ലൈംഗികാരോപണ വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ഗുരുതര നീക്കവുമായി യുവതി. മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകാനാണ് യുവതി ഒരുങ്ങുന്നത്. കേസിൽ നിർണായകമായേക്കാവുന്ന തെളിവുകൾ മുഖ്യമന്ത്രിക്ക് കൈമാറാനും അവർ തീരുമാനിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കേണ്ടി വന്ന ലൈംഗികാരോപണ വിവാദത്തിന് പിന്നാലെയാണ് രാഹുലിന് വീണ്ടും കുരുക്ക് മുറുകുന്നത്.

യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതും, അസഭ്യം പറയുന്നതുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ ശബ്ദരേഖകൾ ഇന്ന് വീണ്ടും പുറത്തുവന്നിരുന്നു. വാട്‌സ്ആപ്പിലൂടെ “നമുക്ക് കുഞ്ഞ് വേണം”, “എനിക്ക് നിന്നെ ഗർഭിണിയാക്കണം” തുടങ്ങിയ ആവശ്യങ്ങൾ രാഹുൽ നിർബന്ധിക്കുന്നതിന്റെ സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത് നിഷേധിക്കുന്ന യുവതിയെ ഗർഭധാരണത്തിന് രാഹുൽ പ്രേരിപ്പിക്കുകയായിരുന്നു.

ഗർഭധാരണത്തിന് ശേഷം താൻ നേരിടുന്ന ഗുരുതര ശാരീരിക മാനസിക അവശതകൾ പങ്കുവെക്കുന്ന യുവതിയോട് രാഹുൽ മോശമായി സംസാരിക്കുന്നതും അസഭ്യം പറയുന്നതും പുതിയ ശബ്ദരേഖയിലുണ്ട്. യുവതി നാടകം കളിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. “എല്ലാം തീരുമാനിച്ചത് രാഹുൽ അല്ലേ എന്നും അവസാന മൊമന്റിൽ എന്തുകൊണ്ടാണ് പിന്മാറുന്നതെന്നും യുവതി ചോദിക്കുമ്പോൾ രാഹുൽ വ്യക്തമായ ഉത്തരം നൽകുന്നില്ല.

‘തന്റെ പ്ലാൻ ആയിരുന്നല്ലോ. ഇപ്പോഴെന്തിനാണ് ഇങ്ങനെ മാറുന്നത്. കുഞ്ഞിനെ വേണമെന്ന് പറഞ്ഞുകൊണ്ടിരുന്നത് ആരാണ്? അത് ഞാൻ ആണോ’, എന്നാണ് യുവതി ചോദിക്കുന്നത്. നിങ്ങൾ എന്തിനാണ് എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നതെന്നും യുവതി ചോദിക്കുന്നുണ്ട്.