന്ദ്ര സർക്കാരിന്റെ കടുത്ത എതിർപ്പുകൾ മറികടന്നു പൂർത്തീകരിച്ചത് വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. സംസ്ഥാനത്തിന്റെ ദീർഘകാല വളർച്ചയെ സഹായിക്കുന്ന വലിയ പദ്ധതികൾക്കും വി എസ്‌ നേതൃത്വം നൽകിയ സർക്കാർ രൂപം നൽകി. ശാസ്‌ത്ര– -സാങ്കേതിക രംഗത്ത് വൻ മുന്നേറ്റങ്ങൾക്ക് കാരണമാകുന്ന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി.

സ്ത്രീകളുടെ അവകാശ പോരാട്ടങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ച നേതാവായിരുന്നു വി എസ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് സൂര്യനെല്ലി സ്ത്രീപീഡനക്കേസ്. പെൺകുട്ടിയെ സ്നേഹം നടിച്ച് തട്ടിക്കൊണ്ടുപോകുകയും, തുടർന്നുള്ള നാല്പതുദിവസം ഉന്നതർ ഉൾപ്പെടെ നിരവധി പേർ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസ് വി.എസ് ഏറ്റെടുത്തതോടെയാണ് വഴിത്തിരിവുണ്ടാവുന്നത്. അതിജീവിതയായ പെൺകുട്ടിക്കും കുടുംബത്തിനും അദ്ദേഹം നൽകിയ ദയാവായ്പുകൾ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു.

കേരളത്തിന്റെ മത സൗഹാർദ്ദ ചുറ്റുപാടുകളിൽ വർഗീയതയും വിദ്വേഷവും കുത്തിയിരിക്കുന്ന പ്രവർത്തികളോട് അദ്ദേഹം സന്ധിയില്ലാത്ത പോരാട്ടം നയിച്ചു. പശു മാതാവാണെങ്കിൽ, കാള നിങ്ങളുടെ അച്ഛനാണോ എന്ന ചോദ്യത്തിൽ ഒളിഞ്ഞുകിടന്നിരുന്ന പരിഹാസത്തിന്റെ കൂരമ്പുകൾ തറഞ്ഞുകയറിയത് വർഗീയ വിഷം പേറുന്ന മസ്തകങ്ങളിൽ തന്നെയായിരുന്നു. കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീർണതകൾ തുറന്നുകാട്ടിയതിൽ വി എസിന് വളരെ വലിയ പങ്കുണ്ട്. ജനങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുന്നണിപോരാളിയായി നിസ്വാർത്ഥസേവനമാണ് അദ്ദേഹം കാഴ്ചവെച്ചത്.

വി എസ് ഇനി ഇല്ല. ആയിരങ്ങളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി അദ്ദേഹം യാത്രയാവുകയാണ്. പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ ധീരരായ രക്തസാക്ഷികൾക്കൊപ്പം ഇനി വി എസും അന്ത്യവിശ്രമം കൊള്ളും. ഒരു യുഗം ഇവിടെ അവസാനിക്കുകയാണ്. പോരാട്ടം തന്നെ ജീവിതമായി കണ്ട്, നിശ്ചയദാർഢ്യത്തിന്റെ പരിച്ഛേദമായി ഒരു നൂറ്റാണ്ട് കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന അതികായന് വിട. പ്രിയ വി എസ് നിങ്ങൾക്ക് മരണമില്ല, എക്കാലവും ഓർമിക്കപ്പെടാനായി വിശ്രമിക്കുക!