മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് പുറത്താക്കിയ വാർഡ് അംഗങ്ങളെ ബിജെപിയിലെത്തിക്കാൻ നീക്കമുണ്ടെന്ന സൂചനകൾ ശക്തമാകുന്നു. എട്ട് വാർഡ് അംഗങ്ങളെ ബിജെപി നേതാക്കൾ സമീപിച്ചതായാണ് വിവരം. മറ്റത്തൂരിൽ ആരെങ്കിലും ബിജെപിയിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിച്ചാൽ സ്വീകരിക്കുമെന്നു ബിജെപി എറണാകുളം–തൃശൂർ മേഖല പ്രസിഡന്റ് എ. നാഗേഷ് വ്യക്തമാക്കി.
സ്വതന്ത്ര സ്ഥാനാർഥികൾക്ക് ബിജെപി നിരുപാധിക പിന്തുണ നൽകിയതായും, കോൺഗ്രസിന് സ്വന്തം അംഗങ്ങളെ പോലും പിടിച്ചുനിര്‍ത്താൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും നാഗേഷ് പറഞ്ഞു. രാജിവെച്ച കോൺഗ്രസ് അംഗങ്ങളോട് ബിജെപിയിൽ ചേരാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ആരുമായും ഔദ്യോഗിക ചർച്ചകൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റത്തൂരിൽ ഉണ്ടായത് എൽഡിഎഫിന്റെ കുത്തക ഭരണത്തിന് എതിരായ ബിജെപിയുടെ പ്രതിരോധമാണെന്നും നാഗേഷ് കൂട്ടിച്ചേർത്തു.
ബിജെപിയിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് വാർഡ് അംഗങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. മറ്റത്തൂർ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.
