എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങൾ ഗുരുതരമെന്ന് മന്ത്രി വി. ശിവൻകുട്ടി. കേവലം രാഷ്ട്രീയ വിഷയം മാത്രമല്ല, ഇത് സ്ത്രീത്വത്തിന് നേരെയുള്ള കടന്നുകയറ്റവും ക്രിമിനൽ കുറ്റവുമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കോൺഗ്രസ് നേതൃത്വം സ്വീകരിച്ചിരിക്കുന്ന നിലപാട് ഒളിച്ചു കളിയാണെന്നും വി. ശിവൻകുട്ടി പറഞ്ഞു. രാഹുലിൻ്റെ സസ്പെൻഷൻ നടപടി കടലാസിൽ മാത്രമാണോ എന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നാണ് മന്ത്രിയുടെ പ്രസ്താവന.

കോൺഗ്രസ് രാഹുലിനെ സംരക്ഷിക്കുകയാണ്. കുറ്റാരോപിതനായ വ്യക്തിയെ മുന്നിൽ നിർത്തി വോട്ട് ചോദിക്കാൻ ഇവർക്ക് എങ്ങനെ കഴിയുന്നു. കോൺഗ്രസിന്റെ അധാർമികതയാണ് വ്യക്തമാക്കുന്നത്. അന്വേഷണം പൂർത്തിയാക്കുന്നതുവരെ രാഹുലിനെ മാറ്റി നിർത്താനുള്ള മര്യാദ കോൺഗ്രസ് കാണിക്കണമെന്നും വി. ശിവൻകുട്ടി പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലുമായി വേദി പങ്കിട്ട സംഭവത്തെക്കുറിച്ചും വി. ശിവൻകുട്ടി സംസാരിച്ചു. ഇറക്കിവിട്ടാൽ ശാസ്ത്രമേള അലങ്കോലമാകുമായിരുന്നെന്നും കുട്ടികളെ ബാധിക്കുമായിരുന്നെന്നും മന്ത്രി പറഞ്ഞു. അത്തരമൊരു വേദിയാകാൻ ആഗ്രഹിച്ചിരുന്നില്ല. വേദിയിൽനിന്ന് രാഹുലിനെ നിസ്സാരമായി ഇറക്കിവിടാൻ കഴിയില്ലല്ലോ. വരാതിരിക്കുകയായിരുന്നു രാഹുൽ ചെയ്യേണ്ടിയിരുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.

രാഹുൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും മാറാത്തത് ഇടതുമുന്നണിക്ക് നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഹുലിനെ എങ്ങനെയാണ് സ്വീകരിക്കേണ്ടത് എന്ന് ജനങ്ങൾ തീരുമാനിക്കും. എംഎൽഎ സ്ഥാനം രാജി വയ്ക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല.അത് രാഹുൽ തീരുമാനിക്കേണ്ടതാണ്. പക്ഷേ വിഷയത്തിൽ പ്രതികരിച്ചില്ലെങ്കിൽ സർക്കാർ പിന്തുണയ്ക്കുന്നത് പോലെയാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.