തൃശൂർ മറ്റത്തൂർ പഞ്ചായത്തിൽ എട്ട് കോൺഗ്രസ് അംഗങ്ങൾ ബിജെപിയുമായി ചേർന്ന് സഖ്യം രൂപീകരിച്ച് ഭരണം പിടിച്ചെടുത്ത സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി.
ഒറ്റച്ചാട്ടത്തിന് ബിജെപിയിലെത്താൻ തക്കംപാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും, മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെ മുഴുവൻ അംഗങ്ങളും ബിജെപി പാളയത്തിലെത്തിയത് കേരളം പരിചയിക്കാത്ത രാഷ്ട്രീയ കാഴ്ചയാണെന്നും അദ്ദേഹം പരിഹസിച്ചു. സംഭവത്തിൽ ഡിസിസി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപ്പറമ്പിൽ എന്നിവരടക്കം പത്ത് പേരെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു.
ഇതിനിടെ, ‘താമരയിൽ കൈപ്പത്തി’ പതിപ്പിച്ച ഫ്ലക്സ് ബോർഡുകൾ പഞ്ചായത്തിന് മുന്നിൽ സ്ഥാപിച്ച് ഡിവൈഎഫ്ഐയും പ്രതിഷേധം കടുപ്പിച്ചു. കോൺഗ്രസിനെ ‘കോൺഗ്രസ് ജനതാ പാർട്ടി’ എന്ന് വിശേഷിപ്പിച്ച ഡിവൈഎഫ്ഐ നീക്കവും, കൈപ്പത്തി ചിഹ്നം താമരയാക്കാൻ കോൺഗ്രസിന് മനസ്സാക്ഷിക്കുത്തില്ലെന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പും കേരള രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
