മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിന്റെ ആർഎസ്എസിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സംബന്ധിച്ച പരാമർശങ്ങൾ കോൺഗ്രസ് നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കി. കോൺഗ്രസിൽ സംഘടനാ ദൗർബല്യമുണ്ടെന്നും ആർഎസ്എസിനെ കണ്ട് സംഘടനാ പ്രവർത്തനം പഠിക്കണമെന്നുമുള്ള ദിഗ് വിജയ് സിങ്ങിന്റെ പ്രസ്താവനയ്ക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ വിമർശനം ഉയർന്നു.
ദിഗ് വിജയ് സിങ്ങിന്റെ നിലപാടിനെ തള്ളിക്കൊണ്ട് കോൺഗ്രസ് നേതാവ് പവൻ ഖേര അടക്കമുള്ളവർ രംഗത്തെത്തിയപ്പോൾ, അദ്ദേഹത്തെ പിന്തുണച്ച് ശശി തരൂർ പ്രതികരിച്ചു. ദിഗ് വിജയ് സിങ് ഉന്നയിച്ച പോലെ കോൺഗ്രസിന്റെ സംഘടനാ ശക്തിപ്പെടുത്തൽ അനിവാര്യമാണെന്നും അതിൽ തർക്കമില്ലെന്നുമാണ് തരൂരിന്റെ നിലപാട്. ബിജെപിയെയും മോദിയെയും കേന്ദ്ര സർക്കാരിനെയും കുറിച്ചുള്ള തരൂരിന്റെ മുൻ നിലപാടുകളുടെ പശ്ചാത്തലത്തിൽ, ദിഗ് വിജയ് സിങ്ങിനെ അനുകൂലിച്ച അദ്ദേഹത്തിന്റെ പ്രതികരണം ശ്രദ്ധിക്കപ്പെട്ടു.
അതേസമയം, ആർഎസ്എസ് ദേശീയ പതാകയെയും വന്ദേ മാതരത്തെയും അശോക ചക്രത്തെയും അവഗണിച്ചവരാണെന്ന വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്തെത്തി. കോൺഗ്രസിന്റെ 140-ാം സ്ഥാപക ദിനാഘോഷ പ്രസംഗത്തിലാണ് ഖാർഗെയുടെ പരാമർശം. ആർഎസ്എസിൽ നിന്ന് കോൺഗ്രസിന് ഒന്നും പഠിക്കാനില്ലെന്നും, ഗോഡ്സെയുടെ പേരുമായി ബന്ധപ്പെടുത്തിയ ഒരു സംഘടന ഗാന്ധിജിയുടെ സംഘടനയെ എന്ത് പഠിപ്പിക്കുമെന്നുമാണ് പവൻ ഖേരയുടെ ചോദ്യം.
ഓരോരുത്തർക്കും അവരുടെ അഭിപ്രായങ്ങൾ ഉണ്ടെന്നും, സംഘടനയെ ശക്തിപ്പെടുത്തുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും സച്ചിൻ പൈലറ്റ് പ്രതികരിച്ചു. എന്നാൽ ദിഗ് വിജയ് സിങ്ങിന്റെ ആർഎസ്എസ് പ്രശംസകൾ പാർട്ടി നേതൃത്വത്തിന് വലിയ തലവേദനയായി തുടരുകയാണ്.
