കണ്ണൂർ ജില്ലയിൽ 14 ഇടത്ത് എതിരില്ലാതെ എൽഡിഎഫ്. ആന്തൂർ നഗരസഭയിൽ രണ്ട് യുഡിഎഫ് സ്ഥാനാർഥികളുടെ പത്രിക ഇന്ന് തള്ളി. പിന്തുണച്ചവർ പത്രികയിൽ ഒപ്പിട്ടത് തങ്ങളല്ല എന്ന് റിട്ടേണിങ് ഓഫീസറെ അറിയിച്ചതിനെ തുടർന്നാണ് പത്രികകൾ തള്ളിയത്. സിപിഐഎമ്മിന്റെ ഭീഷണികൊണ്ടാണ് പത്രിക തള്ളിപ്പോയതെന്ന് യുഡിഎഫും മുഴുവൻ വാർഡും ജയിക്കുന്ന സ്ഥലത്ത് എന്തിന് ഭീഷണിപ്പെടുത്തണം എന്ന് സിപിഐഎമ്മും പ്രതികരിച്ചു.
സൂക്ഷ്മ പരിശോധനക്കിടെ അന്തിമ തീരുമാനത്തിനായി മാറ്റിയ ആന്തൂർ നഗരസഭയിലെ നാല് യുഡിഎഫ് പത്രികകളിൽ രണ്ട് എണ്ണമാണ് തള്ളിയത്. നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച രേഖയിൽ ഒപ്പുവെച്ചത് തങ്ങളല്ലെന്ന് സ്ഥാനാർഥിയെ പിന്തുണച്ചവർ റിട്ടണിങ് ഓഫീസറെ രേഖമൂലം അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് വീണ്ടും ഹിയറിങ്ങ് നടത്തിയത്. ഹിയറിങ്ങിൽ കോടല്ലൂർ, തളിയിൽ എന്നിവിടങ്ങളിലെ പത്രിക തള്ളുകയും കോൾമൊട്ട, തളിവയലിൽ എന്നിവിടങ്ങളിൽ സ്വീകരിക്കുകയും ചെയ്തു. കോൾമൊട്ടയിൽ പിന്തുണച്ചയാൾ നൽകിയ മൊഴിയിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് പത്രിക സ്വീകരിച്ചത്.
നേരത്തെ സിപിഐഎം തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന് യുഡിഎഫ് ആരോപിച്ച സ്ഥാനാർഥി ലിവ്യ ഇന്ന് പത്രിക പിൻവലിച്ചു. ഇതോടെ ആന്തൂരിൽ അഞ്ചിടത്ത് എൽഡിഎഫിന് എതിരില്ലാതായി. മൊറാഴ, പൊടിക്കുണ്ട് വാർഡുകളിൽ എതിർ സ്ഥാനാർഥികൾ പത്രിക നൽകിയിരുന്നില്ല.
29 വാർഡിലും ജയം ഉറപ്പുള്ള സിപിഐഎം ആരെയും ഭീഷണിപ്പെടുത്തേണ്ട ആവശ്യം ഇല്ലെന്ന് സിപിഐഎം തളിപ്പറമ്പ് എരിയ സെക്രട്ടറി സന്തോഷ് പ്രതികരിച്ചു. കണ്ണപുരം പഞ്ചായത്തിൽ 1,8 വാർഡുകളിൽ യു ഡി എഫ്, ബി ജെ പി പത്രികകൾ തള്ളിയതോടെ എതിരില്ലാത്ത വാർഡുകൾ നാലായി. രണ്ടിടത്ത് മറ്റാരും പത്രിക സമർപ്പിച്ചിരുന്നില്ല. ഇതോടെ കണ്ണൂർ ജില്ലയിൽ 14 ഇടത്ത് ഇടതിന് എതിരില്ലാതായി.
