കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷനും (കില) ബ്രസല്‍സിലുള്ള ഐക്യ രാഷ്ട്രസഭ സര്‍വകലാശാലയുടെ ഗവേഷണ സ്ഥാപനമായ UNU-CRIS ഉം തമ്മില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനായി താല്‍പര്യപത്രത്തില്‍ (Letter of Intent) ഒപ്പുവച്ചു. പ്രാദേശിക ഭരണകൂടങ്ങളുടെ ശേഷി വര്‍ധിപ്പിക്കല്‍, ഗവേഷണം, നയ പിന്തുണ, അനുഭവപരിചയാധിഷ്ഠിത പഠനം എന്നിവയില്‍ സഹകരണം വികസിപ്പിക്കുകയാണ് ലക്ഷ്യം.

താല്‍പര്യപത്രം അനുസരിച്ച് സംയുക്ത ഗവേഷണ പ്രവര്‍ത്തനങ്ങള്‍, സംയുക്ത നയരൂപീകരണ പ്രവര്‍ത്തനങ്ങള്‍, പരിശീലന പരിപാടികള്‍, ശേഷി വര്‍ധന പ്രവര്‍ത്തനങ്ങള്‍, സ്റ്റുഡന്റ് എക്സ്ചേഞ്ച്, സംയുക്ത പ്രസിദ്ധീകരണങ്ങള്‍, വിവര-പ്രസിദ്ധീകരണ കൈമാറ്റം എന്നിവയില്‍ സഹകരണം നടപ്പാക്കും.

കേരളത്തിന്റെ നഗരവികസനം, വികേന്ദ്രീകൃത ഭരണകൂടം, സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവത്കരണം തുടങ്ങിയ മേഖലകളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന-ഗവേഷണങ്ങള്‍ ഇതിലൂടെ സാധ്യമാകും. ഉദ്യോഗസ്ഥര്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള പരിശീലനം ലഭ്യമാക്കാനും, നൂതന നയങ്ങള്‍ രൂപപ്പെടുത്താനും ഈ സഹകരണം വഴിയൊരുക്കും. കേരളത്തിലെ ഗ്രാമ-നഗര ഭരണകൂടങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉയര്‍ത്തുന്നതിനും ആഗോള തലത്തിലുള്ള അറിവുകള്‍ പങ്കുവെയ്ക്കുന്നതിനും ഈ താല്‍പര്യപത്രം നിര്‍ണായകമാകും. ഐക്യരാഷ്ട്രസഭയുമായുള്ള സഹകരണം യാഥാര്‍ഥ്യമാകുന്നതോടെ കിലയിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങും.

UNU-CRIS ഡയറക്ടര്‍ ഫിലിപ്പി ഡി ലോംബേര്‍ഡും, കില ഡയറക്ടര്‍ ജനറല്‍ എ. നിസാമുദീന്‍ ഐഎഎസുമാണ് താല്‍പര്യപത്രത്തില്‍ ഒപ്പുവച്ചത്. കേരള അര്‍ബന്‍ കോണ്‍ക്ലേവിനോടനുബന്ധിച്ച് മന്ത്രി എം.ബി. രാജേഷിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ UNU-CRIS ഡയറക്ടര്‍ ഫിലിപ്പി ഡി ലോംബേര്‍ഡും ഐക്യരാഷ്ട്രസഭ സര്‍വകലാശാലാ പ്രതിനിധി ഡോ. നന്ദിത മാത്യൂസും ഓണ്‍ലൈനായി പങ്കെടുത്തു. കേന്ദ്ര സര്‍ക്കാറിന്റ അനുമതികൂടി ലഭിച്ചാല്‍ താല്‍പര്യപത്രം അനുസരിച്ചുള്ള സഹകരണം യാഥാര്‍ഥ്യമാകും. ഇതോടെ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന-ഗവേഷണത്തിന് സാഹചര്യമൊരുങ്ങും.