കനലെരിയും സമരപഥങ്ങളിലൂടെ കേരള ചരിത്രത്തിനൊപ്പം നടന്ന വിഎസിന് ചങ്ക് പിടഞ്ഞ് ചുരുട്ടി മുദ്രാവാക്യം വിളിച്ച് നാടിന്റെ യാത്രാമൊഴി. ചങ്കുപൊട്ടി പിഞ്ചുകുഞ്ഞുങ്ങളടക്കം വിളിച്ച മുദ്രാവാക്യങ്ങള്‍ പോലെ ഇനി അവരിലോരോരുത്തരിലൂടെയും വിഎസ് ജീവിക്കും.
ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലും ആലപ്പുഴ ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലെയും പൊതുദര്‍ശനത്തില്‍ പതിനായിരങ്ങള്‍ സഖാവിനെക്കാണാന്‍ ഒഴുകിയെത്തി. റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനത്തിന് ശേഷം റെഡ് വളണ്ടിയര്‍മാര്‍ അവസാനമായി വിഎസിന് അന്ത്യാഭിവാദ്യം നല്‍കി. പാര്‍ട്ടി പതാക പുതച്ച് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വിഎസിന് കേരളം വിട നല്‍കി.
തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെ വിലാപയാത്രയില്‍ ജനലക്ഷം വിഎസിന് അന്ത്യാദരമര്‍പ്പിച്ചു. പാതിരാവിനെ പകലാക്കിയും മഴപ്പെയ്ത്തിന്റെ തണുപ്പില്‍ വിപ്ലവ മുദ്രാവാക്യങ്ങള്‍ മുഴക്കി സ്വയം അഗ്നിയായുമാണ് സമരസഖാവിന് കേരളം യാത്രാമൊഴി നല്‍കിയത്. തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയുള്ള 156 കിലോമീറ്റര്‍ താണ്ടാന്‍ എടുത്തത് 22 മണിക്കൂര്‍.
ഏഴും എട്ടും മണിക്കൂര്‍ വഴിവക്കില്‍ കാത്തിരുന്ന് ഒരു മിന്നായം പോലെ സഖാവിനെ കണ്ടവര്‍, കണ്ണിമചിമ്മാതെ കാത്തിരുന്നിട്ടും, കാണാതെ കണ്ണീര്‍ വാര്‍ത്തവര്‍, ചങ്കുതകര്‍ന്ന് മുദ്രാവാക്യം വിളിച്ചവര്‍.. വിലാപയാത്രയിലുടനീളം കണ്ടത് നെഞ്ച് നുറുങ്ങുന്ന ചിത്രങ്ങള്‍. പുന്നപ്രയിലെ വീടും തിരുവമ്പാടിയിലെ പാര്‍ട്ടി ഓഫീസും വി എസ് ഓര്‍മകളുടെ കടലിരമ്പമായി. ഇതുവരെയെന്ന പോലെ, പോരാട്ടചരിത്രത്തില്‍ ഇനിയും വി എസ് തിളക്കമാര്‍ന്ന രക്താരകം.