സ്ത്രീകളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിയിലേക്കുള്ള അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങി. എൽ.ഡി.എഫ് പ്രകടനപത്രികയിലെ മറ്റൊരു വാഗ്ദാനം കൂടി യാഥാർത്ഥ്യമാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സ്ത്രീകൾക്ക് കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും സുരക്ഷിതത്വവും ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമായി ഇടപെടുന്ന സർക്കാരാണിതെന്നും, കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് കരുത്തേകുന്ന സുപ്രധാന ഇടപെടലായി സ്ത്രീ സുരക്ഷാ പദ്ധതി മാറുമെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം
എൽഡിഎഫ് പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം കൂടെ യാഥാർത്ഥ്യമാവുകയാണ്. സ്ത്രീകളുടെ ക്ഷേമം ഉറപ്പുവരുത്താനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിയിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.
യാതൊരു ക്ഷേമ പെൻഷൻ പദ്ധതിയിലും ഉൾപെട്ടിട്ടില്ലാത്ത, 35നും 60നും ഇടയിൽ പ്രായമുള്ള, അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നിവയിൽ ഉൾപ്പെടുന്ന സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കും പ്രതിമാസം 1000 രൂപ ലഭ്യമാക്കുന്ന പദ്ധതിയാണിത്. കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവകലാശാലകളിലോ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷകൾ https://ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് സമർപ്പിക്കാം. നമ്മുടെ നാട്ടിലെ സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ സാമൂഹിക വിനിമയങ്ങളിൽ ഏർപ്പെടാനും അതുവഴി സ്വയംപര്യാപ്തത ഉറപ്പുവരുത്താനുമുള്ള കൈത്താങ്ങായി ഈ പദ്ധതി മാറും. സ്ത്രീകൾക്ക് കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമായി ഇടപെടുന്ന സർക്കാരാണിത്. ആ അർത്ഥത്തിൽ കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് കരുത്തേകുന്ന ഇടപെടലായി സ്ത്രീ സുരക്ഷാ പദ്ധതി മാറും.
