ശ്രീ നാരായണഗുരുവിനെ കേവലം മതസന്യാസി ആക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്നത് ഏറെ ജാഗ്രതയോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവിനെ തങ്ങളുടെ ഭാഗത്ത് നിർത്താനുള്ള മത വർഗീയ ശക്തികളുടെ ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കണം. അന്യമത വിദ്വേഷം അലങ്കാരമായി കാണുന്ന ഇത്തരം ശക്തികളാൽ ഗുരു അപഹരിക്കപ്പെടുന്നത് അനുവദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെമ്പഴന്തി ഗുരുകുലത്തിലെ ചതയ ദിനാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവോത്ഥാന നായകരെ ഹൈജാക്ക് ചെയ്യാനാണ് വർഗീയശക്തികൾ ശ്രമിക്കുന്നത്. അതിനെ ചെറുത്തു തോൽപ്പിക്കാൻ നമുക്ക് കഴിയണം. അല്ലെങ്കിൽ വലിയ ആപത്തിലേക്കാണ് പോകുക. ഇത്തരം ശക്തികൾ മേധാവിത്വം വഹിക്കുന്ന അവസ്ഥ വന്നാൽ സമൂഹത്തിന്റെ ആകെ രീതി മാറും.

ഓണം മഹാബലിയുടെതല്ല വാമനന്റേതാണ് എന്ന തരത്തിലെ സന്ദേശം കാണാനിടയായി. വാമനന്റെ കാൽച്ചുവട്ടിൽ മഹാബലിയെ കാണിക്കുന്ന സന്ദേശമാണിത്. ഈ ദിവസം മഹാബലിയെ അല്ല വാമനനെയാണ് ഓർക്കേണ്ടത് എന്ന് ചിലർ പറഞ്ഞതുകൂടി ചേർത്തുവേണം അതിനെ വായിക്കാൻ. ഇല്ലെങ്കിൽ ഓണമടക്കം എല്ലാം നമുക്ക് നഷ്ടപ്പെട്ടു പോകും എന്ന ഓർമ വേണം. ജാഗ്രതയോടെ നീങ്ങണം, മുഖ്യമന്ത്രി.

ഗുരുവചനങ്ങൾ അട്ടിമറിക്കാനാണ് വർഗീയശക്തികളുടെ ശ്രമങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരം ശ്രമങ്ങൾ തിരിച്ചറിഞ്ഞ് ചെറുത്തു തോൽപ്പിക്കണം. അല്ലെങ്കിൽ വലിയ ആപത്തിലേക്കാണ് സമൂഹം തള്ളിവിടപ്പെടുക. നരബലി പോലുള്ള വൃത്തികെട്ട ആചാരങ്ങൾക്കെതിരെ ഗുരു ശക്തമായി നിലകൊണ്ടു.

ഗുരു തള്ളിക്കളഞ്ഞ ആ ദുരാചാരങ്ങൾ തിരിച്ചു വരുന്നു. അഭ്യസ്തവിദ്യരായ ആളുകളിൽ തന്നെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനിൽക്കുന്നത് എന്നത് ഏറെ ഗൗരവതരമാണ്. ഗുരുദേവ ദർശനം പോലെ എല്ലാ മനുഷ്യരെയും ഒന്നായി കാണുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.