'കലുങ്ക് സൗഹാര്‍ദ വികസന സംവാദ' ത്തില്‍ പരാതി വാങ്ങാതെ വയോധികനെ മടക്കി സുരേഷ് ഗോപി. തൃശൂര്‍ ജില്ലയിലെ പുള്ള്, ചെമ്മാപ്പിള്ളി മേഖലകളിലാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ നടന്ന 'കലുങ്ക് സൗഹാര്‍ദ വികസന സംവാദം' നടന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംവാദം സംഘടിപ്പിച്ചത്. ഈ സംവാദം നടക്കുമ്പോഴാണ് ഒരു വയോധികന്‍ കവറില്‍ അപേക്ഷയുമായി വന്നത്. കവര്‍ സുരേഷ് ഗോപിക്ക് നീട്ടിയപ്പോള്‍, ''ഇതൊന്നും എം.പിക്കല്ല, പോയി പഞ്ചായത്തില്‍ പറയൂ- എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

ബിജെപി ഭരിക്കുന്ന പഞ്ചായത്തിൽ മാത്രമാണോ എംപി ഫണ്ട് എന്ന് ചോദിക്കുമ്പോൾ അതെ പറ്റുന്നുള്ളു ചേട്ടാ എന്ന് എംപി പറയുന്നതും കേൾക്കാം. ഇതിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കവറില്‍ എന്താണ് എന്ന് നോക്കാമായിരുന്നു എന്നാണ് വ്യാപക അഭിപ്രായം. പ്രായത്തെ എങ്കിലും മാനിക്കാമായിരുന്നു എന്നും ചിലര്‍ പറയുന്നുണ്ട്.

വയോധികന്‍ നിവേദനവുമായി വരുമ്പോള്‍ സുരേഷ് ഗോപിയുടെ തൊട്ടടുത്ത് ഇരുന്ന മറ്റൊരു വയോധികനും തന്റെ കയ്യിലുള്ള നിവേദനം നല്‍കാനായി തയ്യാറെടുക്കുന്നത് കാണാം. എന്നാല്‍ നിവേദനം നല്‍കിയ വയോധികന് ഈ തരത്തിലുള്ള സ്വീകരണം ലഭിച്ചതോടെ തന്റെ കയ്യിലുള്ള നിവേദനം പിന്നിലേക്ക് ഒളിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. വലിയ ചര്‍ച്ചയാണ് ഈ ദൃശ്യങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. പുള്ളിലും ചെമ്മാപ്പള്ളിയിലും നടന്ന സദസ്സില്‍ സുരേഷ് ഗോപിക്കൊപ്പം നടനും ബിജെപി നേതാവുമായ ദേവന്‍, സംവിധായകന്‍ സത്യന്‍ അന്തിക്കാടും പങ്കെടുത്തു.