പാലക്കാട് എംഎൽഎയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെ
പരിഹസിച്ച് സിപിഐഎം നേതാവ് എം വി ജയരാജൻ. ഗൂഗിൾ പേയിലൂടെ അശ്ലീല സന്ദേശം അയക്കാമെന്ന് പഠിച്ചയാളാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്ന് പരിഹസിച്ച എം വി ജയരാജൻ രാഹുലിന്റെ അത്രയും തൊലിക്കട്ടി തിരുവനന്തപുരം മൃഗശാലയിലെ കണ്ടാമൃഗത്തിന് പോലുമില്ലെന്നും പറഞ്ഞു.

രാഹുൽ പീഡിപ്പിച്ച സ്ത്രീകളെല്ലാം കോൺഗ്രസ് കുടുംബത്തിലുള്ളവരെന്നും എം വി ജയരാജൻ പറഞ്ഞു. എന്നിട്ടും കോൺഗ്രസുകാർ രാഹുലിന് നമോവാകം ചൊല്ലി നിൽക്കുന്നു. രാഹുൽ വിഷയം മറച്ചു പിടിക്കാനാണ് പഴയ കസ്റ്റഡി മർദന ആരോപണങ്ങൾ ഇപ്പോൾ ഉന്നയിക്കുന്നതെന്നും എം വി ജയരാജൻ വിമർശിച്ചു. തെറ്റ് ചെയ്താല്‍ ഒരു പൊലീസുകാരനെയും സംരക്ഷിക്കുന്ന സര്‍ക്കാര്‍ അല്ല കേരളം ഭരിക്കുന്നതെന്നും എം വി ജയരാജൻ പറഞ്ഞു.

രാജനെ കൊന്നവരെ സംരക്ഷിച്ച ആളാണ് കരുണാകരൻ. കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്കും പൊലീസ് മർദ്ദനം ഏറ്റിട്ടുണ്ട്.ആ പൊലീസുകാർക്കെതിരെ നടപടി എടുത്തിട്ടില്ല. അതാണ് കോൺഗ്രസ് ചരിത്രം. ഇതാണ് ഗതകാല ഇടതുപക്ഷ ചരിത്രം. പൊലീസ് തെറ്റ് ചെയ്താൽ സംരക്ഷിക്കില്ല. ആസനത്തിൽ ആയുധം കയറ്റിയ പൊലീസുകാരനെ യുഡിഎഫ് ഭരണം സംരക്ഷിച്ചിട്ടുണ്ട്. ഇടതുപക്ഷം വന്നപ്പോൾ നടപടിയെടുത്തെന്നും എംവി ജയരാജൻ കൂട്ടിച്ചേർത്തു.